Thursday, September 27, 2018

സ്വഹീഹുൽ ബുഖാരിയും വിമർശകരും - 6

ഇമാം ബുഖാരി റഹിമഹുള്ളാ തന്റെ പഠനവും ഗവേഷണവും ചെറുപ്രായത്തിൽ തന്നെ തുടങ്ങി. ലക്ഷക്കണക്കിന് ഹദീസുകൾ അതിന്റെ സനദ് (നിവേദക പരമ്പര) അടക്കം ഹൃദിസ്ഥമാക്കുകയും അതിനേക്കാൾ എത്രയോ അധികം ഹദീസുകൾ ശേഖരിച്ചു രേഖപ്പെടുത്തുകയും ചെയ്തു.
തന്റെ 16-മത്തെ വയസ്സിൽ ഹദീസ് തേടി യാത്രയാരംഭിച്ച അദ്ദേഹം അക്കാലത്തു മുഹദ്ധിസുകൾ ജീവിച്ച എല്ലാ നഗരങ്ങളിലും ഹദീസന്വേഷിച്ചു ചുറ്റിക്കറങ്ങി. ഹദീസുകൾ ശേഖരിക്കുന്നതിൽ ഉൽക്കടമായ താൽപര്യം പുലർത്തിയ ബുഖാരി അതിന്റെ വിശ്വാസ്യതയും സത്യസന്ധതയും ഉറപ്പു വരുത്താൻ കണിശമായ നിബന്ധനകൾ വെച്ചു. അക്കാരണത്താൽ തന്നെ സമകാലീനരും അദ്ദേഹത്തിന്റെ പിന്മുറക്കാരുമായ പ്രഗത്ഭ മുഹദിസുകളുടെയും ഉലമാക്കളുടെയും പ്രശംസക്ക് അദ്ദേഹം പാത്രമായി. അലി അൽ മദീനി, ഇമാം അഹ്‌മദ്‌ യഹ്‌യ ബിൻ മഈൻ, അബ്ദുള്ള അൽ തന്നീസി, ഹകം ബിൻ നാഫിഉ, അബ്ദുള്ള അൽ മുസ്നദി, ഫുദൈൽ ബിൻ ദുകൈൻ, ഹാഷിം അൽ തയാലിസി, ഇസ്‌ഹാഖ്‌ ബിൻ റാഹൂയ, തുടങ്ങി നെടുകായന്മാരായ മുഹദ്ധിസുകളായിരുന്നു അദ്ദേഹത്തിന്റെ ഗുരുക്കന്മാർ.
ഇമാം മുസ്‌ലിം, ഇമാം ഇബ്‌നു ഖുസൈമ, ഇമാം നസാഈ, ഇമാം തുർമുദി, ഇമാം ഇബ്‌നു അബിദ്ദുൻയാ തുടങ്ങി പേരുകേട്ട ശിഷ്യ ഗണങ്ങളും, അബു ഹാതിം അൽ റാസി, അബു സുർഅ അൽ റാസി, ഇബ്‌നു അബീ ആസിം, ഇബ്‌റാഹീം ഇബ്നുൽ ഹർബീ തുടങ്ങിയ സതീർഥ്യരും അദ്ദേഹത്തിനുണ്ടായിരുന്നു.
ഇമാം അഹ്‌മദ്‌, അലി അൽ മദീനി, യഹ്‌യ ബിൻ മഈൻ തുടങ്ങിയ ഹദീസ് നിദാന ശാസ്ത്രത്തിലെ അതികായന്മാരുടെ സൂക്ഷ്മ നിരീക്ഷണത്തിൽ നിന്ന് കറ കളഞ്ഞു ഒരു ഹദീസ് സ്വീകാര്യയോഗ്യമായി വിധിക്കപ്പെടുകയെന്നത് വലിയ കാര്യം തന്നെയാണ്. അവരുടെ പരിശോധനകളുടെ കടമ്പ കടന്ന ഹദീസ് ഗ്രന്ഥമാണ് ഇമാം ബുഖാരിയുടെ സ്വഹീഹുൽ ബുഖാരി. അത് കൊണ്ട് തന്നെ സ്വഹീഹുൽ ബുഖാരിയെ വിമർശിക്കുന്നവർ സഹതാപം പോലുമർഹിക്കുന്നില്ല. മുസ്‌ലിം ഉമ്മത്ത് സ്വഹീഹ് എന്ന് വിലയിരുത്തുകയും പരിഗണിക്കുകയും ചെയ്യുന്ന സ്വഹീഹുൽ ബുഖാരിയിലെ പല ഹദീസുകളും സ്വന്തം ബുദ്ധിയുടെയും യുക്തിയുടെയും അടിസ്ഥാനത്തിൽ ഖുർആനിന് യോജിക്കാത്തതെന്ന് അഭിപ്രായപ്പെടുന്ന ആളുകൾ ഒരൽപം ആലോചിക്കുന്നത് നല്ലതാണ്. കേരളത്തിൽ ജമാഅത്തെ ഇസ്‌ലാമിയിലും മുജാഹിദ് പ്രസ്ഥാനത്തിലുമൊക്കെ പ്രവർത്തിക്കുന്ന പല പ്രാസംഗികരും സ്വഹീഹുൽ ബുഖാരിയുടെ നിലവാരം ഇടിച്ചു സംസാരിക്കുന്നവരായുണ്ട്. പ്രത്യേകിച്ച് മർകസ് ദഅവ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മുജാഹിദുകളിലെ നല്ലൊരു പങ്കു പ്രാസംഗികരും ഇതിന്റെ വക്താക്കളാണ്. ജിന്ന്, സിഹ്ർ കണ്ണേറ് , നമസ്കാരത്തിലെ സുത് റ, തുടങ്ങിയ വിഷയങ്ങളിലുള്ള ഹദീസുകൾ ഇവർക്ക് സ്വീകാര്യമേയല്ല. ഇത്തരം ഹദീസുകളെ ദുർവ്യാഖ്യാനിക്കലോ നിഷേധിക്കലോ ഒക്കെയാണ് അവർക്കിന്ന് ആദർശം. വാസ്തവത്തിൽ സ്വഹീഹുൽ ബുഖാരിയിലെ ഹദീസുകൾ നിരൂപണം നടത്തുകയും അവയിൽ ചിലതിന് വിമർശനം രേഖപ്പെടുത്തുകയും ചെയ്ത ഇമാം ദാറഖുത്വ് നി തൊട്ട് ശൈഖ് അൽബാനി വരെയുള്ള മുഹദ്ധിസുകളിൽ ഒരാൾ പോലും മുകളിൽ പറഞ്ഞ വിഷയങ്ങളിൽ ആക്ഷേപം ഉന്നയിക്കുകയോ സ്വഹീഹുൽ ബുഖാരിയിലെ തത്സംബന്ധമായ ഹദീസുകളെ നിരാകരിക്കുകയോ ചെയ്തിട്ടില്ല. പിന്നെ എന്താണ് ഇവരുടെ വാദത്തിന്റെ ആധാരമെന്ന് ചോദിക്കുമ്പോൾ പ്രാമാണികരായ പറയാൻ പറ്റുന്ന ഒരാളുടെ പേരു പോലും പറയാൻ സാധിക്കാറില്ല. സുന്നത്തിന്റെ ശത്രുക്കളും ഹവയുടേയും ബിദ്അതിന്റെയും സഹയാത്രികരും റാഫിദികളുമൊക്കെ സ്വഹീഹുൽ ബുഖാരിക്കെതിരെ പടച്ചു വിടുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അതേപടി ഏറ്റെടുക്കുയാണ് ഈ വിവരദോഷികൾ.
ചുരുക്കത്തിൽ, ഇമാം ബുഖാരിയുടെ ഉദ്യമം വൃഥാവിലാവുകയോ സ്വഹീഹുൽ ബുഖാരി അന്യവൽക്കരിക്കപ്പെടുകയോ ചെയ്തിട്ടില്ല. സുന്നത്തിനെ സ്നേഹിക്കുന്ന ആളുകളുടെ കയ്യിൽ അള്ളാഹു ഉദ്ദേശിച്ച കാലമത്രയും അത് നിലനിൽക്കുകയും അതിന്റെ രചയിതാവ് ഇമാം ബുഖാരി റഹിമഹുള്ളാ ദീപ്തമായി സ്മരിക്കപ്പെടുകയും ചെയ്യും.

ബഷീർ പുത്തൂർ
http://sahab-salafiyyah.blogspot.com/

Wednesday, September 26, 2018

സ്വഹീഹുൽ ബുഖാരിയും വിമർശകരും - 5

അംഗശുദ്ധി വരുത്തി രണ്ടു റക്അത്തു ഇസ്തിഖാറത് നമസ്കരിച്ചു കൊണ്ടായിരുന്നു ഇമാം ബുഖാരി റഹിമഹുള്ളാഹ് ഓരോ ഹദീസും അതി സുക്ഷമമായി പരിശോധിക്കുകയും അതിലെ കതിരും പതിരും വേർതിരിക്കുകയും ചെയ്തിരുന്നത്.
ഹദീസുകൾ സ്വീകരിക്കുന്നതിൽ മറ്റൊരു മുഹദിസും സ്വീകരിക്കാത്ത സൂക്ഷ്മവും ശക്തവുമായ നിബന്ധനകൾ നിശ്ചയിക്കുകയും തന്റെ കർശന നിബന്ധനകൾക്ക് വിധേയമായ ഹദീസുകൾ മാത്രം അദ്ദേഹം സ്വഹീഹിൽ ഉൾപ്പെടുത്തുകയും ചെയ്തു. താൻ ശേഖരിച്ച ഹദീസുകൾ സ്വഹീഹ് തന്നെയാണെന്ന് ഉറപ്പു വരുത്താൻ ആയിരക്കണക്കിന് ഹദീസ് നിവേദകരെ സസൂക്ഷ്മം പഠിക്കുകയും അവരുടെ ജീവിതവും ചുറ്റുപാടും സഹവാസവും യാത്രയും ഗുരു-ശിഷ്യ ബന്ധങ്ങളും, ജനന-മരണവും അതി സൂക്ഷ്മം നിരീക്ഷിക്കുകയും വിശകലനം നടത്തുകയും ചെയ്തു. തദടിസ്ഥാനത്തിൽ ഓരോ ഹദീസിനെക്കുറിച്ചും നിർണ്ണയം നടത്തുകയും വിധി രേഖപ്പെടുത്തുകയും ചെയ്തു. തികഞ്ഞ അറിവിന്റെയും പകരം വെക്കാനില്ലാത്ത അനുഭവത്തിന്റെയും അടിത്തറയിൽ പാകിയ ഒരമൂല്യ കൃതിയാണ് സ്വഹീഹുൽ ബുഖാരി.
ഹദീസ് നിതാന ശാസ്ത്രം (علم الحديث) ഉൽകൃഷ്ടമായ ഒരു വിജ്ഞാന ശാഖയാണ്. അതിൽ ഹദീസുകളുടെ ന്യുനതകൾ കണ്ടെത്തൽ (معرفة علل الحديث) അതിനേക്കാൾ ഉൽകൃഷ്ടവും സ്തുത്യർഹവുമായ കലയാണ്. നല്ല ഉൾക്കാഴ്ചയും കഠിനാദ്ധ്വാനവും അത്യന്താപേക്ഷിതമായ ഈ വിജ്ഞാന ശാഖയിൽ പ്രാവീണ്യമുണ്ടാവുകയെന്നത് നിസ്സാര കാര്യമല്ല. ഹദീസിന്റെ നിവേദക പരമ്പരയിലുള്ള അശ്രദ്ധരും, ആരോപിതരും (കളവ്, കെട്ടിയുണ്ടാക്കൽ, മറവി, ആശയക്കുഴപ്പം,) അഭിപ്രായ വൈരുദ്ധ്യമുള്ളവരുമൊക്കെയായ നിവേദകരെക്കുറിച്ചു പ്രത്യേകവും സൂക്ഷ്മവുമായ പഠനം നടത്തുകയും, ഹദീസ് വന്നിട്ടുള്ള വ്യത്യസ്തങ്ങളായ മുഴുവൻ വഴികളും (طرق الحديث ) സമാഹരിക്കുകയും അതിൽ നിരീക്ഷണം നടത്തുകയും ചെയ്യാൻ അങ്ങേയറ്റത്തെ കഴിവും പാടവവുമുള്ള ക്രാന്തദർശികളായ വിരളം മുഹദ്ദിസുകൾക്കു മാത്രമേ സാധിക്കുകയുള്ളൂ. അത്തരം അപൂർവ്വം മുഹദ്ധിസുകളിൽ അഗ്രഗണ്യനായിരുന്നു ഇമാം ബുഖാരി റഹിമഹുള്ളാ !
സ്വഹീഹുൽ ബുഖാരിയിലെ ഹദീസുകൾ സ്വഹീഹ് ആണ് എന്നതിന് മുസ്‌ലിം ഉമ്മത്തു സാക്ഷിയാണ്. സ്വഹീഹുൽ ബുഖാരി നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് സ്ഥിരപ്പെട്ട ഹദീസുകൾ ക്രോഡീകരിക്കപ്പെട്ട പ്രൗഢ ഗ്രന്ഥമാണെന്ന് അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്തു കൊണ്ട് തന്നെ, അതിലെ ചില ഹദീസുകൾക്കോ, ഏതാനും പദ പ്രയോഗങ്ങൾക്കോ വിമർശനം രേഖപ്പെടുത്തിയ മുഹദിസുകളുണ്ട്.
അത്തരം നിരൂപകരിൽ പ്രമുഖനായ ഒരാളാണ് ഇമാം ദാറഖുത്വ് നീ റഹിമഹുള്ളാ. എന്തു കൊണ്ടും ഇൽമുൽ ഹദീസിൽ തലയെടുപ്പും ഇലലുൽ ഹദീസിൽ ഇമാം ബുഖാരിയോട് തുലനം ചെയ്യാൻ മാത്രം പ്രാഗൽഭ്യവുമുള്ള അദ്ദേഹത്തിന്റെ നിരൂപണത്തിനു ഓരോന്നിനും അക്കമിട്ടു ഇമാം ഇബ്‌നു ഹജറുൽ അസ്ഖലാനി റഹിമഹുള്ളാ ഫത് ഹുൽ ബാരിയുടെ മുഖദ്ധിമയിൽ മറുപടി പറയുന്നുണ്ട്. 'ഹദിയുസ്സാരീ മുഖദ്ധിമത്തു ഫത് ഹിൽ ബാരീ' എന്ന പേരിൽ ഒരു വേറിട്ട ഗ്രന്ഥമായിത്തന്നെ ഇന്നത് ലഭ്യമാണ്. ഹദീസിന്റെ സ്വീകാര്യതയെ ബാധിക്കാത്ത വിധത്തിൽ ഹദീസിന്റെ സനദിലോ മത് നിലോ ഉള്ള പദങ്ങളിലെ വ്യത്യാസവും പോരായ്മകളുമൊക്കെയല്ലാതെ ഇതിൽ മറ്റൊന്നുമില്ല.
വിശ്രുത ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിക്കും അതിന്റെ രചയിതാവായ ഇമാം ബുഖാരിക്കുമുള്ള വിമർശനങ്ങളെക്കുറിച്ചു പ്രതിപാദിക്കുമ്പോൾ പരാമർശിക്കപ്പെടേണ്ട ചില വസ്തുതകളുണ്ട്. ഇമാം ദാറഖുത്വ് നീയുടെയും അബു മസ് ഊ ദുദിമശ്ഖിയുടേയുമെല്ലാം നിരൂപണങ്ങൾ നിലവാരമുള്ളവയും അഗാധമായ പാണ്ഡിത്യത്തിന്റെ അടയാളവുമായിരുന്നെങ്കിൽ ഉലൂമുൽ ഹദീസിനെക്കുറിച്ചോ മുഹദ്ധിസുകൾ കടന്നു പോയ കനൽ പഥങ്ങളെക്കുറിച്ചോ ഉള്ള കേട്ടറിവ് പോലുമില്ലാത്ത ആധുനികരായ ചില എഴുത്തുകാരും പ്രാസംഗികരും സ്വഹീഹുൽ ബുഖാരിയിലെ പല ഹദീസുകളെയും വിമർശിക്കാനും നിരൂപണം നടത്താനും ധൃഷ്ടരായിട്ടുണ്ട്. സ്വന്തം ബുദ്ധിയുടെയും യുക്തിയുടെയും അടിസ്ഥാനത്തിൽ പ്രമാണങ്ങളെ സമീപിക്കുന്ന ഈയാളുകൾ ഇമാം ബുഖാരിക്കു തെറ്റ് പറ്റില്ലേ ? അദ്ദേഹം മനുഷ്യനല്ലേ എന്നൊക്കെ ചോദിക്കുന്നത് മുഹദ്ധിസുകളുടെ സൂക്ഷ്മതയെക്കുറിച്ചും ഹദീസ് സ്വീകരിക്കുന്നതിലും പരിശോധിക്കുന്നതിലും അവർ കാണിച്ച ജാഗ്രതയെക്കുറിച്ചുമുള്ള അറിവില്ലായ്‌മ കൊണ്ടാണ്. ബുഖാരിയിലെ പല ഹദീസുകളും തോട്ടിലെറിയണമെന്നു പറയുന്നവരും സ്വഹീഹുൽ ബുഖാരി മൊത്തമായി കത്തിക്കണമെന്നു പറയുന്നവരുമായ ഇവർ നവോദ്ധാനത്തിൻറെ വക്താക്കളായാണ് അറിയപ്പെടുന്നത്. നമുക്കവരോട് പറയാനുള്ളത്, നിങ്ങൾ എറിയുന്ന കല്ലുകൾ എത്തുന്ന ദൂരപരിധിയിൽ നിന്നും എത്രയോ ഉയരത്തിലാണ് ഇമാം ബുഖാരിയും അദ്ദേഹത്തിന്റെ സ്വഹീഹും. ഒരാവർത്തി പോലും സ്വഹീഹുൽ ബുഖാരി വായിക്കുകയോ അതിന്റെ ഒരു വ്യാഖ്യാന ഗ്രന്ഥം പോലും മുഴുവനായി കാണുകയോ ചെയ്യാത്ത നിങ്ങൾക്ക് സുന്നത്തിന്റെ സംരക്ഷകരെയും അവർ അനുഭവിച്ച ത്യാഗത്തിന്റെയും വില ഉൾക്കൊള്ളാൻ കഴിയില്ല.

കൂട്ടത്തിൽ എടുത്തു പറയേണ്ട ഒരു കാര്യം, ഇമാം ബുഖാരി റഹിമഹുള്ളാ നേരിട്ട തീഷ്ണമായ പരീക്ഷണങ്ങളാണ്. തന്റെ സമകാലീനനും തനിക്കു താൻ പോന്നവനും തന്റെ സ്വഹീഹിൽ ഹദീസുകൾ രിവായത് ചെയ്ത വ്യക്തിയും എണ്ണപ്പെട്ട മുഹദ്ധിസുകളിൽ ഒരാളുമായ മുഹമ്മദ് ബിൻ യഹ്‌യ അൽ ദുഹ്‌ലിയുമായി ഉണ്ടായ വ്യക്തിപരമായ ചില അസ്വാരസ്യങ്ങൾ അദ്ദേഹത്തെ വല്ലാതെ പ്രയാസപ്പെടുത്തുകയും നാട്ടിൽ നിന്ന് നിഷ്കാസിതനാകാൻ പോലും കാരണമാവുകയും ചെയ്തു. ഒടുവിൽ തന്റെ പേരിൽ ഇല്ലാത്ത ആരോപണങ്ങൾ പ്രചരിക്കപ്പെടുകയും ഖുർആൻ അള്ളാഹുവിന്റെ സൃഷ്ടിയാണ് എന്ന വചനശാസ്ത്ര വാദം അദ്ദേഹത്തിന്റെ മേൽ കെട്ടി വെക്കപ്പെടുകയും ചെയ്തു. അതിന്റെ ഭവിഷ്യത്തു കഴുകിക്കളയാനാണ് ഇമാം ബുഖാരി "ഖൽക്കു അഫ്ആലിൽ ഇബാദ്" എന്ന ഗ്രന്ഥം തന്നെ രചിക്കുന്നത്.
ഫലമുള്ള വൃക്ഷത്തിലാണല്ലോ കല്ലെറിയുക. ഇസ്‌ലാമിന് വേണ്ടി ത്യാഗം സഹിക്കുകയും അതിന്നു വേണ്ടി പരീക്ഷണങ്ങൾ ഏറ്റു വാങ്ങുകയും ചെയ്ത അഹ്‌ലുസ്സുന്നത്തിന്റെ പകരം വെക്കാനില്ലാത്ത ഇമാമാണ് ഇമാം മുഹമ്മദ് ബിൻ ഇസ്മായീൽ അൽ ബുഖാരി റഹിമഹുള്ളാ

സ്വഹാബത്തിനോടുള്ള നമ്മുടെ നിലപാട്


● قال النبي صلى الله عليه وسلم : ( من سب أصحابي فعليه لعنة الله ) . ( لم الدر المنثور / جمع الشيخ جمال الحارثي )
നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു " ആരെങ്കിലും എന്റെ സ്വഹാബതിനെ ആക്ഷേപിച്ചാല് അവന്റെ മേല്അല്ലാഹുവിന്റെ ശാപമുണ്ടാവും "
● قال العوام بن حوشب - رحمه الله - : (( أذكروا محاسن أصحاب محمد عليه السلام تأتلف عليهم قلوب الناس، ولا تذكروا مساويهم فتحرشوا الناس عليهم )). ( لم الدر المنثور / جمع الشيخ جمال الحارثي )
അവാം ഇബ്ന് ഹുശബ് റഹിമഹുള്ള പറഞ്ഞു"നിങ്ങള് മുഹമ്മദ്‌ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അനുചരന്മാരുടെ സുകൃതങ്ങള് പറയൂ , ജനഹൃദയങ്ങളില് അവരോടു ഇണക്കമുണ്ടാവട്ടെ , അവരുടെ ദോഷങ്ങള് പരയാതിരിക്കു , ജനങ്ങള് അവരെ വെറുക്കാതിരിക്കട്ടെ "
● قال عبدالله بن عباس - رضي الله عنهما -: (( لا تجالس أهل الأهواء فإن مجالستهم ممرضة للقلوب )) . ( لم الدر المنثور / جمع الشيخ جمال الحارثي )
അബ്ദുല്ലാഹിബിന് അബ്ബാസ് റദിയല്ലാഹു അന്ഹുമാ :ഹവയുടെ ആളുകളുമായി നിങ്ങള് കൂടിയിരിക്കരുത് , കാരണം അവരുമായുള്ള കൂ ദിയിരുത്തം ഹൃദയങ്ങളില് രോഗമുണ്ടാക്കും"
● قال إبراهيم النخعي - رحمه الله - : (( لا تجالسوا أصحاب الأهواء، فإني أخاف أن ترتد قلوبكم )) . ( لم الدر المنثور / جمع الشيخ جمال الحارثي )
ഇബ്രാഹീം അന്നഖ-ഇ റഹിമാഹുല്ലാ : ഹവയുടെ ആളുകളോട് നിങ്ങള് കുടിയിരിക്കരുത്. നിങ്ങളുടെ ഹൃദയങ്ങള്പരിത്യജിക്കപ്പെടുമെന്നു ഞാന് ഭയപ്പെടുന്നു"

സ്വഹീഹുൽ ബുഖാരിയും വിമർശകരും - 4

ഇമാം ബുഖാരി റഹിമഹുള്ളാ തന്റെ രചന പൂർത്തീകരിച്ചപ്പോൾ, അക്കാലത്തെ ഹദീസ് വിജ്ഞാനത്തിലെ അഗ്രേസരന്മാരായ ഇമാം അഹ്‌മദ്‌, അലി അൽ മദീനി, യഹ്‌യ ബിൻ മഈൻ തുടങ്ങിയ മുഹദ്ധിസുകൾക്കു മുന്നിൽ സമർപ്പിച്ചു. ഉഖൈലി പറയുന്നു. " ബുഖാരി തന്റെ സ്വഹീഹായ ഹദീസ് ഗ്രന്ഥം രചിച്ചപ്പോൾ ഇമാം അഹ്‌മദ്‌, അലി അൽ മദീനി, യഹ്‌യ ബിൻ മഈൻ തുടങ്ങിയവരുടെ മുമ്പിൽ സമർപ്പിച്ചു. അവരെല്ലാം അത് പരിശോധിക്കുകയും താങ്കളുടെ ഗ്രന്ഥം സ്വഹീഹ് തന്നെയാണെന്ന് വിധി നൽകുകയും ചെയ്തു. നാല് ഹദീസുകളുടെ കാര്യത്തിൽ മാത്രമേ അവർക്ക് സംശയമുണ്ടായിരുന്നുള്ളൂ. ഉഖൈലി തുടരുന്നു. " എന്നാൽ ആ നാല് ഹദീസുകളുടെ കാര്യത്തിലും ശെരി ബുഖാരിയുടെ ഭാഗത്തു തന്നെയായിരുന്നു.കാരണം, അവ സ്വഹീഹ് തന്നെയായിരുന്നു. "
ഹദീസ് വിഷയത്തിൽ ഇമാം ബുഖാരി എക്കാലത്തും വിശ്വസ്തനും സമശീർഷരില്ലാത്ത മുഹദ്ധിസുമായിരുന്നു. അദ്ദേഹത്തെക്കുറിച്ചു അദ്ദേഹത്തിന്റെ സമകാലീനരും അല്ലാത്തവരുമായ പ്രഗത്ഭരായ മുഹദിസുകളും ചരിത്രകാരന്മാരും നടത്തിയ അഭിപ്രായപ്രകടനങ്ങൾ അതിന്റെ നേർസാക്ഷ്യങ്ങളാണ്.
ഇമാം അഹ്‌മദ്‌ റഹിമഹുള്ളാ പറഞ്ഞു " മുഹമ്മദ് ബിൻ ഇസ്മായീൽ ബുഖാരിയെപ്പോലെ (മറ്റൊരാളെ) ഒരാളെ ഖുറാസാൻ പട്ടണം ഉൽപാദിപ്പിച്ചിട്ടില്ല" താരീഖ് ബഗ്‌ദാദ്‌
അലി അൽ മദീനി പറയുന്നു. " അദ്ദേഹത്തെ വെറുതെ വിടുക, അദ്ദേഹത്തെപ്പോലെ ഒരാളെ കാണപ്പെടുകയില്ല" സിയർ
അംറു ബിൻ അലി പറയുന്നു " മുഹമ്മദ് ബിൻ ഇസ്മായീലിനു അറിയാത്ത ഒരു ഹദീസ്, ഹദീസേയല്ല" താരീഖ് ബഗ്‌ദാദ്‌
അബു ഈസ തുർമുദി പറയുന്നു " ഇറാഖിലോ ഖുറാസാനിലോ ചരിത്രവും, ഹദീസിന്റെ പരമ്പരയെക്കുറിച്ചും, ഇലലിനെക്കുറിച്ചും മുഹമ്മദ് ബിൻ ഇസ്മായീലിനെക്കാൾ അറിവുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല" - ശറഹു ഇലലി തുർമുദി


നഈം ബിൻ ഹമ്മാദ് പറയുന്നു. " മുഹമ്മദ് ബിൻ ഇസ്മായീൽ ഈ ഉമ്മത്തിന്റെ ഫഖീഹ് ആണ് " - സിയർ.

ഇമാം മുസ്‌ലിം ബുഖാരിയുടെ അടുത്ത് വന്നു പറഞ്ഞു " മുഹദ്ധിസുകളുടെ നേതാവും, ഹദീസിൽ 'ഇലലു'കളുടെ വൈദ്യനും , ഉസ്താദുമാരുടെ ഉസ്താദുമായ താങ്കളുടെ പാദങ്ങളിൽ ഞാൻ ചുമ്പനങ്ങളർപ്പിക്കട്ടെ " - ഹദിയുസ്സാരീ
ഇമാം മുസ്‌ലിം പറഞ്ഞു " താങ്കളെ അസൂയക്കാരല്ലാതെ വെറുക്കുകയില്ല, ദുനിയാവിൽ താങ്കളെപ്പോലെ ഒരാളില്ലായെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു" അൽ ബിദായ വന്നിഹായ
ഇമാം ഇബ്‌നു ഖുസൈമ പറയുന്നു. " ആകാശക്കുടക്ക് കീഴെ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ഹദീസിനെക്കുറിച്ചു മുഹമ്മദ് ബിൻ ഇസ്മായീലിനെക്കാൾ അറിവും ധാരണയുമുൊള്ള മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല" - സിയർ
ഇബ്‌നു അബീ ശൈബ പറയുന്നു " മുഹമ്മദ് ബിൻ ഇസ്മായീലിനെപ്പോലെ മറ്റൊരാളെ നാം കണ്ടിട്ടില്ല" സിയർ
ഇമാം ബുഖാരിയെക്കുറിച്ചു അക്കാലത്തു ജീവിക്കുകയും അദ്ദേഹത്തിന്റെ അറിവിന്റെ ആഴവും പ്രാവീണ്യവും മനസ്സിലാക്കുകയും ചെയ്ത ഭുവനപ്രശസ്തരായ അഹ്‌ലുസ്സുന്നയുടെ ഇമാമുമാരിൽ ചിലരുടെ പ്രശംസാ വചനങ്ങളിൽ ചിലതു മാത്രമാണ് ഇതെല്ലാം. അവ മുഴുവൻ രേഖപ്പെടുത്തുകയാണെങ്കിൽ നിരവധി വാള്യങ്ങൾ തന്നെ വേണ്ടി വരും.
ഇതിനെല്ലാം പുറമെ ഇമാം ബുഖാരിയെക്കുറിച്ചു ഇമാം ഇബ്‌നു കസീർ, ഇമാം ദഹബി, ഇമാം ഇബ്‌നു ഹജർ തുടങ്ങിയവർ പ്രത്യേകം ഗ്രന്ഥ രചന തന്നെ നടത്തിയിട്ടുണ്ട്.
ഇമാം ബുഖാരിയുടെ രചനകളിൽ സവിശേഷമായത് സ്വഹീഹുൽ ബുഖാരി തന്നെയാണ്. അതിന് പുറമെ അൽജാമിഉൽ കബീർ, അൽജാമിഉസഗീർ, അൽ അദബുൽ മുഫ് റദ്, അസാമീസഹാബ, കിതാബുൽ അശ് രിബ , അത്തഫ്സീറുൽ കബീർ, ഖൽഖു അഫ്ആലിൽ ഇബാദ്, തുടങ്ങി മുസ്‌ലിം ലോകത്തു ഇന്നും ചർച്ച ചെയ്യപ്പെടുന്ന നിരവധി പ്രൗഢഗംഭീരമായ ഗ്രന്ഥങ്ങൾ.

സ്വഹീഹുൽ ബുഖാരിയും വിമർശകരും - 3

ഇമാം ബുഖാരി റഹിമഹുള്ളാ തന്റെ ജീവിത സപര്യയായ ഹദീസ് പഠനവും ഗവേഷണവും നിരന്തര പ്രയത്നവും അക്ഷീണ പരിശ്രമവും നടത്തി 'അൽജാമിഉ സ്വഹീഹ്' എന്ന് വിളിക്കുന്ന 'സ്വഹീഹുൽ ബുഖാരി' മുസ്‌ലിം ഉമ്മത്തിന്‌ സമർപ്പിക്കാൻ പതിനാറു വർഷമെടുത്തു. വിവിധ വിഷയങ്ങളിലായി ആവർത്തനങ്ങളില്ലാതെ സ്വഹീഹായ രണ്ടായിരത്തി അറുനൂറ്റി രണ്ട് (2602) മുസ്‌നദായ (പൂർണ്ണമായ നിവേദക പരമ്പരയോടെ) ഹദീസുകളും, അനുബന്ധമായി(തഅലീഖ്) ആയി (മത് നു മാത്രം) നൂറ്റി അൻപത്തി ഒമ്പതു (159) ഹദീസുകളും അതിൽ ഉൾക്കൊള്ളുന്നു. ഹദീസുകളുടെ എണ്ണത്തിൽ നേരിയ ഏറ്റക്കുറച്ചിലുകൾ കാണാമെങ്കിലും എല്ലാം പരസ്പര പൂരകമായി വിലയിരുത്തുന്നതാണ് അഭികാമ്യം.
അനുബന്ധം (മുഅല്ലഖ്) ആയ ഹദീസുകൾ എന്നാൽ സനദിന്റെ തുടക്കം തൊട്ടു സ്വഹാബി വരെയോ അതല്ലെങ്കിൽ താബിഇ വരെയോ ഉള്ള നിവേദക പരമ്പരയിലെ ആരെയും പേര് പറയാതെ ഹദീസ് മാത്രമായോ അല്ലെങ്കിൽ അതിന്റെ ഒരു ഭാഗം മാത്രം പറയുന്നതോ ആയ രീതിയാണ്. അവ മുസ്‌നദ് (പരമ്പര വ്യക്തമായി പറഞ്ഞ) അല്ലാത്തവയാണ്. അത് കൊണ്ട് തന്നെ സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് എന്ന് പറയുമ്പോൾ ഈ അനുബന്ധങ്ങൾ ഉദ്ദേശിക്കപ്പെടുന്നില്ല. സ്വഹീഹുൽ ബുഖാരിയിൽ മൊത്തം 1341 മുഅല്ലഖ് ആയ ഹദീസുകളുണ്ട്. മുഅല്ലഖ് ആയ എല്ലാ ഹദീസുകളും ദുർബലമാണ് എന്ന് കരുതാൻ പാടില്ല. ഇവയിൽ പലതും ഇമാം ബുഖാരി തന്നെ തന്റെ സ്വഹീഹിൽ പൂർണമായ സനദോടു കൂടി ഉദ്ധരിക്കുന്നു. വേറെ പലതും ഇബ്നു ഹജറുൽ അസ്ഖലാനി സനദ് ഉൾപ്പെടുത്തി മറ്റൊരു ഗ്രന്ഥത്തിൽ വിശതീകരിച്ചിട്ടുണ്ട്.
സ്വഹീഹുൽ ബുഖാരിക്ക് ചെറുതും വലുതുമായി നാൽപതോളം വ്യാഖ്യാന ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ, സംഗ്രഹങ്ങളും ഓരോ അധ്യായങ്ങളായി പ്രത്യേകമായും, നിവേദക പരമ്പരയെക്കുറിച്ചും മറ്റു പ്രത്യേകമായ വിഷയങ്ങളെക്കുറിച്ചും, മത വിധികളും, ഖുർആൻ, ഹദീസ് ചരിത്രം തുടങ്ങി ഒരുപാടൊരുപാട് വിജ്ഞാന ശാഖകളിലേക്ക് അതിന്റെ വെളിച്ചം കടന്നു ചെല്ലുന്നു. മുസ്‌ലിം ലോകം സ്വഹീഹുൽ ബുഖാരിക്ക് നൽകിയ സ്ഥാനം എന്തായിരുന്നുവെന്ന് തിരിച്ചറിയാൻ ഇതൊക്കെ തന്നെ ധാരാളമാണ്. ആ വ്യാഖ്യാനഗ്രന്ഥങ്ങളിൽ പലതും വിവിധങ്ങളായ സവിശേഷതകൾ കൊണ്ട് സമ്പന്നമാണ്. ഹദീസിന്റെ ആശയ വ്യാഖ്യാനം, ഭാഷാപരമായ വശങ്ങൾ, മതപരമായ വിധി വിലക്കുകൾ തുടങ്ങി ഗഹനമായ വിജ്ഞാന ശാഖകളിൽ മേൽക്കൈ പുലർത്തുന്ന വ്യാഖ്യാന ഗ്രന്ഥങ്ങൾ അക്കൂട്ടത്തിലുണ്ട്. സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാന ഗ്രന്ഥങ്ങളിൽ "ഫത്ഹുൽ ബാരീ" എന്ന പേരിൽ ഇമാം ഇബ്നു റജബ് റഹിമഹുള്ളാ എഴുതിയ വ്യാഖ്യാനഗ്രന്ഥം അമൂല്യമാണ്. അപൂർണ്ണമാണെങ്കിലും മുഹദ്ധിസുകൾക്കിടയിൽ പ്രസിദ്ധമായ ഈ ഗ്രന്ഥം നല്ല ഒരു റഫറൻസ് ആയി പരിഗണിക്കപ്പെടുന്നു.
ഇമാം ഇബ്‌നു ഹജർ അസ്ഖലാനിയുടെ ഫത് ഹുൽ ബാരിയാണ് ശ്രദ്ധേയമായ മറ്റൊന്ന്. ഇമാം ബുഖാരിയുടെ ഗ്രന്ഥ രചനാ പാടവവും വൈദഗ്ധ്യവും മനസ്സിലാക്കുകയും അതിന്റെ ആത്മാവ് ചോർന്നുപോകാതെ പൂർണ്ണമായി ഉൾക്കൊണ്ടു തന്നെ ഹദീസുകൾ വ്യാഖ്യാനിക്കുകയും അറിവിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു മുത്തും പവിഴവും വാരിയെടുക്കുകയും ചെയ്തു ഇമാം ഇബ്‌നു ഹജർ റഹിമഹുള്ളാ. ഫത് ഹുൽ ബാരിയുടെ വൈജ്ഞാനിക സമ്പുഷ്ടമായ ആമുഖം തന്നെ ഇമാം ഇബ്‌നു ഹജർ അസ്ഖലാനിയുടെ മികവ് വിളിച്ചോതുന്നതാണ്. "ഇബ്‌നു ഹജറിന് ശേഷം അദ്ദേഹത്തെപ്പോലെ ഒരാളെ ഒരു സ്ത്രീയും പ്രസവിച്ചിട്ടില്ല" എന്ന് ഷെയ്ഖ് നാസിറുദ്ധീൻ അൽബാനി റഹിമഹുള്ളാ പറഞ്ഞത് വെറുതെയല്ലായെന്നർത്ഥം.
സ്വഹീഹുൽ ബുഖാരിയെ ആസ്പദമാക്കി പഠനങ്ങൾ നടന്നു കൊണ്ടേയിരിക്കുന്നു. ഓരോ അധ്യായത്തിനും ഇമാം ബുഖാരി നൽകിയ തല വാചകത്തിൽ പോലും ഒരുപാട് അറിവുകളും അനുബന്ധങ്ങളും ഗവേഷകർ കണ്ടെത്തുന്നു. അള്ളാഹുവിന്റെ ദീനിന്റെ പ്രധാന ഭാഗമായ സുന്നത്തു പഠിക്കുകയും ജനങ്ങൾക്ക് അനുഭവ വേദ്യമാക്കുകയും ചെയ്യുന്നതിൽ ഇമാം ബുഖാരി നൽകിയ സേവനം വിലമതിക്കാൻ കഴിയാത്തതാണ്.

സ്വഹീഹുൽ ബുഖാരിയും വിമർശകരും - 2


ഹദീസ് വിജ്ഞാനത്തിൽ സത്യവിശ്വാസികളുടെ നേതാവ് (അമീറുൽ മുഉമിനീൻ ഫിൽ ഹദീസ്)എന്ന് പരക്കെ വിശേഷിപ്പിക്കപ്പെട്ട ഇമാം ബുഖാരിയുടെ ഹദീസിലുള്ള പരിജ്ഞാനം പുകൾപെറ്റതാണ്. ഒരൊറ്റ വായനയിലൂടെയോ കേൾവിയിലൂടെയോ ഹദീസുകൾ മനഃപാഠമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
മുഹമ്മദ് അൽ വറാഖ് പറയുന്നു. ഹാഷിദ് ബിൻ ഇസ്മായീലും മറ്റൊരാളും പറയുന്നത് ഞാൻ കേട്ടു. അബു അബ്ദുള്ള ബുഖാരി കുട്ടിയായിരിക്കെ ബസറയിലെ പണ്ഡിതന്മാരുടെ അടുക്കലേക്കു ഞങ്ങളുടെ കൂടെ വരാറുണ്ടായിരുന്നു. ദിവസങ്ങളോളം അദ്ദേഹം ഒന്നും എഴുതിയെടുക്കാറുണ്ടായിരുന്നില്ല. അപ്പോൾ ഞങ്ങൾ അദ്ദേഹത്തോട് ചോദിച്ചു " നീയെന്താണ് ഞങ്ങളുടെ കൂടെ വരുന്നുവെന്നല്ലാതെ ഒന്നും എഴുതിയെടുക്കാത്തത് ? പതിനാറു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം ഞങ്ങളോട് പറഞ്ഞു. " നിങ്ങൾ രണ്ടു പേരും എന്നെക്കാൾ അധികമായി ഗ്രഹിക്കുകയും എന്നെ എഴുതിയെടുക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നുണ്ടല്ലോ, നിങ്ങൾ എഴുതിയത് ഞാനൊന്ന് കാണട്ടെ " അപ്പോൾ ഞങ്ങൾ എഴുതിയത് അദ്ദേഹത്തെ കാണിച്ചു. അപ്പോൾ, അദ്ദേഹം പതിനയ്യായിരം ഹദീസുകൾ അധികമായി ഇങ്ങോട്ടു പറഞ്ഞു തന്നു, എല്ലാം മനഃപാഠമാക്കിയവ !! അങ്ങിനെ അദ്ദേഹം മനഃപാഠമാക്കിയ ഹദീസുകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ എഴുതിയതിലെ തെറ്റുകൾ തിരുത്തുന്ന അവസ്ഥ വരെയെത്തി. എന്നിട്ടദ്ദേഹം ചോദിച്ചു " ഞാൻ വെറുതെ വന്ന് എന്റെ സമയം നശിപ്പിക്കുകയാണെന്നാണോ നിങ്ങൾ കരുതിയത്? " എന്ന് . ( ഹദിയുസ്സാരീ)

ഇമാം ബുഖാരിയുടെ ഹദീസ് പ്രാഗൽഭ്യം തെളിയിക്കുന്ന മറ്റൊരു സംഭവം നോക്കൂ :
ഒരിക്കൽ ഇമാം ബുഖാരി ബാഗ്ദാദിൽ വന്നു. അദ്ദേഹം വരുന്ന വിവരം അറിഞ്ഞപ്പോൾ അവിടെയുള്ള മുഹദ്ദിസുകൾ അദ്ദേഹത്തിന്റെ സാമർഥ്യത്തെ അളക്കാൻ തീരുമാനിച്ചു. അങ്ങിനെ അവർ നൂറു ഹദീസുകൾ തെരഞ്ഞെടുക്കുകയും അവയുടെ സനദും മത്നും പരസ്‌പരം മാറ്റിയിട്ടു അത്തരം പത്തു ഹദീസുകൾ വീതം നൽകി പത്തു ആളുകളെ ഒരുക്കി നിർത്തി. ജനങ്ങൾ തടിച്ചു കൂടിയ ഒരു വേദിയിൽ ഇമാം ബുഖാരി എഴുന്നേറ്റു നിന്നപ്പോൾ അവർ ഓരോരുത്തരായി സദസ്സിന്റെ പല ഭാഗങ്ങളിൽ നിന്നായി നേരത്തെ സനദും മത് നും മാറ്റിയ ഹദീസുകളെക്കുറിച്ചു ചോദിക്കാനാരംഭിച്ചു. ഓരോ ഹദീസ് കേട്ടപ്പോഴും അദ്ദേഹം "എനിക്കറിയില്ല" എന്ന മറുപടിയാണ് നൽകിയത്. കാര്യബോധമില്ലാത്ത ആളുകൾ ബുഖാരിയുടെ പരാജയം പ്രവചിച്ചു. എന്നാൽ ബുഖാരിയുടെ സാമർഥ്യം ബുദ്ധിയുള്ളവർ അറിഞ്ഞു. എല്ലാവരുടെയും ചോദ്യങ്ങൾ അവസാനിച്ചപ്പോൾ ഓരോ ഹദീസിന്റെയും തെറ്റായ സനദും മത് നും വേർതിരിച്ചു ശെരിയായ സനദും മത് നും ചേർത്ത് നൂറു ഹദീസുകളും തിരിച്ചു പറഞ്ഞു സദസ്സിനെ സ്തബ്ധരാക്കി ! ഇമാം ബുഖാരിയുടെ ഗ്രാഹ്യതയും ഹദീസിലുള്ള അദ്ദേഹത്തിന്റെ പാടവവും പരക്കെ പ്രശംസിക്കപ്പെടാൻ ഇട വന്ന സംഭവമായിരുന്നു ഇത്.
ഹദീസ് പ്രാവീണ്യം എന്നത് കൊണ്ട് ധാരാളം ഹദീസുകൾ മനഃപാഠമാക്കുക എന്നത് മാത്രമല്ല ഉദ്ദേശിക്കുന്നത്. അങ്ങിനെ നോക്കുമ്പോൾ ഇമാം ബുഖാരി ജീവിച്ച കാലത്തു ബുഖാരിയെക്കാൾ ഹദീസ് മനഃപാഠമുള്ള ഒരുപാട് മുഹദ്ധിസുകൾ ഉണ്ടായിരുന്നു. ഇമാം ബുഖാരിയെ അവരിൽ നിന്നെല്ലാം വേറിട്ട് നിർത്തുന്ന ചില സവിശേഷമായ ഘടകങ്ങളുണ്ട്. ഹദീസുകളുടെ പരമ്പരയെക്കുറിച്ചും (സനദ്) റിപ്പോർട്ടർമാരെക്കുറിച്ചും (റാവി) അദ്ദേഹത്തിനുള്ള പ്രാവീണ്യം അഗാധമായിരുന്നു. അതിനെല്ലാം പുറമെ ഹദീസുകളുടെ സ്വീകാര്യതക്കു കോട്ടം തട്ടുന്ന ഗോപ്യ(ഖഫിയ്യ്‌)മായ ന്യുനത (ഇല്ലത്തുൽ ഹദീസ്)യെക്കുറിച്ചു ആഴത്തിലുള്ള അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. സാധാരണ മുഹദ്ധിസുകൾക്കെല്ലാം "ഇലലുൽ ഹദീസിൽ" പരിജ്ഞാനം ഉണ്ടായിക്കൊള്ളണമെന്നില്ല. സാധാരണ ഗതിയിൽ പ്രത്യക്ഷത്തിൽ നോക്കുമ്പോൾ ഹദീസിനു ന്യുനതയൊന്നും കാണപ്പെടുകയില്ല. എന്നാൽ സൂക്ഷ്മമായ നിരീക്ഷണത്തിൽ ആ ഹദീസ് സ്വീകരിക്കാൻ പറ്റാത്ത വിധത്തിലുള്ള ന്യുനത ഗോചരമാവും. ഹദീസിനെക്കുറിച്ചു സൂക്ഷമായ പാടവവും ഹദീസ് വിജ്ഞാനവുമായുള്ള സുദീർഘമായ സമ്പർക്കവുമുള്ളവർക്കേ ഇല്ലത്തുകളെക്കുറിച്ചു അറിയാൻ പറ്റൂ. അലി അൽ മദീനി, ഇമാം അഹ്‌മദ്‌, യഹ്‌യ ഇബ്ൻ മഈൻ, ഇമാം മുസ്‌ലിം തുടങ്ങിയ അതികായന്മാർ ഈ വിഷയത്തിൽ ഇമാം ബുഖാരിയുടെ സമകാലീനരും സഹവാസികളുമാണ്.
അലി അൽ മദീനിയെക്കുറിച്ചു ഇമാം ബുഖാരി തന്നെ പറഞ്ഞത്" അദ്ദേഹത്തിന് മുമ്പിലല്ലാതെ മറ്റൊരാളുടെ മുമ്പിലും ഞാൻ സ്വയം ചെറുതായിപ്പോയിട്ടില്ല " എന്നാണ്. അത്രയ്ക്ക് തലയെടുപ്പുള്ള മുഹദ്ധിസുകൾക്കും ഫുഖഹാക്കൾക്കും നിരൂപകർക്കുമിടയിലാണ് ഇമാം ബുഖാരി റഹിമഹുള്ളാ അമീറുൽ മുഉമിനീൻ ഫിൽ ഹദീസ് എന്ന അപര നാമത്തിൽ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചത്.

സ്വഹീഹുൽ ബുഖാരിയും വിമർശകരും - 1


പരിശുദ്ധ ഖുർആൻ കഴിഞ്ഞാൽ മുസ്‌ലിം ലോകം ആദരപൂർവ്വം സ്വീകരിക്കുകയും പവിത്രമായി കരുതുകയും ചെയ്യുന്ന രണ്ടു ഗ്രന്ഥങ്ങളിൽ ഒന്നാമത്തേതാണ് ഇമാം മുഹമ്മദ് ബിൻ ഇസ്‌മായീൽ റഹിമഹുള്ളയുടെ സ്വഹീഹുൽ ബുഖാരി.

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ഹദീസുകൾ അതിന്റെ ശെരിയായതും സത്യസന്ധമായതുമായ ഉറവിടങ്ങളിൽ നിന്ന് കണ്ടെത്താൻ ജീവിതം ഉഴിഞ്ഞു വെച്ച മഹാ പ്രതിഭയായിരുന്നു ഇമാം ബുഖാരി റഹിമഹുള്ളാ.

റഷ്യയിലെ ഉസ്ബെക്കിസ്ഥാനിലെ ബുഖാറ എന്ന ഗ്രാമത്തിൽ ജനിച്ച മുഹമ്മദ് ഉമ്മയുടെയും സഹോദരന്റെയും കൂടെ ഹജ്ജിനു വന്നതിന് ശേഷം പിന്നെ ബുഖാറയിലേക്കു തിരിച്ചു പോയില്ല. അദ്ദേഹം ഹദീസ് പഠനവുമായി മക്കയിൽ തങ്ങി. അവിടെ നിന്ന് തന്റെ ചരിത്ര പ്രസിദ്ധമായ വൈജ്ഞാനിക യാത്രക്ക് നാന്ദി കുറിച്ചു. അങ്ങിനെ, മദീന, സിറിയ, ഈജിപ്‌ത്‌, നൈസാബൂർ, അൾജീരിയ, ബസറ, കൂഫാ, ബാഗ്‌ദാദ്‌, വാസിത്, മർവ്, റയ്യു തുടങ്ങി മുഹദ്ദിസുകൾ ഉള്ള നാടുകളിലെല്ലാം ഇമാം ബുഖാരി യാത്ര ചെയ്തു. അദ്ദേഹം പറയുന്നു "കൂഫയിലും ബസറയിലും ഞാൻ എത്ര തവണ പോയി എന്നെനിക്കു തന്നെ അറിയില്ല”
തന്റെ മരണത്തിനു തൊട്ടു മുമ്പായി അദ്ദേഹം പറഞ്ഞു "ആയിരത്തി എൺപതിലധികം മുഹദ്ധിസുകളിൽ നിന്ന്, ഓരോരുത്തരിൽ നിന്നും പതിനായിരത്തിലധികം ഹദീസുകൾ ഞാൻ രേഖപ്പെടുത്തിയിട്ടുണ്ട്." താബിഉകൾ അടക്കം അഞ്ചു തരം മുഹദ്ദിസുകളിൽ നിന്ന് അദ്ദേഹം ഹദീസുകൾ ശേഖരിച്ചു.

ഒരു ലക്ഷത്തോളം സ്വഹീഹായ ഹദീസുകളും രണ്ടു ലക്ഷം ദയീഫായ (ദുർബലം) ഹദീസുകളും അദ്ദേഹം ഹൃദിസ്ഥമാക്കിയിരുന്നു.

അഖീദ (വിശ്വാസം), അഹ്‌കാം (വിധികൾ) തഫ്‌സീർ (ഖുർആൻ വ്യാഖ്യാനം ) താരീഖ് (ചരിത്രം) സുഹ്‌ദ്‌ (വിരക്തി) മര്യാദകൾ (ആദാബ്) തുടങ്ങി വ്യത്യസ്ഥ വിഷയങ്ങളിലായി (ആവർത്തനങ്ങളും മുഅല്ലഖാത്തും അടക്കം) ഒമ്പതിനായിരത്തിലധികം ഹദീസുകൾ അദ്ദേഹം തന്റെ സ്വഹീഹിൽ ഉൾപ്പെടുത്തി. ഹദീസ് സ്വീകരിക്കുന്നതിലും അത് രേഖപ്പെടുത്തുന്നതിലും സവിശേഷമായ ജാഗ്രത കാണിച്ച ഇമാം ബുഖാരി റഹിമഹുള്ളാ തന്റെ ഗ്രന്ഥരചനയിലും അസാമാന്യ വൈഭവവും വൈദഗ്ധ്യവും പുലർത്തി തന്റെ ഗുരുനാധനമാരെപ്പോലും അത്ഭുതപ്പെടുത്തി. അതുവഴി മുസ്‌ലിം ലോകത്തിന് ഹദീസ് വിജ്ഞാനത്തിന്റെ വിശ്വാസയോഗ്യമായ ഒരു ശേഖരം തന്നെ കൈവന്നു.

ബഷീർ പുത്തൂർ

Friday, September 21, 2018

ഇത് ശാസ്ത്രമല്ല, ശാസ്ത്രധര്‍മ്മവുമല്ല...

ഇത് ശാസ്ത്രമല്ല, ശാസ്ത്രധര്‍മ്മവുമല്ല...
മധ്യകാലഘട്ടങ്ങളില്‍ ശാസ്ത്ര ഗവേഷകന്മാര്‍ പീഡിപ്പിക്കപ്പെട്ടിരുന്നു എന്നാണ് ചരിത്രം. ഉത്തരാധുനിക കാലഘട്ടത്തിന്റെ നേര് അനുഭവം മറിച്ചും.
എന്താണ് ശാത്രം? ശാസ്ത്രത്തിന്‍റെ ആധികാരികത എത്രത്തോളം?
ഇങ്ങനെ ഒരു പ്രമേയം അവതരിപ്പിക്കാന്‍ തന്നെ പേടിയുണ്ട്. ട്രോളാം, പൊങ്കാലയിടാം, ബഹുവിധ ചലഞ്ചുകള്‍ നടത്താം, വീട്ടിലേക്ക് മാര്‍ച്ച് ചെയ്യാം, നിയമനടപടികളെടുക്കാം. എല്ലാവിധ വീരന്മാരോടും മുന്‍കൂറായി മാപ്പപേക്ഷിക്കുന്നു. ഇഷ്ടമായില്ലെങ്കില്‍ ക്ഷമിക്കുക, മറക്കുക, വെറുതെ വിട്ടേക്കുക. ആരെയും അടിച്ചേല്‍പിക്കുന്നില്ല, കേറിപ്പിടിക്കുന്നുമില്ല.
ചിന്താസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും അല്‍പം എനിക്കും അനുവദിക്കാമെങ്കില്‍ പറയാം. എന്‍റെ വീര്‍പ്പുമുട്ടലിന് തെല്ലൊരാശ്വാസമാവട്ടെ. കേള്‍ക്കണമെന്ന് പോലും നിര്‍ബ്ബന്ധമില്ല.
ശാസ്ത്രം ദൈവമല്ല, ശാസ്ത്രത്തിന് അപ്രമാദിത്വവുമില്ല, ആധികാരികത പോലും അവകാശപ്പെടാനുമാവില്ല. മനുഷ്യന്‍ നടത്തുന്ന പരീക്ഷണ നിരീക്ഷണങ്ങളുടെ ഫലം. തെറ്റിയും തിരുത്തിയുമുള്ള മുന്നേറ്റം. മനുഷ്യന്‍റെയും മനുഷ്യബുദ്ധിയുടെയും മുഴുവന്‍ പരിമിതകള്‍ക്കും വിധേയം.
നാം ജീവിക്കുന്ന ലോകം! അനന്തമജ്ഞാതമവര്‍ണ്ണനീയം! ദൃശ്യാദൃശ്യ പ്രപഞ്ചങ്ങള്‍!! അറിവിലും അനുഭവത്തിലും വരാത്ത പ്രവിശാലമായ മേഖലകള്‍!! മൂര്‍ത്തവും അമൂര്‍ത്തവുമായ കാര്യങ്ങള്‍!! ഈ മേഖലകളില്‍ മുഴുവനും ശാസ്ത്രത്തിനു കടന്നു ചെല്ലാനാവില്ല. അവയില്‍ ശാസ്ത്രത്തിനു സാധ്യതയുള്ളത് അല്‍പം ചില മേഖലകളില്‍ മാത്രം. അമൂര്‍ത്തമോ അഭൌതികമോ അതിഭൌതികമോ ആയ മേഖലകളില്‍ ശാസ്ത്രത്തിന് എത്തിനോക്കാനാവില്ല.
കൃത്യമായി പറഞ്ഞാല്‍, ഭൌതിക ലോകത്ത് മനുഷ്യന്‍റെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് ഗോചരമാകുന്ന വസ്തുക്കളെ കുറിച്ച് അവന്‍ നടത്തുന്ന പരീക്ഷണ നിരീക്ഷണങ്ങളില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും ഒടുവിലത്തെ നിഗമനം മാത്രം. അതാണ് ശാസ്ത്രം. അല്ലാതെ, ശാസ്ത്രത്തിന് സമസ്ത മേഖലകളിലും കൈവെക്കാനാവില്ല. ശാസ്ത്ര നിരീക്ഷണങ്ങളെ കുറിച്ച് പരമസത്യമെന്നോ ആത്യന്തിക യാഥാര്‍ത്ഥ്യമെന്നോ പറയാനും പറ്റില്ല. യാഥാര്‍ത്ഥ്യബോധമുള്ള ശാസ്ത്ര ഗവേഷകന്മാര്‍ അങ്ങനെ അവകാശപ്പെടാറുമില്ല. ശാസ്ത്രം കൊണ്ട് ചെലവ് കഴിയുന്ന ബുദ്ധിജീകള്‍ വീരവാദം മുഴക്കാറുണ്ടെങ്കിലും.
ശാസ്ത്രത്തിന്‍റെ പേരില്‍ വിറ്റഴിക്കപ്പെടുന്നവയെല്ലാം ഒരു പോലെയല്ല. അവയില്‍ പരികല്‍പനകളും സിദ്ധാന്തങ്ങളും നിയമങ്ങളുണ്ട് (Hypothesis, Theories and Laws). തുടര്‍ന്നുള്ള നിരീക്ഷണ പരീക്ഷണങ്ങള്‍ക്കു വേണ്ടി നിര്‍ദ്ദേശിക്കപ്പെടുന്ന കേവല നിഗമനങ്ങള്‍ മാത്രമാണ് പരികല്‍പനകള്‍. കുറേയേറെ പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെങ്കിലും തെറ്റാനുള്ള സാധ്യത തള്ളിക്കളയാനാവത്തവയാണ് സിദ്ധാന്തങ്ങള്‍. ഭൌതിക പ്രതിഭാസങ്ങളെ കുറിച്ച് ആവര്‍ത്തിച്ചുള്ള പരീക്ഷണങ്ങളിലൂടെ തെളിയിച്ചെടുത്ത വസ്തുതകളാണ് ശാസ്ത്ര നിയമങ്ങള്‍.
പരികല്‍പനകളുടെയും സിദ്ധാന്തങ്ങളുടെയും കാര്യം വിട്ടേക്കുക. നൂറ്റാണ്ടുകളോളം അലംഘനീയം എന്ന് വിശ്വസിച്ച് പിന്തുടര്‍ന്നു പോന്നിരുന്ന ശാസ്ത്ര നിയമങ്ങള്‍ തന്നെ ഇടക്കിടെ ചോദ്യം ചെയ്യപ്പെടുന്നതും തകര്‍ന്നടിയുന്നതും നാം കണ്ടുകൊണ്ടിരിക്കുകയാണ്. ശാസ്ത്രത്തിനും ശാസ്ത്രീയതക്കും അതൊരു കളങ്കമല്ല. മറിച്ച്, ശാസ്ത്രം മുന്നേറുന്നു എന്നതിന്‍റെ ലക്ഷണമാണത്. ഭൌതിക വസ്തുക്കളുടെയും പ്രതിഭാസങ്ങളുടെയും ഘടനയെയും പ്രവര്‍ത്തന രീതിയെയും സംബന്ധിച്ച് നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ലഭിക്കുന്ന ഏറ്റവും ഒടുവിലത്തെ പരിശോധനാ ഫലമായിട്ടാണ് ശാസ്ത്രകുതുകികള്‍ ശാസ്ത്രത്തെ കാണുന്നത്, അല്ലാതെ ആത്യന്തിക യാഥാര്‍ത്ഥ്യമായിട്ടല്ല എന്ന് നടേ സൂചിപ്പിച്ചുവല്ലോ. (Present verification of structure and behavior of the physical world through observation and experiment without ultimate reality)
ശാസ്ത്രമെന്നോ ശാസ്ത്രീയമെന്നോ കേള്‍ക്കുന്ന മാത്രയില്‍ ഏവരും പഞ്ചപുച്ഛമടക്കി സാഷ്ടാംഗം നമിക്കണം. ശാസ്ത്രത്തിന്‍റെ പേരില്‍ എഴുന്നള്ളിക്കുന്നതെന്തും വാ തൊടാതെ വിഴുങ്ങണം. ഇല്ലെങ്കില്‍ ഈ ശാസ്ത്ര യുഗത്തില്‍ ജീവിക്കാന്‍ നിങ്ങള്‍ അര്‍ഹരല്ല. മണ്ണിനടിയിലേക്ക് പൊയ്ക്കൊള്ളണം. ഇതാണ് ഇന്ന് ശാസ്ത്രത്തിന്‍റെ മുഖംമൂടിയണിഞ്ഞ് പാമരജനങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന ശാസ്ത്ര കൊതുകുകളുടെ നിലപാട്!!
അന്വേഷിക്കാനും ചോദ്യംചെയ്യാനും തെറ്റാനും തിരുത്താനുമുള്ള വേദിയാണ് ശാസ്ത്രം, അല്ലാതെ എതിര്‍ ശബ്ദങ്ങളെ അടക്കി നിര്‍ത്താനുള്ള മര്‍ദ്ദകോപകരണമല്ല. ചില ആര്‍ത്തിപ്പണ്ടങ്ങള്‍ ശാസ്ത്രത്തിന്‍റെ മുഖംമൂടിയണിഞ്ഞ് അധികാരികളെ സ്വാധീനിക്കുന്നു. ശാസ്ത്രത്തിന്‍റെ പേരും പറഞ്ഞ് നിയമത്തിന്‍റെ പിന്‍ബലത്തോടെ ജനങ്ങളെ കൊന്ന് രക്തമൂറ്റിക്കുടിക്കുന്നു. ഇത് മനസ്സിലാക്കാന്‍ കഴിയുന്ന വല്ല വൈദ്യന്മാരോ ചികിത്സാരികളോ ഉണ്ടെങ്കില്‍ കണ്ണടച്ചുകൊള്ളണം. മിണ്ടിപ്പോവരുത്. മിണ്ടിയാല്‍ ടിക്കറ്റ് കയ്യില്‍ തരും. അധികാരികളെല്ലാവരും വരും. ‘പൂര്‍ണ്ണ ബഹുമതികളോടെ’ യമപുരിയിലേക്കയക്കും.
നിയമത്തിന്‍റെ പിന്‍ബലത്തോടെ നടക്കുന്ന ഈ കൊള്ളയും കൊലയും കണ്ടാല്‍ ഒരു ഗുരുവും വൈദികനും വാ തുറക്കരുത്. തുറന്നാല്‍ എട്ടിന്‍റെ മുട്ടന്‍പണി നിങ്ങളെ കാത്തു നില്‍ക്കുന്നുണ്ടാവും. അമ്പടാ ! രാജ്യദ്രോഹീ.. ശാസ്ത്രവിരുദ്ധാ.. പിന്തിരിപ്പാ.. ഭീകരവാദി.. അത്രക്കായോ നീ..!! നിനക്കെതിരില്‍ ചുമത്താന്‍ വകുപ്പുകള്‍ എത്ര!!
ഇസ്ലാംമതവിശ്വാസികള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ വിശ്വാസ പ്രമാണങ്ങള്‍ ശാസ്ത്രീയമായി പരിഷ്കരിച്ചിരിക്കുന്നു. നിങ്ങളുടെ കലിമയുടെ, അഥവാ സത്യസാക്ഷ്യവചനത്തിന്‍റെ പുനരാവിഷ്കരണം ഇങ്ങനെയാണ്: “ ശാസ്ത്രമല്ലാതെ മറ്റൊരു ആരാധ്യനുമേയില്ല. ശാസ്ത്ര കൊതുകുകള്‍ ദൈവദുതന്മാരാകുന്നു.” ഇത് മനസ്സിലുറപ്പിച്ച് നാവു കൊണ്ട് വെളിവാക്കി ഉറക്കെ പ്രഖ്യാപിച്ച് ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുക. അതിനു തയ്യാറല്ലെങ്കില്‍ റബ്ബര്‍ ബോട്ടില്‍ കേറി ഏതെങ്കിലും ഇരുണ്ട രാജ്യത്തേക്കോ അറിയപ്പെടാത്ത ദ്വീപിലേക്കോ അഭയാര്‍ത്ഥികളായി ദേശാടനം ചെയ്യുക. നിങ്ങള്‍ ശാസ്ത്രവിരുദ്ധരും രാജ്യദ്രോഹികളുമാണ്!!
ഇതൊരു മുഖവുരയാണ്. ഇനി കാര്യം പറയാം. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിനു കേരളം സാക്ഷ്യംവഹിച്ചിരിക്കുകയാണ്. അത് മനുഷ്യ നിര്‍മ്മിതമാണെന്നും അല്ലെന്നും രണ്ടു പക്ഷം. ഡാം മാനേജ്മെന്‍റിലെ അശാസ്ത്രീയതയും തുറന്നുവിട്ടതിലെ അപാകവുമാണ് കാരണം എന്ന് ഒരു വിഭാഗം. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കുന്നതിലുണ്ടായ പരാജയമാണെന്ന് മറ്റൊരു വിഭാഗം. മലയും പുഴയും കയ്യേറി പരിസ്ഥിതി സൌഹൃദമല്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വികസന ആക്രോശവുമായി മുന്നോട്ടു പോയതാണ് കാരണം എന്ന് മറ്റൊരു വാദം. കസ്തൂരി രംഗനും മാധവ് ഗാഡ് ഗിലും പറഞ്ഞത് നടപ്പിലാക്കാത്തു കൊണ്ടാണെന്ന് പറയുന്നവര്‍ വേറെയും. ഘ്രാണശക്തി കൂടുതലുള്ളവര്‍ ഇതിലെല്ലാം രാഷ്ട്രീയം മണക്കുന്നു.
1924 ല്‍ ഇതു പോലൊരു പ്രളയമുണ്ടായി. ഇന്നത്തെ പോലെ പഴിചാരാന്‍ അന്ന് ഡാമുകളില്ല, അന്ന് ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ തൊണ്ണൂറോളം ചെറുതും വലുതുമായ ഡാമുകളുണ്ട്. അന്ന് പരിസ്ഥിതി സൌഹൃദമല്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്ല. മലയും പുഴയും കയ്യേറി പ്രകൃതിയുടെ സ്വാഭാവിക പ്രവാഹങ്ങള്‍ക്ക് മുമ്പില്‍ ആരും തടസ്സം സൃഷ്ടിച്ചിരുന്നില്ല. ഇന്ന് മെനഞ്ഞുണ്ടാക്കുന്ന കാരണങ്ങളൊന്നും അന്ന് പറയാനുണ്ടായിരുന്നില്ല. എന്നിട്ടും അത് സംഭവിച്ചു. അന്നത്തെ പ്രളയത്തില്‍ കരിന്തിരി മല തന്നെ കുത്തിയൊലിച്ചു പോയി.
ദുരന്തങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കുന്നു, നാം മെനഞ്ഞുണ്ടാക്കി പറയുന്ന കാരണങ്ങള്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും. എന്തിനു വേണ്ടി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു എന്ന് വിശകലനം ചെയ്യാന്‍ ഭൌതിക ശാസ്ത്രത്തന്‍റെ സങ്കേതങ്ങളും സമവാക്യങ്ങളും മതിയാവില്ല. എന്ത്, എങ്ങനെ (What and How) എന്ന് പരിശോധിക്കാനേ ഭൌതിക ശാസ്ത്രത്തിനു നിര്‍വ്വാഹമുള്ളു. എന്തിനു വേണ്ടി (Why) എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഭൌതിക ശാസ്ത്രം പര്യാപ്തമല്ല.
എന്ത്, എങ്ങനെ എന്ന ചോദ്യവും ഉത്തരവും ശാസ്ത്രീയമായ അറിവ് വര്‍ദ്ധിപ്പിക്കാം. എന്നാല്‍ എന്തിനു വേണ്ടി എന്ന ചോദ്യവും ഉത്തരവും അതിജീവനത്തിലേക്ക് വഴി തെളിയിക്കും. അതാണ് കൂടുതല്‍ ജീവിത സ്പര്‍ശിയായിട്ടുള്ളത്.
ദുരന്തങ്ങള്‍ പരീക്ഷണങ്ങളാണ്. പരീക്ഷണങ്ങള്‍ കുറിമാനങ്ങളാണ്. കുറിമാനങ്ങളില്‍നിന്ന് കാര്യങ്ങളുടെ പരിണിതി മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയുന്നവന്‍ ബുദ്ധിശാലി. കണ്ടറിയാത്തവന്‍ കൊണ്ടറിയും.
എല്ലാ പരിധികളും ലംഘിച്ച് ലക്കും ലഗാനുമില്ലാതെ മുന്നോട്ടു കുതിക്കുന്ന അഹങ്കാരിയായ മനുഷ്യന്‍റെ മനസ്സില്‍ ഭീതി വിതച്ച് അവനെ പിടിച്ചു നിര്‍ത്തി വിവേകത്തിന്‍റെ വഴിയിലേക്ക് തിരിച്ചുവിടാന്‍ അല്ലാഹു ഇറക്കുന്ന പരീക്ഷണങ്ങളാണ് പ്രകൃതി ദുരന്തങ്ങള്‍. മനുഷ്യാ, നീ ആരുമല്ല, നിന്‍റെ കഴിവുകളും ശാസ്ത്രീയ നേട്ടങ്ങളും അല്ലാഹുവിന്‍റെ തീരുമാനങ്ങള്‍ക്ക് മുന്നില്‍ ഒന്നുമല്ല, നീ ആരെയൊക്കെ കൂട്ടുപിടിച്ചാലും അവയെ തടുക്കാന്‍ നിനക്കാവില്ല എന്ന് അവനെ ബോധ്യപ്പെടുത്തുകയാണ് ദുരന്തങ്ങള്‍ ചെയ്യുന്നത്. അല്ലാഹു പറയുന്നു: “ഭീതിപ്പെടുത്താനല്ലാതെ നാം ദൃഷ്ടാന്തങ്ങള്‍ ഇറക്കുന്നില്ല” (വി.ഖു. 17:59).
ദുരന്തങ്ങള്‍ ആവത്തിച്ചാലും പരീക്ഷണങ്ങള്‍ ഇറങ്ങിക്കൊണ്ടിരുന്നാലും വിവേകത്തിന്‍റെ പാതയിലേക്ക് തിരിച്ചു വരാന്‍ പിശാച് മനുഷ്യനെ സമ്മതിക്കില്ല. ദുരന്തങ്ങള്‍ എന്തിനുവേണ്ടി എന്ന ചോദ്യം അവന്‍ സമര്‍ത്ഥമായി വളച്ചൊടിക്കും. ദുരന്തങ്ങള്‍ എങ്ങനെയുണ്ടായി എന്നാക്കി മാറ്റും. എന്നിട്ട് കുറേ ഉത്തരങ്ങള്‍ അവന്‍ മെനഞ്ഞുണ്ടാക്കി ശാസ്ത്ര കൊതുകുകള്‍ക്ക് നല്‍കും.
“നൂറ്റാണ്ടിലെ മഹാപ്രളയം എന്തുകൊണ്ട്, എന്തുകൊണ്ട്, എന്തുകൊണ്ട്? ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം (Law Pressure) കൊണ്ട്, മേഘവിസ്ഫോടനം (Cloud Explosion) കൊണ്ട്, മാധവ് ഗാഡ് ഗിലിന്‍റെയും കസ്തൂരി രംഗന്‍റെയും റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കത്തതു കൊണ്ട്...”
അവര്‍ ദൈവസ്ഥാനത്ത് ശാസ്ത്രത്തെ പ്രതിഷ്ഠിക്കും. പിശാച് പഠിപ്പിച്ച മണ്ടത്തരങ്ങള്‍ സംപൂജ്യനായ ശാസ്ത്ര ദൈവത്തിന്‍റെ തിരുമൊഴികാളായി പ്രബോധനം ചെയ്യും. അതോടെ ശാസ്ത്രത്തിനും ശാസ്ത്ര കൊതുകുകള്‍ക്കും അപ്രമാദിത്വം കൈവരും. അവര്‍ പറയുന്നത് ലംഘിക്കാനോ ചോദ്യം ചെയ്യാനോ പാടില്ലാത്ത ദിവ്യവചനങ്ങളായി മാറും. അത് വാ തൊടാതെ വിഴുങ്ങാന്‍ പാവം ജനം നിര്‍ബ്ബന്ധിതരാവും.
രണ്ടു ഇംഗ്ലീഷ് വാക്കുകളും മൂന്ന് മുറിന്യായങ്ങളും നാലു ശാസ്ത്ര കൊതുകുകളും ഉണ്ടായാല്‍ മനുഷ്യബുദ്ധിയെ തട്ടിക്കൊണ്ടുപോയി വഴിതെറ്റിക്കാന്‍ പിശാചിനൊട്ടും ബുദ്ധിമുട്ട് വരില്ല.
പ്രളയം അവസാനിച്ചു. നമുക്ക് കിട്ടിയത്ത രണ്ട് ഇംഗ്ലീഷ് വാക്കുകള്‍. മറ്റൊരു പാഠവും നാം പഠിച്ചില്ല. നമ്മുടെ മനസ്സില്‍ തോന്നിത്തുടങ്ങിയ ഭീതി പിശാച് ശാസ്ത്രത്തെയും ശാസ്ത്രീയ വിശദീകരണങ്ങളെയും കൂട്ടുപിടിച്ച് മായ്ച്ചു കളഞ്ഞു. പേടിക്കേണ്ടതില്ല, അത് Law Pressure, Cloud Explosion എന്നീ പ്രതിഭാസങ്ങള്‍ മൂലം ഉണ്ടായതാണ്. അതിനെ നമുക്ക് ശാസ്ത്രീയമായി നേരിടാവുന്നതേയുള്ളു. ഇതോടെ വിവേകത്തിലേക്ക് തിരിച്ചു പോകാനുള്ള ഉള്‍പ്രേരണയും ഇല്ലാതായി.
ശാസ്ത്രത്തെ വളച്ചൊടിക്കുകയും ദുരുപയോഗം ചെയ്യുകയുമാണിവിടെ.ഞാന്‍ ഉറക്കെ വിളിച്ചു പറയും. ഇത് ശാസ്ത്രമല്ല, ശാസ്ത്ര ധര്‍മ്മവുമല്ല. നിങ്ങള്‍ എന്നെ കല്ലെറിയൂ. പക്ഷെ എനിക്ക് രാജാവ് നഗ്നനാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല.
അബു ത്വാരിഖ് സുബൈർ حفظه الله تعالى

മുഹറം പത്ത്

​മുഹറം പത്ത് അല്ലാഹു മൂസാ عليه السلام നെയും അനുയായികളെയും ഫറോവയിൽനിന്ന് രക്ഷപ്പെടുത്തിയ ദിവസം. ആ ദിനം ജൂതന്മാർ നോമ്പെടുക്കുമായിരുന്നു. മൂസാ നബിയോട് കൂടുതൽ ആദർശ ബന്ധമുള്ളവർ മുസ് ലിംക ളായതിനാൽ ആ ദിനം അവരോട് നോമ്പ് പിടിക്കാൻ നബി صلى الله عليه وسلم കൽപിച്ചു. കൂടാതെ വ്യതിരിക്തതക്കായി ഒമ്പതിനും നോമ്പ് പിടിക്കാൻ പറഞ്ഞു. ഈ നോമ്പ് ഏറെ ശ്രേഷ്ടമാണെന്നും അറിയിച്ചു. ഈ വർഷം ബുധനും വ്യാഴവുമാണ് മുഹറം ഒമ്പതും പത്തും, സംശയം വേണ്ട .


അബു ത്വാരിഖ് സുബൈർ حفظه الله تعالى

​ജനം അനിശ്ചിതത്വത്തിലും ആശയക്കുഴ പ്പങ്ങളിലും അകപ്പെടുമ്പോള്‍ *

​ജനം അനിശ്ചിതത്വത്തിലും ആശയക്കുഴ പ്പങ്ങളിലും അകപ്പെടുമ്പോള്‍ ദീനും അറിവും യഥാതഥമായി വിവരിച്ചു കൊടുക്കുക എന്നത് അല്ലാഹുവിന്നുള്ള ഏറ്റവും ശ്രേഷ്ടമായ ആരാധനയാണ്. (ഇബ് നു തൈമിയ്യ, സുബുകിക്കുള്ള ഖണ്ഡനം, വാള്യം 2, പുറം 678)


بيان العلم والدين عند الاشتباه والالتباس على الناس أفضل ما عبد الله عز وجل به [ابن تيمية في الرد على السبكي ج 2 ص 678]


അബു ത്വാരിഖ് സുബൈർ حفظه الله تعالى

​വ്യക്തിശുചിത്വം​ ​മിഷനുകള്‍ക്കും അപ്പുറം

​വ്യക്തിശുചിത്വം​ ​മിഷനുകള്‍ക്കും അപ്പുറം

വ്യക്തിശുചിത്വത്തിന്‍റെ (Personal Hygiene) കാര്യത്തില്‍ ഏറ്റവും ഉന്നതമായ നിലവാരമാണ് ഇസ് ലാം അനുശാസിക്കുന്നത്. മൂത്രമൊഴിച്ചാല്‍ ശുചീകരിക്കുക എന്നത് ആധുനിക ജീവിത രീതികള്‍ പിന്തുടരുന്നവര്‍ പോലും നിര്‍ബന്ധമായി കാണാറില്ല. അത് അവര്‍ക്ക് ഐച്ഛികം മാത്രമാണ്. പക്ഷെ, മുസ് ലിംകള്‍ക്ക് അത് നിര്‍ബ്ബന്ധമാണ്. വ്യക്തിഗതമായ വിശുദ്ധി വിട്ടുവീഴ്ചയില്ലാത്ത കാര്യമാണ്. എന്നാല്‍ വിക്തിശുചിത്വത്തില്‍ അതിരുവിടുന്ന ചിലരുണ്ട്, പ്രത്യേകിച്ച് എന്നെപ്പോലെയുള്ള ചില മധ്യവയസ്കര്‍!! അവരുടെ ശ്രദ്ധയിലേക്കായി പച്ചയായ ചില കാര്യങ്ങള്‍ കുറിക്കട്ടെ.

മൂത്രമൊഴിച്ച ശേഷം ശുചിയാക്കുന്നതിനെ കുറിച്ച് ഇബ്നു തൈമിയ്യയോട് ചോദിക്കുകയുണ്ടായി:

താന്‍ ചലിച്ചു തുടങ്ങിയാലുടനെ വല്ലതും പുറത്തു വരുമോ എന്ന തോന്നല്‍ കാരണം, ഒരാള്‍ എഴുന്നേല്‍ക്കുകയും നടക്കുകയും കാര്‍ക്കിക്കുകയും കല്ലുകളോ മറ്റോ ഉപയോഗിച്ച് ശുചീകരിക്കുകയും ചെയ്യേണ്ടതുണ്ടോ? പൂര്‍വ്വസൂരികള്‍ അപ്രകാരം ചെയ്യാറുണ്ടായിരുന്നോ? ഇത് ബിദ്അത്താകുമോ, അതോ അനുവദനീയമോ?

അദ്ദേഹം നല്‍കിയ ഉത്തരം:

അല്ലാഹുവിന്ന് സ്തുതി. മൂത്രമൊഴിച്ച ശേഷം കാര്‍ക്കിച്ച് ശബ്ദമുണ്ടാക്കുക, എഴുന്നേറ്റു നടക്കുക, മേലോട്ട് കുതിക്കുക, പടികള്‍ കേറുക, കയറില്‍ തൂങ്ങുക, ലിംഗം കിനിയുന്നവോ എന്ന് പരിശോധിക്കുക, മുതലായവയെല്ലാം തന്നെ ബിദ്അത്താണ്. ഇമാമുകളാരും അത് നിര്‍ബ്ബന്ധമായോ അഭിലഷണീയമായോ കാണുന്നില്ല. കൂടാതെ, ലിംഗം പിടിച്ചുവലിക്കുന്നതും നബി صلى الله عليه وسلم നിയമമായി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ ശരിയായ പക്ഷമനുസരിച്ച് ബിദ്അത്താണ്. അപ്രകാരം തന്നെ മൂത്രം വലിച്ചൂറ്റിക്കളയുന്നതും ബിദ്അത്താണ്. അതും നബി صلى الله عليه وسلم നിയമമായി നിശ്ചയിച്ചിട്ടില്ല. തദ്വിഷയകമായി ഉദ്ധരിക്കപ്പെടാറുള്ള ഹദീസ് ദുര്‍ബ്ബലവും അടിസ്ഥാന രഹിതവുമാണ്. മൂത്രം സ്വാഭാവികമായി പുറത്തുവരും. വിരമിച്ചാല്‍ സ്വാഭാവികമായിതന്നെ നില്‍ക്കുകയും ചെയ്യും. “വിട്ടാല്‍ നിലച്ചുപോവുകയും കറക്കുന്തോറും ചുരത്തുകയും ചെയ്യുന്ന അകിടു പോലെ” എന്ന് പറയാറുള്ളതു പോലെയാണ് അതിന്‍റെ കാര്യം. ഒരാള്‍ തന്‍റെ ലിംഗം തുറന്നുവെക്കുമ്പോഴെല്ലാം എന്തെങ്കിലും പുറത്തുവരും. അതിനെ വെറുതെ വിട്ടാല്‍ ഒന്നും പുറത്ത് വരികയുമില്ല. ചിലപ്പോള്‍ വല്ലതും പുറത്തുവന്നോ എന്നു തോന്നും. അത് വസ് വാസാണ്. ലിംഗാഗ്രം സ്പര്‍ശിക്കുന്നതു മൂലം നനവ് അനുഭവപ്പെടുമ്പോള്‍ എന്തോ പുറത്ത് വന്നിരിക്കുന്നു എന്ന് ചിലപ്പോള്‍ തോന്നിയേക്കാം. എന്നാല്‍ ഒന്നും പുറത്ത് വന്നിട്ടുണ്ടാവില്ല. മൂത്രനാളിയുടെ ആരംഭത്തില്‍ തന്നെ മൂത്രം മുടങ്ങി നിന്നുപോയിട്ടുണ്ടാകും; ഒട്ടും പൊടിയുന്നുണ്ടാവില്ല. എന്നാല്‍, ലിംഗത്തിലോ മൂത്രനാളിയിലോ ദ്വാരത്തിലോ വിരല്‍ കൊണ്ടോ കല്ലു കൊണ്ടോ മര്‍ദ്ദംചെലുത്തിയാല്‍ നനവ് പുറപ്പെടുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നതും ബിദ്അത്താണ്. കല്ലോ വിരലോ മറ്റു വസ്തുക്കളോ ഉപയോഗിച്ച് നിന്നുകഴിഞ്ഞ മൂത്രം പുറത്തെടുക്കേണ്ട ആവശ്യമില്ല എന്നത് പണ്ഡിതന്മാര്‍ക്കിടയില്‍ യോജിപ്പുള്ള കാര്യമാണ്. മാത്രമല്ല, പുറത്തെടുക്കുന്തോറും അത് കൂടുതല്‍ കൂടുതല്‍ ഉല്‍സര്‍ജ്ജിച്ചുകൊണ്ടേയിരിക്കും. കല്ലു കൊണ്ട് ശുചീകരിച്ചാല്‍ അതുമതി. പിന്നെ വെള്ളം കൊണ്ട് ലിംഗം കഴുകേണ്ട ആവശ്യമില്ല. ശുചീകരിക്കുന്നതിന് ഗുഹ്യഭാഗത്ത് വെള്ളം ഒഴിക്കുന്നതാണ് അഭിലഷണീയം. പിന്നീട് വല്ല നനവും അനുഭവപ്പെട്ടാല്‍ അത് ആ വെള്ളം മൂലമാണെന്ന് ഗണിക്കാവുന്നതാണ്. എന്നാല്‍ മൂത്രവാര്‍ച്ചയുള്ളവര്‍, അഥവാ ഉദ്ദേശ്യപൂര്‍വ്വമല്ലാതെയുള്ള നിലക്കാത്ത ഒഴുക്ക്, അത് തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണം. ശുദ്ധിവരുത്തി നമസ്കരിക്കാനാവശ്യമായ സമയം നിന്നുകിട്ടുമെങ്കില്‍ അങ്ങനെയും, അല്ലാത്ത പക്ഷം മൂത്രം പോയിക്കൊണ്ടിരിക്കുന്ന അവസ്ഥയാണെങ്കില്‍ പോലും നമസ്കാരം നിര്‍വ്വഹിക്കുകയും ചെയ്യണം - രക്തസ്രാവമുള്ള സ്ത്രീ ഒരോ നമസ്കാരത്തിനും വുളുചെയ്തു നമസ്കരിക്കുന്നതു പോലെ. (ഇബ്നു തൈമിയ്യഃ, ഫതാവാ, വാള്യം 21, പുറം 106-107)


അബു ത്വാരിഖ് സുബൈർ حفظه الله تعالى

​മാതാപിതാക്കളോടുള്ള എറ്റവും വലിയ നന്മകളിൽ പെട്ടതാണ്...

​മാതാപിതാക്കളോടുള്ള എറ്റവും വലിയ നന്മകളിൽ പെട്ടതാണ് അവരെ തൌഹീദിലേക്ക് ക്ഷണിക്കൽ.

ഇമാം ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു:

തീർച്ചയായും മാതാപിതാക്കളോടുള്ള എറ്റവും വലിയ നന്മകളിൽ പെട്ടതാണ് അവരെ അല്ലാഹുവിന്റെ തൌഹീദിലേക്കും അവന് പുണ്യങ്ങൾ ചെയ്യാനും ക്ഷണിക്കൽ. കാരണം അതിൽ അവരെ രണ്ടു പേരെയും നരകത്തിൽ നിന്ന് രക്ഷപ്പെടുത്തലുണ്ട്.


നൂറുൻ അല ദർബ് -കാസറ്റ് നമ്പർ-303


അബു തൈമിയ്യ ഹനീഫ് حفظه الله

​നമസ്കാര ശേഷമുള്ള കൂട്ട പ്രാർത്ഥന ബിദ്'അത്താണ്. (കൂട്ട തക്'ബീറോ ?!)

​നമസ്കാര ശേഷമുള്ള കൂട്ട പ്രാർത്ഥന ബിദ്'അത്താണ്. (കൂട്ട തക്'ബീറോ ?!)

എന്തുകൊണ്ട് ?

നബി صلى الله عليه وسلم അഞ്ചുനേരത്തെ നമസ്കാര ശേഷം ഉച്ചത്തിൽ, ഈണത്തിൽ, നമ്മളിന്ന് പല പള്ളികളിലും കാണുന്ന പോലെ, ദുആ ചെയ്യുകയും സ്വഹാബത്ത് അതിന് ആമീൻ പറയുകയം ചെയ്തതായി സ്വഹീഹായ ഹദീസുകൊണ്ട് സ്ഥിരപ്പെട്ടിട്ടില്ല.

കൂട്ട തക്'ബീറിന്റെ സ്ഥിതിയോ ?
നബി صلى الله عليه وسلم അഞ്ചുനേരത്തെ നമസ്കാര ശേഷം ഉച്ചത്തിൽ, ഈണത്തിൽ, നമ്മളിന്ന് പല പള്ളികളിലും കാണുന്ന പോലെ, തക'ബീറ് ചൊല്ലുകയും സ്വഹാബത്ത് അതേറ്റുചൊല്ലുകയും ചെസ്തതായി
സ്വഹീഹായ ഹദീസുകൊണ്ട് സ്ഥിരപ്പെട്ടിട്ടുണ്ടോ ?!!

ദുൽ ഹിജ്ജ പത്തിലും ചെറിയപെരുന്നാൾ രാവിലും, പള്ളിമിനാരങ്ങളിൽ, ലൌഡ് സ്പീക്കറുകൾ വഴി, നമസ്കാരങ്ങൾക്കു ശേഷം കൂട്ടമായി നടത്തുന്ന തക്'ബീറിന്റെ വിധിയെപ്പറ്റി അല്ലാമാ മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉഥൈമീൻ رحمه ചോദിക്കപ്പെട്ടു,
അപ്പോൾ മഹാനായ അദ്ദേഹം മറുപടി പറഞ്ഞു:

ദുൽ ഹിജ്ജ പത്തിലെ തക്'ബീർ നമസ്കാരങ്ങൾക്കുശേഷമെന്ന് ബന്ധിക്കപ്പെട്ടതല്ല.
അപ്രകാരം തന്നെ ചെറിയപെരുന്നാൾ രാവിലും, നമസ്കാരങ്ങൾക്കുശേഷമെന്ന് ബന്ധിക്കപ്പെട്ടതല്ല.
അവർ അത് നമസ്കാരങ്ങൾക്കുശേഷവുമായി പ്രത്യേകം ബന്ധിപ്പിക്കുന്നത് വിമർശന വിധേയമാണ് .
പിന്നെ അവർ അതിനെ കൂട്ടമായിട്ടാക്കിയതും വിമർശന വിധേയമാണ് . കാരണം അത് സലഫുകളുടെ രീതിക്കെതിരാണ് .
അവർ അത് പള്ളിമിനാരങ്ങളിലൂടെ ഉയർത്തുന്നതും വിമർശന വിധേയമാണ് .
ഈ മൂന്നു കാര്യങ്ങൾ ഇവയൊക്കെയും വിമർശന വിധേയമാണ് .
നമസ്കാരങ്ങൾക്കു ശേഷം ശറഇൽ സ്ഥിരപ്പെട്ടിട്ടുള്ളത് , അറിയപ്പെട്ടതും സ്ഥിരമായിട്ടുള്ളതുമായ ദിക്'റുകൾ ചൊല്ലുക, പിന്നെ അതിൽ നിന്ന് വിരമിച്ചാൽ തക്'ബീറ് ചൊല്ലുക എന്നതുമാണ് .
അപ്രകാരം തന്നെ അത് എല്ലാവരും കൂട്ടമായി ചെയ്യാതിരിക്കലാണ് ശറഇൽ സ്ഥിരപ്പെട്ടിട്ടുള്ളത്.
മറിച്ച് എല്ലാവരും ഒറ്റക്കൊറ്റക്ക് ചൊല്ലുക , അതാണ് ശറഇൽ സ്ഥിരപ്പെട്ടിട്ടുള്ളത്.
അനസ് ബിനു മാലികിൽ നിന്നുള്ള ഹദീസിൽ വന്നതുപോലെ;
അവർ ഹജ്ജിന്റെ വേളയിൽ നബി صلى الله عليه وسلم യോടൊപ്പമായിരുന്നു , അവരിൽ തഹ്'ലീൽ ( لا إِلٰهَ إلا الله ) ചൊല്ലുന്നവർ ഉണ്ടായിരുന്നു, അവരിൽ തക്'ബീർ ചൊല്ലുന്നവർ ഉണ്ടായിരുന്നു, അവർ എല്ലാവരും ഒരേ അവസ്ഥയിലായിരുന്നില്ല.
( ഫതാവാ അർകാനിൽ ഇസ്'ലാം )


അബു തൈമിയ്യ ഹനീഫ് حفظه الله

മാസപ്പിറവി അഭിപ്രായ വ്യത്യാസങ്ങൾ

​ഇബ്നു ഉഥൈമീൻ മാത്രമല്ല മറ്റു പലരും ഈ അഭിപ്രായക്കാരുണ്ട്, എന്നാൽ അദ്ദേഹം പറഞ്ഞതുപോലെ തന്നെ മറിച്ച് അഭിപ്രായം പറഞ്ഞ പണ്ഡിതന്മാരുമുണ്ട്.
അങ്ങനെ പണ്ഡിതന്മാർ അഭിപ്രായ വ്യത്യാസത്തിലായാൽ നമ്മൾ അതിൽ നമ്മുടെ ബുദ്ധിക്ക് യോജിക്കുന്നതോ, ഭൂരിപക്ഷത്തിനനുസരിച്ചോ ഒന്നുമല്ല നിലപാടെടുക്കേണ്ടത്.
പണ്ഡിതന്മാർ നിരത്തിയ പ്രമാണങ്ങളിലാണ് ശ്രദ്ധ പതിപ്പിക്കേണ്ടത്.
അല്ലാഹുവിന്റെ കിതാബിലേക്കും റസൂലുല്ലയുടെ സുന്നത്തിലേക്കും മടക്കുന്നതിൽ ശരിയായത് ആരുടേതോ അതാണ് പിന്തുടരേണ്ടത്. അത് ഒരുപക്ഷേ ന്യൂനപക്ഷമാകാം പക്ഷേ അവരായിരിക്കും അപ്പോൾ സത്യത്തിന്റെ പക്ഷം.
പണ്ഡിതന്മാരുടെ വാക്കുകളെ പ്രമാണമാക്കുകയല്ല; മറിച്ച് പണ്ഡിതന്മാരുടെ വാക്കുകളിൽ പ്രമാണത്തെ തിരയുകയാണ് നമ്മുടെ കർത്തവ്യം.
പണ്ഡിതവചനങ്ങളിൽ നമ്മളാഗ്രഹിക്കുന്ന ഇളവുകൾ ലക്ഷ്യം പരതി, യോജിച്ചതു മാത്രം തെരഞ്ഞു നടക്കുന്നവൻ അറിയാതെ മതവിരോധത്തിലെത്തുമെന്നാണ് ഇമാം ഇബ്നുൽ ഖയ്യിമും മറ്റു പലരും പറഞ്ഞിട്ടുള്ളത്.


മേൽ വിഷയത്തിലും ഇതു തന്നെയാണ് സ്ഥിതി. അല്ലാമാ ഇബ്നു ഉഥൈമീൻ പറഞ്ഞ അഭിപ്രായമല്ല,
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ, അല്ലാമാ സ്വിദ്ദീഖ് ഹസൻ ഖാൻ, അല്ലാമാ അൽബാനി തുടങ്ങിയവർ നിരത്തിയ പ്രമാണങ്ങളാണ് ബലപ്പെട്ടവ.
വിശദമായി അവയുടെ ബലാബലം മനസ്സിലാക്കാൻ അബൂത്വാരിഖിന്റെ വിവരണം അവലംബിക്കുക.
അല്ലാഹു നമ്മെ ഹിദായത്തിലാക്കട്ടെ.


അബു തൈമിയ്യ ഹനീഫ് حفظه الله

നബി صلى الله عليه وسلم പെരുന്നാളിന് ഭക്ഷണം


عَنْ عَبْدِ اللَّهِ بْنِ بُرَيْدَةَ عَنْ أَبِيهِ: أَنَّ النبي صلى الله عليه وسلم كان لَا يَخْرُجُ يَوْمَالْفِطْرِ حَتَّى يَطْعَمَ وَلَا يطعم يوم النحر حتى ينحر
(رواه ابن حبان وصححه الألباني)


അബ്ദുല്ലാഹി ബ്നു ബുറൈദ തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്തു
നബി صلى الله عليه وسلم ചെറിയ പെരുന്നാളിന് ഭക്ഷണം കഴിക്കാതെ (നമസ്കാരത്തിന്) പോകാറില്ല ബലിപെരുന്നാളിന്നാകട്ടെ ബലിയറുത്തിട്ടല്ലാതെ ഭക്ഷിക്കാറുമില്ല.


അബു തൈമിയ്യ ഹനീഫ് حفظه الله

അറഫാ ദിനം - 3

അറഫാ ദിവസത്തെ നോമ്പുകൊണ്ട് കഴിഞ്ഞ ഒരു വര്‍ഷത്തെയും വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും പാപങ്ങള്‍ പൊറുക്കപ്പെടും. ഹാജിമാര്‍ അറഫയില്‍ നില്‍ക്കുന്ന ദിവസമാണ് അറഫാ ദിനം. അത് ദുല്‍ഹിജ്ജ ഒമ്പതിനാണ്. അറബി മാസം തീരുമാനിക്കുന്നത് മാസപ്പിറവി കാണുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. മാസപ്പിറവി ഒരോ വീട്ടിലും പറമ്പിലും മഹല്ലിലും നാട്ടിലും രാജ്യത്തും പ്രത്യേകം പ്രത്യേകം കാണേണ്ടതില്ല. ലോകത്ത് എവിടെയെങ്കിലും ഒരിടത്ത് കാണുകയും, ആ കാഴ്ച ഒരു മുസ്ലിം ഭരണാധികാരി അംഗീകരിച്ച് പ്രഖ്യാപിക്കുകയും ചെയ്താല്‍ ആ വിവരം യഥാസമായം ലഭിക്കുന്ന ഏതൊരാള്‍ക്കും അത് ബാധാകമായിരിക്കും.

ഹജ്ജിന്‍റെ കര്‍മ്മങ്ങള്‍ നടക്കുന്നത് മക്കയിലാണ്. അവിടുത്തെ ഭരണാധികാരി, ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടത് അംഗീകരിച്ച് പ്രഖ്യാപിക്കുകയും തദടിസ്ഥാനത്തില്‍ ദുല്‍ഹിജ്ജ ഒമ്പതിന്ന് അറഫാ ദിനം നിശ്ചയിക്കുകയും ചെയ്യുന്നു. അന്നാണ് ഹാജിമാര്‍ അറഫയില്‍ നില്‍ക്കുന്നത്.

മക്കയിലെ ഭരണാധികാരി മക്കയിലെ പ്രാദേശികമായ കാഴ്ച മാത്രമല്ല പരിഗണിക്കുക. ലോകത്ത് എവിടെ കണ്ടാലും, യോഗ്യരായ ആളുകള്‍ സാക്ഷ്യപ്പെടുത്തുന്ന പക്ഷം, അദ്ദേഹത്തിന് അത് അംഗീകരിച്ച് പ്രഖ്യാപിക്കാവുന്നതാണ്. ഉമര്‍ رضي الله عنه അങ്ങനെ ചെയ്തിരുന്നു എന്നത് സുവിദിതമാണല്ലോ. ബലിപെരുന്നാള്‍ വിഷയത്തില്‍ മറ്റു നാട്ടുകാരെല്ലാം മക്കക്കാരെ പിന്തുടരുകയാണ് വേണ്ടതെന്ന് ഇമാം അഹ് മദിനെ പോലുള്ളവര്‍ പറഞ്ഞതിന്‍റെ സാംഗത്യവും അതു തന്നെയാണ്. അല്ലാതെ ഹാജിമാര്‍ അറഫയില്‍ നില്‍ക്കുന്ന "സമയത്ത് തന്നെ" അറഫാ നോമ്പ് പിടിക്കണം എന്നല്ല. അങ്ങനെ പറയാന്‍ തെളിവൊന്നുമില്ല. പരിഗണനീയരായ പണ്ഡിതന്മാരാരും അങ്ങനെ പറഞ്ഞിട്ടുമില്ല. അത് പ്രായോഗികവുമല്ല.

ഈ വര്‍ഷം [1439/2018] ആഗസ്ത് 21 ചൊവ്വാഴ്ചയാണ് കേരളത്തിലുള്ളവര്‍ അറഫാ നോമ്പ് പിടിക്കേണ്ടത് എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. അത് ശരിയല്ല. അത് തെറ്റാണ്. അന്ധമായ അനുകരണമോ, സംഘടനാപരമായ പക്ഷപാതമോ അല്ലാതെ മറ്റൊരടിസ്ഥാനവും അതിനില്ല. ആഗസ്ത് 11 ശനിയാഴ്ച സൂര്യനസ്തമിച്ച ശേഷം ദുല്‍ഹിജ്ജ മാസപ്പിറവി കാണുകയും, അത് മക്കയിലെ ഭരണാധികാരി അംഗീകരിച്ച്, ആഗസ്ത് 12 ഞായറാഴ്ച ദുല്‍ഹിജ്ജ ഒന്നായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളതാണ്. തടദിസ്ഥാനത്തില്‍ ആഗസ്ത് 20 തിങ്കളാഴ്ചയാണ് ഈ വര്‍ഷത്തെ അറഫാ ദിനമായി നിശ്ചയിച്ചിട്ടുള്ളത്. അക്കാര്യം യഥാസമയത്ത് അറിഞ്ഞിട്ടും അത് അംഗീകരിക്കാതെ, കേരളത്തിലുള്ള ചിലര്‍ അവരുടെ പറമ്പില്‍ തന്നെ മാസപ്പിറവി കാണണമെന്ന് വാശിപിടിച്ചതു കൊണ്ടാണ് ഇങ്ങനെ ഒരു അബദ്ധം പിണഞ്ഞത്.

ഈ വങ്കത്തം മറച്ചു പിടിക്കാന്‍ വേണ്ടി അവരുന്നയിക്കുന്ന ഒരു ദുര്‍ന്യാായമാണ് മക്കയുടെ എതിര്‍ ദിശയില്‍ സ്ഥിതിചെയ്യുന്ന നാടുകളിലുള്ളവര്‍ക്ക് എങ്ങനെയാണ് ഹാജിമാര്‍ അറഫയില്‍ നില്‍ക്കുന്ന "സമയത്ത് തന്നെ" അറഫാ നോമ്പ് പിടിക്കാന്‍ കഴിയുക എന്നുള്ളത്. ശുദ്ധമായ ഒരു അസംബന്ധം മാത്രമാണിത്. രണ്ടു കാര്യങ്ങള്‍ ഓര്‍ക്കുക:

1. ഹാജിമാര്‍ അറഫയില്‍ നില്‍ക്കുന്ന "സമയത്ത് തന്നെ" അറഫാ നോമ്പ് പിടിക്കണമെന്ന് അഹ് ലുസ്സുന്നത്തില്‍പെട്ട ആരും പറയുന്നില്ല. അതിനു പ്രമാണ രേഖകളുടെ പിന്‍ബലമില്ല, പരിഗണനീയമായ പണ്ഡിതാഭിപ്രായങ്ങള്‍ പോലുമില്ല. അത് ഒട്ടും പ്രായോഗികവുമല്ല. മറിച്ച്, അറഫാ ദിവസം ഒന്നേയുള്ളു. അത് ദുല്‍ഹിജ്ജ ഒമ്പതിനാണ്. ദുല്‍ഹിജ്ജ ഒമ്പത് ഓരോ പറമ്പും പ്രദേശവും മാറുന്നതിനുസരിച്ച് മാറ്റേണ്ട ഒന്നല്ല. ഇങ്ങനെയാണ് മഹാന്മാരായ ഇമാമുകളും മുഹഖിഖുകളായ ഉലമാക്കളും പറഞ്ഞിട്ടുള്ളത്.

2. മക്ക മനുഷ്യാധിവാസ കേന്ദ്രങ്ങളുടെ മധ്യത്തിലാണ് സ്ഥിതിചെയ്യുന്നത്. അവിടെ നിന്ന് കിഴക്കോട്ട് 12 മണിക്കൂറും, പടിഞ്ഞാറോട്ട് 12 മണിക്കൂറും ചേരുന്നതാണ് ഭൂമിയിലെ ഒരു ദിവസം. അതു കൊണ്ട് തന്നെ, ലോകത്തിന്‍റെ ഏത് കോണില്‍ വസിക്കുന്നവനും അറഫാ ദിവസം തന്നെ അറഫാ നോമ്പ് പിടിക്കാന്‍ കഴിയും. മാസപ്പിറവി പ്രാദേശികമായി തന്നെ കാണണമെന്നും, തദടിസ്ഥാനത്തില്‍ പ്രാദേശികമായി ദുല്‍ഹിജ്ജ 9 എന്നാണോ വരുന്നത് അന്നാണ് അറഫാ നോമ്പ് പിടിക്കേണ്ടതെന്ന് ജല്‍പിക്കുകയും ചെയ്യുന്നവര്‍ അറഫാ ദിവസം തന്നെ അറഫാ നോമ്പ് പിടിക്കാനുള്ള തൌഫീഖ് സ്വയം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.

പ്രമാണ രേഖകളാണ്, യുക്തിയല്ല മതകാര്യങ്ങള്‍ക്ക് അടിസ്ഥാനമെന്ന് വിശ്വസിക്കുന്ന ഒരാളും ഇങ്ങനെ ഒരു ചോദ്യം ഉന്നയിക്കാനിടയില്ല. മറിച്ച്, യുക്തി പ്രമാണ രേഖകള്‍ക്കും അതീതമാണെന്ന് കരുതുന്ന ചില അല്‍പബുദ്ധികളാണ് ഈ അസംബന്ധം എഴുന്നള്ളിക്കാറുള്ളത്. മാസപ്പിറവി ലോകത്ത് എവിടെ കണ്ടാലും പരിഗണിക്കേണ്ടതാണ്. പ്രാദേശികമായ കാഴ്ച നിര്‍ബന്ധമില്ലാത്തതാണ്. പ്രമാണബദ്ധവും പ്രായോഗികവുമായ ഈ നിലപാടിനെ ഖണ്ഡിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഇല്ലാത്ത ആരോപണങ്ങളുന്നയിച്ച് മറുപടി പറഞ്ഞ് ആത്മസംതൃപ്തി നേടാന്‍ ചില അല്‍പന്മാരുടെ കുബുദ്ധിയില്‍ ഉദിക്കുന്ന കാര്യമാണ് 'മക്കയുടെ ഏതിര്‍ ദിശയില്‍ സ്ഥിതിചെയ്യുന്ന നാടുകളിലുള്ളവര്‍ ഹാജിമാര്‍ അറഫയില്‍ നില്‍ക്കുന്ന "സമയത്ത് തന്നെ" എങ്ങനെ അറഫാ നോമ്പ് പിടിക്കും' എന്നുള്ള ചോദ്യം.

തിങ്കളാഴ്ച അറഫാ നോമ്പ് പിടിച്ച് ബുധനാഴ്ച ബലിപെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ നോമ്പിനും പെരുന്നാളിനും ഇടയില്‍ ഒരു ദിവസത്തെ വിടവ് വരില്ലേ? ഇങ്ങനെ ഒരു സംശയം സ്വാഭാവികം മാത്രം. അങ്ങനെ ഒരു ശൂന്യദിനം വരുന്നതിന് ഒരു കുഴപ്പവുമില്ല. ദീനില്‍ അതിന് തെളിവുണ്ട് താനും. ഹദീസുര്‍ റഹ്ത്വ് നല്‍കുന്ന രണ്ടാമത്തെ പാഠവും അതു തന്നെയാണ്. റമളാന്‍ 29 ന് മദീനയില്‍ മാസപ്പിറവി ദൃശ്യമായില്ല. അടുത്ത ദിവസം അവര്‍ നോമ്പ് തുടര്‍ന്നു. വൈകുന്നേരം അസ്ര്‍ നമസ്കരിച്ചിരിക്കുമ്പോള്‍ ഒരു യാത്രാ സംഘം വരുന്നു. തലേദിവസം അവര്‍ മാസപ്പിറവി കണ്ടത് നബി صلى الله عليه وسلم യെ ബോധിപ്പിക്കുന്നു. അവിടുന്ന് നോമ്പ് മുറിക്കുന്നു. മറ്റുള്ളവരോട് മുറിക്കാന്‍ 
കല്‍പിക്കുന്നു. പിറ്റേ ദിവസം കാലത്ത് പെരുന്നാള്‍ ആഘോഷിക്കാന്‍ മുസ്വല്ലയിലേക്ക് പുറപ്പെടാനും നിര്‍ദ്ദേശിക്കുന്നു. റമളാന്‍ 29 ദിവസം മാത്രം. പിന്നെ ഒരു ശൂന്യദിനം. പിറ്റേദിവസം പെരുന്നാള്‍!!

ഈ തിങ്കളാഴ്ച (20.08.2018) അറഫാ ദിനം. അന്ന് തന്നെ അറഫാ നോമ്പ് പിടിക്കലാണ് സുന്നത്ത്. പെരുന്നാള്‍ ആഘോഷിക്കേണ്ടത് മുസ്ലിം ലോകത്തോടൊപ്പം ചൊവ്വാഴ്ചയും. സങ്കടകരമെന്ന് പറയട്ടെ, കേരളത്തില്‍ അങ്ങനെ ഒരു തീരുമാനമുണ്ടായില്ല - والله المستعان

ചൊവ്വാഴ്ച പെരുന്നാള്‍ ആഘോഷിക്കാന്‍ സാഹചര്യം ലഭിക്കാത്തവര്‍ ഏതു നാട്ടിലാണോ ഉള്ളത് ആ നാട്ടിലെ മുസ്ലിംകളോടൊപ്പം പെരുന്നാള്‍ ആഘോഷിക്കട്ടെ. അതിനാണ് കല്‍പനയുള്ളത്. അങ്ങനെ ബുധനാഴ്ച പെരുന്നാള്‍ ആഘോഷിക്കേണ്ടി വന്നാല്‍ ഹദീസുര്‍ റഹ്ത്വിന്‍െറ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ശൂന്യദിനമായി കണക്കാക്കാവുന്നതുമാണ്. والله أعلم

അബു ത്വാരിഖ് സുബൈർ حفظه الله تعالى

അറഫാ ദിനം - 2

തിങ്കളാഴ്ച അറഫാ ദിനം. അന്ന് തന്നെ അറഫാ നോമ്പ് പിടിക്കുക. ചൊവ്വാഴ്ചയായിരുന്ന പെരുന്നാള്‍ ആഘോഷിക്കേണ്ടത്. കേരളത്തില്‍ തീരുമാനം മറിച്ചായി - والله المستعان - ചൊവ്വാഴ്ച പെരുന്നാള്‍ ആഘോഷിക്കാന്‍ സാഹചര്യമില്ലെങ്കില്‍, അവിടെയുള്ളവര്‍ ആ നാട്ടുകാരുടെ കൂടെ പെരുന്നാള്‍ ആഘോഷിക്കുക. ഹദീസു റഹ്ത്വിന്‍റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ശൂന്യ ദിനമായി കണക്കാക്കാം. الله أعلم

അബു ത്വാരിഖ് സുബൈർ حفظه الله تعالى

അറഫാ ദിനം - 1

നാളെ (ദുൽഹിജ്ജ 9- ആഗസ്റ്റ് 20) അറഫാ ദിനം.

അല്ലാഹുവിന്റെ റസൂൽ പറഞ്ഞു: 
അറഫാദിനം പോലെ, അല്ലാഹു അവന്റെ അടിമയെ ഇത്രയധികം നരകത്തിൽ നിന്ന് മോചിപ്പിക്കുന്ന മറ്റൊരു നാളുമില്ല.
അവൻ അടുത്തുവരും, എന്നിട്ട് അവന്റെ 
മലക്കുകളോട് അവരെക്കുറിച്ച് അഭിമാനം കൊള്ളും, അവരോടു പറയും: 
എന്താണ് ഇവർ ആഗ്രഹിക്കുന്നത്. (മുസ്'ലിം)
അഥവാ, അല്ലാഹുലിന്റെ റഹ്'മത്തും പാപമോചനവും ആഗ്രഹിച്ച് വന്നവരാണവർ. അവർക്ക് അവൻ അത് നൽകിയിരിക്കുന്നു എന്നർത്ഥം.

അറഫാ ദിനത്തിലെ നോമ്പ്:
നബി പറഞ്ഞു: അറഫാ ദിനത്തിലെ നോമ്പ്, അല്ലാഹുവിൽ നിന്നു ഞാൻ പ്രതിഫലമായി പ്രതീക്ഷിക്കുന്നത്, കഴിഞ്ഞ വർഷത്തേയും 
വരുന്ന വർഷത്തേയും പാപങ്ങൾ പൊറുത്തു തരുമെന്നാണ്.(മുസ്'ലിം)

അറഫാ ദിനത്തിലെ ദുആ:
നബി പറഞ്ഞു:
ഏറ്റവും ഉത്തമമായ ദുആ, അറഫാ നാളിലെ ദുആയാണ്. ഞാനും എനിക്കു മുൻപുള്ള നബിമാരും പറഞ്ഞതിൽ ഏറ്റവും ഉത്തമമായത്,
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ .
(തിർമുദി-അൽബാനി:ഹസൻ)

അബു തൈമിയ്യ ഹനീഫ് حفظه الله 

ഉദ്ഹിയ്യത്താണ് അതിന്റെ വില ദാനം ചെയ്യുന്നതിനേക്കാൾ ശ്രേഷഠം

ഇമാം ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു:
നിങ്ങൾ അറിയുവീൻ!
തീർച്ചയായും ഉദ്ഹിയ്യത്താണ് അതിന്റെ വില ദാനം ചെയ്യുന്നതിനേക്കാൾ ശ്രേഷഠം.
കാരണം അത് അല്ലാഹുവിന്റെ ശആഇറുകളിൽ (ചിന്നങ്ങളിൽ) പെട്ട ഒരു ശഈറത്താണ്.
ഭക്ഷിക്കാനും വിതരണം ചെയ്യാനുമുള്ള വെറും ഇറച്ചി മാത്രമല്ല അതുകൊണ്ടുള്ള ലക്ഷ്യം.
മറിച്ച് അതിന്റെ ഏറ്റവും പ്രധാന ലക്ഷ്യം 
അതിലുൾകൊണ്ടിരിക്കുന്നതായ,
അവനുവേണ്ടി മാത്രം ബലികർമം നിർവ്വഹിച്ചുകൊണ്ടുള്ള അല്ലാഹുവിനോടുള്ള ആദരവും, അവന്റെ നാമം അതിന്മേൽ സ്മരിക്കുകയും ചെയ്യുക എന്നതാണ്.
നബി صلى الله عليه وسلم യുടെ കാലത്ത് ചില വർഷങ്ങളിൽ ബലിപെരുന്നാളിന്റെ സമയത്ത് ജനങ്ങൾക്ക് പട്ടിണി ബാധിച്ചിരുന്നു.
അന്ന് ഉദ്ഹിയ്യത്ത് ഒഴിവാക്കാനും അതിന്റെ പൈസ പട്ടിണി അനുഭവിക്കുന്നവർക്ക് വിതരണം ചെയ്യാനുമല്ല അദ്ദേഹം അവരോട് കൽപിച്ചത്. നേരെ മറിച്ച് അവർ ഉദ്ഹിയ്യത്ത് നിർവ്വഹിക്കുന്നതിന്നാണ് അംഗീകാരം നൽകിയത്, എന്നിട്ട് അവരോടു പറഞ്ഞു:
നിങ്ങളിലാരാണോ ഉദ്ഹിയ്യത്ത് നിർവ്വഹിച്ചത്, അവന്റെ വീട്ടിൽ മൂന്നു ദിവസത്തിനപ്പുറത്തേക്ക് മാംസമൊന്നും ബാക്കിവെക്കരുത്. 
അടുത്ത വർഷമായപ്പോൾ അവർ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, കഴിഞ്ഞ വർഷം ചെയ്തതുപോലെയാണോ ഞങ്ങൾ ചെയ്യേണ്ടത്?
അപ്പോൾ നബി صلى الله عليه وسلم പറഞ്ഞു: നിങ്ങൾ ഭക്ഷിക്കൂ, പാവങ്ങളെ ഭക്ഷിപ്പിക്കൂ, സൂക്ഷിച്ചുവെക്കുകയും ചെയ്തോളൂ, കാരണം ആ വർഷം ജനങ്ങൾക്ക് ദുരിതമുണ്ടായിരുന്നു. അതിൽ അവരെ സഹായിക്കാനാണ് ഞാൻ ഉദ്ദേശിച്ചത്.
ബുഖാരിയും മുസ്'ലിമും രിവായത്ത് ചെയ്തതാണിത്.

വിവ: അബൂ തൈമിയ്യ

قال الإمام ابن عثيمين رحمه الله:
واعلموا أن الأضحية أفضل من الصدقة بثمنها لأنها شعيرة من شعائر الله وليس المقصود منها مجرد اللحم الذي يؤكل ويفرق بل أهم مقصود فيها ما تتضمنه من تعظيم الله عز وجل بالذبح له وذكر اسمه عليها ولقد أصاب الناس في عهد النبي صلى الله عليه وسلم في سنة من السنين مجاعة وقت الأضحى ولم يأمرهم النبي صلى الله عليه وسلم بترك الأضحية وصرف ثمنها إلى المحتاجين بل أقرهم على الأضاحي وقال لهم: «من ضحى منكم فلا يصبحن بعد ثالثة في بيته شيء فلما كان العام المقبل قالوا: يا رسول الله نفعل كما فعلنا في العام الماضي فقال النبي صلى الله عليه وسلم: كلوا واطعموا وادخروا فإن ذلك العام كان في الناس جهد فأردت أن تعينوا فيها» (رواه البخاري ومسلم) .
(الضياء اللامع ص: ٤٩٠)

Thursday, September 13, 2018

ദുൽഹിജ്ജ ഒന്ന് മുതൽ പത്തു വരെ


ദുൽഹിജ്ജ ഒന്ന് മുതൽ പത്തു വരെ

ഇന്ന് (ഓഗസ്റ് 12 - 2018) ദുൽഹിജ്ജ ഒന്നാണ്. ദുൽഹിജ്ജ ഒന്ന് തൊട്ടു പത്തു വരെയുള്ള ദിനങ്ങൾ ഏറെ പുണ്യകരമായ ദിനങ്ങളാണ്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ഇതിനെക്കുറിച്ച് പറഞ്ഞത് أفضل أيام الدنيا എന്നാണു. അതായത് ദുനിയാവിലെ ദിവസങ്ങളിൽ ഏറ്റവും പവിത്രമായ ദിവസങ്ങൾ എന്ന്. ഈ ഹദീസിനെ അടിസ്ഥാനമാക്കിയാണ് ശൈഖുൽ ഇസ്‌ലാം ഇബ്‌നു തീമിയയെപ്പോലുള്ള ഉലമാക്കൾ രാത്രികളിൽ ഏറ്റവും പവിത്രമായത് റമദാനിലെ അവസാനത്തെ പത്തിലേതാണെങ്കിൽ പകലുകളിൽ ഏറ്റവും പവിത്രമായത് ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്തു ദിവസങ്ങൾ എന്ന് പറഞ്ഞത്.

മക്കയിൽ ലോക മുസ്‌ലിംകൾ പരിശുദ്ധ ഹജ്ജ് കർമ്മങ്ങളിൽ പ്രവേശിക്കുന്നതും അറഫാ ദിനവും ഈ ദിനങ്ങളിലാണ് സമ്മേളിക്കുന്നത് എന്നത് ഇതിന്റെ സവിശേഷത വർദ്ധിപ്പിക്കുന്നു. അത് കൊണ്ട് തന്നെ ഈ അമൂല്യമായ അവസരം ഉപയോഗപ്പെടുത്താനും ഇബാദാത്തുക്കൾ കഴിവിന്റെ പരമാവധി വർധിപ്പിക്കാനും സത്യവിശ്വാസികൾ പ്രയത്നിക്കേണ്ടതുണ്ട്. ഐച്ഛിക നമസ്കാരങ്ങളും നോമ്പുകളും ദിക്ർ, ദുആ ഖുർആൻ പാരായണം ദാനധർമ്മങ്ങൾ തുടങ്ങി വിവിധവും വ്യത്യസ്തവുമായ ഇബാദത്തുകളുടെ വാതായനം മലർക്കെത്തുറക്കപ്പെട്ടു കഴിഞ്ഞു. ഇവിടെ വളരെ വിചിത്രമായ ഒരു കാര്യം ഓര്മവരുന്നുണ്ട്. കേരളത്തിലെ സാധാരണ മുസ്‌ലിംകൾ മതപരമായ വിഷയങ്ങളിൽ ജാഗ്രത പുലർത്തുന്നവരാണ്. എന്നാൽ ദുൽഹിജ്ജ മാസവുമായി ബന്ധപ്പെട്ടു അറഫാ ദിനത്തിലെ നോമ്പ് നോൽക്കുന്നതല്ലാതെ ആദ്യ പത്തു ദിനങ്ങൾക്ക് വേണ്ട പ്രാധാന്യവും പരിഗണനയും നൽകിയതായി കാണുന്നില്ല. വെള്ളിയാഴ്ചകളിലെ ഖുതുബകളിലോ മറ്റു മത പ്രഭാഷണ വേദികളിലോ ദുൽഹിജ്ജ മാസത്തിന്റെ പ്രാധാന്യവും പരിഗണനയും വിശതീകരിക്കുന്നത് സാധാരണ ഗതിയിൽ എന്ത് കൊണ്ടോ കേൾക്കാറില്ല. ഏതായാലും അവഗണിക്കാനും വിസ്മരിക്കാനും കഴിയാത്ത അത്ര പ്രാധാന്യമുള്ള ദിനങ്ങളിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത് എന്ന് ആനുഷംഗികമായി ഓർമിപ്പിക്കുകയാണ്.

ബശീർ പുത്തൂർ

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.