Saturday, August 20, 2016

​മുജാഹിദ് പ്രസ്ഥാനം സലഫിയ്യത്തിലല്ല - 4

കേരള നദ് വത്തുൽ മുജാഹിദീൻ എന്ന് ഔദ്യോഗിക രേഖകളിലും ഇസ്‌ലാഹീ പ്രസ്ഥാനമെന്ന് വിളിപ്പേരിനാലും അറിയപ്പെട്ട സാക്ഷാൽ മുജാഹിദ് പ്രസ്ഥാനം ആദർശം സ്വീകരിച്ചതും നയ-നിലപാടുകൾ രൂപപ്പെടുത്തിയതും റഷീദ് റിദയുടെയും മുഹമ്മദ് അബ്ദയുടെയും ചിന്തകളിൽ നിന്നായിരുന്നു. ഇക്കാര്യം എഴുതിയപ്പോൾ ചില കെ എൻ എം സഹയാത്രികർക്കു പ്രയാസമുണ്ടായി. റഷീദ് രിദയും, അഫ്‌ഗാനിയും അറിയപ്പെട്ടത് പോലെ സലഫീ ഉലമാക്കൾ കേരളത്തിൽ അറിയപ്പെടുകയോ അവരുടെ രചനകൾ വായിക്കപ്പെടുകയോ ചെയ്തില്ല എന്ന എന്റെ നിരീക്ഷണത്തെ ഖണ്ഡിക്കാൻ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് റഹിമഹുള്ളയുടെ 'ഉസൂലു സലാസ' എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ ചിലർ "ഞങ്ങൾ അങ്ങിനെയൊന്നും അല്ല" എന്ന് തെറ്റിദ്ധരിപ്പിക്കാൻ ഇപ്പോൾ പ്രചരിപ്പിക്കുന്നു. 1948-ൽ പ്രസ്തുത ഗ്രന്ഥം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് എന്നറിയുന്നതിൽ സന്തോഷമുണ്ട്. പക്ഷെ, മുജാഹിദുകൾ എത്ര പേർ അത് വായിച്ചിട്ടുണ്ട് ? മാത്രമല്ല പ്രസ്ഥാനം, ആദർശത്തിന്റെ ആധാരമായി എന്നെങ്കിലും കരുതുകയോ അതിനു ലഭിക്കേണ്ട പരിഗണന നൽകുകയോ ചെയ്തിട്ടുണ്ടോ ? തൗഹീദ് പോലും-അതിന്റെ മൂന്നു വിഭജനം അടക്കം പൂർണമായി കേൾക്കാൻ മുജാഹിദ് കേരളത്തിന് വാഴക്കാട് സംവാദം വരെ കാത്തിരിക്കേണ്ടി വന്നു എന്ന് വരുമ്പോൾ ഇത്രയും കാലം ചെയ്തു കൊണ്ടിരുന്നത് പിന്നെയെന്തായിരുന്നു എന്ന് ചോദിക്കേണ്ടി വരുന്നു. അതേ സമയം, ഒരു കാലത്ത്‌ കേരളത്തിൽ പ്രാദേശികമായി വ്യാപകമായ വിധത്തിൽ സംഘടിപ്പിച്ചിരുന്ന 'വയള് പരമ്പരകളിൽ, പരിചയപ്പെടുത്തിയിരുന്ന "ഇസ്‌ലാഹീ പ്രസ്ഥാന"ത്തിലെ ഒഴിച്ച് കൂടാൻ കഴിയാത്ത പേരായിരുന്നു റഷീദ് രിദയുടേത്. അദ്ദേഹത്തിന്റെ "അൽമനാർ" കേരള ജംഇയ്യത്തുൽ ഉലമയുടെ "അൽമനാർ" ആയി. ഈജിപ്തിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അൽമനാറിനു കേരളത്തിൽ വരിക്കാറുണ്ടായിരുന്നുവെന്നു കേട്ടിട്ടുണ്ട്.

സിഹ്ർ നിഷേധം, സിഹ്റുമായി ബന്ധപ്പെട്ട ബുഖാരിയിലെ ഹദീസ് ഖുർആനിന്റെ നസ്സിനു എതിരാണെന്ന വാദം, ഇമാം മഹ്ദിയുടെ വരവിനെ നിഷേധിക്കൽ, ഈസാ നബിയുടെ വരവിനെ നിഷേധിക്കൽ, ഖബറുൽ ആഹാദ് (ഒറ്റ നിവേദക) ആയ ഹദീസുകൾ വിശ്വാസ കാര്യങ്ങൾക്കു സ്വീകാര്യമല്ല, തുടങ്ങിയ വാദങ്ങൾ കേരള മുജാഹിദുകൾക്കിടയിൽ വേരോടിയതു സയ്യിദ് റഷീദ് രിദയിൽ നിന്നാണ്.

ഇസ്‌ലാഹീ പ്രസ്ഥാനം എന്ന പേര് പോലും ഈജിപ്തിലെ " അൽ ഹർകത്തുൽ ഇസ്‌ലാഹിയ്യ " യിൽ നിന്ന് കടം കൊണ്ടതാണ്. ജമാലുദീൻ അഫ്‌ഗാനിയുടെ വിപ്ലവാത്മക (ഹറകീ-തൗരീ) ചിന്തകൾക്ക് ആദർശത്തിന്റെ ഛായ നൽകിയത് റഷീദ് രിദയാണ്. ഇത് തന്നെയാണ് ടി പി തന്റെ മാതൃഭൂമിയിലെ ലേഖനത്തിൽ ആവർത്തിച്ചത്. കേരള നദ് വത്തുൽ മുജാഹിദീൻ ഔദ്യോഗിക വിഭാഗത്തിന്റെ സംസ്ഥാന സാരഥിയുടെ ഈ തുറന്നു പറയൽ നിസാരമായ ഒരു കുമ്പസാരമായി കാണാൻ കഴിയില്ല.

ഈജിപ്തിലെ "നവോദ്ധാന നായകർക്കു" കിട്ടിയ പരിഗണനയും സ്വീകാര്യതയും സലഫീ ഉലമാക്കൾക്കു ലഭിച്ചില്ല എന്നാണു ഞാൻ പറഞ്ഞത്. അതിനു ചരിത്രം സാക്ഷി.

കെ എൻ എം പ്രവർത്തകർ ഇനിയെങ്കിലും കാര്യങ്ങൾ ഉൾക്കൊള്ളുകയും ശെരിയായ തീരുമാനങ്ങൾ ധീരമായി സ്വീകരിക്കുകയും ചെയ്യണം. പ്രസ്ഥാനത്തിന്റെ കാലിനടിയിലെ മണ്ണ് ഇളകിപ്പോകുന്നത് മാത്രമല്ല പ്രശ്നം. നാളെ അള്ളാഹുവിന്റെ മുമ്പിൽ ഉത്തരം പറയാനുള്ള ബാധ്യത കാര്യം മനസ്സിലാക്കിയവർക്കുണ്ട്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സുന്നത്തിനെ ചവിട്ടി മെതിക്കാൻ നിങ്ങൾ കൂട്ടു നിൽക്കരുത്. കാര്യങ്ങൾ മനസ്സിലാക്കി പ്രമാണത്തിന്റെ താൽപര്യങ്ങളിലേക്കു നിങ്ങൾ മടങ്ങി വരികയാണെങ്കിൽ, നിങ്ങൾ നിങ്ങളോടും, മുസ്‌ലിം കൈരളിയോടും ചെയ്യുന്ന വിലമതിക്കാനാവാത്ത നന്മയായിരിക്കും അത്.No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.