Monday, April 2, 2012

സലഫിയ്യത്തിലേക്ക് മടങ്ങിയവരോട് - 4

സലഫിയ്യത്തിലേക്ക്  മടങ്ങിയവരോട് - (4 )
സുന്നത്തിന്‍റെ ഊര്‍ജം ജീവിതത്തില്‍ വെളിച്ചം പരത്തുമ്പോള്‍ അനുഭവപ്പെടുന്ന അനുഭുതി വിവരണാതീതമാണ്.
ശറഇന്‍റെ താല്പര്യങ്ങള്‍ക്ക് മാത്രം കാതോര്‍ക്കുകയും കീഴ്പെടുകയും ചെയ്യുന്ന മനസ്സ്....
സലഫി ഒരു ചിന്തകനല്ല, മറിച്ചു അവന്‍ സുന്നത്തിന്‍റെ സഹചാരിയും അതിന്‍റെ കാവലാളുമാണ്.
പക്ഷെ, ചുറ്റുപാടിന്‍റെ സാക്ഷരതയില്‍ ചങ്കുറ്റം കൊള്ളുന്ന ആളുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല, കാരണം, അവര്‍ക്ക് ലഭിച്ച
തര്‍ബിയത് സുന്നത്തിന്‍റെതല്ലല്ലോ ...കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.
നയിക്കപെടുന്നത് എങ്ങോട്ടെന്നു തിരിച്ചറിയാന്‍ മനസുകള്‍ പാകപ്പെടണമെങ്കില്‍
നാം ആരാണെന്ന് അറിയണം. നമ്മുടെ നിയോഗമെന്തെന്നറിയണം.
ഏറ്റവും കുറഞ്ഞത്‌ തെറ്റിദ്ധരിക്കപ്പെടാന്‍ പാകത്തില്‍ ചെരിച്ചു വെച്ച മനസ്സുകളെ നേരെയാക്കുകയെങ്കിലും ചെയ്യണം.
അത് പോലും അസാധ്യമെങ്കില്‍ പിന്നെ വിശ്വസിക്കുന്നു എന്ന് പറയുന്ന ആതര്‍ശത്തിനു എന്ത് കരുത്ത്?
ഖുര്‍ആനും സുന്നത്തും   ദഅവത്തു നടത്തുന്നു എന്നവകാശപ്പെടുന്ന സംഘടനകള്‍  ഒന്നും,
ഇന്ന് ഒരു നിലക്കും അസുയാവഹമായ  ഒരു അവസ്ഥയിലാണെന്ന് ആരും പറയില്ല.
പിളരുകയും തളരുകയും പിന്നെയും പിളരാന്‍ കൊതിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങള്‍....എല്ലാം ദീനിന്‍റെ പേരില്‍ ! 
നിസ്സഹായരായി എന്ത് ചെയ്യണമെന്നറിയാതെ അണികള്‍,  വേദന പങ്കു വെക്കപ്പെടാന്‍ പോലും കഴിയാത്ത അവസ്ഥ. ! ദീനിന് വേണ്ടി എന്ന് കരുതി പ്രസ്ഥാനത്തിന് എല്ലാം അകമഴിഞ്ഞ് ചെലവഴിച്ചവര്‍ ! 
പ്രസ്ഥാനം ആയിരുന്നല്ലോ എല്ലാം !!
ഇത് ഒരു പാഠമാണ് എന്നല്ല പാഠമാവണം.   പഠിക്കാന്‍ ഏറെയുണ്ട് ഇതില്‍ . അതിനെക്കാളധികം, ചിന്തിക്കാനും പുനപരിശോധിക്കാനും അള്ളാഹു ഒരു അവസരം മരിക്കുന്നതിനു മുമ്പ് നല്‍കി എന്നതല്ലേ ശരി !
അല്ലാഹുവേ നിനക്ക് സ്തോത്രം !
സലഫിയ്യത്തു പഠിച്ചെടുക്കേണ്ട വിശ്വാസമാണ്. സര്‍ടിഫികറ്റും പ്രസ്ഥാന ബന്ധവും ആര്‍കും ദീന്‍ പ്രധാനം ചെയ്യില്ല,
അവ ആരെയും സലഫിയ്യത്തില്‍ എത്തിക്കുകയുമില്ല. പക്ഷെ ഇന്ന് സലഫിയ്യത്തു തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു...
" താടി നീട്ടി വളര്‍ത്തി, നീളക്കുപ്പായമിട്ടു , പൊതുജന സമ്പര്‍ക്കമില്ലാതെ, ഊരു തെണ്ടുന്ന തൊപ്പിക്കാരന്‍. " ഈ ചിത്രം സലഫിയ്യത്തിനു ചാര്‍ത്തി നല്‍കിയത് ആത്മ  വഞ്ചകരായ സംഘടനക്കാരും ഏഷണിക്കാരുമാണ്.  പ്രസ്ഥാനത്തിന്‍റെ അടിക്കല്ലിനു ഇളക്കം തട്ടുന്ന ഒന്നിനെക്കുറിച്ചും അതിന്‍റെ പ്രവര്‍ത്തകന് ചിന്തിക്കാന്‍ പോലും കഴിയില്ല.  അവിടെ അവന്‍റെ ദീനും സുന്നത്തും അവസാനിക്കുന്നു.
താടിക്കാരന്‍, മുട്ടിനു താഴെ അവസാനിക്കുന്ന വസ്ത്രം, തുടങ്ങിയവയെല്ലാം പഴഞ്ചനും പിന്തിരിപ്പനും. 
പുച്ഛത്തോടെ നോക്കുന്നവര്‍...അവജ്ഞയോടെ അവഗണിക്കുന്നവര്‍, സഹതാപത്തോടെ നോക്കി നെടുവീര്പിടുന്നവര്‍ ...ഇങ്ങിനെ ഏതെല്ലാം  തരക്കാര്‍ ! എന്തെല്ലാം വിശേഷണങ്ങള്‍ !!  ചുറു ചുറുക്കുള്ള പ്രവര്‍ത്തകനായിരുന്നു...ഇപ്പോള്‍ മഹാ കഷ്ടം !! ഇത് കേള്‍ക്കാത്ത സലഫികള്‍ കുറവ്. !
അവര്‍ക്കറിയില്ലല്ലോ സലഫിയ്യത്ത് നമുക്ക് നല്‍കിയ കരുത്തും ആത്മവിശ്വാസവും എന്താണെന്ന്.  ഇബ്രാഹീം ഇബ്ന്‍ അധഹം പറഞ്ഞു  " "لو يعلم الملوك وأبناء الملوك ما نَحْنُ فيه من السعادة لجالدونا عليها بالسيوف" രാജാക്കന്മാരും രാജകുമാരന്മാരും നാം അനുഭവിക്കുന്ന സൌഭാഗ്യത്തെക്കുറിച്ചു  അറിഞ്ഞിരുന്നുവെങ്കില്‍ അതിനു വേണ്ടി അവര്‍ വാളുകളെടുക്കുമായിരുന്നു. " 
**                  **                           **                         **
ലാഭത്തെക്കുറിച്ച് മാത്രമാണ് എല്ലാവരും ചിന്തിക്കുന്നത്. നേട്ടങ്ങളിലാണ് എല്ലാവര്ക്കും താല്‍പര്യം.
പെട്ടെന്നുള്ള ലാഭം, പെട്ടെന്നുള്ള വളര്‍ച്ച, ഇതൊക്കെ കൊതിപ്പിക്കുന്നതാണ്.  
എന്നാല്‍ സലഫിയ്യത്തിന്‍റെ വളര്‍ച്ച സംഘടനയുടെ വളര്‍ച്ച പോലെ ദ്രുതഗതിയില്‍  ആവില്ല. അത് നോക്കി നില്‍കെ വളരുന്നതുമല്ല.  വളര്‍ന്നു വലുതായി സമുഹത്തില്‍ ഒരു സമ്മര്‍ദ്ധ ശക്തിയാവണം, ജനങ്ങള്‍ നമ്മെ ശ്രദ്ധിക്കണം, നാം ചര്‍ച്ച ചെയ്യപ്പെടണം, ഇതൊന്നും സലഫിയ്യത്തുമായി അടുത്തോ അകന്നതോ ആയ ബന്ധമുള്ള കാര്യങ്ങള്‍ അല്ല.
.
ഉലമാക്കള്‍ പലപ്പോഴും പറയാറുള്ള ഒരു കവിതാ ശകലുമുണ്ട്. ( തന്‍റെ ഒട്ടകത്തെ വര്‍ണിച്ചു കൊണ്ട് കവി പറയുകയാണ്‌ )
مـــــــن لـــــي بمثــــــل سيرك المــــــدلــــــل            تمــشـــــــي رويدا وتجيـــــــــئ فــــــــــــي الأول
" നിന്‍റെ കൊഞ്ചിക്കുഴഞ്ഞു കൊണ്ടുള്ള പ്രയാണം, ആരോടാണെനിക്ക് അതിനെ ഉപമിക്കാനുള്ളത് !
സാവകാശം നീ നടക്കുന്നു, നിന്‍റെ ലക്ഷ്യത്തില്‍ ഒന്നാമതായി നീ എത്തിച്ചേരുകയും ചെയ്യുന്നു "
പതിയെ, അതീവ സാവകാശം മനസ്സുകളില്‍ വീണു മുളച്ചു സ്വച്ഛമായി സ്വന്ത്രമായി തളിരിട്ടു  വളര്‍ന്നു പന്തലിക്കുന്നു...മൊട്ടായി, പുവായി പരിലസിക്കുന്നു, പരിമളം പരത്തുന്നു..വെളിച്ചം പ്രദാനം ചെയ്യുന്നു. അതിന്‍റെ അടിവേരുകള്‍ ഉറച്ചതാണ്. അതിന്‍റെ ശാഖകള്‍ ആകാശത്തില്‍ പടര്‍ന്നതാണ്.  കഴിയില്ല,
ആര്‍ക്കും കടപുഴക്കാന്‍, എളുപ്പം ! അതിന്‍റെ ഇഴകള്‍ സുന്നത്തുമായി  അങ്ങേയറ്റം ബലിഷ്ഠമായ നിലയില്‍ ബന്ധിതമാണ്.
നാഴികക്കല്ലുകളായി വിശ്വസ്തരായ ഉലമാക്കള്‍, യുഗങ്ങളില്‍ നിന്ന് യുഗങ്ങളിലേക്ക്, തലമുറകളില്‍ നിന്ന് തലമുറകളിലേക്ക്, ഒടുക്കം സലഫുകള്‍-സ്വഹാബത്ത്- പിന്നെ റസുലുല്ലാഹി സ്വല്ലള്ളാഹു അലൈഹി വസല്ലം !! ആര്‍ക്കുണ്ട് അവകാശപ്പെടാന്‍ ഇത്ര ബലിഷ്ഠവും അഭേദ്യവും അവിഭാജ്യവുമായ ഒരാത്മ ബന്ധം !? സലഫിക്കല്ലാതെ !
ഈ കരുത്താണ് സലഫിയുടെ ഊര്‍ജം, ഇതാണ് അവന്‍റെ ആവേശം, ഇതാണ് ആര്‍ക്ക് മുമ്പിലും അവനെ കീഴടങ്ങാതിരിക്കാന്‍ പ്രേരിപ്പിക്കുന്ന ചാലക ശക്തി.

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.