Sunday, March 27, 2016

അസ്മാഉ റദിയളളാഹു അൻഹയിൽ നിന്ന് അവർ പറഞ്ഞു ......

അസ്മാഉ റദിയളളാഹു അൻഹയിൽ നിന്ന് അവർ പറഞ്ഞു " സുബൈർ എന്നെ വിവാഹം കഴിച്ചു. ഒരു ഒട്ടകവും ഒരു കുതിരയുമല്ലാതെ അദ്ദേഹത്തിന് മറ്റു സ്വത്തോ സമ്പത്തോ ഉണ്ടായിരുന്നില്ല. ഞാൻ അദ്ധേഹത്തിന്റെ കുതിരക്കു തീറ്റ കൊടുക്കുകയും വെള്ളം കൊടുക്കുകയും തോൽപാത്രം തുന്നുകയും റൊട്ടി ഉണ്ടാക്കുകയും ചെയ്യാറുണ്ട്. എനിക്ക് റൊട്ടി ഉണ്ടാക്കാൻ നല്ല വശമില്ല. എന്റെ അയൽവാസികളായ, സത്യസന്ധരായ ചില അൻസ്വാരീ സ്ത്രീകൾ എന്നെ അതിൽ സഹായിക്കാറുണ്ട്. ഏതാനും മയിലുകൾ ദൂരെയായി നബി സ്വല്ലള്ളാഹു അലൈഹി വസല്ലം സുബൈറിന് പതിച്ചു നൽകിയ ഭൂമിയിൽ നിന്ന് ഞാൻ തലച്ചുമടായി ധാന്യങ്ങൾ കൊണ്ട് വരാറുണ്ട്.
ഒരു ദിവസം ഞാൻ ധാന്യങ്ങളുമായി വരുന്ന വഴിയെ കുറച്ചു അൻസ്വാരികളുടെ കൂടെ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെ കണ്ടു. അപ്പോൾ അദ്ദേഹം എന്നെ ഒട്ടകപ്പുറത്ത് കയറാൻ ക്ഷണിക്കുകയും ഒട്ടകത്തിനോട് മുട്ടു കുത്താൻ കൽപിക്കുകയും ചെയ്തു. പക്ഷെ, പുരുഷന്മാരുടെ കൂടെ സഞ്ചരിക്കുന്നതിൽ എനിക്ക് ലജ്ജ തോന്നി. മാത്രമല്ല, ഞാൻ സുബൈറിന്റെ വെറുപ്പ്‌ ഓർക്കുകയും ചെയ്തു. അദ്ദേഹം വളരെ ഗീറത്തു ഉള്ള ആളാണ്‌. എനിക്ക് ലജ്ജയുണ്ടെന്ന് മനസ്സിലായപ്പോൾ അദ്ദേഹം പോയി.
ഞാൻ തലയിൽ ധാന്യവുമായി വരുന്ന വഴിയെ നബിയെയും സ്വഹാബികളെയും കണ്ട കാര്യവും ഒട്ടകത്തെ മുട്ടു കുത്തിച്ചതും, എനിക്ക് ലജ്ജ തോന്നിയതും, താങ്കളുടെ ഗീറത്തു ഞാൻ ഓർത്തതും എല്ലാം സുബൈറിനോട് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു " നീ അദ്ധേഹത്തിന്റെ കൂടെ ഒട്ടകപ്പുറത്ത് കയറുന്നതിനേക്കാൾ എനിക്ക് പ്രയാസമായി തോന്നിയത്, നീ തലച്ചുമടായി ധാന്യം കൊണ്ടുവന്നതാണ്. "
അവർ പറഞ്ഞു ": അദ്ദേഹം ( അബൂബക്കർ റദിയള്ളാഹു അൻഹു) എനിക്ക് ഒട്ടകത്തെ പരിപാലിക്കാൻ മതിയായ രൂപത്തിൽ ഒരു സേവകനെ അയച്ചു തന്നു. അതെനിക്കൊരു മോചനം ആയിരുന്നു. " ബുഖാരി-മുസ്‌ലിം

- ഈ സംഭവത്തിൽ പ്രയാസമാനുഭാവിക്കുന്നവരോടുള്ള നബിയുടെ അനുകമ്പ പ്രകടമാണ്.
- അസ്മാഉ റദിയള്ളാഹു അൻഹാ, ആയിഷ റദിയള്ളാഹു അൻഹായുടെ സഹോദരി ആണ്.
- നബി, അവരെ ഒട്ടകപ്പുറത്ത് കയറ്റുകയും അദ്ദേഹം നടക്കുകയും ചെയ്യാനാണ് ഉദ്ദേശിച്ചതു എന്ന് അഭിപ്രായപ്പെട്ട ആളുകൾ ഉണ്ട്.
- ഇമാം ഹാഫിദ് ഇബ്ൻ ഹജർ പറഞ്ഞത് നബി മറ്റൊരു ഒട്ടകപ്പുറത്ത് കയറാൻ ഉദ്ദേശിച്ചു എന്നാണു.
- ഇമാം ഫുദൈൽ ഇബ്ൻ ഇയാദ് പറഞ്ഞത് ഇത് നബിക്ക് ഖാസ്വ് ആണ് എന്നാണു.
- ക്ഷണിച്ചത് നബിയായിട്ടു പോലും, ഭർത്താവിന്റെ അനിഷ്ടം ഉണ്ടാകുമോ എന്ന് സംശയിച്ചതിനാൽ അസ്മാഉ റദിയള്ളാഹു അൻഹാ അതിൽ നിന്ന് പിന്മാറി.

عَنْ أَسْمَاءَ بِنْتِ أَبِي بَكْرٍ، رَضِيَ اللهُ عَنْهُمَا، قَالَتْ:
(تَزَوَّجَنِي الزُّبَيْرُ، وَمَا لَهُ فِي الأَرْضِ مِنْ (مَالٍ وَلاَ مَمْلُوكٍ)! وَلاَ شَيْءٍ غَيْرَ نَاضِحٍ وَغَيْرَ فَرَسِهِ!
فَكُنْتُ أَعْلِفُ فَرَسَهُ وَأَسْتَقِي المَاءَ، وَأَخْرِزُ غَرْبَهُ، وَأَعْجِنُ!
وَلَمْ أَكُنْ أُحْسِنُ أَخْبِزُ، وَكَانَ يَخْبِزُ جَارَاتٌ لِي مِنَ الأَنْصَارِ، وَكُنَّ نِسْوَةَ صِدْقٍ!
وَكُنْتُ أَنْقُلُ النَّوَى مِنْ أَرْضِ الزُّبَيْرِ -الَّتِي أَقْطَعَهُ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ- عَلَى رَأْسِي! وَهِيَ مِنِّي عَلَى ثُلُثَيْ فَرْسَخٍ!
فَجِئْتُ يَوْمًا وَالنَّوَى عَلَى رَأْسِي، فَلَقِيتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَمَعَهُ نَفَرٌ مِنَ الأَنْصَارِ، فَدَعَانِي ثُمَّ قَالَ: ((إِخْ إِخْ)) (1) لِيَحْمِلَنِي خَلْفَهُ، فَاسْتَحْيَيْتُ أَنْ أَسِيرَ مَعَ الرِّجَالِ! وَذَكَرْتُ (الزُّبَيْرَ وَغَيْرَتَهُ) وَكَانَ أَغْيَرَ النَّاسِ!
فَعَرَفَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنِّي قَدِ اسْتَحْيَيْتُ، فَمَضَى!
فَجِئْتُ (الزُّبَيْرَ) فَقُلْتُ: لَقِيَنِي رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَعَلَى رَأْسِي النَّوَى، وَمَعَهُ نَفَرٌ مِنْ أَصْحَابِهِ، فَأَنَاخَ لِأَرْكَبَ، فَاسْتَحْيَيْتُ مِنْهُ، وَعَرَفْتُ غَيْرَتَكَ!
فَقَالَ: وَاللهِ لَحَمْلُكِ النَّوَى كَانَ أَشَدَّ عَلَيَّ مِنْ رُكُوبِكِ مَعَهُ!
قَالَتْ: حَتَّى أَرْسَلَ إِلَيَّ (أَبُو بَكْرٍ) بَعْدَ ذَلِكَ بِخَادِمٍ تَكْفِينِي سِيَاسَةَ الفَرَسِ، فَكَأَنَّمَا أَعْتَقَنِي!). - البخاري ومسلم
Monday, March 21, 2016

സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പേരിൽ കണ്ണീരൊലിപ്പിക്കുന്ന തന്ത്രം പയറ്റുന്നവരോട് !

എക്കാലത്തും ജനങ്ങളുടെ മൃദുല വികാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അത് കൊണ്ട് കച്ചവടം നടത്തുകയും ചെയ്യുന്നവരിൽ സമർത്ഥരാണ് ബിദ്അത്തിന്റെ ആളുകൾ.

ഖവാരിജുകൾ അള്ളാഹുവിനു വേണ്ടി കോപിക്കുകയും മതപരമായ രോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നത് അള്ളാഹുവിനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിൽ കച്ചവടം നടത്തിക്കൊണ്ടാണെങ്കിൽ, സൂഫികൾ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെ പരിധി വിട്ടു മഹത്വവൽക്കരിക്കുന്നതിലാണ് എന്ന വിത്യാസം മാത്രമേയുള്ളൂ.
പിന്നീട് സംഘടനകൾ കടന്നു വരികയും സലഫുകൾ അവഗണിച്ച ഈ അനന്തര സ്വത്തു ഏറ്റെടുത്തു സുന്നത്തിന്റെ വാഹകരോട് അവർ ഏറ്റുമുട്ടാൻ തുടങ്ങിയെന്നതാണ് വാസ്തവം.
" സത്യവിശ്വാസികളെ, നിങ്ങൾ അള്ളാഹുവിനെ അനുസരിക്കുക, റസൂലിനേയും നിങ്ങളിൽ നിന്നുള്ള കൈകാര്യ കർത്താക്കളേയും അനുസരിക്കുക. വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ അഭിപ്രായ വിത്യാസം ഉടലെടുത്താൽ നിങ്ങൾ അള്ളാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ,നിങ്ങളത് അള്ളാഹുവിലേക്കും റസൂലിലേക്കും മടക്കുക. അതാണ്‌ ഉത്തമവും കൂടുതൽ നല്ലതുമായ പര്യവസാനം" നിസാഉ -5
" നിങ്ങൾ എന്റെയും സച്ചരിതരായ ഖുലഫാഉറാഷിദയുടേയും ചര്യ മുറുകെപ്പിടിക്കുക. അതിന്മേൽ നിങ്ങൾ അണപ്പല്ലുകൾ കൊണ്ട് കടിച്ചു പിടിക്കുക."
തുടങ്ങിയ സുവ്യക്തമായ കൽപനകൾ കൊണ്ട് അമൽ ചെയ്യുന്നതിന് പകരം, ഹവ പിൻപറ്റുന്നതിൽ നിരതനാവുകയും അനിവാര്യമായ പശ്ചാത്താപം ഉപേക്ഷിക്കുകയും, അഹ് ലുസ്സുന്നയോടു ശത്രുത വെച്ചു പുലർത്തുകയും ഈമാനും യഖീനും ബസ്വീറത്തും ദുർബലമായ ആളുകളെ വഞ്ചിതരാക്കുന്ന വിധത്തിൽ കുതന്ത്രങ്ങളുപയോഗിച്ചു കൊണ്ട് അവരെ അതിരൂക്ഷമായി വിമർശിക്കുകയും ചെയ്യുന്നു. ഇതാണ് മാനവികത കൊണ്ടുള്ള കച്ചവടം, ഐക്യത്തിന്റെ പേരു പറഞ്ഞുള്ള കണ്ണുനീർ! മുസ്ലിംകളുടെ പൊതുപ്രശ്നങ്ങളിൽ ഇടപെടുകയും അവരുടെ വേദനകൾ ഏറ്റെടുക്കുകയും ചെയ്യുന്നുവെന്ന തോന്നൽ സൃഷ്ടിക്കലും.-ഉദ്ദേശം ശെരിയല്ലാത്ത, ഇൽമും ഈമാനും കുറഞ്ഞ ആളുകൾ മാത്രമേ ഇത്തരം കാര്യങ്ങളിൽ വഞ്ചിതരാവുകയുള്ളൂ.
നമുക്ക് നമ്മുടെ മുസ്‌ലിം സഹോദരന്മാരോട് പറയാനുള്ളത്, അഭിപ്രായവിത്യാസങ്ങളിൽ നിങ്ങൾ മനോദാർഡ്യം കാണിക്കണമെന്നതാണ്. ദീനു കൊണ്ടും മൂല്യങ്ങൾ കൊണ്ടുമുള്ള നീചമായ ഇത്തരം കച്ചവടങ്ങൾക്ക് മുമ്പിൽ നിങ്ങളുടെ ശക്തി ചോർന്നു പോവരുത്.
സുന്നത്ത് പിൻപറ്റുന്നതിനു ഊർജം അനിവാര്യമാണ്. അള്ളാഹു ഇഷ്ടപ്പെടുന്ന കാര്യങ്ങൾക്ക് മുൻഗണന വേണം. നമുക്കും ജനങ്ങൾക്കുമിടയിൽ വേർതിരിക്കുന്ന വഴി സുന്നത്തിന്റെതായിരിക്കണം.
എന്നാൽ, മുസ്‌ലിം പൊതു പ്രശ്നങ്ങൾ എടുത്തിട്ട് മുതലക്കണ്ണീരൊഴുക്കുകയും അത് വെച്ച് കച്ചവടം കൊഴുപ്പിക്കുകയും, ബിദ്അത്തിൽ നിന്നും വീഴ്ചകളിൽ നിന്നും പശ്ചാത്തപിക്കാതെ, ഐക്യത്തിന് ചുക്കാൻ പിടിക്കുന്നവരെന്നു അവകാശപ്പെടുകയും ചെയ്യുന്ന ആളുകൾക്ക് ചെവികൊടുത്താൽ, നീ അറിഞ്ഞിരിക്കണം, സലഫുകൾ പറയാറുണ്ടായിരുന്നു " ബിദ്അത്തുകാരൻ, ന്യായീകരണത്തിന് പരിശീലനം ലഭിച്ചവനാണ്" എന്ന്
അപ്പോൾ പിന്നെ എങ്ങിനെയാണ് (പിടിച്ചു നിൽക്കാൻ കഴിയുക) നിന്റെ നിഷ്കളങ്കത ചൂഷണം ചെയ്യാനുള്ള അത്യാഗ്രഹത്തോട് കൂടിയുള്ള അവന്റെ കണ്ണീർ പൊഴിച്ചും താഴ്മ നടിച്ചും കൊണ്ടുള്ള പൊതു പ്രശ്നങ്ങളുടെ അവതരണത്തിനു മുമ്പിൽ?
അപ്പോൾ ഫിത്‌ നയിൽ അകപ്പെടാൻ നീ തന്നെയായിരിക്കും കാരണക്കാരൻ. തിന്മയുടെ കവാടം തുറന്നു കൊടുത്തത് നീ തന്നെയാണ്. സുന്നത്തിനെ സഹായിക്കുന്നതിലുള്ള നിന്റെ അവധാനതയും കാര്യങ്ങളെ തിരിച്ചറിയുന്നതിലുള്ള അപാകതയും സംഘടനകളോട് വെറുപ്പ്‌ തീർന്നു സന്ധിയാകാനുള്ള സന്നദ്ധതയും നിനക്ക് അനുഭവപ്പെടുന്നുവെങ്കിൽ, നീ നിന്നെത്തന്നെ ആക്ഷേപിച്ചു കൊള്ളുക.
സലഫുകളുടെ മാർഗവും സുന്നത്തിന്റെ പ്രയാണവും നന്മയിലേക്ക് വഴികാട്ടുന്നതിലും തിന്മയെക്കുറിച്ചു താക്കീത് നൽകുന്നതിലും സൂര്യനെപ്പോലെ തിളക്കമാർന്നതാണ്. ആ നന്മയിൽ പെട്ടതാണ്, വഹ് യിന്റെ താൽപര്യം മുൻനിർത്തി വിധി നടപ്പാക്കലും വ്യക്തമായ സുന്നത്തിന്റെ വിശ്വസ്തരും യോഗ്യരുമായ ആളുകളിൽ നിന്ന് ദീൻ സ്വീകരിക്കലും അനാവശ്യമായ കാര്യങ്ങളിൽ തലയിടാതിരിക്കലും.
ആ തിന്മയിൽ നിന്ന് താക്കീത് നൽകുന്നതിന്റെ ഭാഗമാണ്, ബിദ്അത്തിൽ നിന്നും അതിന്റെ ആളുകളിൽ നിന്ന് നീ ബധിരനാവുകയെന്നത്.
ബിദ്അത്തിന്റെയും ഹവയുടേയും ആളുകളിൽ നിന്ന് വിട്ടൊഴിവാകുന്നതിൽ അതീവ ജാഗ്രത പുലർത്തുകയും ചെയ്യുക. അതിൽപെട്ടതാണ്, സംഘടനയേയും അതിന്റെ പിണിയാളുകളെയും തന്റെ ശരീരം കൊണ്ടും കേൾവി കൊണ്ടും അറിവ് കൊണ്ടും (വെടിയുകയെന്നത്).
സംഘടനക്കാരുമായി, പൂർണമായ വ്യതിരിക്തത ആഗ്രഹിക്കാത്ത അവരുടെ പ്രത്യക്ഷമായ സഹയാത്രികരെക്കണ്ട് നീ വഞ്ചിതനാകേണ്ട. അവരോടുള്ള നിന്റെ മിത നിലപാട് നിന്നെ, നീ തന്നെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന സംഘടനക്കാരുടെ ബിദ്അത്തുകളിലും ഹവകളിലും കൊണ്ട് ചെന്നെത്തിക്കാം.

http://ar.alnahj.net/article/24

ശൈഖ് അഹ് മദ് അൽ സുബൈഇ ഹഫിദഹുള്ളാ
( ആശയ വിവർത്തനം - ബശീർ പുത്തൂർ)

Friday, March 18, 2016

ആയിഷ റദിയള്ളാഹു അൻഹയുടെ വിവാഹ പ്രായം - തെറ്റു പറ്റിയതാർക്ക്?

മാതൃഭൂമി ദിനപത്രത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെക്കുറിച്ച് പ്രസിദ്ധീകരിച്ച കുറിപ്പിന്റെ പേരിൽ വിവാദങ്ങൾ നടക്കുന്നതിനിടയിൽ ഹുസൈൻ മടവൂർ മാതൃഭൂമിയിൽ തന്നെ മറ്റൊരു ലേഖനം പ്രസിദ്ധീകരിച്ചു. പലരും വലിയ എന്തോ സംഭവം പോലെ പ്രചരിപ്പിച്ച പ്രസ്തുത ലേഖനത്തിൽ വലിയ ഒരു ചതിയുണ്ടായിരുന്നു. വിവാഹ സമയത്ത് ആയിഷ റദിയള്ളാഹു അൻഹയുടെ പ്രായം 18 ആണ് എന്ന് തോന്നിപ്പിക്കുകയും ഏറ്റവും കുറഞ്ഞത്‌, അതൊരു അഭിപ്രായവിത്യാസമുള്ള വിഷയമാക്കി നിലനിർത്തുകയെങ്കിലും ചെയ്യുക എന്ന ദുഷ്ടലാക്ക് അതിന്റെ പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ട അവസ്ഥയിലാണ്. കാരണം, പ്രസ്തുത ലേഖനവുമായി ബന്ധപ്പെട്ടു അദ്ധേഹത്തോട്‌ നേരിട്ടുള്ള ചോദ്യത്തിൽ (ശബ്ദ ലേഖനം എത്ര മാത്രം സത്യസന്ധമാണ്‌ എന്ന്അറിയില്ലെങ്കിലും, സാഹചര്യതെളിവുകൾ വെച്ച് നോക്കുമ്പോൾ അദ്ദേഹത്തിന്റെതു തന്നെയാകാനാണ് സാധ്യത. അല്ലെങ്കിൽ അദ്ദേഹം തിരുത്ത്‌ കൊടുക്കുമല്ലോ )
മതപരമായ ഒരു വിഷയം സംസാരിക്കുമ്പോൾ പുലർത്തേണ്ട മിനിമം മര്യാദ അദ്ദേഹം കാണിച്ചിട്ടില്ല. ഇത് ഞാൻ വെറുതെ പറയുന്നതല്ല. ആയിഷ റദിയള്ളാഹു അൻഹയുടെ വിവാഹ പ്രായം 18 ആണ് എന്ന് സംശയം പ്രകടിപ്പിക്കാൻ അവലംബിച്ച ആധാരം എന്താണ് എന്ന ചോദ്യത്തിന് "ഞാൻ ഏതോ നെറ്റിൽ കണ്ടതാണ്" എന്ന തികച്ചും നിരുത്തരവാദപരവും ആശയക്കുഴപ്പം ജനിപ്പിക്കുന്നതുമായ മറുപടി അതാണ്‌ സൂചിപ്പിക്കുന്നത്.
അതായത്, മുസ്‌ലിം ഉമ്മത്ത് ഏകസ്വരത്തിൽ സ്വീകരിക്കുകയും അംഗീകരിക്കും ചെയ്ത സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലും വന്ന ഒരു ചരിത്ര സത്യത്തെ തിരസ്കരിക്കാനും തമസ്കരിക്കാനും സംശയം ജനിപ്പിക്കാനും ആശ്രയിച്ച അവലംബം വിശ്വാസ്യതയുടെ നാലയലത്ത്‌ പോലും വെക്കാൻ കൊള്ളാത്ത ഇന്റർനെറ്റിലെ ഒരു റിപ്പോര്ട്ട്!!
ഇത് തന്നെയല്ലേ മാതൃഭൂമിയും ചെയ്തത്? മാതൃഭൂമി ചെയ്തത് മഹാ പാതകവും മടവൂർ ചെയ്തത് സൽകർമ്മവുമാകുന്നതെങ്ങിനെ? അള്ളാഹുവിൽ വിശ്വസിക്കാത്ത, മുഹമ്മദ്‌ നബിയുടെ നുബുവ്വത് അംഗീകരിക്കാത്ത, ഇസ്ലാമിനെ ദീനായി സ്വീകരിക്കാത്ത ആളുകൾ ഇസ്‌ലാമിനെയും നബിയെയും മോശമായി പറയുന്നതാണോ കൂടുതൽ അപകടകരവും അധർമ്മവുമായിട്ടുള്ളത് ? അതല്ല, നവോദ്ധാന നായകനായി സ്വയം അവരോധിതനാവുകയും മുസ്‌ലിം പ്രശ്നങ്ങളിൽ ഇടപെട്ടു മുസ്ലിംകളുടെ ഭാഗത്ത്‌ നിലയുറപ്പിച്ചു പ്രമാണങ്ങളിൽ തിരിമറി നടത്തുകയും ചെയ്യുന്നതാണോ ? വായനക്കാർ വിലയിരുത്തുക.
ആയിഷ റദിയള്ളാഹു അൻഹയുടെ വിവാഹ പ്രായം മുസ്‌ലിം ലോകത്ത്, ഒരു കാലത്തും ചർച്ചയായിട്ടില്ല. മഹതിയായ അവർ തന്നെ അവരുടെ വിവാഹ -ദാമ്പത്യ കാര്യങ്ങൾ വിശദീകരിക്കുകയും, ഖുർആൻ കഴിഞ്ഞാൽ മുസ്‌ലിം ഉമ്മത് നിരാക്ഷേപം സ്വീകരിക്കുകയും ചെയ്ത സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലും ഇക്കാര്യം സവിസ്തരം പ്രതിപാദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈയിടെയായി ഇൽമു കൊണ്ടോ ഫഹ് മു കൊണ്ടോ ഒരു നിലക്കും പരിഗണിക്കാൻ കഴിയാത്ത ചില അൽപന്മാർ ഇത്തരം വിഷയങ്ങളിൽ ഗവേഷണം നടത്തുകയാണ്.
കുടുംബ ജീവിതത്തിനോ മാന്യമായ ലൈംഗികതക്കോ യാതൊരു മൂല്യവും കൽപിക്കാത്ത, ലൈംഗിക അരാജകത്വത്തിലും വൈകൃത്വത്തിലും അഭിരമിക്കുന്ന പാശ്ചാത്യൻ പ്രഭ്രുതികളെ തൃപ്തിപ്പെടുത്താൻ അടിയാധാരം തിരുത്തുന്ന നവോദ്ധാന പ്രസ്ഥാനങ്ങളും അതിന്റെ നായകന്മാരും !! എന്തൊരു വിരോധാഭാസം!
ഖുർആനും സുന്നത്തും പ്രമാണമായി സ്വീകരിച്ചവർക്ക് എന്ന് തൊട്ടാണ് നെറ്റും ചന്ദ്രികയുമൊക്കെ പ്രമാണമായത്? വികലമായ അഭിപ്രായം എന്തിനു കൊടുത്തുവെന്ന ചോദ്യത്തിനു പറയുന്ന മറുപടി "രണ്ടും കൊടുത്തുവെന്നാണ്" അതാണോ ഒരു മുസ്‌ലിം സ്വീകരിക്കേണ്ട നീതിബോധം? ബുഖാരിയിലും മുസ്ലിമിലും വന്ന ചരിത്ര വസ്തുതക്ക് പകരം വെക്കാവുന്നതോ തുലനം ചെയ്യാവുന്നതോ ആണോ ഏതോ ഒരു ഗവേഷകൻ എഴുതിയ അടിസ്ഥാനരഹിതമായ ഒരു ലേഖനം?
മുസ്‌ലിം സമൂഹത്തിന്റെ വൃത്തത്തിനു പുറത്തു നിന്നുള്ള അപനിർമാണങ്ങൾ എല്ലാവരും കാണുകയും ജാഗ്രത പുലർത്തുകയും ചെയ്യും. എന്നാൽ മുസ്‌ലിം സമൂഹത്തിന്റെ ഉള്ളിൽ നിന്നുള്ള ദുർവ്യാഖ്യാനങ്ങൾ പലരും കണ്ടില്ലെന്നു വരും.
പുറത്തു നിന്ന് കള്ളന്മാർ പ്രവേശിക്കാതിരിക്കാൻ വീടുകൾക്ക് ബലിഷ്ഠമായ താഴുകൾ ഉണ്ടാക്കാം. വീട്ടിലുള്ളവർ തന്നെ കക്കാൻ തുടങ്ങിയാലെന്തു ചെയ്യും?
ഒരു വസ്തുത എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ അതിന്റെ സത്യാവസ്ഥ അന്വേഷിക്കുകയും ഉറപ്പു വരുത്തുകയും ചെയ്യേണ്ടത് ലളിതമായ മാന്യതയാണ്‌. അതിനു പ്രയാസമുള്ളവർ ഇത്തരം കാര്യങ്ങൾക്ക് മുതിരരുത്.
ചുരുക്കത്തിൽ, ആയിഷ റദിയള്ളാഹു അൻഹയുടെ വിവാഹ പ്രായത്തിൽ ആർക്കാണ് തെറ്റു പറ്റിയത് എന്നതിന് കൂടുതൽ തെളിവന്വേഷിച്ചു പോകേണ്ടതില്ല.

ആയിഷ റദിയള്ളാഹു അൻഹായുടെ വിവാഹം – വസ്തുതയെന്ത്?


ലോക ചരിത്രത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ജീവിതം പോലെ സത്യസന്ധമായി രേഖപ്പെടുത്തപ്പെട്ട മറ്റൊരു ജീവ ചരിത്രമില്ല. ജനനം തൊട്ടു ശൈശവവും ബാല്യവും യുവത്വവും, വാർദ്ധക്യവും മരണവും വരെ, അതിൽ യുദ്ധവും സമാധാനവും നേതാവും പ്രജകളും വൈവാഹിക കൌടുംബിക വസ്തുതകളും ഇഴമുറിയാതെ ഒപ്പിയെടുത്ത മഹത്തായ മനോഹര ജീവ ചരിത്രം.
അതിൽ, വിത്യസ്ഥ സാഹചര്യങ്ങളിലും വിവധ രൂപത്തിലുമായി നടന്ന നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ വിവാഹങ്ങൾ മുസ്‌ലിം ഉമ്മത്തിന് മാത്രമല്ല മാനവരാശിക്ക് തന്നെ ഒരു പാട് നല്ല പാഠങ്ങൾ തുന്നിച്ചേർത്തവയാണ്.
വസ്തുത, ഇതായിരിക്കെ ഈയിടെയായി ചില ഭോഷന്മാർ, ഗവേഷണത്തിന്റെയും ചരിത്ര പഠനത്തിന്റെയും മറ പിടിച്ചു നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ സ്വകാര്യ ജീവിതത്തെയും വിശിഷ്യ ആയിഷ റദിയള്ളാഹു അൻഹായുമായുള്ള വിവാഹത്തെയും സംബന്ധിച്ച് സ്ഥിരപ്പെട്ട ചരിത്ര സത്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ എഴുതി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു.
കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ "പ്രബോധനം" വാരികയിൽ ഇവ്വിഷയകമായി വന്ന ഒരു ലേഖനം തുടങ്ങുന്നത് തന്നെ" വിജ്ഞാന കുതുകികൾ ഗവേഷണ പഠനങ്ങൾ നടത്തി മുസ്‌ലിം സമൂഹത്തിൽ പ്രചരിച്ചു വന്ന പല ധാരണകളും തിരുത്തിയിട്ടുണ്ട്. ഇങ്ങിനെ പുനർവിചിന്തനത്തിന് വിധേയമായ അനിവാര്യമായും തിരുത്തേണ്ട ഒരു ധാരണയുടെ കഥയാണ്‌ ഇവിടെ ചർച്ചക്കെടുക്കുന്നത്" എന്നാണ് .
ഒരു വസ്തുത, നിഷേധിക്കുകയും ജന മനസ്സുകളിൽ നില നിൽക്കുന്ന ഒരു സത്യം എങ്ങിനെ തന്ത്രപരമായി പൊളിച്ചടക്കുകയും ചെയ്യാം എന്ന് മനസ്സിലാകണമെങ്കിൽ മുകളിലെ വരികൾ മാത്രം വായിച്ചാൽ മതി.
ഈ വിഷയത്തിൽ ആയിഷ റദിയള്ളാഹു അൻഹ പറയുന്നത് ഇങ്ങിനെയാണ്‌.
حدثني فروة بن أبي المغراء حدثنا علي بن مسهر عن هشام عن أبيه عن عائشة رضي الله عنها قالت تزوجني النبي صلى الله عليه وسلم وأنا بنت ست سنين فقدمنا المدينة فنزلنا في بني الحارث بن خزرج فوعكت فتمرق شعري فوفى جميمة فأتتني أمي أم رومان وإني لفي أرجوحة ومعي صواحب لي فصرخت بي فأتيتها لا أدري ما تريد بي فأخذت بيدي حتى أوقفتني على باب الدار وإني لأنهج حتى سكن بعض نفسي ثم أخذت شيئا من ماء فمسحت به وجهي ورأسي ثم أدخلتني الدار فإذا نسوة من الأنصار في البيت فقلن على الخير والبركة وعلى خير طائر فأسلمتني إليهن فأصلحن من شأني فلم يرعني إلا رسول الله صلى الله عليه وسلم ضحى فأسلمتني إليه وأنا يومئذ بنت تسع سنين (صحيح البخاري 3681 )
എനിക്ക് ആറ് വയസ്സുള്ളപ്പോൾ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം എന്നെ വിവാഹം കഴിച്ചു. അങ്ങിനെ ഞങ്ങൾ മദീനയിൽ എത്തി ബനൂ ഹാരിസ് ബനൂ ഖസ് റജിന്റെ അടുക്കൽ താമസിച്ചു. എനിക്ക് പനി പിടി പെടുകയും മുടി കൊഴിയുകയും ചെയ്തു. പിന്നീട് മുടിയെല്ലാം മുളച്ചു. ഒരു ദിവസം ഞാൻ ഊഞ്ഞാലിൽ ആയിരിക്കെ എന്റെ ഉമ്മ ഉമ്മു റുമ്മാൻ എന്നെ ഉച്ചത്തിൽ വിളിച്ചു. എന്റെ കു‌ടെ എന്റെ കൂട്ടുകാരികളും ഉണ്ടായിരുന്നു. ഞാൻ അടുത്ത് പോയി. എന്താണ് എന്നെ ചെയ്യാൻ ഉദേശിക്കുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു. അവർ എന്റെ കൈ പിടിച്ചു വാതിൽക്കൽ നിർത്തി. എനിക്ക് കിതപ്പ് ഉണ്ടായെങ്കിലും അൽപം കഴിഞ്ഞപ്പോൾ ആശ്വാസം ഉണ്ടായി. എന്റെ ഉമ്മ കുറച്ചു വെള്ളമെടുത്തു എന്റെ മുഖവും തലയും തടവി. പിന്നെ വീട്ടിനകത്ത് ഉണ്ടായിരുന്ന അൻസ്വാരീ സ്ത്രീകളുടെ അടുത്തേക്ക് എന്നെ കൊണ്ട് പോയി. അവർ നന്മക്കായി പ്രാർഥിച്ചു. പിന്നീട് എന്നെ അവരെ ഏൽപിച്ചു. അവർ എന്നെ അണിയിച്ചൊരുക്കി. ദുഹായുടെ നേരമായപ്പോൾ റസൂൽ സ്വല്ലള്ളാഹു അലൈഹി വ സല്ലം വന്നത് മാത്രമാണ് എന്നെ അതിശയിപ്പിച്ചത്. അവർ എന്നെ റസൂൽ സ്വല്ലള്ളാഹു അലൈഹി വ സല്ലമയെ ഏൽപിച്ചു. അന്നെനിക്ക് ഒന്പത് വയസ്സായിരുന്നു പ്രായം" ബുഖാരി - മുസ്‌ലിം
ഇതാണ് സംഭവം. ഇത്, മഹതിയായ ആയിഷ റദിയള്ളാഹു അൻഹാ അവരുടെ വിവാഹത്തെ ക്കുറിച്ച് പറഞ്ഞത് ഇമാം ബുഖാരിയും മുസ്‌ലിമും രേഖപ്പെടുത്തിയതാണ്. മുസ്‌ലിം ലോകം നിരാക്ഷേപം സ്വീകരിച്ച ഈ ചരിത്രത്തെ ഖണ്ഡിക്കാൻ പ്രബോധനത്തിലെ ഒരു വാറോലക്കും കഴിയില്ല.
ഈ ഹദീസിന്റെ സനദിൽ ഹിഷാം ബിന് ഉർവ എന്ന താബിഈ ഉള്ളതിനാൽ അത് അസ്വീകാര്യമാണ് എന്നാണ് ലേഖകൻ അവകാശപ്പെടുന്നത്. ഈ റാവീ ആരാണ് എന്ന് പരിശോധിക്കുന്നതിന് മുമ്പ്, അദ്ധേഹത്തിന്റെ അവകാശ വാദം ഒന്ന് പരിശോധിക്കാം. അദ്ദേഹം പറയുന്നു.
" ഈ ഹദീസുകളുടെയെല്ലാം ഉറവിടം പരിശോധിച്ചാൽ എല്ലാ പരമ്പരകളും ചെന്നെത്തുന്നത് ഹിഷാം ബിൻ ഉർവ എന്ന താബിഇയിൽ ആണെന്ന് കാണാം"
വാദത്തിനു വേണ്ടി ഹിഷാം അസ്വീകാര്യനാണെന്ന് സമ്മദിച്ചാൽ തന്നെ മുകളിലെ ഉദ്ധരണി തീർത്തും തെറ്റാണെന്ന് കാണാം. ഹിഷാം ഇല്ലാത്ത സനദിലൂടെ ഈ ഹദീസ് സ്വഹീഹ് ആയി വന്നിട്ടുണ്ട്.
1 - ആയിഷ റദിയള്ളാഹു അൻഹായിൽ നിന്ന് ഉർവയും അധേഹത്തിൽ നിന്ന് സുഹ് രിയും
2- ആയിഷ റദിയള്ളാഹു അൻഹായിൽ നിന്നും അസ് വദും വഴി ( രണ്ടും സ്വഹീഹ് മുസ്ലിമിൽ )
3- ആയിഷ റദിയള്ളാഹു അൻഹായിൽ യഹ് യ ബിൻ അബീ ഹാത്വിബ് ( അബൂ ദാവുദ് )
4- ആയിഷ റദിയള്ളാഹു അൻഹായിൽ നിന്ന് അബൂ സലമ ( നസാഇ)
5- അബ്ദുള്ള ഇബ്ൻ മസ് ഊദ് വഴി ( ഇബ്ൻ മാജ )
6- യസീദ് ബിൻ ജാബിർ തന്റെ പിതാവിൽ നിന്ന് ( മുസ്തദ്റക് )
7- ഖാസിം ഇബ്ൻ മുഹമ്മദ്‌ വഴി ആയിഷ റദിയള്ളാഹു അൻഹായിൽ നിന്ന് ( മുഉജം അൽ കബീർ)
ഇങ്ങിനെ ധാരാളം സനദിലൂടെ രിവായത് വരികയും മുസ്‌ലിം ഉമ്മത്ത്‌ ഒരേ സ്വരത്തിൽ സ്വീകരിക്കുകയും ചെയ്ത ഒരു ഹദീസിനെ ഏതെങ്കിലും ശിഘണ്ടികളുടെ വാക്ക് കേട്ട് തള്ളാൻ കഴിയുമോ?
ഇയാൾ നടത്തിയെന്ന് അവകാശപ്പെടുന്ന ഗവേഷണത്തിന്റെയും പഠനത്തിന്റെയും വാസ്തവം എന്തായിരിക്കും? ഐ പി എച്ചിന്റെ പുസ്തകച്ചന്തയിലോ വെള്ളിമാട് കുന്നിലെ പ്രബോധനത്തിന്റെ ആപ്പീസിലോ കയറി തപ്പുന്നതിനാണോ ഗവേഷണം എന്ന് പറയുന്നത്? ഇതാണോ ചരിത്ര പഠനം?
ഇവിടെ, ഒരുത്തൻ, ഒരു പെരും കള്ളം ഗവേഷണത്തിന്റെ മറവിൽ എഴുതുകയും ഒരു പരിശോധനയും കൂടാതെ അത് പ്രബോധനം പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. ഈ കൊലച്ചതിയുടെ പേരെന്താണ്? ഇതാണോ സത്യസന്ധമായ ചരിത്രം തിരുത്തൽ?
പിന്നെ ആയിഷ റദിയള്ളാഹു അൻഹയുടെ സഹോദരി അസ്മാ റദിയള്ളാഹു അൻഹയുടെ വയസ്സുമായി താരതമ്യം ചെയ്യുമ്പോൾ കണക്കുകൾ തമ്മിൽ പൊരുത്തപ്പെടുന്നില്ല എന്ന ഒരിക്കലും സ്വീകാര്യമല്ല. കാരണം, ചരിത്ര സംഭവങ്ങളുമായി ബന്ധപ്പെട്ട കണക്കുകളിൽ ഏറ്റപ്പറ്റുകൾ ഉണ്ട്. അത് രേഖപ്പെടുത്തിയതിൽ സ്ഖലിതങ്ങൾ ഉണ്ടായിട്ടുണ്ട്. ഹദീസുകൾ ശേഖരിക്കുകയും ക്രോഡീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നതിൽ കാണിച്ച ജാഗ്രതയും സൂക്ഷമതയും മറ്റു ചരിത്രങ്ങൾ രേഖപ്പെടുത്തുന്നതിൽ ഉണ്ടായിട്ടില്ല. അതൊരു വസ്തുതയാണ്. പക്ഷെ, ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും അവരുടെ സ്വഹീഹുകളിൽ ഉൾപ്പെടുത്തിയ ഹദീസുകൾ കുറ്റമറ്റതും കുറവുകൾ ഇല്ലാത്തതുമാകാൻ അങ്ങേയറ്റം കഠിനമായി പ്രയത്നിച്ചിട്ടുണ്ട്.അതിനാൽ തന്നെ, സ്വഹീഹുൽ ബുഖാരിയിലോ സ്വഹീഹ് മുസ്ലിമിലോ വന്ന ഒരു ഹദീസിനെ ദുർബലപ്പെടുത്താൻ മാത്രം ബലം ഒരു ചരിത്ര രേഖക്കും ഉണ്ടാവില്ല. മാത്രമല്ല, എക്കാലത്തെയും മഹാരഥന്മാരായ ഹദീസ് നിദാന ശാസ്ത്രത്തിന്റെ വിമർശകന്മാർ ഈ ഹദീസ് ഗ്രന്ഥങ്ങൾ സ്വീകരിക്കുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.
ഇനി ഹിഷാം ബിൻ ഉർവയെക്കുറിച്ച് ചില കാര്യങ്ങൾ സൂചിപ്പിച്ചു കൊണ്ട് നിർത്തുകയാണ്.
ആയിഷ റദിയള്ളാഹു അൻഹയുടെ സഹോദരി അസ്മാ റദിയള്ളാഹു അൻഹയുടെ പൌത്രനാണ് ഹിഷാം ബിൻ ഉർവ ബിൻ സുബൈർ അൽ അവ്വാം റദിയള്ളാഹു അൻഹും. ഹദീസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ദേഹം ചില്ലറക്കാരനല്ല. ഇമാം ബുഖാരി, ഇമാം മുസ്‌ലിം, അബൂ ഹാത്തിം, ഇമാം അഹ്മദ്, ഇബ്ൻ ഹജർ, ഇമാം ദഹബി, ഇബ്ൻ സഅദ് തുടങ്ങി പരശ്ശതം ഭുവന പ്രശസ്തരായ മുഹദ്ധിസുകൾ അദ്ദേഹം സ്വീകാര്യനാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രവുമല്ല,അദ്ദേഹം നൂറിലധികം ഹദീസുകൾ രിവായത് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ചുരുക്കത്തിൽ, കൂലിക്ക് കോളമെഴുതുന്ന ഏതെങ്കിലും ഭിക്ഷാംദേഹികളുടെ നിഗമനങ്ങൾക്ക് മുസ്‌ലിം ഉമ്മത്ത്‌ ഇജ്മാഓടെ സ്വീകരിച്ച യാഥാർത്ഥ്യങ്ങളെ തമസ്കരിക്കാൻ കഴിയില്ല.
സത്യസന്ധമായ ചരിത്രം എന്ന് കരുതി ജമാഅത്തുകാരന്റെ വിഴുപ്പുകൾ വിഴുങ്ങുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവർ വെറും വിഡ്ഢികളല്ല, മറിച്ചു വിഡ്ഢികളുടെ സ്വർഗത്തിലെ കിരീടം വെക്കാത്ത രാജാക്കന്മാരാണ്‌. 

Tuesday, March 1, 2016

ബിദ്'അത്തുകാരായവരുടെ കൈകളാൽ അറിവു തേടുന്ന ഒരു വിദ്യാർത്ഥി


മുഹമ്മദ് അമാൻ അൽ ജാമീ رحمه الله പറഞ്ഞു :

ബിദ്'അത്തുകാരായവരുടെ കൈകളാൽ അറിവു തേടുന്ന ഒരു വിദ്യാർത്ഥിക്ക് ബാധിക്കാവുന്നതിൽ ഏറ്റവും കുറഞ്ഞത് :

ബിദ്'അത്തുകളോടും പാപങ്ങളോടും ദീനിനു വിരുദ്ധമാകുന്ന കാര്യങ്ങളോടുമുള്ള വെറുപ്പ്  അവന്റെ ഹൃദയത്തിൽ നിന്ന് പുറത്തു പോകുമെന്നതാണ് .

അല്ലാഹുവിന്നുവേണ്ടി സ്നേഹിക്കുക, അല്ലാഹുവിന്നുവേണ്ടി കോപിക്കുക, എന്നതിന്റെ നിർബന്ധം അവനിൽ നിന്ന് നഷ്ടമാകും.

സുന്നത്തിന്റെ ആളുമായാണോ ബിദ്'അത്തിന്റെ ആളുമായാണോ സദസ്സു പങ്കിടുന്നതെന്ന കാര്യം
അവനൊരു പ്രശ്നമല്ലാതാകും.

ദഅ്'വത്തിനു ഗുണകരമാണെന്ന് അവൻ ധരിച്ചുവെച്ചതെന്തോ അതുമാത്രമാണ് അവന്റെ മാനദണ്ഡം , അത് ചുറ്റുന്നിടത്തേക്ക് അതിന്റെ കൂടെ അവനും കറങ്ങും.

അല്ലാഹുവിനോട് മാത്രം ആവലാതിപ്പെടുന്നു , അവൻ സഹായിക്കട്ടെ !

ആ കാര്യം ഹൃദയത്തിൽ രോഗം ബാധിച്ചതിന്റെ ലക്ഷണങ്ങളിൽ പെട്ടതാണ് ;  നിഫാഖിന്റെ ഇനങ്ങളിൽ ചിലതിലേക്ക് നയിക്കുന്ന രോഗം ബാധിച്ചതിന്റെ .

അല്ലാഹു കാത്തു രക്ഷിക്കട്ടെ !!

( മജ്'മൂഉ റസാഇലിൽ ജാമീ - പേ:42 )

അബൂ തൈമിയ ഹനീഫ് حفظه الله تعالى

قال الشيخ محمد أمان الجامي رحمه الله :

ً((وأقل ما يصاب به الطالب الذى يطلب العلم على أيدي المبتدعة أن تخرج من قلبه كراهة البدع والمعاصى والمخالفات،
ويفقد واجب الحب في الله والبغض في الله، 
ولا يبالي جالس سنياً أو مبتدعاً، 

●وإنما الحكم عنده لما يظنهُ مصلحة للدعوة، يدور معه حيث دار، 
والله المستعان، 

●وذلك من علامات مرض القلب الذى يؤدى إلى نوع من النفاق عياذاً بالله))

[مجموع رسائل الجامي : (ص٤٢)]

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.