Saturday, May 24, 2014

" അഹ് ലുൽ ബിദ്ഇന്റെ ലക്ഷണം അഹ് ലുൽ അഥറിന് ആക്ഷേപിക്കലാണ്

قال أبو حاتم الرازي: علامة أهل البدع الوقيعة في أهل الأثر

അബൂ ഹാതിം റാസി റഹിമഹുള്ളാഹ് പറഞ്ഞു. " അഹ് ലുൽ ബിദ്ഇന്റെ ലക്ഷണം അഹ് ലുൽ അഥറിന് ആക്ഷേപിക്കലാണ്. "

ശൈഖ് ഇബ്ൻ ബാസു റഹിമഹുള്ളാഹ് യെക്കുറിച്ചു " അന്ധൻ "

ശൈഖു അൽബാനി റഹിമഹുള്ളാഹു അൻഹുവിനെക്കുറിച്ച് "ശൈഖ് ഇല്ലാത്ത ആൾ " വെറും ഒരു മുഹദ്ദിസ് "

ശൈഖ് മുഖ്ബിൽ റഹിമഹുള്ളാഹു അൻഹുവിനെക്കുറിച്ച് "കാലത്തിന്റെ ചുവരെഴുത്ത് വായിക്കാത്തവൻ "

ശൈഖ് നജ്മി റഹിമഹുള്ളാഹു അൻഹുവിനെക്കുറിച്ച് " ക്ഷിപ്ര കോപി, വൈകാരികമായി പ്രതികരിക്കുന്നവൻ "

ഷെയ്ഖ്‌ റബീഉ ഹഫിദഹുള്ളായെക്കുറിച്ച് "വിമർശനം തൊഴിലാക്കിയവൻ"

ശൈഖ് അബൂ ത്വാരിഖിനെക്കുറിച്ചു " താഴ്മയും വിനയവും" ഇല്ലാത്തവൻ.

ഇത് തുടർന്ന് കൊണ്ടിരിക്കും. ഇത് ദുനിയാവിൽ അള്ളാഹു നിശ്ചയിച്ച അവന്റെ സുന്നത്താണ്

ഒരാൾ തന്നിലുള്ള ബിദ്അത്തുകൾ എത്ര ഒളിപ്പിച്ചാലും


ഇമാം ഔസാഈ റഹിമഹുള്ളാഹ് പറഞ്ഞു " ഒരാൾ തന്നിലുള്ള ബിദ്അത്തുകൾ എത്ര ഒളിപ്പിച്ചാലും, അത് അയാളുടെ ചങ്ങാത്തത്തിലൂടെ പുറത്തു വരും"

കാണുന്നവരെ വഞ്ചിക്കാൻ പുറമേ സുന്നത്തിന്റെ ആളായി നടക്കും, പക്ഷെ ബിദ്അത്തിന്റെ ആൾക്കാരുമായുള്ള സഹവാസത്തിലൂടെ യഥാർത്ഥ ചിത്രം വെളിവാകും. ആരുടെ കൂടെ ഇരിക്കുന്നു, നടക്കുന്നു, സഹവസിക്കുന്നു, ചങ്ങാത്തം കൂടുന്നു? ഇത് ഒരാളുടെ മൻഹജു എന്തെന്ന് തിരിച്ചറിയാൻ സഹായിക്കും

قال الأوزاعي رحمه الله تعالى: ((من ستر علينا بدعته لم تخُف علينا ألفته)).

ആഹ്ലുസ്സുന്ന


ശൈഖുൽ ഇസ്‌ലാം ഇബ്‌നു തീമിയ റഹിമഹുള്ളാ പറഞ്ഞിരിക്കുന്നു. " ഒരാളിൽ നന്മയും തിന്മയും, തെമ്മാടിത്തവും, അധർമ്മവും (അള്ളാഹുവിനു)വഴിപ്പെടലും, സുന്നത്തും ബിദ്അത്തും സമ്മേളിച്ചിട്ടുണ്ടെങ്കിൽ; പ്രതിഫലവും, അവനോടുള്ള സ്നേഹ ബന്ധവും അവനിലുള്ള നന്മയുടെ തോതനുസരിച്ച് ഉണ്ടായിരിക്കും. ശിക്ഷയും, ബന്ധവിഛെദവും ഒരാളിലുള്ള തിന്മയുടെ തോതനുസരിച്ചുമായിരിക്കും.

അപ്പോൾ ഒരാളിൽ തന്നെ, ആദരവിന്റെയും അനാദരവിന്റെയും ഘടകങ്ങൾ ഉണ്ടായിരിക്കും.അപ്പോൾ അവനിൽ ഇത് രണ്ടും (ബന്ധവും പ്രതിഫലവും, ബന്ധവിഛെദവും ശിക്ഷയും) വന്നു ചേരും. മോഷണത്തിന്റെ പേരിൽ കരഛെദം നടത്തുകയും, ദാരിദ്ര്യത്തിന്റെ പേരിൽ പൊതു ഖജനാവിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുകയും ചെയ്യുന്ന ദരിദ്രനായ കള്ളനെപ്പോലെ. ഖവാരിജുകളും മുഅതസിലികളും അവരുടെ സഹയാത്രികരും വിയോജിക്കുകയും, അഹ് ലുസ്സുന്നത്തി വൽജമാഅ ഏകോപിക്കുകയും ചെയ്ത അടിസ്ഥാന കാര്യമത്രെയിത്. അവർ (അഹ് ലുസ്സുന്ന) , ജനങ്ങളെ പ്രതിഫലാർഹർ മാത്രമാക്കുകയോ, ശിക്ഷാർഹർ മാത്രമാക്കുകയോ ചെയ്തില്ല. ( ഫതാവ - 28 / 209 )

അള്ളാഹുവിന്റെ പേരിൽ അറിവില്ലാതെ സംസാരിക്കൽ, ശിർക്കിനെക്കാൾ വലിയ പാപം


ആകാശത്തിന് കീഴെ എന്തിനെക്കുറിച്ച് ചോദിച്ചാലും വാചാലമായി സംസാരിക്കുകയും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയുകയും ചെയ്യുകയെന്നത് വലിയ ഒരു കഴിവായിട്ടാണ് പലരും കരുതുന്നത്. പ്രത്യേകിച്ച് ഇസ്‌ലാം മതത്തെക്കുറിച്ച് സംസാരിക്കുന്നവർ. ഇസ്‌ലാം മത പ്രബോധകരായി സ്വയം അവകാശപ്പെടുന്ന ചിലയാളുകൾ " ചോദ്യോത്തരങ്ങൾക്ക് തുറന്ന അവസരം" എന്ന് മുൻകൂട്ടി പ്രഖ്യാപിക്കുന്നത് നേരത്തെ പറഞ്ഞ ധാരണയുടെ അടിസ്ഥാനത്തിലാണ്. ഒരു ചോദ്യത്തിനും 'അറിയില്ല' എന്ന ഉത്തരം ഉണ്ടാവരുതെന്നു പോലും പ്രബോധന പരിശീലന ക്ലാസുകളിൽ പഠിതാക്കളെ അവർ പറയാൻ പഠിപ്പിക്കുന്നു.
മതപരമായ വിഷയങ്ങളിൽ സംശയം ചോദിച്ചാൽ, തന്റെ അടുത്തിരിക്കുന്ന സഹോദരനോട് ചോദിക്കൂ എന്ന് പറഞ്ഞു ഒഴിവാകുന്നവരായിരുന്നു സലഫുകൾ. മതപരമായി ആഴത്തിൽ അറിവുള്ള അവർ അങ്ങിനെ ചെയ്തത് അല്ലാഹുവിന്റെ പേരിൽ സംസാരിക്കുന്നതിൽ അവർക്ക് അങ്ങേയറ്റം ഭയമുള്ളത് കൊണ്ടായിരുന്നു.
വാസ്തവത്തിൽ, ഇസ്ലാമിനെക്കുറിച്ച് സംസാരിക്കുക എന്നത് അള്ളാഹുവിനെക്കുറിച്ച് സംസാരിക്കുന്നതിനു തുല്യമാണ്. അള്ളാഹുവിനും ജനങ്ങൾക്കും ഇടയിലാണ് അവരുടെ സ്ഥാനം. പറയുന്ന കാര്യങ്ങളിൽ സൂക്ഷമമായ ധാരണയില്ലെങ്കിൽ പറയാതിരിക്കുന്നതാണ് ഉചിതവും സുരക്ഷിതവും. കാരണം, അള്ളാഹുവിന്റെ ദീനിൽ അറിവില്ലാതെ സംസാരിച്ചു അപകടത്തിൽ പെടുന്നതിനേക്കാൾ നല്ലത് അറിയാത്തതിന്റെ പേരിൽ അറിയില്ല എന്ന് പറയുകയും മിണ്ടാതിരിക്കുകയും ചെയ്യലാണ്. അറിയാത്ത കാര്യങ്ങൾ അറിയില്ലായെന്ന് പറയുന്നത് ഒരു ന്യൂനതയല്ല. മറിച്ചു അത് ഒരാളുടെ സത്യസന്ധതയുടേയും, അറിവിന്റെയും അടയാളമാണ്.
മതപരമായ കാര്യങ്ങളിൽ ഇല്മ് ഉള്ള ഒരാൾ, അതിന്റെ പേരിൽ ജനങ്ങളിൽ അറിയപ്പെടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നത് സലഫുകൾ ഭയപ്പെട്ടിരുന്നു. മറ്റുള്ളവരുടെ നന്മ ലക്ഷ്യം വെച്ച് സംസാരിക്കുന്നവർ, പറയുന്ന കാര്യത്തെക്കുറിച്ച് പൂർണ്ണ ബോധ്യമില്ലെങ്കിൽ സ്വയം നാശമായിരിക്കും തെരഞ്ഞെടുക്കുന്നത്.
അറിവിന്റെ കാര്യത്തിൽ എല്ലാവരും ഒരേ തോതിലല്ലല്ലോ. കുറഞ്ഞും കൂടിയും പല രൂപത്തിലുമാണത്. അറിവ് ലഭിക്കുകയെന്നതു അള്ളാഹു അവൻ ഉദ്ദേശിച്ചവർക്ക് നൽകുന്ന വലിയ ഒരനുഗ്രഹമാണ്‌.
എന്നാൽ അറിവില്ലാത്ത കാര്യങ്ങളിൽ സംസാരിക്കുന്നത്, അള്ളാഹുവിന്റെ പേരിൽ കളവു പറയലാണ്.അള്ളാഹുവിന്റെ പേരിൽ ഇല്ലാത്തത് കെട്ടിച്ചമച്ചു പറയുന്നത് ഏറ്റവും വലിയ തിന്മയാണ്. അള്ളാഹു പറയുന്നു. " നമ്മുടെ പേരിൽ അദ്ദേഹം (പ്രവാചകൻ) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നുവെങ്കിൽ, അദ്ധേഹത്തെ നാം വലതു കൈ കൊണ്ട് പിടികൂടുകയും, അദ്ധേഹത്തിന്റെ ഹൃദയധമനി നാം അറുത്തു മാറ്റുകയും ചെയ്യുമായിരുന്നു. അപ്പോൾ നിങ്ങളിലാർക്കും അദ്ധേഹത്തിൽ നിന്നും (ശിക്ഷയെ) തടയാനാവില്ല. " - അൽ-ഹാഖ 44-47
അള്ളാഹു തെരഞ്ഞെടുത്തയച്ച, സത്യസന്ധനും, വിശ്വസ്തനും, അള്ളാഹുവിന്റെ കൽപനക്ക്‌ പൂർണ വിധേയനുമായ മുഹമ്മദ്‌ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെക്കുറിച്ചാണ് ഇത് സൂചിപ്പിക്കുന്നത് എങ്കിൽ, മറ്റുള്ളവരുടെ കാര്യത്തിൽ എന്തായിരിക്കും? അള്ളാഹുവിന്റെ ദീനിനെക്കുറിച്ച് സംസാരിക്കുന്നവർ ഗൗരവപൂർവ്വം മനസ്സിലാക്കുകയും ഓർത്തു വെക്കുകയും ചെയ്യേണ്ട അതിപ്രധാനമായ ഒരു വിഷയമാണിത്.
" അള്ളാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമക്കുകയോ, തനിക്കു വഹിയ് നൽകപ്പെടാതിരിക്കെ, 'എനിക്ക് വഹിയ് നൽകപ്പെട്ടിരിക്കുന്നു' എന്ന് പറയുകയോ ചെയ്തവനെക്കാളും, അള്ളാഹു അവതരിപ്പിച്ചത് പോലെ ഒന്ന് ഞാനും അവതരിപ്പിക്കാമെന്നും പറഞ്ഞവനെക്കാളും വലിയ അക്രമി ആരാണ്? " - അൻആം -93
" നിങ്ങളുടെ നാവുകൾ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ, ഇത് ഹലാലാണ്, ഇത് ഹറാമാണ്, എന്നിങ്ങനെ നിങ്ങൾ കള്ളം പറയരുത്. നിങ്ങൾ അള്ളാഹുവിൽ കെട്ടിച്ചമച്ചു പറയുകയത്രേ. അള്ളാഹുവിന്റെ പേരിൽ കെട്ടിച്ചമച്ചു പറയുന്നവർ തീർച്ചയായും വിജയിക്കുകയില്ല." - നഹ്ൽ-116
ഇമാം ഇബ്നു കഥീർ റഹിമഹുള്ളാഹ് ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ പറയുന്നു. " തങ്ങളുടെ സ്വന്തം താൽപര്യപ്രകാരം സാങ്കേതികാർഥങ്ങൾ തീർത്ത്, നിഷിദ്ധമാക്കുകയും, അനുവദനീയമാക്കുകയും ചെയ്യുന്ന മുശ് രിക്കുകളുടെ മാർഗത്തിൽ പ്രവേശിക്കുന്നതിനെ അള്ളാഹു വിലക്കുന്നു...........പ്രാമാണിക പിൻബലമില്ലാതെ, നൂതന നിർമ്മിതികൾ നടത്തുന്നവരും, അള്ളാഹു ഹലാലാക്കിയത് തന്നിഷ്ടപ്രകാരം, ഹറാമാക്കുകയോ, അള്ളാഹു ഹറാമാക്കിയത് ഹലാലാക്കുകയോ ചെയ്യുന്നവരും ഇതിൽ പെടുന്നതാണ്.”
അള്ളാഹുവിന്റെ പേരിൽ അറിയാത്തതു പറയൽ കേവലം ഒരു തിന്മ എന്നതിനേക്കാൾ, ശിർക്കിനെക്കാൾ വലിയ പാപമായാണ് അള്ളാഹു ഖുർആനിൽ വിശതീകരിക്കുന്നത്.
" പറയുക, എന്റെ രക്ഷിതാവ്, പ്രത്യക്ഷവും, പരോക്ഷവുമായ നീചവൃത്തികളും, അധർമ്മവും, അന്യായമായ കയ്യേറ്റവും, യാതൊരു പ്രമാണവും ഇറക്കിയിട്ടില്ലാത്തതിനെ അവനോടു നിങ്ങൾ പങ്കു ചേർക്കുന്നതും, അള്ളാഹുവിന്റെ പേരിൽ നിങ്ങൾക്ക് വിവരമില്ലാത്തത് പറഞ്ഞുണ്ടാക്കുന്നതും നിങ്ങളോട് വിരോധിച്ചിരിക്കുന്നു. " - അഅറാഫു - 33
ഈ ആയത്തിൽ അള്ളാഹു നിഷിദ്ധ കാര്യങ്ങളെ നാല് ഇനങ്ങളായി തിരിക്കുകയും, ഗൗരവം കുറഞ്ഞവ ആദ്യത്തിൽ പറയുകയും ചെയ്തു.
ഇമാം ഇബ്നുൽ ഖയ്യിം റഹിമഹുള്ളാഹ് പറയുന്നു. " അള്ളാഹുവിന്റെ പേരിൽ അറിവില്ലാതെ സംസാരിക്കൽ പാപങ്ങളിൽ ഏറ്റവും ഗുരുതരമായതായി അള്ളാഹു നിശ്ചയിച്ചു. "
അപ്പോൾ അള്ളാഹുവിന്റെ പേരിൽ അറിവില്ലാതെ സംസാരിക്കുകയെന്നത് നിഷിദ്ധമായവയിൽ ഏറ്റവും കടുത്തതത്രെ. ശിർക്കിന്റെയും കുഫ് റിന്റെയും അടിസ്ഥാനവും അത് തന്നെയാണ്. ബിദ്അത്തുകൾ സ്ഥാപിക്കപ്പെട്ടത് അതിന്മേലാണ്. അത് കൊണ്ട് തന്നെ, സലഫുകൾ മറ്റൊരു അധർമത്തിനും നൽകാത്ത ഗൗരവം, അള്ളാഹുവിന്റെ പേരിൽ അറിവില്ലാതെ സംസാരിക്കുന്നതിനു നൽകി.
സ്വന്തം ബുദ്ധിയുടേയും യുക്തിയുടേയും അടിസ്ഥാനത്തിൽ പ്രമാണങ്ങളുടെ യാതൊരു പിൻബലവുമില്ലാതെ അള്ളാഹുവിന്റെ പേരിൽ സംസാരിക്കുകയും മതപ്രചാരകരും പ്രബോധകരുമായി സ്വയം അവരോധിക്കുകയും ചെയ്യുന്നവർ കരുതിയിരിക്കുക.

അള്ളാഹുവിന്റെ നാമങ്ങൾ

ولله الأسماء الحسنى فادعوه بها
" അള്ളാഹുവിനു മനോഹരമായ നാമങ്ങളുണ്ട്, അവ കൊണ്ട് നിങ്ങൾ അവനോട് ദുആ ചെയ്യുക" - അൽ അഅറാഫ്


അപ്പോൾ, വെള്ളിയാഴ്ച ഖുതുബകളിലും, പ്രസംഗങ്ങളിലും കേൾക്കാറുള്ള "നാഥാ" "തന്പുരാനേ" തുടങ്ങിയ പേരുകൾ കൊണ്ട് അല്ലാഹുവിനെ വിളിക്കാൻ പാടില്ലെന്നർത്ഥം

ശൈഖ് റബീഉ

قال الشيخ ربيع المدخلي -حفظه الله-:
(( نحن ليس عندنا تقديس للأشخاص والغلو فيهم،
ولكن عندنا الأدب ومعرفة قدر العلماء )).
المجموع 63/1.
നമ്മൾ, വ്യക്തികൾക്ക് അപ്രമാദിത്വം കൽപിക്കുകയോ, അമിത പ്രാധാന്യം നൽകുകയോ ചെയ്യില്ല, മറിച്ച് ഉലമാക്കളോട് കാണിക്കേണ്ട അദബ് കാണിക്കുകയും, അവരുടെ നിലവാരം അറിഞ്ഞു (ഇടപെടുകയും) ചെയ്യും. - ശൈഖ് റബീഉ ഹഫിദഹുള്ളാ

ശറഹുസ്സുന്ന: ഇമാം ബർബഹാരി


قال البربهاري-رحمه الله-:
((فانظر -رحمك الله- كُلَّ من سمعت كلامه من أهل زمانك خاصَّةً فلا تَعْجَلَنَّ، ولا تَدْخُلَنَّ في شيء منه حتى تسأل وتنظر: هل تكَلَّم فيه أحدٌ من أصحاب النبي -صلى الله عليه ورضي الله عنهم، أو أحدٌ من العلماء؟ فإن أصَبْتَ فيه أَثَرًا عنهم فَتَمَسَّكْ به، ولا تجاوزْهُ لشيء، ولا تَخْتَرْ عليه شيئًا فَتَسْقُطَ في النار)) شرح السنة للإمام أبي الحسن البربهاري

" അതിനാൽ, നീ പരിചിന്തനം ചെയ്യുക, അള്ളാഹു നിന്നിൽ റഹ്മത്തു ചൊരിയട്ടെ. ആരുടെ വാക്ക് കേട്ടാലും, വിശിഷ്യാ നിന്റെ കാലക്കാരിലെ, പരിശോധിക്കുക്കുകയും അന്വേഷിക്കുകുകയും ചെയ്യാതെ അതിൽ പ്രവേശിക്കുകയോ, അതിനു വേണ്ടി ധൃതി കാണിക്കുകയോ ചെയ്യരുത്. ഇക്കാര്യം അള്ളാഹുവിന്റെ റസൂലിന്റെ അനുചരന്മാരോ, ഉലമാക്കളോ പറഞ്ഞിട്ടുണ്ടോ? അവരിൽ നിന്ന് വല്ല തെളിവും നിനക്ക് വന്നു കിട്ടുന്ന പക്ഷം, നീയതു അവലംബിക്കണം. അതല്ലാത്ത മറ്റൊന്നിലേക്കു നീ വിട്ടു കടക്കരുത്. അതല്ലാത്ത മറ്റൊന്നും നീ തെരഞ്ഞെടുക്കുകയും അരുത്. അല്ലെങ്കിൽ നീ നരകത്തിൽ ആപതിക്കും." (ശറഹുസ്സുന്ന: ഇമാം ബർബഹാരി റഹിമഹുള്ളാ)

മത കാര്യത്തിൽ ഒരു മുസ്‌ലിം സ്വീകരിച്ചിരിക്കേണ്ടേ അടിസ്ഥാനപരമായ നിലപാടാണ് മുകളിൽ സൂചിപ്പിച്ചത്. മതത്തിന്റെ പേരും പറഞ്ഞു പലരും പുതിയ പുതിയ ആശയങ്ങളുമായി കടന്നു വരും. ഖുർആനും സുന്നത്തുമാണെന്ന് പറഞ്ഞത് കൊണ്ട് മാത്രം അവ സ്വീകാര്യയോഗ്യമാവില്ല. മറിച്ച് സ്വഹാബത്ത് ഇങ്ങിനെ ഒരു വാക്കോ രീതിയോ മാതൃക കാണിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കൽ അനിവാര്യമാണ്. ആകർഷണീയതയുണ്ട്, പുതുമയുണ്ട് എന്നത്, സ്വഹാബത്തിനു അന്യമായ പ്രബോധന മാർഗങ്ങൾ സ്വീകരിക്കാൻ യാതൊരു ന്യായവുമില്ല.

ആധുനിക ലോകത്ത് ഇസ്ലാമിക പ്രബോധനത്തിന്റെ പേരിൽ നൂതനമെന്നു സ്വയം അംഗീകരിച്ചു കൊണ്ട് തന്നെ മുൻ മാതൃകയില്ലാത്ത ആശയങ്ങളുമായി കടന്നു വരുന്നവരുടെ അവകാശവാതങ്ങളിൽ ആകൃഷ്ടരായി വഞ്ചിക്കപ്പെടാതിരിക്കാൻ ഓരോരുത്തരും ജാഗ്രത കൈക്കൊള്ളുക

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.