Tuesday, February 27, 2018

ദീൻ നഷ്ട്ടപ്പെടുന്നത്

അബ്ദുള്ള ബിൻ ദൈലമി റഹിമഹുള്ളയിൽ നിന്ന് ;

അദ്ദേഹം പറഞ്ഞു: ദീൻ നഷ്ട്ടപ്പെടുന്നതിൽ ആദ്യം ഉപേക്ഷിക്കപ്പെടുന്നതു സുന്നത്തായിരിക്കുമെന്നു എനിക്ക് വിവരം കിട്ടിയിട്ടുണ്ട്. സുന്നത്തു ഓരോന്നോരോന്നായി പോയിക്കൊണ്ടിരിക്കും. കയറിന്റെ ഓരോ ഇഴയും അഴിഞ്ഞു പോകുന്ന പോലെ


وجوب اتّباع السّنّة

 عَنْ عَبْدِ اللَّهِ بْنِ الدَّيْلَمِيِّ، رَحِمَهُ اللهُ تَعَالَى، قَالَ:

"بَلَغَنِي أَنَّ أَوَّلَ ذَهَابِ الدِّينِ تَرْكُ السُّنَّةِ، يَذْهَبُ الدِّينُ سُنَّةً سُنَّةً، كَمَا يَذْهَبُ الْحَبْلُ قُوَّةً قُوَّةً".


 [رواهُ الدّارميّ: (٢٣٠/١، ٩٨)، "بَابُ اتِّبَاعِ السُّنَّةِ"، وصحّح إسناده محقّقه]

സലഫുകളുടെ മാർഗം - സലഫീ ദഅവത്തിന്റെ ആധാരം - 3

ഒരാൾ സലഫിയ്യത്തു അവകാശപ്പെടുകയെന്നത് പ്രശംസനാർഹവും പ്രാധാന്യമർഹിക്കുന്നതുമായ നിലപാടാണ്. കാരണം, നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ സ്വഹാബത്തിന്റെ മാർഗ്ഗമാണ് ഏറ്റവും ശെരിയായതും കുറ്റമറ്റതുമായ മാർഗം. അത് പുൽകാൻ ഒരാൾ മനസ്സ് കൊണ്ടെങ്കിലും ആഗ്രഹിക്കുകയും പ്രയത്നിക്കുകയും അതിനോട് ഹുബ്ബ്‌ കാണിക്കുകയും ചെയ്യുകയെന്നത് തീർത്തും അനുകരണീയമായ കാര്യമാണ്. എന്നാൽ, ഈ നിലപാട് കേവലം വാക്കുകളിലൊതുങ്ങുകയും പ്രായോഗിക തലത്തിൽ സലഫിയ്യത്തിന്റെ താൽപര്യത്തിന് ക്ഷതമേൽപ്പിക്കുന്ന നിലപാടുകൾ അറിഞ്ഞു കൊണ്ട് സ്വീകരിക്കുകയും ചെയ്യുമ്പോൾ ഗതി മാറുകയായി.
സലഫിയ്യത്തിന്റെ പരക്കെ അംഗീകരിക്കപ്പെട്ട ഉസൂലുകൾ നന്നായി അറിയാവുന്ന പല ആളുകളുമുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളിൽ അവരിൽ നിന്ന് അത് പുറത്തു വരാറുമുണ്ട്. എന്നാൽ, പലപ്പോഴും അത് തുറന്നു പറയുന്നതിൽ നിന്നും, അതിന്റെ കൂടെ നിൽക്കുന്നതിൽ നിന്നും അവരെ തടഞ്ഞു നിർത്തുന്നത് അവർ നിലനിൽക്കുകയും പ്രവർത്തിക്കുകയും ഇടപെടുകയും ചെയ്യുന്ന സംഘടനകളാണ് എന്നറിയുമ്പോൾ ഒരുവേള നാം അതിശയിച്ചു പോകും. അറിയുകയും മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്ത സത്യം തുറന്നു പറഞ്ഞാൽ ഉണ്ടാവാൻ പോകുന്ന നഷ്ടം അവരെ അലോസരപ്പെടുത്തും. സംഘടനയിൽ അന്യവൽക്കരിക്കപ്പെടുകയും സമൂഹത്തിൽ ഒറ്റപ്പെടുകയും സ്ഥാനമാനങ്ങൾ നഷ്ടപ്പെടുകയും ചെയ്യുമ്പോഴുള്ള വ്യഥ അവനെ വേട്ടയാടും. ശിഷ്ട കാലം നായ തൊട്ട കലം പോലെ, ജീവിച്ചു തീർക്കുന്ന കാര്യം ഓർക്കുമ്പോൾ, സലഫിയ്യത്ത് തൽക്കാലം മറച്ചു വെക്കാനും ഒന്നുമറിയാത്ത പോലെ മാവിലായിക്കാരനായി വേഷം കെട്ടാനും നിർബന്ധിക്കപ്പെടുന്നു.
ചെറിയ ശതമാനം ആണെങ്കിൽ പോലും അത്തരം ആളുകളും ഇക്കൂട്ടത്തിലുണ്ട് എന്ന വസ്തുത വിസ്മരിക്കാൻ കഴിയില്ല. പക്ഷെ, മൃഗീയ ഭൂരിപക്ഷവും സംഘടന വളർത്താനും താൻപോരിമ കാണിക്കാനും മേൽവിലാസം സ്ഥാപിക്കാനും വലിയ ആദർശത്തിന്റെ വക്താക്കളായി നിറഞ്ഞാടാനും മാത്രം ലക്ഷ്യം വെക്കുന്നവരാണ്. അവരെ സംബന്ധിച്ചേടത്തോളം ഐക്യവും, പിളർപ്പും, ആദർശവുമെല്ലാം ഓരോ അവസ്ഥകൾ മാത്രമാണ്. അംഗത്വം എടുത്ത സംഘടന ഏതാണോ അതിനു വേണ്ടി വാദിക്കുകയും ന്യായീകരിക്കുകയും ചെയ്തു കൊണ്ടേയിരിക്കും. കാറ്റത്തെ ഇല പോലെ ഏതു ദിശയിലേക്കാണോ കൂടുതൽ കാറ്റുള്ളത് അങ്ങോട്ട് ആടിക്കൊണ്ടിരിക്കും. വാസ്തവത്തിൽ ഇവരാണ് സംഘടനയുടെ യഥാർത്ഥ മുതൽക്കൂട്ട്.
അവരെ സംബന്ധിച്ചേടത്തോളം, ആദർശവും, നേരും, ഇസ്‌ലാം ദീനും ഒക്കെ അവരുടെ സംഘടന മാത്രം. അതിന്റെ അപ്പുറത്തു സുന്നത്തിന്റെയോ, സലഫുകളുടെ മാർഗത്തിന്റെയോ ഒരു വെളിച്ചം അവരിലേക്ക്‌ എത്തില്ല.

സലഫുകളുടെ മാർഗം - സലഫീ ദഅവത്തിന്റെ ആധാരം - 2

സലഫുകൾ, അഥവാ സ്വഹാബത്ത് ആണ് മുസ്ലിംകൾക്ക് മാതൃക. കാരണം അവരാണ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നേരിട്ട് ദീൻ പഠിച്ചവർ. അവരാണ് ഇസ്‌ലാം ദീനിന്റെ സത്യസന്ധരും നീതിമാന്മാരുമായ വാഹകർ.
ഇസ്‌ലാം മതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സ്വഹാബികളുടെ ഒരു കയ്യൊപ്പ് അനിവാര്യമാണ്. അവർ മനസ്സിലാക്കുകയോ ഉൾക്കൊള്ളുകയോ പ്രയോഗവൽക്കരിക്കുകയോ ചെയ്യാത്ത ഒരു കാര്യവും അവർക്കു ശേഷം വന്നവർക്കായി ഇല്ല. ഖുർആനിലെ ആയത്തുകളെയും ഹദീസിന്റെ നസ്വിനെയും അവർ എങ്ങിനെ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്തോ അതാണ് ദീൻ. അത് മാത്രമാണ് ദീൻ.
ഈയൊരു നിബന്ധന അംഗീകരിക്കുകയും അതിന്റെ താൽപര്യം പൂർണ്ണാർത്ഥത്തിൽ ഉൾക്കൊള്ളുകയും ചെയ്യുമ്പോൾ മാത്രമേ ഒരാൾ 'സലഫി' എന്ന വിശേഷണത്തിന് അർഹനാവുന്നുള്ളൂ. ഖുർആനും സുന്നത്തും പ്രമാണമായി അംഗീകരിക്കുകയും അത് മനസ്സിലാക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്യുന്നതിൽ സലഫുകളെ, അഥവാ സ്വഹാബത്തിന്റെ ധാരണയെ മാതൃകയാക്കുകയും ചെയ്യുന്നുവെന്നവകാശപ്പെടുന്നവർ, ഈ മാനദണ്ഡം പാലിച്ചേ പറ്റൂ. ചില കാര്യങ്ങളിൽ സലഫിന്റെ ധാരണ സ്വീകരിക്കുകയും വേറെ ചില കാര്യങ്ങളിൽ നാട്ടു നടപ്പും, ശാസ്ത്രവും, സ്വന്തം ബുദ്ധിയും, യുക്തിയും, സാഹചര്യങ്ങളും ഒക്കെയാണ് സ്വീകരിക്കുന്നതെങ്കിൽ സലഫിയ്യത്തു വെറും അവകാശവാദം മാത്രമായി ചുരുങ്ങും. ഇനി, ഇന്ന് ഇസ്‌ലാമിക പ്രബോധന രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സംഘടനകളെ ഈ മാനദണ്ഡം വെച്ച് ഒന്ന് വിലയിരുത്തി നോക്കൂ.
കേരള നദ് വത്തുൽ മുജാഹിദീന്റെ എല്ലാ വിഭാഗങ്ങളും, ജമാഅത്തെ ഇസ്‌ലാമിയും, തബ്‌ലീഗ് ജമാഅത്തും അടക്കം മത നവോദ്ധാനം അവകാശപ്പെടുന്നവരും അല്ലാത്തവരുമായ എല്ലാ മത സംഘടനകളും അവരവരുടെ സങ്കുചിത താൽപര്യങ്ങൾ സംരക്ഷിക്കാൻ കഷ്ടപ്പെടുന്നവരാണ് എന്നല്ലാതെ, അള്ളാഹുവിന്റെ ദീൻ, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പഠിപ്പിക്കുകയും, സ്വഹാബത്ത് പിന്തുടരുകയും ചെയ്ത പോലെ സ്വീകരിക്കാനും ഉൾക്കൊള്ളാനും പ്രയോഗവൽക്കരിക്കാനും പ്രബോധനം ചെയ്യാനും അദ്ധ്വാനിക്കുന്നവരോ അതിൽ ജാഗ്രത പുലർത്തുന്നവരോ അല്ല. ഞാനിതു വെറുതെ പറയുന്നതല്ല. ഇക്കൂട്ടത്തിൽ ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചാണ് സ്വീകരിക്കേണ്ടത് എന്ന് അവകാശപ്പെടുന്ന നദ് വത്തുൽ മുജാഹിദീന്റെ നവോദ്ധാനം ഇന്ന് എത്തി നിൽക്കുന്നത് എവിടെയാണ്? പ്രവാചകന്മാരുടെ പ്രബോധനത്തിൽ ഏറ്റവും മുന്തിയ പരിഗണന തൗഹീദിനായിരുന്നു എന്ന വസ്തുത അറിയാത്തവരായി ആരുമില്ല. ഇമാം അഹ്‌മദ്‌ റഹിമഹുള്ളാ തൊട്ടു ശൈഖ് നാസിറുദ്ധീൻ അൽബാനി റഹിമഹുള്ളാ വരെയുള്ള, വിത്യസ്ത ഭൂപ്രദേശങ്ങളിൽ, വിഭിന്നമായ രാഷ്ട്രീയവും സാമൂഹികവുമായ ചുറ്റുപാടുകളിൽ ജീവിച്ച അഹ്‌ലുസ്സുന്നത്തിന്റെ ഉലമാക്കൾ. അവരിൽ ഇമാം അഹ്‌മദിനെപ്പോലെ ക്രൂരമായ പീഡനത്തിന് ഇരയായവർ, ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ളയെപ്പോലെ ജയിൽവാസമനുഭവിക്കുകയും ജയിലിൽ വെച്ച് വഫാത്താവുകയും ചെയ്തവർ, ഇബ്നുൽ ഖയ്യിം റഹിമഹുള്ളയെപ്പോലെ ജയിലിൽവാസമനുഭവിച്ചവർ, തുടങ്ങി അതി ഭീകരമായ പരീക്ഷണങ്ങൾക്കു വിധേയരായവർ ഒരുപാടുണ്ട്. എന്നിട്ടും, എന്നിട്ടും, അവരാരും "പുതിയ സാമൂഹിക സാഹചര്യത്തിന്റെ" സമ്മർദ്ദത്തിന് വഴങ്ങി " മാറ്റത്തിന്" തയ്യാറാവുകയോ ദഅവത്തിന്റെ അജണ്ടയിലും മുൻഗണനാ ക്രമത്തിലും വെള്ളം ചേർക്കുകയോ ചെയ്തില്ല. കാരണം, അവർ ഈ ദീനിന്റെ സത്യസന്ധരായ വാഹകരായിരുന്നു. അവർക്കു രാഷ്ട്രീയ പാർട്ടികളെ തൃപ്തിപ്പെടുത്താനും അവരുടെ വാലാട്ടികളായ ഭിക്ഷാംദേഹികൾക്കു മുമ്പിൽ മുട്ടുമടക്കാനും പറ്റുമായിരുന്നില്ല. കാരണം അവർ സലഫീ മൻഹജിന്റെ ഉത്തമരായ സാക്ഷികളായിരുന്നു. പ്രമാണങ്ങളിൽ ഒരു കാര്യം സ്ഥിരപ്പെട്ടു വന്നാൽ, അതിന്റെ മുമ്പിൽ 'തല ചൊറിഞ്ഞു' മിഴിച്ചു നിൽക്കാതെ അക്ഷരാർത്ഥത്തിൽ അത് പിന്തുടരാൻ അവർ മാനസികമായി സന്നദ്ധരും സമർപ്പിതരുമായിരുന്നു. ഇവിടെയാണ് മതസംഘടനകൾ തോറ്റുപോകുന്നത്. സലഫി മൻഹജ്‌ അവകാശപ്പെട്ടതല്ലാതെ അത് ശെരിയായ നിലക്ക് മനസ്സിലാക്കുകയോ ഉൾക്കൊള്ളുകയോ ചെയ്യുന്നതിൽ അവർ പരാജയപ്പെട്ടു. മതത്തിന്റെ അരുകും രാഷ്ട്രീയത്തിന്റെ അതിരും അവരിൽ നിന്ന് മാഞ്ഞു പോയി. രാഷ്ട്രീയ ഇസ്‌ലാമിന് വഴി വെട്ടി വിയർത്ത ജമാഅത്തെ ഇസ്‌ലാമിയെ ഗുണദോഷിക്കുകയും ആക്ഷേപിക്കുകയും നബിയുടെ പ്രബോധന മാർഗവും മുൻഗണനാക്രമവും അതല്ലെന്നു തിരുത്തുകയും ചെയ്ത നവോദ്ധാനക്കാർ, അവരിൽ നിന്ന് തൂമ്പ പിടിച്ചു വാങ്ങി രാഷ്ട്രീയ ഇസ്‌ലാമിന് പാലം പണിയുകയാണ്. പതിനാലു കൊല്ലം പരസ്പരം പൊരുതാനും കൊമ്പ് കോർക്കാനും പറഞ്ഞ ന്യായം പ്രബോധനത്തിന്റെ മുൻഗണനാ ക്രമവും സലഫി മൻഹജുമായിരുന്നു. ഇപ്പോൾ ഇരു കൂട്ടരും ഒന്നായി നാടോടുമ്പോൾ നടുകേ ഓടുക എന്ന് പറഞ്ഞ പോലെ, എന്തിനോ വേണ്ടി പണിയെടുക്കുന്നു.
സത്യത്തിനോട് കൂറുള്ള, മരണഭയമുള്ള, നബിയോടും സുന്നത്തിനോടും സ്നേഹമുള്ള മനസ്സാക്ഷിയുള്ള ആളുകൾ ഇനിയെങ്കിലും ആത്മപരിശോധനക്ക് തയ്യാറായേ പറ്റൂ. നശിച്ചവർ എങ്ങിനെ നശിച്ചു പോയി എന്നതിലല്ല, രക്ഷപ്പെട്ടവർ എങ്ങിനെ രക്ഷപ്പെട്ടു എന്ന് അപ്പോൾ മാത്രമേ മനസ്സിലാകൂ.സലഫുകളുടെ മാർഗം - സലഫീ ദഅവത്തിന്റെ ആധാരം - 1

ഇസ്‌ലാമിക പ്രബോധകർ എന്ന പേരിൽ ധാരാളം ആളുകളും അവർക്കൊക്കെ ഒരുപാട് സംഘടനകളും ഭൗതിക സംവിധാനങ്ങളും നിലവിലുള്ള സാമൂഹിക സാഹചര്യത്തിലാണ് നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തിൽ സലഫികളെന്നു സ്വയം അവകാശപ്പെടുന്നവരും സലഫികളെന്നു പറയുന്നവരെ ശക്തിയുക്തം എതിർക്കുന്നവരുമുണ്ട് എന്നതാണ് ഏറെ രസകരം.
സലഫികളെന്നു സ്വയം അവകാശപ്പെടുമ്പോഴും ഞങ്ങൾ അറബ് ലോകത്തു കാണുന്ന സലഫികൾ അല്ലായെന്നും, അവരുമായി ആശയപരമോ അല്ലാത്തതോ ആയ യാതൊരു ബന്ധവും ഇല്ലായെന്ന്ആണയിടുന്നവരും അവരിലുണ്ട്. അതേപോലെ നവോദ്ധാനം അവകാശപ്പെടുകയും സലഫികളെ മൊത്തത്തിൽ ആക്ഷേപിക്കുന്നവരും പരിഹസിക്കുന്നവരും ഇവർക്കിടയിലുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, ഇസ്‌ലാമിക ആദർശ വ്യാഖ്യാനത്തിലും അവ പ്രയോഗവൽക്കരിക്കുന്നതിലും ഇവരെല്ലാവരും സ്വന്തം ബുദ്ധിയെയും യുക്തിയെയും ആശ്രയിക്കുന്നവരും, സാഹചര്യങ്ങൾക്കനുസരിച്ചു നിറം മാറി ആരെയും അത്ഭുതപ്പെടുത്തുന്നവരുമാണ്.
ഖുർആനും സുന്നത്തും ജനങ്ങളിൽ പ്രബോധനം ചെയ്യാൻ എന്ന പേരിൽ സ്ഥാപിക്കപ്പെട്ട ഒരു നവോഥാന പ്രസ്ഥാനം എത്തിപ്പെട്ട പതനം പരിശോധിച്ചാൽ തന്നെ, അവരുടെ നിലപാടുകൾ സ്വഹാബത്തിന്റെ മാർഗവുമായി യാതൊരു ബന്ധവുമില്ല എന്ന് കാണാൻ കഴിയും.
ഒരു കാലത്തു, തൗഹീദാണ് ജനങ്ങളോട് ആദ്യം പറയേണ്ടതെന്നും രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടുന്ന രീതി പ്രവാചക ചര്യക്ക് വിരുദ്ധമാണെന്നും മനസ്സിലാക്കുകയും അത് അടിസ്ഥാനാദർശമായി ശിരസ്സേറ്റുകയും ചെയ്ത, ഒരു നവോദ്ധാന പ്രസ്ഥാനം, ഇന്ന് ജനാധിപത്യവും മതേതരത്വവും സ്ഥാപിക്കാനും പ്രചരിപ്പിക്കാനും സമ്മേളനങ്ങൾ നടത്തുകയാണ്. ഇതാണോ പ്രവാചകന്മാരുടെ മാതൃക? അവരിലെ വിവേകമതികളും സത്യസന്ധരുമായ ആളുകൾ ഇതിനു മറുപടി പറയേണ്ടതുണ്ട്.
സ്വന്തം ബുദ്ധിയുടെയും യുക്തിയുടെയും സാഹചര്യത്തിന്റെ സമ്മർദ്ദങ്ങളുടെയും അടിസ്ഥാനത്തിൽ പ്രബോധനത്തിന് അജണ്ട നിശ്ചയിക്കുന്നതിന് പകരം നബിയും സ്വഹാബത്തും എവിടെ തുടങ്ങിയോ അവിടെ തുടങ്ങുകയും അവരുടെ പാത പിന്തുടരുകയും അവരെ മാതൃകയാക്കുകയും ചെയ്തില്ലെങ്കിൽ കേവലം ഒരാൾക്കൂട്ടമായി പൊതു സമൂഹത്തിൽ അവർ ലയിച്ചു തീരുക തന്നെ ചെയ്യും.
മുസ്‌ലിംകൾ പല കക്ഷികളായി ഭിന്നിക്കുകയും ഓരോരുത്തരും പിഴച്ച വഴികളിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന സാഹചര്യം സംജാതമായാൽ, " ഞാനും എന്റെ അനുചരന്മാരും ഏതൊന്നിലാണോ, ഇന്ന് നിലകൊള്ളുന്നത്" എന്ന് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞ മാർഗത്തിലാണ് സത്യവിശ്വാസികൾ നിലകൊള്ളേണ്ടത്. സലഫികൾ എന്ന് സ്വയം പറയുകയും, അവരുടെ മാർഗമാണ് ഞങ്ങൾ പിൻപറ്റുന്നത് എന്ന് അവകാശപ്പെടുകയും ചെയ്യുന്ന ആളുകൾ, ഒരു പുനഃപരിശോധനക്കു തയ്യാറാവുകയും, നബിസ്വല്ലള്ളാഹു അലൈഹി വ സല്ലമയും സ്വഹാബത്തും നില നിന്ന മാർഗത്തിൽ തന്നെയാണോ നിലകൊള്ളുന്നത് എന്ന് ഉറപ്പു വരുത്തുകയും ചെയ്യുക.സലഫീ ദഅവത്തിന്റെ ആധാരങ്ങൾ

​​ശൈഖ് നാസിറുദ്ധീൻ അൽബാനി റഹിമഹുള്ള പറഞ്ഞു :

സലഫീ ദഅവത്തിന്റെ ആധാരങ്ങൾ നില കൊള്ളുന്നത് മൂന്ന്‌ സ്‌തംഭങ്ങളിലാണ്.

1- ഖുർആൻ
2- സ്വഹീഹ് ആയ സുന്ന​​ത്ത്
3- അവ രണ്ടും ( ഖുർആനും സുന്നത്തും) സലഫുസ്സ്വാലിഹീങ്ങളായ സ്വഹാബത്തും താബിഉകളും തബഉതാബിഉകളും മനസ്സിലാക്കിയത് പോലെ മനസ്സിലാക്കലും.

പൗരാണികരും ആധുനികരുമായ മുഴുവൻ കക്ഷികളും പിഴച്ചു പോകാനുള്ള കാരണം, #മൂന്നാമത്തെ #സ്‌തംഭത്തെ #അവഗണിച്ചാണ്.

( അൽ അസ്വാല മാഗസിൻ- ലക്കം 23 )


ഖുർആനും സുന്നത്തും സലഫുകൾ മനസ്സിലാക്കിയ പോലെ മനസ്സിലാക്കുക

ഖുർആനും സുന്നത്തും സലഫുകൾ മനസ്സിലാക്കിയ പോലെ മനസ്സിലാക്കുകയും, അവർ വിശ്വസിച്ചത് പോലെ വിശ്വസിക്കുകയും, അവർ ഉൾക്കൊണ്ടത് പോലെ ഉൾക്കൊള്ളുകയും അവർ പ്രയോഗവൽക്കരിച്ചതു പോലെ സ്വന്തം ജീവിതത്തിൽ പ്രയോഗവൽക്കരിക്കുകയും ചെയ്യുമ്പോഴാണ് ഒരാൾ സലഫുകളെ പിന്തുടരുന്നവൻ ആയിത്തീരുന്നത്. സ്വന്തമായ വ്യാഖ്യാനങ്ങൾ കണ്ടെത്തുകയും, സ്വഹാബത്തിന്റെ വഴി വിട്ടു, വേറിട്ട വഴികളിൽ സഞ്ചരിക്കുകയും, ഒറ്റപ്പെട്ട അഭിപ്രായങ്ങൾ ആദർശവൽക്കരിക്കുകയും ചെയ്യുന്നതിനെയാണ് നാം സൂക്ഷിക്കേണ്ടത്. ചില മരണങ്ങൾ ജീവിച്ചിരിക്കുന്നവർക്കു മുന്നറിയിപ്പും ഗുണപാഠവുമാണ്. ന്വേഷിക്കുകയും അറിയുമ്പോൾ തിരുത്തുകയും ചെയ്യുക. ഓർക്കുക; തിരുത്താനുള്ള സമയം തിരിച്ചു വരില്ല.


പാപങ്ങൾ

ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ള പറഞ്ഞു : “മുസ്ലിംകൾ ദുർബലരാവുകയും, അവരുടെ ശത്രു അവർക്കു മേൽ വിജയം ഉറപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, അതവരുടെ പാപങ്ങൾ കൊണ്ടും തെറ്റുകൾ കൊണ്ടുമാണ്” مجموع الفتاوى ٦٤٥/١١


​ഗ്രഹണ നമസ്കാരം

​ഗ്രഹണ നമസ്കാരത്തിന്റെ രൂപം ചുരുക്കത്തിൽ
2 റക്'അത്തുകൾ അവയിൽ ഓരോന്നിലും 2 റുകൂഉകളും 2 സുജൂദുകളുമുണ്ടാകും.

തക്'ബീറതുൽ ഇഹ്'റാമിനു ശേഷം സൂറതുൽ ഫാതിഹ ഓതുക, പിന്നെ ദീർഘമായി മറ്റു സൂറതുകൾ ഓതുക, (ഏതാണ്ട് ബഖറയുടെ ദൈർഘ്യത്തിൽ നബി صلى الله عليه وسلم പാരായണം ചെയ്തിരുന്നു.)

ശേഷം റുകൂഅ' ചെയ്യുക ഏതാണ്ട് ഖിയാമിനോളം തന്നെ ദീർഘമായ റുകൂഅ'.
റുകൂഇൽ ദീർഘമായി ദിക്റ് ചൊല്ലുക.

ശേഷം سمع الله لمن حمده എന്നുചൊല്ലിക്കൊണ്ട് റുകൂഇൽ നിന്ന് തല ഉയർത്തുകയും ربنا ولَك الحمد എന്ന് ചൊല്ലുകയും വേണം. പിന്നീട് വീണ്ടും ഫാതിഹ ഓതുക,  പിന്നെ ദീർഘമായി മറ്റു സൂറതുകൾ ഓതുക, ആദ്യത്തേതിനേക്കാൾ കുറഞ്ഞ ദൈർഘ്യത്തിൽ.

ശേഷം റുകൂഅ' ചെയ്യുക ഏതാണ്ട് ഖിയാമിനോളം തന്നെ ദീർഘമായ റുകൂഅ', ആദ്യത്തേതിനേക്കാൾ കുറഞ്ഞ ദൈർഘ്യത്തിൽ.
ശേഷം سمع الله لمن حمده എന്നുചൊല്ലിക്കൊണ്ട് റുകൂഇൽ നിന്ന് തല ഉയർത്തുകയും ربنا ولَك الحمد എന്ന് ചൊല്ലുകയും വേണം.
ദീർഘമായി ഇഅ'തിദാലിൽ ദിക്റുകൾ ചൊല്ലിക്കൊണ്ട് നിൽക്കണം.

പിന്നെ തക്ബീറുചൊല്ലി സുജൂദിലേക്ക് പോവുക. ദീർഘമായി ദിക്റുകളും ദുആയുമായി സുജൂദ് ചെയ്യുക.

ശേഷം തക്ബീറുചൊല്ലി സുജൂദിൽ നിന്ന് എഴുന്നേറ്റ് ഇരിക്കുക, ദീർഘമായി ദിക്റുകൾ ചൊല്ലിക്കൊണ്ട് ഇരിക്കുക.

പിന്നെ തക്ബീറുചൊല്ലി സുജൂദിലേക്ക് പോവുക. ദീർഘമായി ദിക്റുകളും ദുആയുമായി സുജൂദ് ചെയ്യുക.

ശേഷം രണ്ടാമത്തെ റക്അത്തിലേക്ക് തക്ബീർ ചൊല്ലിക്കൊണ്ട് എഴുന്നേൽക്കുക.
ആദ്യത്തെ റക്അത്തിലേതുപോലെ ആവർത്തിക്കുക, ദൈർഘ്യം അൽപം കുറച്ചുകൊണ്ട്.

രണ്ടാമത്തെ റക്അത്തിലെ സുജൂദുകൾക്കു ശേഷം തശഹ്ഹുദും സ്വലാതും ദീർഘമായ ദുആകൾക്കും ശേഷം സലാം വീട്ടുക.

അബൂ തയ്മിയ്യ.

Wednesday, February 21, 2018

ഞാൻ എ​​ന്റെ ഭർത്താവിനെ സ്നേഹിക്കുന്നത് അല്ലാഹുവിനു വേണ്ടിയാണ്.

​ഭർത്താവിനെ അനുസരിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. ഭർത്താവ് പറയുന്നത് അതേപോലെ അനുസരിച്ച് , ഭർത്താവിന് ഒപ്പിച്ച് വീട്ടിലും വീടിന്റെ പുറത്തും നിൽക്കുന്ന, നല്ല സ്ത്രീകളെന്നു പറയുന്ന സ്ത്രീകളുണ്ട്.

അവർ യഥാർത്ഥത്തിൽ ഒരു ടെസ്റ്റു നടത്തണം. ഭർത്താവ് പള്ളിയിൽ പോകാൻ പറഞ്ഞാൽ പള്ളിയിൽ പോകും , ക്ലാസ്സിന് പോകാൻ പറഞ്ഞാൽ ക്ലാസ്സിന് പോകും.
ഭർത്താവിനെ സ്നേഹിക്കാൻ വേണ്ടി , ഭർത്താവിന്റെ സ്നേഹത്തിനു വേണ്ടിയുള്ളതിന്റെ ഭാഗമായിട്ടാണോ നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നത് ? അതല്ല മറിച്ച് ഭർത്താവിനെ സ്നേഹിക്കുന്നത് അല്ലാഹുവിനെ സ്നേഹിക്കുന്നതുകൊണ്ടും അനുസരിക്കുന്നതുകൊണ്ടുമാണോ ?

രണ്ടാമതു പറഞ്ഞതാണ് ശരിക്കും വേണ്ടത് . മഹബ്ബത്തിന്റെ ഈ ദറജയിലേക്ക് നമ്മൾ എത്തിയാൽ ഒരു പ്രശ്നവും കുടുംബത്തിലുണ്ടാകില്ല.
ഒരു മനശ്ശാസ്ത്രജ്ഞനും വേണ്ട, അല്ലാത്തോരും വേണ്ട , ഒരാളും വേണ്ട.
ഞാൻ എ​​ന്റെ ഭർത്താവിനെ സ്നേഹിക്കുന്നത് അല്ലാഹുവിനു വേണ്ടിയാണ്. അല്ലാഹു എന്നോട് പറഞ്ഞിട്ടുണ്ട് ഭർത്താവിനെ അനുസരിക്കണമെന്ന് , അതുകൊണ്ട് ഞാൻ അനുസരിക്കുന്നു.

ഭർത്താവിനെ സ്നേഹിക്കണമെന്ന് അല്ലാഹു എന്നോട് പറഞ്ഞിട്ടുണ്ട് , അതുകൊണ്ട് ഞാൻ ഭർത്താവിനെ സ്നേഹിക്കുന്നു എന്ന നിലവാരത്തിൽ ഭാര്യ എത്തണം. അപ്പോൾ ആ കുടുംബം സമാധാനമുള്ള, പ്രശ്നങ്ങൾ സ്വയം പരിഹൃതമാകുന്ന ഒരു കുടുംബമായിത്തീരും.


( അബൂ ത്വാരിക് حفظه الله - ശുറൂതു ലാ ഇലാഹ ഇല്ലല്ലാ - )

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.