Friday, January 5, 2018

എന്റെ ദീൻ എന്നെ പഠിപ്പിച്ചു 1

​എന്റെ ദീൻ എന്നെ പഠിപ്പിച്ചു :

മനുഷ്യായുസ്സ് അളക്കപ്പെടുന്നത് ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കൊണ്ടല്ല ; സൽകർമങ്ങൾ കൊണ്ടു മാത്രമാണ്.

അപ്രകാരം തന്നെയാണ് സമ്പത്തും , ഒരു മുസ്ലിം തന്റെ കാലശേഷം വിട്ടു പോകുന്നതുകൊണ്ടല്ല കണക്കാക്കപ്പെടുന്നത് .

അല്ലാഹുവിന് ഇഷ്ടപ്പെട്ട വഴിയിലും , അവന്റെ സാമീപ്യം തേടിക്കൊണ്ടും ചിലവഴിച്ചതു മാത്രമാണ് അതിൽ നിന്ന് അവശേഷിക്കുന്നത് .

മുഹമ്മദ് ബാസ്'മൂൽ حفظه الله


​വിവ: അബൂ തയ്മിയ്യ ​ഹനീഫ്​

​കോട്ടക്കലിൽ നിന്നും കൂരിയാട്ടേക്കുള്ള ദൂരം

​#കോട്ടക്കലിൽ #നിന്നും #കൂരിയാട്ടേക്കുള്ള #ദൂരം

ഒരു പത്രസമ്മേളനത്തിൽ ഇന്ത്യയിലെ മുസ്ലിംകൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം എന്താണെന്ന് ഒരു പത്രപ്രവർത്തകൻ ചോദിച്ചപ്പോൾ, ആഗ്രഹസഫലീകരണത്തിനു ജനങ്ങൾ ശവകുടീരങ്ങളിൽ അഭയം തേടുന്നതാണ് എന്ന് ഉത്തരം നൽകിയതിനു 'ശ്മാശാന
​​വിപ്ലവക്കാർ' എന്ന് ആക്ഷേപിക്കപ്പെട്ട ഒരു ഗതകാല ചരിത്രമുണ്ട് മുജാഹിദ് പ്രസ്ഥാനത്തിന്. ആദർശം മുറുകെപ്പിടിക്കുകയും അത് ആരുടെ മുമ്പിലും ഭയമേതുമന്യേ വെട്ടിത്തുറന്നു പറയുകയും ചെയ്യുന്ന ധീരരും ധിഷണാശാലികളുമായ പണ്ഡിതന്മാർ നേതൃത്വം നൽകിയ ഒരു പ്രബോധന സംഘമായിരുന്നു നദ് വത്തുൽ മുജാഹിദീൻ എന്ന സംഘടന.
ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ ജനങ്ങളെ പ്രബോധനം നടത്തുകയും തൗഹീദ് ജന മനസ്സുകളിൽ വിത്ത് പാകുകയും സുന്നതിനെക്കുറിച്ചു ബോധവൽക്കരിക്കുകയും ശിർക്കിനും ബിദ്അത്തിനുമെതിരിൽ സന്ധിയില്ലാ സമരം നയിക്കുകയും ചെയ്തവരായിരുന്നു ആദ്യകാല മുജാഹിദുകൾ. എന്ത് ന്യുനതകൾ പറയാനുണ്ടെങ്കിലും, ഇസ്‌ലാമിക വിശ്വാസത്തിന്റെ അതിപ്രധാനമായ വശം കേരളക്കരയിൽ വിത്തു പാകുന്നതിൽ മുജാഹിദ് പ്രസ്ഥാനത്തിന് അനിഷേധ്യമായ സ്ഥാനമാണുള്ളത്.
ഇക്കാര്യം, ഇവിടെ അനുസ്മരിക്കാൻ കാരണം, നാലു ദിവസങ്ങളിലായി കൂരിയാട് വെച്ച് നടന്ന മുജാഹിദ് ഒമ്പതാം സംസ്ഥാന സമ്മേളനം ബാക്കി വെച്ച ചില ദുസ്സുചനകൾ അനാവരണം ചെയ്യാൻ വേണ്ടിയാണ്.
കേരളത്തിൽ ഇസ്‌ലാമിക മത പ്രബോധന രംഗത്ത് നബിചര്യ പിന്തുടർന്ന് കൊണ്ട് പ്രവർത്തിക്കുന്ന ഏക സംഘടന എന്ന ഖ്യാദി അവകാശപ്പെടുന്ന നദ് വത്തുൽ മുജാഹിദീന്റെ കൂരിയാട് സമ്മേളനം സത്യത്തിൽ ആ അവകാശവാദത്തെ തന്നെയാണ് നിഷേധിച്ചിരിക്കുന്നത്.
ലോകത്ത് നിയുക്തരായ മുഴുവൻ പ്രവാചകന്മാരും അവരുടെ ജനതയോട് പറഞ്ഞ അതിപ്രധാന വിഷയം, ഇബാദത്ത് അള്ളാഹുവിനു മാത്രമേ പാടുള്ളു എന്നതാണ്. വിവിധവും വിത്യസ്ഥവും വിഭിന്നവുമായ സാമൂഹ്യ ജീവിതതലങ്ങളിൽ ആയിരുന്നിട്ടു കൂടി അള്ളാഹുവിനു മാത്രം ഇബാദത്ത് ചെയ്യുക എന്ന സന്ദേശത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടായിരുന്നില്ല.
മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ ചരിത്രവും ഇതിൽ നിന്ന് ഭിന്നമല്ല. ബഹുദൈവ വിശ്വാസികളായ കൊടിയ ശത്രുക്കളുടെ അതിക്രമം അതി ശക്തമായിരുന്നിട്ടും, പലിശയും, ചൂതാട്ടവും,വ്യഭിചാരവും അധാർമ്മികതയും കൊടി കുത്തി വാണിരുന്ന സാമൂഹിക സാഹചര്യം നിലനിൽക്കെത്തന്നെയാണ് നബി സ്വല്ലള്ളാഹു അലൈഹി വസല്ലം, മക്കാ മുശ്‌രിക്കുകളോട് അള്ളാഹുവിനെ മാത്രമേ ഇബാദത്ത് ചെയ്യാൻ പാടുള്ളൂ എന്ന് പ്രഖ്യാപിച്ചത്.
കേരളത്തിൽ, മത സാമൂഹ്യ വിദ്യാഭ്യാസ രംഗത്ത് മുസ്ലിംകൾ ഒന്നുമില്ലാതിരുന്ന കാലത്ത് ഇസ്‌ലാമിക പ്രബോധനത്തിന് പ്രവാചക മാതൃക പിന്തുടർന്ന മുജാഹിദ് പ്രസ്ഥാനം, വിദ്യാഭ്യാസ സാമൂഹ്യ രംഗത്തൊക്കെ പ്രശോഭിതമായ വർത്തമാന കാലത്തിലൂടെ കേരള മുസ്ലിംകൾ കടന്നു പോകുന്ന ആനുകാലിക സാഹചര്യത്തിൽ, തങ്ങളുടെ ദൗത്യത്തിൽ നിന്ന് പിന്നാക്കം പോയി എന്നത് തികച്ചും ദുസ്സുചന തന്നെയാണ് പ്രദാനം ചെയ്യുന്നത്.
കേരളത്തിലെ വിദ്യാഭ്യാസ സാമൂഹിക സാമ്പത്തിക ആദുര രംഗത്തെല്ലാം സേവനങ്ങൾ അർപ്പിക്കാനും മാർഗ നിർദ്ദേശങ്ങൾ നൽകാനും മുസ്ലിം സാമൂഹ്യ രാഷ്ട്രീയ സംഘടനകൾ എത്രയോ ഉണ്ട് എന്ന കാര്യം എല്ലാവർക്കുമറിയാം. എന്നാൽ, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെയും സ്വഹാബത്തിനെയും മാതൃകയായി സ്വീകരിച്ചു കൊണ്ട് അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന, ശെരിയായ ദഅവത്ത് നിർവ്വഹിക്കുന്ന ആളുകൾ ലക്ഷ്യം വിസ്മരിക്കുമ്പോൾ ഗുരുതരമായ അനന്തര ഫലങ്ങൾ ഭയപ്പെടേണ്ടതുണ്ട്.
ഇസ്‌ലാമിക ദഅവത്തിനു വേണ്ടിയാണ് മുജാഹിദ് പ്രസ്ഥാനം സ്ഥാപിക്കപ്പെട്ടത് എന്ന കാര്യം ആർക്കും നിഷേധിക്കുക സാധ്യമല്ല.
ആധികാരികമായ കണക്കുകൾ പ്രകാരം, 10 വേദികളിലായി, 100 സെഷനുകളിലായി 400 പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു. കോടിക്കണക്കിനു രൂപയും പതിനായിരങ്ങളുടെ കായിക ശേഷിയും ഒരുപാട് ദിവസങ്ങളുടെ അദ്ധ്വാനവും വ്യയം ചെയ്ത സമ്മേളനത്തിൽ, ഇസ്‌ലാമിക വിശ്വാസത്തിന്റെ ആധാരമായ തൗഹീദും സുന്നത്തും എത്ര ശതമാനം ചർച്ച ചെയ്തു? ദീനിന്റെ പേരിൽ ക്ഷണിക്കുകയും കേരളത്തിന്റെ അഷ്ട ദിക്കുകളിൽ നിന്ന് പ്രതീക്ഷയോടെ വന്നു ചേരുകയും ചെയ്ത ലക്ഷക്കണക്കിന് സാധാരണ ജനങ്ങൾക്ക് എന്താണ് ഈ സമ്മേളനം കൊണ്ട് ലഭിച്ച മെച്ചം?
ഒരു പത്തോ ഇരുപതോ മിനുട്ടു കൊണ്ട് പറഞ്ഞു തീർക്കാവുന്ന സഹിഷ്ണുതയും സഹവർത്തിത്വവും ഒരു മത സംഘടനയുടെ അജണ്ടയാവുകയും, അതിപ്രധാനമായ തൗഹീദും സുന്നത്തും ചോർന്നു പോവുകയും ചെയ്യുക !! ഇതല്ലേ ദുരന്തം? ഇതിലും വലിയ മറ്റെന്തു ദുരന്തം?
ശിർക്കും ബിദ്അത്തും അനുദിനം തഴച്ചു വളരുകയും, അതിനെ ഖുർആൻ കൊണ്ടും സുന്നത്തു കൊണ്ടും പ്രതിരോധിക്കേണ്ട ആളുകൾ മറ്റു പല ഏടാകൂടങ്ങൾക്കും പിന്നാലെ പോവുകയും അടിസ്ഥാനവിഷയത്തിൽ വെള്ളം ചേർക്കുകയും ചെയ്യുമ്പോൾ, സാധാരണ ജനങ്ങളിൽ എങ്ങിനെയാണ് പരിവർത്തനം സംഭവിക്കുക?
ഇസ്‌ലാം സാഹോദര്യവും സഹവർത്തിത്വവും പ്രധാനം ചെയ്യുന്നു. അതിന്റെ രീതികൾ സഹിഷ്ണുതയുടേതാണ്. പക്ഷെ, ഏതു പ്രവാചകനാണ് മതം സഹിഷ്ണുതയും സഹവർത്തിതവുമാണ് എന്ന് പ്രബോധനം ചെയ്തത്? ഇസ്‌ലാമിക പ്രബോധനത്തിന്റെ അടിസ്ഥാന വിഷയം ഇത്തരം കാര്യങ്ങളാണോ?
ചില ക്ഷണിതാക്കളുടെ സാന്നിധ്യവും മറ്റു ചിലരുടെ അസാന്നിധ്യവും ആഘോഷിക്കുന്ന തിരക്ക് കഴിയുമ്പോൾ മുജാഹിദ് പ്രവർത്തകർ സ്വന്തം മനസ്സാക്ഷിയോട് ചോദിക്കേണ്ട ചോദ്യമാണിത്.
നാട്ടിലുള്ള നാനാ ജാതി മതസ്ഥരായ, ദീനും ദുനിയാവുമറിയാത്ത ആളുകളെ ആദര പൂർവ്വം ക്ഷണിച്ചു വരുത്തി അവരുടെ ബഡായികൾ സാധാരണക്കാരായ മുസ്ലിം പൊതു ജനങ്ങളെ കേൾപ്പിക്കുന്നതിനു പറയുന്ന പേരാണോ ദഅവത്ത് ? എങ്കിൽ നിങ്ങൾക്ക് പലവട്ടം തെറ്റി.
കേരളത്തിൽ, രാഷ്ട്രീയപരമായി മുസ്‌ലിം ലീഗും, സുന്നിയും ജമാഅത്തെ ഇസ്‌ലാമിയും അതിന്നിടയിൽ ഒരു മുജാഹിദ് പ്രസ്ഥാനത്തിന്റെ അസ്തിത്വത്തിന്റെ ആവശ്യകത തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരു സാഹചര്യമാണ് കൂരിയാട് സമ്മേളനം ബാക്കി വെക്കുന്നത്.
ഖുബൂരികൾ എന്ന വിശേഷണം കൂടി ഒഴിവാക്കിയാൽ നന്നായി എന്ന് സുന്നികളും, വിശാല മുസ്ലീം ഐക്യത്തെ വാനോളം പുകഴ്ത്തി ജമാഅത്തെ ഇസ്‌ലാമിയും വെണ്ടയ്ക്ക നിരത്തുമ്പോൾ, ഓർക്കുക; അപകടം അടുത്തെത്തിയെന്ന് ! കാരണം, ശത്രുക്കൾ നിങ്ങളെ പ്രശംസിക്കാൻ തുടങ്ങിയിട്ടുണ്ട്.


ബശീർ പുത്തൂർ

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.