Sunday, March 11, 2018

സലഫുകളുടെ മാർഗം - സലഫീ ദഅവത്തിന്റെ ആധാരം - 5

"സലഫിയ്യത്ത്" എന്നതിന് ഒരു ബദൽ പോലെ തെറ്റായ നിലക്ക് പറഞ്ഞു പ്രചരിപ്പിക്കുന്ന പദാവലികളിൽ പ്രധാനപ്പെട്ടതാണ് "നവോദ്ധാനം" എന്നത്. നവോദ്ധാനം എന്നാൽ നബിയും സ്വഹാബത്തും നിലനിന്ന സത്യസന്ധമായ നിലപാടിന് പറയുന്ന പേരാണ് എന്ന് ദ്യോതിപ്പിക്കുന്ന വിധത്തിൽ പ്രാധാന്യത്തോടെ പ്രചരിപ്പിക്കുകയും അതാണ് ഒരു മുസ്‌ലിം പിന്തുടരേണ്ട മാർഗമെന്ന് തെറ്റിദ്ധരിപ്പിക്കുകയും അതിനു വേണ്ടി പ്രയത്നിക്കുന്നവർ ഇസ്‌ലാമിന് മഹാ സേവനം ചെയ്യുന്നവരാണ് എന്ന് വരുത്തിത്തീർക്കാൻ കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്യുന്നു.
സത്യത്തിൽ, കേരളത്തിലെ പൊതു സമൂഹത്തിൽ സ്വീകാര്യമെന്നു കരുതപ്പെടുന്ന ചില പൊതുവായ താൽപര്യങ്ങളെ സംരക്ഷിക്കാനും അതിനു വേണ്ടി ശബ്ദിക്കാനും പൊതു മനസ്സുകളിൽ ഒരിടം കണ്ടെത്താനുമുള്ള ചൊട്ടുവിദ്യ മാത്രമാണ് ഈ നവോദ്ധാനം എന്ന ആശയത്തിന് പിന്നിൽ. അതിൽക്കവിഞ്ഞു മതപരമായി പ്രത്യേകം എടുത്തു പറയാൻ മാത്രം ഒന്നും ഈ പദം പ്രതിനിധീകരിക്കുന്നില്ല. കഴിഞ്ഞ നൂറ്റാണ്ടിലും ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും മുസ്‌ലിം സമൂഹത്തിൽ നിലനിന്നിരുന്ന സാമൂഹികമായ മരവിപ്പും വിദ്യാഭ്യാസപരവും വിശ്വാസപരവുമായ അപാകങ്ങൾ ഇല്ലാതാക്കാൻ അക്കാലത്തു ജീവിച്ചിരുന്ന മുസ്‌ലിം പണ്ഡിതന്മാരും നേതാക്കളും വ്യയം ചെയ്ത സേവനങ്ങളാണ് നവോദ്ധാനം എന്ന പേരിൽ അറിയപ്പെടുന്നത്. ആ സാമൂഹിക പരിപ്രേക്ഷ്യത്തിൽ അത് നവോദ്ധാനം തന്നെയായിരുന്നു. അതിന് തുടർച്ച അവകാശപ്പെടാനും, മറ്റാരും അത് ഹൈജാക്ക് ചെയ്യാതിരിക്കാനും വേണ്ടിയാണ് ഇപ്പോൾ മുജാഹിദ് സംഘടനകൾ നവോദ്ധാനത്തിൻറെ അനന്തരം അവകാശപ്പെടുന്നത്. അല്ലാതെ സലഫിയ്യത്തുമായി ഇവർ പ്രചരിപ്പിക്കുന്ന നവോദ്ധാനത്തിനു വലിയ ബന്ധമൊന്നുമില്ല. എന്നല്ല, സലഫിയ്യത്തുമായി പലപ്പോഴും നവോദ്ധാനത്തിൻറെ മുള്ളുമുനകൾ ഏറ്റുമുട്ടുന്നവ കൂടിയാണ്.
ഖുർആനിന്റെയും ഹദീസിന്റെയും വാക്യങ്ങൾ സ്വന്തം ബുദ്ധിയുടെയും യുക്തിയുടെയും അടിസ്ഥാനത്തിൽ സമീപിക്കുകയും, ബുദ്ധിക്കു പൊരുത്തപ്പെടാത്തതെന്നു അവർ കരുതുന്ന പ്രമാണ വാക്യങ്ങളെ ദുർവ്യാഖ്യാനിക്കുകയോ ദുർബലപ്പെടുത്തുകയോ ചെയ്യുന്ന രീതി കേരള മുസ്ലിംകളിലേക്കു കടന്നു വന്നത്, ഈജിപ്തിലെ ഇസ്‌ലാഹീ മൂവ്മെന്റ് വഴിയാണ്. അടുത്ത കാലത്തായി അതിന്റെ ദുസ്വാധീനം നാമമാത്രമായി കുറഞ്ഞുവെങ്കിലും, ഈയിടെയായി മരണപ്പെട്ട സലാം സുല്ലമി നേരത്തെ സൂചിപ്പിച്ച ഇസ്‌ലാഹീ മൂവ്മെന്റിന്റെ ശക്തനായ വക്താവും പ്രയോഗ്താവുമായിരുന്നു. ഇസ്‌ലാമിൽ ചിരപ്രതിഷ്ഠ നേടിയ പരശ്ശതം ഹദീസുകൾ അദ്ദേഹം ദുർബലപ്പെടുത്തുകയോ ദുർവ്യാഖ്യാനിക്കുകയോ ചെയ്തിട്ടുണ്ട്. സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹ് മുസ്‌ലിമിലുമടക്കം രിവായത്ത് ഉള്ളതും, പ്രാമാണികരും വിശ്വസ്തരുമായ മഹാന്മാരായ മുഹദ്ധിസുകളാരും വിമർശനം രേഖപ്പെടുത്താത്തതുമായ ഹദീസുകളെ അദ്ദേഹം നിർദ്ദാക്ഷിണ്യം നിരാകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിരൂപണങ്ങളും വിമർശങ്ങളും പഠന വിധേയമാക്കിയാൽ ഒരു നിലക്കും സന്ധിയാകാൻ പറ്റാത്ത വിധം അവ അന്യായവും അസന്തുലിതവുമാണെന്നു മാത്രമല്ല, പൗരാണികരോ ആധുനികരോ ആയ പ്രാമാണികരായ ഹദീസ് പണ്ഡിതന്മാരുടെ നിലപാടുകളുമായി പൊരുത്തപ്പെടാത്തതും തദ്വിഷയകമായി അവർ അംഗീകരിച്ച മാനദണ്ഡങ്ങളുമായി ചേരാത്തതുമാണെന്നു കാണാം. അതിനാൽ തന്നെ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളും ഒറ്റപ്പെട്ടതും അസ്വീകാര്യവുമായ വാദഗതികൾ മാത്രമായി ചുരുങ്ങും. വിഷയത്തെക്കുറിച്ചു താരതമ്യേന ധാരണയുള്ള ഒരാളെയും ഇത് പ്രത്യേകം പറഞ്ഞു ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. എന്നാൽ ഏറെ കൗതുകകരവും ലജ്ജാവഹവുമായ കാര്യം സലാം സുല്ലമി ജീവിച്ചിരിക്കെ അദ്ദേഹത്തിന്റെ തെറ്റായ നയനിലപാടുകളെ വിമർശിക്കുകയും വസ്തുനിഷ്ഠമായി പ്രതികരിക്കുകയും ചെയ്ത ആളുകൾ തന്നെ, അദ്ദേഹത്തിന്റെ മരണത്തോട് കൂടി അദ്ദേഹത്തെ മഹാനായി വാഴ്ത്തുകയും മഹാനായ പുത്രനായി അവരോധിക്കുകയും നവോദ്ധാന നായകനായി അവതരിപ്പിക്കുകയുമാണ്. മുജാഹിദ് പ്രസ്ഥാനത്തിന് ഇതിൽപരം വൈരുദ്ധ്യം മറ്റെന്തുണ്ട്? ഇന്നലെ വരെ ആദർശ വിരുദ്ധനും, മൻഹജിന്‌ എതിരുമായ നിലപാടുകൾ സ്വീകരിച്ചവനുമായ ആൾ, ശ്വാസം നിലച്ചപ്പോൾ മഹാ പണ്ഡിതനും വലിയ ചിന്തയുടെ അവകാശിയുമായി. ഇതാണ് മുജാഹിദ് പ്രസ്ഥാനം പറഞ്ഞു പ്രചരിപ്പിക്കുന്ന "നവോദ്ധാനം" എന്നത് സലഫിയ്യത്ത് അല്ലാ എന്ന് ഞാൻ പറയാനുള്ള കാരണം. സലഫുകളുടെ മന്ഹജ് കൃത്യമായി മനസ്സിലാക്കിയ ഒരാൾക്ക് ഈ നിലപാടുകളോട് യോജിക്കാൻ കഴിയില്ല. ജീവിച്ചിരിക്കുമ്പോൾ തെറി പറയുകയും മരണപ്പെടുമ്പോൾ മഹാനായി വാഴ്ത്തുകയും ചെയ്യുന്ന നിലപാട് രാഷ്ട്രീയക്കാരുടേതാണ്. അത് ഇസ്‌ലാം ദീനുമായി പൊരുത്തപ്പെടുകയില്ല. ഈ രീതി സലഫുകളുടെ രീതിയല്ല. വചന ശാസ്ത്രത്തിന്റെ ഫിത്നയിൽ അകപ്പെടുകയും അഹ്‌ലുസ്സുന്നത്തിന്റെ ഉലമാക്കളുടെ വിമർശനങ്ങൾക്ക് ശരവ്യരാവുകയും ചെയ്ത തലയെടുപ്പുള്ള എത്രയോ പണ്ഡിതന്മാർ കഴിഞ്ഞു പോയിട്ടുണ്ട്. അവരുടെ മരണത്തോട് കൂടി, അവരുടെ തെറ്റായ ആശയങ്ങൾ മാത്രമല്ല, അവരുടെ പേര് പോലും മാഞ്ഞു പോയി. തെറ്റായ നിലപാടുകളും ഒറ്റപ്പെട്ട ധാരണകളും വെച്ച് പുലർത്തുന്നവർക്കു സദ്കേൾവി ഉണ്ടാവില്ല. പക്ഷെ, കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന് സലഫീ മൻഹജ്‌ ഇന്നും കീറാമുട്ടിയാണ്. അവരിൽ നിന്ന് ഇതിലും വലുത് പ്രതീക്ഷിക്കാം. ഇപ്പോൾ സലാം സുല്ലമിയെ നവോദ്ധാന നായകനും വേറിട്ട ചിന്തയുടെ ഉപജ്ഞാതാവുമൊക്കെയായി വാഴിക്കുന്നവർ മനസ്സിലാക്കേണ്ട ഒരു വലിയ സത്യമുണ്ട്. നിങ്ങളുടെ സങ്കുചിത സംഘടനാ താല്പര്യത്തെക്കാൾ എന്ത് കൊണ്ടും കൈമോശം വരാതെ സംരക്ഷിക്കാൻ കടപ്പെട്ടതാണ് അള്ളാഹുവിന്റെ ദീനും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ തിരു ചര്യയും എന്ന കാര്യം. അപ്പോൾ മാത്രമേ സലാം സുല്ലമി മുസ്‌ലിം കൈരളിക്കു വരുത്തിയ ദ്രോഹം എന്തെന്ന് തിരിച്ചറിയുകയുള്ളൂ.

സലഫുകളുടെ മാർഗം - സലഫീ ദഅവത്തിന്റെ ആധാരം - 4

മനുഷ്യ ജീവിതത്തിന്റെ ഏതു ദശാസന്ധികളിലായിരുന്നാലും
ലോകത്തിന്റെ ഏതു കോണിലായിരുന്നാലും ഒരു മുസ്‌ലിമായ മനുഷ്യന്റെ മനോമുകുരത്തിൽ പച്ച പിടിച്ചു നിൽക്കുകയും വഴി കാട്ടുകയും ചെയ്യേണ്ട മാർഗമാണ് സലഫുകളുടെ മാർഗം.
ഇസ്‌ലാം ദീനിന്റെ അടിസ്ഥാ
​​ന വിശ്വാസവുമായി നേരിട്ട് ബന്ധമുള്ള വിഷയമായതിനാൽ വെള്ളം ചേർക്കുകയോ, വിട്ടു വീഴ്ച ചെയ്യുകയോ ചെയ്യാൻ പാടില്ലാത്ത അടിത്തറയാണ് സലഫിയ്യത്ത്.
സലഫിയ്യത്തിനെക്കുറിച്ചു ഒരാൾ എത്ര മാത്രം ബോധവാനാണോ അത്രമാത്രം അവരുടെ മാർഗവുമായി അവൻ അടുത്ത് നിൽക്കും. ഇക്കാര്യം തിരിച്ചറിയാൻ സാധിക്കുന്നില്ലെങ്കിൽ, ഒരിക്കലും സലഫുകളുടെ മാർഗത്തിൽ എത്തിച്ചേരാൻ ആർക്കും കഴിയില്ല; ആവർത്തിച്ചാവകാശപ്പെട്ടാലും.
കേരളീയ മുസ്‌ലിം പൊതുമണ്ഡലത്തിൽ, ഈയിടെയായി, ആവർത്തിച്ചു ഉറപ്പിച്ചു കൊണ്ടിരിക്കുന്ന ചില പദാവലികളെക്കുറിച്ചു ധാരണയുണ്ടാകുന്നത് ഉചിതമാണെന്നു തോന്നുന്നു. "നവോദ്ധാനം, സഹിഷ്ണുത, ബഹുസ്വരത" തുടങ്ങിയ വാക്കുകൾക്കു മുമ്പത്തേക്കാളേറെ അവകാശികൾ പുതിയ അർത്ഥങ്ങളുമായി അവതരിച്ചിട്ടുണ്ട്. ഇസ്‌ലാമുമായി നേരിട്ട് ബന്ധമില്ലാത്തതും സാധാരണക്കാരായ ആളുകൾക്ക് ഏറെ അപകടം അനുഭവപ്പെടാത്തതുമായ ഇത്തരം പദാവലികളിൽ മുജാഹിദ് സംഘടനകൾ ശ്രദ്ധയൂന്നുന്നത് എന്തിനെന്ന് തിരിച്ചറിയുമ്പോൾ സത്യത്തിൽ ആരും അത്ഭുതപ്പെടും.
തികച്ചും നിരുപദ്രവകരവും ആകർഷകവുമായ ഒരു പദമാണല്ലോ "നവോദ്ധാനം" എന്നത്. ഈ പദത്തെ പ്രസ്ഥാനത്തിന്റെ വാലിൽ വലിച്ചു കെട്ടി ഞങ്ങൾ നവോദ്ധാന പ്രസ്ഥാനമാണെന്നു പറയുമ്പോൾ അവരുദ്ധേശിക്കുന്നതു, പ്രസ്തുത സംഘടനയുടെ സ്ഥാപക നേതാക്കൾ മതത്തിനു പറഞ്ഞു വെച്ച വ്യാഖ്യാനങ്ങളിലേക്കു മടങ്ങിപ്പോവുക എന്ന് മാത്രമാണ്. ഇത് വാസ്തവത്തിൽ, ഖുർആനിലേക്കും സുന്നത്തിലേക്കും സലഫുകളുടെ ധാരണകളിലേക്കുമുള്ള മടക്കമായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിൽ, അത് ശ്ലാഘനീയവും അത്യന്തം സ്തുത്യർഹവുമായേനെ. പക്ഷെ, ദുഃഖകരമെന്നു പറയട്ടെ, സംഘടനയുടെയും സംഘടനാ നേതാക്കളുടെയും താൽപര്യങ്ങളും നിഗമനങ്ങളും - അവ തെറ്റാവട്ടെ, ശെരിയാവട്ടെ,- മഹത്വവൽക്കരിക്കുകയും മതവൽക്കരിക്കുകയും ചെയ്യുകയെന്ന അക്ഷന്തവ്യമായ അബദ്ധം അവർ ആവർത്തിച്ചു കൊണ്ടേയിരിക്കുകയാണ്.
സത്യത്തിൽ, അവർ ശെരിയായ മൻഹജിൽ ആയിരുന്നുവെങ്കിൽ, നവോദ്ധാനത്തിന്റെ ആധാരം ചെന്നവസാനിക്കുക ഖുർആനിലും നബിചര്യയിലുമായിരുന്നു. അപ്പോൾ മാത്രമേ പ്രഥമമായ പരിഗണന ഉപരിസൂചിത പ്രമാണങ്ങൾക്ക് ലഭിക്കുകയുള്ളൂ. അഹ്‌ലുസ്സുന്നത്തിന്റെ ഉലമാക്കളുടെ രീതി അതാണ്.
ഇനി 'സഹിഷ്ണുത, ബഹുസ്വരത' തുടങ്ങിയ പദങ്ങൾ വ്യാപകമായ തോതിൽ ഉപയോഗിക്കുന്നത് നബി ചര്യയിൽ ചിരസ്ഥായിയായ നിലക്ക് കാണപ്പെടുന്ന സഹാനുഭുതിയുടെ ഭാവങ്ങൾ പ്രതിഫലിപ്പിക്കാനാണെന്ന് ആരെങ്കിലും ധരിച്ചാൽ അവർക്കു തെറ്റി. മറിച്ചു, അവരതു കൊണ്ട് ലക്ഷ്യം വെക്കുന്നത് പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ 'മുഖം' വെളുപ്പിക്കാൻ അന്യമതസ്ഥരുടെ, മതപരമായ ആഘോഷങ്ങളിലും ഉത്സവങ്ങളിലും മുസ്‌ലിം പ്രാതിനിധ്യം ഉണ്ടാക്കാനും പ്രസ്തുത ആഘോഷത്തിനോട് മാനസികാടുപ്പം പ്രകടിപ്പിച്ചു ആശംസയർപ്പിക്കാനും സാധാരണ മുസ്‌ലിം സമൂഹത്തെ മസ്തിഷ്ക പ്രക്ഷാളനം നടത്തുകയെന്നതാണ്. അതുവഴി തീവ്രവാദ-ഭീകരവാദ 'ബാധ' ഒഴിവാക്കാമെന്ന് വ്യാമോഹിക്കുകയും ചെയ്യുന്നു. സത്യത്തിൽ ഇസ്‌ലാമിലെ വലാഉ-ബറാഇനെക്കുറിച്ചു സ്വയം ധാരണയില്ലായ്മ കൊണ്ടു സാധാരണക്കാരെ അധമത്വത്തിൽ നിന്ന് അധമത്വത്തിലേക്കു തന്നെ തള്ളി വിടാൻ മാത്രമേ ഇത് ഉതകുകയുള്ളൂ എന്ന തിരിച്ചറിവ് ഇസ്‌ലാമിക പ്രബോധകർക്കു തന്നെയില്ലെങ്കിൽ മറ്റാർക്കാണ് ഉണ്ടാവുക? ഈ അപചയത്തിന്റെ ബാക്കി പത്രമാണ് ബഹുസ്വരതയുടെ പേരിലുള്ളതും.
ഇവിടെ ചേർത്ത് വായിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് സ്ഥിരപ്പെട്ടു വന്ന പല ഹദീസുകളും ജീവിപ്പിക്കുകയും അവ അമലായി പ്രയോഗവൽക്കരിക്കുകയും ചെയ്യുന്ന ആളുകളെ "മത തീവ്രത" എന്ന് ആക്ഷേപിച്ചു കൊണ്ട് കൂട്ടമായി ഒറ്റതിരിഞ്ഞു ആക്രമിക്കുന്ന പ്രവണത ഇവർക്കിടയിൽ കുടിക്കൊണ്ടിരിക്കുന്നുവെന്നത് നിസ്സാര കാര്യമായി അവഗണിച്ചു തള്ളേണ്ടതല്ല.
പ്രമാണവാക്യങ്ങളെ, സ്വന്തം ബുദ്ധിക്കും യുക്തിക്കും അനുസൃതമായി വ്യാഖ്യാനിക്കുകയും, ഹദീസുകളെ, സ്വഹീഹായ പരമ്പരയിലൂടെ സ്വഹീഹുൽ ബുഖാരിയിൽ വന്നാൽ പോലും ഖുർആനിന്റെ നസ്വിന് എതിരാണെന്ന ദുർന്യായം ഉന്നയിച്ചു നിഷേധിക്കുകയും അസ്വീകാര്യമെന്നു വിധി പറയുകയും ചെയ്യുന്ന പ്രവണത ഇവർക്കിടയിൽ പണ്ടേയുണ്ട്. ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ആദർശ ധാരയായി അതിന്റെ ആളുകൾ തന്നെ അവകാശപ്പെടുന്ന ഈജിപ്തിലെ നവോദ്ധാന നായകരായ (?) മുഹമ്മദ് അബ്ദുവിന്റെയും റഷീദ് രിദയുടെയും ദുസ്വാധീനം കേരളത്തിലെ മുജാഹിദുകളെ കുറച്ചൊന്നുമല്ല വിഷലിപ്തമാക്കിയത്. മുജാഹിദ് പ്രസ്ഥാനത്തിലെ ചിലർ ഇവരുടെ ആശയങ്ങളെ അക്ഷരം പ്രതി പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തതിന്റെ ദുരന്ത പരിണിതിയാണ് പ്രസ്ഥാനത്തെ കുത്തു പാളയെടുപ്പിച്ചത്. ഒരു വശത്തു സലഫിയ്യത്ത് അവകാശപ്പെടുമ്പോൾ തന്നെ മറുവശത്തു അതിന്റെ കടക്കൽ കത്തി വെക്കുന്ന നിലപാടാണ് അത് പിന്തുടരുന്നത്.
ചുരുക്കത്തിൽ, ഒരു ശുദ്ധീകരണ പ്രക്രിയക്ക് ഒരു നിലക്കും വഴങ്ങാത്ത വിധം മുജാഹിദ് പ്രസ്ഥാനം കൈവിട്ടുപോകുന്നു എന്ന തിരിച്ചറിവ് സൃഷ്ടിക്കുന്ന ശൂന്യത വേദനിപ്പിക്കുന്നതാണ്. ഖുർആനിനേയും സുന്നത്തിനേയും പ്രമാണമായി അംഗീകരിക്കുകയും അവ സ്വീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യേണ്ടത് സലഫുകൾ അഥവാ സ്വഹാബത്ത് മനസ്സിലാക്കിയത് പോലെയാണെന്ന് പറയുകയും ചെയ്തിട്ടും പ്രായോഗിക തലത്തിൽ അതിൽ നിന്ന് പിന്നാക്കം പോവുകയും രാഷ്ട്രീയക്കാരും നാട്ടു പ്രമാണിമാരും സ്ഥാപിത താൽപര്യക്കാരും ആദർശത്തിന്റെ ദിശ നിർണ്ണയിക്കുകയും നിലപാടുകളിൽ ദുസ്വാധീനം സൃഷ്ടിക്കുകയും ചെയ്യുന്നത് തികച്ചും ജുഗുപ്സാവഹവും നിരാശാജനകവുമാണ്.

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.