Saturday, April 11, 2020

കൊറോണ കാല കാഴ്ചകൾ - 8

കൊറോണയെ നേരിടാൻ ലോകം ഒന്നടങ്കം എല്ലാ വിധ സംവിധാനങ്ങളും സ്വീകരിച്ചിട്ടുണ്ട്. പല രാജ്യങ്ങളും അതാത് നാടുകളിലെ പൊതുവിടങ്ങളെല്ലാം "ലോക്ക് ഡൗൺ" ആക്കിക്കഴിഞ്ഞു. സർക്കാർ സംവിധാനത്തിന് പുറമെ എൻ ജീ ഓ കളും ആരോഗ്യപ്രവർത്തകരും സജീവമായിത്തന്നെ രംഗത്തുണ്ട്. സഹായ ഹസ്തങ്ങളുമായി വിത്യസ്ത സഹായ വാഗ്ദാനങ്ങൾ അവർ മുന്നോട്ട് വെക്കുകയും ചെയ്യുന്നു; നല്ലത് തന്നെ. അവരവരെക്കൊണ്ട് പറ്റുന്നത് അവരവർ ചെയ്യട്ടെ. പക്ഷെ സർക്കാരിന്റേതായാലും അല്ലാത്തതായാലും ഈ സംവിധാനങ്ങളെല്ലാം എത്ര കണ്ട് പൊതുജനങ്ങൾക്ക് പ്രയോജനപ്രദമാകുമെന്ന് എപ്പോഴെങ്കിലും ഓർത്തു നോക്കിയിട്ടുണ്ടോ ? ഇല്ലെങ്കിൽ ഒന്നോർത്തു നോക്കണം! വ്യോമയാന ഗതാഗതം തൊട്ട് പൊതു ഗതാഗതം വരെ നിശ്ചലമായിക്കഴിഞ്ഞ ലോകത്ത്, എല്ലാ സഹായവും അവസാനിക്കുന്ന സാഹചര്യം ഒന്നാലോചിച്ചു നോക്കൂ. പുറത്തിറങ്ങുകയും ആളുകളുമായി ഇടപഴകുകയും ചെയ്യുന്ന അവസ്ഥ ഇല്ലാതാവുകയും തീരെ പുറത്തിറങ്ങാൻ തന്നെ പറ്റാത്ത സാഹചര്യം പലയിടത്തും സംജാതമായില്ലേ ഇപ്പോൾ തന്നെ ? അപ്പോൾ സാഹചര്യങ്ങൾ മാറി മറിയാം. നിലനിൽക്കുന്ന അവസ്ഥകൾക്ക് മാറ്റം സംഭവിക്കാം. വാഗ്ദാനപെരുമഴകളും സഹായഹസ്തങ്ങളും ഏതു സമയത്തും നിശ്ചലമാകാം. ഭക്ഷ്യവിഭവ ലഭ്യതക്ക് തടസം നേരിടാം. ബാങ്കുകളുടെയും പൊതുവിതരണ ശൃംഖലയുടെയും പ്രവർത്തനത്തിന് പൂട്ടു വീഴാം. ഇന്റർനെറ്റും സോഷ്യൽ മീഡിയയും പണിമുടക്കാം. ഇങ്ങിനെ പലതും സംഭവിക്കാം ! ഇവിടെ നമുക്ക് കുറച്ചു കൂടി ആഴത്തിൽ ചിന്തിക്കുകയും നമ്മുടെ നിലപാടുകൾ രൂപപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ഒന്നാമതായി മുകളിൽ പറഞ്ഞ അവലംബങ്ങളെല്ലാം നമ്മെ സംബന്ധിച്ചേടത്തോളം വെറും കാരണങ്ങൾ മാത്രമാണ്. നമ്മുടെ അടിസ്ഥാനപരവും അനിവാര്യവുമായ അവലംബം ഹയ്യും ഖയ്യൂമുമായ അള്ളാഹു സുബ്ഹാനഹു വ തആലയാണ്. അവൻ കണക്കാക്കിയതല്ലാതെ ലോകത്തൊരു കാര്യവും നടക്കുകയില്ല എന്ന ഖദ്റിലുള്ള വിശ്വാസമാണ് നമുക്ക് മുഴുവൻ പ്രതീക്ഷയും. മറ്റുള്ളതെല്ലാം നമുക്ക് ഉപയോഗപ്പെടുത്താവുന്ന അസ്ബാബ് (കാരണങ്ങൾ) മാത്രം. ചിലപ്പോൾ ഉപകരിച്ചേക്കാം ; അല്ലെങ്കിൽ ഉപകരിച്ചില്ലെന്നു വരാം. അത്ര മാത്രം. എന്നാൽ നമുക്ക് പൂർണ്ണ ബോധ്യവും അചഞ്ചലമായ വിശ്വാസവുമുള്ള അള്ളാഹുവിന്റെ സഹായമാണ് നാം പരമമായി പ്രതീക്ഷിക്കേണ്ടതും അവലമ്പിക്കേണ്ടതും. അപ്പോൾ മാത്രമേ നമ്മുടെ തവക്കുൽ ശെരിയാവുകയും നമ്മുടെ വിശ്വാസം സമ്പുർണ്ണമാവുകയും ചെയ്യുകയുള്ളൂ. അതിരുകളില്ലാത്ത ആകാശമാണ് നമ്മുടെ ദുആകൾ. അതിർത്തികൾ അടച്ചാലും ഗതാഗതം നിലച്ചാലും സർവ്വ ബന്ധങ്ങളും ഇല്ലാതായാലും ഉപരിലോകവുമായി ദുആയെ മുറിച്ചു മാറ്റാൻ അള്ളാഹുവിനല്ലാതെ മറ്റാർക്കും കഴിയില്ല ! അതാവട്ടെ നമ്മുടെ കരുത്ത് ; അതിനാവട്ടെ നമ്മുടെ പ്രയത്‌നം.


#മുസാഫിർ

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.