Tuesday, May 22, 2018

തറാവീഹ് നമസ്കാരവും സക്കരിയ്യ സ്വലാഹിയുടെ പുതിയ വെളിപാടും - 2

#തറാവീഹിന്റെ #എണ്ണം #പതിനൊന്നു #തന്നെ !

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം റമദാനിലോ അല്ലാത്ത കാലത്തോ രാത്രിയിൽ പതിനൊന്നു റക്അത്തിൽ കൂടുതലായി നമസ്കരിച്ചിട്ടില്ല എന്ന, സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹ് മുസ്‌ലിമിലും വന്ന മഹതിയായ ആയിഷ റദിയള്ളാഹു അൻഹയിൽ നിന്നുള്ള പ്രസിദ്ധമായ ഹദീസും, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം സ്വഹാബത്തിന്റെ കൂടെ പള്ളിയിൽ വെച്ച് എട്ടു റക്അത്തു ജമാഅത്തായി നമസ്കരിച്ചു എന്ന ജാബിർ റദിയള്ളാഹു അൻഹുവിന്റെ ഹദീസും നബിയോ സ്വഹാബികളോ പതിനൊന്നിൽ കൂടുതൽ രാത്രി കാലത്തു നമസ്കരിച്ചിട്ടില്ല എന്നതിന് വ്യക്തമായ തെളിവാണ്. മറിച്ചൊരു തെളിവ് അതായത് പതിനൊന്നിൽ കൂടുതൽ നബിയോ സ്വഹാബികളോ നമസ്കരിച്ചതായി - അതെത്രയായാലും - സ്വഹീഹ് ആയ സനദിലുടെ രിവായതു ചെയ്യപ്പെട്ടിട്ടില്ല.

അപ്പോൾ രാത്രി നമസ്കാരത്തിന്റെ വിഷയത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ അമലും സ്വഹാബത്തിന്റെ ഫഹ് മും ഒന്നാണെന്ന് വരുന്നു. അത് കൊണ്ട് തന്നെയാണ് അവരാരും പതിനൊന്നിലധികം നമസ്കരിക്കാതിരുന്നതും.

ഒരു സത്യവിശ്വാസിയെ സംബന്ധിച്ചേടത്തോളം അവൻ പിന്തുടരേണ്ടത് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് സ്ഥിരപ്പെട്ടു വന്ന കാര്യങ്ങളാണ്. ഇക്കാര്യത്തിൽ സലഫുകളടക്കം മദ്ഹബിന്റെ ഇമാമുമാരിൽ ആർക്കും തർക്കമേയില്ല.

ഇമാം ശാഫീ റഹിമഹുള്ളയുടെ ഒരു വാക്കു ഇവിടെ പ്രസക്തമാണ്. " നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് ഒരു സുന്നത്തു സ്ഥിരപ്പെട്ടു വന്നുവെന്നു ഒരാൾക്ക് ബോധ്യപ്പെട്ടാൽ മറ്റൊരാളുടെ വാക്കിനു വേണ്ടിയും അത് ഉപേക്ഷിക്കുന്നത് ഉചിതമല്ല" ഇത് പോലെ മറ്റു മദ്ഹബിന്റെ ഇമാമുമാർ അടക്കം സലഫുകളിൽ നിന്ന് ധാരാളമായി ഉദ്ധരിക്കാൻ കഴിയും. ( വിശദ വായനക്ക് ഷെയ്ഖ് അൽബാനി റഹ്മത്തുള്ളാഹി അലൈഹിയുടെ " സ്വിഫത്തു സ്വലാ- പേജ് 43 തൊട്ടു പരിശോധിക്കുക)

എട്ടിലധികം എത്രയുമാകാമെന്നു അവകാശപ്പെടുന്നവർ ഉന്നയിക്കുന്ന പ്രധാന തെളിവ്, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം മിമ്പറിലായിരിക്കെ ഒരു സ്വഹാബി വന്നു നബിയുടെ രാത്രി നമസ്കാരത്തെക്കുറിച്ചു ചോദിച്ച സംഭവമാണ്. അപ്പോൾ " രണ്ടു വീതം നമസ്കരിക്കുകയും സുബ്ഹ് ഭയപ്പെട്ടാൽ ഒരു റക്അത്തു വിത്ർ ആക്കുകയും ചെയ്യും" എന്ന ഹദീസാണ്. ഈ ഹദീസിൽ രണ്ടു റക്അത്തു വീതമാണ് നമസ്‌കരിച്ചത് എന്ന് മാത്രമേ പ്രതിപാദിച്ചിട്ടുള്ളൂവെന്നും നമസ്കാരത്തിന്റെ എണ്ണം ഇതിൽ നിജപ്പെടുത്തിയിട്ടില്ലായെന്നും അവകാശപ്പെടുന്നു.

പതിനാലാം രാവിലെ ആയിരം പൂർണ ചന്ദ്രന്മാരുടെ ശോഭയോടെ വെട്ടി തിളങ്ങുന്ന സ്വഹീഹും, സ്വരീഹുമായ ഹദീസ് വന്ന ഒരു വിഷയത്തിൽ, വിദൂര സാധ്യതയുള്ള വ്യാഖ്യാനങ്ങളിലേക്കു പോവുകയും, മുൻ ചൊന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ റക്അത്തുകളുടെ എണ്ണത്തിന്റെ ക്ലിപ്തത വ്യക്തമാക്കുമ്പോൾ, 'തർക്കമെന്നു' വിശേഷിപ്പിക്കുകയും " ഇതിൽ തർക്കം അനാവശ്യം" എന്ന് പറഞ്ഞു എതിർ വീക്ഷണക്കാരെ നിശ്ശബ്ദരാക്കുകയും ചെയ്യാൻ പ്രയത്നിക്കുകയും ചെയ്യുന്നതിന്റെ പേരെന്താണ്?

ഖുർആനായാലും ഹദീസായാലും മുത് ലഖിനെ മുഖയ്യദിലേക്കും മുജ്‌മലിനെ മുഫസ്സറിലേക്കും മടക്കണമെന്നത് പൊതു തത്വമല്ലേ? ഒരു മസ് അല ചർച്ച ചെയ്യുമ്പോൾ അതിന്റെ ബാബിൽ വന്ന മുഴുവൻ ഹദീസുകളും ജംഉ ചെയ്യണമെന്നതിൽ ലോകത്തു മുഹദ്ധിസുകളും മുഫസ്സിറുകളും, ഉലമാക്കളും ഫുഖഹാക്കളും ഉസൂലികളുമായ മുഴുവൻ ആളുകൾക്കുമിടയിൽ തർക്കമില്ലാത്ത കാര്യമല്ലേ? രാത്രി നമസ്കാരവുമായി ബന്ധപ്പെട്ട വിഷയത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം റമദാനിലോ അല്ലാത്ത സമയത്തോ എട്ടു റക്അത്തിൽ കൂടുതൽ നമസ്കരിക്കാറുണ്ടായിരുന്നില്ല എന്ന ഹദീസിന്റെ ഫഹ്മു എന്താണ്? അത് നൽകുന്ന സന്ദേശമെന്താണ്? അതിൽ നിന്ന് ലഭിക്കുന്ന ഇൽമ് എന്താണ്?

ഇത് ചോദിക്കുമ്പോൾ മാത്രം " ഈ വിഷയത്തിൽ പരസ്പരം തർക്കം പാടില്ല" എന്ന മറുപടിയാണ് ലഭിക്കുക. സഹോദരന്മാരെ, ഈ വിഷയത്തിലെന്നല്ല ദീനിൽ ഒരു വിഷയത്തിലും തർക്കം പാടില്ല. അതിനർത്ഥം തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ട ഒരു കാര്യം പറയരുതെന്നോ വ്യക്തമാക്കരുതെന്നോ ആണെന്ന് ആരും തെറ്റിദ്ധരിക്കരുത്. മറിച്ചു, ഒരു കാര്യത്തിൽ പ്രമാണങ്ങളോട് ഏറ്റവും അടുത്ത് നിൽക്കുന്നതും തെളിവുകളുടെ ആധികാരികതയുടെ ബലത്തിൽ മുന്തി നിൽക്കുന്നതും സ്വീകരിക്കുകയാണ് വേണ്ടത്. മുസ്ലീം ലോകത്തു ഇരു പക്ഷത്തും ദലീലുകളുടെ സാന്നിധ്യമുള്ള എത്രമാത്രം ഭിന്ന സ്വരമുള്ള മസ്അലകളുണ്ട്? സ്ത്രീകളുടെ മുഖം മറക്കൽ, നമസ്കാരത്തിൽ സുജൂദിലേക്കു പോകുമ്പോൾ കൈകളാണോ അതല്ല കാൽമുട്ടാണോ ആദ്യം വെക്കേണ്ടത്, അത്തഹിയ്യാത്തിൽ വിരൽ അനക്കൽ.... തുടങ്ങി എത്രയെത്ര കർമശാസ്ത്ര വിഷയങ്ങൾ !

എതിരഭിപ്രായങ്ങളെ സഹിഷ്ണുതയോടെ അംഗീകരിച്ചു കൊണ്ട് തന്നെ വിഷയത്തിന്റെ നിജസ്ഥിതി ഇന്നതാണ് എന്ന് വ്യക്തമാക്കുന്നതിൽ ഒരു പിശുക്കും കാണിക്കേണ്ടതില്ല.

ആയിഷ റദിയള്ളാഹു അൻഹയുടെ ഈ വിഷയത്തിലുള്ള ഹദീസ് നിസ്സാരമായി തള്ളിക്കളയാൻ കഴിയുന്ന ഒന്നല്ല. സ്വഹാബികൾക്കിടയിൽ മതപരമായ വിഷയങ്ങളിൽ അവർക്കു സമശീർഷരായി ഖലീഫമാരെപ്പോലെ ചുരുക്കം ആളുകളേയുള്ളു. അവരുടെ അറിവും നിരീക്ഷണ പാടവവും പുകൾപെറ്റതാണ്. എന്നല്ല, ഒരു വേള പല സ്വഹാബികളെയും പല വിഷയങ്ങളിലും അവർ തിരുത്തിയ സംഭവങ്ങളുണ്ട്. ഇമാം ജലാലുദ്ധീൻ സുയൂഥ്വിയുടെ " ഐനുൽ ഇസ്വാബ ഫീ ഇസ്തിദ്റാകി ആയിഷ അല സ്വഹാബ" എന്ന ഗ്രന്ഥം അതിലേക്കുള്ള വ്യക്തമായ നിദർശകമാണ്.

കേരള മുസ്‌ലിംകളിക്കിടയിൽ, നദ്‌വത്തുൽ മുജാഹിദീൻ അണികളിൽ ഏതെങ്കിലും മസ് അലകളിൽ കൃത്യമായ നിലപാടുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിലൊന്നാണ് തറാവീഹിന്റെ റക്അത്തുകളുടെ എണ്ണത്തിന്റെ കാര്യത്തിലുള്ളത്. അതിലാണ് ഈ സ്വലാഹി കാലിട്ടിളക്കി ചളിയാക്കി പണ്ഡിതൻ ചമഞ്ഞു മീൻ പിടിക്കാൻ നോക്കുന്നത് !

ചുരുക്കത്തിൽ, തറാവീഹ് നമസ്കാരത്തിന്റെ എണ്ണത്തിൽ യാതൊരു സംശയത്തിനും പഴുതില്ല. ഷെയ്ഖ് അൽബാനി റഹിമഹുള്ളാ പറഞ്ഞത് പോലെ, എത്രയും നമസ്കരിക്കാവുന്ന മുത്വലഖ് ആയ നമസ്‌കാരമല്ല രാത്രി കാല നമസ്കാരം. നബിയും സ്വഹാബത്തും വിത്ർ അടക്കം പതിനൊന്നിലധികം നമസ്‌കരിച്ചതായി ഖണ്ഡിതമായി തെളിയിക്കപ്പെട്ടിട്ടുമില്ല

തറാവീഹ് നമസ്കാരവും സകരിയ്യാ സ്വലാഹിയുടെ പുതിയ വെളിപാടും - 1

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങൾ ഖുർആനും സ്ഥിരപ്പെട്ട സുന്നത്തുമാണെന്ന് അറിയാത്തവർ ചുരുക്കമായിരിക്കും. ഇസ്‌ലാം മതത്തെക്കുറിച്ചു പഠിക്കുകയും പരിശോധിക്കുകയും ചെയ്യുന്ന ആളുകൾക്ക് ഏതായാലും ഇക്കാര്യം അന്യമാവുകയില്ല.
ഒരു സത്യവിശ്വാസിയെ സംബന്ധിച്ചേടത്തോളം, പ്രമാണങ്ങൾ മനസ്സിലാക്കുകയും അതിന്റെ താൽപര്യങ്ങൾക്കനുസൃതമായി ജീവിതം കെട്ടിപ്പടുക്കുകയും ചെയ്യേണ്ടതുണ്ട്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു
تَرَكْتُ فِيكُمْ أَمْرَيْنِ لَنْ تَضِلُّوا مَا تَمَسَّكْتُمْ بِهِمَا: كِتَابَ اللهِ وَسُنَّةَ نَبِيِّهِ
" രണ്ടു കാര്യങ്ങൾ ഞാൻ നിങ്ങളിൽ വിട്ടേച്ചു പോകുന്നു. അവ രണ്ടും നിങ്ങൾ മുറുകെപ്പിടിക്കുന്ന കാലത്തോളം നിങ്ങൾ വഴി പിഴച്ചു പോവുകയില്ല. അള്ളാഹുവിന്റെ കിതാബും റസൂലിന്റെ ചര്യയുമത്രെയത്."
ഇമാം അഹ്‌മദ്‌ റഹിമഹുള്ളാ പറഞ്ഞു
دين النبيِّ محمدٍ أخبارُ ** نعمَ المطيةُ للفتى آثارُ!
لا ترغبنَّ عن الحديث وأهله ** فالرأي ليلٌ والحديث نهارُ
"മുഹമ്മദ് നബിയുടെ ദീൻ നിലകൊള്ളുന്നത് വൃത്താന്തങ്ങളിലാണ്. ഒരു യുവാവിന് യാത്ര ചെയ്യാൻ എത്ര നല്ല വാഹനമാണ് അവിടെ നിന്നുള്ള വചനങ്ങൾ. അത് കൊണ്ട് ഹദീസിൽ നിന്നും അതിന്റെ അഹ്ലുകാരിൽ നിന്നും നീ അതൃപ്തി കാണിക്കരുത്. നിരീക്ഷണങ്ങൾ രാത്രിയാണെങ്കിൽ ഹദീസുകൾ പകലുകളാണ്. "
ഇങ്ങിനെ സുന്നത്തു പിൻപറ്റുന്നതിന്റെ പ്രാധാന്യവും സവിശേഷതയും ഉൽഘോഷിക്കുന്ന ധാരാളം ഹദീസുകളും കാണാം.
വിഷയത്തിലേക്കു വരാം. ഈയിടെയായി നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ രാത്രി നമസ്കാരത്തെക്കുറിച്ചു വളരെ തെറ്റിധാരണ ജനകവും സാധാരണ ജനങ്ങളിൽക്കിടയിൽ കടുത്ത ആശയക്കുഴപ്പവും സൃഷ്ട്ടിക്കുന്ന തരത്തിൽ തറാവീഹ് നമസ്കാരത്തിലെ റക്അത്തുകളുടെ എണ്ണം പതിനൊന്നിൽ കൂടുതൽ എത്രയും നമസ്കരിക്കാമെന്നും അതിൽ ആരും ആരെയും ആക്ഷേപിക്കേണ്ടതില്ലെന്നും വാദിച്ചു കൊണ്ട് സക്കരിയ്യ സ്വലാഹി എന്ന ആൾ എഴുതിയ ഒരു ലേഖനം ശ്രദ്ധയിൽ പെടുകയുണ്ടായി.
ഇവിടെ, വിഷയവുമായി ബന്ധപ്പെട്ടു ചില കാര്യങ്ങൾ ആമുഖമായി സൂചിപ്പിക്കുകയാണ്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ രാത്രി നമസ്കാരത്തെക്കുറിച്ചു ഒരു പാട് ഹദീസുകൾ സ്വഹീഹ് ആയി വന്നിട്ടുണ്ട്. അവയിൽ ഏറ്റവും ശ്രദ്ധേയവും പരിഗണനാർഹവുമായ ഹദീസ് ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും രിവായതു ചെയ്യുന്ന ഹദീസ് ആണ്.
അബു സലമ ഇബ്ൻ അബ്ദുറഹ്മാൻ റദിയള്ളാഹു അൻഹുവിൽ നിന്ന്. അദ്ദേഹം ആയിഷ റദിയള്ളാഹു അൻഹയോട് ചോദിക്കുകയാണ്. " എങ്ങിനെയായിരുന്നു നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ റമദാനിലെ നമസ്കാരം? അവർ പറഞ്ഞു " റമദാനിലോ അല്ലാത്തപ്പോഴോ അദ്ദേഹം പതിനൊന്നു റക്അതിൽ കൂടുതൽ വർദ്ധിപ്പിക്കാറുണ്ടായിരുന്നില്ല. ...."
മുസ്‌ലിമിലും ഇബ്നു അബീ ശൈബയിൽ നിന്നുള്ള മറ്റൊരു രിവായത്തിൽ, " അദ്ദേഹത്തിന്റെ റമദാനിലെ നമസ്‌കാരം, ഫജ്‌റിന്റെ രണ്ടു റക്അത് അടക്കം, പതിമൂന്നു റക്അതായിരുന്നു എന്ന് വന്നിട്ടുണ്ട്. ഇമാം മാലികിൽ നിന്നുള്ള മറ്റൊരു രിവായത്തിലും അദ്ദേഹത്തിൽ നിന്ന് ഇമാം ബുഖാരിയും ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന് തന്നെ " അദ്ദേഹം രാത്രിയിൽ പതിമൂന്നു റക്അതായിരുന്നു നമസ്കരിക്കാറുണ്ടായിരുന്നത്. സുബ്ഹ് ബാങ്ക് കേട്ടാൽ പിന്നെ ലളിതമായ വിധത്തിൽ രണ്ടു റക്അത് കുടി നമസ്കരിക്കും. " തുടർന്ന് കൊണ്ട് ഹാഫിദ് ഇബ്നു ഹജർ റഹിമഹുള്ളാ പറയുന്നു " ഇത് പ്രത്യക്ഷത്തിൽ ആദ്യത്തേതിന് എതിരാണ്. ഇവിടെ രാത്രി നമസ്കാരത്തിലേക്കു ഇശാ നമസ്കാരത്തിന്റെ സുന്നത്തു കൂടി ചേർത്തതാകാനാണ് സാധ്യത. ഇനി മുസ്ലിമിൽ തന്നെയുള്ള മറ്റൊരു രിവായത്തിൽ " അദ്ദേഹം രാത്രി നമസ്കാരം നേരിയ രണ്ടു റക്അത് കൊണ്ടായിരുന്നു ആരംഭിച്ചിരുന്നതു എന്നും കാണാം.
ജാബിർ ഇബ്ൻ അബ്ദുല്ലാ റദിയള്ളാഹു അന്ഹുവിന്റെ ഹദീസിന്റെ അടിസ്ഥാനത്തിൽ, ശൈഖ് നാസിറുദ്ധീൻ അൽബാനി റഹിമഹുള്ളായുടെ പറയുന്നത് അത് ഇശാ നമസ്കാരത്തിന്റെ സുന്നത്തു ആകാനാണ് സാധ്യതയെന്നാണ്.
ജാബിർ റദിയള്ളാഹു അൻഹുവിൽ നിന്ന് " ഞങ്ങളുമായി നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം റമദാൻ മാസത്തിൽ എട്ടു റക്അത്തു നമസ്കരിക്കുകയും വിത്ർ ആക്കുകയും ചെയ്തു. അടുത്ത ദിവസം ഞങ്ങൾ പള്ളിയിൽ ഒരുമിച്ചു കൂടി അദ്ദേഹത്തെ കാത്തിരുന്നു. അങ്ങിനെ തന്നെ നേരം പുലർന്നു. പിന്നീട് അദ്ദേഹം വന്നു. അപ്പോൾ ഞങ്ങൾ ചോദിച്ചു. " അള്ളാഹുവിന്റെ ദൂതരെ, ഇന്നലെ രാത്രി താങ്കൾ ഞങ്ങളോടൊത്തു നമസ്കരിക്കുമെന്ന പ്രതീക്ഷയിൽ ഞങ്ങൾ പള്ളിയിൽ ഒരുമിച്ചു കൂടിയിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു " നിശ്ചയമായും അത് നിങ്ങൾക്ക് നിർബന്ധമാക്കപ്പെടുമോ എന്ന് ഞാൻ ഭയപ്പെട്ടു പോയി "
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ രാത്രി നമസ്കാരവുമായി ബന്ധപ്പെട്ടു ഏറ്റവും സ്വീകാര്യമായ നിലയിൽ രിവായതു ചെയ്യപ്പെട്ട ഹദീസുകളാണ് ഇതെല്ലാം. ഇതിനർത്ഥം ഈ വിഷയത്തിൽ വേറെ സ്വഹീഹ് ആയ ഹദീസുകൾ ഇല്ലാ എന്നല്ല. മറിച്ചു റമദാനിലോ അല്ലാത്ത കാലത്തോ റക്അത്തുകളുടെ എണ്ണമടക്കം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ രാത്രി നമസ്കാരത്തെക്കുറിച്ചു കൃത്യമായ ചിത്രം ഈ ഹദീസുകൾ അനാവരണം ചെയ്യുന്നു.
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ രാത്രി നമസ്കാരവുമായി ബന്ധപ്പെട്ടു ഏറ്റവും സ്വീകാര്യമായ നിലയിൽ രിവായതു ചെയ്യപ്പെട്ട ഹദീസുകളാണ് ഇതെല്ലാം. ഇതിനർത്ഥം ഈ വിഷയത്തിൽ വേറെ സ്വഹീഹ് ആയ ഹദീസുകൾ ഇല്ലാ എന്നല്ല. മറിച്ചു റമദാനിലോ അല്ലാത്ത കാലത്തോ റക്അത്തുകളുടെ എണ്ണമടക്കം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ രാത്രി നമസ്കാരത്തെക്കുറിച്ചു കൃത്യമായ ചിത്രം ഈ ഹദീസുകൾ അനാവരണം ചെയ്യുന്നു. റക്അത്തുകളുടെ എണ്ണം കൃത്യമായ നിലക്ക് വന്നിട്ടില്ല എന്ന ധാരണ ശെരിയല്ല എന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാകും.
രാത്രി നമസ്കാരം പതിനൊന്നിൽ കൂടുതൽ, ഇരുപതും, മുപ്പത്തഞ്ചും അതിൽ കൂടുതൽ എത്രയുമാകാമെന്നുമൊക്കെ അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്. അവരുടെ അറിവിനെയും ഇജ്തിഹാദിനെയും അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ, നബിയോ സ്വഹാബികളോ പതിനൊന്നിൽ കൂടുതലായി നമസ്കരിച്ചുവെന്നതിന് ഖണ്ഡിതമായ രേഖകളില്ല എന്നതാണ് വാസ്തവം. ഇക്കാര്യം നാസിറുദ്ധീൻ അൽബാനി റഹിമഹുള്ളാ തന്റെ "സ്വലാത്തു തറാവീഹ് " എന്ന ഗ്രന്ഥത്തിൽ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം റമദാനിൽ ഇരുപതു റക്അത്തു നമസ്കരിച്ചു എന്ന ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹുവിന്റെ ഹദീസും ഉമർ റദിയള്ളാഹു അൻഹു നമസ്കരിച്ചു എന്ന ഹദീസുമെല്ലാം അദ്ദേഹം വിശകലനം ചെയ്യുകയും അതിന്റെയെല്ലാം സനദുകളിലെ ദുർബലത അദ്ദേഹം അതിൽ വിശദമാക്കുകയും ചെയ്തിട്ടുണ്ട്.
ഇവിടെ സ്വാഭാവികമായും ആളുകൾ ഉന്നയിക്കാറുള്ള ഒരു ചോദ്യം, എന്ത് കൊണ്ടാണ് ഹറമിൽ പതിനൊന്നിൽ കൂടുതൽ നമസ്കരിക്കുന്നത്, ഇബ്നു തീമിയയും ഇമാം അഹ്‌മദും പതിനൊന്നിൽ അധികമാവാമെന്നു പറഞ്ഞിട്ടുണ്ടല്ലോ, ഇബ്നു ബാസും സ്വാലിഹുൽ ഉസൈമീനും പറഞ്ഞത് അങ്ങനെയല്ലേ തുടങ്ങിയ ഒട്ടനവധി ചോദ്യങ്ങൾ. ഇതിനു വളരെ ലളിതവും സംവേദനത്തിനു ഉതകുന്നതുമായ മറുപടി, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയോ സ്വാഹാബത്തോ പതിനൊന്നു റക്അത്തിൽ അധികം രാത്രി നമസ്കാരം നിർവ്വഹിച്ചതായി അവരാരെങ്കിലും തെളിവ് പറഞ്ഞിട്ടുണ്ടോ? എങ്കിൽ ആ തെളിവാണ് സ്വീകരിക്കേണ്ടത്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ വാക്കിനു എതിരാവുന്ന ഒരാളുടെ വാക്കും സ്വീകരിക്കരുതെന്നും അവ തള്ളിക്കളയണമെന്നും നമ്മെ പഠിപ്പിച്ചവരാണവർ.
" രാത്രി നമസ്കാരം രണ്ടു വീതമാണ് , സുബ്ഹ് നമസ്കാരത്തിന് സമയമായി എന്ന് ഭയപ്പെട്ടാൽ നിങ്ങൾ ഒരു റക്അത്തു വിത്ർ ആക്കുക" എന്ന ഹദീസിനെ വ്യാഖ്യാനിച്ചു കൊണ്ടാണ് ഭൂരിഭാഗം ഉലമാക്കളും പതിനൊന്നിലധികം നമസ്കരിക്കുന്നത് കൊണ്ട് വിരോധമില്ല എന്ന് പറഞ്ഞത്. അതായത് രണ്ടു റക്അത്തു വീതം പുലരുവോളം എത്രയും നമസ്കരിക്കാം എന്ന് ഈ ഹദീസിനെ വ്യാഖ്യാനിച്ചു കൊണ്ട് അവർ പറയുകയാണ് ചെയ്തത്. വാസ്തവത്തിൽ റക്അത്തിന്റെ എണ്ണം പറയുന്നതു ആയിഷ ബീവിയുടെ ഹദീസിലാണ്. അത് വളരെ വ്യക്തവുമാണ്. രണ്ടു വീതം നമസ്കരിച്ചുവെന്ന ഹദീസിൽ അതിന്റെ രൂപവുമാണ് വരുന്നത്.
ഏതായാലും, ഒരു മസ്അലയിൽ വ്യക്തമായ നസ്വിന് വിരുദ്ധമായ നിലപാടുകൾ എങ്ങിനെയാണ് നമുക്ക് സ്വീകരിക്കാൻ കഴിയുക? ഈ വിഷയത്തിൽ സ്വഹീഹായ ഒരു ഹദീസിനെ വ്യാഖ്യാനിച്ചു കൊണ്ടാണ് പതിനൊന്നിൽ കൂടുതൽ ആകാമെന്നതിനു തെളിവായി പ്രധാനമായും പറഞ്ഞിട്ടുള്ളത്. പിന്നെയുള്ളത് പതിനൊന്നിൽ അധികം നമസ്കരിച്ചു എന്ന ദുർബലമായ ഹദീസുകൾ മാത്രമാണ്.
ഏതായാലും, ഷെയ്ഖ് അൽബാനി റഹിമഹുള്ളാ, ശനിയാഴ്ച ദിവസത്തിൽ സുന്നത്തായ നോമ്പുകളുടെ വിഷയത്തിൽ സ്വീകരിച്ച പോലെ അതീവ സൂക്ഷ്മവും കർക്കശവുമായ നിലപാടാണ് തറാവീഹിന്റെ വിഷയത്തിലും സ്വീകരിച്ചത് എന്നത് പ്രത്യേകം സ്മര്യമാണ്. ഈ വിഷയത്തിന്റെ നിജസ്ഥിതി ബോധ്യപ്പെട്ട ഒരാളെ സംബന്ധിച്ചേടത്തോളം, അതിൽ ഉറച്ചു നിൽക്കലും വ്യാഖ്യാനപരമായി നിലപാടെടുത്തവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യവുമാണ്‌. ഭൂരിഭാഗം ആളുകളും ഉലമാക്കളും എടുത്ത നിലപാടാണ് ശെരി എന്നോ, ആരെയും ഈ വിഷയത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്താൻ പാടില്ലെന്നോ കരുതുന്നത് ഒരിക്കലും ന്യായമല്ല.

Tuesday, May 1, 2018

ഉമ്മാന്റെ ജീവന്റെ വിലയറിയാൻ.

ഉമ്മാന്റെ ജീവന്റെ വിലയറിയാൻ

അത്വാഅ' ഇബ്നു അബ്ബാസ് رضي الله عنهما യിൽ നിന്ന് രിവായത്തു ചെയ്യുന്നു:

ഒരാൾ അദ്ദേഹത്തിന്റെയടുക്കൽ വന്നിട്ട് പറഞ്ഞു:
ഞാനൊരു പെണ്ണിനെ വിവാഹമന്വേഷിച്ചു, അപ്പോൾ എന്നെ വിവാഹം കഴിക്കാൻ അവൾ വിസമ്മതിച്ചു.
മറ്റൊരാൾ അവളെ വിവാഹമന്വേഷിച്ചു,
അപ്പോൾ അയാളെ വിവാഹം കഴിക്കാൻ അവൾ ഇഷ്ടപ്പെട്ടു.
അപ്പോൾ എനിക്കവളോട് രോഷമായി, അതിനാൽ അവളെ ഞാൻ കൊന്നുകളഞ്ഞു.
എനിക്ക് തൌബചെയ്യാൻ വല്ല വഴിയുമുണ്ടോ?


ഇബ്നു അബ്ബാസ് ചോദിച്ചു:
നിന്റെ ഉമ്മ ജീവിച്ചിരിപ്പുണ്ടോ?

അയാൾ പറഞ്ഞു:
ഇല്ല.

അദ്ദേഹം പറഞ്ഞു:
അല്ലാഹുവിനോട് പശ്ചാതപിക്ക്, നിനക്ക് കഴിയുന്നത്ര നന്മകൾ ചെയ്ത് അവനിലേക്ക് അടുക്കാൻ ശ്രമിക്ക്.

അത്വാഅ' പറയുന്നു:
ഞാൻ ചെന്ന് ഇബ്നു അബ്ബാസിനോട് ചോദിച്ചു: താങ്കളെന്തിനാ അയാളുടെ ഉമ്മയുടെ ജീവനെക്കുറിച്ചു ചോദിച്ചത്?

അപ്പോൾ അദ്ദേഹം പറഞ്ഞത്:
അല്ലാഹുവിലേക്ക് അടുക്കുവാൻ ഏറ്റവും നല്ല കർമ്മമായി ഉമ്മക്ക് പുണ്യം ചെയ്യുന്നപോൽ
മറ്റൊന്ന് എനിക്കറിയില്ല.

(ഇമാം ബുഖാരി അദബുൽ മുഫ്റദിൽ ഉദ്ദരിച്ചതും, ഇമാം അൽബാനി സ്വഹീഹ് എന്ന് രേഖപ്പെടുത്തിയകുമാണിത്.)

- അബൂ തൈമിയ്യ ഹനീഫ് ബാവ.

നല്ല സ്‌ത്രീകൾ


യാതൊരുവന് അല്ലാഹു നന്മ ഉദ്ദേശിച്ചുവോ ......

ഇമാം ഇബ്'നു ബത്ത رحمه الله പറഞ്ഞു:

യാതൊരുവന് അല്ലാഹു നന്മ ഉദ്ദേശിച്ചുവോ, ഔദാര്യവാനായ റബ്ബിന്റെ സംരക്ഷണം മുൻകടക്കുകയും ചെയ്തുവോ,

അവന്റെ അടയാളം:

സുരക്ഷയും സമാധാനവും തേടി അല്ലാഹുവിനോട് ആവലാതിപ്പെടുകയും അഭയം തേടുകയും ചെയ്തുകൊണ്ടുള്ള ദുആയുടെ കവാടം അവനുവേണ്ടി തുറന്നുകൊടുക്കപ്പെടും.

അല്ലാഹുവിന് തൃപ്തിയുള്ളതോ, തന്റെ ദീനിന്ന് ഗുണമാകുന്നതോ അല്ലാത്ത കാര്യങ്ങളിൽ മിണ്ടാതിരിക്കാനും,
നാവിനെ സംരക്ഷിക്കാനും,
സമകാലികരായി ചുറ്റുമുള്ളവരെ നന്നായി മനസ്സിലാക്കാനും,
തന്റെ കാര്യങ്ങളുമായി മുന്നോട്ടു പോകുന്നവനായിരിക്കാനും
തൌഫീഖ് നൽകപ്പെടും.

അനാവശ്യ കാര്യങ്ങളിൽ മുഴുകുന്നതും സംസാരിക്കുന്നതും അവൻ ഉപേക്ഷിക്കുന്നു.
ഒരുപക്ഷേ തന്റെ നാശത്തിനു തന്നെ ഹേതുവായിത്തീരാവുന്ന കാര്യങ്ങളെക്കുറിച്ച അനാവശ്യ ചോദ്യങ്ങളും പ്രചാരണങ്ങളും അവൻ വെടിയുന്നു.
അല്ലാഹുവിന്നുവേണ്ടിയല്ലാതെ അവൻ സ്നേഹിക്കില്ല. അല്ലാഹുവിന്നുവേണ്ടിയല്ലാതെ അവൻ കോപിക്കില്ല.

തീർച്ചയായും ഈ ഫിത്'നകളും ഹവകളും ധാരാളം പടപ്പുകളെ വഷളാക്കിത്തീർത്തു. അവരുടെ വൃത്തികേടുകളുടെ മറ നീക്കി.

ജനങ്ങളിൽ തന്റെ നഫ്സിനെ ഏറ്റവും നന്നായി സംരക്ഷിക്കുന്നത് തന്റെ നാവിനെ ഏറ്റവും നന്നായി സൂക്ഷിക്കുന്നവനാണ്.
തന്റെ ദീനുമായി ഏറ്റവും നന്നായി മുഴുകുന്നവനാണ്.
തനിക്ക് ആവശ്യമില്ലാത്തതിനെ ഏറ്റവും നന്നായി ഉപേക്ഷിക്കുന്നവനാണ്.

(അൽ ഇബാന: 2/596)

വിവ: അബൂ തൈമിയ്യ

കുടുംബത്തിന് വേണ്ടി ചെലവഴികുക

നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു

" അള്ളാഹുവിന്റെ മാർഗത്തിൽ നീ ചെലവഴിച്ച ഒരു ദീനാർ, ഒരു അടിമക്ക് വേണ്ടി ചെലവഴിച്ച ഒരു ദീനാർ ഒരു അഗതിക്കു വേണ്ടി നീ ചെലവഴിച്ച ഒരു ദീനാർ, നിന്റെ കുടുംബത്തിന് വേണ്ടി നീ ചെലവഴിച്ച ഒരു ദീനാർ, അതിൽ ഏറ്റവും മഹത്തായ പ്രതിഫലമുള്ളത് തീർച്ചയായും നീ നിന്റെ കുടുംബത്തിന് വേണ്ടി ചെലവഴിച്ചതിലാണ്." - മുസ്‌ലിം

ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ളാ പറഞ്ഞു " ഹലാലായ സമ്പാദ്യവും, ആശ്രിതർക്ക് വേണ്ടി അത് ചെലവഴിക്കലും മഹത്തായ കാര്യമാണ്. അതിനോട് കിടപിടിക്കുന്ന മറ്റൊരു പുണ്യകർമ്മവുമില്ല." (അൽ ഈമാനുൽ ഔസത്വ്-609)


ഖുർആൻ പാരായണം

ഇബ്'നു റജബ് رحمه الله പറഞ്ഞു:

ആരാണോ അല്ലാഹുവിനെ സ്മരിക്കുന്നതും, അവന്റെ കിതാബ് പാരായണം ചെയ്യുന്നതും അധികരിപ്പിക്കുന്നത് അവന്റെ ഈമാൻ വർധിക്കുന്നു. ആരാണോ തന്റെ നാവുകൊണ്ടു ചെയ്യേണ്ട നിർബന്ധമായ ദിക്ർ ഒഴിവാക്കുന്നത് അവന്റെ ഈമാൻ കുറയുന്നു.
(ഫത്'ഹുൽബാരി)

വിവ: അബൂ തൈമിയ്യ


‏قَالَ الإِمَامُ ابْنُ رَجَبٍ -رَحِمَهُ اللهُ تَعَالَى- :

" فإنّ مَن زاد ذكره لله ، وتلاوته لكتابه : (( زاد إيمانه ))،

ومَن ترك الذكر الواجب بلسانه : (( نقص إيمانه ))".

["فتح الباري شرح صحيح البُخاريّ" (٩/١)]


ധിരന്മാരുടെ പണി


തൌഹീദിന്റെ ഫലം

ഇമാം സഅ'ദീ رحمه الله പറഞ്ഞു:

ദുനിയാവിലും ആഖിറത്തിലും ഏതെല്ലാം ഗുണങ്ങളുണ്ടോ, അത് മുഴുവൻ തൌഹീദിന്റെ ഫലത്തിൽ പെട്ടതാണ്.
ദുനിയാവിലും ആഖിറത്തിലും ഏതെല്ലാം ദോഷങ്ങളുണ്ടോ, അത് മുഴുവൻ ശിർക്കിന്റെ ഫലത്തിൽ പെട്ടതാണ്.

(അൽ ഖവാഇദുൽ ഫിഖ്ഹിയ്യ)

വിവ: അബൂ തൈമിയ്യ


قال الإمام السعدي رحمه الله:
فكل خير في الدنيا والآخرة فهو من ثمرة التوحيد.
وكل شر في الدنيا والآخرة فهو من ثمرة الشرك.
(القواعد الفقهية ص: ١٩)

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.