Wednesday, December 28, 2016

ക്ഷമ


عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، أَنَّهُ سَمِعَ النَّبِي صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «مَا رُزِقَ عَبْدٌ خَيْرًا لَهُ وَلَا أَوْسَعَ مِنَ الصَّبْرِ»
( رواه الحاكم وصححه الألباني )


അബൂഹുറൈറ رَضِيَ اللَّهُ عَنْهُ നിവേദനം, നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറയുന്നത് അദ്ദേഹം കേട്ടു: 

ഒരു അടിമക്കും ക്ഷമയെക്കാൾ ഉത്തമവും വിശാലവുമായ മറ്റൊരു വിഭവവും നൽകപ്പെട്ടിട്ടില്ല


അബു തൈമിയ്യ ഹനീഫ്,

Thursday, December 22, 2016

സലഫിയ്യത്ത് അഥവാ സ്വഹാബത്തിന്റെ പാത - 3

വിശ്വാസപരവും കർമപരവുമായി ഒരേ ലക്ഷ്യവും മാർഗവും സ്വീകരിക്കുകയും പിന്തുടരുകയും ചെയ്യുന്നവർക്കിടയിൽ ഐക്യം രൂപപ്പെടുക സാധാരണമാണ്. അതിൽ അസാംഗത്യമോ അസ്വാഭാവികതയോ ഇല്ല. എന്നാൽ, മതപരമായി, വിശ്വാസപരമായും കർമപരമായും വ്യത്യസ്ഥ ധ്രുവത്തിൽ നിൽക്കുന്നവർ ഐക്യപ്പെടുന്നതിൽ തികഞ്ഞ അസ്വാഭാവികതയും അസന്തുലിതാവസ്ഥയുമുണ്ടുതാനും. 
ലാ ഇലാഹ ഇല്ലള്ളാ എന്ന വിശ്വാസപ്രമാണത്തിന്റെ അടിസ്ഥാന തത്വം അംഗീകരിച്ച മുഴുവൻ ആളുകളും, ആ തത്വത്തിന്റെ താൽപര്യം മുൻനിർത്തി ഒരു മെയ്യായി നിലനിൽക്കണം. അതാണ് ഇസ്‌ലാമിക വിശ്വാസ സാഹോദര്യത്തിന്റെ ആധാരം. എന്നാൽ, അടിസ്ഥാനപരമായി മുസ്ലിംകളായി സ്വയം കരുതുന്നതോടൊപ്പം ഇസ്‌ലാമിന്റെ വിശ്വാസ-കർമ്മ-പെരുമാറ്റ നിലപാടുകളിലും നയങ്ങളിലും വീഴ്ചകളും ന്യുനതകളും സംഭവിച്ചവരോടുള്ള നിലപാടുകളിൽ ഏറ്റപ്പറ്റുകളും അവരോടുള്ള ബന്ധങ്ങളുടെ ഊഷ്‌മളതയിൽ ഉദ്ധാനപതനങ്ങളുമുണ്ടാവും. ഇത് ഇസ്‌ലാമികമായി (( അൽ വലാഉ വൽ ബറാഉ )) എന്ന സാങ്കേതിക ശബ്ദത്തിന്റെ പരിധിയിൽ ചർച്ച ചെയ്യപ്പെടുന്ന കാര്യങ്ങളാണ്. പൂർണാർത്ഥത്തിൽ തൗഹീദും സുന്നത്തും അംഗീകരിക്കുകയും അവ ജീവിത വ്യവഹാരങ്ങളിലും മറ്റു നിലപാടുകളിലും പ്രയോഗവൽക്കരിക്കുകയും സത്യസന്ധമായ ജീവിതം നയിക്കുകയും ചെയ്യുന്ന ആളുകളോട് കാണിക്കുന്ന മാനസികമായ ബന്ധം, ഇവയിൽ വീഴ്‌ച വരുത്തുകയോ ജീവിത വിശുദ്ധിയിൽ കളങ്കം സംഭവിക്കുകയോ ചെയ്തവരോട് ഉണ്ടാകില്ല. ഇത് ഇസ്‌ലാമിക ഐക്യത്തിന്റെ ഊനം തട്ടാത്ത അടിസ്ഥാന പ്രമാണമാണ്. വിശ്വാസപരമായ ഈ ബന്ധത്തിന് ഭാഷാ-ദേശ വംശ വർഗ്ഗ വ്യത്യാസമോ രാജ്യാതിർത്തികളോ തടസ്സമായി നിൽക്കില്ല, നിൽക്കാൻ പാടില്ല. എന്നാൽ ഇതിനു വിരുദ്ധവും ഇസ്‌ലാമിന്റെ താൽപര്യവുമായി പൊരുത്തപ്പെടാത്ത നിലയിൽ ഗ്രൂപ്പുകളുടെയും പാർട്ടികളുടെയും സംഘടനയുടെയും പേരിൽ, കേവലമായ അംഗത്വത്തിന്റെ അടിസ്ഥാനത്തിൽ ഒന്നിക്കുകയും ഐക്യമുണ്ടാക്കുകയും ചെയ്യുന്ന രീതി, വിശ്വാസമോ ആദർശമോ പരിഗണിക്കാത്ത രാഷ്ട്രീയക്കാരുടെ രീതിയാണ്. അതിനു സുന്നത്തുമായോ സലഫിയ്യത്തുമായോ അടുത്തോ അകന്നതോ ആയ ബന്ധമില്ല. അതാണ് സലഫിയ്യത്ത് എന്നും ഞങ്ങൾ സലഫികളാണ് എന്നും അവർ ആവർത്തിച്ചവകാശപ്പെട്ടാലും ശെരി. സുറൂറിയും ഖുബൂരിയും സൂഫിയും അശ്അരിയും, ഇഖ് വാനിയും
ഖാരിജിയും എങ്ങനെയാണ് അഖിദയിലും മൻഹജിലും ഒന്നിക്കുക? ഒരിക്കലുമില്ല. എന്നാൽ, എന്നാൽ, ഇവർ ഒരു സംഘടനയിൽ ഒന്നിക്കും!. ഒരു മെമ്പർഷിപ്പിന്റെ ബലത്തിൽ ഇവരെല്ലാം ഐക്യത്തോടെ ദുനിയവിയായ പല സംരംഭങ്ങളിലും ഭാഗവാക്കാകും. മതപരമായ വ്യതിരിക്തത പുലർത്തേണ്ട അനിവാര്യഘട്ടങ്ങളിൽ തല മണ്ണിൽ പൂഴ്ത്തി ഒട്ടകപ്പക്ഷിയാകും. അതല്ലെങ്കിൽ ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ മാവിലായിക്കാരനായി വേഷം കെട്ടും. ദീനും സുന്നത്തുമറിയുന്ന ഒരാളും ഇതെല്ലാം സലഫിയ്യത്തിന്റെ അടയാളമാണ് എന്നൊരിക്കലും പറയില്ല. ആൾക്കൂട്ടത്തിന്റെ ആധിക്യം ഒരു സലഫിയെ അത്ഭുതപ്പെടുത്തുകയില്ല. ആദർശ ശത്രുക്കളുടെ പുകഴ്ത്തലുകൾ കേൾക്കുമ്പോൾ അപകടം അടുത്തെത്തിയെന്ന് തിരിച്ചറിയാത്തവൻ എങ്ങിനെ സലഫിയാകും?
വിശ്വാസപരവും കർമപരവുമായി നിലനിൽക്കേണ്ട ആദർശ വ്യതിരിക്തയും മൻഹജിലെ വ്യക്തതയും ഒരു സലഫിയെ മറ്റു പിഴച്ച ആദർശങ്ങളിൽ നിന്നും പ്രസ്ഥാനങ്ങളിൽ നിന്നും വേർതിരിച്ചു നിർത്തേണ്ടതുണ്ട്. അതിന്റെ ആധാരം പാർട്ടി മെമ്പർഷിപ്പല്ല; ആകാൻ പാടില്ല. അവിടെയാണ് മുജാഹിദ് പ്രസ്ഥാനം വെട്ടിൽ വീണു പോകുന്നതും ജമാഅത്തെ ഇസ്‌ലാമി ഒറ്റപ്പെട്ടു പോകുന്നതും. ഇന്നലെ വരെ കൊമ്പ് കോർക്കുകയും പരസ്പരം പോര് വിളിക്കുകയും ചെയ്ത മടവൂർ വിഭാഗത്തിന് ഇല്ലാത്ത എന്ത് ആദർശ ന്യുനതയാണ് അവർക്കുള്ളത് എന്നതു ഒരു തോന്നൽ മാത്രമല്ല എന്നതിന് തെളിവാണ് അഥിതികളായെങ്കിലുമുള്ള ഒരു ക്ഷണത്തിനായി അവർ കാതോർത്തിരുന്നത്. ആദർശ ബോധത്തിന്റെ ഉൾക്കരുത്ത് കൊണ്ടല്ല, മറിച്ചു സംഘടനാ അടിമത്വത്തിന്റെ തീവ്രത കൊണ്ട് മാത്രമാണ് അത് കിട്ടാതെ പോയത് എന്ന് എല്ലാവർക്കുമറിയാം. ചുരുക്കത്തിൽ, കഴിഞ്ഞ 14 വർഷം സലഫിയ്യത്തിൽ നിന്ന് അകലുകയല്ലാതെ ഒരിഞ്ചു പോലും അതിലേക്കു അടുത്തിട്ടില്ല എന്നതിന്റെ തെളിവുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. " ജിന്നു വാദികളുടെ അസൂയ" എന്ന മറുപടി കൊണ്ട് സായൂജ്യമടയാൻ കഴിയില്ല എന്ന കാര്യം അവർക്കും അറിയാമല്ലോ !

സലഫിയ്യത്ത് അഥവാ സ്വഹാബത്തിന്റെ പാത - 2

ഖുർആനും സുന്നത്തും സലഫുകൾ അഥവാ സ്വഹാബത്ത് മനസ്സിലാക്കിയ പോലെ മനസ്സിലാക്കുകയും അവർ അമൽ ചെയ്തത് പോലെ അമൽ ചെയ്യുകയും ചെയ്യുമ്പോഴാണ് ഒരാൾ മുൻഗാമികളുടെ പാതയിൽ എത്തിച്ചേരുന്നത്. ഖുർആനിനെ സ്വീകരിക്കുന്നത് പോലെ സുന്നത്തിനെ സ്വീകരിക്കുകയും അത് മനസ്സിലാക്കുന്നതിൽ സ്വഹാബത്തിന്റെ ധാരണ സ്വീകരിക്കുകയും ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചാൽ അവനു മാർഗഭ്രംശം സംഭവിച്ചു എന്ന് ഉറപ്പിക്കാം.
ഖുർആനിനെയും സുന്നത്തിനെയും പ്രമാണമായി സ്വീകരിക്കുകയും അവ വ്യാഖ്യാനിക്കുന്നതിലും പ്രയോഗവൽക്കരിക്കുന്നതിലും സ്വഹാബത്തിന്റെ ധാരണ സ്വീകരിക്കുകയും ചെയ്യുന്നവർക്കിടയിൽ രൂപപ്പെടുന്ന ഐക്യമാണ് ഇസ്‌ലാം വിഭാവന ചെയ്യുന്ന മതപരമായ ഐക്യം. അതിലേക്കു വിരൽ ചൂണ്ടുന്ന ഒന്നിലധികം വചനങ്ങൾ ഖുർആനിൽ പലയിടത്തായി കാണാം. സൂറത്തു ആലു ഇമ്രാനിലെ 103-മത്തെ വചനത്തിന്റെ താൽപര്യവും മറ്റൊന്നല്ല. അള്ളാഹു പറയുന്നു. " നിങ്ങളൊന്നടങ്കം അള്ളാഹുവിന്റെ പാശത്തെ മുറുകെപ്പിടിക്കുക. നിങ്ങൾ ഭിന്നിച്ചു പോകരുത്." (ആലു ഇമ്രാൻ)
ഈ വചനത്തിൽ ഭിന്നിക്കാതെ ഒരുമിച്ചു നിന്ന് അവലംബിക്കണമെന്നു അള്ളാഹു ആജ്ഞാപിക്കുന്ന ഏകതയും ഐക്യവും ഖുർആനിനെയും സുന്നത്തിനെയും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം സ്വഹാബത്തിനെ ഏതു രൂപത്തിൽ പഠിപ്പിച്ചോ അതെ രൂപത്തിൽ അക്ഷരാർത്ഥത്തിൽ പിന്തുടരുന്നവർക്കിടയിൽ രൂപപ്പെടേണ്ടതാണ്‌.
ഈ ആയത്തിന്റെ പശ്ചാത്തലത്തിൽ ഇമാം ഇബ്നു കസീർ റഹിമഹുള്ളാ പറയുന്നു " അവരോടു
ഐക്യത്തിൽ വർത്തിക്കാനും ഭിന്നത ഒഴിവാക്കാനും അവൻ കൽപിച്ചു. ഐക്യത്തിനും ഏകതക്കും കൽപ്പിക്കുകയും ഛിദ്രതയും ഭിന്നിപ്പും ഒഴിവാക്കാനുമുള്ള ധാരാളം ഹദീസുകൾ ഉണ്ട്." (തഫ്സീർ ഇബ്നു കസീർ-പേജ് 255)
ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ളാ പറയുന്നു. " ഒരു മുസ്‌ലിമായ മനുഷ്യന്, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം കൊണ്ട് വന്നതെന്തോ അതിനെ തുടർന്ന് കൊണ്ടല്ലാതെ മതത്തിന്റെ ഒരു കാര്യത്തിലും സംസാരിക്കാൻ പാടില്ല. അതിനെ മുൻകടക്കാതെ, എന്താണോ വന്നത് അതിനു അനുസൃതമായി മാത്രം പറയുകയും, പ്രവർത്തിക്കുകയും ചെയ്യുകയാണ് വേണ്ടത്. സ്വഹാബത്തും അവരെ നന്മയിൽ പിന്തുടർന്ന താബിഉകളും മുസ്‌ലിം ഉമ്മത്തിലെ ഇമാമുമാരും അങ്ങിനെയായിരുന്നു ചെയ്തിരുന്നത്. അത് കൊണ്ട് തന്നെ അവരിലൊരാളും പ്രമാണങ്ങളെ സ്വന്തം ബുദ്ധി കൊണ്ട് ഖണ്ഡിക്കുന്നവരോ, നബി ചര്യക്ക് വിരുദ്ധമായ നിലക്ക് ദീനിനെ സ്ഥാപിക്കുന്നവരോ ആയിരുന്നില്ല. ദീനിൽ ഒരു കാര്യം അറിയാൻ അവർ അള്ളാഹുവും റസൂലും എന്ത് പറഞ്ഞുവെന്നായിരുന്നു നോക്കിയിരുന്നത്. അതിൽ നിന്ന് അവർ പഠിക്കുകയും സംസാരിക്കുകയും പരിശോധിക്കുകയും അത് കൊണ്ട് തെളിവ് പിടിക്കുകയും ചെയ്തു. ഇതാണ് അഹ്‌ലുസ്സുന്നയുടെ ആധാരം" - മജ്മൂഉ ഫതാവാ ഇബ്ൻ തീമിയ 13/63
ഭിന്നിച്ചു പോകാതെ ഐക്യപ്പെടാൻ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം നിർദ്ദേശിച്ച പരിഹാര മാർഗം " ഞാനും എന്റെ സ്വഹാബത്തും ഇന്ന് ഏതൊന്നിലാണോ ഉള്ളത്" അതിനെ അവലംബിക്കൽ മാത്രമാണ്.
വിശാല ഐക്യത്തിന്റെ വക്താക്കളായി കാടിളക്കി നടക്കുന്ന ആളുകൾ ഐക്യവുമായി ബന്ധപ്പെട്ടു ഒരു പുനഃപരിശോധന നടത്തൽ അനിവാര്യമാണ്. ഇസ്‌ലാം മുന്നോട്ടു വെക്കുന്ന ഐക്യവും ഇന്ന് നടന്നു കൊണ്ടിരിക്കുന്ന ഐക്യവും തമ്മിൽ നിലനിൽക്കുന്ന പൊരുത്തക്കേടുകൾ ദുരീകരിക്കേണ്ടത് അവരുടെ ബാധ്യതയാണ്. മുകളിലെ പ്രാമാണിക വചനങ്ങളുടെ താൽപര്യം, കേവല സംഘടനാ പരമായതോ രാഷ്ട്രീയമായതോ ആയ ഐക്യമല്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. മറ്റു പല പ്രമാണവാക്യങ്ങളും തെറ്റായി വ്യാഖ്യാനിക്കുന്ന കുട്ടത്തിൽ ആലു ഇമ്രാനിലെ ആയത്തും തികച്ചും തെറ്റായ നിലയിൽ വ്യാഖ്യാനിച്ചു കൊണ്ടിരിക്കുന്നു. സ്വഹാബത്ത് അടക്കമുള്ള സലഫുകളിൽ നിന്ന് പ്രസ്തുത ആയത്തിനോ ഐക്യത്തിനോ ഈ രൂപത്തിലുള്ള ഒരു വ്യാഖ്യാനം കാണുക സാധ്യമല്ല.
ചോർന്നു പോകാനും വിസ്മരിക്കാനും പാടില്ലാത്ത 'ഖുർആനും സുന്നത്തും സലഫുകളുടെ ഫഹ്മിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുക" എന്ന അടിസ്ഥാനപരമായ വിഷയത്തിന്റെ - സലഫീ മൻഹജിന്റെ അസാന്നിധ്യമാണ് വാസ്തവത്തിൽ ഈ ഐക്യ മഹാമഹത്തിന്റെ പ്രഭ കെടുത്തിക്കളയുന്നത്.
മാത്രമല്ല, ഐക്യത്തിന്റെ മേന്മയെക്കുറിച്ചു അഭിപ്രായം രേഖപ്പെടുത്തേണ്ടത് ആദർശത്തിനെക്കുറിച്ചും സലഫീ മൻഹജിനെക്കുറിച്ചും അറിവും ധാരണയുമുള്ള ആളുകളാണ്. രാഷ്ട്രീയക്കാരുടെയും തൽപരകക്ഷികളുടെയും കച്ചവട മനസ്സുകളുടെയും അഭിപ്രായങ്ങൾ ആധാരമായി കാണുകയും സ്വീകരിക്കുകയും ചെയ്യുന്നവരുടെ ആദർശബോധം കൂടുതൽ അളക്കേണ്ടതില്ല.

സലഫിയ്യത്ത് അഥവാ സ്വഹാബത്തിന്റെ പാത - 1

വിശ്വാസപരവും കർമ്മപരവും തികച്ചും ശുദ്ധമായ, ഒരു നിലക്കും യാതൊരു കലർപ്പുമേൽക്കാത്ത തിളക്കമാർന്ന ഇസ്‌ലാമിന്റെ സംപൂർണതയാണ് സലഫിയ്യത്ത്‌. അത് ഒരു വ്യക്തിയിലേക്കോ കേവലമായ ഒരു കൂട്ടത്തിലേക്കോ ഒരു സംഘടനയിലേക്കോ ചേർത്ത് പറയാൻ പറ്റുന്ന രൂപത്തിലല്ല. മറിച്, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ പ്രഥമ സംബോധിതരായ സ്വഹാബത്, നബിയിൽ നിന്ന് എങ്ങിനെയാണോ അള്ളാഹുവിന്റെ ദീൻ കേട്ട് മനസ്സിലാക്കി അമൽ ചെയ്തത് അത് പോലെ, യാതൊരു ഭേദഗതികളും കൂടാതെ സ്വീകരിക്കലാണ് സലഫിയ്യത്തു എന്ന് പറയുന്നത് കൊണ്ട് വിവക്ഷിക്കുന്നത്. അക്കാര്യം മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും അമലായി പ്രയോഗവൽക്കരിക്കുകയും ചെയ്യുന്നവരെല്ലാം സലഫുകൾ, അഥവാ സ്വഹാബത്തിനെ പിന്തുടരുന്ന സലഫികൾ ആണ്. അത് ഒരാളായാലും ഒരാൾക്കൂട്ടമായാലും അങ്ങിനെതന്നെ. അത് ഇന്ന് നിലവിലുള്ളതോ കാലഹരണപ്പെട്ടതോ ആയ ഒരു സംഘടനയുടെയോ ഏതെങ്കിലും ഒരു ഇമാമിലേക്കു ചേർത്ത് പറയുന്ന ഒരു മദ്ഹബിന്റെയോ പേരല്ല. ആരാണോ നബിയിൽ നിന്ന് സ്വഹാബത്ത് മനസ്സിലാക്കിയതു പോലെ ദീൻ മനസ്സിലാക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്യുന്നത് അവനാണ് സലഫി. മുകളിലെ മാനദണ്ഡത്തിനു വിധേയമാകാതെയുള്ള അവകാശവാദങ്ങൾ നിരർത്ഥകവും വാസ്തവവിരുദ്ധവുമാണ്. സലഫികൾ പാപമുക്തരോ വീഴ്ചകൾ സംഭവിക്കാത്തവരോ അല്ല. മറിച്ചു, മറ്റുള്ളവരെപ്പോലെ അവർക്കും വീഴ്ചകളും പോരായ്മകളുമുണ്ടാകും. അത് ദീൻ ആയോ ദീനിന്റെ ഭാഗമായോ കാണാതിരിക്കുകയും, ആത്യന്തികമായി വീഴ്ച ബോധ്യപ്പെട്ടു തിരുത്തുകയും അതിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുകയും ചെയ്യുന്നവരാണവർ. എന്നാൽ, ദീനുമായി ബന്ധപ്പെട്ട വിശ്വാസപരമോ കർമ്മപരമോ ആയ നിലക്കുള്ള വൈകല്യങ്ങളും അബദ്ധങ്ങളും അവരിലേക്ക്‌ കടന്നു വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു വിരളമാണ്. വിഷയത്തിലുള്ള ധാരണക്കുറവ് മൂലമോ, തെറ്റ1ധാരണ കൊണ്ടോ സ്വഹാബത്തിന്റെ ധാരണക്ക് വിരുദ്ധമായ നിലപാടുകൾ സലഫിയ്യത്തു അവകാശപ്പെടുന്ന ഒരാളിൽ ഉണ്ടെങ്കിൽ, എപ്പോൾ അതിന്റെ നിജസ്ഥിതി ബോധ്യപ്പെടുകയും ധാരണപ്പിശക് മാറുകയും ചെയ്യുന്നുവോ ആ നിമിഷം അയാൾ അത് തിരുത്താനും ശെരിയായതു സ്വീകരിക്കാനും അത് പരസ്യപ്പെടുത്താനും തയ്യാറാകുമെന്നത് സലഫിയുടെ എടുത്തു പറയേണ്ട സവിശേഷതയാണ്. ഇത് പൗരാണികരായ പണ്ഡിതന്മാരിലും അവരുടെ ഗ്രന്ഥങ്ങളിലും സുവിദിതമാണ്. സാധാരണ പലരും ചെയ്യാറുള്ളത് പോലെ സ്വന്തം നിലക്ക് ഗവേഷണം നടത്തി നൂതനമായ പല കാര്യങ്ങളും കണ്ടെത്തുകയും അതിനെ പ്രമാണവൽക്കരിക്കാൻ ഖുർആനിന്റെയോ ഹദീസിന്റെയോ നസ്വുകൾ തെറ്റായ നിലക്ക് വ്യാഖ്യാനിച്ചു തെളിവുണ്ടാക്കാൻ ശ്രമിക്കുകയുമില്ല. സലഫിയ്യത്തു അവകാശപ്പെടുന്ന ചിലർ പോലും ഇത്തരം അസന്തുലിത നിലപാടുകൾ വെച്ച് പുലർത്തുന്നവരാണ് എന്നത്, സലഫിയ്യത്ത് മനസ്സിലാക്കുന്നതിൽ അവർക്കു തെറ്റ് സംഭവിച്ചു എന്നതിന്റെ തെളിവാണ്.

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ രിസാലത്തിനു സാക്ഷിയാവുകയും വിശ്വാസത്തോട് കൂടി നബിയുമായി സഹവസിക്കുകയും ചെയ്ത സ്വഹാബത്തിനു തുല്യരായി അവരല്ലാതെ ആരുമില്ല. എത്ര സുകൃതം ചെയ്തവരായാലും ശെരി. അവരുടെ ധാരണയോളം, മികച്ചതായി മറ്റൊന്നുമില്ല.
സലഫികളുടെ പ്രത്യക്ഷവും പരോക്ഷവുമായ ശത്രുക്കൾ ദീനിൽ തന്നിഷ്ടപ്രകാരം പുതിയതായ രീതികളുമായി കടന്നു വരുന്ന ആളുകളാണ്. അല്ലാതെ രാഷ്ട്രീയക്കാരോ ദുനിയാവ് മോഹിക്കുന്നവരോ അല്ല. അതിനാൽ തന്നെ രാഷ്ട്രീയ അജണ്ടകൾക്കു വേണ്ടി ആശയപരമോ അല്ലാത്തതോ ആയ സംഘട്ടനങ്ങൾ സൃഷ്ടിക്കുകയും മുതലെടുപ്പുകൾക്കു തക്കം പാർത്തു നിൽക്കുകയും ചെയ്യുന്നവനല്ല ഒരു യഥാർത്ഥ സലഫി. മറിച് സുന്നത്തിനു നേരെയുള്ള കടന്നാക്രമണങ്ങളെ സുന്നത്തു കൊണ്ടും അറിവ് കൊണ്ടും നേരിടുകയും അതിനു കാവലാവുകയും ചെയ്യുക എന്നതാണ് ഒരു സലഫിയുടെ ദൗത്യം. ആധുനിക ലോകത്ത്‌ സുന്നത്തിന്റെ വാഹകനാവുകയും സലഫിയ്യത്തിന് വേണ്ടി സംസാരിക്കുകയും ചെയ്യുന്ന ആളുകളുടെ എണ്ണക്കുറവോ, സലഫിയ്യത്തിന്റെ പേര് സ്വീകരിച്ചു കൊണ്ട് തന്നെ സലഫിയ്യത്തിന് എതിര് നിൽക്കുകയും ശത്രുത പുലർത്തുകയും ചെയ്യുന്ന ആളുകളുടെ ആധിക്യമോ അവനെ നിരാശനാക്കുകയില്ല. കാരണം, അവന്റെ മാർഗം സലഫുസ്സ്വാലിഹീങ്ങളുടെ മാർഗ്ഗമാണ്. ക്ഷമയുടെ, ത്യാഗത്തിന്റെ ആ മാർഗം സത്യത്തിന്റേതാണ്. തിളക്കമുള്ള സുന്നത്തിന്റേതാണ്. സ്വർഗത്തിലേക്ക് എത്തുന്ന ആ മാർഗമാണ് വിജയത്തിന്റെ മാർഗം.

Wednesday, December 7, 2016

​പറയാതിരിക്കാൻ വയ്യ

അവരിലൊരു കൂട്ടം ആളുകൾ പറഞ്ഞു

" അള്ളാഹു അവരെ നശിപ്പിക്കുകയോ കഠിനമായി ശിക്ഷിക്കുകയോ ചെയ്യട്ടെ, നിങ്ങളെന്തിനാണ് അവരെ ഗുണദോഷിക്കുന്നത് ? അവർ പറഞ്ഞു " നിങ്ങളുടെ രക്ഷിതാവിലേക്കു ഒഴിവു കഴിവ് പറയുന്നതിനായിട്ട്, ഒരു പക്ഷെ അവർ സൂക്ഷ്മത പുലർത്തുന്നവർ ആയെങ്കിലോ? (അഅറാഫ് 164)

സത്യത്തിനു എപ്പോഴും തെളിമയുള്ളതു പോലെ മൂർച്ചയും കൂടുതലാണ്. ഊതിക്കെടുത്താനുള്ള ശ്രമങ്ങളെ അത് പലപ്പോഴും പരാജയപ്പെടുത്തും. ഇരുട്ടിന്റെ സഹയാത്രികരുടെ വിജയത്തിനു ആയുസ്സ് തുലോം കുറവായിരിക്കും.

ആളുകളുടെയും അനുയായികളുടെയും ബാഹുല്യം, സത്യത്തിന്റെ അടയാളമല്ല. സഹായികളുടെ എണ്ണക്കുറവ് സത്യത്തിനു ഒരു ദോഷവും വരുത്തുകയുമില്ല. എന്നല്ല; എക്കാലത്തും സത്യത്തിന്റെ സഹായികൾ എണ്ണത്തിൽ കുറവായിരുന്നു. ചുരുക്കത്തിൽ, അളക്കാനുള്ള മാനദണ്‌ഡം എപ്പോഴും, സലഫുകൾ എവിടെ നിന്നോ, അത് മാത്രമാണ്.
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " ജനങ്ങൾക്ക് ഒരു കാലം വരാനുണ്ട്. ഒരാൾ തന്റെ ദീനിൽ ക്ഷമയോടെ നില കൊള്ളുന്നത്, തീക്കനൽ മുറുകെപ്പിടിച്ചവനെപ്പോലെയായിരിക്കും."
ഇന്നത്തേതിനേക്കാൾ പ്രയാസകരമായിരിക്കും നാളത്തെ അവസ്ഥ. അതിനേക്കാൾ പ്രയാസകരമാവും പിന്നീടുള്ള ദിവസങ്ങൾ. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചേടത്തോളം ജീവിതത്തിൽ അങ്ങേയറ്റം നിരാശയോ, തികഞ്ഞ പ്രതീക്ഷയോ വെച്ച് പുലർത്തേണ്ടതില്ലായെന്നർത്ഥം. ഇത്, അള്ളാഹു അവന്റെ അടിമകളിൽ നിശ്ചയിച്ച അവന്റെ നടപടിക്രമമാണ്. അത് കൊണ്ട് തന്നെ 'ഗുർബത്തു' പൂർണമാവാതെ അന്ത്യനാൾ പ്രതീക്ഷിക്കേണ്ടതില്ല. ഷെയ്ഖ് നാസ്വിറുദ്ധീൻ അൽബാനി റഹിമഹുള്ളാ പറഞ്ഞത് പോലെ, "ലക്ഷ്യത്തിലെത്തുകയെന്നതല്ല, ഈ മാർഗത്തിലായിരിക്കെ മരണം പുൽകുകയെന്നതാണ്".
സലഫിയ്യത്തു അവകാശപ്പെടുന്ന പലരും അതിന്റെ ഉത്തമരായ യഥാർത്ഥ വാഹകരായിരുന്നില്ലായെന്നതാണ് സമീപകാല സംഭവങ്ങൾ അടയാളപ്പെടുത്തുന്നത്. സലഫിയ്യത്തു എല്ലാവർക്കും യഥേഷ്ടം എടുത്തണിയാൻ പറ്റുന്ന അങ്കിയല്ല. അതിനു ചില അവകാശികളുണ്ട്. അവർക്കല്ലാതെ അത് ചേരുകയുമില്ല. ഇന്നലെ വരെ, മൻഹജിൽ വ്യതിയാനം സംഭവിച്ചതിന്റെ പേരിൽ പുറത്തു നിന്നവൻ ഒരു പത്രസമ്മേളനത്തിലൂടെ സലഫിയ്യത്തിൽ എത്തിച്ചേരുന്നു. ശത്രുപാളയത്തിൽ നിർത്തി കല്ലെറിഞ്ഞവനെ കെട്ടിപ്പിടിച്ചു സ്വീകരിക്കുന്നു. നേരം ഇരുട്ടി വെളുത്തപ്പോഴേക്കു മെമ്പർഷിപ്പിന്റെ ബലത്തിൽ എല്ലാവരും സലഫീ പാളയത്തിൽ എത്തിച്ചേരുന്നു! ഇത് വരെ ഉണ്ടെന്നു പറഞ്ഞ ആദർശത്തിന്റെ അർത്ഥമില്ലായ്മ സാധാരണക്കാരിൽ പോലും ചിരി പടർത്തുന്നു. "സലഫിയ്യത്തു ഒരു സംഘടനയുടെ പേരല്ല" എന്ന് ലേഖനമെഴുതിപ്പറഞ്ഞ ആൾ, മുജാഹിദ് എന്ന് പേരുള്ളവരെല്ലാം ഒന്നിച്ചു എന്നാണു പറഞ്ഞത്. അത് നൂറു ശതമാനവും ശെരിയാണ്. കാരണം, തെറ്റിപ്പിരിഞ്ഞ മുജാഹിദുകൾക്ക് ഒരുമിക്കാൻ ഒരു പത്രസമ്മേളനം മതി. എന്നാൽ സലഫിയ്യത്തും ഇഖ് വാനിയ്യത്തും ഒരിക്കലും ഒന്നിച്ചു ചേരുകയില്ല. കാരണം, ഒന്ന് സുന്നത്തിലും മറ്റേതു ബിദ്അത്തിലുമാണ്. ബിദ്‌അത്തുകളോട് വിട ചൊല്ലുകയും സലഫുകളുടെ മൻഹജിൽ പൂർണമായി പ്രവേശിക്കുകയും ചെയ്യാതെ ഒരാൾക്ക് സലഫിയ്യത്തു അവകാശപ്പെടാൻ കഴിയില്ല. പിന്നെ, ഖുർആനും ഹദീസും ഉദ്ധരിച്ചു സലഫീ മൻഹജ്‌ വിശദീകരിക്കുകയും ആദർശവ്യതിയാനത്തിന്റെ ആഴം ജനങ്ങളെ പഠിപ്പിക്കാൻ വാ തോരാതെ പ്രസംഗിച്ചു അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുകയും ചെയ്ത "മൗലവി"മാരേ, നാളെ അള്ളാഹുവിന്റെ കോടതിയിൽ ഉത്തരം പറയേണ്ട ഒരു സമയം വരാനുണ്ട് എന്ന കാര്യം നിങ്ങൾ മറക്കാതിരിക്കുക.

​സലഫിയ്യത്തും ഇഖ് വാനിയ്യത്തും തമ്മിൽ ഐക്യമോ ?

ആദർശപരമായ വ്യതിയാനത്തിന്റെ പേരിലാണ് മടവൂരിനും കുട്ടാളികൾക്കുമെതിരെ നടപടിയെടുത്തതെന്നും വ്യതിയാനങ്ങൾ തിരുത്താതെ ഐക്യത്തെക്കുറിച്ചു ചിന്തിക്കാൻ പോലും കഴിയില്ല എന്ന് നാട് നീളെ മൈക് കെട്ടി ചങ്കു പൊട്ടുമാറുച്ചത്തിൽ പ്രസംഗിച്ചു നടന്ന കൂലി പ്രാസംഗികർ, തിരിച്ചു പ്രസംഗിക്കാൻ തുടങ്ങിയിട്ടുണ്ട്. പണ്ടായിരുന്നെങ്കിൽ ഉമ്മാമമാർ വരെ നിങ്ങളെ ചൂലെടുത്തു തല്ലുമായിരുന്നു. ആദർശത്തിന് വില നൽകാത്ത, മനസ്സാക്ഷിയില്ലാത്ത ഇത്തരം കൂലി മൊല്ലമാർക്കു നല്ലതു ഇനി പഞ്ചായത്തു കക്കൂസ് കഴുകാൻ പോകലാണ്.

നിങ്ങൾ ഐക്യം സ്ഥാപിക്കാൻ പോകുന്ന നേതാവ് നബി ദിന സമ്മേളനത്തിൽ പങ്കെടുക്കുന്ന വിവരം നിങ്ങളും അറിയാതിരിക്കാൻ നിവൃത്തിയില്ല. ലോകത്തു അഹ്‌ലുസുന്നത്തിന്റെ ഉലമാക്കൾക്കിടയിൽ ബിദ്അതാണ് എന്ന കാര്യത്തിൽ നബിദിനാഘോഷം പോലെ ഇജ്മാഉ ഉള്ള വേറെ ഒരു വിഷയം ഉണ്ടോ എന്ന് പോലും സംശയമാണ്. ഇനി അതിൽ പങ്കെടുക്കുന്നതിന് തെറ്റില്ല എന്ന് തെളിയിക്കാൻ അനുയായികൾ വരും. ചാറ് കൂട്ടാം, കഷ്ണം കുട്ടാതിരുന്നാൽ മതിയെന്ന ഫത് വക്കു വേണ്ടി നമുക്ക് കാത്തിരിക്കാം.

കേരള നദ് വത്തുൽ മുജാഹിദീൻ ഔദ്യോഗിക വിഭാഗം ഐക്യപ്പെടാൻ പോകുന്ന മടവൂർ വിഭാഗവും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള അന്തരം എന്തെന്നും, മടവൂർ വിഭാഗത്തോട് ഐക്യമാകാമെങ്കിൽ ജമാഅത്തെ ഇസ്‌ലാമിയോട് ഐക്യമാകുന്നതിൽ എന്താണ് കുഴപ്പമെന്നും നേരത്തെ ഞാൻ ചോദിച്ചിരുന്നു. എന്നെ തെറി പറയുകയും ഐക്യ വിരോധിയായി ചിത്രീകരിക്കുകയും ചെയ്യുകയല്ലാതെ വിഷയത്തോട് ആരോഗ്യകരമായി പലരും പ്രതികരിച്ചില്ല.
അള്ളാഹുവിനെക്കുറിച്ചുള്ള ഭയമില്ലെങ്കിൽ നിങ്ങൾക്ക് എന്തും ചെയ്യാം. മുജാഹിദ് പ്രസ്ഥാനം പിളർപ്പിന്റെ പശ്ചാത്തലത്തിൽ, " കെ എന്നമ്മിനെ ഞങ്ങൾ കുളിപ്പിച്ച് കിടത്തിയിട്ടുണ്ട്" എന്ന് പറഞ്ഞവർക്ക്, ഐക്യത്തിന്റെ പേറ്റുനോവനുഭവിക്കുന്ന ഈ ഘട്ടത്തിൽ, " നാലു തക്ബീർ കെട്ടി, സലാം ചൊല്ലാം

​ഐക്യം ബാധ്യതയാകുമ്പോൾ

ഈ അവിശുദ്ധബാന്ധവത്തിന്റെ ദുരന്തമെന്തെന്നു മനസ്സിലാകണമെങ്കിൽ, സംഘടനയുമായുള്ള ബന്ധത്തിനപ്പുറം ആദർശഗന്ധിയായ ഒരു ജീവിത സപര്യയുണ്ടാകണം. ഒരു സംഘടന മറ്റൊന്നിൽ ലയിക്കുകയും സ്വത്തുക്കൾ വിഹിതം വെക്കപ്പെടുകയും അധികാരങ്ങൾ പരസ്പരം വെച്ച് മാറുകയും ചെയ്യുകയെന്നതിലുപരി, ഇവിടെ സംഭവിക്കാൻ പോകുന്നത് അതിനേക്കാളൊക്കെ അപകടകരമായ ഒരു സ്ഥിതിവിശേഷമാണ്. ഇസ്‌ലാം ദീൻ കലർപ്പില്ലാതെ ദഅവത്തു നടത്താൻ സാർത്ഥകരായ ഒരു പറ്റം നിഷ്കാമ കർമികളുടെ കർമ്മകാണ്ഡമായിരുന്നു; ഈ പ്രസ്ഥാനം. ന്യുനതകൾ ഏറെയുണ്ടെങ്കിലും പ്രതീക്ഷയുടെ ഒരു തീനാളം അവിടെയെവിടെയോ ഒരു ആപൽ സൂചന പോലെ മുനിഞ്ഞു കത്തിയിരുന്നു. കേരള മുസ്‌ലിംകളിൽ തൗഹീദ്, സുന്നത്ത്‌, ബിദ്അത് അവസാനം സലഫീ മൻഹജ്‌ എന്നീ സംജ്ഞകൾ പരിചയപ്പെടുത്തിയത് കേരള നദ് വത്തുൽ മുജാഹിദീൻ ആണ് എന്ന കാര്യം ആരും നിഷേധിക്കില്ല. ആദ്യകാലത്തെ ആദർശ ഭദ്രത പിൽക്കാലത്ത് ചോർന്നു പോയെങ്കിലും, വ്യതിയാനക്കാരുടെ കാലിൻചുവട്ടിൽ അവർക്കു നിരങ്ങാൻ വിട്ടു കൊടുത്തുവെന്നത് ഏറെ ദുഃഖകരം തന്നെയാണ്.

ഗുണ്ടാപ്പണിയും തട്ടിപ്പും നടത്തി സംഘടന വളർത്താൻ നടന്നവർക്കു ആദർശത്തിന്റെ ഉൾക്കരുത്ത്‌ എന്തെന്ന് മനസ്സിലാകില്ല. പക്ഷെ, ആദർശത്തിന്റെ വിലയറിയാവുന്ന കുറഞ്ഞ ഒരു പക്ഷം ആളുകൾ കണ്ണീർ വാർക്കുന്നുണ്ട്. നാളെ, നിങ്ങൾ ഇന്ന് ഐക്യപ്പെട്ടു തോളിൽ കയ്യിട്ടു കൂടെക്കുട്ടിയ ആളുകൾ നിങ്ങളെയും നിങ്ങളുടെ നേതാക്കളെയും ചവിട്ടിപ്പുറത്താക്കുകയും, നിങ്ങളുടെ സ്ഥാപനങ്ങളും സ്വത്തുക്കളും കവർന്നെടുക്കുകയും ചെയ്യുന്പോൾ നിങ്ങൾ തിരിച്ചറിയും. അന്ന് നിങ്ങൾ എന്റെയീ വാക്കുകൾ ഓർക്കും. !

​ആദർശം ബലി കഴിച്ചവർ

വ്യതിയാനാരോപണത്തിന്റെ നീണ്ട പതിനാലു വർഷങ്ങൾ !! ആരോപണ-പ്രത്യാരോപണങ്ങൾ. അക്കമിട്ടു നിരത്തി വിശതീകരിച്ച ആദർശ വ്യതിയാനത്തിന്റെ മുടിനാരിഴ കീറിയ ചർച്ചകൾ. ഹദീസ് നിഷേധത്തിന്റെ അറ്റം കാണാക്കയങ്ങൾ!! അനുദിനം വർദ്ധിച്ചു വന്ന അകൽച്ചയുടെ അഗാധ ഗർത്തങ്ങൾ. അവസാനം; എല്ലാം മറന്ന് അവർ ഒന്നാകാൻ പോകുന്നു. ഇത് വരെ ഉണ്ടെന്നും ഉയർത്തിപ്പിടിക്കുന്നുവെന്നും അവകാശപ്പെട്ട ആദർശവും അവർ മറന്നിരിക്കുന്നു. അണികൾ തെല്ലൊരതിശയത്തോടെ, അതിലധികം ഉൽഘണ്ഠയോടെ അറച്ചു നിൽക്കുന്നു ! ഇത്രേ ഉള്ളൂവെങ്കിൽ പിന്നെ എന്തിനായിരുന്നു ഇതെല്ലാം? ഔദ്യോഗിക വിഭാഗം മുജാഹിദുകളിലെ സാധാരണക്കാർ സ്വകാര്യമായി അവരുടെ നോവുകൾ പങ്കു വെക്കുന്നു. ഒരു കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത അവർക്കിടയിൽ തളം കെട്ടി നിൽക്കുന്നു. ചുരുക്കത്തിൽ; ഒരു " പീസ് " മതി, ഒരു സംഘടന മൊത്തം പണയം വെക്കാൻ. ആദർശ വ്യതിയാനവും ഹദീസ് നിഷേധവും ആവിയായിപ്പോകാൻ; ഒരു ആദർശപ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്യാൻ!

​സലഫിയ്യത്തിന്റെ സവിശേഷത

പൂർണമായ അർത്ഥത്തിൽ, അഹ്‌ലുൽ ബിദ് അയേയും കക്ഷിത്വത്തേയും വെടിയുകയും, പ്രത്യക്ഷമായും പരോക്ഷമായും, അഖീദയിലും മൻഹജിലും വാക്കിലും പ്രയോഗത്തിലും, ഇബാദത്തിലും അഖ് ലാക്കിലും നയ-നിലപാടുകളിലും സലഫുസ്സ്വാലിഹുകൾ ഏതൊന്നിലായിരുന്നോ അതിനെ അവലംബിക്കുകയും ചെയ്യാതെ, ഒരാളിലും സലഫിയ്യത്തും സുന്നിയ്യത്തും സാക്ഷാൽക്കരിക്കപ്പെടുകയില്ല.

( ഷെയ്ഖ് റബീഉ ബിൻ ഹാദീ അൽ മദ്ഖലീ - മജ്മൂഅത്തു റുദൂദ്-വോള്യം 4- പേജ് 13 )


എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.