Sunday, December 7, 2014

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചുവോ ? പ്രമാണങ്ങൾ എന്ത് പറയുന്നു?

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചുവോ? പ്രമാണങ്ങൾ എന്ത് പറയുന്നു?

അന്ത്യ പ്രവാചകനായ മുഹമ്മദ്‌ നബി സ്വല്ല ള്ളാഹു അലൈഹി വസല്ലം അള്ളാഹുവിന്റെ റസൂലാണ്. സത്യപ്രബോധന ദൌത്യവുമായി അള്ളാഹു അദ്ദേഹത്തെ തെരഞ്ഞെടുത്തയച്ചു. നബി സ്വല്ല ള്ളാഹു അലൈഹി വസല്ലം ദീൻ എന്ന നിലയിൽ പഠിപ്പിക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്ത കാര്യങ്ങൾ നിസ്സങ്കോചം സ്വീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുകയെന്നത് ഒരു മുസ്ലിമിനെ സംബന്ധിഛെടത്തോളം അനിവാര്യമാണ്, അനുപേക്ഷണീയമാണ്. അദ്ദേഹത്തെ റസൂലായി സാക്ഷ്യം വഹിക്കുകയെന്നതിന്റെ പൊരുൾ അതാണ്‌. ഏതൊരാളും തന്റെ യുക്തിക്ക് ഉൾക്കൊള്ളാൻ പ്രയാസമാണെങ്കിൽ പോലും, പ്രമാണങ്ങളിൽ, അഥവാ ഖുർആനിലും സ്വഹീഹായ ഹദീസുകളിലും സ്ഥിരപ്പെട്ടു വന്നതിനെ സ്വീകരിക്കാൻ ബാധ്യസ്ഥനാണ്. അതാണ്‌ പ്രമാണങ്ങൾ അംഗീകരിക്കുന്നുവെന്നു പറയുന്നതിന്റെ താൽപര്യം.

മുസ്ലിം ഉമ്മത്ത്‌, ഖുർആൻ കഴിഞ്ഞാൽ വിശ്വാസയോഗ്യമെന്ന് പരക്കെ അംഗീകരിച്ച രണ്ടു ഗ്രന്ധങ്ങളാണ് സ്വഹീഹുൽ ബുഖാരിയും സ്വഹീഹ് മുസ്ലിമും. അഹ് ലുസുന്നത്തിന്റെ അതികായന്മാരായ ഉലമാക്കൾ ഈ രണ്ടു ഗ്രന്ഥങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയ നിരൂപണങ്ങൾ ചരിത്ര ഗ്രന്ഥങ്ങളിൽ വിശ്രുതമാണ്. ബുഖാരിയിലോ മുസ്ലിമിലോ രിവായത്ത് ചെയ്യപ്പെട്ട ഹദീസുകൾ സനദ് (നിവേദക പരമ്പര- പോലും പരിശോധിക്കാതെ സ്വീകരിക്കാമെന്നു, പ്രമുഖരായ പല മുഹദ്ദിസുകളും രേഖപ്പെടുത്തിയെങ്കിൽ, മുസ്ലിം ഉമ്മത്ത്‌ അവയ്ക്ക് നൽകിയ ആധികാരികതയെയാണ് അടയാളപ്പെടുത്തുന്നത്.

അഹ് ലുസുന്നത്തിന്റെ പ്രാമാണിക ഉലമാക്കളിൽ പ്രഥമഗണനീയനായ ശൈഖുൽ ഇസ്ലാം ഇബ്ൻ തീമിയ റഹിമഹുള്ളാ പറയുന്നു. ليس تحت أديم السماء كتاب أصح من البخاري ومسلم بعد القرآن مجموع الفتاوى 74/18ഖുർആൻ കഴിഞ്ഞാൽ, ബുഖാരി, മുസ്ലിം എന്നിവയോളം അവക്രമായ മറ്റൊരു ഗ്രന്ഥം ഭൂമുഖത്തില്ല.
ഇമാം നവവി റഹിമഹുള്ളാ പറയുന്നു
أجمعت الأمة على صحة هذين الكتابين ووجوب العمل بأحاديثهما - تهذيب الأسماء واللغات 1/73
ഈ രണ്ടു ഗ്രന്ഥങ്ങളുടെയും സ്വീകാര്യതയിലും, അതിലെ ഹദീസുകൾ കൊണ്ട് അമൽ ചെയ്യുന്നതിലെ അനിവാര്യതയിലും മുസ്ലിം ഉമ്മത്തിൽ ഇജ്മാഉ ഉണ്ടായിട്ടുണ്ട്.
അഹ് ലുസുന്നത്തിന്റെ സുസമ്മതരും, തലയെടുപ്പുള്ളവരുമായ അഇമ്മത്തിന്റെ മുകളിലെ ഉദ്ധരണികൾ തട്ടിക്കളയാൻ, അവരുടെ സമകാലികരോ, പിൽകാലക്കാരോ ആയ ഒരാൾക്കും കഴിയില്ല. അവർ എത്ര മഹാന്മാർ ആണെങ്കിലും. കാരണം, ഇവർ, ഹദീസുകളിൽ അഗാധമായ പാണ്ടിത്യമുള്ളവരും, ഇൽമുൽ ഹദീസെന്ന വിജ്ഞാന ശാസ്ത്രത്തിൽ അങ്ങേയറ്റം അവഗാഹമുള്ളവരുമാണ്. ഇവരുടെ വാക്കുകൾക്കും, വിലയിരുത്തലുകൾക്കും അനിഷേധ്യ സ്ഥാനവും മഹോന്നതമായ ആശയവുമുണ്ട്. ഹദീസിനെക്കുറിച്ചും, അതിന്റെ പരമ്പരയെക്കുറിച്ചും, രിജാലീങ്ങളെക്കുറിച്ചും ആധികാരികമായി പറയാൻ യോഗ്യരായ അവരുടെ നിലപാടുകളെ ആനുകാലികർ ഖണ്ടിക്കുന്നത് അന്യായവും, നീതീകരിക്കാൻ കഴിയാത്ത അപരാധവുമാണ്.
ഇമാം ദാറഖുത്വ് നീ തന്റെ الاستدراكات والتتبع എന്ന ഗ്രന്ഥത്തിൽ ബുഖാരിയിൽ നിന്നും, മുസ്ലിമിൽ നിന്നുമായി ഇരുനൂറോളം ഹദീസുകളെ വിമർശന വിധേയമാക്കിയിട്ടുണ്ട്. ഈ വിമർശനങ്ങളെക്കുറിച്ച് ഇമാം നവവി പറയുന്നത് കാണുക.
إنه مبني على قواعد بعض المحدثين ضعيفة جدا، مخالفة لما عليه الجمهور من أهل الفقه والأصول وغيرهم، فلا تغتر بذلك
ഇവ, - ഈ വിമർശനങ്ങൾ- ഭൂരിഭാഗം വരുന്ന ഫുഖഹാക്കളുടെയും, ഉസ്വൂലി പണ്ഡിതന്മാരുടെയും മറ്റും നിലപാടുകൾക്ക് വിരുദ്ധമായ തരത്തിൽ ചില മുഹദ്ദിസുകളുടെ വളരെ ദുർബലമായ ഖാഇദകളിൽ സ്ഥാപിക്കപ്പെട്ടവയാണ്. അതിനാൽ, അതിൽ വഞ്ചിതനാകേണ്ടതില്ല.

ഇമാം ദാറഖുത്വ് നി, സ്വഹീഹുൽ ബുഖാരിയിലെ ഏതാനും ഹദീസുകൾക്ക് രേഖപ്പെടുത്തിയ ഏതാണ്ടെല്ലാ വിമർശനങ്ങളെയും അൻവർ ഷാ കശ്മീരി തന്റെ فيض الباري شرح صحيح البخاري എന്ന ഗ്രന്ഥത്തിലും ഇമാം ഇബ്നു ഹജർ അസ്ഖലാനി فتح الباري യുടെ ആമുഖത്തിലും ഖണ്ടിച്ചിട്ടുമുണ്ട്. ചുരുക്കത്തിൽ, ദാറഖുത്വ് നിയുടെ നിരൂപണം നിലനിൽകാത്തതും, അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കൾ തന്നെ ഖണ്ടനം രേഖപ്പെടുത്തിയതുമാണെന്നർതഥം.
സ്വഹീഹുൽ ബുഖാരിക്കും സ്വഹീഹു മുസ്ലിമിനും മുസ്ലിം ലോകത്തുള്ള സ്ഥാനവും അതിന്റെ പ്രാധാന്യവും സൂചിപ്പിക്കാനാണ് ഇത്രയും എഴുതിയത്. ഹദീസുകളിൽ, സ്വീകാര്യതയുടെ കാര്യത്തിൽ ഏറ്റവും കുറ്റമറ്റ നിവേദക പരമ്പരകളിലൂടെ രിവായത് ചെയ്യപ്പെട്ട ബുഖാരിയിലെയോ മുസ്ലിമിലെയോ ഹദീസുകൾ തള്ളിക്കളയാനോ, അതിന്റെ സ്വീകാര്യതയിൽ സംശയം പ്രകടിപ്പിക്കാനോ, ദുർബലതയാരോപിക്കാനോ ഒരാൾക്കും കഴിയില്ല.
പക്ഷെ പ്രമാണങ്ങളെ, വിശിഷ്യ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് സ്ഥിരപ്പെട്ടു വന്ന പല ഹദീസുകളും തങ്ങളുടെ ബുദ്ധിക്കു യോജിക്കാത്തതിന്റെ പേരിൽ പൌരാണികരും ആധുനികരുമായ ബിദ്അത്തിന്റെ കക്ഷികൾ നിഷേധിക്കാനും, ദുർബലതയാരോപിക്കാനും ദൃഷ്ടരായിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറെ ചർച്ചകൾക്കും പഠനത്തിനും വിധേയമായ ഹദീസുകളിലൊന്നാണ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചതുമായി ബന്ധപ്പെട്ട ഹദീസ്. സലഫുകളുടെ മാർഗത്തിൽ നിന്ന് വ്യതിചലിച്ച മുഅതസില, റാഫിദ, തുടങ്ങിയ ബിദ്അത്തിന്റെ കക്ഷികളെ പിന്തുടർന്ന് കൊണ്ട്, പരിഷ്കരണ വാദികളെന്നും നവോദ്ധാനത്തിന്റെ അപ്പോസ്തലന്മാരെന്നും അവകാശപ്പെടുന്ന, ഖുർആനും സുന്നത്തും പ്രമാണമായി സ്വീകരിച്ചു ദഅവതു നടത്തുന്നവരെന്നു വാദിക്കുന്ന ആധുനികരായ ചില ആളുകളും ഇപ്പോൾ ഈ വാദഗതി വെച്ച് പുലർത്തുന്നവരാണ്.

കേരളത്തിൽ, മുജാഹിദ്-ജമാഅതു വിഭാഗങ്ങളിൽ ബഹുഭൂരിപക്ഷം ആളുകളും നബി സ്വല്ലള്ളാഹു അലൈഹി വസല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന സംഭവം അംഗീകരിക്കാൻ വിസമ്മതിക്കുന്നവരാണ്. ഹുസൈൻ മടവൂര് നേതൃത്വം നൽകുന്ന നദ് വത്തുൽ മുജാഹിദീൻ ഇതിൽ ബഹുദൂരം മുമ്പിലാണ്. മുജാഹിദുകളിൽ വളരെ ചെറിയ ശതമാനം ഇക്കാര്യം സ്വഹീഹായ ഹദീസുകളുടെ അടിസ്ഥാനത്തിൽ ഉൾക്കൊള്ളുന്നു എന്ന കാര്യം ഞാൻ നിഷേധിക്കുന്നില്ല.
വാസ്തവത്തിൽ, അഹ് ലുസ്സുന്നതിന്റെ ഉലമാക്കൾ, അഭിപ്രായാന്തരമില്ലാതെ സ്വീകരിച്ചുപോന്ന ഒരു മസ്അലയിൽ, അഹ് ലുൽ ബിദ്അയുടെ മറ പറ്റി ആരെങ്കിലും തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നുവെങ്കിൽ അത്, മുസ്ലിംകൾക്കോ ഇസ്‌ലാം ദീനിന് തന്നെയോ പ്രത്യേകിച്ചൊരു ദോഷവും വരുത്തുകയില്ല. പക്ഷെ, ശറഇയ്യായ ഇൽമു കുറഞ്ഞു വരികയും, ജഹ്ൽ കറുത്ത കരിമ്പടം പുതച്ചുറങ്ങുകയും ചെയ്യുന്ന ഒരു സാമൂഹികാന്തരീക്ഷത്തിൽ, വിഷയത്തിന്റെ നിജസ്ഥിതിയറിയാൻ താൽപര്യമുള്ളവരുടെ വിനീതമായ അറിവിലേക്കായി ഇവ്വിഷയകമായി ചില കാര്യങ്ങൾ വസ്തുതാപരമായി രേഖപ്പെടുത്തട്ടെ.

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് ദീനിന്റെ പാഠങ്ങൾ ഓരോന്നായി കണ്ടും അറിഞ്ഞും പഠിക്കുകയും, ഉൾക്കൊള്ളുകയും ചെയ്ത, നബിയുടെ പ്രത്യേക ശിക്ഷണത്തിൽ വളർന്ന ഉമ്മുൽ മുഉമിനീൻ എന്ന അപര നാമത്തിൽ വിശ്രുതയായ, മഹതി ആയിശ റദിയള്ളാഹു അൻഹയിൽ നിന്ന്, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ച സംഭവം വിവരിക്കുന്ന ഹദീസ് ഇമാം ബുഖാരിയും മുസ്ലിമുമടക്കം രിവായത് ചെയ്ത മുഹദ്ദിസുകളും അവരുടെ ഗ്രന്ഥങ്ങളുമാണ് താഴെ.
1- ഇമാം ബുഖാരി- 3268, 5763, 5765, 5766, 6391
2- ഇമാം മുസ്ലിം - 5667
3- ഇബ്ൻ മാജ - 3545
4- ഇമാം അഹ്മദു - മുസ്നദ്-24741, 24804, 24851, 24852, 25157
5- ഇബ്ൻ ഹിബ്ബാൻ - സ്വഹീഹ് - 6703, 6704
6- അബു യഅലാ- 4757
7- ഇമാം ബൈഹഖീ- ദലാഇലുന്നുബുവ്വ - 3018
ഇതിനെല്ലാം പുറമേ, വേറെയും ഒരു പാട് ഹദീസ് ഗ്രന്ഥങ്ങളിൽ ഈ ഹദീസ് രിവായത് ചെയ്യപ്പെട്ടിട്ടുണ്ട്.

നബി സ്വല്ല ള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന് പറയുന്ന ഹദീസ്, ആയിഷ റദിയള്ളാഹു അന്ഹക്ക് പുറമേ, സൈദ്‌ ബിന് അർഖം റ ദി യ ള്ളാ ഹു അന്ഹുവിൽ നിന്നും മറ്റൊരു സനദി ലൂ ടെ രിവായത് ചെയ്യപ്പെട്ടിട്ടുണ്ട്.
1- ഇമാം നാസാഇ- 7-103
2- ഇമാം അഹമദു - മുസ്നദ് 19481
3- ഹുമൈദ് - മുൻതഖബ്- 271
ഈ ഹദീസ് വേറെയും പല ഗ്രന്ഥങ്ങളിലും വന്നിട്ടുണ്ട്. രണ്ടു വിത്യസ്ത സനദുകളിലൂടെ വന്ന ഈ ഹദീസിനെക്കുറിച്ച് അഹ് ലുസുന്നത്തിന്റെ ആധുനികാരോ പൌരാണികരോ ആയ പ്രാമാണികരായ ഉലമാക്കളാരും വിമർശനം രേഖപ്പെടുത്തിയിട്ടില്ല. എന്നല്ല, രണ്ടു സ്വഹീഹുകളിലെയും ഏതാനും ഹദീസുകളെക്കുറിച്ച് വിമർശനം രേഖപ്പെടുത്തിയ ഇമാം ദാറഖുത്വ് നിയോ, അബു മസ്ഊദു ദിമഷ്ഖിയോ ഇബ്നു ഹസമൊ പോലും നബിക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസിനെക്കുറിച്ച് യാതൊരു ആരോപണവും ഉന്നയിച്ചിട്ടില്ല.
അപ്പോൾ പിന്നെ ഈ ഹദീസിനെ നിഷേധിച്ചതാര്
തികച്ചും ബുദ്ധിപരമായ കാരണങ്ങളാൽ മുഅതസിലികളും, റാഫിദികളുമാണ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന സ്വഹീഹ് ആയ ഹദീസിനെ നിഷേധിച്ചത്. തങ്ങളുടെ താൽപര്യത്തിന് വിരുദ്ധമായ ഹദീസുകൾ അവർ അക്കാരണത്താൽ തന്നെ നിരാകരിക്കും. അത് എത്രമാത്രം സ്വീകാര്യയോഗ്യവും, രിവായത് ചെയ്തത് ഇമാം ബുഖാരിയോ മുസ്ലിമോ തന്നെ ആയാലും ശെരി. സുന്നത്തിനു നേരെ പുറം തിരിഞ്ഞു നിൽക്കുന്ന അഹ് ലുൽ ബിദ്അതിന്റെ നിലപാട് എക്കാലത്തും അങ്ങിനെതന്നെയാണ്.
ഈ ഹദീസ് നിരാകരിക്കാൻ അവർ പറയുന്ന പ്രധാന ന്യായങ്ങളി ലൊന്നു അതിന്റെ സനദിൽ ഹിഷാം ഇബ്ൻ ഉർവ ഉണ്ട് എന്നതാണ്.

ആരാണ് ഹിഷാം ബിന് ഉർവ?

ആയിഷ റദിയള്ളാഹു അൻഹയുടെ സഹോദരി അസ്മാഉ റദിയള്ളാഹു അൻഹയുടെ പൌത്രനാണ് അദ്ദേഹം. അദ്ധേഹത്തിന്റെ പിതാമാഹനാണ് സ്വഹാബിയായ സുബൈർ ബിന് അൽ അവ്വാം റദിയള്ളാഹു അൻഹു. ബുഖാരിയിലും മുസ്ലിമിലുമടക്കം നിരവധിയനവധി ഹദീസ് ഗ്രന്ധങ്ങളിലായി പരന്നു കിടക്കുന്ന നൂറു കണക്കിന് ഹദീസുകൾ രിവായത് ചെയ്ത അദ്ധേഹത്തിന്റെ മതപരമായ അറിവിനെക്കുറിച്ചോ ഹദീസ് വിജ്ഞാനീയത്തിലുള്ള ആധികാരികതയെക്കുറിച്ചോ പ്രാമാണികരായ ഒരാള് പോലും എതിരഭിപ്രായം രേഖപ്പെടുത്തിയിട്ടില്ലായെന്നത് തന്നെ, അദ്ധേഹത്തിന്റെ സ്വീകാര്യതക്കുള്ള മതിയായ രേഖയാണ്.
ഇബ്ന് സഅദു തന്റെ ത്വബഖാത്തിൽ പറയുന്നു قال ابن سعد : كان ثقة ثبتا كثير الحديث حجة مات سنة خمس وأربعين ومائة - طبقا ت الحفاظ
"അദ്ദേഹം, -ഹിഷാം - വിശ്വസ്തനും, സ്ത്രീകരണമുള്ളവനും, ധാരാളക്കണക്കിന് ഹദീസുകൾ ഉദ്ധരിച്ചയാളും, പ്രാമാണികനുമാണ്. ഹിജ്റ 145-ലാണ് അദ്ദേഹം വഫാതായത്."
كان حافظا متقنا ورعا فاضلا -ثقات ابن حبان
"അദ്ദേഹം ഹാഫിദും, സൂക്ഷമദൃക്കും, ഭക്തനും, ശ്രേഷ്ടനുമായിരുന്നു."
എന്നാൽ, യഅഖൂബു ബിന് ശൈബയെപ്പോലുള്ള ചിലർ, അവസാന കാലത്ത് അദ്ദേഹം - ഹിഷാം - ഇറാഖിൽ വന്നതിനു ശേഷം, അദ്ധേഹത്തിൽ ചില മാറ്റങ്ങൾ കാണപ്പെട്ടുവെന്നു രേഖപ്പെടുത്തിയിട്ടുണ്ട്, അദ്ദേഹം പറയുന്നത് കാണുക.
قال يعقوب بن شيبة ثقة ثبت لم ينكر عليه شيء إلا بعدما صار إلى العراق
"അദ്ദേഹം, വിശ്വസ്തനും സ്ഥിരീകരണമുള്ള ആളുമാണ്. ഇറാഖിൽ പോകുന്നതിനു മുമ്പ് ഒരാളുമദ്ധേഹത്തെ വിമർശിച്ചിട്ടില്ല. "
യഅഖൂബു ബിന് ശൈബയുടെ ഈ ആക്ഷേപത്തെ ഖ ണ്‍ടിച്ചു കൊണ്ട് ഇമാം ദഹബി തന്റെ സിയറിൽ പറയുന്നു
الرجل حجة مطلقا ، ولا عبرة بما قاله الحافظ أبو الحسن بن القطان من أنه هو و سهيل بن أبي صالح اختلطا وتغيرا ، فإن الحافظ قد يتغير حفظه إذا كبر، وتنقص حدة ذهنه، فليس هو في شيخوخته كهو في شبيبته، وما ثم أحد بمعصوم من السهو والنسيان، وما هذا التغير بضار أصلا، وإنما الذي يضر الاختلاط ، وهشام فلم يختلط قط ، هذا أمر مقطوع به، وحديثه محتج به في الموطأ والصحاح، والسنن - سير أعلام النبلاء
"അദ്ദേഹം, നിരുപാധികമായ നിലയിൽ തന്നെ പ്രാമാണികനാണ്. അബുൽ ഹസൻ അൽ ഖത്താൻ, അദ്ധേഹത്തെ -ഹിശാമിനെ-ക്കുറിച്ചും, സുഹൈൽ ബിന് അബീ സ്വാലിഹിനെക്കുറിച്ചും അവർക്ക് രണ്ടു പേർക്കും പരസ്പരം - കാര്യങ്ങൾ - മാറിപ്പോവുകയും ആശയക്കുഴപ്പം സംഭവിച്ചുവെന്നു പറയുകയും ചെയ്തത് കാര്യമാക്കേണ്ടതില്ല. ഹാഫിദായ -പതിനായിരം ഹദീസ് മനപാഠമുള്ള ആൾ- ഒരാൾക്ക്‌ പ്രായമാകുമ്പോൾ തന്റെ ഓർമയ്ക്ക് സംഭവിക്കുമെന്നത്‌ തീർച്ചയാണ്. യുവത്വം തുടിച്ചു നിൽക്കുമ്പോഴുള്ള ഓർമശക്തി വാർധക്യത്തിലുണ്ടാവില്ല. ഓർമപ്പിശകിൽ നിന്നും മറവിയിൽ നിന്നുമൊക്കെ മുക്തരായ ആരുമില്ല. ഈയൊരു മാറ്റം അടിസ്ഥാനപരമായി ദോഷകരമല്ലതാനും. എന്നാൽ ദോഷകരമായത് പരസ്പരം -വിഷയങ്ങൾ- ഇടകലരലാണ്. പക്ഷെ, ഹിശാമിനെ സംബന്ധിച്ചേടത്തോളം ആ ഇടകലരൽ സംഭവിച്ചിട്ടുമില്ല. ഇക്കാര്യം ഖണ്‍ഡിതമത്രേ.. സ്വഹീഹുകളിലും, സുനനുകളിലും മുവത്വയിലുമൊക്കെയുള്ള അദ്ധേഹത്തിന്റെ ഹദീസുകൾ തെളിവ് പിടിക്കാൻ പര്യാപ്തമാണ്."
മുകളിലെ ഉദ്ധരണി മാത്രം മതി, ഹിഷാം ബിന് ഉർവക്ക് എതിരെയുള്ള ആക്ഷേപത്തിന്റെ മഞ്ഞുരുകാൻ. ഹിഷാം ബിന് ഉർവ കൊള്ളരുതാത്തവനാണെന്നു കേരളത്തിന്റെ ഓണം കേറാ മൂലകളിൽ, പാതിരാപ്രസംഗങ്ങളിൽ, പാടിപ്പറഞ്ഞു നടന്ന, ദീനും ദുനിയാവുമറിയാത്ത മടവൂരി മൊല്ലമാർക്കെന്തു പറയാനുണ്ട് ഹിഷാം ബിന് ഉർവ മൂന്നു തവണയായി ഇറാക്കിൽ വന്നിട്ടുണ്ട്. അതിൽ അവസാന വരവിലാണ് അദ്ധേഹത്തിൽ മാറ്റങ്ങൾ സംഭവിച്ചുവെന്നു പറയപ്പെടുന്നത്‌. അതായത് പ്രായാധിക്യമോ മറ്റോ കാരണം, അദ്ദേഹത്തിന് എന്തെങ്കിലും ബാധിച്ചുവെന്നു വന്നാൽ തന്നെ, അത് അദ്ധേഹത്തിന്റെ അവസാന കാലത്താണെന്ന് വ്യക്തം. ഇമാം ബുഖാരി തന്റെ സ്വഹീഹിൽ കൊണ്ട് വന്ന സിഹ് റുമായി ബന്ധപ്പെട്ട ഹദീസ് ഹിഷാം തന്റെ മൂന്നാം തവണ ഇറാക്കിൽ പോയതിനു ശേഷമാണ് എന്നതിന് യാതൊരു തിട്ടവുമില്ല. ഈ വിമർശനം പറയുന്ന യഅഖൂബു ബിന് ശൈബ പോലും, സിഹ്റിന്റെ ഹദീസ് ഇറാക്കിൽ വെച്ച് പറഞ്ഞതാണെന്നവകാശപ്പെടുന്നുമില്ല. അപ്പോൾ പ്രസ്തുത ഹദീസിന്റെ സനദിൽ ഹിഷാം ബിന് ഉർവ ഉണ്ട് എന്ന കാരണത്താൽ അത് അസ്വീകാര്യമാണ് എന്ന വാദത്തിനു യാതൊരു അടിസ്ഥാനവുമില്ലായെന്നർത്ഥം. ചുരുക്കത്തിൽ, അഹ് ലുസ്സുന്നതിന്റെ ഉലമാക്കൾ സ്വഹീഹുൽ ബുഖാരിയിലെ സിഹ് റുമായി ബന്ധപ്പെട്ട ഹദീസുകൾ സ്വീകരിക്കുക മാത്രമല്ല, സനദിലെ ഹിഷാം ബിന് ഉർവയുടെ സാന്നിധ്യം അവർക്കിടയിൽ ഒരു ചർച്ചാവിഷയം പോലുമായില്ല.
ഹിഷാം ബിന് ഉർവ സിഹ് റിന്റെ ഹദീസ് തന്റെ പിതാവായ ഉർവയിൽ നിന്ന് കേട്ടു എന്ന് തന്നെ പറയുന്നുണ്ട്. അതോടു കൂടിതന്നെ തദ് ലീസിന്റെ പ്രശ്നം തീർന്നു. മാത്രമല്ല, ഇനി തദ് ലീസുണ്ടെന്നു വാദിച്ചാൽ പോലും, ഇമാം ബുഖാരിയുടെയും ഇമാം മുസ്ലിമിന്റെയും നിബന്ധനയൊത്ത ഹദീസായതിനാൽ ആ വാദവും തള്ളപ്പെടും.

ഇനി വാദത്തിനു വേണ്ടി, ഇറാഖിൽ പോയതിനു ശേഷമാണ് ഈ ഹദീസ് പറഞ്ഞതെന്നും, സനദിൽ ഹിഷാം ബിന് ഉർവയുള്ളതിനാൽ ഹദീസ് അസ്വീകാര്യമാണെന്നും സമ്മതിച്ചാൽ തന്നെയും ഇതേ ഹദീസ് ഹിഷാം ബിന് ഉർവ ഇല്ലാത്ത മറ്റു സനദിലൂടെ സ്വഹീഹായി വന്നിട്ടുണ്ട്. അപ്പോൾ ഈ ഹദീസിനെ നിഷേധിച്ചു തള്ളുന്ന ആളുകൾ എന്ത് ചെയ്യും ?

നബി സ്വല്ല ള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസ്, ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന് അല്ലാതെ, അതായത്, സനദിൽ ഹിഷാം ബിന് ഉർവ ഇല്ലാത്ത, മറ്റൊരു സനദിലൂടെ സൈദ്‌ ബിന് അർഖം റദിയള്ളാഹു അൻഹു രിവായത് ചെയ്യുന്നു. ആ ഹദീസിനെയോ അതിന്റെ സനദിനെയോ ആരും ആക്ഷേപിച്ചിട്ടില്ല. ഇബ്ൻ അബീ ശൈബ തന്റെ മുസ്വന്നഫിലും -40/5, ഇമാം അഹ് മദു തന്റെ മുസ്നദിലും-367/4, നസാഇ സുനനിലും - തഹ്രീമുദ്ദം-4080, ഈ ഹദീസ് ഇമാം അഅമശിൽ നിന്ന് ഉദ്ധരിക്കുകയും ശൈഖു നാസ്വിറുദ്ധീൻ അൽബാനി റഹ് മത്തുള്ളാഹി അലൈഹി അത് സ്വഹീഹ് ആണെന്ന് പറയുകയും ചെയ്തിട്ടുണ്ട്.
വാസ്തവത്തിൽ, സ്വഹീഹ് ബുഖാരിയിലും മുസ്ലിമിലും വന്ന ഹദീസ് തന്നെ ഈ വിഷയത്തിൽ തെളിവ് പിടിക്കാൻ എന്ത് കൊണ്ടും യോഗ്യമാണ്. അതിനെതിരിൽ ഹദീസിന്റെയും സുന്നത്തിന്റെയും ശത്രുക്കൾ ഉന്നയിച്ച ആരോപണങ്ങൾ ഒരു നിലക്കും നില നിലക്കാത്തതുമാണ്. എങ്കിൽ പോലും വാദത്തിനു വേണ്ടി ആ ആരോപണങ്ങൾ അംഗീകാരിച്ചാൽ തന്നെ, പ്രസ്തുത ഹദീസ് തികച്ചും വിത്യസ്തമായ മറ്റൊരു സനദിലൂടെ സ്വഹീഹായ നിലയിൽ രിവായത് ചെയ്യപ്പെട്ടു എന്നതിനാൽ ഒരു നിലക്കും ഇതിനെ നിഷേധിക്കാനോ ന്യൂനത ആരോപിക്കാനോ ഒരാൾക്കും കഴിയില്ല.

യഹ് യ ബിന് സഈദ് അൽ , സുഫിയാൻ ബിന് ഉയൈയ്ന, ഈസ ബിന് യുനുസ്, ഇബ്ൻ ജുറെയജു, അബൂ ദംറ, ലൈസ് ബിന് സഅദു, തുടങ്ങി, മക്കക്കാരും, മദീനക്കാരും, കൂഫക്കാരും ബസ്വറക്കാരും ഈജിപ്തുകാരുമായ പരശ്ശതം മുഹദ്ദിസുകൾ ഹിഷാം ബിന് ഉർവയിൽ നിന്ന് ഹദീസുകൾ രിവായത് ചെയ്തിട്ടുണ്ട്. യഹ് യ ബിന് സഈദിനെപ്പോലുള്ള 'ജർഹിന്റെയും തഅദീലിന്റെയും' സമശീർശരില്ലാത്ത മുഹദ്ദിസുകൾക്കാർക്കുമില്ലാത്ത ആക്ഷേപം, ഇവരോട് ഇല്മു കൊണ്ടോ ഇത്ഖാന് കൊണ്ടോ കിടപിടിക്കാൻ കഴിയാത്ത ആളുകൾക്കെങ്ങിനെയുണ്ടാകും ഒലക്കയും പാന്തവും ഏച്ചു കൂട്ടാൻ പറ്റുമോ ?
ഷെയ്ഖ്‌ മുഖ്‌ബിൽ റഹിമഹുള്ളാ പറയുന്നു ഒരു ഹദീസ് രിവായത് ചെയ്തവരിൽ യഹ് യ ബിന് സഈദ് ഉണ്ടെങ്കിൽ, പിന്നെ മറ്റൊന്നും നോക്കേണ്ടതില്ല. അത് അങ്ങേയറ്റം പരിശോധനക്ക് വിധേയമായിരിക്കും. ഈ ഹദീസിനെ മുഹദ്ദിസുകളിൽ ഒരാൾ പോലും വിമർശിച്ചിട്ടില്ല. അവരാണ് ഇവ്വഷയത്തിൽ പ്രാമാണികർ. അല്ലാതെ സുന്നത്തിന്റെ ശത്രുക്കളായ ഹവയുടെ ആൾക്കാരല്ല.
സ്വഹീഹുൽ ബുഖാരിയിൽ സിഹ്റിന്റെ ഹദീസിന്റെ റാവിമാരിൽ ഒരാൾ യഹ് യ ബിന് സഈദ് ആണെന്ന കാര്യം ഇവിടെ പ്രത്യേകം ഓർക്കുക.
ചുരുക്കത്തിൽ, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസിനെ നിഷേധിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നവർ, സുന്നത്തിന്റെ ശത്രുക്കളാണ്. ഹവയുടെ ആളുകളാണ്. അവർ ഖുർആനും സുന്നത്തുമാണ് ഞങ്ങളുടെ പ്രമാണം എന്ന ബാനർ പിടിച്ചു നിൽക്കുന്നവരായാലും.!

മുഹമ്മദ്‌ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസിനെ ആദ്യ കാലത്ത്, معتزلة ، رافضة തുടങ്ങിയ കക്ഷികളായിരുന്നു നിഷേധിച്ചിരുന്നത്. പ്രമാണങ്ങളെ ബുദ്ധിപരമായി സമീപിക്കുകയും, സലഫുകൾ അവയെ എങ്ങിനെ മനസ്സിലാക്കുകയും സ്വീകരിക്കുകയും അമൽ ചെയ്യുകയും ചെയ്തുവെന്ന് പരിശോധിക്കാതെ സ്വന്തം ബുദ്ധിയുടെയും ഇഛയുടെയും താല്പര്യത്തിനു വഴങ്ങിയെന്നതാണ് അവർക്ക് സംഭവിച്ച അപചയം.
അതായത്, പ്രമാണങ്ങളെ, അവ ഖുർആൻ ആകട്ടെ ഹദീസ് ആകട്ടെ, മനസ്സിലാക്കുന്നതിനും ഉൾക്കൊള്ളുന്നതിനും അമൽ ചെയ്യുന്നതിനും സലഫുകളുടെ അഥവാ സ്വഹാബത്തിന്റെ ധാരണയെ അവലംബിക്കൽ അനിവാര്യമാണ്. ഇതാണ് പ്രമാണങ്ങൾ സ്വീകരിക്കുന്നതിൽ അഹ് ലുസ്സുന്നത്തിന്റെ മൻഹജ് അഥവാ രീതിശാസ്ത്രം. ഈ മൻഹജിലാണ് ഭൂരിഭാഗം ആളുകൾക്കും പിഴവ് സംഭവിച്ചത്. സിഹ്റിന്റെ ഹദീസ് മാത്രമല്ല, മുഹമ്മദ്‌ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് സ്വഹീഹ് ആയ സനദിലൂടെ വന്ന ഹദീസുകളെ എല്ലാം സ്വഹാബത്തും അവരെ പിന്തുടർന്ന അഹ് ലുസ്സുന്നത്തിന്റെ പ്രാമാണിക ഉലമാക്കളും എങ്ങിനെ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തുവെന്നു അന്വേഷിച്ചിരുന്നുവെങ്കിൽ ആരും ഈ മൻഹജിയായ അബദ്ധത്തിൽ ചെന്ന് ചാടില്ലായിരുന്നു. പക്ഷെ, അതിനു പകരം അവർ അവരുടെ ബുദ്ധിയെയും യുക്തിയെയും സാഹചര്യത്തിന്റെ സമ്മർദ്ദങ്ങളെയും സ്വീകരിച്ചു. അക്കൂട്ടരിൽ മുൻപന്തിയിൽ നിന്ന ഒരാളാണ് അബുബക്കർ അൽ ജസ്വാസ്. 

ആരാണ് അബൂബക്കർ അൽജസ്വാസ് ?
ജസ്വാസ് ആരെന്നു വിശദീകരിക്കുന്നതിനു മുമ്പ്, അടിസ്ഥാനപരമായ ഒരു അസ്വ് ൽ ഇവിടെ പ്രദിപാതിക്കൽ അനിവാര്യമാണ്. ഏതൊരു ശറഇയ്യായ മസ്അലയിലും തെളിവ് പിടിക്കാൻ വേണ്ടി ആശ്രയിക്കുന്ന സ്രോദസ്സുകൾ ശുദ്ധമായിരിക്കണം. അതായത് ബിദ്അത്തിന്റെയും ഹവയുടെയും ആളുകളിൽ നിന്നോ പിഴച്ച കക്ഷികളിൽ നിന്നോ,അവരുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും എത്രമാത്രം കുറ്റമറ്റതും അഹ് ലുസ്സുന്നത്തിന്റെ അംഗീകൃത ഉസൂലുകളോട് പൊരുത്തപ്പെടുന്നതുമായിരുന്നാലും ശെരി, അവ ഉദ്ധരിക്കുകയോ അവരുടെ കിതാബുകൾ പരാമർശിക്കുകയോ ചെയ്യാൻ പാടില്ല.
കേരളത്തിലെ നവോത്ഥാന ഭൂപടത്തിലെവിടെയും ഇനിയും അടയാളപ്പെടുത്തിയിട്ടില്ലാത്ത ഇക്കാര്യം മുജാഹിദുകൾ, വിശിഷ്യ മടവൂർ വിഭാഗം എഴുതിപ്പഠിക്കണം. തങ്ങളുടെ വാദങ്ങൾ - തെറ്റാവട്ടെ, ശെരിയാവട്ടെ, അതിനു ഉപോൽബലകമായ തെളിവുകൾ കിട്ടുന്നവരിൽ നിന്നെല്ലാം ഉദ്ധരിക്കുക എന്ന രീതി തെറ്റാണ്. സലഫുകളുടെ മൻഹജിനു എതിരാണ്. ഇമാം ഇബ്ന് സീരീൻ റഹിമഹുള്ളാ പറഞ്ഞു. 

إن هذا العلم دين فانظروا ممن تأخذون دينكم നിശ്ചയമായും, ഈ അറിവ് ദീനാകുന്നു. അതിനാൽ, ആരിൽ നിന്നാണ് നിങ്ങൾ നിങ്ങളുടെ ദീൻ സ്വീകരിക്കുന്നത് എന്ന് നിങ്ങൾ നോക്കിക്കൊള്ളുക. ഇമാം മുസ്‌ലിം തന്റെ സ്വഹീഹിന്റെ ആമുഖത്തിൽ എടുത്തു ചേർത്ത ഈ അഥറിന് വലിയ അർത്ഥമുണ്ട്.
അതിനാൽ, മുഅതസിലീ അഖീദയിൽ ജീവിച്ച ജസ്വാസിനെ തെളിവിനായി ഉദ്ധരിക്കാൻ പാടില്ല. അള്ളാഹുവിന്റെ നാമ വിശേഷണങ്ങളെ വ്യാഖ്യാനിക്കുന്ന ആളായ അദ്ദേഹം, പ്രാമാണികനല്ല. കടുത്ത ഹനഫീ പക്ഷപാദിത്വം നിമിത്തം, സ്വന്തം മദ്ഹബിനെ ന്യായീകരിക്കുന്നതിനിടയിൽ പല ഹദീസുകളെയും അദ്ദേഹം വിസ്മരിച്ചു കളഞ്ഞിട്ടുണ്ട്. പ്രാമാണിക വിരുദ്ധമായ, തികച്ചും യുക്തിപരമായ ഒരു നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സിഹ്റിന്റെ ഹദീസിനെ അദ്ദേഹം നിരാകരിക്കുന്നത്. മുഹമ്മദ്‌ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ച സംഭവം നിരീശ്വരന്മാരുടെ കണ്ടുപിടുത്തമായാണ് അദ്ദേഹം മനസ്സിലാക്കുന്നത്.
ശറഇയ്യായ വിഷയങ്ങൾ സംസാരിക്കുമ്പോൾ, അടിസ്ഥാനപരമായി നാം മനസ്സിലാക്കിയിരിക്കേണ്ട ചില വസ്തുതകളുണ്ട്. ഒരു മസ്അല ചർച്ച ചെയ്യുമ്പോൾ അതിൽ പറയപ്പെട്ട അഭിപ്രായങ്ങളെല്ലാം പ്രമാണമായി പരിഗണിക്കപ്പെടുകയില്ല. കാരണം, പലതും പ്രമാണങ്ങളോട് പൊരുത്തപ്പെടുന്നവയായിരിക്കില്ലായെന്നത് തന്നെ. സിഹ് റുമായി ബന്ധപ്പെട്ട വിഷയത്തിൽ പലതു കൊണ്ടും ജസ്വാസിന്റെ അഭിപ്രായത്തിനു സ്വീകാര്യത കുറയും. സ്വഹാബത്തിന്റെ കാലം തൊട്ടുള്ള ഓരോരോ മസ്അലയിലും വന്നിട്ടുള്ള മുഴുവൻ അഭിപ്രായങ്ങളും പ്രമാണവൽക്കരിക്കുകയാണെങ്കിൽ ദീനിൽ ആശയക്കുഴപ്പത്തിനും അഭിപ്രായഭിന്നതക്കും അത് തന്നെ ധാരാളം. മറിച്ച്, ഖുർആനിനും സ്വഹീഹ് ആയ ഹദീസിനും എതിരാവാത്തതും, സലഫുകളുടെ ധാരണയെ മറികടക്കാത്തതുമായ നിലപാടുകൾക്കാണ് മുൻഗണന നൽകേണ്ടത്. അപ്പോൾ നേരത്തെ പറഞ്ഞ അഭിപ്രായ ഭിന്നത തുലോം കുറയുകയും ചെയ്യും.

ആയിഷ റദിയള്ളാഹു അൻഹയിൽ രിവായത് ചെയ്യപ്പെട്ട ഈ ഹദീസിന്റെ സ്വീകാര്യതയിൽ സ്വഹാബികളിലാരെങ്കിലും സംശയം രേഖപ്പെടുത്തിയതായി നാളിതു വരെ തെളിയിക്കപ്പെട്ടിട്ടില്ല. നബിയെക്കുറിച്ചും സുന്നത്തിനെക്കുറിച്ചും ഹദീസിനെക്കുറിച്ചും മറ്റാരേക്കാളും അറിവുള്ളവർ അവരാണല്ലോ. അക്കാലത്ത് നടന്ന സംഭവങ്ങൾ സ്ഥിരീകരിക്കാനുള്ള യോഗ്യതയും അവർക്ക് തന്നെ. ദീനിന്റെ കാര്യത്തിൽ മറ്റൊരു തലമുറക്കും അവകാശപ്പെടാനില്ലാത്ത അറിവും ആധികാരികതയും സ്വഹാബത്തിനുണ്ടെന്ന കാര്യത്തിൽ അഭിപ്രായാന്തരമില്ല. മുഅതസില, റാഫിദ, ജസ്വാസ് , മുതൽ കേരളത്തിലെ ഇസ്ലാമിക സംഘടനകൾ വരെ, ഈ ഹദീസിനെ നിഷേധിച്ചു തള്ളുന്നതിന്റെ അധാരമെന്തു എന്ന ചോദ്യത്തിന് അവർ ഉത്തരം നൽകണം.

മക്കാ മുഷ് രിക്കുകൾ ആരോപിച്ചതെന്ത്

മക്കാ മുഷ് രിക്കുകൾ, ((നിങ്ങൾ സിഹ് ർ ബാധിതനായ ഒരാളെയാണ് പിൻപറ്റുന്നത്)) എന്ന്‌ പറഞ്ഞ്‌ കൊണ്ട് സത്യവിശ്വാസികളെ പരിഹസിക്കാറുണ്ടായിരുന്നു. ഇക്കാര്യം അള്ളാഹു ഖുർആനിലൂടെ എടുത്തു പറയുന്നു.

നബിക്ക് സിഹ്ർ ബാധിച്ചുവെന്ന് പറയുന്ന ഹദീസ്‌ നാം സ്വീകരിക്കുകയാണെങ്കിൽ, മുശ്‌ രിക്കുകളുടെ വാദം നാം അംഗീകരിക്കുന്നതിന് തുല്യമാവും എന്നാണു പ്രസ്തുത ഹദീസിനെ നിഷേധിക്കുന്ന മടവൂർ വിഭാഗം മുജാഹിദുകൾ അടക്കമുള്ളവരുടെ വാദം.
വാസ്തവത്തിൽ, ഈ ഹദീസ് ഇമാം ഇബ്ന് കസീർ, ഇമാം ഷൌകാനി തുടങ്ങിയവർ അവരുടെ വിഖ്യാത തഫ്സീറുകളിൽ ഉദ്ധരിച്ചിട്ടുണ്ട്. അവരോ മറ്റു മുഫസ്സിറുകളോ പ്രാമാണികരായ ഉലമാക്കളോ, മുഹദ്ദിസുകളോ ഉന്നയിക്കാത്ത ഒരാരോപണമാണിത്. മുകളിൽ പറഞ്ഞ ആയത്തിന്റെ തഫ്സീറിൽ പ്രസ്തുത ആയത്ത് കൊണ്ട് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസ് ദുർബലമാണെന്ന് അവരാരും മനസ്സിലാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇതിൽ നിന്ന് തന്നെ ഈ വാദത്തിനു പ്രാമാണികതയുടെ പിൻബലമില്ലായെന്നു മനസ്സിലാക്കാം.
കേവല ബുദ്ധി മാത്രമാണ് ഈ വാദമുന്നയിക്കാനുള്ള ഇവരുടെ അവലംബം. കള്ളൻ, കവി, മാരണക്കാരൻ, ബുദ്ധി ഭ്രമം സംഭവിച്ചവൻ തുടങ്ങി, നബിയിൽ മക്കാ മുഷ് രിക്കുകൾ ആരോപിച്ച പല ആരോപണങ്ങളിൽ ഒന്ന് മാത്രമാണിത്. അത് കൊണ്ട് അവർ അർത്ഥമാക്കിയത്, ഹദീസിൽ വന്ന രൂപത്തിലുള്ള സിഹ് ർ ബാധ എന്ന അർത്ഥത്തിലല്ല , മറിച്ച് ആഭിചാരബാധയിൽ ബുദ്ധി ഭ്രമം സംഭവിച്ചവൻ എന്ന അർഥത്തിലാണ്. അതാകട്ടെ, നബിയുടെ പേരിൽ അവർ നടത്തിയ തികച്ചും അടിസ്ഥാനരഹിതമായ ഒരാരോപണമാണുതാനും.
ചുരുക്കത്തിൽ, മക്ക മുഷ് രിക്കുകളുടെ ആരോപണം സിഹ്റിന്റെ ഹദീസ് അംഗീകരിക്കുന്നതിലൂടെ സ്ഥാപിക്കപ്പെടുന്നു എന്ന തോന്നൽ പ്രമാണങ്ങളേക്കാൾ ബുദ്ധിക്കു പ്രാമുഖ്യം നൽകുകയും സ്വഹാബത്തിന്റെ ധാരണയെ പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന ആർക്കും സംഭവിക്കാവുന്ന സ്വാഭാവിക തോന്നൽ മാത്രം. അതിനുള്ള ഏക പരിഹാരം, സലഫുകളുടെ മൻഹജ് മുൻവിധിയില്ലാതെ നിരുപാധികം സ്വീകരിക്കൽ മാത്രമാണ്.
ഈ വിഷയത്തിൽ ഹദീസിനെ നിഷേധിക്കുന്നവർ ഉന്നയിക്കുന്ന മറ്റൊരാരോപണമാണ് നബിക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസ് ഖബർ ആഹാദാണ് എന്നത്. അവരുടെ വാദമനുസരിച്ച് ഖബർ ആഹാദായ ഹദീസുകൾ വിശ്വാസ കാര്യങ്ങളിൽ സ്വീകാര്യമല്ല. ഇവിടെ രണ്ടു അബദ്ധങ്ങളുണ്ട്‌. ഒന്ന് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസ് ഖബർ ആഹാദാണെന്ന വാദം ശുദ്ധ അസംബന്ധമാണ്. രണ്ടാമത്തേത്, ഖബർ ആഹാദായ ഹദീസ് വിശ്വാസ കാര്യങ്ങളിൽ അസ്വീകാര്യമാണ് എന്നത്. യഥാർത്ഥത്തിൽ, ഖബറുൽ വാഹിദ് ആയ ഹദീസ്, സ്വഹീഹ് ആണെങ്കിൽ അഖീദക്കും അഹ്കാമിനും ഒരു പോലെ ഹുജ്ജത്താണ് എന്നത് അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കൾക്കിടയിൽ പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്.
ഹദീസുകൾ മുതവാതിർ, ആഹാദ് എന്നിങ്ങനെ രണ്ടു തരത്തിലുണ്ട്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് ഹദീസ് രിവായത് ചെയ്യുന്ന സ്വഹാബിമാർ തൊട്ടു ഹദീസ് രേഖപ്പെടുത്തുന്ന അവസാനത്തെ ആൾ വരെയുള്ള നിവേദക പരമ്പരയിൽ ധാരാളം റിപ്പോർട്ടർമാരുള്ള ഹദീസുകൾക്കാണ് സാങ്കേതികമായി മുതവാതിർ എന്ന് പറയുന്നത്. അതിനു ഇത്ര എണ്ണം എന്ന് കൃത്യമായി നിജപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിലും പരമ്പരയിൽ ഒരുപാട് റിപ്പോർട്ടർമാർ ഉണ്ടെന്നതാണ് മുതവാതിറിനെ സവിശേഷമാക്കുന്നത്. എന്നാൽ മുതവാതിറിന്റെ അത്ര തന്നെ എണ്ണം ഇല്ലാത്ത റിപ്പോർട്ടർമാരുടെ പരമ്പരയിലൂടെ വന്ന ഹദീസുകൾക്കാണ് ആഹാദെന്നു പറയുന്നത്. ആഹാദ് തന്നെ റിപ്പോർട്ടർമാരുടെ എണ്ണത്തിന്റെ കണക്കനുസരിച്ച് മഷ്ഹൂർ, അസീസ്‌, ഗരീബ് എന്നിങ്ങനെ വീണ്ടും തരം തിരിക്കപ്പെടുന്നുണ്ട്. ചുരുക്കത്തിൽ, ഇതിലേതായാലും ഒരു ഹദീസ് സ്വഹീഹ് ആണെന്ന് കുറ്റമറ്റ നിലയിൽ തെളിഞ്ഞാൽ അത് സ്വീകരിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. മുതവാതിറായ ഹദീസുകൾ, അവ സ്വഹീഹാണെങ്കിൽ അഖീദയിലും അഹ്കാമിലും ഒരു പോലെ സ്വീകാര്യമാണെന്ന് ഇമാം ഇബ്നുൽ ഖയ്യിം തന്റെ الصواعق المرسلة യിൽ പത്തോളം ഇനം തെളിവുകൾ നിരത്തി സ്ഥാപിക്കുന്നുണ്ട്. അദ്ദേഹം പറയുന്നത് നോക്കൂ
وهو انعقاد الاجماع المعلوم المتيقن على قبول هذه الأحاديث وإثبات صفات الرب تعالى بها، فهذا لا يشك فيه من له أقل خبرة بالمنقول، فإن الصحابة رضي الله عنهم هم الذين رووا هذه الأحاديث وتلقاها بعضهم عن بعض بالقبول ولم ينكرها احد منهم على من رواها، ثم تلقاها عنهم جميع التابعين من أولهم إلى آخرهم - مختصر صواعق المرسلة
ഇത്തരം - ആഹാദായ - ഹദീസുകൾ സ്വീകാര്യമാണെന്നതും, അവ കൊണ്ട് അള്ളാഹുവിന്റെ സ്വിഫാതുകൾ സ്ഥിരീകരിക്കാമെന്നതും ദൃഡമായ നിലയിൽ ഇജ്മാഉ സംഭവിച്ച അറിയപ്പെട്ട കാര്യമാണ്. പ്രമാണങ്ങളെ സംബന്ധിച്ച് ലഘുവിവരമുള്ള ആർക്കും ഇതിൽ സംശയമേയില്ല. കാരണം ഈ ഹദീസുകൾ രിവായത് ചെയ്തത് സ്വഹാബത്താണ്. അവർ പരസ്പരം തന്നെ, ഇവ റിപ്പോർട്ട് ചെയ്തവരിൽ നിന്ന് ഇത് നിരാക്ഷേപം സ്വീകരിച്ചതുമാണ്. പിന്നീട് അവരിൽ നിന്ന് ഒന്നൊഴിയാതെ മുഴുവൻ താബിഈങ്ങളും ഇത് സ്വീകരിച്ചു.
അള്ളാഹുവിന്റെ സ്വിഫാത്തുകൾ വിശ്വാസകാര്യങ്ങളിൽ പെട്ടതാണെന്ന കാര്യത്തിൽ സംശയമില്ലല്ലോ. ഇബ്നുൽ ഖയ്യിം റഹ് മതുള്ളാഹി അലൈഹിയുടെ മുകളിലെ ഉദ്ധരണിയിൽ, ഖബറുൽ ആഹാദായ ഹദീസുകൾ സ്വീകാര്യമാല്ലായെന്ന മുഅതസിലയുടെ വികല വാദത്തെ അദ്ദേഹം ശക്തമായി ഖണ്ഡിക്കുകയാണ്.
ഈ വിഷയത്തിൽ ശക്തമായ ഖണ്ഡനം രേഖപ്പെടുത്തിയ മറ്റൊരാൾ ഇമാം ശാഫിഈ റഹ് മതുള്ളാഹി അലൈഹിയാണ്. അദ്ദേഹം തന്റെ രിസാലയിൽ പറയുന്നു
ولم أحفظ عن فقهاء المسلمين أنهم اختلفوا في تثبيت خبر الواحد മുസ്ലിം ഫുഖഹാക്കൾ, ഖബറുൽ വാഹിദ് സ്ഥിരപ്പെടുതുന്ന കാര്യത്തിൽ അഭിപ്രായവിത്യാസത്തിലായതായി എനിക്കറിയില്ല
യഥാർത്ഥത്തിൽ, അശ്അരികളും മുഅതസിലയും, പ്രമാണങ്ങളെക്കാൾ ബുദ്ധിക്കു പ്രാധാന്യം നൽകുന്ന ചില ആധുനികരുമാല്ലാതെ ഈ വാദം ഉന്നയിച്ചിട്ടില്ലായെന്നതാണ് വാസ്തവം. സ്വഹാബികളോ താബിഉകളോ വിശ്വാസ കാര്യത്തിൽ ഉള്ള ഹദീസുകൾ സ്വീകരിക്കാൻ അവ മുതവാതിർ ആയിരിക്കണമെന്ന നിബന്ധന വെച്ചതായി ചരിത്രത്തിലെവിടെയുമില്ല. അഖീദയുമായി ബന്ധപ്പെട്ട എത്രയെത്ര വിഷയങ്ങളാണ് ഖബർ ആഹാദായ സനദിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്? ഖബർ ആഹാദ് ആയതിനാൽ അവ അസ്വീകാര്യമാണെന്ന് ഒരു മുഹദ്ദിസും രേഖപ്പെടുത്തിയിട്ടില്ല. എന്നല്ല, സ്വഹാബികളോ താബിഉകളോ താബിഈ താബിഉകളോ അഖീദയും അഹ്കാമും സ്വീകരിക്കാനായി രണ്ടു തരത്തിലുള്ള വിത്യസ്തമായ സമീപനങ്ങൾ സ്വീകരിച്ചുവെന്നതിനു യാതൊരു തെളിവുമില്ല. അപ്പോൾ, ഈ വാദവും നേരത്തെ പറഞ്ഞത് പോലെ, അടിസ്ഥാന രഹിതമായ നിലയിൽ സ്വന്തം ബുദ്ധിയിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്നു നിസ്സംശയം പറയാം.
ഖബർ വാഹിദ് ആയ ഹദീസുകൾ വിശ്വാസ കാര്യങ്ങളിൽ അസ്വീകാര്യമാണെന്ന് പറയുമ്പോൾ, സ്വഹീഹ് ആയ നല്ലൊരു ശതമാനം ഹദീസുകളും തള്ളേണ്ടതായി വരും. കാരണം, മുതവാത്തിറായ ഹദീസുകൾ വളരെ വിരളവും ആഹാദ് ആയവ അസംഖ്യവുമാണ്. മുസ്ലിം ഉലമാക്കളിലെ-أهل الخواص - സവിശേഷരായ ആളുകൾ കൈകാര്യം ചെയ്യേണ്ട അടിസ്ഥാനപരമായ വിഷയങ്ങളിൽ യോഗ്യരല്ലാത്ത ആളുകൾ ഇടപെട്ടപ്പോഴാണ് ഖബർ ആഹാദ് അഖീദക്കു തെളിവാക്കാൻ പറ്റില്ലായെന്ന വാദം ഉടലെടുത്തത്. കേരളത്തിലെ "ഹദീസ് പണ്ഡിതൻ" എന്ന് പറഞ്ഞു ചില ആളുകൾ തോളിലേറ്റി നടക്കുന്ന ഒരാളാണ് മലയാളക്കരയിൽ ഈ ചിന്താഗതിക്കു വിത്തിട്ടത്‌.
ഖബർ വാഹിദ് ആയ ഹദീസുകൾ അഖീദക്കും അഹ്കാമിനും ഒരു പോലെ സ്വീകാര്യമാണെന്ന കാര്യത്തിൽ അഹ് ലുസ്സുന്നയിലെ ഉലമാക്കൾക്ക് അഭിപ്രായ ഭിന്നതയില്ല.
ശൈഖ് അൽബാനി പറയുന്നു.
أنه قول مبتدع محدث، لا أصل له في الشريعة الإسلامية الغراء، وهو غريب عن هدي الكتاب وتوجيهات السنة، لم يعرفه السلف الصالح رضوان الله تعالى عليهم، ولم ينقل عن أحد منهم بل ولا خطر لهم على بال، ومن المعلوم المقرر في الدين الحنيف أن كل أمر مبتدع من أمور الدين باطل مردود ..........وإنما قال هذا القول جماعة من علماء الكلام، وبعض من تأثر بهم من علماء الأصول المتأخرين، وتلقاه عنهم بعض الكتاب المعاصرين بالتسليم دون مناقشة ولا برهان...
" ഇത് നൂതന വാദമാണ്. പവിത്രമായ ഇസ്ലാം ദീനിൽ ഇതിനു യാതൊരടിസ്ഥാനവുമില്ല. ഖുർആനിനെയും സുന്നത്തിനെയും സംബന്ധിച്ച് ഇത് വിചിത്രമാണ്. സലഫുസ്സ്വാലിഹുകൾ ഇത് മനസ്സിലാക്കുകയോ അവരിലൊരാളിൽ നിന്ന് പോലും ഇത് രേഖപ്പെടുത്തപ്പെടുകയോ ചെയ്തിട്ടില്ലെന്ന് മാത്രമല്ല, അവരിത് മനസ്സിൽ പോലും കണ്ടിട്ടില്ല. ദീനുമായി ബന്ധപ്പെട്ട മുഴുവൻ നൂതനവാദങ്ങളും തള്ളപ്പെടെണ്ടതാണ്, ഇത് ഇസ്ലാം ദീനിൽ പരക്കെ അറിയപ്പെട്ട കാര്യമാണ്......
വചനശാസ്ത്രത്തിന്റെ ആളുകളും, അവരുടെ സ്വാധീനവലയത്തിൽ പെട്ട പിൽക്കാലക്കാരായ ചില ഉസ്വൂലീ പണ്ടിതന്മാരുമാണ് യഥാർത്ഥത്തിൽ ഈ വാദമുന്നയിച്ചിട്ടുള്ളതു. പ്രാമാണികത പരിശോധിക്കുകയോ, പഠനവിധേയമാക്കുകയോ ചെയ്യാതെ, ആധുനികരായ ചില എഴുത്തുകാരാണ് ഇപ്പോൾ ഇതേറ്റു പിടിച്ചിരിക്കുന്നത്.....
ഖബർ വാഹിദ് അഖീദയിൽ സ്വീകാര്യമല്ല എന്ന വാദം പോലും നൂതനമാണെന്നും, അത് ഇൽമുൽ കലാമിന്റെ ആളുകൾ മേനഞ്ഞുണ്ടാക്കിയതാണെന്നും മതത്തിൽ നൂതന നിർമിതികൾക്കുള്ള വിധി തന്നെയാണ് ഇതിനുമുള്ളത് എന്നും ശൈഖ് അൽബാനി തെളിവ് സഹിതം ഇവിടെ വിശതീകരിക്കുന്നു.
ശൈഖുൽ ഇസ്ലാം ഇബ്ൻ തീമിയ, ഇമാം ഇബ്നുൽ ഖയ്യിം, ഇമാം ഷാഫിഈ, ഇമാം ബുഖാരി, ഇമാം ഇബ്നു ഹസം, ഇമാം ഇബ്ൻ ഹജർ, ഇമാം ഇബ്ൻ റജബ്, ഇബ്നു അബ്ദിൽ ബറു, ഇമാം ഇബ്ൻ അബിൽ ഇസ്, ഇമാം ഷൌകാനി, ശൈഖ് അൽബാനി... തുടങ്ങി അഹ് ലുസ്സുന്നത്തിന്റെ അറിയപ്പെട്ട ഉലമാക്കൾ അതി നിശിതമായി വിമർശിക്കുകയും, ശക്തമായ ഖണ്ഡനം രേഖപ്പെടുത്തുകയും ചെയ്ത ഒരു മസ്അല ആദർശവൽക്കരിക്കുകയും ദീനും ശറഉമായി പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ഏറ്റവും ലളിതമായ അർത്ഥത്തിൽ അള്ളാഹുവിന്റെ ശറഇന്നെതിരിൽ യുദ്ധം പ്രഖ്യാപിക്കുന്നതിനു തുല്യമാണ്.
ഖബർ വാഹിദ് ആയ ഹദീസുകൾ വിശ്വാസ കാര്യങ്ങൾ അസ്വീകാര്യമെന്ന് പ്രചരിപ്പിക്കുന്നത് പ്രധാനമായും സലാം സുല്ലമിയും അയാളെ താങ്ങിക്കൊണ്ടു ഹുസൈൻ മടവൂർ നേതൃത്വം നൽകുന്ന മുജാഹിദ് വിഭാഗവുമാണ്.
അത് കൊണ്ട് തന്നെ, ഇസ്‌ലാം ദീനിന്റെയും നവോദ്ധാനത്തിന്റെയും പേരില് അവർ നടത്തുന്ന ഇത്തരം പ്രചാര വേലകൾക്ക് എന്താണ് പ്രാമാണിക അടിത്തറയെന്നു അവർ തന്നെ വ്യക്തമാക്കണം.
വികല വാദങ്ങൾ ആദർശവൽക്കരിക്കുന്നതിൽ ഇത്തരം സംഘടനകൾ പരസ്പരം മത്സരിക്കുന്നതായാണ് കണ്ടു വരുന്നത്.
ഏതായാലും, ഇതെല്ലാം സലഫുകളുടെ മൻഹജിനു തീർത്തും വിരുദ്ധവും പിൽക്കാലക്കാരായ പിഴച്ച വിഭാഗങ്ങളുമായി താദാത്മ്യപ്പെടുന്നതുമാണ് എന്ന് പറയാതെ വയ്യ.
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസിനെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു നിഷേധിക്കുകയോ ദുർബലപ്പെടുത്തുകയോ ചെയ്യുന്ന ആളുകൾ പ്രമാണങ്ങളുമായി ബന്ധപ്പെട്ടു സ്വീകരിക്കപ്പെടേണ്ട അംഗീകൃത സമീപന രീതിയിൽ തികഞ്ഞ അബദ്ധം സംഭവിച്ചവരാണ്. അതായത്, ഖുർആനും സുന്നത്തും സ്വീകരിക്കുന്ന രീതി, അവ വ്യാഖ്യാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതിലെ ന്യൂനത, സഹാബത്തും താബിഉകളുമടങ്ങുന്ന സലഫുകളുടെ ധാരണയെ പരിഗണിക്കാതിരിക്കുകയും, അവരുടെ അഭിപ്രായങ്ങൾക്ക് പ്രാമുഖ്യം നൽകാതിരിക്കുകയും ചെയ്യുക, അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കൾ മതപരമായ വിഷയങ്ങളിൽ, വിശിഷ്യ ആശയക്കുഴപ്പത്തിനു സാധ്യതയുള്ള വിഷയങ്ങളിൽ എന്ത് പറഞ്ഞുവെന്നു പരിശോധിക്കാതിരിക്കുക, തങ്ങളുടെ തെറ്റായ വാദങ്ങൾക്ക് എതിരായ നിലയിൽ അഭിപ്രായം രേഖപ്പെടുത്തിയ ഉലമാക്കളെ നിന്ദിക്കുകയും അപമതിക്കുകയും ചെയ്യൽ, തികച്ചും ഒറ്റപ്പെട്ടതും പ്രമാണങ്ങൾക്ക് നിരക്കാത്തതുമായ അഭിപ്രായങ്ങൾ പറഞ്ഞ ആളുകളെ, അവർ, അഹ് ലുൽ ബിദ്അയുടെ സഹായാത്രികർ ആണെങ്കിൽ പോലും, മഹാ പണ്ടിതന്മാരായി ചിത്രീകരിക്കുകയും, അവരുടെ അഭിപ്രായങ്ങൾ പ്രമാണമാണെന്നു വരുത്തിത്തീർക്കുകയും ചെയ്യുക, മെമ്പർഷിപ്പ് ഉള്ള സംഘടനയെയും അതിന്റെ അമരക്കാരെയും മഹത്വവൽക്കരിക്കുകയും പ്രാമാണികപ്രാധാന്യം നൽകുകയും ചെയ്യുക, തുടങ്ങിയ അക്ഷന്തവ്യവും അങ്ങേയറ്റം അപകടകരവുമായ മൻഹജിയായ വൈരുദ്ധ്യങ്ങളാണ് ഈ ആളുകളുടെ ആദർശ അജണ്ടയെന്നതാണ് വസ്തുത.
ഖുർആനും സുന്നത്തുമാണ് പ്രമാണം എന്ന് വെറുതെ പറയുന്നതല്ലാതെ, ഒരിക്കലും അതിന്റെ ശെരിയായ താൽപര്യങ്ങൾക്ക് വഴങ്ങുകയോ പ്രമാണങ്ങളെക്കുറിച്ച് ആധികാരികമായി പറയാൻ യോഗ്യരായ ഉലമാക്കളിലേക്ക് ഒരു മസ്അലയിൽ പോലും വിഷയങ്ങളെ മടക്കി ശീലിക്കുകയോ ചെയ്യാത്ത, ശറഇയ്യായ ഇൽമു കൊണ്ട് അനുഗ്രഹീതമാകാത്ത, കേവല ബുദ്ധിയെ മാത്രം അവലംബിക്കുന്ന ഒരു കൂട്ടം കവലപ്രാസംഗികരാണ് ഇവരുടെ മുതൽക്കൂട്ട്.
ദീനിനെക്കുറിച്ചു സംസാരിക്കുമ്പോൾ പാലിക്കേണ്ട സൂഷ്മതയെക്കുറിച്ചോ ശറഇയ്യായ മസ്അലകളിൽ വിധി പറയുമ്പോൾ സ്വീകരിക്കേണ്ട അദബിനെക്കുറിച്ചോ കേട്ട് കേൾവി പോലുമില്ലാത്ത ഈ റുവൈബിദകൾ ദഅവത്തിന്റെ പേരിൽ നടത്തിക്കൊണ്ടിരിക്കുന്ന വൈരുദ്ധ്യങ്ങൾക്ക് കയ്യും കണക്കുമില്ല.
നബി സ്വല്ലള്ളാഹു അലൈഹി വസല്ലമക്ക് സിഹ്ർ ബാധിച്ചുവെന്നതിനു തെളിവ് സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് ആണെന്ന് പറയുമ്പോൾ, ആ ഹദീസിന്റെ സനദിൽ അസ്വീകാര്യനായ ഹിഷാം ബിന് ഉർവ ഉണ്ടെന്നു ആക്ഷേപം ഉന്നയിക്കുന്നവർക്ക് സ്വഹീഹുൽ ബുഖാരിയെക്കുറിച്ചോ ഹിഷാം ബിന് ഉർവയെക്കുറിച്ചോ ഒരു ചുക്കുമറിയില്ല. ആ ഹദീസ് ഖബർ വാഹിദ് ആണെന്ന് പറഞ്ഞു മുഖം തിരിക്കുന്നവർക്കു നിദാന ശാസ്ത്ര ശാഖയെക്കുറിച്ചും അതിന്റെ യോഗ്യരായ ആളുകളെക്കുറിച്ചും തികഞ്ഞ മൌഡ്യത്തിലാണ്. നബിക്ക് സിഹ്ർ ബാധിച്ചുവെന്നു നമ്മൾ സമ്മദിച്ചാൽ മുഷ് രിക്കുകളുടെ വാദം അംഗീകരിക്കുന്നതിനു തുല്യമാണെന്ന് പറയുന്നവർ പ്രാമാണികരായ മുഫസ്സിറുകളുടെ ഇവ്വിഷയത്തിലുള്ള നിലപാടുകളെ, വിലവെക്കാത്തവരാണ്.
ഏറ്റവും ഒടുവിൽ പിടിച്ചു നിൽക്കാൻ വേണ്ടി ഉപയോഗിക്കുന്ന രസാവഹമായ ഒരായുധമുണ്ട് ഇവരുടെ പക്കൽ. മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കൾ സിഹ്റിന്റെ ഹദീസ് അംഗീകരിച്ചിരുന്നില്ല എന്നതാണത്. സംഘടനക്കും സംഘടനാ നേതാക്കൾക്കും പ്രാമാണികത കൽപ്പിക്കുന്നതിന്റെ ചെറിയ ഒരുദാഹരണമാണിത്. ഖുർആൻ കൊണ്ടോ ഹദീസ് കൊണ്ടോ സലഫുകളുടെ വാക്കുകൾ കൊണ്ടോ പ്രാമാണികരായ അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കളുടെ അഭിപ്രായം കൊണ്ടോ സ്ഥാപിക്കപ്പെടാൻ കഴിയാത്ത ഒരു കാര്യം, സംഘടനാ നേതാക്കളുടെ അഭിപ്രായം കൊണ്ട് സ്ഥാപിക്കാൻ ശ്രമിക്കുന്നത് മണ്ടത്തരത്തിന്റെ ഏതു ഗണത്തിലാണ് ഉൾപ്പെടുത്തേണ്ടത് എന്നറിയില്ല. ശൈഖുൽ ഇസ്‌ലാം ഇബ്ൻ തീമിയ, ഇബ്നുൽ ഖയ്യിം, ഇമാം ഇബ്ൻ ഹജർ, ഇമാം ഷാഫിഈ, ഷെയ്ഖ്‌ അൽബാനി (റഹിമഹുമുള്ളാ), ഷെയ്ഖ്‌ റബീഉ (ഹഫിദഹുള്ളാ) തുടങ്ങിയ ഉലമാക്കളോട് ഇൽമുമായി ബന്ധപ്പെടുത്തി എടുത്തുപറയാൻ മാത്രം സമശീർഷരായ മുജാഹിദ് നേതാക്കൾ/പണ്ഡിതന്മാർ എവിടെ ? ഏച്ചു കൂട്ടുന്നതിനുമില്ലേ ചില മാനദണ്ഡങ്ങളൊക്കെ ?

ഇവിടെ പ്രശ്നം ഹിഷാം ബിന് ഉർവയോ, ഖബർ വാഹിദോ, മുഷ് രിക്കുകൾ പറഞ്ഞത് അംഗീകരിക്കലോ ഒന്നുമല്ല, മറിച്ചു, പ്രമാണങ്ങളെ ബുദ്ധിപരമായി മാത്രം വ്യാഖ്യാനിച്ചു ശീലിച്ചവരുടെ സാന്നിധ്യമാണ്. معتزلة، خوارج، رافضة തുടങ്ങിയ പിഴച്ച കക്ഷികളുടെ വിഴുപ്പുകൾ പേറാൻ ഖുർആനും സുന്നത്തും അവകാശപ്പെടുന്ന മുജാഹിദുകളിൽ നിന്ന് തന്നെ ആളുകളുണ്ടായി എന്നത്, അഹ് ലുസ്സുന്നത്തിന്റെ അഖീദയും മൻഹജും ജനമനസ്സുകളിൽ നട്ടു നനക്കുന്നതിൽ മുജാഹിദ് പ്രസ്ഥാനം തികഞ്ഞ പരാജയമായിരുന്നു എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഇസ്വ് ലാഹീ പ്രസ്ഥാനമെന്ന് പേരിട്ടു വിളിക്കുന്ന സാക്ഷാൽ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് ഈ വിഷ ചിന്തകൾ കടന്നു വന്നതിനു ഒരു ചരിത്ര പശ്ചാത്തലമുണ്ട്. ഇസ്വ് ലാഹീ പ്രസ്ഥാനം അതിന്റെ പരിഷ്കരണ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിക്കുന്ന സമയത്ത്, അതിനു ആദർശ പരിരക്ഷയും ആശയ പിതൃത്വവും നൽകിയ മൂന്നു ആളുകളുണ്ട്. ജമാലുദ്ധീൻ അഫ്ഗാനി എന്ന റാഫിദയും, മുഹമ്മദ്‌ അബ്ദുവും റഷീദ് രിദയും. ഏതാണ്ട് കാൽ നുറ്റാണ്ട് വരെയോ അതിലധികമോ ഇസ്വ് ലാഹീ പ്രസ്ഥാനത്തിന്റെ നേതൃ നിരയിൽ പരിചയപ്പെടുത്തപ്പെട്ട ഈ ത്രിമൂർത്തികളുടെ സ്വാധീനം കേരള മുസ്ലിംകളുടെ, വിശിഷ്യാ നവോഥാനം അവകാശപ്പെടുന്നവരുടെ മനസ്സിൽ പ്രമാണങ്ങൾക്ക് വിരുദ്ധമായ "ബുദ്ധിയുടെ പ്രാമാണികത " വിത്തിട്ടു മുളപ്പിക്കുന്നതിൽ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്‌.

ഇസ്വ് ലാഹീ പ്രസ്ഥാനമെന്നാൽ ഇസ്‌ലാം ദീനിന്റെ അവസാന വാക്കാണെന്നു തെറ്റിദ്ധരിക്കുകയും ശറഇയ്യായ വിഷയങ്ങളിൽ പ്രാസ്ഥാനികാചാര്യന്മാരുടെ അഭിപ്രായങ്ങൾക്ക് കാതോർക്കുകയും ചെയ്യുന്ന സാധുക്കളായ ചെറിയ ഒരു ന്യൂനപക്ഷം ഇവിടെയുണ്ട്. ഇവരുടെ അജ്ഞതയും കഴിവുകേടുമാണ് ഈ " ബുദ്ധിജീവികൾ" സൗകര്യപൂർവ്വം ചൂഷണം ചെയ്യുന്നത്.
അവസാനമായ്, ഏറ്റവും അവസാനമായി ഇത് വായിക്കുന്ന, വിശിഷ്യ നബിക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസിനെ തള്ളിക്കളയുന്ന, ആളുകളോട്, പ്രത്യേകിച്ച് മുജാഹിദുകളോട്, അതായത് മടവൂർ വിഭാഗത്തോട്: ഖുർആൻ കഴിഞ്ഞാൽ മുസ്‌ലിം ലോകം ഏറ്റവും സ്വഹീഹായത് എന്ന് അംഗീകരിച്ച സ്വഹീഹുൽ ബുഖാരിയിൽ സ്വഹീഹായ സനദോടു കു‌ടി റിവായത്തു ചെയ്യപ്പെട്ട, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസിനെ നിരാകരിക്കാൻ ഇനി നിങ്ങൾക്കുള്ള ന്യായം എന്താണ് ? 

ഇസ്‌ലാമിനും സുന്നത്തിനോടുമാണ് നിങ്ങളുടെ സംഘടനയെക്കാൾ നിങ്ങൾക്ക് കൂറെങ്കിൽ നിങ്ങളത് തെളിയിക്കണം. ഈ വിഷയത്തിൽ നിങ്ങൾ ഉന്നയിച്ച വാദങ്ങൾ, പ്രാമാണികരായ ഒരു ആലിമിൽ നിന്നെങ്കിലും കാണിച്ചു തരാൻ കഴിയുമോ ? അഹ് ലുസ്സുന്നത്തിന്റെ പൂർവ്വീകരായ ഒരാളെയെങ്കിലും ചൂണ്ടിക്കാട്ടാൻ നിങ്ങൾക്ക് കഴിയുമോ? പിഴച്ച കക്ഷികളായ മുഅതസില, റാഫിദ, തുടങ്ങിയവരും അവരെ പിന്തുടർന്ന പാവം സലാം സുല്ലമിയെയും അല്ലാതെ ?

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.