Saturday, April 11, 2020

കൊറോണ കാല കാഴ്ചകൾ - 6


എത്ര തിരക്ക് പിടിച്ച ജീവിതം നയിച്ചവരായിരുന്നു നമ്മളെല്ലാം ? എന്തു മാത്രം തിരക്കായിരുന്നു അല്ലേ നമ്മൾക്കെല്ലാം ? രാവിലെ സൂര്യനുദിക്കുന്നതിനു മുമ്പേ ഇറങ്ങുകയും അസ്തമയ ശോഭ മാഞ്ഞതിന് ശേഷം കൂടണയുകയും ചെയ്തവർ. ചിലർ അതും കഴിഞ്ഞ് ! സർക്കാർ ജീവനക്കാർ, തൊഴിലാളികൾ, കൂലിപണിക്കാർ, കച്ചവടക്കാർ, വഴിവാണിഭക്കാർ തുടങ്ങി ജീവിതത്തിന്റെ നാനാ തുറകളിൽ ചെറുതും വലുതുമായ ജോലികൾ ചെയ്‌ത് കുടുംബം പുലർത്തുകയും രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ ഭാഗവാക്കാവുകയും ചെയ്തവർ ! കണ്ണിമ വെട്ടുന്ന നേരത്തിനുള്ളിൽ എല്ലാം ഒരു പഴങ്കഥ പോലെയായി മാറി. "ഞാൻ പോയില്ലെങ്കിൽ നടക്കില്ല" എന്ന് വിചാരിച്ചവർക്ക് അള്ളാഹു അവരുടെ മുമ്പിൽ, "എല്ലാം നടക്കുമെന്ന്" പറയാതെ പറയുകയാണ്. ജീവിത തിരക്ക് കാരണം പലപ്പോഴും ജമാഅത് നമസ്കാരങ്ങൾ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ന് തിരക്കൊഴിഞ്ഞു പള്ളിയിൽ പോയി ജമാഅത് ആയി നമസ്കരിക്കാം എന്ന് കരുതിയപ്പോൾ പള്ളിയിൽ ജമാഅത് നമസ്കാരം തന്നെയില്ല ! ഓരോന്നിനും സമയമുണ്ട് ! സമയം ആരേയും കാത്തു നിൽക്കില്ല ! സമയം തന്നെയാണ് നമ്മുടെ ജീവിതം ! ഇത് നമുക്കൊരു മുന്നറിയിപ്പാണ്. ഒരു തൊട്ടുണർത്തലാണ്. നമ്മെക്കാൾ തി
രക്കുണ്ടായിരുന്ന, നമ്മെക്കാൾ സുന്ദരമായ സ്വപ്നങ്ങൾ കണ്ടിരുന്ന പലരും മീസാൻ കല്ലുകൾക്ക് താഴെ മണ്ണിട്ട് മൂടപ്പെട്ടിരിക്കുന്നു ! എത്രയെത്ര സുന്ദര സ്വപ്നങ്ങളാണ് അവിടെ വാടിക്കരിഞ്ഞു കിടക്കുന്നത് ! ഇതാണ് ഐഹിക ജീവിതം ! മരിക്കാതെതന്നെ മരണത്തെ നമുക്കിപ്പോൾ ഓർക്കാൻ കഴിയുന്നുവല്ലേ ?
ഇനി സ്വന്തം ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കൂ !
ഇന്നലെ വരെ ഉറങ്ങാൻ സമയം കിട്ടാത്തവർക്ക് എത്ര ഉറങ്ങിയിട്ടും സമയം പിന്നെയും ബാക്കി ! സ്വന്തം കുടുംബത്തെയും കുട്ടികളെയും വിളിച്ചു ചുറ്റുമിരുത്തി അവരോട് അവരുടെ ജീവിതത്തെക്കുറിച്ചു സംസാരിക്കാൻ പറയൂ. നിശബ്ദമായി അവരെ കേൾക്കാൻ ശ്രമിക്കൂ. വീട്ടുകാരുടെ ഗൃഹാങ്കണത്തെക്കുറിച്ചും അവിടെയുള്ള കലപില ശബ്ദത്തെക്കുറിച്ചും സംവദിക്കു ! കുട്ടികളുടെ ദൈനംദിന ചര്യകളെക്കുറിച്ചും അവരുടെ പരക്കം പാച്ചിലിനും പഠന - കളികൾക്കിടയിലുള്ള നിർബന്ധ നമസ്കാരത്തിന്റെയും മറ്റു മൂല്യങ്ങളുടെയും ചേർത്ത് വെപ്പ് ആശ്വാസദായമായിരുന്നോവെന്നു അന്വേഷിക്കൂ ! ഉണങ്ങാത്ത വൃണം പോലെ, വെണ്ണീറിനടിയിൽ പുകയുന്ന തീയുടെ ഒരു നീറ്റൽ നിങ്ങളുടെ അന്തരാളങ്ങളിൽ അതുണ്ടാക്കുന്നുവെങ്കിൽ, നിരാശപ്പെടേണ്ട ! നിങ്ങൾ പരാചയപ്പെട്ടിട്ടില്ല ! ഇത് നിങ്ങൾക്ക് അള്ളാഹു കനിഞ്ഞു നൽകിയ സമയമാണെന്ന് കരുതുകയും തിരുത്തലുകൾ തുടങ്ങുകയും ചെയ്യുക ; തിരുത്താൻ കഴിയാത്ത സമയം വരും മുമ്പേ.


نَدِمَ البُغاة ولاتَ ساعةَ مَنْدَم *** والبغيُ مَرْتَعُ مُبْتَغيهِ وخيمُ

#മുസാഫിർ

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.