Saturday, April 11, 2020

എന്നെക്കാൾ ഉത്തമനായ ആൾ ഇത് ചെയ്തിട്ടുണ്ട്!*


ഇത് ഇമാം ബുഖാരി റഹിമഹുള്ളാ, തന്റെ സ്വഹീഹിൽ അബ്ദുല്ലാഹിബ്നു അബ്ബാസ് റദിയള്ളാഹു അൻഹുവിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസാണ്. ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹു മഴയുള്ള ഒരു ദിവസം തന്റെ മുഅദ്ദിനിനോട് പറയുന്നു . " നീ أشهد أن محمدًا رسول الله എന്ന് പറഞ്ഞു കഴിഞ്ഞാൽ حي على الصلاة എന്ന് പറയുന്നതിന് പകരം صلوا في بيوتكم ( നിങ്ങൾ വീട്ടിൽ വെച്ച് നമസ്കരിക്കുക ) എന്ന് പറയുക. ഇത് കേട്ട് ജനങ്ങൾക്ക് പ്രയാസമുണ്ടായപ്പോൾ അദ്ദേഹം പറഞ്ഞു. " എന്നെക്കാൾ ഉത്തമനായ ആൾ (നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ) ഇത് ചെയ്തിട്ടുണ്ട്. നിർശ്ചയം ജുമുഅ നിർബന്ധ കർമ്മമാണ്‌(ഈ സംഭവം ഒരു വെള്ളിയാഴ്ച ദിവസമായിരുന്നു) എന്നാൽ ചെളിയിലും മണ്ണിലും നടന്ന് നിങ്ങൾക്കു പ്രയാസം ഉണ്ടാവുന്നത് എനിക്ക് വെറുപ്പാണ്. "


ഈ ഹദീസിൽ നിന്ന് മനസ്സിലാകുന്ന കാര്യങ്ങൾ :-
1- നല്ല മഴയുള്ള സമയങ്ങളിൽ ജുമുഅ ജമാഅത്തുകൾക്കു ഇളവ് നൽകാം.
2- ജമാഅത് നമസ്കാര വീട്ടിൽ വെച്ച് നിർവ്വഹിക്കാം.
3- ജുമുഅക്ക് പകരം ദുഹ്ർ നമസ്കരിച്ചാൽ മതിയാകും
4- ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ മഴ കാരണം ജമാഅത് നമസ്കാരത്തിനും ജുമുഅക്കും ഇളവ് നൽകാമെങ്കിൽ, ഇന്നത്തെ സാഹചര്യം പോലുള്ള മനുഷ്യ ജീവൻ തന്നെ അപകടത്തിലാവുന്ന ഘട്ടങ്ങളിൽ തീർച്ചയായും ജുമുഅ ജമാഅത്തുകൾക്കു ഇളവ് നൽകാം
5- ഇതേ ആശയത്തിൽ വേറെയും സ്വഹീഹായ ഹദീസുകൾ വന്നിട്ടുണ്ട്.
6- ജുമുഅ ദിവസം വീട്ടിൽ നിന്ന് ദുഹർ നമസ്കരിക്കുമ്പോൾ ജുമുഅ ഖുതുബ ഉണ്ടാവില്ല.

അള്ളാഹുവിനോട് കാവലിനെ തേടിക്കൊള്ളുക

അബൂ ഹുറൈറ റദിയള്ളാഹു അൻഹുവിൽ നിന്ന് ഇമാം ബുഖാരി രിവായത് ചെയ്യുന്നു :

تَعَوَّذُوا بِاللَّهِ مِنْ جَهْدِ الْبَلاَءِ ، وَدَرَكِ الشَّقَاءِ ، وَسُوءِ الْقَضَاءِ ، وَشَمَاتَةِ الأَعْدَاءِ.

"നിങ്ങൾ അള്ളാഹുവിൽ നിന്ന് പരീക്ഷണത്തിന്റെ കാഠിന്യത്തിൽ നിന്നും ദൗർഭാഗ്യം പിടികൂടുന്നതിൽ നിന്നും പ്രയാസകരമായ വിധിയിൽ നിന്നും ശത്രുക്കളുടെ സന്തോഷത്തിൽ നിന്നും അള്ളാഹുവിനോട് കാവലിനെ തേടിക്കൊള്ളുക"


- എന്താണ് പരീക്ഷണങ്ങളുടെ കാഠിന്യം ?

സഹിക്കാൻ കഴിയാത്ത വിധത്തിൽ ഒരു മനുഷ്യൻ അനുഭവിക്കുന്ന എല്ലാ പ്രയാസങ്ങളുമാണത് കൊണ്ടുദ്ദേശിക്കുന്നത്. വീട്ടാൻ കഴിയാത്ത കടബാധ്യതകളും ജീവിത പ്രാരാബ്ധങ്ങളും ബുദ്ധിമുട്ടുകളും അസഹ്യമായ രോഗവും ചികിത്സയുമടക്കം പലപ്പോഴും അതിന്റെ കാഠിന്യം കാരണം മരിച്ചുപോയെങ്കിൽ എന്നുപോലും ആഗ്രഹിക്കുന്ന വിധത്തിലുള്ള പ്രയാസം.

- എന്താണ് ദൗർഭാഗ്യം പിടികൂടുക എന്ന് പറഞ്ഞാൽ ?

ദുനിയാവിന്റെ കാര്യത്തിലോ പരലോകത്തിന്റെ കാര്യത്തിലോ അനുഭവപ്പെടുന്ന മുഴുവൻ ദൗർഭാഗ്യകരമായ കാര്യങ്ങളുമാണിത് അധാർമ്മിക ജീവിതം നയിക്കാനിട വരികയോ പരലോകം മറന്ന് ദുനിയാവിന്റെ പിന്നാലെ അനന്തമായി കിതച്ചോടുകയോ ചെയ്യുന്ന അവസ്ഥ.

- എന്താണ് പ്രയാസകരമായ വിധി ?

ദുഃഖകരവും വേദനാജനകവുമായ കാര്യങ്ങൾ ജീവിതതിലേക്ക് വന്നുകൊണ്ടിരിക്കുകയും അതിൽ പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്യുക. ഇത്തരം ഘട്ടങ്ങളിൽ അള്ളാഹുവിന്റെ വിധിയിൽ വിശ്വസിക്കുകയും അതിൽ തൃപ്തി കാണിക്കുകയും ക്ഷമ അവലംബിക്കുകയുമാണ് വേണ്ടത്.

- എന്താണ് ശത്രുക്കളുടെ സന്തോഷം ?

ശത്രുക്കൾ ഇല്ലാത്തവരായി ആരെങ്കിലും ഉണ്ടാകുമെന്നു തോന്നുന്നില്ല. നമുക്ക് നേരിടേണ്ടി വരുന്ന മതപരമായോ ദുനിയാവുമായോ ഉണ്ടാവുന്ന വീഴ്ചകളിലും പ്രയാസങ്ങളിലും ശത്രുവിന് സന്തോഷമാണ് ഉണ്ടാവുക. നമ്മൾ വേദന കടിച്ചമർത്തുമ്പോൾ നമ്മുടെ ശത്രു സന്തോഷിക്കുന്നത് നമ്മുടെ വേദന വർദ്ധിപ്പിക്കും. പ്രയാസം ഇരട്ടിയാകും. സഹിക്കാൻ കഴിയാത്ത മാനസികാവസ്ഥയിൽ നാം അകപ്പെടും.
- മുകളിൽ ചുണ്ടിക്കാണിച്ചതും അല്ലാത്തതുമായ മുഴുവൻ വിപത്തുകളിൽ നിന്നും ദുര്യോഗങ്ങളിൽ നിന്നും പ്രയാസകരമായ സാഹചര്യങ്ങളിൽ നിന്നും രക്ഷയും വിടുതിയും സമാധാനവുമുണ്ടാവാൻ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പ്രത്യേകം പഠിപ്പിച്ച ദുആ ആണിത് اللَّه أعلم

ഇമാം ബുഖാരി റഹിമഹുള്ള

ഇമാം ബുഖാരി റഹിമഹുള്ള :-

- ആയിരത്തോളം ഇമാമുമാരിൽ നിന്നും ഇൽമ് എടുത്തു.
- ആറു ലക്ഷം ഹദീസുകൾ ശേഖരിക്കുകയും അതിൽ മൂന്ന് ലക്ഷം ഹദീസുകൾ മനഃപാഠമാക്കുകയും ചെയ്തു.
- കിഴക്കും പടിഞ്ഞാറുമുള്ള ഇസ്‌ലാമിക നാടുകളിൽ സഞ്ചരിച്ചു.
- സ്വഹീഹായ ഹദീസുകൾക്കു വേണ്ടി 16 വർഷം ഒഴിഞ്ഞിരുന്നു.
- ഓരോ ഹദീസും തന്റെ സ്വഹീഹിൽ ഉൾപ്പെടുത്തുമ്പോൾ കുളിച്ചു ശുദ്ധി വരുത്തി രണ്ട്‌ റക്അത് നമസ്കരിച്ചു.
- സ്വഹീഹായ ഹദീസുകൾ സ്വതന്ത്രമായ ഒരു ഗ്രന്ഥമായി ആദ്യമായി ക്രോഡീകരിച്ചത് അദ്ദേഹമാണ്
- അദ്ദേഹം ഇമാമുമാരുടെ ഇമാമും ഹാഫിദീങ്ങളുടെ ശൈഖും ഹദീസിന്റെ കാര്യത്തിൽ അമീറുൽ മുഉമിനീനുമാണ്.
- ഉലമാക്കൾ അദ്ദേഹത്തിന്റെ പാടവം അംഗീകരിക്കുകയും ലോകം അതിന് സാക്ഷിയാവുകയും അദ്ദേഹത്തിന് സ്വീകാര്യത ലഭിക്കുകയും ചെയ്തു.
- അദ്ദേഹത്തിന്റ ഗ്രന്ഥം ചക്രവാളങ്ങൾ കീഴടക്കുകയും ലക്ഷക്കണക്കിനാളുകൾ വായിക്കുകയും മനഃപാഠമാക്കുകയും ചെയ്തു.
- ഖുർആൻ കഴഞ്ഞാൽ മുസ്‌ലിം ലോകത്തിന്റെ പ്രഥമ അവലംബമാണ് അദ്ദേഹത്തിന്റെ ഗ്രന്ഥം.
- ലോകം കണ്ട ധിഷണാശാലികളിലൊരാളും അതീവ ബുദ്ധിശാലിയും കാലഘട്ടത്തിലെ അത്ഭുതവുമാണ് അദ്ദേഹം
- സത്യസന്ധതയും മാന്യതയും ഇബാദത്തും അള്ളാഹുവിനെക്കുറിച്ചുള്ള ഭയവും മാനവിക ഗുണങ്ങളും ഗാംഭീര്യവുമുള്ള ആളായിരുന്നു അദ്ദേഹം
- ഓരോ നിമിഷവും അദ്ദേഹം വായിക്കപ്പെടുകയും അദ്ദേഹത്തിന്റെ പേര് പറയപ്പെടുമ്പോൾ റഹ്മത്തിനു വേണ്ടി ദുആ ചെയ്യപ്പെടുകയും ചെയ്യുന്നു.
- ഓരോ മുസ്‌ലിമായ മനുഷ്യനും അദ്ദേഹം ഇസ്‌ലാമിന് വേണ്ടി ചെയ്‌ത് സേവനത്തിനു അദ്ദേഹത്തോട് കടപ്പെട്ടവനാണ്.
- ഇമാം ബുഖാരിക്ക് അള്ളാഹു പരലോകത്ത് ദറജകൾ ഉയർത്തുകയും അദ്ദേഹത്തിന്റെ ശത്രുക്കൾക്ക് ഇരുലോകത്തും അള്ളാഹു നിന്ദ്യതയും അപമാനവും നൽകട്ടെ - ആമീൻ


- ബശീർ പുത്തൂർ

സുന്നത്തിനു എതിര് പ്രവർത്തിച്ചതിന്റെ പേരിൽ അവൻ നിന്നെ ശിക്ഷിക്കും *

സയീദ്‌ ബിൻ അൽ മുസയ്യബ് റഹിമഹുള്ളയിൽ നിന്ന് : ഒരാൾ റുകൂഉകളും സുജൂദുകളും അധികരിപ്പിച്ചു കൊണ്ട് ഫജ്റിനു ശേഷം രണ്ടു റക്അത്തിലധികം നമസ്കരിക്കുന്നത് കണ്ടപ്പോൾ അദ്ദേഹം അയാളെ വിലക്കി. അപ്പോളയാൾ ചോദിച്ചു " അല്ലയോ അബൂ മുഹമ്മദ്‌, നമസ്കരിച്ചതിന്റെ പേരിൽ അള്ളാഹു എന്നെ ശിക്ഷിക്കുമോ ? അദ്ദേഹം ( സഈദ് ബിൻ അൽ മുസയ്യബ് ) പറഞ്ഞു : " ഇല്ല, പക്ഷെ, സുന്നത്തിനു എതിര് പ്രവർത്തിച്ചതിന്റെ പേരിൽ അവൻ നിന്നെ ശിക്ഷിക്കും " - ബൈഹഖീ
ഇതിനു അനുബന്ധമായി ശൈഖ് നാസ്വിറുദ്ധീൻ അൽബാനി റഹിമഹുള്ളാ പറയുന്നു " സയീദ്‌ ബിൻ അൽ മുസയ്യബ് റഹിമഹുള്ളയുടെ മനോഹരമായ ഒരു മറുപടിയാണ് ഇത്. ദിക്ർ, നമസ്കാരം എന്നൊക്കെ പറഞ്ഞു കൊണ്ട് ധാരാളം ബിദ്അത്തുകളെ നല്ലതാണെന്ന് കരുതുന്ന ബിദ്അത്തിന്റെ ആളുകൾക്ക് എതിരെയുള്ള ശക്തമായ ഒരായുധമാണ്‌ ഇത്. എന്നിട്ട്, ഇത്തരം കാര്യങ്ങളെ എതിർക്കുന്ന സുന്നത്തിന്റെ ആളുകളെ അവർ നമസ്കാരത്തെയും ദിക്റിനേയും എതിർക്കുന്നവർ എന്ന് കുറ്റപ്പെടുത്തുകയും ചെയ്യും. വാസ്തവത്തിൽ അവർ നമസ്കാരത്തിലും ദിക് റിലുമൊക്കെയുള്ള സുന്നത്തിനു വിരുദ്ധമായ കാര്യങ്ങളെ മാത്രമാണ് എതിർക്കുന്നത് (ഇർവാഉൽ ഗലീൽ 2/236)


روى عبد الرزاق في المصنف (3/52ح 4755 ) ، والدارمي في سننه (1/404 ح 405 ) ، والبيهقي في السنن الكبرى (2/466) ، والخطيب في الفقيه والمتفقه ( 1 / 380 ح 387) من طريقين عن سعيد بن المسيب ـ رحمه الله ـ (( أنه رأى رجلاً يصلي بعد طلوع الفجر أكثر من ركعتين يكثر فيها الركوع والسجود فنهاه ، فقال : يا أبا محمد يعذبني الله على الصلاة ؟ قال : لا ولكن يعذبك على خلاف السنة )) .
وهذا الأثر صحح إسناده الشيخ الألباني ـ عليه رحمة الله ـ في إرواء الغليل (2/236) وقال : " وهذا من بدائع أجوبة سعيد بن المسيب ـ رحمه الله تعالى ـ ، وهو سلاح قوي على المبتدعة الذين يستحسنون كثيراً من البدع باسم أنها ذكر وصلاة ثم ينكرون على أهل السنة إنكار ذلك عليهم ، ويتهمونهم بأنهم ينكرون الذكر والصلاة !! وهم في الحقيقة إنما ينكرون خلافهم للسنة في الذكر والصلاة ونحو ذلك " . أهـ
ورحم الله الإمام الجليل مالك بن أنس فإنه كان يكره كل بدعة وإن كانت في خير . ذكره ابن وضاح في كتاب البدع ص (94)

സുന്നത്ത്‌


കൊറോണ കാല കാഴ്ചകൾ - 10

സമയം അമൂല്യമായ നിധിയാണ്. ജീവിതത്തിലെ തിരക്കുകൾ പലർക്കും പലവിധത്തിലായിരിക്കും അനുഭവപ്പെടുക. കോവിഡ് -19 ഹോം കൊറണ്ടൈൻ വന്നതോടെ തിരക്കുകൾക്ക്‌ അയവു വന്നു. ഓരോരുത്തരും അവരവരുടെ തട്ടകത്തിൽ മൊബൈലിൽ കുത്തിക്കളിച്ചും ചാനൽ മാറ്റിയും സമയം കൊല്ലുകയാണ്.
ഒഴിവ് സമയം ആരോഗ്യകരമായി ഉപയോഗപ്പെടുത്താൻ നമുക്ക് മുമ്പിൽ അനേകം മാർഗ്ഗങ്ങങ്ങളുണ്ട്. സമയം കിട്ടുമ്പോൾ വായിക്കാമെന്നു കരുതി വാങ്ങി വെച്ച പുസ്തകങ്ങൾ, സമയക്കുറവിന്റെ പേരിൽ പഠനം നീണ്ടുപോയ വിഷയങ്ങൾ, പരിശോധിക്കണമെന്ന് കരുതിയ മതപരമായ മസ്അലകൾ, പണ്ട് എഴുതിക്കൂട്ടുകയും എടുത്തു വെക്കുകയും ചെയ്ത നോട്ടുകളും കുറിപ്പടികളും ... ഇങ്ങിനെ എന്തെല്ലാം കിടക്കുന്നു, ചെയ്യാൻ ബാക്കിയായി ! ഓരോന്നും സാവധാനം ക്രമപ്രവൃതമായി ചെയ്ത് തുടങ്ങു ഇന്ന് തന്നെ.
മറ്റൊരു രൂപത്തിലാണെങ്കിൽ ഗ്രന്ഥപാരായണവും പഠനവും നല്ല ഒരു സമയം കൊല്ലിയാണ്. അറബി അറിയുന്നവരാണെങ്കിൽ ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ, ഇബ്നുൽ ഖയ്യിം, ഇമാം അഹ്‌മദ്‌, മുഹമ്മദ് ബിൻ അബ്ദിൽ വഹാബ്, ശൈഖ് ഇബ്നു ബാസ്, ശൈഖ് അൽബാനി , ശൈഖ് സ്വാലിഹുൽ ഉസൈമീൻ - റഹിമഹുമുള്ള തുടങ്ങിയവരുടെ ബൃഹത്തായ രചനകൾ. സ്വന്തമായി ലൈബ്രറി ഇല്ലെങ്കിൽ പോലും നെറ്റിൽ നിന്ന് അവയെല്ലാം വളരെയെളുപ്പം ഡൗൺലോഡ് ചെയ്തെടുക്കാം. അതിൽ ഉസൂലു സലാസ, ശറഹുസ്സുന്ന, ഉസൂലു സുന്ന, കിതാബുതൗഹീദ് തുടങ്ങിയവ ഒരാൾ നിർബന്ധമായും വായിച്ചിരിക്കേണ്ടവയാണ്. കൂടാതെ ഖുർആനിന്റെ വ്യത്യസ്തമായ തഫ്സീറുകൾ. ഉദാഹരണത്തിന് ഇബ്നു കസീർ, ഖുർതുബി, ബഗവി, ത്വബരി, സഅദി തുടങ്ങിയവ വെച്ച് ഗഹനമായ ഒരു താരതമ്യ പഠനവുമാവാം. കൂടാതെ ഉലമാക്കളുടെ വിവിധ പ്രാമാണിക ഗ്രന്ഥങ്ങളുടെ വിശതീകരണങ്ങളടങ്ങുന്ന ഓഡിയോകൾ വിജ്ഞാനപ്രദമായ മറ്റൊരു ശൃംഖലയാണ്. ഉദാഹരണത്തിന് ശൈഖ് അൽബാനിയുടെ സിൽസിലതുൽ ഹുദാ വന്നൂർ, ശൈഖ് ഇബ്നുബാസിന്റെ നൂറുൻ അലദ്ദർബ് പോലെയുള്ളവ അവയിൽ ചിലത് മാത്രം. ഇനി അറബി ഭാഷ വഴങ്ങാത്തവരാണെങ്കിൽ മലയാളത്തിൽ ഒട്ടുമിക്ക അറബി വൈജ്ഞാനിക ഗ്രന്ഥങ്ങളും ശറഹു ചെയ്ത വിശതീകരണ സമാഹാരങ്ങൾ ഓൺലൈനിലും ഓഫ്‌ലൈനിലുമായി ഒരുപാടുണ്ട്.
👉https://www.ilmussalaf.com/
👉https://www.ilmussalaf.com/radio-ilmussalaf.html


മുകളിൽ കൊടുത്ത ലിങ്കിൽ വിരലമർത്തിയാൽ ഒരു ചെലവുമില്ലാതെ നിങ്ങളുടെ വീട്ടിലിരുന്നു കൊണ്ട് തന്നെ വിഷയങ്ങൾ ഗഹനമായി പഠിക്കാം. വിഷയങ്ങൾ കൃത്യമായി രേഖപ്പെടുത്താനും പുതിയ മസ്അലകൾ കുറിച്ച് വെക്കാനും ഒരു ചെറിയ ഹാൻഡ് ബുക്ക് കൂടി കരുതിയാൽ പത്രാസായി ! ചുരുക്കത്തിൽ ഒറ്റക്കായി എന്ന തോന്നൽ ഇല്ലാതാക്കുകയൂം സമയം മികച്ച രൂപത്തിൽ വിനിയോഗിക്കുകയും ചെയ്യാം.

#മുസാഫിർ

കൊറോണ കാല കാഴ്ചകൾ - 9

സേവനം ഇസ്‌ലാമിൽ പുണ്യകർമ്മമാണ്. അഗതികളെയും അനാഥരെയും ജീവിതം വഴിമുട്ടിയവരെയും ഉള്ളത് കൊണ്ട് സഹായിക്കാൻ അള്ളാഹു ഖുർആനിലൂടെ ഉൽബോധിപ്പിക്കുകയും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം സ്വജീവിതത്തിലൂടെ മാതൃക കാണിക്കുകയും ചെയ്തിട്ടുണ്ട്. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറ് നിറച്ചുണ്ണുന്നവൻ നമ്മിൽപ്പെട്ടവനല്ല എന്ന പ്രസ്താവനയും നിങ്ങൾ കറിയുണ്ടാക്കിയാൽ അതിൽ വെള്ളം ചേർത്തിട്ടെങ്കിലും നിങ്ങളുടെ അയൽക്കാരനെയും പരിഗണിക്കണമെന്ന കൽപ്പനയും അതിലേക്കുള്ള സൂചനകളാണ്. മനുഷ്യ മൂല്യങ്ങൾക്ക് വിലനൽകുന്ന വേറെയും ഹദീസുകൾ കാണാം. എന്നാൽ ഇവ നിർവ്വഹിക്കുന്നതിനു നിബന്ധനകളും നിഷ്കർഷിച്ചിട്ടുണ്ട്. ഉദാരവാനും ധർമ്മിഷ്ടനുമെന്ന പേര് കിട്ടാൻ വേണ്ടി ദാനം ചെയ്യുന്നത് പുണ്യകരമല്ലെന്നു മാത്രമല്ല അവ ചെറിയ ശിർക്കിൽ പെടുകയും ചെയ്യും. സാമൂഹ്യ സേവകരും പൊതുജന തത്പരരും കാലിൽ തടഞ്ഞിട്ട് നാട്ടിൽ സാധാരണക്കാർക്ക് പുറത്തിറങ്ങി വഴി നടക്കാൻ പറ്റാത്ത അവസ്ഥയുണ്ട്. ഒരു മുസ്‌ലിമായ മനുഷ്യൻ വൈയക്തികമായി അനുഷ്ഠിക്കുകയും പുലർത്തുകയും ചെയ്യേണ്ട പതിന്മടങ്ങു പ്രതിഫലമുള്ള പല പുണ്യകർമ്മങ്ങളും അവഗണിക്കുകയും അശ്രദ്ധമായി ജീവിക്കുകയൂം ചെയ്യുന്നവരാവും പലപ്പോഴും സാമൂഹ്യ സേവനരംഗത്തു നിറഞ്ഞു നിൽക്കാറുള്ളത് എന്നതാണ് സത്യം. അനങ്ങിയാൽ സെൽഫിയെടുത്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന "സേവകർ" നാടൊട്ടുക്കുമുണ്ട് . അള്ളാഹുവിന്റെ പ്രതിഫലമാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിന്റെ നിബന്ധനകൾ പാലിച്ചേ പറ്റൂ. അതായത്, ഇസ്‌ലാമിൽ ചാരിറ്റി എന്നത് ഒരു ഷോ ബിസിനസ് അല്ല. പൊതു ബോധത്തെ തൃപ്തിപ്പെടുത്താനും സന്തോഷിപ്പിക്കാനും സ്വയം പേരെടുക്കാനും ധർമ്മം ചെയ്യുന്നവരേറെയുണ്ട്. അള്ളാഹുവിൽ വിശ്വസിക്കുകയും അവന്റെ പ്രതിഫലം പ്രതീക്ഷിക്കുകയും ചെയ്യുന്നവർക്ക് ഈ രീതി അസ്വീകാര്യമാണ്. അത് കൊണ്ട് തന്നെ പ്രകടന പരതയോടെ അന്യരുടെ പോക്കറ്റിലെ കാശ് കണ്ട് ആരും സേവനത്തിനിറങ്ങേണ്ടതില്ല. അതിന് ഇസ്‌ലാമിൽ മാതൃകയുമില്ല. അവനവന് അള്ളാഹു നൽകിയതിൽ നിന്നാണ് ഓരോരുത്തരും ധർമ്മം ചെയ്യേണ്ടത്. അത് മറ്റുള്ളവർ കാണാൻ വേണ്ടിയും കേൾക്കാൻ വേണ്ടിയും ആവുകയും ചെയ്യരുത്. അപ്പോൾ മാത്രമേ അത് സ്വീകാര്യമായ ഇബാദത് ആയിത്തീരുകയുള്ളൂ.


#മുസാഫിർ

കൊറോണ കാല കാഴ്ചകൾ - 8

കൊറോണയെ നേരിടാൻ ലോകം ഒന്നടങ്കം എല്ലാ വിധ സംവിധാനങ്ങളും സ്വീകരിച്ചിട്ടുണ്ട്. പല രാജ്യങ്ങളും അതാത് നാടുകളിലെ പൊതുവിടങ്ങളെല്ലാം "ലോക്ക് ഡൗൺ" ആക്കിക്കഴിഞ്ഞു. സർക്കാർ സംവിധാനത്തിന് പുറമെ എൻ ജീ ഓ കളും ആരോഗ്യപ്രവർത്തകരും സജീവമായിത്തന്നെ രംഗത്തുണ്ട്. സഹായ ഹസ്തങ്ങളുമായി വിത്യസ്ത സഹായ വാഗ്ദാനങ്ങൾ അവർ മുന്നോട്ട് വെക്കുകയും ചെയ്യുന്നു; നല്ലത് തന്നെ. അവരവരെക്കൊണ്ട് പറ്റുന്നത് അവരവർ ചെയ്യട്ടെ. പക്ഷെ സർക്കാരിന്റേതായാലും അല്ലാത്തതായാലും ഈ സംവിധാനങ്ങളെല്ലാം എത്ര കണ്ട് പൊതുജനങ്ങൾക്ക് പ്രയോജനപ്രദമാകുമെന്ന് എപ്പോഴെങ്കിലും ഓർത്തു നോക്കിയിട്ടുണ്ടോ ? ഇല്ലെങ്കിൽ ഒന്നോർത്തു നോക്കണം! വ്യോമയാന ഗതാഗതം തൊട്ട് പൊതു ഗതാഗതം വരെ നിശ്ചലമായിക്കഴിഞ്ഞ ലോകത്ത്, എല്ലാ സഹായവും അവസാനിക്കുന്ന സാഹചര്യം ഒന്നാലോചിച്ചു നോക്കൂ. പുറത്തിറങ്ങുകയും ആളുകളുമായി ഇടപഴകുകയും ചെയ്യുന്ന അവസ്ഥ ഇല്ലാതാവുകയും തീരെ പുറത്തിറങ്ങാൻ തന്നെ പറ്റാത്ത സാഹചര്യം പലയിടത്തും സംജാതമായില്ലേ ഇപ്പോൾ തന്നെ ? അപ്പോൾ സാഹചര്യങ്ങൾ മാറി മറിയാം. നിലനിൽക്കുന്ന അവസ്ഥകൾക്ക് മാറ്റം സംഭവിക്കാം. വാഗ്ദാനപെരുമഴകളും സഹായഹസ്തങ്ങളും ഏതു സമയത്തും നിശ്ചലമാകാം. ഭക്ഷ്യവിഭവ ലഭ്യതക്ക് തടസം നേരിടാം. ബാങ്കുകളുടെയും പൊതുവിതരണ ശൃംഖലയുടെയും പ്രവർത്തനത്തിന് പൂട്ടു വീഴാം. ഇന്റർനെറ്റും സോഷ്യൽ മീഡിയയും പണിമുടക്കാം. ഇങ്ങിനെ പലതും സംഭവിക്കാം ! ഇവിടെ നമുക്ക് കുറച്ചു കൂടി ആഴത്തിൽ ചിന്തിക്കുകയും നമ്മുടെ നിലപാടുകൾ രൂപപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ഒന്നാമതായി മുകളിൽ പറഞ്ഞ അവലംബങ്ങളെല്ലാം നമ്മെ സംബന്ധിച്ചേടത്തോളം വെറും കാരണങ്ങൾ മാത്രമാണ്. നമ്മുടെ അടിസ്ഥാനപരവും അനിവാര്യവുമായ അവലംബം ഹയ്യും ഖയ്യൂമുമായ അള്ളാഹു സുബ്ഹാനഹു വ തആലയാണ്. അവൻ കണക്കാക്കിയതല്ലാതെ ലോകത്തൊരു കാര്യവും നടക്കുകയില്ല എന്ന ഖദ്റിലുള്ള വിശ്വാസമാണ് നമുക്ക് മുഴുവൻ പ്രതീക്ഷയും. മറ്റുള്ളതെല്ലാം നമുക്ക് ഉപയോഗപ്പെടുത്താവുന്ന അസ്ബാബ് (കാരണങ്ങൾ) മാത്രം. ചിലപ്പോൾ ഉപകരിച്ചേക്കാം ; അല്ലെങ്കിൽ ഉപകരിച്ചില്ലെന്നു വരാം. അത്ര മാത്രം. എന്നാൽ നമുക്ക് പൂർണ്ണ ബോധ്യവും അചഞ്ചലമായ വിശ്വാസവുമുള്ള അള്ളാഹുവിന്റെ സഹായമാണ് നാം പരമമായി പ്രതീക്ഷിക്കേണ്ടതും അവലമ്പിക്കേണ്ടതും. അപ്പോൾ മാത്രമേ നമ്മുടെ തവക്കുൽ ശെരിയാവുകയും നമ്മുടെ വിശ്വാസം സമ്പുർണ്ണമാവുകയും ചെയ്യുകയുള്ളൂ. അതിരുകളില്ലാത്ത ആകാശമാണ് നമ്മുടെ ദുആകൾ. അതിർത്തികൾ അടച്ചാലും ഗതാഗതം നിലച്ചാലും സർവ്വ ബന്ധങ്ങളും ഇല്ലാതായാലും ഉപരിലോകവുമായി ദുആയെ മുറിച്ചു മാറ്റാൻ അള്ളാഹുവിനല്ലാതെ മറ്റാർക്കും കഴിയില്ല ! അതാവട്ടെ നമ്മുടെ കരുത്ത് ; അതിനാവട്ടെ നമ്മുടെ പ്രയത്‌നം.


#മുസാഫിർ

കൊറോണ കാല കാഴ്ചകൾ - 7

നമ്മുടെ വീടുകൾ നമുക്ക് അവസാനത്തെ അഭയ കേന്ദ്രമാണ്. പുറത്തിറങ്ങാൻ പറ്റാതെ വീട്ടിൽ നമ്മളുടെ 'വലിപ്പം' ചുരുങ്ങിപ്പോയിരിക്കുന്നു. നാം നമുക്ക് വേണ്ടിയും മറ്റു മനുഷ്യന് വേണ്ടിയും സ്വയം ചെറുതായിക്കഴിഞ്ഞിരിക്കുന്നു. എന്തെല്ലാം ചെയ്തു തീർക്കണമെന്ന് കണക്കു കൂട്ടിയ മനുഷ്യരാണ് ഒന്നും ചെയ്യാനില്ലാതെ നിഷ്ക്രിയരും ഇതികർത്തവ്യതാമൂഢരുമായിപ്പോയത് ! ജീവിതത്തിൽ ഇങ്ങനെ ഒരു സാഹചര്യം വന്ന് ചേരുകയും ചങ്ങലകളില്ലാതെ ചക്രവാളങ്ങൾ കാണാതെ ബന്ധിക്കപ്പെടുമെന്നു നാമാരെങ്കിലും എപ്പോഴെങ്കിലും സ്വപ്നം കണ്ടിരുന്നോ ?
ഇപ്പോൾ നമുക്ക് ചുറ്റുവട്ടത്തുള്ളതെല്ലാം കാണാൻ പറ്റുന്നുണ്ട്. മറന്നു കഴിഞ്ഞ പലതും ഓർമ വരുന്നുണ്ട്.
നമ്മെ സൃഷ്ടിക്കുകയും പരിപാലിക്കുകയും അന്നം തരികയും ചെയ്യുന്ന അള്ളാഹുവിനെ നമ്മളിപ്പോൾ കൂടുതലായി ഓർക്കാൻ തുടങ്ങിയിരിക്കുന്നു. ഈ "വീട്ടുതടങ്കൽ" നമുക്ക് നൽകുന്ന മുന്നറിയിപ്പുകൾ പലതാണ്. ഇരുളിൽ ഒറ്റപ്പെട്ട് കഴിഞ്ഞാൽ, മരുഭുമിയിലോ വനാന്തരത്തിലോ ഏകാകിയായിത്തീർന്നാൽ മനുഷ്യന്റെ നിസ്സഹായത നിറഞ്ഞ വിളി കേൾക്കുന്ന ഒരാൾ ! ;#ഒരാൾ മാത്രം ! ഏകനായ റബ്ബ് !
റഹ്‌മാനും റഹീമുമായ മാലികുൽ മുൽക് !
മത്സ്യത്തിന്റെ വയറ്റിൽ, ഏകാകിയായി ഇരുട്ടറയിൽ ഒറ്റപ്പെട്ട് പോയ യൂനുസ് നബി അലൈഹി സലാം നിരാശപ്പെടാതെ പ്രതീക്ഷയോടു കൂടി അള്ളാഹുവിനു തസ്ബീഹ് ചെയ്തു കൊണ്ടേയിരുന്നു. അദ്ദേഹം നിസ്സഹായാവസ്ഥയിൽ അള്ളാഹുവിനോട് ദുആ ചെയ്തു
لَّآ إِلَٰهَ إِلَّآ أَنتَ سُبۡحَٰنَكَ إِنِّى كُنتُ مِنَ ٱلظَّٰلِمِينَ
ഏത് സാഹചര്യത്തിലും സത്യവിശ്വാസിക്ക് നഷ്ടപ്പെടാത്ത ആയുധമാണ് ദുആ. എല്ലാ മരുന്നുകളും ചികിത്സകളും പരാചയപ്പെട്ടിടത്തു ദുആകൾക്ക് അള്ളാഹു വിജയം നൽകിയിട്ടുണ്ട്. മനുഷ്യ കഴിവുകളുടെ പരാജയം ഇറ്റലിയിൽ നാം കണ്ടു. അവിടത്തെ ഭരണാധികാരികൾ പരാജയം ലോകത്തോട് സമ്മതിക്കുകയും ചെയ്തു. പക്ഷെ സത്യ വിശ്വാസി ഒരിക്കലും നിരാശനല്ല. ചാനലുകൾക്ക് വിശ്രമം നൽകൂ. എന്നിട്ട് ഇഖ്‌ലാസോടെ അള്ളാഹുവിനോട് ദുആ ചെയ്യൂ! ഫലം കാണാതിരിക്കില്ല !
#മുസാഫിർ

കൊറോണ കാല കാഴ്ചകൾ - 6


എത്ര തിരക്ക് പിടിച്ച ജീവിതം നയിച്ചവരായിരുന്നു നമ്മളെല്ലാം ? എന്തു മാത്രം തിരക്കായിരുന്നു അല്ലേ നമ്മൾക്കെല്ലാം ? രാവിലെ സൂര്യനുദിക്കുന്നതിനു മുമ്പേ ഇറങ്ങുകയും അസ്തമയ ശോഭ മാഞ്ഞതിന് ശേഷം കൂടണയുകയും ചെയ്തവർ. ചിലർ അതും കഴിഞ്ഞ് ! സർക്കാർ ജീവനക്കാർ, തൊഴിലാളികൾ, കൂലിപണിക്കാർ, കച്ചവടക്കാർ, വഴിവാണിഭക്കാർ തുടങ്ങി ജീവിതത്തിന്റെ നാനാ തുറകളിൽ ചെറുതും വലുതുമായ ജോലികൾ ചെയ്‌ത് കുടുംബം പുലർത്തുകയും രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ ഭാഗവാക്കാവുകയും ചെയ്തവർ ! കണ്ണിമ വെട്ടുന്ന നേരത്തിനുള്ളിൽ എല്ലാം ഒരു പഴങ്കഥ പോലെയായി മാറി. "ഞാൻ പോയില്ലെങ്കിൽ നടക്കില്ല" എന്ന് വിചാരിച്ചവർക്ക് അള്ളാഹു അവരുടെ മുമ്പിൽ, "എല്ലാം നടക്കുമെന്ന്" പറയാതെ പറയുകയാണ്. ജീവിത തിരക്ക് കാരണം പലപ്പോഴും ജമാഅത് നമസ്കാരങ്ങൾ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ന് തിരക്കൊഴിഞ്ഞു പള്ളിയിൽ പോയി ജമാഅത് ആയി നമസ്കരിക്കാം എന്ന് കരുതിയപ്പോൾ പള്ളിയിൽ ജമാഅത് നമസ്കാരം തന്നെയില്ല ! ഓരോന്നിനും സമയമുണ്ട് ! സമയം ആരേയും കാത്തു നിൽക്കില്ല ! സമയം തന്നെയാണ് നമ്മുടെ ജീവിതം ! ഇത് നമുക്കൊരു മുന്നറിയിപ്പാണ്. ഒരു തൊട്ടുണർത്തലാണ്. നമ്മെക്കാൾ തി
രക്കുണ്ടായിരുന്ന, നമ്മെക്കാൾ സുന്ദരമായ സ്വപ്നങ്ങൾ കണ്ടിരുന്ന പലരും മീസാൻ കല്ലുകൾക്ക് താഴെ മണ്ണിട്ട് മൂടപ്പെട്ടിരിക്കുന്നു ! എത്രയെത്ര സുന്ദര സ്വപ്നങ്ങളാണ് അവിടെ വാടിക്കരിഞ്ഞു കിടക്കുന്നത് ! ഇതാണ് ഐഹിക ജീവിതം ! മരിക്കാതെതന്നെ മരണത്തെ നമുക്കിപ്പോൾ ഓർക്കാൻ കഴിയുന്നുവല്ലേ ?
ഇനി സ്വന്തം ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കൂ !
ഇന്നലെ വരെ ഉറങ്ങാൻ സമയം കിട്ടാത്തവർക്ക് എത്ര ഉറങ്ങിയിട്ടും സമയം പിന്നെയും ബാക്കി ! സ്വന്തം കുടുംബത്തെയും കുട്ടികളെയും വിളിച്ചു ചുറ്റുമിരുത്തി അവരോട് അവരുടെ ജീവിതത്തെക്കുറിച്ചു സംസാരിക്കാൻ പറയൂ. നിശബ്ദമായി അവരെ കേൾക്കാൻ ശ്രമിക്കൂ. വീട്ടുകാരുടെ ഗൃഹാങ്കണത്തെക്കുറിച്ചും അവിടെയുള്ള കലപില ശബ്ദത്തെക്കുറിച്ചും സംവദിക്കു ! കുട്ടികളുടെ ദൈനംദിന ചര്യകളെക്കുറിച്ചും അവരുടെ പരക്കം പാച്ചിലിനും പഠന - കളികൾക്കിടയിലുള്ള നിർബന്ധ നമസ്കാരത്തിന്റെയും മറ്റു മൂല്യങ്ങളുടെയും ചേർത്ത് വെപ്പ് ആശ്വാസദായമായിരുന്നോവെന്നു അന്വേഷിക്കൂ ! ഉണങ്ങാത്ത വൃണം പോലെ, വെണ്ണീറിനടിയിൽ പുകയുന്ന തീയുടെ ഒരു നീറ്റൽ നിങ്ങളുടെ അന്തരാളങ്ങളിൽ അതുണ്ടാക്കുന്നുവെങ്കിൽ, നിരാശപ്പെടേണ്ട ! നിങ്ങൾ പരാചയപ്പെട്ടിട്ടില്ല ! ഇത് നിങ്ങൾക്ക് അള്ളാഹു കനിഞ്ഞു നൽകിയ സമയമാണെന്ന് കരുതുകയും തിരുത്തലുകൾ തുടങ്ങുകയും ചെയ്യുക ; തിരുത്താൻ കഴിയാത്ത സമയം വരും മുമ്പേ.


نَدِمَ البُغاة ولاتَ ساعةَ مَنْدَم *** والبغيُ مَرْتَعُ مُبْتَغيهِ وخيمُ

#മുസാഫിർ

കൊറോണ കാല കാഴ്ചകൾ - 5

പരീക്ഷണ ഘട്ടങ്ങൾ സത്യവിശ്വാസിക്ക് പ്രതിഫലാർഹമായ സാഹചര്യങ്ങൾ പ്രദാനം ചെയ്യുന്നു. ഏത് നിലക്കുള്ള പരീക്ഷണങ്ങളിലും വിധിയെ പഴിക്കാതെയും കുറ്റപ്പെടുത്താതെയും പൂർണ്ണമായ തൃപ്തിയും സഹനവും അത്യന്താപേക്ഷിതമാണ്. ഇവിടെയാണ് ഭൗതികപ്രമത്തരായ ആളുകളും സത്യവിശ്വാസിയും വഴിപിരിയുന്നത്‌. പരീക്ഷണഘട്ടങ്ങളിൽ പിരിമുറുക്കമുണ്ടാവുക സ്വാഭാവികമാണ്. എന്നാൽ അതിനെ വിധിയിലുള്ള വിശ്വാസം കൊണ്ടു ക്ഷമയോടെ നേരിടുമ്പോൾ ആ പിരിമുറുക്കത്തിന്റെ തീഷ്ണത ലഘൂകരിക്കപ്പെടുന്നു. #ഇത് #ഒരു #സത്യവിശ്വാസിയിലല്ലാതെ #സമ്മേളിക്കുകയില്ല ! എന്ന്‌ മാത്രമല്ല അപ്പോൾ മാത്രമേ ആ പ്രയാസഘട്ടം അവന് അനുഗ്രഹവും പ്രതിഫലാർഹവുമായിത്തീരുകയുള്ളു! ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഹദീസിൽ " വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടെയും" എന്ന് പ്രത്യേകമായി പറയുന്നതായി കാണാം. റമദാൻ വ്രതവും റമദാനിലെ രാത്രി നമസ്കാരവും പോലെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രമേ ഹദീസിൽ ഈ രണ്ടു പദങ്ങളും ഒരുമിച്ചു വന്നതായി ഉള്ളൂ ! അതിനാൽ തന്നെ പ്രതിഫലേച്ഛയോടെ ക്ഷമിക്കുകയെന്നത് അത്ര നിസാര കാര്യമല്ലെന്ന് നമുക്ക് മനസ്സിലാക്കാം. അത് കൊണ്ട് തന്നെയാണ് അവർക്ക് ശഹീദിന്‌ തുല്യമായ പ്രതിഫലം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം വാഗ്ദാനം ചെയ്തത്. പറഞ്ഞു വരുന്നത് ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്ന പ്രയാസകരമായ രോഗഭീതിയിൽ നാം സ്വീകരിക്കേണ്ട നിലപാട് എന്തെന്നതിനെക്കുറിച്ചാണ്. ഒന്നാമതായി അള്ളാഹുവിനെക്കുറിച്ചും അവന്റെ വിധികളെക്കുറിച്ചും നമ്മുടെ വിശ്വാസം രൂഢമൂലമാക്കുകയും ക്ഷമ അവലംബിച്ചു കൊണ്ട്, പ്രയാസഘട്ടങ്ങളെ നേരിടുകയും അതിനോട് മാനസികമായ തൃപ്തിയും സഹനവും കൈക്കൊള്ളുകയും ചെയ്യുകയെന്നുള്ളതാണ്. എത്ര നിസാരമായ സാഹചര്യമായാലും അള്ളാഹുവിൽ നിന്ന് പ്രതിഫലം പ്രതീക്ഷിച്ചു കൊണ്ട് നിരാശരാവാതെ പിടിച്ചു നിൽക്കാൻ സ്വയം സന്നദ്ധരാവേണ്ടതുണ്ട്. അത് പോലെ കണ്ടതും കേട്ടതുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാതിരിക്കുകയും പൊതുവായ സമാധാനാന്തരീക്ഷം കാത്തു സൂക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. അതേ സമയം ഒഴിവു വേളകൾ ഖുർആൻ പഠനത്തിനും അതിന്റെ ആശയം ഉൾക്കൊള്ളുന്നതിനും നീക്കി വെക്കുകയൂം നമസ്കാരത്തിന് ശേഷവും രാവിലെയും വൈകിട്ടും ചൊല്ലേണ്ട ദിക്ർ ദുആകളും വിട്ടു പോകാതെ ചൊല്ലുകയും ചെയ്യുക. ഇങ്ങിനെയൊക്ക ജീവിതത്തിൽ മാറ്റം വരുത്തി നോക്കൂ ! ഉന്മേഷവും മാനസികോല്ലാസവും അപ്പോൾ തിരിച്ചുവരുന്നതായി നിങ്ങൾക്കനുഭവപ്പെടും ! "മുഉമിനിന്റെ കാര്യം ആശ്ചര്യകരം തന്നെ" യെന്ന അവസ്ഥ അപ്പോൾ സംജാതമാകും ! ഭീതിയൊഴിയാതെ വെപ്രാളപ്പെടുന്ന കാഫിറിന്റെ മനോനില ഒരിക്കലും സത്യവിശ്വാസിക്കുണ്ടാവില്ല ! പരീക്ഷണങ്ങളിൽ നിന്ന് നാം പഠിക്കേണ്ട വലിയ പാഠമാണിതെല്ലാം.


#മുസാഫിർ

കൊറോണ കാല കാഴ്ചകൾ - 4


അപരരുമായി നിശ്ചിത അകലം പാലിച്ചാൽ അള്ളാഹുവിന്റെ ഇദിനോട് കൂടി രോഗസംക്രമണം തടയാമെന്നാണ് ലോകാരോഗ്യ സംഘടനയടക്കം ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്. രോഗാണു വാഹകരുമായുള്ള നേരിട്ടുള്ള സമ്പർക്കം ഇല്ലാതാക്കാനാണ് ലോകരാഷ്ട്രങ്ങൾ home quarantine (الحجر المنزلي)പ്രഖ്യാപിച്ചത്. അപ്പോൾ മാനവരാശിയുടെ ശാരീരികാരോഗ്യത്തിന് ദോഷം ചെയ്യുമെന്നതിനാൽ മറ്റുള്ളവരുമായി അകൽച്ചയും ബന്ധവിച്ഛേദനവും ആകാമെന്ന് ലോകം തർക്കമില്ലാതെ അംഗീകരിച്ചു. എന്നാൽ ശാരീരികാരോഗ്യത്തെക്കാൾ അങ്ങേയറ്റം സുരക്ഷ ഒരുക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യേണ്ടതാണ് മുസ്‌ലിമായ മനുഷ്യന്റെ വിശ്വാസ കാര്യങ്ങളായ തൗഹീദ്, ഈമാൻ, സുന്നത് തുടങ്ങിയവ. കാരണം, ആരോഗ്യം നശ്വരമായ ഭൗതിക ലോകവുമായി മാത്രം ബന്ധപ്പെട്ടതാണെങ്കിൽ, മുകളിൽ പറഞ്ഞ വിശ്വാസവുമായി ബന്ധപ്പെട്ടവ, അനശ്വരമായ പാരത്രിക ജീവിത വിജയവുമായി നേരിട്ട് ബന്ധപ്പെട്ടവയാണ്. അതിനാൽ തന്നെ, കറകളഞ്ഞ ഇസ്‌ലാമിക വിശ്വാസമായ തൗഹീദിനെയും കലർപ്പില്ലാത്ത സുന്നത്തിനെയും ദുഷിപ്പിക്കുകയും ബിദ്അത്തും തെറ്റായ ചിന്തകളും കൊണ്ടുനടക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആളുകളെയും ഗ്രൂപ്പുകളേയും അകറ്റി നിർത്തുകയും ജാഗ്രത പാലിക്കുകയൂം അവരിലുള്ള വിശ്വാസപരമായ സാംക്രമിക രോഗം മറ്റുള്ളവരിലേക്ക് പകരാതെ നോക്കുകയും ചെയ്യേണ്ടത് സത്യവിശ്വാസികളുടെ ബാധ്യതയാണ്. ആ പരിരക്ഷയുടെ ആകത്തുകയാണ് "വലാഉം ബറാഉം" ഇത് പറഞ്ഞപ്പോഴെല്ലാം ഉറഞ്ഞു തുള്ളുകയും വാളെടുത്തു വെളിച്ചപ്പാടാവുകയും ചെയ്തവരെല്ലാം ഇന്ന് അകലം പാലിക്കാൻ ഉപദേശിച്ചു കൊണ്ടേയിരിക്കുന്നു ! അള്ളാഹു എത്ര റഹ്മത്തുള്ളവനാണ് എന്നോർത്ത് നോക്കൂ ! പലതും പറഞ്ഞിട്ട് അറിയാത്തവർക്ക് അനുഭവത്തിലൂടെ തിരിച്ചറിവിന് അവസരം നൽകുകയാണ് ! അത് കൊണ്ട് അവനെ നമുക്ക് വാഴ്ത്താം
سبح اسم ربك الأعلى الذي خلق فسوّى !


#മുസാഫിർ

കൊറോണ കാല കാഴ്ചകൾ - 3

ചികിത്സയില്ലാത്ത മാരക രോഗം ! അതാണ് കൊറോണയെന്നു ഇന്ന് ലോകത്തു ഏതൊരു കൊച്ചു കുട്ടിക്കുമറിയാം. പരമാവധി സ്വീകരിക്കാൻ പറ്റുന്ന മാർഗം അതിന്റെ വ്യാപനവും സംക്രമണവും തടയുകയെന്നതാണ്. അതിന് ലോകം കണ്ടു പിടിച്ച വഴിയാകട്ടെ, സാംക്രമിക രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം നിർദ്ദേശിച്ച മാർഗ്ഗവും ! ഒരു നാട്ടിൽ സാംക്രമിക രോഗങ്ങൾ പടർന്ന് പിടിച്ചതായി നിങ്ങൾ അറിഞ്ഞാൽ പിന്നീട് നിങ്ങൾ അങ്ങോട്ട് പോകരുത്. നിങ്ങളുടെ നാട്ടിലാണ് അതുള്ളതെങ്കിൽ മറ്റു നാടുകളിലേക്ക് ( രോഗമില്ലാത്ത) നിങ്ങൾ പോവുകയുമരുത്. ആരോഗ്യപരിപാലന രംഗത്തെ പകരം വെക്കാനില്ലാത്ത ആശയം ! ഇന്നിത് ലോകം നെഞ്ചേറ്റുന്നത്‌ നാം കാണുന്നു. മനുഷ്യന്റെ ആരോഗ്യത്തെക്കാൾ പതിന്മടങ്ങു പ്രാധാന്യത്തോടെ പോറലേൽക്കാതെ സംരക്ഷിക്കേണ്ടതാണ് ഇസ്‌ലാമിക വിശ്വാസ മൂല്യങ്ങൾ. ഫിത്നകൾ ദീനിന്റെതായാലും ദുനിയാവിന്റെതായാലും വ്യാപനം തടയേണ്ടത് തന്നെയാണെന്ന് സാരം. ഇത്തരം സാഹചര്യങ്ങൾ തടയാൻ അവലംബിക്കാവുന്ന ഏക മാർഗം " അകലം പാലിക്കൽ" (keeping distance) മാത്രമാണ്. കാര്യബോധമുള്ളവർ الزم بيتك (home quarantine) എന്ന് പറഞ്ഞപ്പോൾ പരിഹസിച്ചവരും ഊറിച്ചിരിച്ചവരും കൊച്ചാക്കിയവരും ഇന്ന് ജനങ്ങളോട് الزم بيتك എന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു. ദുനിയാവിനു വേണ്ടി അങ്ങിനെ പറയാമെങ്കിൽ തന്റെ ദീനിന്റെ സംരക്ഷണത്തിന് വേണ്ടി തീർച്ചയായും പറയാം ; അപ്പോൾ രണ്ടിനും #الزم_بيتك


#മുസാഫിർ

കൊറോണ കാല കാഴ്ചകൾ - 2

#കൊറോണ #കാല #കാഴ്ചകൾ -2

കടകളൂം ഷോപ്പുകളൂം മാർക്കറ്റുകളും അടക്കുകയാണെന്നു കേട്ടതോടെ ആളുകളുടെ ബേജാറും വെപ്രാളവും ശതഗുണീഭവിച്ചു! എല്ലാവരും കൂട്ടം കൂട്ടമായി നിത്യോപയോഗ സാധനങ്ങളും ഭക്ഷ്യ വിഭവങ്ങളും സാനിറ്റയ്‌സറും വാങ്ങിക്കൂട്ടാൻ ഓടി ! വെപ്രാളപ്പെട്ടും വരി നിന്നും വീർപ്പു മുട്ടി ടൂത്തു പെയ്സ്റ്റുകൾ വരെ കെട്ട് കണക്കിന് വാങ്ങി ശേഖരിച്ചു. നാളെ തൊട്ട് ഷോപ്പുകളൊന്നും തുറന്നില്ലെങ്കിൽ എന്താകും അവസ്ഥ എന്നോർത്ത് ഒരാൾക്കും ഇരിപ്പുറക്കുന്നില്ല! എന്നാൽ കൊറോണ മൂലമോ അല്ലാതെയോ ഉള്ള അനിവാര്യമായ മരണം നാളെ എനിക്ക് സംഭവിച്ചാൽ #എന്താകും #എന്റെ #അവസ്ഥ എന്ന് ചിന്തിക്കുന്നവർ വളരെ വളരെ തുച്ഛം ! അതാണ് ദീനും ദുനിയാവും തമ്മിലുള്ള അന്തരം !
നാളേക്കുള്ള അന്നത്തിന് വേണ്ടി ബേജാറായി പരക്കം പായുന്നവരേ, മരണത്തിന് ശേഷമുള്ള ശാശ്വതമായ ജീവിതത്തിന് വേണ്ടി പരക്കം പായുക !

#മുസാഫിർ

കൊറോണ കാല കാഴ്ചകൾ - 1


നാടിനും നഗരത്തിനും പൂട്ടു വീണു.
നാട്ടുകാർ ബേജാറായി പരക്കം പാഞ്ഞു !
ആരും പുറത്തിറങ്ങാൻ പാടില്ല ! എല്ലാവരും വീട്ടിലിലിരിക്കുക ! മാളുകളും ഷോപ്പിംഗ് കോംപ്ലക്സുകളും ഷട്ടറുകളിട്ടു. എല്ലാവരുടെ മുഖത്തും ഭയാശങ്കകൾ മാത്രം ! എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും പറയാനും പ്രവചിക്കാനും കഴിയാത്ത അവസ്ഥ!
എല്ലാവരും പറയുന്നത് ഒരേ കാര്യങ്ങൾ മാത്രം #കൊറോണ ! കൊറോണയെക്കുറിച്ചു ആർക്കും എഴുതിയിട്ടും പറഞ്ഞിട്ടും വിശതീകരിച്ചിട്ടും മതിയാകുന്നില്ല. ആരോഗ്യപ്രവർത്തകരും വൈദ്യന്മാരും ഭിഷഗ്വരന്മാരും പൊതുപ്രവർത്തകരും രാഷ്ട്രീയക്കാരും ഭരണാധികാരികളും നിരന്തരം ജനങ്ങളെ ബോധവൽക്കരിച്ചു കൊണ്ടേയിരിക്കുന്നു. എന്തായാലും, എന്നെങ്കിലും ഒരിക്കൽ മരിക്കില്ലേ പിന്നെയെന്തിനാണ് എപ്പോഴും ഇത് തന്നെ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത് എന്ന് ഒരാളും ചോദിക്കുന്നില്ല. ഈ നശ്വരമായ ജീവിതത്തിന് ശേഷം ശാശ്വതമായ മറ്റൊരു ജീവിതമുണ്ടെന്നും അതിന് വേണ്ടിയാണ് പ്രയത്നിക്കേണ്ടതെന്നും ആ ജീവിതത്തിൽ വിജയിക്കണമെങ്കിൽ സർവ്വലോക നിയന്താവും രക്ഷിതാവുമായ ഏകനായ ഇലാഹിനെ മാത്രം ഇബാദത് ചെയ്യണമെന്നും അവനിൽ ആരേയും ശിർക്ക്‌ വെക്കരുതെന്നും ബിദ്‌അത്തുകൾ ഒഴിവാക്കുകയും സുന്നത് പിൻപറ്റുകയും ചെയ്യണമെന്ന് പറഞ്ഞപ്പോൾ പലരും ചോദിച്ചു " നിങ്ങൾക്ക് ഈ #തൗഹീദും #ശിർക്കുമല്ലാതെ വേറെ ഒന്നും പറയാനില്ലേ ? എന്തിനാണ് എപ്പോഴും #തൗഹീദ് #ശിർക്ക്‌ മാത്രം നിങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നത് ?
നാടായ നാട് മുഴുവൻ #കൊറോണ #കൊറോണ എന്ന് മാത്രം ആവർത്തിച്ചാവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നിട്ടും ആർക്കും ആവർത്തന വിരസത അനുഭവപ്പെടുന്നില്ല ! അതാണ് ദീനും ദുനിയാവും തമ്മിലുള്ള അന്തരം !


#വഴിയിൽ #കേട്ടത് : " പുറത്തിറങ്ങിയാൽ പോലീസ് പിടിക്കും ! അത് കൊണ്ട് എങ്ങോട്ടാണെന്ന് ചോദിച്ചാൽ ബീവറേജസിലേക്കെന്നു പറയുക !

#മുസാഫിർ

...... അവന് രക്തസാക്ഷിയുടേതിന് തുല്യമായ പ്രതിഫലമുണ്ട്


ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന് : അവർ പറഞ്ഞു : ഞാൻ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയോട് പകർച്ചവ്യാധിയെക്കുറിച്ചു ചോദിക്കുകയുണ്ടായി. അപ്പോൾ റസൂലുള്ളാഹി സ്വല്ലള്ളാഹു അലൈഹി വ സല്ലം എന്നോട് പറഞ്ഞു: " അത്, അള്ളാഹു അവനുദ്ദേശിക്കുന്നവരുടെ മേൽ ഇറക്കുന്ന ശിക്ഷയായിരുന്നു. അങ്ങിനെ മുഉമിനീങ്ങൾക്ക് അവനതിനെ ഒരു അനുഗ്രഹമാക്കി. അതിനാൽ, ആരെയാണോ പകർച്ചവ്യാധി പിടിപെടുകയും എന്നിട്ട് , അള്ളാഹു തനിക്ക് രേഖപ്പെടുത്തിയത് എന്താണോ അത് മാത്രമേ തന്നെ ബാധിക്കുകയുള്ളുവെന്നു മനസ്സിലാക്കിക്കൊണ്ട് പ്രതിഫലേച്ഛയോടെയും ക്ഷമയോടെയും തന്റെ നാട്ടിൽ കഴിച്ചു കൂട്ടുകയും ചെയ്യുന്നത്, അവന് രക്തസാക്ഷിയുടേതിന് തുല്യമായ പ്രതിഫലമുണ്ട്"
(സ്വഹീഹുൽ ബുഖാരി)

ഈ ഹദീസിന്റെ ശറഹിൽ ഇമാം ഇബ്നുഹജർ റഹിമഹുള്ളാ ഫത്ഹുൽ ബാരിയിൽ പറയുന്നു:-
" ഈ വചനത്തിൽ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവർക്കെല്ലാം ശഹീദിന്റെ പ്രതിഫലം ലഭിക്കുമെന്ന കാര്യം ഈ ഹദീസിന്റെ താൽപര്യമാണ് ; ( ഇക്കാരണമായി) മരണപ്പെട്ടിട്ടില്ലെങ്കിൽ പോലും !
( ഫത്ഹുൽ ബാരി 10/194)






പികെ ഫിറോസിനെ കടന്നാക്രമിക്കുന്ന നവോദ്ധാന നിഷ്ക്കുകളോട് :

#പികെ #ഫിറോസിനെ #കടന്നാക്രമിക്കുന്ന #നവോദ്ധാന #നിഷ്ക്കുകളോട് :

അദ്ദേഹം പറഞ്ഞത് നൂറു ശതമാനം തെറ്റും ഇസ്‌ലാമികവിശ്വാസത്തിന് എതിരുമാണ്. പക്ഷെ, അദ്ദേഹം ഒരു ഇസ്‍ലാമിക പണ്ഡിതനോ പ്രബോധകനോ ഇസ്‌ലാം ദീനിനെക്കുറിച്ചു ആഴത്തിൽ പഠിച്ച ആളോ ഒന്നുമല്ല. മറിച്ച് സാധാരണക്കാരനായ ഒരു രാഷ്ട്രീയാക്കാരൻ മാത്രമാണ്. ( ഒരു മുസ്‌ലിമിനും സംഭവിക്കാൻ പാടില്ലാത്ത വീഴ്‍ച ആണെങ്കിൽ പോലും) അത് കൊണ്ട് തന്നെ അദ്ദേഹത്തിൽ നിന്ന് സംഭവിച്ച വീഴ്ച അദ്ദേഹത്തോട് ചൂണ്ടിക്കാണിക്കുകയും ശെരിയായ വിശ്വാസം ഇന്നതാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുകയാണ് അറിവുള്ളവർ ചെയ്യേണ്ടത്.
ഇസ്‌ലാമിക പണ്ഡിതന്മാരായി അറിയപ്പെടുകയും ഇസ്‌ലാമിക പ്രബോധകരുടെ വേഷം കെട്ടുകയും മത പ്രബോധന വേദികളിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന പലരും ഫിറോസ് പറഞ്ഞത് പോലെയോ അതിനേക്കാൾ ഗൗരവമുള്ളതോ ആയ വിഷയങ്ങളിൽ അപകടകരമായ പ്രസ്താവനകളും നിലപാടുകളും സ്വീകരിക്കാറുണ്ട്. ഹദീസ് നിഷേധവും കുഫ്‌റും ബിദ്അത്തും പ്രചരിപ്പിക്കുകയും തെറ്റായ ആശയങ്ങൾ കൊണ്ടു നടക്കുകയും ചെയ്യാറുണ്ട്. അപ്പോഴൊന്നുമില്ലാത്ത "ആവേശം" ഫിറോസിനെപ്പോലുള്ള ഒരാളോട് കാണിക്കുന്നത് നീതിയുക്തമല്ല. ഓരോന്നിനും അതാതിന്റെ തോതും അളവും ആവശ്യവുമനുസരിച്ചു വക വെച്ച് കൊടുക്കുക.

ചരിത്രത്തിൽ, കഅബയിൽ പല വട്ടം ത്വവാഫ് നിന്ന് പോയിട്ടുണ്ട്

ചരിത്രത്തിൽ, കഅബയിൽ പല വട്ടം ത്വവാഫ് നിന്ന് പോയിട്ടുണ്ട് !
ഹിജ്റ വർഷം 317-ൽ ഖറാമിത്വകൾ ( ഷിയാക്കളിലെ ഏറ്റവും അപകടകാരികൾ) പത്തിലധികം വർഷങ്ങൾ ജാഹിലിയ്യാ നടപടിക്രമങ്ങൾ എന്ന് ആരോപിച്ചു കൊണ്ട് ഹജ് തന്നെ വിലക്കുകയൂം ഹജ്ജിന് വന്നവരെ കൊല ചെയ്യുകയും ഹജറുൽ അസ്‌വദ് കട്ടു കൊണ്ടു പോവുകയും ചെയ്തു ! അവസാനം 20 വർഷങ്ങൾക്ക് ശേഷം സ്വർണ്ണം മോചന ദ്രവ്യം നൽകി ഹജറുൽ അസ്‌വദ് തിരിച്ചു വെപ്പിച്ചു !
1814 - ൽ പ്ളേഗ് പടർന്ന് പിടിച്ചത് കാരണം ആ വർഷത്തെ ഹജ് നിർത്തി വെച്ചു.
1883-ൽ കോളറ പടർന്നതിനാൽ ആ വർഷത്തെ ഹജ് നിർത്തി വെച്ചു.
1979-ൽ ജുഹൈമാൻ എന്ന തീവ്രവാദി ഹറമിൽ അതിക്രമിച്ചു കയറിയത് നിമിത്തം രണ്ടാഴ്ചയോളം ഹറമിൽ നമസ്കാരത്തിനും ത്വവാഫിനും തടസം നേരിട്ടു.
2017 -ൽ തിക്കും തിരക്കും കാരണം ഏതാനും സമയത്തേക്ക് ത്വവാഫ് നിർത്തി വെച്ചു.
വെള്ളപ്പൊക്കം കാരണം കഅബ മുങ്ങിപ്പോവുകയും മറ്റും ചെയ്തതിനാൽ മറ്റു പല സമയത്തും ത്വവാഫും നമസ്കാരവുമൊക്കെ ഹറമിൽ നിർത്തി വെച്ചിട്ടുണ്ട്.


توقف الطواف بالكعبة عدة مرات على مر التاريخ أشهرها.
سنة 317 هجرية حادثة "القرامطة"، وهم أخطر فرقة من الشيعة، منعوا الحج يقال عشرة أعوام أو أكثر، لاعتبارهم الحج من الأعمال الجاهلية قتلوا و ذبحوا الحجاج على جدران الكعبة و سرقوا الحجر الأسود عشرين عاما حتى دفع لهم ذهبا فأرجعوه.
1814م توقف الحج بسبب الطاعون.
1883 تفشي داء الكوليرا فعطل الحج.
1979 حادثة جهيمان العتيبي توقف الطواف بالكعبة و الصلاة في الحرم لأسبوعين.
2017 توقف الطواف بالكعبة للحظات بسبب الإزدحام الشديد.
توقف الطواف عدة مرات بسبب الفيضانات و السيول التي أغرقت الكعبة.
كل هذا و لم تتوقف حركة الأرض و القمر و لم تسقط الأجرام فلا داعي للتهويل و الدراما كل شيئ عند الله في كتاب مسطور .

ഡെൽഹി കലാപം നൽകുന്ന പാഠങ്ങൾ - 2


#ഡെൽഹി #കലാപം #നൽകുന്ന #പാഠങ്ങൾ

ഇന്ത്യയിൽ വർഗീയ കലാപങ്ങൾ പുതുമയുള്ള കാര്യമല്ല. ഭഗൽപൂരും ഭീവണ്ടിയും ഗുജറാത്തും മുസാഫറാബാദും ഇന്നലെകളുടെ വിങ്ങുന്ന ഓർമ്മകളാണ്. ഭരണ വർഗത്തിന്റെയും നിയമ പാലകരുടെയും കലവറയില്ലാത്ത പിന്തുണയോടെ നടന്നിട്ടുള്ള സമാനതകളില്ലാത്ത ഏക പക്ഷീയമായ കൂട്ടക്കശാപ്പുകളാണ് എന്നും ഇന്ത്യയിലെ വർഗീയ കലാപങ്ങൾ.
ഭരണ വർഗത്തിന്റെയും നിയമ പാലകരുടെയും സഹായമില്ലായിരുന്നുവെങ്കിൽ വർഗീയ കാലങ്ങളുടെ ദിശ മാറുകയും പര്യവസാനത്തിന്റെ ചിത്രം മറ്റൊന്നാവുകയും ചെയ്യുമായിരുന്നു. എന്നും തോറ്റ ജനവിഭാഗമായി മുസ്‌ലിം ചരിത്രം രേഖപ്പെടുത്തുകയും ജീവനും കയ്യിൽ പിടിച്ചു അഭയാർത്ഥി കേമ്പുകളിൽ ശിഷ്ട കാലം ഹോമിക്കപ്പെടുകയും ചെയ്യുന്ന ഉത്തരേന്ത്യൻ മുസൽമാന്റെ സ്വാഭാവിക ജീവിത താളത്തിന്റെ സ്കെച്ചു മാറുന്നുവെന്നതാണ് ഡൽഹി കലാപം നൽകുന്ന ഒന്നാമത്തെ പാഠം. മുപ്പതിൽപ്പരം ആളുകളുടെ ജീവൻ വിലപ്പെട്ടതാണെങ്കിൽ പോലും, സാഹചര്യം എക്കാലത്തേക്കാളുമധികം സംഘി ഭീകരർക്ക് അനുകൂലമായിരുന്നിട്ടും മുൻകാല വർഗീയ കലാപങ്ങളിൽ ജീവഹാനി സംഭവിച്ചവരുടെ എണ്ണത്തിന്റെ അടുത്തൊന്നും എത്തിയില്ല എന്ന് മാത്രമല്ല ചെന്നായക്കൂട്ടങ്ങളുടെ ഉള്ളിലെവിടെയോ ഭയത്തിന്റെ ഒരു കനൽ വീണിട്ടുണ്ട് എന്ന് തീർച്ചയായും സംശയിക്കണം. കാട്ടു നീതിക്ക് മുമ്പിൽ തിരിഞ്ഞു നിന്ന് കൊമ്പു കൊണ്ടൊരു കുത്തെങ്കിലും കൊടുക്കട്ടെയെന്ന് ഇരക്കും വിചാരമുണ്ടാവാമല്ലോ ? ഒരു ദിവസത്തിന്റെ ഒരൽപ നേരമെങ്കിലും ഇന്ത്യയിലെ നിയമപാലകർ നിഷ്പക്ഷത (ഭീകരർക്ക് അകമ്പടി സേവിക്കാതെ) കാണിച്ചിരുന്നുവെങ്കിൽ കലാപം പെട്ടെന്നടങ്ങിയേനെ ! കുരയ്ക്കുന്ന നായ്ക്കൾ കടിക്കാറില്ലല്ലോ ?!
എല്ലാ അർത്ഥത്തിലും ഒരു വിഭാഗത്തെ വളഞ്ഞു വെച്ച് ഭീകരർക്ക് എറിഞ്ഞു കൊടുക്കുന്ന നിയമപാലകർ തന്നെയാണ് ഇന്ത്യയിൽ എന്നുമുണ്ടായിട്ടുള്ളത്. വോട്ട് ബാങ്ക് രാഷ്ട്രീയം ചങ്കിലിട്ടു സംരക്ഷണം വാഗ്ദാനം ചെയ്യുകയും സന്നിഗ്ധ ഘട്ടങ്ങളിൽ അപ്രത്യക്ഷമാവുകയും ശത്രുക്കളുടെ താണ്ഡവമടങ്ങുമ്പോൾ മുതലക്കണ്ണീരുമായി വന്ന് വലിയ വായിൽ പ്രസ്താവന നടത്തുകയും ചെയ്യുന്ന രാഷ്ട്രീയ ശിഖണ്ഡികൾ ഡൽഹിയിൽ ഇറങ്ങിയിട്ടുണ്ട്. പക്ഷെ, എല്ലാം നഷ്ട്ടപ്പെട്ട ആളുകൾക്ക് മുമ്പത്തേക്കാളേറെ ഇവരുടെയെല്ലാം തനിനിറം ബോധ്യപ്പെട്ടിട്ടുണ്ട് എന്നതാണ് രണ്ടാമത്തെ പാഠം. "അന്നേ പറഞ്ഞിരുന്നുവത്രെ , ഞങ്ങളില്ലെങ്കിൽ എന്തോ സംഭവിക്കുമായിരുന്നുവെന്ന് ! ഇപ്പോൾ കണ്ടില്ലേ " എന്ന് ചോദിച്ചു മുതലെടുപ്പിന്റെ പുതിയ തന്ത്രവുമായി അവരിറങ്ങിയിട്ടുണ്ട് ! ഉത്തരേന്ത്യയിൽ അമ്പത് കൊല്ലം മുമ്പ് ആരായിരുന്നുവോ ഇരകൾ അവർ തന്നെയാണ് ഇന്നും ഇരകൾ. എന്നാൽ വേട്ടക്കാർ ആരാണെന്ന് അവർ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട് ! അതാണ് ഡൽഹി കലാപം നൽകുന്ന വലിയ പാഠം !

ഡെൽഹി കലാപം നൽകുന്ന പാഠങ്ങൾ - 1



#തിരിച്ചറിവുകൾ #ഉണ്ടായേ #പറ്റൂ !

സംഘ് പരിവാറിന്റെ മുസ്‌ലിം വിരോധവും അക്രമണോൽസുകതയും പേര് കേട്ടതാണ്. മനുഷ്യത്തതിന്റെ നാലയലത്തു പോലും വെക്കാൻ കൊള്ളാത്ത നരാധമന്മാരുടെ കൂട്ടം. എന്നാൽ അവർക്ക് നിയമ പാലകർ ഒത്താശ ചെയ്യുകയും , അവർക്ക് പൂർണ്ണ സഹകരണം പ്രദാനം ചെയ്യുകയും , അവർക്ക് തികഞ്ഞ അനുഗ്രഹാശിസുകൾ നൽകി , "ജയ് ശ്രീറാം" വിളിച്ച് വരുന്ന ഹിന്ദുത്വ ചെന്നായ്ക്കൂട്ടങ്ങക്കു അകമ്പടി സേവിക്കുകയും ചെയ്യുന്ന പതിവ് കലാപരിപാടി ഒരിക്കലും ആശാസ്യകരമല്ല. മാനവിക മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു പുരോഗമന ജനതയ്ക്ക് ഇത് കണ്ട്
നിൽക്കാൻ കഴിയില്ല ! ഇത് അവസാനിപ്പിച്ചേ പറ്റൂ.
വലിയ വായിൽ പ്രസംഗിക്കുന്ന രാഷ്ട്രീയ ഹിജഡകളും അവർക്ക് ഓരം പറ്റി ജീവിക്കുന്ന പരാന്ന ഭോജികളും മൗനവാൽമീകത്തിലാണ്. ഇറ്റലിയമ്മച്ചിയേയും വയനാടൻ പ്രധാനമന്ത്രിയെയും തെറി വിളിച്ചത് കൊണ്ട് ഒരു കാര്യവുമില്ല ! കാരണം സ്വാതന്ത്ര്യാനന്തര ഇന്ത്യ മുമ്പും ഇങ്ങിനെ തന്നെയാണ്. ഗുജറാത്തിന്റ തെരുവുകൾ കത്തിച്ചാമ്പലാവുകയും ഒരു ജനവിഭാഗത്തിന്റെ അസ്തിത്വത്തിനു വേണ്ടിയുള്ള ആർത്തനാദം അന്തരീക്ഷത്തിൽ മാറ്റൊലി കൊള്ളുകയും ചെയ്തപ്പോൾ കേന്ദ്ര ഭരണസിരാകേന്ദ്രങ്ങളുടെ നിയന്ത്രണം ഇവരുടെ കയ്യിലായിരുന്നു ! എന്നിട്ടും ഇവിടെയൊന്നും സംഭവിച്ചിട്ടില്ല ! രണ്ട് നാൾ കൊണ്ട് മുവ്വായിരം മനുഷ്യരെ തണ്ടിലേറ്റിയ ഒരുത്തനെ കയറൂരി വിട്ടവരിൽ നിന്നാണോ നീതി പ്രതീക്ഷിക്കേണ്ടത് ? നാല് വോട്ടിന്റെ തിണ്ണബലത്തിൽ ജീവിക്കുന്ന ഒരു നമുംസകവും പ്രതികരിക്കില്ല ; അവരുടെ ആരുടേയും മൊബൈലുകൾ ശബ്ദിക്കില്ല ! ഇരകൾ മുസ്‌ലിംകളാണെങ്കിൽ അവർ കൊല്ലപ്പെടേണ്ടവരോ കൊള്ളയടിക്കപ്പെടേണ്ടവരോ ആണെന്ന പൊതുബോധം അത്രമേൽ ശക്തമാവുമ്പോൾ തിരിച്ചറിവുകൾ അനിവാര്യമാണ്. നിഷ്ക്രിയരായ നിയമപാലകരും നീതി കാണാത്ത മോന്തായം വളഞ്ഞ കോടതികളും തിരിച്ചറിവിനുള്ള ചൂണ്ടു പലകകളാണ്. ഒരായുസ്സിന്റെ ആശ്രയവും അദ്ധ്വാനത്തിന്റെ ആകത്തുകയും തീ നാളങ്ങൾ നക്കിയെടുക്കുമ്പോൾ തിരിച്ചറിവുകൾ ഉണ്ടായേ പറ്റൂ !

കൂട്ടുകാര്‍ - 3

ഹസൻ അൽ ബസ്'രി رحمه الله പറഞ്ഞു:
ഏറ്റവും വിലപ്പെട്ട കാര്യങ്ങളാണ്: ഹലാലായ ഒരു ദിർഹം, അല്ലാഹുവിന്റെ വഴിയിലെ ഒരു സഹോദരൻ, ദുനിയാവിൻ്റെ വിഷയത്തിൽ കൂടി ആലോചിച്ചാൽ ബലവത്തായ അഭിപ്രായം നൽകുന്നവനായി അവനെ നിനക്കു കാണാം,  ദീനിൻ്റെ വിഷയത്തിൽ കൂടി ആലോചിച്ചാൽ അതിൽ വ്യക്തമായ ഉൾകാഴ്ച്ചയുള്ളവനായി അവനെ നിനക്കു കാണാം.

വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله


قال الحسن البصري رحمه الله :

أعز الأشياء درهم حلال وأخ في الله إن شاورته في دنياك وجدته متين الرأي وإن شاورته في دينك وجدته بصيرا به

آداب الحسن البصري ٣١

ഒരു അടിമ അവൻ്റെ റബ്ബിലല്ലാതെ പ്രതീക്ഷ വെക്കരുത്.

അലി رضي الله عنه പറഞ്ഞു:

ഒരു അടിമ അവൻ്റെ റബ്ബിലല്ലാതെ പ്രതീക്ഷ വെക്കരുത്.
തന്റെ തെറ്റുകളെയല്ലാതെ ഭയപ്പെടരുത്.

വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله


قال علي رضي الله عنه -

لا يرجون عبد الا ربه، ولا يخافن إلا ذنبه

(شيخ الإسلام / الفتاوى الكبرى)

ആശ്വാസം വേദനയോടൊപ്പമാണ്

അല്ലാമാ സഅ'ദീ رحمه الله പറഞ്ഞു:

ആയാസമെങ്ങാനും ഒരു ഉടുമ്പിന്റെ മാളത്തിലാണ് കയറുന്നതെങ്കിൽ
ആശ്വാസം അങ്ങോട്ട് കടന്നു ചെന്ന് അതിനെ പുറത്താക്കുക തന്നെ ചെയ്യും.
അല്ലാഹു തആല പറഞ്ഞത് പോലെ,
"ഞെരുക്കത്തിനു ശേഷം അല്ലാഹു എളുപ്പം ഉണ്ടാക്കുന്നതാണ്."
നബി صلى الله عليه وسلم പറഞ്ഞത് പോലെ,
"തീർച്ചയായും ആശ്വാസം വേദനയോടൊപ്പമാണ്.
ഞെരുക്കത്തിന്റെ കൂടെയാണ്
എളുപ്പവും ഉള്ളത്."

വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله


لو دخل العسر جحر ضب لدخل عليه اليسر، فأخرجه كما قال تعالى: {سَيَجْعَلُ اللَّهُ بَعْدَ عُسْرٍ يُسْرًا} وكما قال النبي صلى الله عليه وسلم: " وإن الفرج مع الكرب، وإن مع العسر يسرا ".

(تيسير الكريم الرحمن)

കുടുംബ ബന്ധം

ഇബ്നു അബ്ബാസ് رضي الله عنهما പറഞ്ഞു:
കുടുംബ ബന്ധം മുറിക്കപ്പെടാറുണ്ട്. ചെയ്തുകൊടുത്ത നന്മകളോട് നന്ദികേട് കാണിക്കപ്പെടാറുണ്ട്. ഹൃദയങ്ങളുടെ ഇഴയടുപ്പം പോലെ മറ്റൊന്നില്ല. അല്ലാഹു പറയുന്നു: "ഭൂമിയിലുള്ളതെല്ലാം നീ ചിലവഴിച്ചാലും, അവരുടെ ഹൃദയങ്ങളുടെ ഇഴചേർക്കാൻ നിനക്കാകുമായിരുന്നില്ല" .

വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله

عن ابن عباس رضي الله عنهما قال:  قرابه الرحم تقطع، ومنة النعمه تكفر، ولم يرى مثل تقارب القلوب؛ يقول الله تعالى

{ لَوْ أَنفَقْتَ مَا فِي الْأَرْضِ جَمِيعًا مَّا أَلَّفْتَ بَيْنَ قُلُوبِهِمْ }

تفسير ابن كثير

കൂട്ടുകാര്‍ - 2

ഉമർ رضي الله عنه പറഞ്ഞു:
നിന്നെ ഉപദ്രവിക്കുന്നവയിൽ നിന്ന് മാറി നിൽക്കുക.
നല്ലവനായ സുഹൃത്തിനെ നീ മുറുകെ പിടിക്കുക, വളരെ വിരളമായേ നിനക്ക് അങ്ങനെ ഒരുത്തനെ കിട്ടുകയുള്ളൂ. അല്ലാഹുവിനെ ഭയപ്പെടുന്നവരോട് നിന്റെ കാര്യങ്ങളിൽ കൂടിയാലോചിക്കുക.

വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله


عَنْ زَيْدٍ , قَالَ: قَالَ عُمَرُ: " اعْتَزِلْ مَا يُؤْذِيكَ , وَعَلَيْكَ بِالْخَلِيلِ الصَّالِحِ وَقَلَّمَا تَجِدُهُ , وَشَاوِرْ فِي أَمْرِكَ الَّذِينَ يَخَافُونَ اللهَ عَزَّ وَجَلَّ "
(شعب الإيمان)

തവക്കുലിൽ പെട്ടതാണ് .....

ഇമാം ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു:

ഒരു മനുഷ്യന് പകർച്ചവ്യാധി പിടിപെട്ടാൽ ചികിത്സിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ലാത്തതുപോലെ തന്നെ, അതിൽ നിന്ന് മുൻകരുതൽ സ്വീകരിക്കുന്നതിലും യാതൊരു പ്രശ്നവുമില്ല. അതൊരിക്കലും തവക്കുലിലുള്ള കുറവായി ഗണിക്കപ്പമടുന്നതല്ല.നേരേ മറിച്ച് അത് തവക്കുലിൽ പെട്ടതാണ്.കാരണം നാശത്തിലും ശിക്ഷയിലും അകപ്പെടുത്തുന്ന കാര്യങ്ങളെ തൊട്ട് മുൻകരുതൽ സ്വീകരിക്കുക എന്നത് നമ്മോട് കൽപ്പിക്കപ്പെട്ടിട്ടുള്ളതാണ്.
തവക്കുലാക്കുന്നവൻ, അല്ലെങ്കിൽ തവക്കുൽ ചെയ്യുന്നു എന്ന് ജൽപ്പിക്കുന്നവൻ, എന്നിട്ട് കാരണങ്ങളെ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവൻ, യഥാർത്ഥത്തിൽ അവൻ തവക്കുലാക്കുന്നവനല്ല. മറിച്ച് അല്ലാഹുവിന്റെ ഹിക്മത്തിനെ അധിക്ഷേപിക്കുന്നവനാണവൻ.കാരണം അല്ലാഹു നിശ്ചയിച്ച കാരണങ്ങളാലല്ലാതെ ഒരു കാര്യം ഉണ്ടാവുക എന്നത് അവന്റെ ഹിക്മത്ത് അനുവദിക്കാത്തതാണ്.
അല്ലാഹുവാണ് (കാര്യങ്ങൾ യഥാവിധം മനസ്സിലാക്കാനുള്ള) തൗഫീഖ് നൽകുന്നവൻ.

വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله


قال الإمام ابن عثيمين رحمه الله:

كما أن الإنسان إذا نزل به وباء وعالجه فلا حرج عليه فكذلك إذا أخذ وقاية منه فلا حرج عليه ولا يعد ذلك من نقص التوكل بل هذا من التوكل لأن فعل الأسباب الواقية من الهلاك والعذاب أمر مطلوب والذي يتوكل أو يدعي أنه متوكل ولا يأخذ بالأسباب ليس بمتوكل في الحقيقة بل إنه طاعن في حكمة الله عز وجل لأن حكمة الله تأبى أن يكون الشيء إلا بالسبب الذي قدره الله تعالى له والله الموفق

(شرح رياض الصالحين)

ശഅ'ബാനിൽ നോമ്പ് - 2

ഇമാം ഇബ്'നു ബാസ് رحمه الله പറഞ്ഞു :

നബി صلى الله عليه وسلم ശഅ'ബാൻ മുഴുവനും , അൽപമൊഴികെ ഏതാണ്ട് മുഴുവനായി നോമ്പു നോൽക്കാറുണ്ടായിരുന്നു.
എന്നാൽ ശഅ'ബാൻ പകുതിയായിക്കഴിഞ്ഞാൽ നോമ്പെടുക്കുന്നതിനെ വിലക്കുന്ന ഹദീസോ? അത് നമ്മുടെ സഹോദരൻ അല്ലാമാ ശൈഖ് നാസിറുദ്ദീൻ അൽബാനി പറഞ്ഞതുപോലെ സ്വഹീഹാണ് .
അതുകൊണ്ടുദ്ദേശിക്കുന്നത് ശഅ'ബാൻ പകുതി കഴിഞ്ഞിട്ട് നോമ്പു തുടങ്ങുന്നതിനുള്ള വിലക്കാണ് .

എന്നാൽ ആരാണോ ആ മാസത്തിലെ അധികം ദിവസങ്ങളും അല്ലെങ്കിൽ മാസം മുഴുക്കെ നോമ്പെടുക്കുന്നത് അവൻ സുന്നത്തിനോട് യോജിച്ചവനാകും.

വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله


قال الإمام ابن باز رحمه الله تعالى :
« كان النبي ﷺ يصوم شعبان كله وربما صامه إلا قليلًا .
أما الحديث الذي فيه النهي عن الصوم بعد انتصاف شعبان فهو صحيح ، كما قال الأخ العلامة الشيخ ناصر الدين الألباني ، والمراد به النهي عن ابتداء الصوم بعد النصف .
أما من صام أكثر الشهر أو الشهر كله فقد أصاب السنة » .
[ مجموع الفتاوى (٣٨٥/١٥) ]

കൂട്ടുകാര്‍ - 1

അബ്ദുല്ലാഹിബ്നു അംറ് ബ്നുൽ ആസ് رضي الله عنه നിവേദനം,
അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു:

കൂട്ടുകാരിൽ അല്ലാഹുവിന്റെയടുക്കൽ ഏറ്റവും ഉത്തമൻ, തന്റെ കൂട്ടുകാരനോട് ഏറ്റവും കൂടുതൽ നന്മചെയ്യുന്നവനാണ്.
അയൽവാസികളിൽ അല്ലാഹുവിന്റെയടുക്കൽ ഏറ്റവും ഉത്തമൻ, തന്റെ അയൽവാസിയോട് ഏറ്റവും കൂടുതൽ നന്മചെയ്യുന്നവനാണ്.

വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله


عَنْ عَبْدِ اللَّهِ بْنِ عَمْرٍو بْنِ الْعَاصِ، عَنْ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ؛ أَنَّهُ قَالَ: "خَيْرُ الْأَصْحَابِ عِنْدَ اللَّهِ تَعَالَى خَيْرُهُمْ لِصَاحِبِهِ، وَخَيْرُ الْجِيرَانِ عِنْدَ اللَّهِ [تَعَالَى] خَيْرُهُمْ لِجَارِهِ".
(الأدب المفرد، صححه الألباني)

അല്ലാഹുവേ, നിന്നോട് ഞാൻ രക്ഷ തേടുന്നു

അല്ലാഹുവേ, നിന്നോട് ഞാൻ രക്ഷ തേടുന്നു;
ദുഷിച്ച അയൽവാസിയിൽ നിന്നും,
നരയെത്തും മുമ്പേ എന്നെ നരപ്പിക്കുന്ന ഇണയിൽ നിന്നും,
എന്റെമേൽ യജമാനനായിത്തീരുന്ന സന്താനത്തിൽ നിന്നും,
എനിക്ക് ശിക്ഷയായിത്തീരുന്ന സമ്പത്തിൽ നിന്നും,
കുതന്ത്രക്കാരനായ ചങ്ങാതിയിൽ നിന്നും;
അവന്റെ കണ്ണുകൾ എന്നെ വീക്ഷിച്ചുകെണ്ടേയിരിക്കുന്ന,
അവന്റെ ഹൃദയമെപ്പൊഴും എന്നെ
പരിശോധിച്ചുകൊണ്ടേയിരിക്കുന്ന.
വല്ല നന്മയും കണ്ടാൽ അവൻ മൂടിക്കളയും,
വല്ല തിന്മയും കണ്ടാലോ അടിച്ചു പരത്തും.

വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله


اَللَّهُمَّ إِنِّي أَعُوْذُ بِكَ مِنْ جَارِ السُّوءِ،
وَمِنْ زَوْجٍ تُشَيِّبُنِي  قَبْلَ الْمَشِيْبِ،
وَمِنْ وَلَدٍ يَكُوْنُ عَلَيَّ رَبّاً،
وَمِنْ مَالٍ يَكُوْنُ عَلَيَّ عَذَاباً،
وَمِنْ خَلِيْلٍ مَاكِرٍ عَيْنُهُ تَرَانِي، وَقَلْبُهُ يَرْعَانِي؛ إِنْ رَأَى حَسَنَةً دَفَنَهَا، وَإِذَا رَأَى سَيِّئَةً أَذَاعَهَا

السلسلة الصحيحة ٣١٣٧ | الشيخ الألباني رحمه الله | إسناده جيد

ശഅ'ബാനിൽ നോമ്പ് - 1

ഉസാമതു ബ്നു സൈദ് رضي الله عنه പറയുന്നു:
ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ശഅ'ബാനിൽ നോമ്പെടുക്കുന്നപോലെ മറ്റൊരു മാസവും താങ്കൾ നോമ്പെടുക്കുന്നതായി ഞാൻ കണ്ടിട്ടില്ലല്ലോ?!
അദ്ദേഹം പറഞ്ഞു: റജബിന്നും റമദാനിനുമിടയിൽ ജനങ്ങൾ  അശ്രദ്ധരാകുന്ന മാസമാണത്. അതാണ് സർവ്വലോകങ്ങളുടെയും റബ്ബിലേക്ക് കർമ്മങ്ങൾ ഉയർത്തപ്പെടുന്ന മാസം. നോമ്പുകാരനായ നിലയിൽ എന്റെ കർമ്മങ്ങൾ ഉയർത്തപ്പെടുന്നതാണ് ഞാൻ ഇഷ്ടപ്പെടുന്നത്.
(നസാഈ-അൽബാനി:ഹസൻ)

വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله


عن أُسَامَة بْن زَيْدٍ، قَالَ : قُلْتُ : يَا رَسُولَ اللَّهِ، لَمْ أَرَكَ تَصُومُ شَهْرًا مِنْ الشُّهُورِ مَا تَصُومُ مِنْ شَعْبَانَ،  
قَالَ : << ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ ، وَهُوَ شَهْرٌ تُرْفَعُ فِيهِ الأَعْمَالُ إِلَى رَبِّ الْعَالَمِينَ، فَأُحِبُّ أَنْ يُرْفَعَ عَمَلِي وَأَنَا صَائِمٌ >>
( النسائي , وحسنه الألباني)

Friday, April 10, 2020

ഖുർആൻ പാരായണം

അബൂഹുറൈറ رضي الله عنه പറയാറുണ്ടായിരുന്നു:
തീർച്ചയായും ഒരു വീട് അതിലെ ആളുകൾക്ക് വിശാലമാവുകയും,
അതിൽ മലക്കുകൾ സന്നിഹിതരാവുകയും, പിശാചുക്കൾ അതിനെ വെടിയുകയും, അതിലെ ഐശ്വര്യങ്ങൾ വർധിക്കുകയും ചെയ്യും;
അതിൽ ഖുർആൻ പാരായണം ചെയ്യപ്പെടുന്നതിനാൽ.

തീർച്ചയായും ഒരു വീട് അതിലെ ആളുകൾക്ക് ഇടുങ്ങിയതാവുകയും,
മലക്കുകൾ അതിനെ വെടിയുകയും,
അതിൽ പിശാചുക്കൾ സന്നിഹിതരാവുകയും, അതിലെ ഐശ്വര്യങ്ങൾ കുറയുകയും ചെയ്യും; അതിൽ ഖുർആൻ പാരായണം ചെയ്യപ്പെടാതിരിക്കുന്നതിനാൽ.

വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله


عن حَفْص بْنُ عِنَانٍ الْحَنَفِيُّ، أَنَّ أَبَا هُرَيْرَةَ، كَانَ يَقُولُ: «إِنَّ الْبَيْتَ لَيَتَّسِعُ عَلَى أَهْلِهِ وَتَحْضُرُهُ الْمَلَائِكَةُ وَتَهْجُرُهُ الشَّيَاطِينُ، وَيَكْثُرُ خَيْرُهُ أَنْ يُقْرَأَ فِيهِ الْقُرْآنُ، وَإِنَّ الْبَيْتَ لَيَضِيقُ عَلَى أَهْلِهِ وَتَهْجُرُهُ الْمَلَائِكَةُ، وَتَحْضُرُهُ الشَّيَاطِينُ، وَيَقِلُّ خَيْرُهُ أَنْ لَا يُقْرَأَ فِيهِ الْقُرْآنُ» (الدارمي)
[تعليق المحقق] إسناده صحيح وهو موقوف على أبي هريرة

അല്ലാഹു അവൻ്റെ അടിമയെ പരീക്ഷിക്കും; അവൻ്റെ ആവലാതിയും താണുകേണുളള അപേക്ഷയും ദുആയും കേൾക്കുവാൻ വേണ്ടി.*

ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:

അല്ലാഹു തആലാ അവൻ്റെ അടിമയെ പരീക്ഷിക്കും; അവൻ്റെ ആവലാതിയും താണുകേണുളള അപേക്ഷയും ദുആയും കേൾക്കുവാൻ വേണ്ടി. പരീക്ഷണ സമയത്ത് അവനോട് വിനയവിധേയനായി കീഴൊതുക്കം കാണിക്കാത്തവരെ അവൻ ആക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്.


قال الامام ابن القيم رحمه الله:  والله تعالى يبتلي عبده ان ليسمع شكواه وتضرعه ودعاءه وقد ذم سبحانه من لم يتضرع إليه ولم يستكن له وقت البلاء كما قال تعالى : وَلَقَدْ أَخَذْنَاهُم بِالْعَذَابِ فَمَا اسْتَكَانُوا لِرَبِّهِمْ وَمَا يَتَضَرَّعُونَ

(عدة الصابرين وذخيرة الشاكرين)


അല്ലാഹു പറഞ്ഞു:

وَلَقَدْ أَخَذْنَاهُم بِالْعَذَابِ فَمَا اسْتَكَانُوا لِرَبِّهِمْ وَمَا يَتَضَرَّعُونَ

"നാം അവരെ ശിക്ഷകൊണ്ട് പിടികൂടുകയുണ്ടായി. അപ്പോൾ അവർ തങ്ങളുടെ റബ്ബിന്ന് കീഴൊതുങ്ങിയില്ല, വിനയവിധേയരായതുമില്ല."

വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله

വീടുകളിലേക്ക് കയറിക്കൊളളുക

തന്റെ നാട്ടിലുള്ളവർക്ക് അപകടമുണ്ടായേക്കുമെന്ന് തിരിച്ചറിഞ്ഞപ്പോൾ ആ ഉറുമ്പ് അവരോട് പറഞ്ഞു:

ادْخُلُواْ مَسَاكِنَكُمْ [سورة النمل : ١٨]

നിങ്ങൾ നിങ്ങളുടെ വീടുകളിലേക്ക് കയറിക്കൊളളുക.

ഖുർആനിലെ കഥകളിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളാൻ നമുക്കു കഴിയില്ലേ!

വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله


عندما أحست نملة بالخطر على أهل قريتها قالت

ادْخُلُواْ مَسَاكِنَكُمْ [سورة النمل : ١٨]

ألا تستطيع أن نأخذ العبرة من قصص القرآن الكريم

മൂന്ന് കാര്യങ്ങളിൽ നിന്ന് മുക്തനായി ഒരുവൻ മരണപ്പെട്ടു....

സ്വൗബാൻ رضي الله عنه നിവേദനം : അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു :

 മൂന്ന് കാര്യങ്ങളിൽ നിന്ന് മുക്തനായി ഒരുവൻ മരണപ്പെട്ടു : അഹങ്കാരം , ചതി , കടം (എന്നിവയിൽ നിന്ന്) അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്.

(തിർമുദീ 1572 അൽബാനി സ്വഹീഹ് തിർമുദിയൽ ഉദ്ധരിച്ചു)

വിവ: അബൂ സ്വലാഹ് അബ്ദുൽകരീം അമാനി حفظه الله تعالى


وعَنْ ثَوْبَانَ رضي الله عنه قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ :
( مَنْ مَاتَ وَهُوَ بَرِيءٌ مِنْ ثَلَاثٍ : الْكِبْرِ وَالْغُلُولِ وَالدَّيْنِ ، دَخَلَ الْجَنَّةَ )
رواه الترمذي (1572) وصححه الألباني في صحيح الترمذي .

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.