Saturday, April 11, 2020

കൊറോണ കാല കാഴ്ചകൾ - 5

പരീക്ഷണ ഘട്ടങ്ങൾ സത്യവിശ്വാസിക്ക് പ്രതിഫലാർഹമായ സാഹചര്യങ്ങൾ പ്രദാനം ചെയ്യുന്നു. ഏത് നിലക്കുള്ള പരീക്ഷണങ്ങളിലും വിധിയെ പഴിക്കാതെയും കുറ്റപ്പെടുത്താതെയും പൂർണ്ണമായ തൃപ്തിയും സഹനവും അത്യന്താപേക്ഷിതമാണ്. ഇവിടെയാണ് ഭൗതികപ്രമത്തരായ ആളുകളും സത്യവിശ്വാസിയും വഴിപിരിയുന്നത്‌. പരീക്ഷണഘട്ടങ്ങളിൽ പിരിമുറുക്കമുണ്ടാവുക സ്വാഭാവികമാണ്. എന്നാൽ അതിനെ വിധിയിലുള്ള വിശ്വാസം കൊണ്ടു ക്ഷമയോടെ നേരിടുമ്പോൾ ആ പിരിമുറുക്കത്തിന്റെ തീഷ്ണത ലഘൂകരിക്കപ്പെടുന്നു. #ഇത് #ഒരു #സത്യവിശ്വാസിയിലല്ലാതെ #സമ്മേളിക്കുകയില്ല ! എന്ന്‌ മാത്രമല്ല അപ്പോൾ മാത്രമേ ആ പ്രയാസഘട്ടം അവന് അനുഗ്രഹവും പ്രതിഫലാർഹവുമായിത്തീരുകയുള്ളു! ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഹദീസിൽ " വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടെയും" എന്ന് പ്രത്യേകമായി പറയുന്നതായി കാണാം. റമദാൻ വ്രതവും റമദാനിലെ രാത്രി നമസ്കാരവും പോലെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രമേ ഹദീസിൽ ഈ രണ്ടു പദങ്ങളും ഒരുമിച്ചു വന്നതായി ഉള്ളൂ ! അതിനാൽ തന്നെ പ്രതിഫലേച്ഛയോടെ ക്ഷമിക്കുകയെന്നത് അത്ര നിസാര കാര്യമല്ലെന്ന് നമുക്ക് മനസ്സിലാക്കാം. അത് കൊണ്ട് തന്നെയാണ് അവർക്ക് ശഹീദിന്‌ തുല്യമായ പ്രതിഫലം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം വാഗ്ദാനം ചെയ്തത്. പറഞ്ഞു വരുന്നത് ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്ന പ്രയാസകരമായ രോഗഭീതിയിൽ നാം സ്വീകരിക്കേണ്ട നിലപാട് എന്തെന്നതിനെക്കുറിച്ചാണ്. ഒന്നാമതായി അള്ളാഹുവിനെക്കുറിച്ചും അവന്റെ വിധികളെക്കുറിച്ചും നമ്മുടെ വിശ്വാസം രൂഢമൂലമാക്കുകയും ക്ഷമ അവലംബിച്ചു കൊണ്ട്, പ്രയാസഘട്ടങ്ങളെ നേരിടുകയും അതിനോട് മാനസികമായ തൃപ്തിയും സഹനവും കൈക്കൊള്ളുകയും ചെയ്യുകയെന്നുള്ളതാണ്. എത്ര നിസാരമായ സാഹചര്യമായാലും അള്ളാഹുവിൽ നിന്ന് പ്രതിഫലം പ്രതീക്ഷിച്ചു കൊണ്ട് നിരാശരാവാതെ പിടിച്ചു നിൽക്കാൻ സ്വയം സന്നദ്ധരാവേണ്ടതുണ്ട്. അത് പോലെ കണ്ടതും കേട്ടതുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാതിരിക്കുകയും പൊതുവായ സമാധാനാന്തരീക്ഷം കാത്തു സൂക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. അതേ സമയം ഒഴിവു വേളകൾ ഖുർആൻ പഠനത്തിനും അതിന്റെ ആശയം ഉൾക്കൊള്ളുന്നതിനും നീക്കി വെക്കുകയൂം നമസ്കാരത്തിന് ശേഷവും രാവിലെയും വൈകിട്ടും ചൊല്ലേണ്ട ദിക്ർ ദുആകളും വിട്ടു പോകാതെ ചൊല്ലുകയും ചെയ്യുക. ഇങ്ങിനെയൊക്ക ജീവിതത്തിൽ മാറ്റം വരുത്തി നോക്കൂ ! ഉന്മേഷവും മാനസികോല്ലാസവും അപ്പോൾ തിരിച്ചുവരുന്നതായി നിങ്ങൾക്കനുഭവപ്പെടും ! "മുഉമിനിന്റെ കാര്യം ആശ്ചര്യകരം തന്നെ" യെന്ന അവസ്ഥ അപ്പോൾ സംജാതമാകും ! ഭീതിയൊഴിയാതെ വെപ്രാളപ്പെടുന്ന കാഫിറിന്റെ മനോനില ഒരിക്കലും സത്യവിശ്വാസിക്കുണ്ടാവില്ല ! പരീക്ഷണങ്ങളിൽ നിന്ന് നാം പഠിക്കേണ്ട വലിയ പാഠമാണിതെല്ലാം.


#മുസാഫിർ

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.