Saturday, April 11, 2020

കൊറോണ കാല കാഴ്ചകൾ - 9

സേവനം ഇസ്‌ലാമിൽ പുണ്യകർമ്മമാണ്. അഗതികളെയും അനാഥരെയും ജീവിതം വഴിമുട്ടിയവരെയും ഉള്ളത് കൊണ്ട് സഹായിക്കാൻ അള്ളാഹു ഖുർആനിലൂടെ ഉൽബോധിപ്പിക്കുകയും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം സ്വജീവിതത്തിലൂടെ മാതൃക കാണിക്കുകയും ചെയ്തിട്ടുണ്ട്. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറ് നിറച്ചുണ്ണുന്നവൻ നമ്മിൽപ്പെട്ടവനല്ല എന്ന പ്രസ്താവനയും നിങ്ങൾ കറിയുണ്ടാക്കിയാൽ അതിൽ വെള്ളം ചേർത്തിട്ടെങ്കിലും നിങ്ങളുടെ അയൽക്കാരനെയും പരിഗണിക്കണമെന്ന കൽപ്പനയും അതിലേക്കുള്ള സൂചനകളാണ്. മനുഷ്യ മൂല്യങ്ങൾക്ക് വിലനൽകുന്ന വേറെയും ഹദീസുകൾ കാണാം. എന്നാൽ ഇവ നിർവ്വഹിക്കുന്നതിനു നിബന്ധനകളും നിഷ്കർഷിച്ചിട്ടുണ്ട്. ഉദാരവാനും ധർമ്മിഷ്ടനുമെന്ന പേര് കിട്ടാൻ വേണ്ടി ദാനം ചെയ്യുന്നത് പുണ്യകരമല്ലെന്നു മാത്രമല്ല അവ ചെറിയ ശിർക്കിൽ പെടുകയും ചെയ്യും. സാമൂഹ്യ സേവകരും പൊതുജന തത്പരരും കാലിൽ തടഞ്ഞിട്ട് നാട്ടിൽ സാധാരണക്കാർക്ക് പുറത്തിറങ്ങി വഴി നടക്കാൻ പറ്റാത്ത അവസ്ഥയുണ്ട്. ഒരു മുസ്‌ലിമായ മനുഷ്യൻ വൈയക്തികമായി അനുഷ്ഠിക്കുകയും പുലർത്തുകയും ചെയ്യേണ്ട പതിന്മടങ്ങു പ്രതിഫലമുള്ള പല പുണ്യകർമ്മങ്ങളും അവഗണിക്കുകയും അശ്രദ്ധമായി ജീവിക്കുകയൂം ചെയ്യുന്നവരാവും പലപ്പോഴും സാമൂഹ്യ സേവനരംഗത്തു നിറഞ്ഞു നിൽക്കാറുള്ളത് എന്നതാണ് സത്യം. അനങ്ങിയാൽ സെൽഫിയെടുത്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന "സേവകർ" നാടൊട്ടുക്കുമുണ്ട് . അള്ളാഹുവിന്റെ പ്രതിഫലമാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിന്റെ നിബന്ധനകൾ പാലിച്ചേ പറ്റൂ. അതായത്, ഇസ്‌ലാമിൽ ചാരിറ്റി എന്നത് ഒരു ഷോ ബിസിനസ് അല്ല. പൊതു ബോധത്തെ തൃപ്തിപ്പെടുത്താനും സന്തോഷിപ്പിക്കാനും സ്വയം പേരെടുക്കാനും ധർമ്മം ചെയ്യുന്നവരേറെയുണ്ട്. അള്ളാഹുവിൽ വിശ്വസിക്കുകയും അവന്റെ പ്രതിഫലം പ്രതീക്ഷിക്കുകയും ചെയ്യുന്നവർക്ക് ഈ രീതി അസ്വീകാര്യമാണ്. അത് കൊണ്ട് തന്നെ പ്രകടന പരതയോടെ അന്യരുടെ പോക്കറ്റിലെ കാശ് കണ്ട് ആരും സേവനത്തിനിറങ്ങേണ്ടതില്ല. അതിന് ഇസ്‌ലാമിൽ മാതൃകയുമില്ല. അവനവന് അള്ളാഹു നൽകിയതിൽ നിന്നാണ് ഓരോരുത്തരും ധർമ്മം ചെയ്യേണ്ടത്. അത് മറ്റുള്ളവർ കാണാൻ വേണ്ടിയും കേൾക്കാൻ വേണ്ടിയും ആവുകയും ചെയ്യരുത്. അപ്പോൾ മാത്രമേ അത് സ്വീകാര്യമായ ഇബാദത് ആയിത്തീരുകയുള്ളൂ.


#മുസാഫിർ

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.