Sunday, September 20, 2015

ശൈഖ് അല്ബാനി ...

ഉദുഹിയ്യത്തിനെക്കുറിച്ച് ശൈഖ്‌ നാസ്വിറുദ്ധീൻ അൽബാനി റഹിമഹുള്ളാ പറയുന്നു " ഉദുഹിയ്യത്തിൽ നിന്ന് ഒരു ഭാഗം സ്വദഖ ചെയ്യണം. എന്നാൽ ചിലർ പറയാറുള്ളത് പോലെ, മൂന്നിൽ ഒന്ന് എന്ന നിലക്ക് കൃത്യമായ പരിധി (തോത്‌) നിശ്ചയിച്ചിട്ടില്ല. 
"മൂന്നിലൊന്നു പെരുന്നാൾ ദിവസം കഴിക്കുകയും മൂന്നിലൊന്നു സ്വദഖ ചെയ്യുകയും മൂന്നിലൊന്നു ശേഖരിച്ചു വെക്കുകയും ചെയ്യുക എന്നതിന് (മൂന്നായി ഭാഗിച്ചതിൽ ഒരു ഭാഗം എന്ന കൃത്യമായ കണക്കിന്) യാതൊരു അടിസ്ഥാനവും ഇല്ല.

സയ്യിദ്‌ ഖുതുബ്, ബന്ന, മൌദൂദി തുടങ്ങിയവരുടെ മൻഹജും സലഫീ മൻഹജും ഒരിക്കലും സമ്മേളിക്കുകയില്ല.((......അള്ളാഹുവാണ് സത്യം, സയ്യിദ്‌ ഖുതുബ്, ബന്ന, മൌദൂദി തുടങ്ങിയവരുടെ മൻഹജും സലഫീ മൻഹജും ഒരിക്കലും സമ്മേളിക്കുകയില്ല. സന്മാർഗവും വഴികേടും ഒരിക്കലും ചേരില്ല. യുവാക്കൾ ഇക്കാര്യം ഉൾക്കൊള്ളണം. നിങ്ങൾ സലഫുസ്സ്വാലിഹീങ്ങളുടെ മൻഹജാണ് പിന്തുടരേണ്ടത്.
അള്ളാഹുവാണ് സത്യം, ഈ ഉമ്മത്ത്‌, അതിന്റെ പരാധീനതകളിൽ നിന്നും ശോചനീയാവസ്ഥയിൽ നിന്നുമുള്ള മോചനത്തിനു, ഖവാരിജുകളുടെ വിഷയത്തിലും അല്ലാത്തവയിലും അള്ളാഹുവിന്റെ കിത്താബിലേക്കും റസൂലിന്റെ സുന്നത്തിലേക്കും, സലഫുസ്സ്വാലിഹീങ്ങളുടെ ഫിഖ്ഹിലേക്കും മടങ്ങാതെ തരമില്ല.))


"قال ربيع السنة" :
"والله ﻻ يجتمع منهج سيد قطب والبنا والمودودي مع مع المنهج السلفي أبداً ﻻ يجتمعان أبداً فلا يجتمع الضلال والهدى فافهموا يا أيها الشباب وعليكم بمنهج السلف الصالح.
والله ﻻ تخرج الأمة من مشاكلها وما تعيش فيه من ذل وهوان إلا بالرجوع إلى كتاب الله و سنة الرسول وفقه السلف الصالح في قضايا الخوارج وقضايا غيرهم."
الذريعة إلى بيان مقاصد كتاب الشريعة.
الجزء: 1/صفحة : 97

Tuesday, September 15, 2015

​വെള്ളിയായ്ച്ചയും അറഫാ നോമ്പും ഒന്നിച്ചാൽ...?

​വെള്ളിയായ്ച്ചയും അറഫാ നോമ്പും ഒന്നിച്ചാൽ...?

ഷെയ്ഖ്‌ ഇബ്നു ബാസ് (റഹിമഹുല്ല)യോടുള്ള ചോദ്യം: വെള്ളിയായ്ച്ച അറഫ ദിവസമായി വന്നു, ഞാൻ വ്യഴായ്ച്ച നോമ്പ് നോക്കാതെ അറഫാ ദിവസമായ വെള്ളിയായ്ച്ച മാത്രം നോമ്പ് നോക്കി, എന്റെ മേൽ വല്ല കുറ്റവുമുണ്ടോ?
ശൈഖ് നല്കിയ മറുപടി:താങ്കളുടെമേൽ കുറ്റമൊന്നുമുണ്ടാവില്ല എന്നാണു നമ്മൾ പ്രതീക്ഷിക്കുന്നത്, കാരണം (വെള്ളിയായ്ച്ച) മാത്രമായി നോമ്പ് നോല്ക്കുക എന്നതല്ല താങ്കള് ഉദ്ദേശിച്ചത്. അന്ന് അറഫാ ദിവസമാണ് എന്ന കാരണത്താൽ മാത്രമാണ് താങ്കള് നോമ്പ് നോക്കിയത്. എന്നാൽ താങ്കള് വ്യാഴായ്ച്ച കൂടി നോമ്പ് നോക്കിയിരുന്നുവെങ്കിൽ അതായിരുന്നു സൂഷ്മതയുള്ളത് . കാരണം വെള്ളിയായ്ച്ച മാത്രമായി സുന്നത്ത് നോമ്പ് എടുക്കുന്നത് നബി സല്ലല്ലാഹു അലൈഹി വ സല്ലം വിലക്കിയിട്ടുണ്ട്. താങ്കളുടെ (അറഫാ ദിവസത്തെ നോമ്പ്) സുന്നത്ത് നോമ്പാണ്‌ താനും.അതിനാൽ വെള്ളിയായ്ച്ചയോട് ചേര്ത്ത് വ്യാഴായ്ച്ചയും നോമ്പ് നോല്ക്കുന്നതാണ് അഭികാമ്യം. താങ്കളുടെ ഉദ്ദേശം അറഫാ നോമ്പാണെങ്കിലും, നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ(ചര്യയോടും) അവിടുത്തെ കലപ്പനകളോടും പരമാവധി യോജിക്കാൻ ശ്രമിക്കുന്നവനായിരിക്കണം ഒരു മുഅമിൻ. എന്നാൽ വെള്ളിയായ്ച്ചയുടെ ഫള്ൽ ഉദ്ദേശിച്ചു കൊണ്ടാണ് നോമ്പ് നോൽക്കുന്നതെങ്കിൽ അത് അനുവദനീയമല്ല; കാരണം നബി സല്ലള്ളാഹു അലൈഹി സല്ലം (വെള്ളിയായ്ച്ച മാത്രമായി നോമ്പു നോൽക്കുന്നത്) വിരോദിച്ചിട്ടുണ്ട്. എന്നാൽ അന്ന് അറഫാ ദിവസമായതുകൊണ്ടാണ് നോമ്പ് നോറ്റത് എങ്കിൽ അയാളുടെ മേൽ കുഴപ്പമൊന്നുമുണ്ടാവില്ല എന്നാണു നാം പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും വെള്ളിയായ്ച്ചയോടൊപ്പം വ്യാഴായ്ചയും നോമ്പ്നോൽക്കുകയാണെങ്കിൽ അതാണ്‌ സുരക്ഷിതത്വമുള്ളത്‌..


(ഷെയ്ഖ്‌ ഇബ്നു ബാസ് (റഹിമഹുല്ല)യോടുള്ള ചോദ്യവും അദ്ദേഹം അതിനു നല്കിയ മറുപടിയും -ആശയ വിവർത്തനം - )

http://www.binbaz.org.sa/mat/13717

Monday, September 14, 2015

ബുദ്ധിയും പ്രമാണവും

അള്ളാഹു അവന്റെ സൃഷ്ടികളിൽ മനുഷ്യന് മാത്രം കനിഞ്ഞു നൽകിയതാണ് വിശേഷ ബുദ്ധി. കാര്യങ്ങൾ മനസ്സിലാക്കാനും ചിന്തിക്കാനും പുരോഗതി കൈവരിക്കാനും മനുഷ്യൻ എക്കാലവും അതിനെ ആശ്രയിച്ചുപോന്നു. ബുദ്ധിശക്തിയിലും അതിന്റെ കൂർമതയിലും പലരും പല തട്ടിലാണ്. എങ്കിലും മനുഷ്യ ബുദ്ധിയുടെ കൂട്ടായ പരിശ്രമങ്ങളുടെ നേട്ടമാണ് ആധുനിക ലോകത്തിന്റെ പ്രസരിത മുഖം എന്ന കാര്യത്തിൽ തർക്കമില്ല.

കാര്യം ഇങ്ങിനെയൊക്കെയാണെങ്കിലും ഖുർആൻ, സുന്നത്ത് എന്നീ ഇസ്‌ലാമിക പ്രമാണ വാക്യങ്ങൾക്കു മുമ്പിൽ മനുഷ്യ ബുദ്ധിക്ക് കാര്യമായ റോൾ ഇല്ല. കാരണം, അവ രണ്ടും അള്ളാഹുവിൽ നിന്ന് ഉള്ളതാണ് എന്നത് തന്നെ.

പ്രമാണങ്ങൾ നമുക്ക് വിശദീകരിച്ചു തന്നത് മുഹമ്മദ്‌ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയാണ്. അത് നേരിട്ട് കേട്ട നബിയുടെ അനുചരന്മാരാണ് അതിന്റെ പ്രഥമ സംബോധിതർ. ഖുർആനിലോ ഹദീസിലോ പരാമർശിക്കപ്പെട്ട വിഷയങ്ങളിൽ, സ്വഹാബികളിൽ നിന്ന് സ്വഹീഹ് ആയി വന്ന വ്യാഖ്യാനങ്ങളും വിശദീകരണങ്ങളുമാണ് ഏറ്റവും ശെരിയായിട്ടുള്ളത്. അതിൽ തൃപ്തിപ്പെടാതെയോ കൂടുതൽ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നു കൊണ്ടോ നടത്തപ്പെടുന്ന ഗവേഷണങ്ങളും, സലഫുകളുടെ വ്യാഖ്യാനങ്ങൾക്ക് വിരുദ്ധമായി അതിൽ ഉരുത്തിരിയുന്ന ആശയങ്ങളും സ്വീകാര്യമായിരിക്കില്ലെന്നു മാത്രമല്ല, പ്രാമാണികമായി പരിഗണിക്കപ്പെടുകയുമില്ല.

ഇത് പറയുമ്പോൾ, അപ്പോൾ പിന്നെ, ബുദ്ധിക്കു ഇസ്‌ലാമിൽ ഒരു സ്ഥാനവുമില്ലേ ? ചിന്തിക്കാനും ഉറ്റാലോചിക്കാനും ഖുർആനിലൂടെ അള്ളാഹു ഉൽബോധിപ്പിക്കുന്നില്ലേ? എന്നൊക്കെ ചോദിച്ചു കൊണ്ട് ചിലർ സംശയമുന്നയിക്കുകയും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. വാസ്തവത്തിൽ പ്രമാണങ്ങളെ വേണ്ട വിധം മനസ്സിലാക്കാത്തത് കൊണ്ടോ തെറ്റായ നിഗമനത്തിന്റെ അടിസ്ഥാനത്തിലോ ആണ് ഈ ചോദ്യം ഉടലെടുക്കുന്നത്.

മനുഷ്യൻ ബൗദ്ധികമായി എത്രമാത്രം വളർന്നാലും, മനുഷ്യ ബുദ്ധിക്കു പരിധികളും പരിമിതികളുമുണ്ട് എന്ന കാര്യം അവിതർക്കിതമാണ്. അള്ളാഹു അവന്റെ ദീനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എന്താണോ നമ്മെ പ്രവാചകന്മാർ മുഖേന അറിയിച്ചത് അതിലപ്പുറം ഒരു വിവരം നമുക്കതിൽ ഇല്ല, എന്നല്ല ഗവേഷണം നടത്തി കണ്ടെത്താൻ സാധിക്കുന്നതുമല്ല. അതായത്, മനുഷ്യ ബുദ്ധിയിൽ ഉരുത്തിരിയുകയും ഉറ കൂടുകയും ചെയ്യുന്ന കാര്യങ്ങൾ എപ്പോൾ പ്രമാണ വാക്യങ്ങളുമായി ഏറ്റുമുട്ടുന്ന അവസ്ഥ സംജാതമാവുന്നോ അവിടെ ബുദ്ധിയുടെ പ്രയാണം അവസാനിക്കുകയും, പരാചയം സമ്മതിച്ചു പ്രാമാണത്തെ സ്വീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു. ഇതാണ് അദൃശ്യ കാര്യങ്ങളിൽ വിശ്വസിക്കുക എന്നത് കൊണ്ടുള്ള വിവക്ഷ. ഈയൊരു അടിസ്ഥാന വിഷയത്തിലാണ് മുസ്‌ലിം ലോകത്ത് ഇന്നേ വരെ ആവിർഭവിച്ച മുഴുവൻ പ്രസ്ഥാനങ്ങൾക്കും ഇടർച്ച സംഭവിച്ചത്.

അത് കൊണ്ടാണ്, ബുദ്ധിയെ ആശ്രയിച്ചു കൊണ്ട് സംസാരിക്കാൻ എന്ത് കൊണ്ടും യോഗ്യത ഉണ്ടായിട്ടും, ഒരു ആയത്തിന്റെ ആശയം ചോദിച്ചപ്പോൾ അബൂബക്കർ റദിയള്ളാഹു അൻഹു പറഞ്ഞത് " അള്ളാഹുവിന്റെ കിത്താബിൽ അറിയാത്ത ഒരു കാര്യം ഞാൻ പറഞ്ഞാൽ ഏതൊരാകാശമാണ് എനിക്ക് തണൽ നൽകുകയും ഏതൊരു ഭൂമിയാണ് എന്നെ താങ്ങി നിർത്തുകയും ചെയ്യുക എന്ന് ചോദിച്ചത്. "യുക്തിയാണ്, മതകാര്യങ്ങളുടെ അടിസ്ഥാനമെങ്കിൽ, പാദരക്ഷയുടെ മുകൾഭാഗത്തേക്കാൾ തടവേണ്ടത്‌ അടിഭാഗമായിരുന്നു" എന്ന് അലി റദിയള്ളാഹു അൻഹുവിനെ പറയാൻ പ്രേരിപ്പിച്ചതും ഈയൊരു ബോധ്യം തന്നെയാണ്.

അള്ളാഹു ഖുർആനിലൂടെ ചിന്തിക്കാനും ഉറ്റാലോചിക്കാനും ആജ്ഞാപിച്ചത് അവൻ നമുക്ക് വെളിപ്പെടുത്തിത്തന്നിട്ടില്ലാത്ത അദൃശ്യ കാര്യങ്ങളിൽ അല്ല. എന്ന് മാത്രമല്ല, ഏതൊരു പ്രായോഗിക ബുദ്ധിക്കും ഉൾക്കൊള്ളാൻ കഴിയുന്ന കാര്യങ്ങൾ പോലും അംഗീകരിക്കാത്ത കടുത്ത നിഷേധികളെ കുറ്റപ്പെടുത്തിക്കൊണ്ടും " നിങ്ങൾ ചിന്തിക്കുന്നില്ലേ " എന്ന് അള്ളാഹു ചോദിക്കുന്നുണ്ട്. ചുരുക്കത്തിൽ, പ്രമാണങ്ങളിൽ സലഫുകളുടെ വ്യാഖ്യാനങ്ങൾക്ക് വിരുദ്ധമായ വ്യാഖ്യാനങ്ങളും നിരീക്ഷണങ്ങളും നടത്താനുള്ള കൽപനയായി ഇതിനെ കാണാൻ പാടില്ല. സ്വന്തം ബുദ്ധിയെ ആശ്രയിക്കുന്നവർ തന്നെയാണ് ഈ തരത്തിലുള്ള വാദ മുഖങ്ങൾ ഉന്നയിക്കുന്നത്.

മനുഷ്യ ബുദ്ധിയുടെ വ്യാപാരങ്ങൾ നടക്കേണ്ടത്‌ ലൌകികമായ പുരോഗതിയും വളർച്ചയും കൈവരിക്കാനുതകുന്ന മേഖലകളിലാണ്. അല്ലാതെ, അള്ളാഹുവിന്റെ ദീനിലല്ല. അള്ളാഹുവിന്റെ ദീൻ അവൻ പ്രവാചകന്മാർ വഴി ജനങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. അത് സർവാത്മനാ പിൻപറ്റാനാണ് നാം കൽപിക്കപ്പെട്ടത്. ഗവേഷണം നടത്തി പുതിയത് കണ്ടെത്താനല്ല.

Wednesday, September 9, 2015

അഖീദത്തു ത്വഹാവിയ്യ

(ബ്രാക്കറ്റിലെ വരികൾ വിവർത്തകന്റെതാണ്)

ഇമാം അബൂ ജഅഫർ അത്വഹാവി റഹിമഹുള്ളാ.
അദ്ധേഹത്തിന്റെ പൂർണമായ പേര്: അഹ് മദ് ബിൻ മുഹമ്മദ്‌ ബിൻ സലാമ അബൂ ജഅഫർ അത്വഹാവി അൽ അസ്ദീ അൽ ഹനഫീ അൽ മസ്വ് രീ. ഹിജ്റ വർഷം 239 -ൽ ജനിച്ച അദ്ദേഹം 300-ലധികം ഉലമാക്കളിൽ നിന്ന് ഇൽമു കരസ്ഥമാക്കി. ഹദീസിലും, ഹനഫീ മദ്ഹബിലും നൈപുണ്യം നേടിയ അദ്ദേഹം, മുഷ്കിലുൽ ആസാർ, മആനിൽ ആസാർ, അടക്കം, നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഹിജ്റ 321-, ഈജിപ്തിൽ അദ്ദേഹം മരണപ്പെട്ടു.

 അബൂ ഹനീഫ അന്നുഉമാൻ ബിൻ സാബിത് അൽ കൂഫീ, അദ്ധേഹത്തിന്റെ ശിഷ്യൻമാരായ അബൂ യൂസുഫ്, യഅഖൂബു ബിൻ ഇബ്റാഹീം അൽ അൻസ്വാരീ, അബൂ അബ്ദുള്ള മുഹമ്മദ്‌ ബിൻ അൽ ഹസൻ അശ്ശൈബാനീ - അള്ളാഹുവിന്റെ തൃപ്തി അവരിൽ ഉണ്ടാവട്ടെ - തുടങ്ങിയ ഇസ്‌ലാം മതത്തിലെ ഫുഖഹാക്കളുടെ മദ്ഹബു അനുസരിച്ച്, മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെന്ന നിലയിൽ വിശ്വസിക്കുകയും ലോക രക്ഷിതാവിനു ദീനെന്ന നിലയിൽ സ്വീകരിക്കുകയും ചെയ്ത, അഹ് ലുസ്സുന്നത്തി വൽ ജമാഅയുടെ വിശ്വാസ പ്രമാണങ്ങളുടെ വിശദീകരണമാണിത്.
1. അള്ളാഹുവിന്റെ തൗഫീഖ് കൊണ്ട്, അള്ളാഹുവിന്റെ തൗഹീദിൽ വിശ്വസിച്ചു കൊണ്ട് നാം പറയുന്നു. നിശ്ചയമായും അള്ളാഹു, പങ്കുകാരനില്ലാത്ത നിലയിൽ ഏകനാണ്.
2. അവനെപ്പോലെ മറ്റൊന്നുമില്ല.
3. അവനെ അശക്തമാക്കുന്നതായി ഒന്നുമില്ല.
4. അവനല്ലാതെ മറ്റൊരു ഇലാഹില്ല.
5. തുടക്കമില്ലാത്ത നിലയിൽ അവൻ പണ്ടേ ഉള്ളവനും, അവസാനമില്ലാത്ത നിലയിൽ എന്നെന്നും നിലനിൽക്കുന്നവനുമാണ്.
6. അവനു നാശമോ പര്യവസാനമോ ഇല്ല.
7. അവൻ ഉദ്ദേശിച്ചതല്ലാതെ മറ്റൊന്നും ഉണ്ടാവുകയില്ല.
8. ഊഹങ്ങൾക്കോ ധാരണകൾക്കോ അവനെ പ്രാപിക്കാൻ കഴിയില്ല.
9. സൃഷ്ടികളോട് അവൻ സാദൃശ്യപ്പെടുന്നില്ല.
10. അമരനായി എന്നെന്നും ജീവിക്കുന്നവനും, ഉറങ്ങാതെ നിയന്ത്രിക്കുന്നവനുമാണ്.
11. ആവശ്യക്കാരനല്ലാത്ത നിലയിൽ തന്നെ (മറ്റുള്ളവയെ) സൃഷ്ടിച്ചവനും അധ്വാനമില്ലാതെ (അവയെ) ഭക്ഷിപ്പിക്കുന്നവനുമാണ്.
12. ഭയപ്പാടില്ലാതെ മരിപ്പിക്കുന്നവനും, ആയാസമില്ലാതെ പുനരുജ്ജീവിപ്പിക്കുന്നവനുമാണ്.
13. അവൻ, അവന്റെ സൃഷ്ടികളെ പടക്കുന്നതിന്റെ മുമ്പേ, അനാതിയിൽ തന്നെ വിശേഷണങ്ങൾ (സ്വിഫാതുകൾ) ഉള്ളവനാണ്. അവർ (സൃഷ്ടികൾ) ഉണ്ടായത് കൊണ്ട്, അവനു മുമ്പ് ഇല്ലാത്ത ഒരു വിശേഷണവും അധികമായി ഉണ്ടായിട്ടില്ല.
14. "ഖാലിഖ്" എന്ന വിശേഷണം സൃഷ്ടികളെ സൃഷ്ടിച്ചതിനു ശേഷം നേടിയെടുത്തതോ, "ബാരീ" എന്ന വിശേഷണം സൃഷ്ടിജാലങ്ങളുടെ സൃഷ്ടിപ്പിനു ശേഷം വന്നു ചേർന്നതോ അല്ല. അവന്റെ വിശേഷണങ്ങൾ പണ്ടേ ഉള്ളത് പോലെ എന്നെന്നും നിലനിൽക്കുന്നതുമാണ്.
15. ഒരു മർബൂബും (പരിപാലിക്കപ്പെടുന്നവർ)ഇല്ലാതിരുന്ന സമയത്ത് തന്നെ അവനു "റുബൂബിയ്യത്" (പരിപാലനം) എന്ന വിശേഷണം ഉണ്ട്. ഒരു "മഖ് ലൂഖും" (സൃഷ്ടികൾ) ഇല്ലാതിരുന്ന കാലത്ത് തന്നെ അവനു "ഖാലിഖ്" (സൃഷ്ടാവ്) എന്ന വിശേഷണം ഉണ്ട്.
16. നിർജീവമായ വസ്തുക്കളെ ജീവിപ്പിച്ചതിനു ശേഷം അവൻ (അള്ളാഹു) ജീവനില്ലാത്തവയെ ജീവിപ്പിക്കുന്നവൻ ആയതുപോലെതന്നെ, അവയെ ജീവിപ്പിക്കുന്നതിനു മുമ്പും ആ വിശേഷണം അവനു അവകാശപ്പെട്ടതാണ്. അത് പോലെ സൃഷ്ടാവ് എന്ന നാമം, അവയെ സൃഷ്ടിക്കുന്നതിനു മുമ്പേ അവനു അവകാശപ്പെട്ടതാണ്.
17. നിശ്ചയമായും അവൻ എല്ലാറ്റിനും കഴിവുറ്റവനാണ്‌. മറ്റു വസ്തുക്കളെല്ലാം അവനിലേക്ക്‌ ആവശ്യക്കാരാണ്. അവനു എല്ലാ കാര്യവും നിസാരമാണ്. അവനു ഒന്നിന്റെയും ആവശ്യമില്ല. (അവനെപ്പോലെ ഒന്നുമില്ല, അവൻ എല്ലാം കാണുന്നവനും കേൾക്കുന്നവനുമാണ്)
18. സൃഷ്ടികളെ, അവൻ അവന്റെ മുൻകൂട്ടിയുള്ള അറിവിന്റെ അടിസ്ഥാനത്തിൽ സൃഷ്ടിച്ചു.
19. അവരുടെ എല്ലാ കണക്കുകളും അവൻ നിശ്ചയിച്ചു.
20. അവയ്ക്ക് അവധി നിശ്ചയിച്ചു.
21. അവനു അവയെ സൃഷ്ടിക്കുന്നതിനു മുമ്പ് തന്നെ ഒരു കാര്യവും ഗോപ്യമായതായി ഇല്ല. അവയെ സൃഷ്ടിക്കുന്നതിനു മുമ്പേ അവ പ്രവർത്തിക്കുന്ന കാര്യങ്ങളെക്കുറിച്ച് മുൻകൂട്ടി അവൻ അറിഞ്ഞിട്ടുണ്ട്.
22. അവനെ വഴിപ്പെടാനും, അവനോടു ധിക്കാരം കാണിക്കാതിരിക്കാനും അവനവരോട് കൽപിച്ചു.
23. എല്ലാ കാര്യവും നടക്കുന്നത്, അവന്റെ കണക്കും ഉദ്ദേശവും അനുസരിച്ച് മാത്രമാണ്.അവൻ എന്താണോ ഉദ്ദേശിച്ചത്, അതല്ലാത്ത ഒന്നും അടിമകൾക്കില്ല. അവനെന്താണോ അവർക്ക് ഉദ്ദേശിച്ചത്,അതുണ്ടാവുകയും, അവർക്ക് ഉദ്ദേശിക്കാത്തതു ഉണ്ടാവുകയുമില്ല.
24. അവൻ അവന്റെ ഔദാര്യം കൊണ്ട് അവനുദ്ദേശിക്കുന്നവരെ നേർമാർഗത്തിലാക്കുകയും സംരക്ഷണം നൽകുകയും വിടുതൽ നൽകുകയും ചെയ്യുന്നു. അവന്റെ നീതി കൊണ്ട് അവനുദ്ദേശിക്കുന്നവരെ വഴികേടിലാക്കുകയും, കയ്യൊഴിയുകയും പരീക്ഷിക്കുകയും ചെയ്യുന്നു.
25. എല്ലാവരും (സൃഷ്ടികൾ), ഔദാര്യത്തിലും നീതിയിലും അവന്റെ (അള്ളാഹുവിന്റെ) ഉദ്ദേശത്തിൽ മാറിമറിഞ്ഞു കൊണ്ടിരിക്കുന്നു.
26. അവൻ സമന്മാരിൽ നിന്നും എതിരാളികളിൽ നിന്നും അത്യുന്നതനാണ്.
27. അവന്റെ വിധിയെ തള്ളുന്നവനോ, അവന്റെ വിധിയെ പിന്നിലാക്കുന്നവനോ അവന്റെ കൽപനയെ അതിജയിക്കുന്നവനോ ആയി ആരുമില്ല.
28. അതിലെല്ലാം (മുകളിൽ പറഞ്ഞവയിൽ) ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അതെല്ലാം അള്ളാഹുവിന്റെ അടുത്ത് നിന്നുള്ളതാണെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.
29. നിശ്ചയം, മുഹമ്മദ്‌ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം അദ്ദേഹം തെരഞ്ഞെടുത്ത അവന്റെ അടിമയും, അവൻ നിയോഗിച്ച അവന്റെ പ്രവാചകനും, അവൻ തൃപ്തിപ്പെട്ട അവന്റെ ദൂതനുമാണ്.
30. നിശ്ചയം, അദ്ദേഹം അവസാന പ്രവാചകനും, ഭക്തരുടെ ഇമാമും, മുർസലീങ്ങളുടെ നേതാവും, ലോക രക്ഷിതാവിന്റെ പ്രിയങ്കരനുമാണ്.
31. അദ്ദേഹത്തിനു ശേഷമുള്ള മുഴുവൻ പ്രവാചകത്വ വാദവും, വഴികേടും, സ്വേച്ചയുമാണ്‌.
32. സത്യവും സന്മാർഗവുമായും വെളിച്ചവും പ്രകാശവുമായും ജിന്ന് വർഗത്തിലേക്കു മൊത്തത്തിലും മനുഷ്യവർഗത്തിലേക്ക് മുഴുവനായും അദ്ദേഹം നിയുക്തനായവൻ ആണ്.
33. നിശ്ചയമായും ഖുർആൻ അള്ളാഹുവിന്റെ കലാം ആണ്. രൂപം എങ്ങിനെയെന്ന് നമുക്ക് അറിയാത്ത വിധത്തിൽ വാക്ക് ആയ നിലയിൽ അവനിൽ നിന്നാണ് അത് അവതീർണ്ണമായത്. വഹ് യ് ആയ നിലയിൽ അവന്റെ റസൂലിന് അത് ഇറക്കി. അതിനെ സത്യവിശ്വാസികൾ ഹഖ് ആയ നിലയിൽ സ്വീകരിച്ചു. ഹഖീഖത്തോട്‌ കൂടിയുള്ള അള്ളാഹുവിന്റെ കലാം ആയി അവരതിൽ ഉറച്ചു വിശ്വസിച്ചു. അത് മനുഷ്യ സംസാരം പോലെ ഒരു സൃഷ്ടിയല്ല. അത് കേട്ടതിനു ശേഷം, അത് മനുഷ്യന്റെ സംസാരമാണെന്നു ആരെങ്കിലും വാദിക്കുന്നുവെങ്കിൽ അവൻ കാഫിറായി. അവനെ അള്ളാഹു ആക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും 'സഖറി'ൽ പ്രവേശിപ്പിക്കുമെന്നു താക്കീത് നൽകുകയും ചെയ്തു. അള്ളാഹു പറഞ്ഞു "അവനെ ഞാൻ 'സഖറി'ൽ പ്രവേശിപ്പിക്കും". "ഇത് മനുഷ്യന്റെ വാക്കല്ലാതെ മറ്റൊന്നുമല്ല " (മുദ്ദഥിർ 26, 25) എന്ന് പറഞ്ഞവന് അള്ളാഹു 'സഖർ' വാഗ്ദത്തം ചെയ്തതിൽ നിന്ന്, തീർച്ചയായും, അത്, മനുഷ്യരുടെ വാക്കിനോട് ഒരു നിലക്കും സദൃശ്യമാകാത്ത, മനുഷ്യ സൃഷ്ടാവിന്റെ വാക്കാണെന്നു നമുക്ക് ഉറപ്പായി.
34. മനുഷ്യനെ വിശേഷിപ്പിക്കുന്ന ഒരു വിശേഷണം ആരെങ്കിലും അള്ളാഹുവിനെ വിശേഷിപ്പിക്കുന്ന പക്ഷം, അവൻ കാഫിറായി. ഇത് ആരെങ്കിലും കൃത്യമായി ഉൾക്കൊണ്ടാൽ, അവൻ ഗുണപാഠം സ്വീകരിച്ചവ വനും കാഫിരീങ്ങളുടെ ഇത്തരം വാദഗതികളിൽ നിന്ന് മാറി നിന്നവ വനും അവൻ (അള്ളാഹു) വിശേഷണങ്ങളാൽ മനുഷ്യനെപ്പോലെയല്ല എന്ന് മനസ്സിലാക്കിയവനുമാണ്.
35. സ്വർഗാവകാശികൾ അള്ളാഹുവിനെ കാണുമെന്നത് സത്യമാണ്. അതിന്റെ രൂപം എങ്ങിനെയെന്ന് നമ്മെ അറിയിച്ചിട്ടില്ല. അള്ളാഹു പറഞ്ഞു "ചില മുഖങ്ങൾ പ്രശോഭിതമാണ്. അതിന്റെ രക്ഷിതാവിലേക്ക് നോക്കിക്കൊണ്ടിരിക്കുന്നു " മുദ്ദഥിർ (22-23). അതിന്റെ വ്യാഖ്യാനം അള്ളാഹു അറിയുകയും ഉദ്ദേശിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്. അതിൽ, നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയിൽ നിന്ന് സ്വഹീഹ് ആയ ഹദീസുകളിൽ വന്നതെല്ലാം അപ്രകാരം തന്നെ (ശെരിയും സ്വീകാര്യവും) ആണ്. അതിന്റെ അർത്ഥം അവന്റെ ഉദ്ധേശത്തിന്റെ അടിസ്ഥാനത്തിലാണ്. അതിൽ നമ്മുടെ ബുദ്ധിയുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കാനോ യുക്തിയുടെ അടിസ്ഥാനത്തിൽ ഊഹിച്ചു പറയാനോ നാം മുതിരില്ല. അള്ളാഹുവിനും അവന്റെ റസൂലിനും ആരാണോ വഴിപ്പെടുകയും, അതിൽ ആശയക്കുഴപ്പുള്ളവ അത് അറിയുന്ന ആലിമിലേക്കു മടക്കുകയും ചെയ്തത്, അവൻ അവന്റെ ദീനിനെ സംരക്ഷിച്ചു.
36. (പൂർണമായ) വണക്കവും (പ്രമാണങ്ങളോട്) വിധേയത്വവും കൊണ്ടല്ലാതെ ഇസ്‌ലാം പൂർണമാവുകയില്ല തന്നെ. തടയപ്പെട്ട വല്ല വിവരവും നേടണമെന്ന് ആരെങ്കിലും ലക്ഷ്യം വെക്കുകയും, തന്റെ ധാരണയെ പൂർണമായി (അള്ളാഹുവിനു) വഴിപ്പെടുന്നതിൽ തൃപ്തിപ്പെടാതിരിക്കുകയും ചെയ്‌താൽ കലർപ്പില്ലാത്ത തൗഹീദും തെളിമയുള്ള അറിവും ശെരിയായ ഈമാനും അവന്നു നഷ്ടമായി. അങ്ങിനെയവൻ ഈമാനിനും കുഫ് റിനും സത്യപ്പെടുത്തുന്നതിനും കളവാക്കുന്നതിനും സ്വീകാര്യതക്കും നിഷേധത്തിനും ഇടയിൽ ദുർബോധനത്തിൽ പെട്ട് (യഥാർത്ഥ വഴിയിൽ നിന്ന്) അകന്നവനും സംശയാലുവും പൂർണമായി വിശ്വാസിയും പൂർണമായി നിഷേധിയുമല്ലാത്ത വിധത്തിൽ മാറി മറിഞ്ഞു കൊണ്ടിരിക്കും.
37. സ്വർഗാവകാശികൾ അള്ളാഹുവിനെ കാണും എന്ന് ഒരാൾ വിശ്വസിക്കുന്നത്, കേവല ഊഹത്തിന്റെയോ ഒരു ധാരണയെ വ്യാഖ്യാനിച്ചു കൊണ്ടോ ആണെങ്കിൽ അയാളുടെ വിശ്വാസം ശെരിയാകില്ല. അള്ളാഹുവിനെ കാണൽ ഒരാൾ സ്വന്തമായി വ്യാഖ്യാനിക്കുകയെന്നത് (മാത്രമല്ല)-റുബൂബിയ്യത്തിലേക്ക് ചേർക്കപ്പെടുന്ന എല്ലാ ഓരോ ആശയവും വ്യാഖ്യാനിക്കുന്നത്-സ്വന്തമായ വ്യാഖ്യാനങ്ങൾ ഒഴിവാക്കിയും പൂർണമായി (എങ്ങിനെയാണോ സ്ഥിരപ്പെട്ടു വന്നത്) അതിനു കീഴ്പ്പെടുകയാണ്‌ വേണ്ടത്. ഇതിന്മേലാണ് (പ്രമാണങ്ങൾക്ക് വഴിപ്പെടൽ) മുസ്‌ലിംകളുടെ ദീൻ എടുക്കപ്പെട്ടത്‌. ആരാണോ (സ്വിഫാത്തു) നിഷേധത്തേയും സാദൃശ്യപ്പെടുത്തുന്നതിനെയും സൂക്ഷിക്കാതിരിക്കുന്നത്‌, അവനുപിഴവ് സംഭവിക്കുകയും അള്ളാഹുവിനെ പരിശുദ്ധമാക്കുന്നതിൽ അബദ്ധത്തിൽ ചെന്ന് പെടുകയും ചെയ്തു. നിശ്ചയമായും നമ്മുടെ റബ്ബ് ഏകത്വത്തിന്റെയും അതുല്യതയുടെയും വിശേഷണങ്ങൾ ഉള്ളവനാണ്. അതിന്റെ ഒരാശയവും മനുഷ്യർക്കാർക്കുമില്ല.
38. അവൻ (അള്ളാഹു) പരിധികളിൽ നിന്നും, ദിശകളിൽ നിന്നും ഭാഗങ്ങളിൽ നിന്നും ആശ്രയങ്ങളിൽ നിന്നും(സൃഷ്ടികളോട് സാദൃശ്യപ്പെടുന്ന) അവയവങ്ങളിൽ നിന്നും ഉന്നതനാണ്.(എന്നാൽ "ഉലുവ്വ്" അഥവാ മുഴുവൻ സൃഷ്ടികളിൽ നിന്നും അതീതനായി മുകളിൽ ആയിത്തീരുക എന്ന വിശേഷണം അള്ളാഹുവിനു ഉണ്ട് താനും.)മറ്റെല്ലാ നവീന സൃഷ്ടികളെയും പോലെയുള്ള ആറു ദിശകളിലും അവൻ പരിമിതനല്ല.
39. മിഅറാജ് (ആകാശാരോഹണം) സത്യമാണ്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് രാപ്രയാണം സംഭവിച്ചിട്ടുണ്ട്. ഉണർവോടെ, ശരീരം കൊണ്ട് തന്നെ അദ്ദേഹം ആകാശാരോഹണം നടത്തിയിട്ടുണ്ട്. പിന്നീട് ഉപരിലോകത്ത് അള്ളാഹു ഉദ്ദേശിച്ചേടത്തേക്കും. അള്ളാഹു അവൻ ഉദ്ദേശിച്ചത് കൊണ്ട് അദ്ധേഹത്തെ (നബിയെ) ആദരിക്കുകയും ബോധനമായി അവൻ നൽകാൻ ഉദ്ദേശിച്ചത് നൽകുകയും ചെയ്തു. (അദ്ദേഹം കണ്ട ആ കാഴ്ച അദ്ധേഹത്തിന്റെ ഹൃദയം നിഷേധിച്ചിട്ടില്ല.) അള്ളാഹു അദ്ധേഹത്തെ ഇരുജീവിതത്തിലും അനുഗ്രഹം ചൊരിയുകയും സംരക്ഷിക്കുകയും ചെയ്തിരിക്കുന്നു.
40. അള്ളാഹു മുഹമ്മദ്‌ നബിയുടെ ഉമ്മതിനു സഹായമായിക്കൊണ്ട് അദ്ദേഹത്തിന് ആദര പൂർവം നൽകിയ "ഹൗദ്" (തടാകം) സത്യമാണ്.
41. അവർക്ക് വേണ്ടി (മുഹമ്മദ്‌ നബിയുടെ ഉമ്മതിനു) കരുതി വെച്ച "ശഫാഅത്ത്" (ശുപാർശ)യും പ്രമാണങ്ങളിൽ വന്നത് പോലെതന്നെ സത്യമാണ്.
42. ആദമിൽ നിന്നും അദ്ധേഹത്തിന്റെ സന്താന പരമ്പരകളിൽ നിന്നും അള്ളാഹു സ്വീകരിച്ച ഉടമ്പടിയും സത്യമാണ്.
43. ആരാരെല്ലാം സ്വർഗത്തിൽ പ്രവേശിക്കുമെന്നും ആരാരെല്ലാം നരകത്തിൽ പ്രവേശിക്കുമെന്നും അള്ളാഹു അറിയുന്നവനാണ്. ഒരാൾ പോലും കൂടുകയോ കുറയുകയോ ചെയ്യാത്ത വിധത്തിൽ കൃത്യമായ എണ്ണം.
44. അത് പോലെ അവരുടെ പ്രവർത്തനങ്ങളും, അവർ എന്തെല്ലാം പ്രവർത്തിക്കുമെന്ന കാര്യവും അവൻ (മുൻ കൂട്ടി) അറിഞ്ഞിട്ടുണ്ട്. ഏതൊന്നിലേക്ക് വേണ്ടിയാണോ ഓരോരുത്തരും സൃഷ്ടിക്കപ്പെട്ടത് അതിലേക്കു അവർ എളുപ്പമാക്കപ്പെടും. പ്രവത്തനങ്ങൾ പര്യവസാനങ്ങൾക്ക് അനുസൃതമാണ്(പരിഗണിക്കപ്പെടുക). സൗഭാഗ്യവാനായി അള്ളാഹു വിധിച്ചവൻ മാത്രമാണ് സൗഭാഗ്യവാൻ. ഹതഭാഗ്യനായി അള്ളാഹു വിധിച്ചവൻ മാത്രമാണ് ഹതഭാഗ്യവാൻ.
45. ഖദ് റിന്റെ (വിധിയുടെ) അടിസ്ഥാനം അള്ളാഹു അവന്റെ സൃഷ്ടികളിൽ രഹസ്യമാക്കി വെച്ചതാണ്. സമീപസ്ഥനായ ഒരു മലക്കോ നിയുക്തനായ ഒരു പ്രവാചകനോ അതിനെക്കുറിച്ച് അറിവു നൽകപ്പെട്ടവർ അല്ല. അതിൽ ചുഴിഞ്ഞന്വേഷണവും ഗവേഷണം നടത്തലും അധമത്വത്തിന്റെ വഴിയാണ്. നിഷേധത്തിന്റെ ചവിട്ടുപടിയാണ്. അതിക്രമത്തിന്റെ ദറജയാണ്. അതിനാൽ (അത്തരം) ചിന്തയേയും ഗവേഷണത്തെയും ദുർബോധനത്തെയും പരമാവധി സൂക്ഷിച്ച് കൊള്ളുക. നിശ്ചയമായും അള്ളാഹു ഖദ് റിനെക്കുറിച്ചുള്ള അറിവ് മാനവരാശിയിൽ നിന്ന് മറച്ചു വെക്കുകയും, അവരിൽ നിന്ന് അതിന്റെ ലക്ഷ്യം വിലക്കുകയും ചെയ്തിട്ടുണ്ട്. അള്ളാഹു പറഞ്ഞു "അവൻ പ്രവർത്തിക്കുന്നതിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുകയില്ല. അവരാകട്ടെ ചോദ്യം ചെയ്യപ്പെടുന്നവരുമാണ്." (അമ്പിയാഉ – 23). "എന്ത് കൊണ്ട് അവൻ (അള്ളാഹു) അങ്ങിനെ ചെയ്തു" എന്ന് ആരെങ്കിലും ചോദിച്ചാൽ, അവൻ കിതാബിന്റെ വിധി തള്ളിക്കളഞ്ഞവൻ ആയിത്തീർന്നു. ആരാണോ കിതാബിന്റെ വിധി തള്ളിക്കളഞ്ഞത്, അവൻ കാഫിറായി.
46. ഇവ, അള്ളാഹുവിന്റെ ഔലിയാക്കളിൽ ഹൃദയത്തിൽ വെളിച്ചം നൽകപ്പെട്ടവനു ആവശ്യമായ കാര്യങ്ങളുടെ ആകത്തുകയാണ്. ഇത്, അഗാധമായ ജ്ഞാനം നൽകപ്പെട്ട ഉലമാക്കളുടെ ദറജയാണ്. കാരണം, അറിവ് രണ്ടു തരമാണ്. ഒന്ന് : മനുഷ്യന് പ്രാപ്യമായ അറിവും, അപ്രാപ്യമായ (അദൃശ്യമായ) അറിവും. ലഭ്യമായ അറിവിനെ നിഷേധിക്കലും, അപ്രാപ്യമായ അറിവിനെ അവകാശപ്പെടലും കുഫ് റാണ്. പ്രാപ്യമായ അറിവിനെ സ്വീകരിക്കുകയും അപ്രാപ്യമായ അറിവിനെ അന്വേഷിച്ചു പോവാതിരിക്കുകയും ചെയ്‌താൽ മാത്രമേ ഒരാളുടെ ഈമാൻ സ്ഥിരപ്പെടുകയുള്ളൂ.
47. "ലൗഹി"ലും (ലൗഹുൽ മഹ്ഫൂദ് =സംരക്ഷിത ഫലകം) "ഖലമി"ലും (പേന), അത് കൊണ്ട് രേഖപ്പെടുത്തപ്പെട്ട മുഴുവൻ കാര്യങ്ങളിലും നാം വിശ്വസിക്കുന്നു. ഉണ്ടായിത്തീരണമെന്നു അള്ളാഹു രേഖപ്പെടുത്തി വെച്ച വല്ല കാര്യത്തിലും മുഴുവൻ സൃഷ്ടിജാലങ്ങളും അതുണ്ടാവാതിരിക്കാൻ ഒത്തൊരുമിച്ചാലും, അവർക്കതിനു സാധ്യമല്ലതന്നെ. അള്ളാഹു രേഖപ്പെടുത്തി വെച്ചിട്ടില്ലാത്ത വല്ല കാര്യത്തിലും മുഴുവൻ സൃഷ്ടിജാലങ്ങളും അതുണ്ടായിത്തീരാൻ ഒത്തൊരുമിച്ചാലും അതിനും അവർക്ക് സാധ്യമല്ല. അന്ത്യനാൾ വരെ ഉണ്ടായിത്തീരേണ്ട കാര്യങ്ങളുമായി പേനയിലെ മഷി ഉണങ്ങിക്കഴിഞ്ഞു. ഒരു അടിമക്ക് കിട്ടാതെ പോയ ഒരു കാര്യവും അവനു കിട്ടാനുള്ളതല്ല. എന്നാൽ, ഒരാൾക്ക്‌ ലഭിച്ച ഒരു കാര്യവും അയാളിൽ നിന്ന് തെറ്റിപ്പോകുന്നതുമല്ല.
48. നിശ്ചയമായും, അള്ളാഹു തന്റെ മുഴുവൻ സൃഷ്ടികളെക്കുറിച്ചും മുൻ കൂട്ടി അറിവുള്ളവനാണെന്നും, അത് ഭദ്രവും ശക്തവും ആയ നിലയിൽ കണക്കാക്കി വെച്ചിരിക്കുന്നുവെന്നും, അതിനെ ലംഘനം നടത്തുവാനോ മാറ്റം വരുത്തുവാനോ, ഭേതഗതി വരുത്തുന്നവനോ ദുർബലപ്പെടുത്തുന്നവനോ കൂട്ടുന്നവനോ കുറക്കുന്നവനോ അവന്റെ സൃഷ്ടികളിൽ ഭൂമിയിലോ ആകാശത്തിലോ ആയി ആരുമില്ലെന്നും ഒരു അടിമ നിർബന്ധമായും മനസ്സിലാക്കണം. (വിധിയുമായി ബന്ധപ്പെട്ട) ഇക്കാര്യം, വിശ്വാസത്തിന്റെ കുരുക്കുകളിൽ ഒന്നും ദീനീ ജ്ഞാനത്തിന്റെ അടിസ്ഥാന വിഷയവും, അള്ളാഹുവിന്റെ റുബൂബിയ്യത്തും, അവന്റെ ഏകത്വവും അംഗീകരിക്കുന്നതിന്റെ ഭാഗവുമാണ്. അള്ളാഹു പറയുന്നു. "അവൻ എല്ലാ വസ്തുക്കളെയും സൃഷ്ടിക്കുകയും ശെരിയായി വ്യവസ്ഥ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു." (ഫുർഖാൻ -3). അള്ളാഹു പറയുന്നു, " അള്ളാഹുവിന്റെ കൽപന ഖണ്‍ഡിതമായ ഒരു വിധിയാകുന്നു." (അഹ് സാബ് -38)
അപ്പോൾ, ഖദ്റിന്റെ (വിധിയുടെ) വിഷയത്തിൽ അള്ളാഹുവിനെ എതിരാളിയാക്കിയവനും, യുക്തിക്ക് രോഗാതുരമായ ഹൃദയത്തെ കൊണ്ട് വന്നവനും നാശം. അവൻ, തന്റെ ബുദ്ധി കൊണ്ട് (അള്ളാഹു മറച്ചു വെച്ച) രഹസ്യമായ അദൃശ്യകാര്യത്തെ തേടി ഇറങ്ങിയവനാണ്. ആ വിഷയത്തിൽ പറഞ്ഞത് നിമിത്തം അവൻ പാപിയായ കറ്റുകെട്ടിപ്പറയുന്നവനായി മാറി.
49. അർശും, (അള്ളാഹു പാദങ്ങൾ വെക്കുന്ന) കുർസിയ്യും സത്യമാണ്.
50. അവൻ അർശിൽ നിന്നും അതിനു താഴെയുള്ളതിൽ നിന്നുമെല്ലാം ധന്യനാണ്.
51. എല്ലാ വസ്തുക്കളെയും അവൻ (ഇൽമു കൊണ്ട്) വലയം ചെയ്തു നിൽക്കുന്നു. അവൻ അതിന്റെയെല്ലാം മീതെയാണ്. അവൻ (അള്ളാഹു) അവന്റെ സൃഷ്ടികളെ (മുഴുവൻ കാര്യങ്ങളും അറിയുന്നതിൽ നിന്ന്) വലയം ചെയ്യുന്നതിൽ നിന്ന് അശക്തരാക്കിയിരിക്കുന്നു.
52. അള്ളാഹു ഇബ്റാഹീം നബി അലൈഹി സലാമിനെ ഖലീൽ (ചങ്ങാതി) ആയി സ്വീകരിച്ചിരിക്കുന്നുവെന്നും, മൂസാ നബി അലൈഹി സലാമിനോട് അക്ഷരാർത്ഥത്തിൽ സംസാരിച്ചിരിക്കുന്നുവെന്നും, നാം വിശ്വസിക്കുകയും അംഗീകരിക്കുകയും വഴിപ്പെടുകയും ചെയ്തു കൊണ്ട് പറയുന്നു.
53. മലക്കുകളിലും അമ്പിയക്കളിലും, അവർക്ക് അവതീർണമായ ഗ്രന്ഥങ്ങളിലും നാം വിശ്വസിക്കുകയും, അവർ വ്യക്തമായ സത്യത്തിൽ ആയിരുന്നുവെന്നു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം കൊണ്ട് വന്നതിനെ അംഗീകരിക്കുകയും, അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ വിശ്വസിക്കുകയും ചെയ്യുന്ന കാലത്തോളം.
54. നമ്മുടെ ഖിബ് ലയിലേക്ക്‌ തിരിയുന്നവരായ ആളുകളെ (നമസ്കരിക്കുന്നവരെ), നാം മുസ്‌ലിംകൾ / മുഉമിനുകൾ അഹ് ലുൽ ഖിബ് ലയിൽ പെട്ട ആളുകളെ, അവർ, നബി സ്വല്ലള്ളാഹു അലൈഹി കൊണ്ട് വന്നതിനെ അംഗീകരിക്കുകയും, അദ്ദേഹം പറയുകയും അറിയിക്കുകയും ചെയ്ത മുഴുവൻ കാര്യങ്ങളും സത്യപ്പെടുത്തുകയും ചെയ്യുന്ന കാലത്തോളം മുസ്‌ലിംകൾ/മുഉമിനുകൾ എന്ന് വിളിക്കുന്നു.
55. അള്ളാവിന്റെ കാര്യങ്ങളിൽ നാം ഗവേഷണങ്ങൾക്ക്‌ മുതിരുകയോ മത വിഷയങ്ങളിൽ തർക്കത്തിലേർപ്പെടുകയോ ചെയ്യില്ല.
56. നാം ഖുർആനിന്റെ കാര്യത്തിൽ തർക്കവിതർക്കങ്ങൾക്ക് മുതിരില്ല. അള്ളാഹുവിന്റെ കലാം ആണ് അതെന്നു നാം സാക്ഷ്യം വഹിക്കുന്നു. അത് റൂഹുൽ അമീൻ (ജിബ് രീൽ) മുഖാന്തിരം അവതീർണമാണ്. അങ്ങിനെയത് പ്രവാചകന്മാരുടെ നേതാവായ മുഹമ്മദ്‌ നബിയെ പഠിപ്പിച്ചു. അത് അള്ളാഹുവിന്റെ കലാമാണ്. അത് സൃഷ്ടികളുടെ സംസാരത്തോട്‌ ഒരിക്കലും സദൃശമാവുന്നില്ല. അത് അള്ളാഹുവിന്റെ ഒരു സൃഷ്ടിയാണെന്ന് നാം ഒരിക്കലും പറയുന്നില്ല. മുസ്ലിംകളുടെ പൊതുധാരയുടെ നിലപാടിൽ നിന്ന് നാം വൈരുധ്യം പുലർത്തുന്നില്ല
57. അഹ് ലുൽ ഖിബ് ലയിൽ പെട്ട ആരെയും, അവർ ചെയ്യുന്ന അധർമ്മത്തിന്റെ പേരിൽ, അവർ അതിനെ ഹലാൽ ആയി കരുതാത്ത കാലത്തോളം നാം കാഫിറുകൾ എന്ന് മുദ്ര വെക്കില്ല;
58. സത്യവിശ്വാസിയായ ഒരാൾക്ക്‌, അയാൾ ചെയ്യുന്ന പാപം ദോഷം ചെയ്യില്ല എന്ന് വിശ്വസിക്കുന്നവരല്ല നമ്മൾ.
59. സത്യവിശ്വാസികളായ സുകൃതവാന്മാർക്കു അവൻ (അള്ളാഹു) വിട്ടുവീഴ്ച നൽകുകയും അവന്റെ അനുഗ്രഹം കൊണ്ട് സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുമെന്നു നാം പ്രത്യാശിക്കുന്നു. അവരുടെ കാര്യത്തിൽ നാം നിർഭയരോ അവർ സ്വർഗാവകാശികളാണെന്ന് ഉറപ്പിച്ചു സാക്ഷ്യം വഹിക്കുന്നവരോ അല്ല. അവരിലെ വീഴ്ച സംഭവിച്ചവർക്ക് നാം പാപമോചനം തേടുന്നു. അവരുടെ കാര്യത്തിൽ നാം ഭയപ്പെടുന്നവരാണ്. എന്നാൽ അവരെ നാം നിരാശപ്പെടുത്തുന്നുമില്ല.
60. (അള്ളാഹുവിന്റെ ശിക്ഷയിൽ നിന്നുള്ള) നിർഭയത്വവും, (അള്ളാഹുവിന്റെ റഹ് മത്തിനെക്കുറിച്ചുള്ള)നിരാശയും ഇസ്‌ലാം ദീനിൽ നിന്ന് പുറത്തു പോകാൻ കാരണമാകും. സത്യത്തിന്റെ മാർഗം അതിന്നു രണ്ടിനും ഇടയിലായി അഹ് ലുൽ ഖിബ് ലക്ക് അവകാശപ്പെട്ടതാണ്.
61. ഒരു അടിമ ഈമാനിൽ നിന്ന് പുറത്തു പോകുന്നത് ഈമാനിൽ പ്രവേശിക്കാൻ കാരണമായവ നിഷേധിക്കുമ്പോഴാണ്. (ഈ പ്രയോഗം സൂക്ഷ്മമല്ല - നിഷേധം എന്നാൽ പല തരത്തിലുള്ള നവാഖിദുൽ ഇസ്‌ലാമിൽ ഒന്ന് മാത്രമാണ്.)
62. ഈമാൻ എന്നാൽ, നാവു കൊണ്ട് അംഗീകരിക്കലും, ഹൃദയം കൊണ്ട് സത്യപ്പെടുത്തലുമാണ്.
(ഈ വാചകം കുറ്റമറ്റതല്ല. ഇത് മാതുരീദി അഖീദയാണ്. ഈമാനിന്റെ നിർവചനത്തിൽ ശാരീരികാവയവങ്ങൾ കൊണ്ട് ചെയ്യുന്ന അമലുകൾ കൂടി ഉൾപ്പെടുത്തിയാൽ മാത്രമേ അഹ് ലുസ്സുന്നതിന്റെ അഖീദ ആവുകയുള്ളൂ. ഇതാണ് ഈ വിഷയത്തിൽ സലഫുകൾ സ്വീകരിച്ച നിലപാട്)
(ഇമാം അബൂഹനീഫയും അദ്ധേഹത്തെ പിന്തുടരുന്നവരും ഈമാനിനെ നിർവചിക്കുന്നതിൽ സ്വീകരിച്ച ഈ നിലപാട് കാരണം അവരെ "മുർജിഅത്തുൽ ഫുഖഹാഉ" എന്നാണ് വിളിക്കുന്നത്‌)
63. അള്ളാഹു ഖുർആനിലൂടെ അവതരിപ്പിച്ചതും, അതുപോലെ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് സ്വഹീഹു ആയി രിവായത്ത് ചെയ്യപ്പെട്ട മതവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും സത്യമാണെന്ന് നാം വിശ്വസിക്കുന്നു.
(
ഹദീസുകൾ, മുതവാതിർ ആയാലും ആഹാദ് ആയാലും, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് സ്ഥിരപ്പെട്ടു വന്നു കഴിഞ്ഞാൽ ഒരുപോലെ സ്വീകാര്യമാണ് എന്ന അഹ് ലുസ്സുന്നയുടെ നിലപാടിനെ ഗ്രന്ഥകർത്താവ്‌ ഇവിടെ സ്ഥാപിക്കുന്നു)
64. ഈമാൻ ഒന്ന് മാത്രമാണ്. അതിന്റെ അവകാശികൾ ഈമാനിന്റെ അടിസ്ഥാന വിഷയത്തിൽ തുല്യരാണ്. (ഈ വാചകവും വിമർശന വിധേയമാണ്. ഈമാൻ കൂടുകയും കുറയുകയും ചെയ്യും എന്ന അഹ് ലുസ്സുന്നയുടെ അഖീദക്കു വ്യക്തമായ ഖണ്ഡനമാണിത്. അത് കൊണ്ട് തന്നെ, ഖുർആനിന്റെ വ്യക്തമായ നസ്വുകളുടേയും സ്വഹീഹായ ഹദീസുകളുടെയും അടിസ്ഥാനത്തിൽ അഹ് ലുസ്സുന്നത്തിന്റെ പ്രാമാണികരായ ഉലമാക്കൾ ഈ വിഷയത്തെ നിശിതമായി വിമർശിച്ചിട്ടുണ്ട്)
അള്ളാഹുവിനെക്കുറിച്ചുള്ള ഭയപ്പാടും, അവനോടുള്ള തഖ് വയും , ഹവയോട് വൈരുധ്യം കാണിക്കലും, ഏറ്റവും ഉത്തമമായ കാര്യം പിൻപറ്റുകയും ചെയ്യുന്നതിലാണ് അവർ പരസ്പരം ഏറ്റക്കുറച്ചിലുകൾ ഉള്ളത്. (ശാരീരികാവയവങ്ങൾ കൊണ്ടുള്ള അമലുകൾ കാരണമായും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും)
65. സത്യവിശ്വാസികളെല്ലാം അള്ളാഹുവിന്റെ സംരക്ഷണ വലയത്തിലാണ്. അവരിൽ ഏറ്റവും ഉത്തമൻ, അള്ളാഹുവിനെ ഏറ്റവും വഴിപ്പെടുന്നവനും, ഖുർആനിനെ ഏറ്റവും നന്നായി പിന്തുടരുന്നവനുമാണ്.
66. ഈമാൻ എന്നാൽ : അള്ളാഹുവിലും, അവന്റെ മലക്കുകളിലും, അവന്റെ ഗ്രന്ഥങ്ങളിലും, അന്ത്യനാളിലും, വിധിയിലും, അത് നന്മയായി ഭവിച്ചാലും തിന്മയായി ഭവിച്ചാലും കയ്പായാലും മധുരമായാലും അള്ളാഹുവിൽ നിന്നാണ് എന്ന വിശ്വാസമാണ്.
67. മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം നാം വിശ്വസിക്കുന്നു. അവന്റെ (അള്ളാഹുവിന്റെ) പ്രവാചകന്മാർക്കിടയിൽ നാം വേർതിരിവ് കാണിക്കുന്നില്ല. അവർ കൊണ്ട് വന്ന മുഴുവൻ കാര്യങ്ങളും നാം സത്യപ്പെടുത്തുന്നു.
68. മുഹമ്മദ്‌ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ഉമ്മത്തിൽ വൻപാപം ചെയ്ത ആളുകൾ, (ഇത് മുഹമ്മദ്‌ നബിയുടെ ഉമ്മത്തിന് മാത്രമാണ് എന്നതിന് തെളിവൊന്നുമില്ല) തൗഹീദ് അംഗീകരിച്ചു കൊണ്ട് മരണപ്പെട്ടവർ ആണെങ്കിൽ, - തൗബ ചെയ്തിട്ടില്ലെങ്കിൽ പോലും അള്ളാഹുവിനെ അറിയുന്നവരായ നിലയിൽ സത്യവിശ്വാസത്തോടെ കണ്ടു മുട്ടിക്കഴിഞ്ഞാൽ, അവർ നരകത്തിൽ ശാശ്വതരായിരിക്കില്ല.
അവൻ പിന്നീട് അവന്റെ (അള്ളാഹുവിന്റെ) ഉദ്ദേശത്തിലും വിധിയിലും വിധേയനാണ്. അവൻ ഉദ്ദേശിച്ചാൽ അവന്റെ ഔദാര്യം കൊണ്ട്, അവർക്ക് പൊറുത്ത് കൊടുക്കുകയും അവർക്ക് വിട്ടു വീഴ്ച ചെയ്തു കൊടുക്കുകയും ചെയ്യാം. അള്ളാഹു ഖുർആനിൽ പറഞ്ഞ പോലെ "അവനുദ്ദേശിച്ചവർക്ക് അതല്ലാത്തത് (ശിർക്കല്ലാത്ത മറ്റു പാപങ്ങൾ) പൊറുത്തു കൊടുക്കാം." (നിസാഉ-48).
അവന്റെ നീതി കൊണ്ട് അവനുദ്ദേശിച്ചവർക്ക് നരക ശിക്ഷ നൽകുകയും ചെയ്യാം. പിന്നീട് അവന്റെ അനുഗ്രഹവും, സ്വർഗക്കാരുടെ ശഫാഅത്തും കൊണ്ട് അതിൽ നിന്ന് അവരെ മോചിപ്പിക്കുകയും അങ്ങിനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യാം. നിശ്ചയമായും അള്ളാഹു അവന്റെ അഹ് ലുകാരെ ഏറ്റെടുത്തിരിക്കുന്നു. അവരെയവൻ ഇരു ലോകത്തും ഹിദായത് ലഭിക്കാത്തവരും, അവന്റെ വലായത് ഇല്ലാത്തവരുമായ നിലയിൽ അപരിചിതരാക്കിയിട്ടില്ല. ഇസ്‌ലാമിന്റെയും അതിന്റെ അഹ് ലുകാരുടെയും സംരക്ഷകനായ അള്ളാഹുവേ, നിന്നെ കണ്ടു മുട്ടുന്നത് വരെ നീ ഞങ്ങളെ ഇസ്‌ലാമിൽ ഉറപ്പിച്ചു നിർത്തേണമേ !
69. ഖിബ് ലയിലേക്ക്‌ തിരിഞ്ഞു നമസ്കരിക്കുന്ന മുഴുവൻ ആളുകളുടെ പിന്നിലും - അവർ നന്മ ചെയ്യുന്നവരോ തിന്മ ചെയ്യുന്നവരോ ആയാലും - നമസ്കാരം (പിന്നിൽ നിന്ന് കൊണ്ടുള്ള ജമാഅത്ത് നമസ്കാരം) ശെരിയാകുമെന്നും , അവരിൽ നിന്ന് മരണപ്പെട്ടവരുടെ മേൽ നമസ്കാരം ശെരിയാകുമെന്നും നാം വിശ്വസിക്കുന്നു.
70. അവരിൽപ്പെട്ട ആർക്കും നാം മുൻ കൂട്ടി സ്വർഗമോ നരകമോ നിശ്ചയിക്കുന്നില്ല. അവരിൽ നിന്ന് ശിർക്കിന്റെയോ കുഫ് റിന്റെയോ നിഫാഖിന്റെയോ അടയാളങ്ങൾ കാണാത്ത കാലത്തോളം നാം അവരിലത് ആരോപിക്കില്ല. അവരുടെ സ്വകാര്യമായ കാര്യങ്ങൾ നാം അള്ളാഹുവിലേക്ക് വിടുന്നു.
71. വധം അനിവാര്യമായ ആളെ അല്ലാതെ, മുഹമ്മദ്‌ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ഉമ്മത്തിലെ ഒരാളെയും വധിക്കാൻ പാടില്ല.
72. നമ്മുടെ ഭരണാധികാരികൾക്കെതിരിൽ പടപ്പുറപ്പാട് നടത്താൻ പാടില്ല; അവർ അതിക്രമകാരികളായാലും. അവരോടുള്ള അനുസരണ പ്രതിജ്ഞ ലംഘിക്കാനോ അവർക്കെതിരിൽ ദുആ ചെയ്യാനോ പാടില്ല. അവർ പാപം ചെയ്യാൻ കൽപിക്കാത്ത കാലത്തോളം, അവരെ അനുസരിക്കുന്നത് അള്ളാഹുവിനെ അനുസരിക്കുന്നതിന്റെ ഭാഗമെന്ന നിലയിൽ നിർബന്ധമാണ്‌. നന്മക്കും ആശ്വാസത്തിനും വേണ്ടി നാം അവർക്ക് ദുആ ചെയ്യണം.
73. സുന്നത്തിനെയും "ജമാഅത്തി"നെയും നാം പിൻപറ്റുന്നു. ഒറ്റപ്പെടലിനെയും, അഭിപ്രായഭിന്നതയേയും, ഛിദ്രതയെയും നാം വെടിയുകയും ചെയ്യുന്നു. 
74. സത്യസന്ധതയും നീതിയുമുള്ള ആളുകളെ നാം സ്നേഹിക്കുകയും വഞ്ചനയും അതിക്രമവും ചെയ്യുന്ന ആളുകളെ നാം വെറുക്കുകയും ചെയ്യുന്നു.
75. നമുക്ക് അറിയാത്ത കാര്യങ്ങളെക്കുറിച്ച് നാം " അള്ളാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ" എന്ന് പറയും.
76. യാത്രയിലും അല്ലാത്ത ഘട്ടങ്ങളിലും, പ്രമാണങ്ങളിൽ വന്ന പ്രകാരം, പാദരക്ഷകളിൽ തടവൽ അനുവദനീയമാണെന്ന് നാം വിശ്വസിക്കുന്നു.
77. ഭരണാധികാരികൾ, അവർ നല്ലവരായാലും, ചീത്ത ആളുകളായാലും അന്ത്യനാൾ വരെ ഹജ്ജും ജിഹാദും അവരുടെ കൂടെ സംഗതമാണ്. അവ രണ്ടും ദുർബലപ്പെടുത്തുന്നതോ ബാത്വിലാക്കുന്നതോ ആയി ഒന്നും തന്നെയില്ല.
78. മാന്യന്മാരായ എഴുത്തുകാരിൽ (മലക്കുകളിൽ) ഞങ്ങൾ വിശ്വസിക്കുന്നു. നിശ്ചയമായും അള്ളാഹു അവരെ നമുക്ക് കാവൽക്കാരായി നിശ്ചയിച്ചിരിക്കുന്നു.
79. ലോകരുടെ ആത്മാക്കളെ പിടികൂടാൻ ഏൽപിക്കപ്പെട്ട മലക്കുൽ മൌത്തിൽ നാം വിശ്വസിക്കുന്നു.
80. ഖബർ ശിക്ഷക്ക് വിധേയമാക്കപ്പെട്ടവർക്ക് അതുണ്ടാവുമെന്നു നാം വിശ്വസിക്കുന്നു. മുൻകറും നകീറും ഖബറിൽ വെച്ച് മരണപ്പെട്ട വ്യക്തിയോട് അവന്റെ ദീനിനെക്കുറിച്ചും റബ്ബിനെക്കുറിച്ചും നബിയെക്കുറിച്ചും ചോദിക്കും. ഇക്കാര്യം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്നും സ്വഹാബത്തിൽ നിന്നും വന്നിട്ടുണ്ട്.
81. ഖബർ (ചിലർക്ക്) സ്വർഗത്തിൽ നിന്നുള്ള ഒരു പൂന്തോപ്പാണെങ്കിൽ, (വേറെ ചിലർക്ക്)നരകത്തിൽ നിന്നുള്ള ഒരു തീക്കുണ്ടമായിരിക്കും.
82. പുനരുദ്ധാന നാളിലും, അന്ത്യനാളിൽ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകപ്പെടുമെന്നതിലും (ജനങ്ങളെ ഒരുമിച്ചു കൂട്ടുന്ന) വേദിയിലും, വിചാരണയിലും ഗ്രന്ഥ പാരായണത്തിലും, പ്രതിഫലത്തിലും, ശിക്ഷയിലും സ്വിറാത്വിലും(പാലം) മീസാനിലും (തുലാസ്) ഞങ്ങൾ വിശ്വസിക്കുന്നു.
83. സ്വർഗ്ഗവും നരകവും സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അവ ഒരിക്കലും നശിച്ചു പോകുന്നതോ നാമാവശേഷമാകുന്നതോ അല്ല. നിശ്ചയമായും, സൃഷ്ടികളെ സൃഷ്ടിക്കുന്നതിനു മുമ്പ് അള്ളാഹു സ്വർഗ്ഗവും നരകവും അതിനു അവകാശികളെയും സൃഷ്ടിച്ചിരിക്കുന്നു. ആരെയെങ്കിലും അള്ളാഹു സ്വർഗാവകാശിയാക്കിയിട്ടുണ്ടെങ്കിൽ അത് അവന്റെ (അള്ളാഹുവിന്റെ) ഔദാര്യം കൊണ്ടും, ആരെയെങ്കിലും അള്ളാഹു നരകാവകാശിയാക്കിയിട്ടുണ്ടെങ്കിൽ അത് അവന്റെ (അള്ളാഹുവിന്റെ) നീതി കൊണ്ടുമാണ്. എല്ലാവരും അമലു ചെയ്യുന്നത്, ഏതൊന്നാണോ അവനു നിശ്ചയിച്ചത്, അത് പൂർത്തിയാക്കാൻ വേണ്ടിയാണ്. ഏതൊന്നിന് വേണ്ടിയാണോ അവൻ സൃഷ്ടിക്കപ്പെട്ടത്‌, അതിലേക്കു അവൻ എത്തിച്ചേരും.
84. അടിമകൾക്ക് നന്മയും തിന്മയും കണക്കാക്കപ്പെട്ടതാണ്.
85. പ്രവർത്തനങ്ങൾ അനിവാര്യമാക്കുന്ന മനുഷ്യ കഴിവുകൾ, സൃഷ്ടികളെക്കുറിച്ച് വിശേഷിപ്പിക്കപ്പെടാൻ പറ്റാത്ത രൂപത്തിലുള്ള തൗഫീഖ് പോലെയുള്ളവ പ്രവർത്തനത്തോടൊപ്പം തന്നെയുണ്ടാവും. എന്നാൽ, ആരോഗ്യം, സൗകര്യം, സാധ്യത, തുടങ്ങിയവ പ്രവർത്തനത്തിന്റെ മുമ്പ് തന്നെയുണ്ടാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ടാണ് അള്ളാഹുവിന്റെ കൽപന " അള്ളാഹു ഒരാളോടും അയാളുടെ കഴിവിൽ പെടാത്തത് ചെയ്യാൻ നിർബന്ധിക്കുന്നില്ല.(അൽ ബഖറ- 286) എന്നാണ്. 
86. മനുഷ്യന്റെ പ്രവർത്തനങ്ങൾ അള്ളാഹുവിന്റെ സൃഷ്ടിയാണ്. അതുപോലെ മനുഷ്യൻ സമ്പാദിക്കുന്നതുമാണ്.
87. അവർക്ക് (മനുഷ്യർക്ക്‌) ചെയ്യാൻ കഴിയുന്നതല്ലാതെ അള്ളാഹു അവരുടെ മേൽ അടിച്ചേൽപ്പിച്ചിട്ടില്ല. അള്ളാഹു കൽപിച്ച കാര്യങ്ങൾ അവന്റെ തൗഫീഖ് കൊണ്ട് മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ.അതാണ്‌ " ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാ" എന്നതിന്റെ വിശദീകരണം. അള്ളാഹുവിന്നു ധിക്കാരമായി ഭവിക്കുന്ന കാര്യങ്ങളെ തടുക്കാൻ അവന്റെ സഹായം കൊണ്ടല്ലാതെ ഒരാൾക്കും സാധ്യമല്ല. അള്ളാഹുവിനു വഴിപ്പെടാനും അതിൽ ഉറച്ചു നിൽക്കാനും അള്ളാഹുവിന്റെ തൗഫീഖ് കൊണ്ടല്ലാതെ ആർക്കും സാധ്യമല്ല.
88. എല്ലാ കാര്യങ്ങളും നടക്കുന്നത് അള്ളാഹുവിന്റെ മശീഅത്തും(ഉദ്ദേശം)അവന്റെ വിധിയും അവന്റെ അറിവും അനുസരിച്ചാണ്. എല്ലാ ഉദ്ദേശങ്ങളെയും അവന്റെ ഉദ്ദേശം മറികടക്കുന്നു. അവന്റെ വിധി എല്ലാ തടസ്സങ്ങളെയും അതിജയിക്കുന്നു. അവൻ ഉദ്ദേശിച്ചതെന്തോ അതവൻ ചെയ്യുന്നു. അവൻ ഒരിക്കലും അതിക്രമം ചെയ്യുന്നവനല്ല. " അവൻ ചെയ്യുന്നതിനെക്കുറിച്ചു ചോദ്യം ചെയ്യപ്പെടുകയില്ല. എന്നാൽ അവർ ചോദ്യം ചെയ്യപ്പെടുന്നതാണ്" – (അമ്പിയാഉ-23)
89. ജീവിച്ചിരിക്കുന്നവരുടെ പ്രാർഥനയും സദഖയും മൂലം മരണപ്പെട്ടവർക്ക് ഗുണം ലഭിക്കുന്നതാണ്.
90. അള്ളാഹുവാണ് പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നതും ആവശ്യങ്ങൾ നിറവേറ്റിത്തരുന്നതും.
91. അവൻ (അള്ളാഹു) എല്ലാറ്റിനെയും ഉടമപ്പെടുത്തുന്നു, അവനെ യാതൊന്നും ഉടമപ്പെടുത്തുന്നില്ല. കണ്ണിമ വെട്ടുന്ന നേരം പോലും ഒരാളും അള്ളാഹുവിൽ നിന്ന് ധന്യനാവുന്നില്ല. ആരെങ്കിലും കണ്ണിമ വെട്ടുന്ന നേരം പോലും അള്ളാഹുവിൽ നിന്ന് ധന്യനാണെന്ന് കരുതിയാൽ അവൻ കാഫിറായിത്തീരുകയും നാശകാരിൽ അകപ്പെടുകയും ചെയ്തു.
92. അള്ളാഹു കോപിക്കുകയും തൃപ്തി കാണിക്കുകയും ചെയ്യുന്നു. എന്നാൽ അവ മനുഷ്യരുടേതു പോലെയല്ല.
93. നാം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സ്വഹാബത്തിനെ സ്നേഹിക്കുന്നു. എന്നാൽ അവരോടുള്ള സ്നേഹത്തിൽ നാം അതിരു വിടുകയോ, അവരിൽ ആരെയെങ്കിലും വിട്ടൊഴിവാവുകയോ ചെയ്യുന്നില്ല.
അവരോടു (സ്വഹാബത്തിനോട്) വെറുപ്പ്‌ പ്രകടിപ്പിക്കുന്നവരേയും അവരെക്കുറിച്ച് ദൂഷ്യം പറയുന്നവരെയും നാം വെറുക്കുന്നു. അവരെക്കുറിച്ച് നാം നല്ലതല്ലാതെ പറയില്ല. അവരെ സ്നേഹിക്കൽ ദീനും ഈമാനും ഇഹ്സാനുമാണ്. അവരെ വെറുക്കൽ കുഫ് റും, കാപട്യവും അതിക്രമവുമാണ്.
94. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് ശേഷം ഖിലാഫത്ത് ഒന്നാമതായി അബൂബക്കർ റദിയള്ളാഹു അൻഹുവിനും ഉമ്മത്തിലെ മുഴുവൻ ആളുകളെക്കാളും മുൻഗണനയും ശ്രേഷ്ഠതയും നൽകി നാം സ്ഥിരപ്പെടുത്തുന്നു. പിന്നീട് ഉമറുൽ ഖത്താബ് റദിയള്ളാഹു അൻഹുവിനും, അതിനു ശേഷം ഉഥ്മാൻ റദിയള്ളാഹു അൻഹുവിനും, പിന്നീട് അലിയ്യു ഇബ്നു അബീ ത്വാലിബ് റദിയള്ളാഹു അൻഹുവിനും (ഖിലാഫത്ത് സ്ഥിരപ്പെടുത്തുന്നു). അവർ സന്മാർഗചാരികൾക്ക് ഇമാമുമാരും ഖുലഫാഉറാശിദയുമാണ്‌.
95. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം, സ്വർഗാവകാശികളെന്നു (ജീവിച്ചിരിക്കെതന്നെ) സന്തോഷവാർത്തയറിയിച്ച പത്തു പേർ, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സാക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ സ്വർഗാവകാശികളെന്നു നമ്മളും സാക്ഷ്യപ്പെടുത്തുന്നു. അവർ , അബൂബക്കർ, ഉമർ, ഉഥ്മാൻ, അലി, ത്വൽഹ, സുബൈർ, സഅദ്, സഈദ്, അബ്ദുറഹ്മാൻ ഇബ്നു ഔഫ്‌, ഈ ഉമ്മത്തിലെ രഹസ്യ സൂക്ഷിപ്പുകാരൻ അബൂ ഉബൈദ ഇബ്ൻ അൽ ജറാഹു - റദിയള്ളാഹു അൻഹും അജ്മഈൻ- എന്നിവരാണ്.
96. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സ്വഹാബത്തിനെക്കുറിച്ചും, എല്ലാ മ്ലേച്ചതകളിൽ നിന്നും മുക്തരായ അവിടത്തെ വിശുദ്ധ പത്നിമാരെക്കുറിച്ചും, പവിത്രരായ സന്താന പരമ്പരയെക്കുറിച്ചും നല്ലത് പറഞ്ഞവൻ കാപട്യത്തിൽ നിന്ന് മോചിതനായി.
97. സലഫുകളായ (സ്വഹാബികളിൽ പെട്ട) ഉലമാക്കളെയും അവർക്ക് ശേഷം വന്ന നന്മയുടെയും അറിവിന്റെയും ആളുകളായ താബിഉകളേയും നല്ലതല്ലാത്തത് പറയാൻ പാടില്ല.ആരെങ്കിലും അവരെക്കുറിച്ച് മോശം പറഞ്ഞാൽ അവൻ യഥാർത്ഥ വഴിയിൽ നിന്ന് വ്യതിചലിച്ചവനായി.
98. അമ്പിയാക്കളെക്കാൾ പ്രാധാന്യം നാം ഔലിയാക്കൾക്ക് നൽകുന്നില്ല. ഒരു നബി തന്നെ മുഴുവൻ ഔലിയാക്കളെക്കാൾ ശ്രേഷ്ഠൻ ആണെന്നാണ്‌ നാം പറയുന്നത്.
99. അവരിൽ നിന്ന് ഉണ്ടായിട്ടുള്ള കറാമത്തുകളിലും, വിശ്വസ്ഥരിൽ നിന്ന് സ്വഹീഹ് ആയി വന്ന രിവായതുകളിലും നാം വിശ്വസിക്കുന്നു.
100. ആകാശത്ത് നിന്ന് ഈസാ നബി അലൈഹി സലാമയുടെ ഇറക്കം, ദജ്ജാലിന്റെ പുറപ്പെടൽ, പടിഞ്ഞാറ് നിന്നുള്ള സൂര്യോദയം, ഭൂജീവിയുടെ പുറപ്പെടൽ തുടങ്ങിയ അന്ത്യനാളിന്റെ അടയാളങ്ങളിൽ നാം വിശ്വസിക്കുന്നു.
101. ഖുർആനിനും സുന്നത്തിനും ഉമ്മത്തിന്റെ ഇജ്മാഇനും വിരുദ്ധമായ കാര്യങ്ങൾ അവകാശപ്പെടുന്നവനേയും ജോൽസ്യനെയും കൈനോട്ടക്കാരനേയുമൊന്നും നാം വിശ്വസിക്കുന്നില്ല.
102. "അൽ ജമാഅ " (സുന്നത്തിന്റെ മേലുള്ള ഐക്യം) സത്യവും ശെരിയുമാണെന്നും " അൽ ഫുർഖ" (സുന്നത്തിൽ നിന്ന് വിട്ടു മാറി ബിദ് അത്തിൽ ഉള്ള ഭിന്നിപ്പ്) വഴികേടും ശിക്ഷയുമാണെന്നും (നാം വിശ്വസിക്കുന്നു).
103. ആകാശഭൂമികളിൽ അള്ളാഹുവിന്റെ ദീൻ ഒന്ന് തന്നെയാണ്. അത് ഇസ്‌ലാം മതമാണ്‌. അള്ളാഹു പറയുന്നു."നിശ്ചയമായും അള്ളാഹുവിങ്കൽ (സ്വീകാര്യമായ) മതം ഇസ്‌ലാമാകുന്നു." (ആലു ഇംറാൻ-19), അള്ളാഹു പറയുന്നു. " ഇസ്‌ലാമിനെ നാം നിങ്ങൾക്ക് ദീൻ ആയി തൃപ്തിപ്പെട്ടു തന്നിരിക്കുന്നു." – (മാഇദ -3)
104. അത്, "ഗുലുവ്വ്" (കൽപിച്ച പരിധി വിടൽ) "തഖ് സ്വീർ" (ആവശ്യത്തിൽ കുറവ് വരുത്തൽ) "തശ്ബീഹു" (സാദൃശ്യപ്പെടുത്തൽ) "തഅത്വീൽ" (വിശേഷണങ്ങൾ ദുർബലപ്പെടുത്തൽ) "ജബരിയ്യത്" (മനുഷ്യന് പ്രവർത്തന സ്വാതന്ത്ര്യമില്ല എന്ന വാദം) "ഖദരിയ്യത്" (മനുഷ്യ പ്രവർത്തനങ്ങൾ അള്ളാഹു നേരത്തെ കണക്കാക്കിയതല്ല) "അംനു" (അള്ളാഹുവിന്റെ ശിക്ഷയിൽ നിന്നുള്ള നിർഭയത്വം) "ഇയാസ്" (അള്ളാഹുവിന്റെ റഹ് മത്തിനെക്കുറിച്ചുള്ള നിരാശ) തുടങ്ങിയവയ്ക്ക് മദ്ധ്യേയാണ്.
105. ഇതാണ് പ്രത്യക്ഷമായും പരോക്ഷമായും നമ്മുടെ ദീനും അഖീദയും. ഇപ്പറഞ്ഞ കാര്യങ്ങളിൽ നിന്നും മുകളിൽ വിശദീകരിച്ചവയിൽ നിന്നും വൈരുദ്ധ്യം പുലർത്തുന്നവരിൽ നിന്ന് നാം അള്ളാഹുവിലേക്ക് വിട്ടൊഴിവായിട്ടുണ്ട്.
ഈമാനിൽ ഉറപ്പിച്ചു നിർത്താനും, അതിൽ നമ്മുടെ പര്യവസാനം കുറിക്കാനും നാം അള്ളാഹുവിനോട് തേടുന്നു. മുശബ്ബിഹ, മുഅതസില, ഖദരിയ്യ, ജഹമിയ്യ, ജബരിയ്യ, തുടങ്ങിയ വിത്യസ്ഥങ്ങളായ ചിന്താധാരകളിൽ നിന്നും വിവിധ ഹവകളിൽ നിന്നും അവൻ നമ്മെ കാത്തു രക്ഷിക്കട്ടെ. അഹ് ലുസ്സുന്നത്തിനു വിരുദ്ധമായ ആശയങ്ങൾ സ്വീകരിച്ചവരോടും, വഴികേടിനോട് സന്ധി ചെയ്തവരോടും നാം വിട്ടൊഴിവായിട്ടുണ്ട്. അത്തരക്കാരെ നാം പിഴച്ചവരായിട്ടാണ് കാണുന്നത്. അള്ളാഹുവിൽ നിന്നാണ് തൗഫീഖും കാവലും.
(ഒരു സുഹൃത്തിന്റെ സ്നേഹപൂർവ്വ നിർബന്ധമാണ് ഈ ഉദ്ധ്യമത്തിന് എന്നെ പ്രേരിപ്പിച്ചത്. അറബിഭാഷയുടെ സങ്കീർണതയും, മലയാള ഭാഷയുടെ പരിമിതികളും വിഷയത്തിന്റെ കാഠിന്യവും പദാനുപദ വിവർത്തനത്തിനു കടുത്ത വെല്ലുവിളി സൃഷ്ടിച്ചുവെങ്കിലും, അള്ളാഹുവിന്റെ അനുഗ്രഹത്താൽ ആശയം ചോർന്നുപോകാതെ ഇരുഭാഷയോടും പരമാവധി നീതി പുലർത്തിക്കൊണ്ട് ഇത് പൂർത്തീകരിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്).
ഈ ഗ്രന്ഥത്തിന്റെ വിശതീകരണത്തിനു സുബൈർ മൌലവിയുടെ അഖീദ ത്വഹാവിയ്യയുടെ ദർസ് അവലംബിക്കാവുന്നതാണ്‌
الحمد لله رب العالمين
ബശീർ - പുത്തൂർ

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.