Wednesday, July 16, 2014

 
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " നിശ്ചയമായും ഒരു മനുഷ്യൻ നമസ്കരിക്കും, ഒരു പക്ഷെ അവനു അവന്റെ നമസ്കാരത്തിൽ നിന്ന് പത്തിലൊന്നോ, ഒമ്പതിലൊന്നോ, എട്ടിലൊന്നോ, ഏഴിലൊന്നോ, അഞ്ചിലൊന്നോ (മാത്രമേ പ്രതിഫലമായി ലഭിക്കുകയുള്ളൂ)
നമസ്കാരത്തിലെ "ഖുഷൂഉ",
സ്വഫ് നേരെയാക്കൽ, മടമ്പുകൾ ഒപ്പിച്ചു നിൽക്കൽ, നമസ്കാരത്തിൽ 'സുത്റ' സ്വീകരിക്കൽ തുടങ്ങി അതി പ്രധാനമായ സുന്നത്തുകൾ, അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ച വിരലിലെണ്ണാവുന്ന ആളുകളല്ലാതെ മഹാ ഭൂരിപക്ഷം പേരും ശ്രദ്ധിക്കാറില്ല.

എന്താണ് (( സുത്റ )) ?


നിർബന്ധമോ ഐഛികമോ ആയ ഏതു നമസ്കാരമാണെങ്കിലും, നമസ്കാരം നിർവ്വഹിക്കുന്ന ആളുടെ മുമ്പിൽ ഒരു മറ ഉണ്ടായിരിക്കൽ നിർബന്ധമാണ്‌. സുജൂദ് ചെയ്തു കഴിഞ്ഞാൽ ഒരു ആടിന് നടക്കാനുള്ള അകലമേ സുത്റക്കും നമസ്കരിക്കുന്ന ആൾക്കും ഇടയിൽ ഉണ്ടാവാൻ പാടുള്ളൂ. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം യാത്രയിയിലും അല്ലാത്ത സമയത്തും സുത്റ സ്വീകരിച്ചിരുന്നു.

ജമാഅത്ത് നമസ്കാരമാണെങ്കിൽ സുത്റ ഇമാമിന് മാത്രം മതി. എന്നാൽ ഒറ്റയ്ക്ക് നമസ്കരിക്കുന്നവർക്കെല്ലാം സുത്റ വേണം.
ചുമരോ തൂണോ പോലെ തറയിൽ നിന്ന് ഏതാണ്ട് ഒരു മുഴം നീളമുള്ള എന്തും സുത്റ ആയി സ്വീകരിക്കാം.
(( നിങ്ങളിലൊരാൾ നമസ്കരിക്കുകയാണെങ്കിൽ സുത്റയിലേക്ക് നമസ്കരിക്കുക, അവന്റെ നമസ്കാരം ശൈത്താൻ മുറിക്കില്ല)) (( നിങ്ങൾ സുത്റയോട് അടുത്ത് നിൽക്കുക)) (( നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ നമസ്കാരത്തിൽ സുത്രയിലെക്കുള്ള അകലം ഒരു ആടിന് നടക്കാനുള്ള സ്ഥലം മാത്രമേ ഉണ്ടായിരുന്നുള്ളൂ)) തുടങ്ങിയ ഹദീസുകളുടെ അടിസ്ഥാനത്തിൽ സുത്റ വാജിബ് ആണെന്ന അഭിപ്രായക്കാരനാണ് ശൈഖു നാസിറുധീൻ അൽബാനിയെപ്പോലുള്ള ഉലമാക്കൾ. ഭൂരിഭാഗം ആളുകളും അവഗണിക്കുകയോ വിസ്മരിച്ചു കളയുകയോ ചെയ്ത ഒരു കാര്യമത്രെ സുത്റ.

സ്വഫു നേരെയാക്കൽ


നമസ്കാരത്തിൽ സ്വഫുകൾ നേരെയാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. തന്റെ യജമാനനായ അള്ളാഹുവിന്റെ മുമ്പിൽ വിനയാന്വിതനായി ഒരു അടിമ എങ്ങിനെയാണ് നിൽക്കേണ്ടത് എന്ന് അള്ളാഹുവിന്റെ റസൂൽ പഠിപ്പിച്ചിട്ടുണ്ട്.

ഓരോ നമസ്കാരത്തിനും നിൽക്കുമ്പോൾ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം സ്വഹാബികൾക്ക് നേരെ തിരിഞ്ഞു നിന്ന് (( നിങ്ങൾ സ്വഫുകൾ നേരെയാക്കുവിൻ, സ്വഫു നേരെയാക്കൽ നമസ്കാരത്തിന്റെ പൂർണതയുടെ ഭാഗമാണ് ))
(( നിങ്ങൾ സ്വഫു ശെരിയാക്കൂ, വിടവുകൾ നികത്തൂ)) എന്നിങ്ങനെ നിരന്തരം പറയാറുണ്ടായിരുന്നു.
കാലുകളും തോളുകളും, കഴുത്തുകളും മടമ്പുകളും പരസ്പരം ചേർത്ത് വെച്ച് സ്വഫ് നേരെയാക്കാൻ കൽപിച്ചു കൊണ്ട് ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്.
കാൽ വിരലുകൾ ഒപ്പിച്ചു കൊണ്ടാണ് സ്വഫ് ശെരിപ്പെടുത്തേണ്ടത് എന്നാണു പലരും ധരിച്ചു വെച്ചിട്ടുള്ളത്. എന്നാൽ കാലിന്റെ മടമ്പുകളാണ് ചേർത്ത് വെക്കേണ്ടത്. "ഞങ്ങളിലൊരാൾ തന്റെ തോളും, പാദവും തന്റെ അടുത്ത് നിൽക്കുന്ന ആളുമായി ചേർത്ത് വെക്കാറുണ്ടായിരുന്നു" വെന്ന് അനസ് റദിയള്ളാഹു അൻഹു പറയുന്നു. അള്ളാഹുവിന്റെ മുമ്പിൽ മലക്കുകൾ നിൽക്കുന്ന പോലെ നിൽക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ എന്ന് റസൂലുള്ള അലൈഹി വസല്ലം അവരോടു ചോദിക്കാറുണ്ടായിരുന്നു. നിങ്ങൾ സ്വഫു നേരെയാക്കുന്നില്ലെങ്കിൽ സ്വഫിലെ വിടവിൽ ശൈത്വാൻ പ്രവേശിക്കും, നിങ്ങളിൽ അല്ലാഹു ഭിന്നത ഉണ്ടാക്കും എന്നെല്ലാം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം താക്കീത് ചെയ്യുകയുണ്ടായി.
ചിലപ്പോഴൊക്കെ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം സ്വഫുകൾക്ക് ഇടയിലൂടെ സ്വഫ് നേരെയാക്കാൻ കൽപിച്ചു കൊണ്ട് വലത്തോട്ടും ഇടത്തോട്ടും നടക്കാറുണ്ടായിരുന്നു.
പള്ളികളിലെ ഇമാമുമാരും ഖതീബുമാരുമെല്ലാം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പ്രാധാന്യ പൂർവ്വം പഠിപ്പിച്ച ഈ സുന്നത്ത് ജീവിപ്പിക്കുന്നതിൽ എത്ര മാത്രം ജാഗ്രത പുലർത്തുന്നു എന്നത് പരിശോധിക്കപ്പെടെണ്ടതുണ്ട്.

(( ഇൽമുസ്സലഫ്))

www.ilmussalaf.com

(( ഇൽമുസ്സലഫ്))

 ഇരുൾ മുറ്റിയ വഴിയിലെ വിളക്കുമാടം: 


പല ശബ്ദങ്ങളിൽ ഒരു ശബ്ദം വേറിട്ട്‌ നിൽക്കുമ്പോൾ അതൊരു ആകർഷണമാണ്. വിവിധ വർണങ്ങളിൽ ഒരു വർണം വേറിട്ട്‌ നിൽക്കുന്നത് ഒരു കൌതുകമാണ്. പല രുചികളിൽ ഒരു രുചി വിത്യസ്ഥത പുലർത്തുന്നത് ആസ്വാദ്യകരമാണ്.
വെളിച്ചം ലഭിക്കാൻ വേണ്ടി തെളിച്ചു വെച്ച ഒരു പാട് തിരികൾ. പലതും വേണ്ട വിധം വെളിച്ചം നൽകുന്നില്ല. ചിലതെല്ലാം കത്തി തീർന്നിരിക്കുന്നു. വേറെ ചിലത് ഇന്ധനം തീർന്നു പോയവയാണ്. ഇനിയും ചിലത് മുനിഞ്ഞു കത്തുന്നുണ്ടെങ്കിലും അതിൽ നിന്ന് ബഹിർഗമിക്കുന്ന കരിമ്പുക കാരണം വെളിച്ചത്തിന്റെ ഗുണം അതിനു നഷ്ടപ്പെടുന്നു. ഇതിന്നിടയിൽ ചെറിയ ഒരു തിരി നല്ല തെളിഞ്ഞ വെളിച്ചം പ്രദാനം ചെയ്തു ജാജ്വല്ല്യ ശോഭയോടെ വെട്ടിത്തിളങ്ങുന്നു. ആ വെളിച്ചത്തിന്റെ പ്രഭവ കേന്ദ്രമാണ് (( ഇൽമുസ്സലഫ്)).
മലയാള സംവേദനത്തിന് പുതിയ ഒരു നാഴികക്കല്ലു തീർക്കുന്ന ഇൽമുസ്സലഫിന്റെ ലക്‌ഷ്യം സത്യത്തിൽ, അടിസ്ഥാനപരമായി വിത്യസ്ഥത പുലർത്തലല്ല. മറിച്ചു വെളിച്ചം അഥവാ ഖുർആനിന്റെയും സുന്നത്തിന്റെയും ശുഭ്രമായ രാജപാത അന്വേഷിക്കുന്ന ഒരു സാധാരണ മുസ്ലിമിനെ കൈപിടിച്ചു സ്വര്ഗത്തിന്റെ വഴിയിലേക്ക് വിരൽ ചൂണ്ടുന്ന ഒരു കൈ വിളക്കാണത്.
പുകഴ്ത്തിപ്പറയാനും പെരുമ നടിക്കാനും ഏറെയൊന്നും ഇല്ലെങ്കിലും, സമകാലിക സാമൂഹിക ചുറ്റുപാടിൽ ഇസ്ലാമിക പ്രബോധന രംഗത്ത് നിലനിൽക്കുന്ന അപകടകരമായ ശുന്യത നികത്താൻ ഒരു പരിധി വരെയെങ്കിലും പര്യാപ്തമാണ് എന്നതാണ് കൃതാർത്ഥത പകരുന്ന കാര്യം.
കേരളത്തിലെ മുസ്ലിം നവോഥാനത്തിന്റെതെന്നു അവകാശപ്പെടാറുള്ള കഴിഞ്ഞ ഒരു ശതാബ്ദം നിരീക്ഷണ വിധേയമാക്കിയാൽ ഉരുത്തിരിഞ്ഞു വരുന്ന ഒരു ഉത്ഘണ്ടയുണ്ട്.
നവോത്ഥാനമെന്നത് ആത്യന്തികമായി വിദ്യാഭ്യാസപരമോ സാമ്പത്തിക-രാഷ്ട്രീയ തലങ്ങളിലുള്ളതോ, ഇനി അതിനെല്ലാം പുറമേ സാമൂഹികമോ ആയ ഉൽകർഷ മാത്രമല്ല. മറിച്ചു, അത് മുസ്ലിംകളെ സംബന്ധിച്ചേടത്തോളം വിശ്വാസ വിമലീകരണത്തിലും സുന്നത്തിന്റെ സംസ്ഥാപനത്തിലും വ്യാപനത്തിലും ഊന്നിയ വളർച്ചയാണ്‌.
ഉലമാക്കളുടെ ശ്രദ്ധയും സേവനവും പതിയേണ്ടത് ഈ മേഖലയിലാണ്. കഴിഞ്ഞ നൂറു കൊല്ലക്കാലയളവിൽ ഇസ്ലാമിക മത ശാക്തീകരണ രംഗത്ത് നടന്നിട്ടുള്ള നവീകരണ യത്നങ്ങൾ, ഖുർആനും സുന്നത്തും സലഫുകൾ ഗ്രഹിച്ച മുറപ്രകാരം ഗ്രഹിക്കാനും ഉൾക്കൊള്ളാനും എത്ര മാത്രം പര്യാപ്തമായിട്ടുണ്ട്? കഴിഞ്ഞു പോയ നവോഥാന സാരഥികളെയോ, മഹത്തുക്കളേയോ കുറ്റപ്പെടുത്തുകയോ ചെറുതായി കാണുകയോ ചെയ്യുന്നില്ല. മറിച്ചു അവർ ജീവിച്ച ചുറ്റുപാടിന്റെ തിക്തതകൾ അനുഭവിക്കുകയും അവർ അറിയുകയും ഉൾക്കൊള്ളുകയും ചെയ്ത കാര്യങ്ങൾ ജനങ്ങളെ അവർ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നതാണ് നേര്. അവർക്ക് അജ്ഞാതമാവുകയോ, കിട്ടാതെ പോവുകയോ ചെയ്ത കാര്യത്തിന്റെ പേരിൽ അവർ ആക്ഷേപാർഹരല്ലാത്തത് പോലെ, അവർക്ക് വസ്തുനിഷ്ടമായി കിട്ടിയിരുന്നുവെങ്കിൽ അത് സ്വീകരിക്കാൻ അവർ സന്നധരാവുമായിരുന്നു എന്ന സദ്‌വിചാരം മാത്രമേ അവരോടു നമുക്കുള്ളൂ.
ഇമാം അഹ്മദ്, ഇമാം ലാലകാഇ, ഇമാം ബർബഹാരീ, ശൈഖുൽ ഇസ്ലാം ഇബ്ൻതീമിയ, ഇമാം മുഹമ്മദ്‌ബിന്അബ്ദിൽ വഹാബ്, ഷെയ്ഖ്‌ നാസിറുദ്ധീൻ അൽബാനി തുടങ്ങിയ ആധുനികരും പൌരാണികരുമായ അഹ്ലുസ്സുന്നത്തിന്റെ തലയെടുപ്പുള്ള ഉലമാക്കളാൽ വിരചിതമായ അഖീദയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ മഹൽ ഗ്രന്ഥങ്ങൾ മലയാള സംവേദനത്തിന് പരിചയപ്പെടുത്തി എന്നത് എടുത്തു പറയേണ്ട നേട്ടം തന്നെയാണ്. കേരളത്തിലെ നവോഥാന ചരിത്രത്തിൽ ഇടം പിടിക്കാതെ പോയ അഖീദതുൽ വാസിതിയ്യ, ശറഹു ഉസ്വൂലി അഹ്ലിസ്സുന്ന, ശറഹുസുന്ന, ഉസ്വൂലുസുന്ന തുടങ്ങിയവ അവയിൽ ചിലത് മാത്രം. ഷെയ്ഖ്‌ അൽബാനി റഹമത്തുള്ളാഹി അലൈഹിയുടെ സ്വിഫത്-സ്വലാത്തിന്നബിയ്യിസ്വല്ലള്ളാഹു അലൈഹിവസല്ലം എന്ന ഒരു കര്മാശാസ്ത്ര ഗ്രന്ഥം മാത്രം മതി, ഇൽമുസ്സലഫിനെ സമ്പന്നമാക്കാൻ.
നമസ്കാരവുമായി ബന്ധപ്പെട്ടു ഒരു മനുഷ്യൻ അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും കൃത്യമായ പ്രമാണങ്ങളുടെ പിൻബലത്തിൽ വിലയിരുത്തപ്പെടുന്ന മറ്റൊരു ഗ്രന്ഥം വേറെ ഇല്ലായെന്ന് തന്നെ പറയാം. ഏതൊരു സാധാരണക്കാരനും തന്റെ വിരൽ തുമ്പിൽ അത് സജ്ജീകരിച്ചു നൽകാൻ സാധിച്ചുവെന്നത് തികച്ചും ശ്ലാഖനീയം തന്നെ.
ഇതിനെല്ലാം പുറമേ വൈജ്ഞാനികമായ വിത്യസ്ഥത പുലർത്തുന്ന ഒത്തിരി പ്രഭാഷണ സമാഹാരങ്ങൾ. തികച്ചും സുന്നത്തിന്റെ മിടിപ്പും തുടിപ്പും ഒപ്പിയെടുത്ത ശബ്ദശേഖരങ്ങൾ പതിവ് പ്രഭാഷണങ്ങളിൽ നിന്ന് ഇൽമുസ്സലഫിനെ വേർതിരിച്ചു നിർത്തുന്നു.
കേരള മുസ്ലിംകൾക്ക് പരിചയമുള്ള സംഘടനയുടെയും പാർട്ടിയുടേയും അടിസ്ഥാനത്തിൽ ആളുകളെ വർഗീഗരിക്കുകയും കോളം വരച്ചു മാറ്റി നിർത്തുകയും ചെയ്യുന്ന രീതിയിൽ നിന്ന് മാറി, തീർത്തും സുന്നത്ത് അനുസരിച്ച് എങ്ങിനെ ജീവിതം കരുപ്പിടിപ്പിക്കാമെന്നും, പരലോകത്ത് രക്ഷ കിട്ടാൻ (( ഞാനും എന്റെ സ്വഹാബത്തും ഏതൊന്നിലായിരുന്നോ)) അതിനെ അവലംബിക്കണമെന്ന് അള്ളാഹുവിന്റെ റസൂൽ മുന്നറിയിപ്പ് നൽകിയ മാർഗം ഏതെന്നും വിശദീകരിക്കുന്ന, ശാന്തമായി ഒഴുകുന്ന ഒരു തെളിനീർധാര പോലെ ഇൽമുസ്സലഫ് അതിന്റെ വാതായനം പൊതുജനത്തിന് മുമ്പിൽ തുറക്കുകയാണ്.
അതെ, ആർഭാടങ്ങളോ അലങ്കാരങ്ങളോ കുത്തി നിറക്കാത്ത ലളിതമായ ഒരു വെബ്സൈറ്റ്. ഏതു വഴിപോക്കനെയും ഒന്ന് കയറിയിറങ്ങിപ്പോകാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ചാരുതയോ ആകാരഭംഗിയോ അതിനില്ല.
പക്ഷെ, ((ഇൽമുസ്സലഫി))നു ചില അതിഥികളും അന്വേഷകരുമുണ്ട്. ക്ഷണികമായ ഭൗദിക ജീവിതത്തിനു ശേഷമുള്ള ശാശ്വതമായ പാരത്രിക വിജയം തേടുന്നവരുടെ തുരുത്തും വിഹാരകേന്ദ്രവുമാണത്.
ഇൽമിന്റെ, സുന്നത്തിന്റെ സത്യസന്ധരായ വാഹകർക്കു സഹായികൾ എന്നും കുറവായിരുന്നു. അവർ ആൾക്കൂട്ടത്തിൽ ഒറ്റപ്പെടുകയും അപരിചിതരായിത്തീരുകയും ചെയ്യും.അത് അവരുടെ ന്യൂനതയല്ല. മറിച്ചു ജന മനസ്സുകൾ " കമഴ്ത്തി വെച്ച കൂജ" പോലെ സത്യം സ്വീകരിക്കാൻ തയ്യാറല്ലാത്തത് കൊണ്ടാണ്.
മുനിഞ്ഞു കത്തുന്ന ഈ അറിവിന്റെ തിരി, നാലുഭാഗത്തു നിന്നുമുള്ള വെളിച്ചത്തിന്റെ ശത്രുക്കളിൽ നിന്ന് അണയാതെ പൊത്തിപ്പിടിച്ചു നിൽക്കുന്ന അതിന്റെ അണിയറ ശി ൽപികൾ, രണ്ടു പേരുകൾ ചരിത്രത്തിനു വേണ്ടി എടുത്തു പറയൽ അനിവാര്യമാണ്. ശൈഖ് അബു ത്വാരിഖ് സുബൈര് മുഹമ്മദ്‌ ഹഫിദഹുള്ളാ, ശൈഖ് അബുതീമിയ ഹനീഫ്ബിന് വാവ ഹഫിദഹുള്ളാ - അള്ളാഹു അവർക്ക് സ്വാലിഹായ അമലോട് കൂടിയ ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ. ആമീൻ.

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.