Saturday, November 25, 2017

ഐ എസ് ഇസ്‌ലാമല്ല - 2

((....ഇസ്‌ലാം ഭീകരവാദത്തിന് എതിരാണ്. ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്.

((.....ഞങ്ങൾ ഭീകരവാദികൾ അല്ല, ഐ എസ് ഇസ്‌ലാമല്ല.... ))
തുടങ്ങിയ ജനശ്രദ്ധയാകർഷിക്കുന്ന പ്രമേയങ്ങൾ ഉയർത്തിപ്പിടിച്ചു സമ്മേളനങ്ങൾ നടത്തിയത് കൊണ്ടായില്ല.
വിഷയത്തിന്റെ മർമ്മം മനസ്സിലാക്കിക്കൊണ്ട്, കൃത്യവും വ്യക്തവുമായ നിലപാടുകളിലൂടെയുള്ള ചികിത്സ മാത്രമേ ഫലപ്രദമാവുകയുള്ളൂ.
ഇസ്‌ലാമിൽ ജിഹാദുണ്ട്. പക്ഷെ ഇസ്‌ലാമിലെ ജിഹാദെന്ന് പറഞ്ഞാൽ തനിക്കു തോന്നുന്നവരെയെല്ലാം കൊന്നൊടുക്കാനോ അനീതി കാണിക്കാനോ ഉള്ള അധികാരമില്ല. അത് പോലെ തന്നെ, ഇസ്‌ലാമിലെ ജിഹാദെന്ന് പറഞ്ഞാൽ "ത്യാഗപരിശ്രമമാണെന്ന" എവിടെയും തൊടാതെയുള്ള നിർവചനവും ശെരിയല്ല. 

ഐസിലേക്കു മുസ്‌ലിം ചെറുപ്പക്കാർ ആകൃഷ്ടരാകാനുള്ള പ്രധാന കാരണം ജിഹാദിനെ തെറ്റായി മനസ്സിലാക്കിയതാണ്. ജിഹാദ് എന്ന പുണ്യ കർമ്മത്തിനു നിബന്ധനകളുണ്ട്. ആയുധമെടുത്ത്, യുദ്ധത്തിന് ഇറങ്ങണമെങ്കിൽ, അതിനു പ്രാപ്തനായ ഒരു മുസ്‌ലിം ഭരണാധികാരിയുടെ വ്യക്തമായ ആഹ്വാനവും നേതൃത്വവുമുണ്ടാകണം. വ്യക്തമായ അധികാരമുള്ള, മുസ്‌ലിമായ ഒരു ഭരണാധികാരിയുടെ നേതൃത്വത്തിൽ അല്ലാതെ, യുദ്ധത്തിന് അഥവാ ജിഹാദിന് പുറപ്പെടാൻ പാടില്ല. സ്വന്തം ഭാര്യയേയും കുട്ടികളെയും നിർബന്ധിതമായോ തെറ്റിദ്ധരിപ്പിച്ചോ ഇസ്‌ലാമിക ജിഹാദിന്റെ പേര് പറഞ്ഞു വ്യക്തികൾ ആയുധമെടുക്കുന്നത്, അരാജകത്വം സൃഷ്ടിക്കുക മാത്രമല്ല ചെയ്യുക, മറിച്ച്, അത് ആത്മഹത്യാപരം കൂടിയാണ്. 

അത് പോലെ ജിഹാദുമായി ബന്ധപ്പെട്ട മറ്റൊരു വിഷയമാണ് ഭരണാധികാരിക്കെതിരിൽ ആയുധവുമായി പുറപ്പെടൽ. മുസ്‌ലിമായ ഒരു ഭരണാധികാരിക്കെതിരിൽ ഒരു കാരണവശാലും പ്രജകൾ ആയുധമെടുക്കാനോ, യുദ്ധത്തിനും കലാപത്തിനും മറ്റുള്ളവരെ പ്രചോദിപ്പിക്കാനോ പാടില്ല. വളരെ വ്യക്തമായ നിബന്ധനകളോട് കൂടി ചില സന്നിഗ്ദ്ധ ഘട്ടങ്ങളിൽ മാത്രമേ അത് അനുവദിക്കപ്പെട്ടിട്ടുള്ളൂ. ഭരണാധികാരികൾക്കെതിരെ ആയുധമെടുക്കുന്നതിനെ വിലക്കിക്കൊണ്ട് സ്വഹീഹായ നൂറു കണക്കിന് ഹദീസുകളുണ്ട്. 

ഇക്കാര്യം, കേരളത്തിലെ തീവ്രവാദ വിരുദ്ധ ജാഥ നയിക്കുന്ന മുസ്‌ലിം മത സംഘടനകൾ പള്ളി മിമ്പറുകളിൽ വെച്ചും,ഖുർആൻ ക്ലാസ്സുകളിൽ വെച്ചും, സമ്മേളനങ്ങളിൽ വെച്ചും മറ്റു വേദികളിൽ വെച്ചും തെളിവുകൾ സഹിതം മുസ്‌ലിം പൊതു ജനത്തെ തെര്യപ്പെടുത്തിയാൽ തീരുന്ന പ്രശ്നമേയുള്ളൂ. അതിനു പ്രയത്നിക്കാതെ, പുകമറ കൊണ്ട് പൊതു ബോധത്തെ സ്വാധീനിക്കാനുള്ള ഏതു ശ്രമവും പ്രതീക്ഷിക്കുന്ന ഫലം ഒരിക്കലും പ്രദാനം ചെയ്യില്ല.

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.