Sunday, March 31, 2013

വിമർശകരോട് - 13

വിമർശകരോട് -13

അഹ്ലുസ്സുന്നയും വിമർശകരും - V I I I


 ഒരു നാട്ടിൽ നമസ്കാരം പഠിപ്പിക്കാൻ വന്ന ഒരാളുടെ കഥ പണ്ടെന്നോ കേട്ട ഓർമയുണ്ട്. അയാൾ ആദ്യമായി, അംഗശുദ്ധി വരുത്താൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളം കൊണ്ട് വന്ന മണ്കുടം തട്ടി ഉടഞ്ഞു പോയി. അങ്ങിനെ രണ്ടാമതും വെള്ളം കൊണ്ട് വരാൻ ആവശ്യപ്പെടുകയും വുദു ചെയ്യുന്ന രൂപം
 പഠിപ്പിക്കുകയും ചെയ്തു. കുറെ കാലം കഴിഞ്ഞു അയാൾ വീണ്ടും ആ നാട്ടിലെത്തിയപ്പോൾ, എല്ലാവരും നമസ്കാരം ഉപേക്ഷിച്ചതായി കണ്ടു അന്വേഷിച്ചു നോക്കിയപ്പോൾ ഒരു ദിവസം അഞ്ചു കുടം വീതം പൊട്ടിക്കാൻ ഞങ്ങളുടെ സാമ്പത്തിക ഭദ്രത ഞങ്ങളെ അനുവതിക്കാത്തതിനാൽ, നമസ്കാരം നിർത്തി എന്നാണവർ പറഞ്ഞത്.
സാധാരണ " അന്ധമായ അനുകരണം" അഥവാ تقليد أعمى വിശതീകരിക്കുമ്പോൾ പറയപ്പെടാറുള്ള  ഒരു സംഭവമാണിത്. 
അതവിടെ നിൽക്കട്ടെ. തെളിവ് ഇല്ലാതെ,തെളിവ് പരിഗണിക്കാതെ ഒരു 
കാര്യത്തെയോ/ വ്യക്തിയെയോ  പിൻപറ്റുന്നതിനാണ്തഖ് ലീദു എന്ന് പറയുന്നത്. 

അഹ്ലുസ്സുന്ന എന്നും തഖ് ലീദിനു എതിരാണ്. കാരണം അത് പ്രമാണം അല്ലെന്നു മാത്രമല്ല, പ്രമാണങ്ങളിലെക്കുള്ള പ്രയാണത്തിനു തടസം സൃഷ്ടിക്കുകയും ചെയ്യുന്നു.

എന്നാൽ, സലഫിയ്യത്ത് അവകാശപ്പെടുകയും, അതിന്റെ കിബാറുകളായ ഉലമാക്കളിൽ നിന്ന് ഇൽമ് സ്വീകരിക്കുന്നു എന്ന് പറയുകയും  ചെയ്യുന്ന  ചില സഹോദരരൻമാരുണ്ട്.  മുകളിൽ പറഞ്ഞ കഥയെ അനുസ്മരിപ്പിക്കുന്ന വിധത്തിലേക്ക് വളരാൻ സാധ്യതയുള്ള അന്ധമായ ത ഖ് ലീദു അവർ വളർത്തിക്കൊണ്ടിരിക്കുന്നു  

വിപുലമായ നെറ്റുവർക്കിങ്ങും, അതീവ സ്വകാര്യതയും  കാത്തു സൂക്ഷിക്കുന്ന ഇവർക്ക് ഗൾഫ് നാടുകളിലും, കേരളത്തിലും ഉള്ള എല്ലാ കൊസ്രാക്കൊള്ളി കമ്പനികളുമായി അടുത്ത  ബന്ധമാണ്, പരസ്യമായി അവരതു അങ്ങീകരിക്കില്ലെങ്കിലും.

" സുന്നത്തിനെ സഹായിക്കുകയോ, ബിദ് അത്തിനെ നിഗ്രഹിക്കുകയോ ചെയ്തില്ല " എന്ന് പറഞ്ഞത് പോലെയാണ് അവരുടെ കാര്യം. അവരുടെ ആകെയുള്ള ലക്ഷ്യം,അവർ തെറ്റായി മനസ്സിലാക്കുകയോ/വിശ്വസിക്കുകയോ
ചെയ്യുന്ന കാര്യങ്ങൾ എല്ലാവരും അന്ഗീകരിക്കണം. ആരും അതിനെ എതിർക്കുകയോ, വിമർശിക്കുകയോ ചെയ്യാൻ പാടില്ല.

വീഴ്ചകളും ന്യൂനതകളും ഇല്ലാത്തവരായി ആരുമില്ല. അത് തിരുത്തപ്പെടെണ്ടതാണ്. പിന്തുടരപ്പെടെണ്ടവയല്ല. പ്രത്യേകിച്ച് സാധാരണക്കാരായ മുസ്ലിം സഹോദരങ്ങളിൽ ഉണ്ടാവുന്ന അബദ്ധങ്ങൾ പ്രമാണവൽക്കരിക്കാവതല്ല. കാര്യബോധമുള്ള ആളുകൾ ഇത്തരം അബദ്ധങ്ങളെക്കുറിച്ചു  നസ്വീഹത്തു ചെയ്യുകയാണ് വേണ്ടത്.  എന്നാൽ അതിനു പകരം, നസ്വീഹത്ത് ചെയ്യാൻ മാത്രം ഇൽമോ ഹിക്മത്തോ ഇല്ലാത്ത ഈ ആളുകൾ അത് പ്രചരിപ്പിക്കാൻ വേണ്ടി മാത്രമായി ഒരു വെബ് സൈറ്റ് ഉണ്ടാക്കി. എന്നിട്ട് മദീനയിൽ ഇരിക്കുന്ന ആചാര്യന്റെ അനുഗ്രഹാശിസ്സുകളോടെ ദമാമിലും ദുബായിലും മറ്റുമുള്ള സിൽബന്ധികൾ നാടൊട്ടുക്കും പ്രചരിപ്പിച്ചു !! ഇത് സലഫിയ്യത്തിന്റെ ഏതു "അസ്വ്ൽ" അവലംബിച്ചാണ് എന്നൊന്ന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. ആരോട് ചോദിക്കും? താൻ പറഞ്ഞത് മാത്രം കേൾക്കുകയും അനുസരിക്കുകയും അതിനു അനുസൃതമായി നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്ന ശിഷ്യഗണങ്ങൾ. കോഴി തന്റെ ചിറകിനടിയിൽ കുഞ്ഞുങ്ങളെ കൊണ്ട് നടക്കുന്നത് പോലെ അവരെ ഇയാൾ കൊണ്ട് നടക്കുന്നു. അയാൾ പറയുന്നത് മാത്രം അവർ കേട്ടോളണം. ആരോടെല്ലാം സലാം പറയാം, ആരോടെല്ലാം സലാം പറയാൻ പാടില്ല, ആരോടെല്ലാം സംസാരിക്കാം ആരോടെല്ലാം സംസാരിക്കാൻ പാടില്ല എന്നതിനൊക്കെ കൃത്യമായ ലിസ്റ്റുണ്ട്. അത് ലംഘിച്ചാൽ ശിശ്യനാണെന്നൊന്നും നോക്കില്ല. പിന്നെയങ്ങോട്ട് ബഹിഷ്കരണമാണ്. മറ്റുള്ളവരെപ്പോലെ ഇവരെയും ബ്രാൻഡ്‌ ചെയ്തു കളയും.  എന്നാൽ ശിഷ്യന്മാരുടെ  കാര്യമോ എന്ത് കാര്യത്തിലും ആചാര്യനെ അവർ തഖ് ലീദു ചെയ്യുന്നു. ഇനി മുതൽ " ഒന്നും രണ്ടും" വേണ്ട എന്ന് പറഞ്ഞാൽ അതും അവർ ചെയ്യില്ല !! ദീനും ദുനിയാവുമറിയാത്ത പാവം സാധാരണക്കാരെ മസ്തിഷ്ക പ്രക്ഷാളനം നടത്തി "കൾട്ട്" രൂപങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ആചാര്യാ നിങ്ങളൊന്നു മനസ്സ് തുറക്കണം.

അൽപം ശുദ്ധവായു ശ്വസിക്കാനുള്ള അവസരമെങ്കിലും കുഞ്ഞാടുകൾക്കാവാമെന്നു അവരോടു പറയണം. മാത്രമല്ല, നിങ്ങളുടെ സിദ്ധാന്തങ്ങൾ പുറം ലോകമറിയട്ടെ. എന്തിനാണ് ഈ ക്രൂരമായ സ്വകാര്യത? നിങ്ങളുടെ വാതങ്ങൾ സത്യസന്തമാണെന്നു നിങ്ങൾക്ക് തന്നെ, ബോധ്യമില്ലാത്തത് കൊണ്ടല്ലേ നിങ്ങൾ മറച്ചു വെക്കുന്നത്? കള്ള പ്രചരണങ്ങളും കളവും പ്രയോഗിക്കാൻ നിങ്ങൾക്കുള്ള തെളിവെന്താണ്? ഉലമാക്കളുടെ പേരുകൾ നിങ്ങൾ പറയരുത്. കാരണം നിങ്ങൾ കാണിക്കുന്ന ചതികളും കുടില തന്ത്രങ്ങളും അവരറിഞ്ഞാൽ പിന്നെ, ഇൽമിന്റെ പേരും പറഞ്ഞു അങ്ങോട്ടടുക്കാൻ കഴിയില്ല. പിന്നെ പലരെപ്പറ്റിയും നിങ്ങൾ എഴുതി തയ്യാറാക്കി കൊണ്ട് നടക്കുന്ന കടലാസ് തുണ്ടുകൾ അറബീകരിക്കാൻ നാട്ടിലുള്ള കുട്ടികളെ തന്നെ ആശ്രയിക്കേണ്ടി വരും. ഹോളണ്ടുകാരും പോളണ്ടുകാരുമൊന്നും പടി കടക്കാൻ അനുവതിക്കില്ല. 

കിബാറുകളായ അഹ്ലുസ്സുന്നയുടെ ഉലമാക്കളിൽ നിന്ന് ഇൽമു സ്വീകരിക്കുന്നു എന്നവകാശപ്പെടുന്ന നിങ്ങൾ  മുസ്ലിം ഉമ്മത്തിനും സലഫിയ്യത്തിനും ചെയ്ത സേവനം എന്താണ്?  അറബി ഭാഷയോ മതപരമായ ഉള്ക്കാഴ്ചയോ ഇല്ലാത്ത  ആജ്ഞാനുവർത്തികളായ ശിഷ്യന്മാർക്ക്  ((  ഉസുലു സലാസ )) എങ്കിലും തെറ്റ് കൂടാതെ വായിച്ചു  കേള്പിച്ചിട്ടുണ്ടോ നിങ്ങൾ? അതിനുള്ള ശേഷിയും ശേമുഷിയുമുണ്ടോ നിങ്ങൾക്ക്? എന്നിട്ടല്ലേ മറ്റുള്ളവരുടെ തെറ്റുകൾ തിരുത്താൻ?

ഉലമാക്കളുടെ ഫത് വകൾ അവിടെ നിന്നും ഇവിടെ നിന്നും എടുത്തു തുണ്ടം തുണ്ടമാക്കി തലങ്ങും വിലങ്ങും പ്രചരിപ്പിക്കുന്നതിന്റെ പേര് സലഫിയ്യത്ത് എന്നല്ല.

സംഘടനക്കാരെ തോൽപിക്കുന്ന വിധത്തിലുള്ള ഭാഷ പ്രയോഗങ്ങൾ കുത്തി  നിറച്ച മെയിലുകൾ , നിങ്ങളുടെ ശിഷ്യന്മാർ, നിങ്ങൾക്ക് തന്നെ, സലഫിയ്യത്തിന്റെ ആധ്യപാഠങ്ങൾ  ചൊല്ലിത്തന്ന ആൾക്കെതിരിൽ തുരുതുരാ എഴുതി വിട്ടിട്ടും അരുത് കാട്ടാളാ എന്ന് പറയാൻ മനസ്സ് വരാത്തതെന്ത്? നിങ്ങളുടെ അനുവാതമില്ലാതെ കടല തിന്നാത്തവർ, നിങ്ങളുടെ അനുവാതമില്ലാതെ മെയിൽ അയക്കുമോ ?
 ഒരു കവി പാടി
 أعلمه الرماية كل يوم                فلما اشتد ساعده رماني
وكم علمته نظم القوافي                فلما قال قافية هجاني
" അനുദിനം, ഞാനവനെ അമ്പൈത്ത് പഠിപ്പിച്ചു, പക്ഷെ, അവന്റെ കൈത്തണ്ട കരുത്തു നേടിയപ്പോൾ അവൻ ആദ്യം തൊടുത്തത് എനിക്ക് നെരെയായിരുന്നു.

എത്രയെത്ര പ്രാസമൊപ്പിച്ച കവിതകൾ ഞാനവനെ പഠിപ്പിച്ചു? പക്ഷെ, അവനാദ്യമായി കവിത പറഞ്ഞത്, എന്നെ തെറിപറഞ്ഞു കൊണ്ടാണ് !! "
നിസ്സാരനായ ഈയുള്ളവന്റെ അറിവ് പരിമിതമാണ്. ഇൽമു നേടാൻ ആരുടെ മുമ്പിലാണോ ഇരുന്നത്, അയാളുടെ - അയാൾ എത്ര നിസ്സാരൻ ആണെങ്കിലും- ന്യൂനതകൾ ചികയുന്ന ശിഷ്യന്മാരെക്കുറിച്ചു എവിടെയും കണ്ടിട്ടില്ല, കേട്ടിട്ടില്ല  !!!

غلو  അഥവാ അതിപ്രസരം سوء الفهم  അഥവാ ദുർഗ്രാഹ്യത, جهل അഥവാ അജ്ഞത, تكبر അഥവാ അഹങ്കാരം قلة الأدب അഥവാ മര്യാദയില്ലായ്മ, قلة الحكمة അഥവാ യുക്തിഹീനത, തുടങ്ങിയ സ്വഭാവ വൈചിത്ര്യങ്ങളും, خوارج ، حدادية തുടങ്ങിയ ബിദ്ഈ കക്ഷികളുടെ വിശേഷണങ്ങളിൽ പലതും കൈമുതലായി നിങ്ങളിൽ ഉണ്ട് എന്നതിന് തെളിവുകൾ ഏറെയുണ്ട്. എന്ന് കരുതി, ഇത് ബ്രാൻഡ് ചെയ്യൽ അല്ല,  കാരണം, സാധാരണക്കാരിലെ ന്യൂനതകൾ വെച്ച് അവരെ ബ്രാൻഡ് ചെയ്യാൻ പാടില്ല, മാത്രമല്ല ഞാൻ അതിനു യോഗ്യനും അല്ല.

അദബും, ഹിക്മത്തും, ഇല്ലാത്ത ആളുകൾക്ക്, ഇൽമു  ലഭിക്കാനുള്ള തൌഫീക്ക് ഉണ്ടാവില്ല. അവർ  ആയിരം കൊല്ലം തപസ്സിരുന്നാലും ! അതിന്റെ അഹ്ലുകാർ ആരാണോ അവരിലേക്കേ അത്  മടങ്ങുകയുള്ളൂ. ഭൌതിക വിജ്ഞാനവും ശറഇയ്യായ
ഇൽമും തമ്മിലുള്ള പ്രധാന വിത്യാസവും അതു തന്നെ.
 
(തീർന്നിട്ടില്ല)

  

Wednesday, March 20, 2013

വിമർശകരോട് - 12

വിമർശകരോട് -12

അഹ്ലുസ്സുന്നയും വിമർശകരും -V I I

(( സ്ത്രീകളെ കണ്ടു കൂടാത്തവൻ ))

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ചര്യ അനുധാവനം ചെയ്യുന്ന ഒരു യഥാർത്ഥ "സുന്നി", മുഹമ്മദ്‌ നബിയെ തന്റെ മാതൃകയായി കാണുകയും പിൻപറ്റുകയും ചെയ്യുന്നു.

അന്യ സ്ത്രീകൾ, അതായത്, വിവാഹം അനുവതിക്കപ്പെട്ടവരായ സ്ത്രീകളുമായി ഒരു മുസ്ലിം പുരുഷന് ഇടപഴകുന്നതിനു അനുവതിക്കപ്പെട്ട ശറഇയ്യായ പരിധി ഏതാണ് ? അങ്ങിനെ വല്ല പരിധിയുമുണ്ടോ ?

കേരളത്തിലെ ഉൽപതിഷ്ണു പ്രസ്ഥാനങ്ങൾ എന്ന് അവകാശപ്പെടുന്ന ഒരു സംഘടനയും ഈ വിഷയത്തിൽ ഇസ്ലാമിക നിയമം പാലിക്കുന്നവരല്ല.
" അന്യ സ്ത്രീകളോട് നിങ്ങൾ വല്ലതും ചോദിക്കുകയാണെങ്കിൽ ഒരു മറക്കു പിന്നിൽ നിന്ന് കൊണ്ട് ചോദിക്കുക" , " അവരുടെ  അടുക്കൽ നിങ്ങൾ പ്രവേശിക്കാൻ പാടില്ല" , " അവരെ ഒന്നിലധികം തവണ നിങ്ങൾ നോക്കരുത്" , " ഹസ്തദാനം നടത്തരുത്" , തുടങ്ങി എത്രയെത്ര കല്പനകൾ ?

ഈ കല്പനകൾക്ക് സംഘടനക്കാർ എന്ത് വിലയാണ് നല്കിയിട്ടുള്ളത്? ദഅവത്തിന്റെ പേരിലും, വിദ്യാഭ്യാസത്തിന്റെ പേരിലും, പുരോഗതിയുടെ പേരിലും, ഉള്പതിഷ്ണുത്വത്തിന്റെ പേരിലും ചെയ്തു കൊണ്ടിരിക്കുന്നത് എന്തെല്ലാമാണ്?

അന്യ സ്ത്രീപുരുഷന്മാരും യുവതീ യുവാക്കളും പരസ്പരം കാണാനും സംസാരിക്കാനും ഇടകലരാനും അവസരങ്ങൾ സൃഷ്ട്ടിക്കുകയും ഇസ്ലാം കല്പിച്ച മറ പിച്ചിചീന്താനും സംഘടനക്കാർ വഴിയൊരുക്കി. ഇക്കാര്യം നിഷേധിക്കാൻ ഒരാള്ക്കും കഴിയില്ല.

എന്നാൽ, മുകളിൽ പറയപ്പെട്ട ശറഈ  കൽപനകൾ , കഴിവിന്റെ  പരമാവധി പാലിക്കുകയും ഉൾക്കൊള്ളുകയും ചെയ്യാൻ ശ്രമിക്കുന്ന ആളുകൾക്ക്, സംഘടനാ പക്ഷപാതികൾ ചാരത്തി നല്കിയ വിശേഷണമാണ്"സ്ത്രീകളെ കണ്ടുകൂടാത്തവൻ" എന്നത്. 

സഹോദര പത്നിമാരോ, മറ്റു കുടുംബക്കാരോ, അടുത്ത/അകന്ന അതിഥികളോ ആരായാലും, " മഹ്റം " അല്ലാത്ത സ്ത്രീകൾ എന്ന നിലയിൽ അകലം പാലിക്കുന്നവരെ ആദരിക്കുകയും
പ്രശംസിക്കുകയും ചെയ്യുന്നതിന് പകരം,കേട്ടാലറക്കുന്ന വിശേഷണങ്ങൾ
നൽകാൻ സുന്നത്ത് സ്വീകരിക്കുന്ന ഒരാൾക്ക്‌ കഴിയില്ല.

മുസ്ലിം സ്ത്രീ പുരുഷന്മാർ പരസ്പരം ഇടപഴകുമ്പോൾ പാലിക്കപ്പെടേണ്ട മര്യാദകൾ പൊതു ജനങ്ങളെ പഠിപ്പിക്കുന്നതിന് പകരം, സ്ത്രീകളെ പരമാവധി പൊതു രംഗത്ത് കൊണ്ടുവരികയും, പരസ്പരം പൊതു വേദികൾ പങ്കു വെക്കുന്നതിൽ മത്സരിക്കുകയുമാണ് ഇവിടെയുള്ള മുസ്ലിം മതസംഘടനകൾ.

അന്യ മതസ്ഥരുടെ മുമ്പിൽ സ്ത്രീകളുടെ "അവകാശങ്ങൾ" ഹനിക്കുന്നവരല്ല ഞങ്ങൾ എന്ന് തെളിയിക്കാൻ ഓരോരുത്തരും മത്സരിക്കുന്ന കാഴ്ച ലജ്ജാവഹം തന്നെ. ഖുർആനും  സുന്നത്തും അവകാശപ്പെടുന്ന ആളുകൾ എന്ത് കൊണ്ട് സ്ത്രീ ജനങ്ങൾക്ക്‌ ഇസ്ലാം നൽകിയസുരക്ഷിതത്വത്തിന്റെയും സംരക്ഷണത്തിന്റെയും കവചം നീക്കിക്കളയുന്നു?

(( ബഹുഭാര്യാ വൃതം ))

ഒന്നിലധികം വിവാഹം കഴിക്കുകയും നിലനിർത്തുകയും ചെയ്യുകയെന്നത് ഇസ്ലാം, പുരുഷന്മാർക്ക് അനുവദിച്ച കാര്യമാണ്. ഏറ്റവും കുറഞ്ഞത്‌ ഏക ഭാര്യാ വ്രതം ഇസ്ലാമിനു അന്യമാണ്.  എന്ന് കരുതി എല്ലാവരും നിര്ബന്ധമായും ബഹുഭാര്യാത്വം സ്വീകരിക്കണമെന്നോ, അല്ലെങ്കിൽ ഇസ്ലാം പൂർണ്ണമാവില്ലെന്നോ ആർക്കും അഭിപ്രായമില്ല.

ഇസ്ലാമിന്റെ എക്കാലത്തെയും ശത്രുക്കളായ കമ്മ്യുണിസ്റ്റുകാരും, തനിച്ച യുക്തിവാദികളുമല്ലാതെ, മുസ്ലിം ലോകത്ത് ഒരു വിഭാഗത്തിനും ഇക്കാര്യത്തിൽ അഭിപ്രായ വിത്യാസമില്ല. ബഹുഭാര്യാത്വതിന്റെ  പേരില് ഇസ്ലാമിനെ പ്രതിക്കൂട്ടിൽ നിർത്തുകയും, കൂട്ടം ചേർന്ന് കടിച്ചു കീറുകയും ചെയ്യുന്ന ആളുകൾക്കെതിരിൽ, ബഹുഭാര്യാത്വത്തെ ന്യായീകരിക്കുകയും, അതിന്റെ ആവശ്യകതയും യുക്തിബദ്രതയും സമർത്ഥിക്കുകയും ചെയ്യുന്ന ആളുകൾ തന്നെ, അത് പ്രായോഗികമായി പുലർത്തുന്നവരെ അധിക്ഷേപിക്കുകയും അപഹസിക്കുകയും ചെയ്യുന്നത് എന്തു മാത്രം ആത്മവഞ്ചനാപരമല്ല?

സ്ത്രീകളുമായി  ബന്ധപ്പെട്ട വിഷയത്തിൽ സംഘടനക്കാർ രണ്ടു തട്ടിലാണ്. ഒരു ഭാഗത്ത്‌, ഇസ്ലാം വിലക്കിയ നിലയിൽ, അന്യ സ്ത്രീകളുമായി പരസ്പരം കാണുകയും പരമാവധി ഇടപഴകുകയും ചെയ്യുന്നു, അതിലവർ തെറ്റൊന്നും കാണുന്നില്ല.  മറുഭാഗത്ത്‌, ഇസ്ലാം അനുവദിച്ച ബഹുഭാര്യാത്വത്തെ കണക്കറ്റു വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. അത് മഹാ അപരാധം പോലെ വീക്ഷിക്കുന്നു.
ചുരുക്കത്തിൽ, സത്യസന്ധമായി നബിചര്യ പിൻപറ്റുന്നവരോട് എല്ലാ സംഘടനക്കാര്ക്കും പുച്ഛമാണ്. എന്തെങ്കിലും ന്യായങ്ങൾ നിരത്തി അതിനെ എതിർത്ത് കൊണ്ടിരിക്കും. അതാണ്‌ സംഘടന, അതിന്റെ ആളുകൾക്ക് നല്കിക്കൊണ്ടിരിക്കുന്ന ശിക്ഷണം !

(തുടരും - ഇന്ശാ അള്ളാ)

വിമർശകരോട് - 11

വിമർശകരോട് -11

അഹ്ലുസ്സുന്നയും വിമർശകരും VI

(( കേരളത്തിൽ പണ്ടിതന്മാരില്ലേ? ))

ശറഇയ്യായ വിഷയങ്ങളിൽ തീർപ്പ് കൽപ്പിക്കാൻ ഉലമാക്കളിലേക്ക് മടക്കുകയെന്ന കുറ്റമറ്റ രീതി കേരളത്തിലെ മതപ്രബോധകർക്ക് കേട്ടു കേൾവി പോലുമില്ല. ആകാശത്തിന് താഴെയുള്ള ഏതു വിഷയവും വഴങ്ങുകയും, തെറ്റായാലും, ശരിയായാലും, അഭിപ്രായം പറഞ്ഞു ഞെളിയുകയും ചെയ്യുന്നതിൽ പലർക്കും യാതൊരു ലജ്ജയുമില്ല.
മതപരമായ വിഷയങ്ങളിൽ സംസാരിക്കുമ്പോൾ സൂക്ഷ്മത പാലിക്കാത്തതിന്റെ പേരിൽ ഉണ്ടായിട്ടുള്ള ഭവിഷ്യത്തുകൾ നിസ്സാരങ്ങളല്ല.

മത വിഷയങ്ങളിൽ വേണ്ടത്ര പരിജ്ഞാനമില്ലാത്ത ആളുകൾ, വിവരമുള്ളവരെപ്പോലെ, ഇടപെടുകയും കൈകാര്യം ചെയ്യുകയും ചെയ്യുമ്പോൾ, ആശയ വൈരുദ്ധ്യങ്ങൾ സംഭവിക്കുന്നു. അത് ഒഴിവാക്കാനുള്ള ഏക മാർഗം, വിഷയം, അതിന്റെ അഹ്ലുകാരായ ഉലമാക്കളിലേക്ക് മടക്കുകയെന്നതാണ്. അത് പറയുമ്പോഴൊക്കെ, പറയുന്നവർക്ക് നേരെ ഉറഞ്ഞു തുള്ളിയ്യാണ് സംഘടനക്കാര്ക്ക് ശീലം.
ഏതു മസ്അലയായാലും, അത് ഉലമാക്കളിലേക്ക്, വിശിഷ്യ, കിബാറിലേക്ക് മടക്കുമ്പോൾ പല ഗുണങ്ങളുമുണ്ട്‌. അതിൽ ഏറ്റവും പ്രധാനമായി, നാം മൻഹജ് പിൻപറ്റുന്നുവെന്നുള്ളതാണ്. സലഫുകൾ, മതപരമായ തീരുമാനങ്ങൾക്ക് കൂട്ടത്തിലെ ഏറ്റവും ഇൽമുള്ള ആളെയായിരുന്നു അവലമ്പിച്ചിരുന്നത്. ഒരിക്കലും അവർ ഏതെങ്കിലും ഒരഭിപ്രായം സ്വീകരിക്കുക എന്ന നിലവാരത്തിലേക്ക് തരം താണിരുന്നില്ല. സുന്നത്തിനു അവർ വലിയ പ്രാധാന്യം കൽപിക്കുകയും, ഇൽമുള്ളവരെ ആദരിക്കുകയും ചെയ്തിരുന്നു. രണ്ടാമതായി, ഇജ്തിഹാദ് ചെയ്യാൻ യോഗ്യതയുള്ളവരായ ആളുകൾ അത് നിർവ്വഹിക്കുമ്പോൾ, സാധാരണക്കാർക്ക് ഉത്തരവാദിത്ത്വം ഒഴിവാവുകയും, വിഷയത്തിൽ തൃപ്തികരമായ തീർപ്പാവുകയും ചെയ്യുന്നുവെന്നുള്ളതാണ്.

എന്നാൽ, "ഇവിടെ പണ്ടിതന്മാരില്ലേ" എന്ന് ചോദിക്കുന്നവർ, ഒന്നുകിൽ മതകാര്യങ്ങളെക്കുറിച്ച് ഒരു ചുക്കുമറിയാത്തവരോ, നിക്ഷിപ്ത താൽപര്യക്കാരോ ആണ്.

ഉലമാക്കളിൽ നിന്ന് കേട്ട് പഠിക്കുകയും, കിതാബുകൾ പരിശോധിച്ചു മസ്അലകൾ വേർതിരിച്ചു മനസ്സിലാക്കുകയും, ദലീലുകൾ മുൻ നിർത്തി അഭിപ്രായം പറയുകയും ചെയ്യുന്ന എത്ര പേരുണ്ട് കേരളത്തിൽ ? ഇമാം അഹ്മദ്, ശൈഖുൽ ഇസ്ലാം ഇബ്ൻ തീമിയ, ഇബ്നുൽ ഖയ്യിം, ഇമാം മുഹമ്മദ്‌ ബിൻ അബ്ദുൽ വഹാബ് തുടങ്ങിയ ഉലമാക്കളുടെ അഖീദയിലും ഫിഖ്ഹിലുമുള്ള അമുല്യ ഗ്രന്ഥങ്ങൾ കാണുകയും, വായിക്കുകയും , പഠിക്കുകയും ചെയ്തവർ ആരുണ്ട്‌?
അഹ്ലുസ്സുന്നതിന്റെ ഉലമാക്കളുടെ ഗ്രന്ഥങ്ങളുമായി ജീവിക്കുന്ന ധാരാളം ആളുകൾ ലോകത്ത് ഉണ്ടെന്ന കാര്യമെങ്കിലും ഇവർ മനസ്സിലാക്കിയിരുന്നുവെങ്കിൽ, " ഈ കിബാറുൽ ഉലമയെ എവിടെക്കിട്ടു"മെന്നു ഒരുത്തനും ചോദിക്കുമായിരുന്നില്ല.

ദീനിന് ഭുമിശാസ്ത്ര അതിർത്തികളില്ല. വർണ-വർഗ വിവേചനമില്ല. അറബികളെപ്പോലെ അനറബികളും ഇസ്ലാം ദീനിന് മഹത്തായ സേവനങ്ങൾ ചെയ്തിട്ടുണ്ടു. അറബികളിൽ നിന്ന് മാത്രമേ സ്വീകരിക്കൂ എന്ന് ശാഡ്യം ആർക്കെങ്കിലുമുണ്ടായിരുന്നുവെങ്കിൽ, നല്ലൊരു ശതമാനം ശറഇയ്യായ ഇൽമും മുസ്ലിം ഉമ്മത്തിന് നഷ്ടപ്പെടുമായിരുന്നു.

ശൈഖ് അൽബാനിയോടോ, ഇബ്ൻ ബാസിനോടോ സ്വാലിഹുൽ ഉസൈമീനോടോ തുലനം ചെയ്യാൻ പറ്റുന്ന ഒരാൾക്ക്‌,  കേരളം ജന്മം നൽകിയിട്ടില്ലെങ്കിൽ, ശൈഖ് അബ്ദുള്ള ബുഖാരിക്ക് എങ്കിലും സമശീർഷരായ ഒരാളെ നിങ്ങൾ ചൂണ്ടിക്കാണിക്കൂ.- بارك الله في علمهم وعمرهم ونفع بهم المسلمين
അവർ വിട്ടേച്ചു പോയ വിജ്ഞാന ശേഖരങ്ങളോട് കിട പിടിക്കുന്ന ഗ്രന്ഥ ശേഖരങ്ങളും, വിവരണ ഗ്രന്ഥങ്ങളും എവിടെ?
തൗഹീദും സുന്നത്തും പ്രചരിപ്പിക്കുന്നുവെന്നവകാശപ്പെടുന്ന, മുജാഹിദ് പ്രസ്ഥാനത്തിന്റെ "പണ്ഡിതന്മാർ" كتاب التوحيد എവിടെ?

കേരളത്തിൽ ദഅവത്തിന്റെ നൂറ്റാണ്ട് ആഘോഷിക്കുന്നവർ  ചെയ്ത സേവനം എന്താണ്? നൂറു കൊല്ലത്തെ നിങ്ങളുടെ   കർമ ഫലമെവിടെ? സംഘടനയുണ്ടാക്കി തമ്മിൽ തല്ലിയെന്നതാണോ നിങ്ങൾ ചെയ്ത സേവനം? കേരളത്തിൽ പണ്ടിതാന്മാരില്ലേ എന്ന് ചോദിക്കുന്നവർ ഇതിനു ഉത്തരം പറയണം.

ഉലമാക്കൾ മതത്തിന്റെ കാവൽക്കാരാണ്. മതപരമായ വിഷയങ്ങൾ അവരിലേക്കാണ് മടക്കേണ്ടത്. അവർ ലോകത്ത് എവിടെയാണെങ്കിലും !

(തുടരും- ഇന്ശാ അല്ലാഹ്)

വിമർശകരോട് - 10

വിമർശകരോട് -10

അഹ്ലുസ്സുന്നയും വിമർശകരും -V


നദ് വത്തുൽ  മുജാഹിദീനെ കൂടുതലായി വിമർശിക്കുന്നു ? !

എന്തിനാണ് നിങ്ങൾ കെഎന്നെമ്മിനെ ഇത്ര ശക്തമായി വിമർശിക്കുന്നത്? ശിർക്കും ബിദ്അത്തും പരസ്യമായി പ്രചരിപ്പിക്കുകയും അതിനു ചുക്കാൻ പിടിക്കുകയും ചെയ്യുന്നവരേയും, മതരാഷ്ട്ര വാദികളായ ജമാഅത്തിനെയും   വിമർശിക്കുന്നതിൽ കൂടുതൽ നദ് വത്തിനെ നിങ്ങൾ ഫോക്കസ് ചെയ്യുന്നത് എന്തിന്നാണ്?  മുസ്ലിം സമൂഹത്തിൽ എന്ത് മാത്രം നന്മകൾ ഈ പ്രസ്ഥാനം ചെയ്തിട്ടുണ്ട്? ........ഇങ്ങിനെ പോകുന്നു ചോദ്യങ്ങൾ.

വാസ്തവത്തിൽ,പ്രത്യേകമായി ഒരു സംഘടനയെയോ പ്രസ്ഥാനത്തെയോ
മുഖ്യ ശത്രുവായി കാണുകയോ അതിനെ എന്തെങ്കിലും
താല്പര്യത്തിന്റെ പേരിൽ വിമർശിച്ചു നിലം പരിശാക്കുകയെന്നത്
ലക്ഷ്യമായി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. പക്ഷെ, സുന്നത്തിനു എതിരാവുന്ന കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയും
തിരുത്തൽ നിർദേശിക്കുകയും ചെയ്യുമ്പോൾ,
പ്രസ്ഥാനത്തിന്റെ പേരോ മേൽവിലാസമോ അവർ ചെയ്ത സേവനമോ മുൻനിർത്തി, പറയേണ്ട കാര്യങ്ങൾ മൂടി വെക്കുകയോ, മറച്ചു വെക്കുകയോ ചെയ്യാറില്ല. അത് ഇസ്ലാം ദീനിനോടും സുന്നത്തിനോടുമുള്ള ഗുണകാംക്ഷയുടെ പേരിൽ മാത്രമാണ്. എന്നാൽ മറ്റു സംഘടനകളെക്കാൾ കൂടുതലായി കെ എന്നെമ്മിനെ വിമർശിക്കുന്നു എന്നത് കഴമ്പില്ലാത്ത ഒരു ആരോപണം മാത്രമാണ്.

ചില വിഷയങ്ങളിൽ വിമർശിക്കുമ്പോൾ നദ് വത്തിനു  മറ്റുള്ളവരേക്കാൾ
കൂടുതൽ പരിക്കേൽക്കാം. അതിനു പ്രധാനമായും രണ്ടു കാരണങ്ങളുണ്ട്.

ഒന്ന് : കേരളത്തിൽ ഖുർആനും സുന്നത്തും സലഫുകളുടെ മാർഗം
 അഥവാ മൻഹജ് സ്വീകരിച്ചു കൊണ്ട് ദഅവത്തു
 നടത്തുന്നത് അവരാണ് എന്ന്, അവർ അവകാശപ്പെടുന്നു.
 അത് കേവലം ഒരു അവകാശ വാദം മാത്രമാണെങ്കിലും,അതിനു ഒരു സ്വീകാര്യത ഉണ്ട്.
ഇവരുടെ അവകാശ വാദം ശരിയാണെന്ന് തെറ്റിദ്ധരിച്ചു സാധാരണക്കാരായ ആളുകൾ
 ഇവരുടെ കെണിയിൽ വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്.  ഇത് വളരെ അപകടകരമായ കാര്യമാണ്. നേരെ മറിച്ച്, കേരളത്തിൽ മറ്റൊരു സംഘടനയും ഇവരെപ്പോലെ  " ഖുർആനും സുന്നത്തും സലഫുകളുടെ
മാർഗവും സ്വീകരിക്കുന്നു" എന്നവകാശപ്പെടുന്നില്ല. !! ഏറ്റവും ശരിയാണെന്ന് മനസ്സിലാക്കി സ്വീകരിച്ചിട്ടു അങ്ങിനെ അല്ലെങ്കിൽ ഉള്ള അപകടം എന്തായിരിക്കും? ഒന്ന് കൂടി വ്യക്തമായി പറഞ്ഞാൽ, മറ്റു  സംഘടനകളുടെ അപകടം, ഒരു സത്യാന്വേഷിയായ സാധാരണക്കാരനെ എളുപ്പം പറഞ്ഞു ബോധ്യപ്പെടുത്താൻ സാധിക്കും .  ഖുർആനും ഹദീസും ഉദ്ധരിച്ചു കൊണ്ട്,  ശിർക്കും ബിദ്അത്തും പ്രചരിപ്പിക്കുകയും, അതിലേക്കു ക്ഷണിക്കുകയും ചെയ്യുന്ന ഖുബൂരികളുടെയും സൂഫികളുടെയും യഥാർത്ഥ ചിത്രം വരച്ചു കാട്ടുക  എളുപ്പമാണ്. തൗഹീദിന്റെ പ്രാധാന്യവും അതിനെ അവഗണിക്കുമ്പോഴുള്ള അപകടവും ചൂണ്ടിക്കാട്ടി മതരാഷ്ട്രവാദത്തെയും ഖണ്ടിക്കാം. എന്നാൽ ഒരേ സമയം സലഫിയ്യത്തു അവകാശപ്പെടുകയും ശിർക്കിനെയും ബിദ്അത്തിനെയും മത രാഷ്ട്രവാദത്തെയും എതിർക്കുകയും ചെയ്യുന്ന  കെഎന്നമിന്റെ  മൻഹജിലുള്ള വക്രത സാധാരണക്കാരനെ ബോധ്യപ്പെടുത്താൻ പ്രയാസമാണ്. അത് കൊണ്ട്  തന്നെ കെ എന്നം കൂടുതലായി മൻഹജിയായ  ഖണ്ടനത്തിനു അർഹത നേടുന്നതിൽ അൽഭുതമില്ല.

രണ്ട്: കേരളത്തിൽ നിലവിലുള്ള മറ്റേതു സംഘടനയെക്കാളും സലഫിയ്യത്തിലേക്ക് "അടുത്ത്" നിൽക്കുന്നത് നദ് വത്തുൽ മുജാഹിദീൻ ആണ്. ഈ അഭിപ്രായം  ആരും തെറ്റിദ്ധരിക്കുകയോ ദുർവ്യാഖ്യാനിക്കുകയോ ചെയ്യേണ്ടതില്ല.  അത് കൊണ്ടാണ് അടുത്ത് എന്ന വാക്ക് പ്രത്യേകമായി നൽകിയത്. അടുത്ത് നിൽക്കുന്നു എന്ന് പറഞ്ഞാൽ അകത്തു എന്നർത്ഥമില്ലല്ലോ. ! അപ്പോൾ, മറ്റാരെക്കാളും സലഫിയ്യത്ത് മനസ്സിലാകാനും ഉൾക്കൊള്ളാനുമുളള സാധ്യതയും സാഹചര്യവും കെ എന്നെമ്മിനുണ്ട്.
അള്ളാഹുവിന്റെ ഹിദായത്ത്, ആർക്കു, എങ്ങിനെയാണ് വന്നെത്തുകയെന്നു പ്രവചിക്കാൻ കഴിയില്ലല്ലൊ. ഒരു നിമിഷത്തെ ഓർമ്മപ്പെടുത്തൽ മാറി ചിന്തിക്കാനുള്ള തൗഫീക്ക് ലഭിക്കാൻ സഹായകാവുമെങ്കിൽ,  അത് തീർച്ചയായും സ്തുത്യർഹം തന്നെ.
പ്രമാണങ്ങളോടുള്ള അവരുടെ സാമീപ്യം,  സത്യം പൂർണ്ണമായി സ്വീകരിക്കാനും സലഫുകളുടെ മൻഹജ് അക്ഷരാർത്ഥത്തിൽ പിന്പറ്റാനും പ്രചോദനമാകട്ടെയെന്നു തന്നെയാണ് പ്രാർത്ഥന.

(തുടരും - ഇന്ശാ അള്ളാ)

Thursday, March 14, 2013

വിമർശകരോട് - 9

വിമര്‍ശകരോട് (9)

അഹ്ലുസ്സുന്നയും വിമര്‍ശകരും (VI)

സംഘടന ഇല്ലാതെ എങ്ങിനെ ദഅവത്തു നടത്തും?


ഈ ചോദ്യം കേള്ക്കാത്ത സലഫികൾ കുറവായിരിക്കും. മത സംഘടനകള്ക്ക് തഴച്ചു വളരാൻ കേരളം പോലെ വളക്കുറുള്ള മണ്ണ് ലോകത്ത് വേറെ കാണില്ല. അത്രയ്ക്ക് ഞൊടിയിടയിൽ ജന്മം കൊള്ളുകയും തള്ളയേത് പിള്ളയേത് എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത രൂപത്തിൽ വളര്ന്നു തടിച്ചു കൊഴുക്കുകയും ചെയ്യുന്നു  ഇവിടെ മത സംഘടനകൾ. വളര്ച്ചക്കനുസരിച്ചു ശാഖകളും ഉപശാഖകളുമായി പന്തലിച്ചു മത വൃത്തവും  കടന്നു സാമുഹ്യ രാഷ്ട്രീയ മേഖലകൾ കൂടി കയ്യടക്കിക്കൊണ്ടിരിക്കുകയാണ്.

മുകളിലെ ചോദ്യം ഉന്നയിക്കുന്ന സാധാരണക്കാരനെ സംബന്ധിച്ചേടത്തോളം സംഘടനയിൽ നിന്ന് മുക്തമായ ഒരു ദീനും സുന്നത്തും ദഅവത്തുമൊന്നും അവനു ഊഹിക്കാൻ  പോലും കഴിയില്ല. അത്രയ്ക്ക് ദീനിന്റെ ഒഴിച്ചുകുടാൻ പറ്റാത്ത അവിഭാജ്യ ഘടകമായി സംഘടന മാറിയിട്ടുണ്ട്, അല്ലെങ്കിൽ മാറ്റിയിട്ടുണ്ട്. അതിന്റെ തട്ടകത്തിലാണ് അവൻ ജനിച്ചതും പിച്ചവെച്ചതും വളർന്നതുമെല്ലാം. കേരളത്തിന്റെ എല്ലാ മുക്ക് മൂലകളിലും ശാഖകൾ ഇല്ലാത്ത ഒരു മതസംഘടനയും ഇല്ല. ഏതെങ്കിലും ഒന്നിൽ ഭാരവാഹിത്വമോ ഏറ്റവും കുറഞ്ഞത്‌ അംഗത്വമോ എങ്കിലും ഇല്ലാത്ത ആളുകൾ അപുർവ്വങ്ങളിൽ അപുർവ്വവും.
സംഘടനയുമായി ബന്ധമില്ലെങ്കിൽ ജീവിക്കാൻ പോലും പ്രയാസം നേരിടേണ്ടി വരുമെന്ന് അവർക്കറിയാം. ഈ പശ്ചാത്തലത്തിൽ നിന്ന് വേണം മുകളിലെ ചോദ്യത്തെ വിലയിരുത്താൻ.

മത സംഘടനകളുടെ സാമുഹിക ഇടപെടലുകൾ സാധാരണക്കാരെ ലക്‌ഷ്യം വെച്ച് കൊണ്ടുള്ളതാണ്. സമുഹത്തിന്റെ വിദ്യാഭ്യാസ-സാമ്പത്തിക-ആതുര സേവന രംഗങ്ങളിലേക്കുള്ള സംഘടനകളുടെ കടന്നു കയറ്റം അവയുടെ വളർച്ചയെ തെല്ലൊന്നുമല്ല സഹായിച്ചിട്ടുള്ളത്.  ഇത് അവർ നന്നായി മനസ്സിലാക്കുകയും മുതലെടുക്കുകയും ചെയ്യുന്നുവെന്നതാണ് വസ്തുത.  പൊതു മനസ്സുകളിൽ, കേവലം തൗഹീദും സുന്നത്തും പറഞ്ഞാൽ കിട്ടാത്ത സ്വീകാര്യത,  പരിസര മലിനീകരണത്തെക്കുറിച്ചും, ജലസ്രോദസ്സുകൾ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും പറഞ്ഞാൽ കിട്ടും.  മതപരമായ  ഒരറിവുമില്ലെങ്കിലും,  ഒരു ചാനൽ ചർച്ചയോ, ഏതെങ്കിലും ഒരു പ്രസിദ്ധീകരണത്തിന്റെ കവർ സ്റ്റോറിയോ കണ്ടാൽ വിഷയ ദാരിദ്ര്യവും തീര്ന്നു കിട്ടും. പൊതു ജനങ്ങളെ
 സംബന്ധിച്ചേടത്തോളം, അവർ കടന്നു ചിന്തിക്കുകയും സംഘടനക്കാരുടെ ഏനക്കേടുകൾ പെട്ടെന്ന് കണ്ടു പിടിക്കുകയും ചെയ്യില്ലായെന്നുമുള്ള ബോധ്യം തങ്ങൾക്കു അനുകൂല ഘടകമായി അവർ വ്യാഖ്യാനിക്കുന്നു.

ഒരു സലഫി ചിന്തിക്കുന്നത് മറിച്ചാണ്.  തൗഹീദിന്റെയും സുന്നത്തിന്റെയും പ്രഭ പരത്താൻ മറ്റാരുമില്ലാത്ത ഒരു നാട്ടിൽ, ദീനിനെക്കുറിച്ചു ഒരറിവുമില്ലാത്ത ഏതൊരാൾക്കും നിഷ്പ്രയാസം ചെയ്യാൻ കഴിയുന്നതും, ഒരുപാട് ആളുകൾ ചെയ്തു കൊണ്ടിരിക്കുന്നതുമായ ഉപരി സൂചിത മേഖലകളിൽ അവർ തന്നെ നിലകൊള്ളട്ടെ. അല്ലാഹുവിന്റെ ദീനും നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ സുന്നത്തും സംരക്ഷിക്കുകയും അവ ജീവിതത്തിൽ പകർത്തുകയും, അടുത്ത തലമുറക്ക്‌ കൈമാറാൻ അദ്ധ്വാനിക്കുകയും ചെയ്യുന്ന ന്യുനപക്ഷത്തിന്റെ കുടെയാവട്ടെ എന്റെ ഊർജം. 
ഈ ചിന്തയല്ല ആധുനിക നവോഥാന സംഘടനകൾ പങ്കു വെക്കുന്നത് എന്ന് തിരിച്ചറിയുമ്പോൾ മാത്രമേ  ഒരു സാധാരണക്കാരന് സലഫിയുടെ മഹത്വം ഉൾകൊള്ളാൻ കഴിയൂ.

ദഅവത്ത് നടത്താൻ വേണ്ടത് ദീനിനെക്കുറിച്ചുള്ള അറിവാണെന്ന്, ഒരു സംഘടനക്കാരനും  ഇത് വരെ പൊതു ജനങ്ങൾക്ക്‌  പറഞ്ഞു കൊടുത്തിട്ടില്ല. വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന് പറഞ്ഞത് പോലെ, പണ്ടിതന്മാരെന്നു പറയപ്പെടുന്നവരെല്ലാം സംഘടനാ പ്രവർത്തകരായ നിലക്കാണ് സാധാരണക്കാർ കണ്ടിട്ടുള്ളത്. ഇതിനപ്പുറം ചിന്തിക്കാനോ, കിതാബുകൾ പരിശോധിക്കാനോ ഉള്ള സാങ്കേതിക ജ്ഞാനം അവർക്കൊട്ടില്ലതാനും.

ശൈഖുൽ ഇസ്ലാം ഇബ്ൻ തീമിയ, ഇമാം മുഹമ്മദ്‌ ബിൻ അബ്ദിൽ വഹാബ് - രഹിമഹുമുല്ലാഹ്- തുടങ്ങിയ അഹ്ലുസ്സുന്നത്തിന്റെ ഉലമാക്കളെ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ചതല്ലാതെ, ഉലമാക്കൾ ആരെന്നോ ദീനിൽ അവർക്കുള്ള സ്ഥാനം എന്തെന്നോ അവരോടുള്ള  ഹുഖൂഖുകളും അദബുകളും എങ്ങിനെയെന്നോ ഇവർ സ്വയം മനസ്സിലാക്കുകയോ മറ്റുള്ളവരെ പഠിപ്പിക്കാൻ പരിശ്രമിക്കുകയോ ചെയ്തിട്ടില്ല.

ആളെക്കൂട്ടുകയും, അവരുടെ തലയെണ്ണി   ആദർശത്തിന്റെ സത്യസന്ധതയും, സ്വീകാര്യതയും സ്ഥാപിക്കാൻ പ്രത്നിക്കുകയും, വിനോദ മാധ്യമങ്ങളിലെ  നായകന്മാരെ ഓർമിപ്പിക്കുന്ന വിധത്തിൽ , ചില വ്യക്തികളെ കേന്ദ്രീകരിച്ച്  "ഫാൻസ്‌ അസോസിയേഷൻ "  മാമാങ്കങ്ങളായി (( ദഅവത്തു)) പരിണമിക്കുകയും ചെയ്ത ആധുനിക നവോഥാന പ്രസ്ഥാനങ്ങളുടെ മുഖം എത്ര വികൃതമല്ല? 

 ഓരോരുത്തരും പ്രവർത്തിക്കുന്ന സംഘടനയാണ് അണികളുടെ ആദർശ-വിശ്വാസങ്ങൾ  നിശ്ചയിക്കുന്നത് എന്ന അവസ്ഥ വരുമ്പോൾ, സ്വാഭാവികമായും സംഘടനയില്ലാതെ ദീനി ദഅവത്തു അസംഭവ്യം എന്ന ധാരണയുണ്ടായിത്തീരുന്നു.

ഒരു സലഫിയുടെ ക്ഷമയും ഗുണകാംക്ഷയും അനിവാര്യമാക്കുന്ന അപൂർവ്വം സന്ദർഭങ്ങളിൽ ഒന്നത്രെയിതു. സത്യം ഏറ്റവും നന്നായി അറിയുന്നവരും, മുസ്ലിംകളോട് ഏറ്റവും കരുണയുള്ളവരുമായ സലഫികൾ ക്ഷമ കാണിച്ചില്ലെങ്കിൽ മറ്റാരുണ്ട്  അവരോടു ക്ഷമ കാണിക്കാൻ?

കേരളത്തിന്റെ "ഠ" വട്ടത്തിനേക്കാൾ വിസ്തൃതിയും, സംഘടനകളുടെ ചരിത്രത്തെക്കാൾ പാരമ്പര്യവും സലഫീ ദഅവത്തിന് ഉണ്ടെന്ന്  മുസ്ലിം പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ, സംഘടനക്കാരൻ അവരുടെ മനസ്സുകളിൽ തീർത്ത കരിമ്പടങ്ങൾ അഴിച്ചു മാറ്റെണ്ടതുണ്ട്. 
അതിനു മുമ്പ് , അവരോടു നടത്തുന്ന ഏതു  തരത്തിലുള്ള ഇടപെടലുകളും കാര്യമായ ഫലം പ്രദാനം ചെയ്യില്ല.

അഹ്ലുസ്സുന്നതിന്റെ ഉസൂലുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട്,  പ്രമാണങ്ങൾ നിരത്തി സംവദിക്കുമ്പോൾ, ഭൌതിക താൽപര്യങ്ങളാൽ പ്രലോഭിതമാവാത്ത മനസ്സുകൾ ആരോഗ്യകരമായി തന്നെ പ്രതികരിക്കും എന്നതാണ് അനുഭവ പാഠം.

(തുടരും, ഇൻശാഅല്ലാഹ്)

Wednesday, March 13, 2013

വിമർശകരോട് - 8

വിമര്‍ശകരോട് (8)

അഹ്ലുസ്സുന്നയും വിമര്‍ശകരും (V)


സംഘടനയില്ലാതെ പ്രവര്‍ത്തിക്കുന്ന തബ്ലീഗ് ജമായത്തും സംഘടന പാടില്ലായെന്നു  പറയുന്നവരും തമ്മില്‍ എന്ത് വിത്യാസമാണെന്നാണ് ചിലരുടെ സംശയം. ഇത് ശരിയാണല്ലോയെന്നു ചിലരെങ്കിലും ആലോചിക്കുകയും ചെയ്തെക്കാം. പക്ഷെ നൂറ് ശതമാനവും തെറ്റായ ഒരു നിഗമനമാണിത്. കാരണം, തബ്ലീഗ് ജമായത്തിന് സംഘടനാ സെറ്റപ്പ് പ്രകടമായി ഇല്ലെങ്കിലും, കൃത്യമായ നേതൃത്വവും അനുസരണയുള്ള അനുയായികളുമായി, അവരുടേതായ പ്രവര്‍ത്തനങ്ങള്‍  അവര്‍ നടത്തുന്നുവെന്ന് നിരീക്ഷകര്‍ക്കറിയാം.

എന്നാല്‍, അടിസ്ഥാനപരമായ അന്തരം ഇതല്ല. അതായത്, അഹ്ലുസ്സുന്നയുമായി തബ്ലീഗ് ജമായത്ത് വേര്‍തിരിയുന്നത് അവര്‍ പിന്തുടരുന്ന മന്‌ഹജിലാണ്.  അല്ലാഹുവിന്റെ കിതാബും, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സുന്നത്തും, സലഫുകള്‍, അഥവാ സ്വഹാബത്ത് എങ്ങിനെ മനസ്സിലാക്കുകയും അമല്‍ ചെയ്യുകയും ചെയ്തോ എന്ന് പരിശോധിച്ച് കൊണ്ട്, അവരുടെ പാതയാണ്  അഹ്ലുസ്സുന്ന സ്വീകരിക്കുന്നതെങ്കില്‍, തബ്ലീഗ് ജമായത്തിനു പ്രമാണങ്ങളെക്കുറിച്ചോ മന്ഹജിനെക്കുറിച്ചോ വളരെ കുറഞ്ഞ അറിവ് മാത്രമെയുള്ളൂ. പത്തോ ഇരുപതോ കൊല്ലം തബ്ലീഗ് ജമായതിന്റെ കൂടെ നടക്കുകയും, വര്‍ഷത്തില്‍ മാസങ്ങളോളം "ജമായത്ത്" പോവുകയും ചെയ്യുന്ന ഒരാളോട് ലാ ഇലാഹ ഇല്ലള്ളാ എന്നതിന്റെ അര്‍ഥം ചോദിക്കണമെന്നില്ല. നിങ്ങള്‍ ആരെയാണ് പിന്തുടരുന്നത്? നിങ്ങളുടെ മന്ഹജ് എന്താണ് എന്നൊക്കെ ചോദിച്ചാല്‍ തന്നെ അയാള്‍ നിസ്സഹായമായ ഒരു നോട്ടമായിരിക്കും നിങ്ങള്ക്ക് മറുപടിയായി നല്‌കുക.

നമസ്കാരത്തിന് പ്രോത്സാഹനം നല്‍കുകയും,  ദിക്റിന്റെ മഹത്വം ഓര്‍മിപ്പിക്കുകയും സ്നേഹപുര്‍വ്വം സംസാരിക്കുകയും നല്ലത് പറയുകയും, പരമാവധി വസ്ത്രം കയറ്റിയുടുത്തു താടി നീട്ടി വളര്‍ത്തുകയും ചെയ്ത  ആളെ കാണുമ്പോള്‍ , അയാളോട് സഹതാപം തോന്നുകയും, സാത്വികന്‍ എന്ന് തെറ്റിദ്ധരിക്കുകയും ചെയ്യേണ്ടതില്ല. കാരണം, കേവലം ബാഹ്യമായ ഭാവഹാവാതികളെക്കാള്‍ പ്രാധാന്യം ഒരാളിലെ വിശ്വാസത്തിനാണ്, അയാള്‍ സ്വീകരിച്ച മന്‌ഹജിനാണ്.

യഥാര്‍ത്ഥ വഴിയില്‍ നിന്ന് വ്യതിചലിച്ചു പോയ ഖവാരിജുകള്‍, അവരുടെ നമസ്കാരവും നോമ്പും മറ്റു സല്‍കര്‍മ്മങ്ങളും സ്വഹാബതിന്റെതിനേക്കാള്‍  മികച്ചതാണെന്ന് പോലും തോന്നുന്ന വിധത്തിലുള്ളതായിരുന്നു. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം വധിക്കാന്‍ കല്പിച്ച ആളുടെ നമസ്കാരവും ഭക്തിയും കണ്ട് അബൂബക്കറും ഉമറും ( രദിയല്ലാഹു അന്ഹുമാ) വധിക്കാതെ തിരിച്ചു വരുന്നു. അത്രയ്ക്ക് ഭക്തിയുള്ളവരായിരുന്നു ഖവാരിജുകള്‍.  പക്ഷെ അവരുടെ അഖീദ, അങ്ങേയറ്റം പിഴച്ചതും. പിഴച്ച അഖീദയില്‌ എടുക്കപ്പെട്ടതായിരുന്നു അവരുടെ അമലുകള്‍.

ധാരാളമായി അമലുകള്‍ ചെയ്യുന്നുവെന്നതോ, ബാഹ്യരൂപമോ, പ്രകടമായ തഖ്‌വയോ കൊണ്ട് മാത്രം ആരുടേയും മന്ഹജ് ശരിയാണ് എന്ന് പറയാനും വിലയിരുത്താനും കഴിയില്ല.

സംഘടനക്കാരന് ഉള്ളതിനേക്കാള്‍ കഠിനമായ പക്ഷപാതിത്വം ഉള്ളവനാണ് ഒരു തബ്ലീഗ്കാരന്‌. സുന്നത്തുകളെക്കുറിച്ചും, അത് പ്രയോഗവല്‍ക്കരിക്കേണ്ട രീതിയെക്കുറിച്ചും പറയുമ്പോള്‍, അവന്‍ ഒരു നല്ല കേള്‍വിക്കാരനായിരിക്കും. എന്നാല്‍ പറഞ്ഞതില്‍ ഒന്ന് പോലും അയാളുടെ തലയിലേക്ക് കയറിയിരിക്കില്ല ! സംഘടനക്കാരന്‍ എതിര്‍ത്ത് നില്‌ക്കും. ആ എതിര്‍പ്പ് ആശാവഹമാണ്. വിഷയത്തോട് പ്രതികരിക്കുന്നുവെന്നതു ശുഭ സുചകമാണ്. അതാണ്‌ തബ്ലീഗുകാരന്റെ  പക്ഷപാതിത്വം അതികഠിനമാണെന്ന് പറഞ്ഞത്. എതിര്‍ക്കാതിരിക്കുകയെന്നത് അവന്റെ ഒരു സുത്രവും. !

ദീനിനെക്കുറിച്ചും, സുന്നത്തിനെക്കുറിച്ചും, സാമാന്യത്തില്‍ കുറഞ്ഞ അറിവും, അവ പഠിക്കാന്  അതിന്റെ അവകാശികളിലെക്ക് എത്താന്‍ പോലുമുള്ള ആശയദാരിദ്ര്യം വേണ്ടുവോളവുമുള്ള ഒരു തബ്ലീഗ് ജമായതുകാരന്‍ മുസ്ലിം പൊതു സമുഹത്തിന് ഏറെ അപകടകാരിയാണ്.

(തുടരും, ഇനശാ അല്ലാഹു)





Monday, March 11, 2013

വിമർശകരോട് - 7

വിമര്‍ശകരോട് (7)

അഹ്ലുസ്സുന്നയും വിമര്‍ശകരും - IV

വിമര്‍ശനത്തിന്റെ കുന്തമുന അഹ്ലുസ്സുന്നക്കു നേരെ തിരിച്ചു വെച്ച് നിദ്രാവിഹീനങ്ങളായ കണ്ണുകളോടെ കൊത്തി വലിക്കാന്‍ അവസരത്തിന് കാത്തിരിക്കുന്ന ഒരു പാട് വിഭാഗങ്ങളുണ്ട്.

ഇസ്ലാമിന്റെയും മുസ്ലിമ്കളുടെയും സംരക്ഷകരും, പ്രചാരകരും സുന്നത്തിന്റെ അവകാശികളുമായി വേഷം കെട്ടിയാടുന്ന ഈ വിഭാഗങ്ങളെല്ലാം താന്താങ്ങളുടെ സംഘടനയുടെ ബ്രാന്‍ഡ്‌ അമ്പാസഡര്‍മാര്‍  എന്നതില്‍ കവിഞ്ഞു മറ്റൊരു വിശേഷണത്തിനും യോഗ്യരോ അര്ഹരോ അല്ല.

പല നാട്ടിലും പല വിശേഷണങ്ങളിലുടെയും ഇവര്‍  അഹ്ലുസ്സുന്നയെ പരിഹസിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നത്, ഇവരുടെ സങ്കുചിതമായ സംഘടനാ താല്പര്യത്തിന്റെ പേരില്‍ മാത്രമാണ്.

സത്യത്തിന്റെ വാഹകരും അതിന്‍റെ സഹചാരികളുമാണെന്ന് സാധാരണക്കാരെ തെറ്റിധരിപ്പിക്കാന്‍  കിണഞ്ഞു പരിശ്രമിക്കുകയും അതില്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തിട്ടുള്ള ഇവരുടെ വിമര്‍ശന ശരങ്ങളില്‍ നിന്ന്, രക്ഷപ്പെടുകയെന്നത് അചിന്ത്യമത്രെ.

സംഘടനയില്ലാത്ത സംഘടനക്കാര്‍, യമനീ ത്വരീഖതുകാര്‍ , സുബൈരികള്‍, തുടങ്ങി, ഒരു മനുഷ്യന്‍ വിളിക്കപ്പെടാന്‍ ആഗ്രഹിക്കാത്ത ഒരു പാട് വിളിപ്പേരുകളും വിശേഷണങ്ങളും അവര്‍ അഹ്ലുസ്സുന്നക്കാര്‍ക്ക് ചാര്‍ത്തി നല്‌കിയിട്ടുണ്ട്.

ഈവക വിളിപ്പേരുകളോ, ആക്ഷേപങ്ങളോ വാസ്തവത്തില്‍ മനസ്സിലാക്കിയ യാഥാര്‍ത്യങ്ങളില്‍  നിന്ന് പിന്തിരിയാനോ, വിമശകര്‍ക്ക് നേരെ പ്രത്യാക്രമണത്തിന്റെ ആയുധത്തിന് മുര്‍ച്ച കുട്ടാനൊ തുനിയാതെ, മനസ്സിലാക്കിയ സത്യം, വിമര്‍ശകരുടെ മനോമുകുരത്തില്‍ എങ്ങിനെ നിശബ്ദമായി മുളപ്പിക്കാം എന്ന് മാത്രമേ ഒരു യഥാര്‍ത്ഥ സലഫി ആലോചിക്കുകയുള്ളൂ.

പക്ഷെ ഈ നിശബ്ദ പ്രാര്‍ത്ഥന പോലും മനസ്സിലാക്കാന്‍ കഴിയാത്ത, പാവം സംഘടനക്കാരന്‍ തല പുണ്ണാക്കുന്നത് "ഇവരുടെ കാര്യം മഹാ കഷ്ടം" എന്നാലോചിച്ചു കൊണ്ടാണ്. ഏതു വിമര്‍ശനത്തിനും ഞൊടിയിടയില്‍ മറുപടി നല്‍കിയും, കൊടുത്തും ശീലിച്ചവരില്‍ നിന്ന് ഇത് പ്രതീക്ഷിക്കാവുന്നത് തന്നെയാണ്.

സത്യത്തിന്റെ ശക്തി എത്ര മാത്രം ബലിഷ്ഠവും, സ്ഥായീഭാവവുമുള്ളതുമാണെന്ന് മനസ്സിലാക്കാന്‍ വേണം ഒരരിവു. അസത്യത്തിന്റെ കൂത്തരങ്ങില്‍ കെട്ടിയാടുന്നവര്‍ക്ക് തിരിച്ചറിയാന്‍ പ്രയാസമുള്ളതും ഈ അറിവ് തന്നെയാണ്.

ഇവിടെ സത്യമെന്ന് പറയുമ്പോള്‍, ഞാനുദ്ദേശിക്കുന്നത്, അല്ലാഹുവിന്റെ ദീന്‍ അതു പോലെ സ്വീകരിക്കലും, സുന്നത്തിനെ പിന്‍പറ്റലുമാണ്. അസത്യമെന്ന് പറഞ്ഞാല്‍, സുന്നത്തിനു എതിരായത് സ്വീകരിക്കലും, ഹവയെ അഥവാ ബിദ്അത്തിനെ പിന്‍പറ്റലും, സഹായിക്കലുമാണ്. ബിദ്അത്തെന്നു പറഞ്ഞാല്‍, ഫജര്‍ നമസ്കാരത്തില്‍ ഖുനുത്തു ഓതലും, നമസ്കാരാനന്തര കുട്ടുപ്രാര്തഥനയും, തുടങ്ങി ഏതാനും ചില കര്മാപരമായ ബിദ്അത്തുകള്‍ മാത്രമാണെന്ന് തെറ്റിദ്ധരിക്കുകയും അരുതു. നബി ചര്യക്ക്‌ വിരുദ്ധമായ കാര്യങ്ങള്‍ ദീന്‍ എന്ന നിലയില്‍, സ്വീകരിക്കുകയും പുണ്യം പ്രതീക്ഷിക്കുകയും ചെയ്‌താല്‍ അത് ബിദ്അതായ്തീര്‌ന്നു. അതിന്റെ സ്ഥിരീകരണത്തിനു എന്തു ന്യായീകരണങ്ങള്‍ നിരത്തിയാലും.

ഒരു പാട് നന്മകള്‍ ചെയ്യുന്ന ഞങ്ങളുടെ സംഘടനയെ നിങ്ങളെന്തിനു എതിര്‍ക്കുന്നു എന്നാണു ചിലരുടെ ചോദ്യം. ഓരോ സംഘടനക്കാരനും തങ്ങളുടെ സംഘടന തങ്ങളോടു നല്ലത് മാത്രമേ കല്പിക്കുന്നുള്ളൂവെന്ന മുന്‍വിധിയുള്ളവനാണ്. ഒരു സജീവ പ്രവര്‍ത്തകന്‍ ഒരിക്കലും നേതൃത്വത്തിന്റെ തീരുമാനങ്ങളെയോ, വീക്ഷണങ്ങളെയോ സംശയദൃഷ്ടിയോടെ സമീപിക്കില്ലായെന്ന ബോധ്യമാണ് സംഘടനയുടെ കരുത്ത്.  സുന്നത്തിനു എതിരായ പലതും ഈ ഒരു കരുത്തിന്റെ പിന്‍ബലത്തില്‍ അംഗീകരിക്കപ്പെടുകയും എതിര്‍ക്കപ്പെടാത്ത നിലയില്‍ ജനങ്ങളില്‍ വ്യാപിക്കുകയും ചെയ്യുന്നു.  ഇവിടെയാണ്‌ സാധാരണ ജനങ്ങളെ സംഘടന സൌകര്യപുര്‍വ്വം വഞ്ചിക്കുന്നതു.

" നല്ലതെന്ന്" കരുതി പ്രചരിപ്പിക്കപ്പെടുന്ന പലതും
ശറഈ വീക്ഷണ കോണിലുടെ സമീപിക്കുമ്പോള്‍
തള്ളേണ്ടതോ തിരുത്തേണ്ടതോ ആണെന്ന് ബോധ്യമാവും.
സംഘടനക്കാര്‍ പ്രചരിപ്പിക്കുന്ന പല "നന്മകളുടെയും" വസ്തുത ഇതാണ്. ഇനി ചില നന്മകള്‍  ഉണ്ടെന്നു സമ്മദിച്ചാല്‍ തന്നെ, സംഘടനയെന്ന തിന്മയെ വിമര്‍ശന മുക്തമാക്കാന്‍  കഴിയുമോ ?
അങ്ങിനെയാവുമ്പോള്‍ ഒരു സംഘടനയെയും വിമര്‍ശിക്കാന്‍ പാടില്ലെന്ന് വരണം. കാരണം, തീരെ  നന്മയില്ലാത്ത സംഘടനകളുണ്ടാവില്ലല്ലോ?  അപ്പോള്‍ നന്മയുടെ തുക്കം നോക്കിയല്ല വിമര്‍ശനം വേണ്ടതെന്നര്‍ത്ഥം. മറിച്ചു സുന്നത്തില്‍ അധിഷ്ടിതമാണോ എന്ന് പരിശോധിച്ചു കൊണ്ടാണ്.

ഒരു മുസ്ലിമിനെ സംബന്ധിച്ചേടത്തോളം, നന്മകളുടെ ആധാരം , അള്ളാഹുവിന്റെ ദീന് ആണ്.  അതിനു പകരം മനുഷ്യബുദ്ധിയെ അവലമ്പമാക്കുമ്പോഴാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്.

സംഘടന ഇസ്ലാമിക ദഅവത്തിന് ഉള്ള ശറഈ ആയ മാര്‍ഗം ആണെന്ന് ആരാണ്  പറഞ്ഞത്?  അല്ലാഹു  പറഞ്ഞോ? നബി സ്വല്ലല്ലാഹു അലൈഹി വസല്ലം കാണിച്ചു തന്നോ?  സ്വഹാബത്തും താബിഉകളും അങ്ങിനെ മനസ്സിലാക്കിയിട്ടുണ്ടോ? അഹ്ലുസ്സുന്നതിന്റെ പൌരാണികരോ ആധുനികാരോ ആയ പ്രാമാണികരായ ഉലമാക്കല്‌ ആരെങ്കിലും പറഞ്ഞതായി ഉണ്ടോ?  എവിടെയുമില്ല, എന്നല്ല, പ്രമാണങ്ങള്‍ മുമ്പില്‍ വെച്ച് പഠനം നടത്തുമ്പോള്‍, ദഅവത്തിന് വേണ്ടി സംഘടനയുണ്ടാക്കാന്‍ പാടില്ലായെന്നാണ് കിട്ടുക.  മറിച്ചുള്ള വാദം പ്രമാണവിരുദ്ധമായ കേവല ബുദ്ധിയുടെതും യുക്തിയുടെതും മാത്രമാണ്.
ഇതാണ് സംഘടനകള്‍ വിമര്ശിക്കപ്പെടാനുള്ള അടിസ്ഥാന ഹേതു.

(തുടരും, ഇന്ഷാ അല്ലാഹു)






Tuesday, March 5, 2013

വിമർശകരോട് - 6

വിമര്‍ശകരോട് (6)

 അഹ്ലുസ്സുന്നയും വിമര്‍ശകരും -III


അഹ്ലുസ്സുന്നയുടെ പ്രധാന വിമര്‍ശകര്‍, അഹ്ലുല്‍ ഖിബ്-ലയില്‍ പെട്ട ആളുകളാണ്. അതായത്, ഒരേ ഖിബ്-ലയിലേക്ക്‌, കഅബയിലേക്ക്, അഭിമുഖമായി നിന്ന് നമസ്കരിക്കുന്നവരായ ബിദ്ഈ കക്ഷികളെല്ലാം. കഅബക്ക് നേരെ തിരിഞ്ഞാണ് നമസ്കരിക്കേണ്ടത് എന്ന കാര്യത്തില്‍ മുസ്ലിം ലോകത്ത് ഒരു കക്ഷിക്കും അഭിപ്രായ വിത്യാസമില്ല.

ഇസ്‌ലാം ദീനിന്‍റെ ഉള്ളില്‍ നിന്നുള്ള ശത്രുക്കളെയും, അതിര്‍ത്തിയില്‍ നിന്ന് കൊണ്ട് പുറത്തു നിന്നുള്ള ബാഹ്യ ശത്രുക്കളെയും ഒരു പോലെ നേരിടുന്നത് അഹ്ലുസ്സുന്നയുടെ ഉലമാക്കളാണല്ലോ.

 അഹ്ലുസ്സുന്നയുടെ അഇമ്മത്തിനെയും, അഹ്ലുസ്സുന്നയെ മൊത്തത്തിലും വിമര്‍ശിക്കുന്ന അഹ്ലുല്‍ അഹ്-വാഇ  വല്‍   ബിദ്ഇനു പ്രത്യേകിച്ച് നഷ്ടങ്ങളൊന്നുമില്ല.

സാധാരണ ജനങ്ങള്‍ക്കിടയില്‍ അഹല്സുന്നയെക്കുറിച്ച് ദുരാരോപണങ്ങള്‍ ഉന്നയിക്കുകയും അതുവഴി തെറ്റിധാരണ പ്രചരിപ്പിക്കുകയും ചെയ്യുക. പുര്‍വ്വ സുരികളും, സമകാലീനരുമായ ഉലമാക്കള്‍ക്കെതിരില്‍ ആരോപിക്കുകയും, ദുഷിച്ചു പറയുകയും ചെയ്യുന്നവര്‍ക്ക്, സാധാരണക്കാരായ ആളുകളെക്കുറിച്ചു  തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നതില്‍ മനപ്രയാസം ഉണ്ടാവില്ലല്ലോ, വിശേഷിച്ചു, അത് വഴി സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാം എന്ന് വ്യാമോഹിക്കുമ്പോള്‍.

അല്ലാഹു അല്ലാത്ത ആര്‍ക്കു മുമ്പിലും തലകുനിക്കാത്ത, ആദര്‍ശരംഗത്ത് യാതൊരു വിട്ടു വീഴ്ചക്കും തയ്യാറാകാത്ത സുന്നത്തിനെ സ്നേഹിക്കുകയും, അത് ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കുകയും ചെയ്യുന്നവരെ  സംബന്ധിച്ചേടത്തോളം, എതിര്‍പ്പുകളും വിമര്‍ശനങ്ങളും അവഗണിച്ചു തള്ളുകയാണ് ചെയ്യുക.

കാര്യബോധമുള്ളവരെ സംബന്തിച്ചേടത്തോളം ദുരാരോപണങ്ങള്‍ കേവലം പൊയിവെടികള്‍ മാത്രമാണ്. എന്നാല്‍ പൊതുജനം എന്ന മഹാഭുരിപക്ഷം പലപ്പോഴും നിജസ്ഥിതി മനസ്സിലാക്കുന്നതില്‍ വിജയിക്കാറില്ല.

അവരെ സംബന്ധിച്ചേടത്തോളം, കഴമ്പില്ലാത്ത  ഇത്തരം വിമര്‍ശനങ്ങള്‍,  ആശയക്കുഴപ്പം സൃഷ്ട്ടിക്കുകയും, സത്യത്തിന്‍റെ വഴിയില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാനും അകറ്റാനും കാരണമാവുന്നുവെന്നത് അവഗണിച്ചു തള്ളാന്‍ പറ്റുന്ന നിസ്സാര കാര്യമല്ല.

എന്നു കരുതി എല്ലാ ഞാഞ്ഞുലുകള്‍ക്കും കുതിരകയറാനുള്ള ചാഞ്ഞ മരമാണ് അഹ്ലുസ്സുന്ന എന്ന് ഒരുത്തനും കരുതേണ്ടതില്ല. ആശയപരമായി നേരിടാനും, സൈദ്ധാന്തികമായി പരാചയപ്പെടുത്താനും കഴിയില്ലായെന്നു ബോധ്യപ്പെടുമ്പോള്‍ മറ്റു കുറുക്കുവഴികള്‍ അന്വേഷിക്കുക സ്വാഭാവികമാണ്. ദുരാരോപണങ്ങള്‍ ഉന്നയിച്ചു തേജോവധം ചെയ്യുകയും, പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായ പ്രതിച്ഛായ സൃഷ്ട്ടിക്കുകയും ചെയ്യുകയെന്നത് അക്കുട്ടത്തില്‍ എല്ലാ ബിദ്അത്തിന്‍റെ കക്ഷികളും സ്വീകരിക്കുന്ന ഒരു മാര്‍ഗമാണ്.

അഹ്ലുസ്സുന്നക്കു നേരെ വരുന്ന ദുരാരോപണങ്ങള്‍ പ്രതിരോധിക്കുന്നതും സുന്നത്ത് സംരക്ഷണത്തിന്‍റെ ഭാഗമാണ്. കാരണം, സുന്നത്തിന്‍റെ വാഹകര്‍ക്ക് നേരെയുള്ള ഏതു കടന്നാക്രമണവും, സുന്നത്തിനു നേരെയുള്ള കടന്നാക്രമണമായി മാത്രമേ കരുതാന്‍ പറ്റു.

വിമര്‍ശനത്തിന്‍റെയും, ആരോപണത്തിന്‍റെയും, അളവും തോതുമനുസരിച്ച്, പ്രതിരോധത്തിന്‍റെ ശക്തിയിലും മൂര്‍ച്ചയിലും ഏറ്റപ്പറ്റുണ്ടാവുക സ്വാഭാവികമാണ്. വിമര്‍ശനങ്ങളില്‍ എപ്പോഴും മിതമായ ഭാഷയും പ്രയോഗവും മാത്രമേ പാടുള്ളൂവെന്നോ, മറിച്ചോ ഇല്ല. ഓരോന്നിന്‍റെയും, ആവശ്യകതയും, അളവുമനുസരിച്ചു അതില്‍ മാറ്റങ്ങളുണ്ടാവും.

ബിദ്അത്തിനു കുട പിടിക്കുകയും, അത് പ്രചരിപ്പിക്കുകയും, സുന്നത്തിനെ പരിഹസിക്കുകയും അതിന്‍റെ അഹലുകാരെ വിമര്‍ശിക്കുകയും ചെയ്യുന്ന ആളുകളെ സോപ്പിട്ടു രസിപ്പിക്കുമെന്നു വിചാരിക്കുന്നത് മൗഡ്യമാണ്. അത്തരക്കാരുടെ ആക്രമണങ്ങളെ പ്രതിരോധിക്കുന്ന ആയുധം ഇരുതല മുര്‍ച്ചയുള്ളതാവുക അനിവാര്യവുമാണ്‌. അതിനെ എതിര്‍ക്കാന്‍ ഒരാളും, ഇസ്ലാമിന്‍റെ ലാളിത്യത്തെക്കുറിച്ചോ, വിട്ടുവീഴ്ചയെക്കുറിച്ചോ പ്രതിപാതിക്കുന്ന ഹദീസുകള്‍ പരതി സമയം മെനക്കെടുത്തേണ്ടതില്ല. കാരണം, താരതമ്യം ചെയ്യാന്‍ പാടില്ലാത്ത രണ്ടു വിത്യസ്ത വിഷയങ്ങളാണിവ. നബി സ്വല്ലള്ളാഹു അലൈഹി വാസല്ലമയുടെയും സ്വഹാബത്തിന്‍റെയും, സലഫുകളുടെയും ജീവിതം പഠനവിധേയമാക്കിയാല്‍  ഇത്തരം വിമര്‍ശനങ്ങളുടെ ധാരാളം ചരിത്രപാഠങ്ങള്‍ വായിച്ചെടുക്കാന്‍ യാതൊരു പ്രയാസവുമില്ല.

(തുടരും ഇന്‍ശാ അല്ലാഹ്)

Monday, March 4, 2013

വിമർശകരോട് - 5

വിമര്‍ശകരോട് (5)

അഹ്ലുസ്സുന്നയും വിമര്‍ശകരും -II


അഹ്ലുസ്സുന്നത്തിന്‍റെ അതിജീവന ചരിത്രത്തില്‍, വിമര്‍ശനത്തിന്‍റെയും എതിര്‍പ്പിന്‍റെയും കാറ്റും കോളുമടങ്ങിയ കാലമില്ല. എല്ലാ വിധ എതിര്‍പ്പുകളെയും സുന്നത്തിന്‍റെ കരുത്തും വെളിച്ചവും കൊണ്ട് അവര്‍ ചെറുത്തു തോല്‍പിച്ചു കൊണ്ടിരിക്കുന്നു. .

അവര്‍ കൊളുത്തിയ സുന്നത്തിന്‍റെ വെളിച്ചം കൊണ്ട് എത്രയെത്ര ദുര്മാര്‍ഗികളാണ് സന്മാര്‍ഗം പ്രാപിച്ചിട്ടുള്ളത്? ശിര്കിന്‍റെയും, കുഫ്രിന്‍റെയും എത്രയെത്ര ഇരുട്ടു കോട്ടകളിലാണ് അവര്‍ വിള്ളല്‍ സൃഷ്ടിച്ചത്? മതത്തില്‍ കടത്തിക്കുട്ടിയ എത്രയെത്ര ബിദ്അത്തുകളാണ് അവര്‍ പൊളിച്ചു കളഞ്ഞത്?

അവര്‍, അഹ്ലുസ്സുന്നയുടെ ഉലമാക്കള്‍, എണ്ണത്തില്‍ കുറവായിരുന്നെങ്കിലും അവരുടെ സേവനങ്ങള്‍ മഹത്തരവും അവരുടെ സാന്നിദ്ധ്യം മഹനീയവുമായിരുന്നു. പല സന്ദര്‍ഭങ്ങളിലും, അവരെ നിരന്തരം വിമര്‍ശിച്ച ബിദ്ഈ കക്ഷികള്‍ പോലും അവരില്‍ അഭയം തേടുകയും അവരെ ആശ്രയിക്കുകയും ചെയ്തു. അതാണ്‌ സുന്നത്തിന്‍റെ മേന്മ, ഇല്‍മിന്‍റെ ഫദ്ല്‍.

എല്ലാ വിമര്‍ശകരും അവസാനം മടങ്ങി വരുന്നത് ഇല്‍മിലേക്കും അതിന്‍റെ അഹല്കാരിലേക്കും ആയിരിക്കും. അഹ്ലുസ്സുന്നത്തിന്‍റെ ഉലമാക്കള്‍ മുസ്ലിം ഉമ്മത്തിന് ചെയ്ത സെവനമെന്തെന്നു അപ്പോള്‍ മാത്രമേ പലര്‍ക്കും ബോധ്യമാവുകയുള്ളു.
ഒരു കവി പറഞ്ഞത് പോലെ
                                                           
    أقلوا عليهم لا أبا لأبيكم                         من اللوم أو سدوا المكان الذي سدوا

" അവര്‍ക്ക് നേരെയുള്ള നിങ്ങളുടെ ആക്ഷേപങ്ങള്‍ കുറയ്ക്കുക (നിങ്ങള്‍ പിതൃദുഖമനുഭവിക്കട്ടെ), അല്ലെങ്കില്‍ അവര്‍ ഏറ്റെടുത്ത ദൗത്യം നിങ്ങള്‍ ഏറ്റെടുക്കുക"

അഹ്ലുസ്സുന്നയുടെ ഉലമാക്കള്‍ നിര്‍വ്വഹിച്ച ദൗത്യം ഏറ്റെടുക്കാന്‍  ഒരിക്കലും, സന്നദ്ധരല്ലാത്ത, അതിനുള്ള വൈജ്ഞാനികമായ ശേഷിയോ, ഗ്രാഹ്യതയോ, യോഗ്യതയോ  ഇല്ലാത്ത ബിദ്ഈ കക്ഷികള്‍ക്ക് എങ്ങിനെയാണ് അതിനു സാധിക്കുക? എന്നിട്ടും വിമര്‍ശങ്ങള്‍ക്ക് യാതൊരു കുറവുമില്ല.

എന്നാല്‍, എല്ലാ വിഭാഗം ജനങ്ങളും, അവരുടെ വാദങ്ങള്‍ സ്ഥാപിക്കാന്‍ ഉലമാക്കളെയും അവരുടെ ഫതവകളെയും കുട്ടുപിടിക്കുകയും, മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നു.  എന്നാല്‍ ഇവരിലുള്ള അനിസ്ലാമികപ്രവണതകളെ വിമര്‍ശിക്കുകയോ, ചുണ്ടിക്കാണിക്കുകയോ ചെയ്‌താല്‍, പിന്നീടവര്‍ നിസ്സാരരും, അറിവ് കുരഞ്ഞവരുമായി. മുസ്ലിം സമുഹം അഹ്ലുസ്സുന്നയുടെ ഉലമാക്കളോട് സ്വീകരിക്കുന്ന ഒരു രീതിയിതാണ്.

ആധുനിക പണ്ഡിതരായ ഷെയ്ഖ്‌ അല്‍ബാനി, ഷെയ്ഖ്‌ മുഹമ്മദ്‌ അമാനുല്‍ ജാമി, ഷെയ്ഖ്‌ ഇബ്ന്‍ ബാസ്, ഷെയ്ഖ്‌ സ്വാലിഹുല്‍ ഉസൈമീന്‍ , തുടങ്ങിയവര്‍ ഇന്നും വിമര്‍ശിക്കപ്പെടുന്നു.

ഇന്ന് ജീവിച്ചിരിക്കുന്ന ഷെയ്ഖ്‌ റബീഅ, ഷെയ്ഖ്‌ ഉബൈദ്, ഷെയ്ഖ്‌ സ്വാലിഹുല്‍ ഫൌസാന്‍ തുടങ്ങിയ ഉലമാക്കള്‍ വിമര്‍ശം എറ്റു വാങ്ങിക്കൊണ്ടിരിക്കുന്നു. ഇത് അല്ലാഹു ദുനിയാവില്‍, അല്ലാഹുവിന്‍റെ ദീനിന് വേണ്ടി സേവനം ചെയ്യുന്നവര്‍ക്ക് നിശ്ചയിച്ച സുന്നത്താണ്. അത് തുടര്‍ന്ന് കൊണ്ടേയിരിക്കും.

(തുടരും ഇന്‍ശാഅല്ലാഹ്)

Saturday, March 2, 2013

വിമർശകരോട് - 4

വിമര്‍ശകരോട് (4)

അഹ്ലുസ്സുന്നയും വിമര്‍ശകരും- I

ബിദഈ കക്ഷികളുടെ വിമര്‍ശനങ്ങള്‍  എക്കാലത്തും ഏറ്റുവാങ്ങിയവരാണ്, അഹ്ലുസ്സുന്നയും അതിന്‍റെ വാഹകരായ ഉലമാക്കളും. കാല ദേശ വിത്യാസമില്ലാതെ അഭംഗുരം തുടരുന്ന ഈ വിമര്‍ശനങ്ങള്‍ നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയും സ്വഹാബത്തും ഏറ്റു വാങ്ങിയ വിമര്‍ശനത്തിന്‍റെ പിന്തുടര്‍ച്ചയാണ്.

കള്ളന്‍, മാരണക്കാരന്‍, മനോനില തെറ്റിയവാന്‍, സമുഹത്തിലെ ഐക്യം തകര്‍ത്തവന്‍, കുടുംബത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കിയവന്‍ ഇങ്ങിനെ എന്തെല്ലാം വിമര്‍ശനങ്ങള്‍ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം ഏറ്റുവാങ്ങി?  ഒരു വ്യക്തി എന്ന നിലയില്‍, താങ്ങാന്‍ കഴിയാവുന്നതിലധികമായിരുന്നില്ലേ ഇതെല്ലാം? അള്ളാഹുവിനെ മാത്രമേ ഇബാദത്ത്‌ ചെയ്യാന്‍ പാടുള്ളുവെന്നും ഞാന്‍ അല്ലാഹുവിന്‍റെ ദുതന്‍ ആണെന്നും പറഞ്ഞതിനായിരുന്നു ഇതെല്ലാം. ഇതില്‍ എവിടെയാണ് അസത്യമുള്ളത്? ശുദ്ധപ്രകൃതിക്ക് ചേരാത്തത് ഏതാണ്? ഒന്നുമില്ല. എന്നിട്ടും മഹാ ഭുരിപക്ഷം ആളുകളും നബിയെ എതിര്‍ത്തു. സഹാബികളെ ദ്രോഹിക്കുകയും കൊടിയ പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തു.
നബിചര്യ സസുക്ഷ്മം സ്വീകരിച്ച ആളുകളെല്ലാം വിമര്‍ശിക്കപ്പെടുകയും ബഹിഷ്കരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

വചനശാസ്ത്രത്തിന്‍റെ ആളുകളുടെ ദുസ്വാധീനത്താല്‍ വശംവതനായ ഭാരണാധികാരിയാല്‍ ക്രുരമായ പീഡനങ്ങള്‍ക്ക് വിധേയമായ മഹല്‍ വ്യക്തിത്വമാണ് ഇമാം അഹ്മദ് രഹ്മതുള്ളാഹി അലൈഹിയുടെത്.
സുന്നത്തിനു വേണ്ടി ഏകാകിയായി പൊരുതി നിന്ന മഹാ ത്യാഗിയായിരുന്നു അദ്ദേഹം. കുടെയുണ്ടായിരുന്നവര്‍ പോലും ഓരോന്നോരോന്നായി വിട്ടു പോയിട്ടും അദ്ദേഹം പാറ പോലെ ഉറച്ചു നിന്നു പൊരുതി, സുന്നത്തിനു വേണ്ടി ഊരിപ്പിടിച്ച വാളുമായി.

ഇമാം അഹമതിന്‍റെ ചരിത്രം ഇതാണെങ്കില്‍, ഇമാം ബര്‍ബഹാരിയുടെ ചരിത്രം മറ്റൊന്നാണ്. സുന്നത്തിന്‍റെ എതിരാളികളോട് ബിദ്അതിനെതിരില്‍ നിലയുറപ്പിച്ചതിന്‍റെ പേരില്‍, മരണപ്പെട്ടപ്പോള്‍, അന്ത്യകര്‍മങ്ങള്‍ നിര്‍വ്വഹിക്കാന്‍ കുടെയുണ്ടായിരുന്നത് സ്വന്തം ഭാര്യയും വേലക്കാരനും മാത്രം. !!

ശൈഖുല്‍ ഇസ്ലാം ഇബ്ന്‍ തീമിയയുടെ ചരിത്രം പരിശോധിക്കൂ. പേന കൊണ്ടും നാവു കൊണ്ടും, വാളു കൊണ്ടും എതിരാളികളോട്  യുദ്ധം ചെയ്ത അദ്ദേഹം മരണപ്പെടുന്നത് ദമാസ്കസിലെ ഇരുണ്ട ജയിലറയില്‍ വെച്ച്! .

ഇബ്ന്‍ തീമിയക്ക്‌ അറിയാത്ത ഹദീസ്, ഹദീസല്ല എന്നുപോലും പറയപ്പെടുമാറ് പുകള്‍പെറ്റ അറിവിന്‍റെ കേദാരമായ മഹാനവര്‍കളെപ്പോലെ മറ്റൊരാളെ അദ്ദേഹത്തിന് ശേഷം, ഒരു സ്ത്രീയും പ്രസിവിച്ചിട്ടില്ല.

അസംഖ്യം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ അദ്ദേഹം വിജ്ഞാന കുതുകികളുടെ അവസാന അഭയസ്ഥാനമാണ്. ലോകത്തിന്‍റെ പല ഭാഗത്തുമായി പണ്ഡിതന്മാരും അല്ലാത്തവരും വിവിധങ്ങളായ വിഷയങ്ങളില്‍ ശൈഖുല്‍ ഇസ്ലാമിന്‍റെ ഗ്രന്ഥങ്ങള്‍ ആശ്രയിക്കുകയും പഠനവിധേയമാക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.

വിത്യസ്തവും വിഭിന്നവുമായ ഭൂപ്രദേശങ്ങളിലും കാലഘട്ടങ്ങളിലുമായി ജീവിച്ച അഹ്ലുസ്സുന്നത്തിന്‍റെ ഉലമാക്കള്‍ക്ക് എക്കാലത്തും അവരുടെ സമുഹങ്ങളില്‍ നിന്ന് ഏറ്റു വാങ്ങാനുണ്ടായിരുന്നത് കടുത്ത പീഡനങ്ങള്‍  മാത്രം. ഇങ്ങിനെ ഇവിടെ പേരെടുത്തു സുചിപ്പിക്കാത്ത വേറെയും ഒരുപാടൊരുപാട് പണ്ഡിതന്മാര്‍.

നബിസ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ചര്യ പിന്തുടരുകയും അവ സുരക്ഷിതമായി സംരക്ഷിച്ചു വരുംതലമുറക്കായി കാവല്‍ നില്‍ക്കുകയും ചെയ്തുവെന്നതാണ് അവര്‍ ഇസ്ലാം ദീനിനും മുസ്ലിം ഉമ്മതിനും ചെയ്ത സേവനം. അതിനാല്‍ തന്നെ അവരുടെ നാമങ്ങള്‍ ഇന്നും സ്മരിക്കപ്പെടുകയും അവരുടെ സേവനങ്ങള്‍  വാഴ്ത്തപ്പെടുകയും ചെയ്യുന്നു. എന്നാല്‍, ബിദ്ഈ കക്ഷികളായ എതിരാളികളുടെ പേരുകള്‍, അവരോടൊപ്പം, അവരുടെ ശവകുടിരങ്ങളില്‍ അടക്കപ്പെട്ടു.

(തുടരും ഇന്‍ശാഅല്ലാഹ്)

Friday, March 1, 2013

വിമർശകരോട് - 3

വിമര്‍ശകരോട് (3)

വിമര്‍ശനം ദഹിക്കാത്തവര്‍


ന്യായവും സംഗതവുമായ വിമര്‍ശനം പോലും തീരെ ദഹിക്കാത്ത ആളുകളുണ്ട്. ന്യായാന്യായം നോക്കാതെ മറ്റുള്ളവരെ, കണക്കറ്റ് വിമര്‍ശിക്കുമെങ്കിലും, വിമര്‍ശനം ഏറ്റു വാങ്ങാന്‍ ഒരിക്കലും അവര്‍ സന്നദ്ധരല്ല. അതിരുവിട്ട  ആത്മവിശ്വാസമോ, തങ്ങള്‍ പ്രധിനിധാനം ചെയ്യുന്ന സംവിധാനത്തെക്കുറിച്ചുള്ള മുന്‍വിധികളോ ഒക്കെയാകാം അതിനു കാരണമെങ്കിലും, അവരുടെ ഈ നിലപാട് ഒരിക്കലും പ്രോത്സാഹനാര്‍ഹമല്ല.

കേരളത്തിലെ മതരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയെയും മറ്റുള്ളവരെ വിമര്‍ശിക്കാന്‍ ആരും പഠിപ്പിക്കേണ്ടതില്ല. പാതിരാവില്‍, ഇപ്പോള്‍ പകലാണെന്ന് വിമര്‍ശനപ്രസംഗത്തിലുടെ എതിര്‍വിഭാഗത്തെക്കൊണ്ട് സമ്മദിപ്പിക്കാന്‍ പോലുംകഴിവുള്ളവരാണ് അവരില്‍ പലരും  !!

കേവലം , തര്‍ക്കിച്ചു എതിരാളിയെ തോല്‍പ്പിക്കുക എന്നതില്‍ കവിഞ്ഞ്, നിലനില്‍ക്കുന്ന തര്‍ക്ക വിഷയത്തില്‍ സത്യതിലെത്തിച്ചേരുകയെന്നതു
അവരുടെയാരുടെയും ലക്ഷ്യമല്ലാത്തത് പോലെയുണ്ട്.

ഏതു വിഷയത്തിലാണോ  സംവാദം നടത്തുന്നത്, അതില്‍ സത്യം കാണിച്ചു തരണേയെന്നായിരുന്നു ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നത്, അത് എതിരാളിയുടെ പക്ഷത്തായാലും " എന്നാണ്  ഇമാം ഷാഫിഈ റഹ്മതുള്ളാഹി അലൈഹി  പറഞ്ഞത്.

സത്യം, എവിടെയായാലും 'എന്‍റെയും എന്‍റെ സംഘടനയുടെയും' വാതങ്ങള്‍ ജയിക്കുകയും, എതിരാളികള്‍ പരിഹാസ്യരായി പരാജയപ്പെടുകയും ചെയ്യണേയെന്നാണ് മതസന്ഘടനകള്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ തന്നെ സത്യം എവിടെയാണെന്ന് അറിയാന്‍ ആഗ്രഹിക്കുന്ന വിരലിലെണ്ണാന്‍ മാത്രമുള്ള ആളുകള്‍ക്ക് പോലും കഴിയാതെ വരുന്നു.

പ്രമാണങ്ങള്‍, എത്ര ശക്തവും കുറ്റമറ്റതുമായാലും എന്തെങ്കിലും ഉഡായിപ്പുകള്‍ പറഞ്ഞു സ്വന്തം പാര്‍ട്ടിയെ ന്യായീകരിച്ചു കൊണ്ടേയിരിക്കും.

വാസ്തവത്തില്‍, അല്ലാഹുവിനോടും അവന്‍റെ റസൂലിനോടും, അവന്‍റെ കിതാബിനോടും മുസ്ലിംകളിലെ ഇമാമുമാരോടും പൊതുജനങ്ങളോടും ഗുണകാംക്ഷയുണ്ടെങ്കില്‍ അവര്‍ മറ്റൊന്നും ആലോചിക്കാതെ, സത്യം സ്വീകരിക്കുകയും അതിന്‍റെ വാഹകരും പ്രയോഗ്താക്കളും  ആവുകയായിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത്? പക്ഷെ, എന്ത് ചെയ്യാം, അനുഭവം മറിച്ചാണെങ്കില്‍ !

അന്ധമായ സംഘടനാ പക്ഷപാദിത്വം പലരെയും സുന്നത്തിനു എതിര് നില്‍ക്കുന്നവരും ബിദ് അത്തിന്‍റെ സഹായാത്രികരുമാക്കിയിട്ടുണ്ട് എന്ന കാര്യം പറയാതെ വയ്യ. ഒരു കാലത്ത് നിലനിന്നിരുന്ന മദ്ഹബീ പക്ഷപാതിത്വത്തിന്‍റെ അപകടം നന്നായി ബോധ്യമുള്ളവരും, അതിനെ അതിശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്ന/ചെയ്തു കൊണ്ടിരിക്കുന്ന ആളുകള്‍ക്ക്, അതിനേക്കാള്‍ അപകടകരമായ പക്ഷപാതിത്വം അവരില്‍ നിലനില്‍ക്കുന്നുവെന്ന കാര്യം മാത്രം ബോധ്യപ്പെടുന്നില്ല.!!!
ഇതിനേക്കാള്‍ വലിയ പരീക്ഷണം മറ്റെന്തുണ്ട് ഒരു മനുഷ്യന് വന്നു ഭാവിക്കാന്‍ ! ? 

 ശാന്തനായി, ഏകനായ്, സ്വസ്ഥമായി ചിന്തിച്ചാല്‍ ഏതു സാധാരണക്കാരനും മനസ്സിലാകുന്ന കാര്യമേ ഇവിടെ എഴുതിയിട്ടുള്ളൂ. ഇക്കാര്യങ്ങള്‍ വാസ്തവവിരുദ്ധവും, അതിശയോക്തിപരവുമാണെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍, ചുണ്ടിക്കാണിച്ചാല്‍, തിരുത്താനും, ക്ഷമ ചോദിക്കാനും വിനീതനായ ഈയുള്ളവന്‍ സന്നദ്ധനാണെന്ന കാര്യം മാന്യ അനുവാചകന്‍റെ സജീവ ശ്രദ്ധയിലേക്ക് ഇട്ടു കൊണ്ട്.

(തുടരും-ഇന്‍ശാ അള്ളാഹ് )

വിമർശകരോട് - 2

വിമര്‍ശകരോട് (2)

ന്യായമായ വിമര്‍ശനങ്ങള്‍ അനിവാര്യം 


ന്യായമായ വിമര്‍ശനങ്ങള്‍ അവശ്യം ആവശ്യമാണ്‌. അത് സത്യത്തിന്‍റെ വെളിച്ചം കുടുതല്‍ ജാജ്വല്യമാക്കുന്നു. ആ വെളിച്ചത്തിന്‍റെ മുന്നോട്ടുള്ള ഗമനം എളുപ്പമാക്കുന്നു. സത്യത്തെ  തെളിവുകള്‍ നിരത്തി സ്ഥാപിക്കുകയും, എതിര്‍ വാതങ്ങളെ, അതിന്‍റെ പൊള്ളത്തരം ചുണ്ടിക്കാട്ടി  വിമര്‍ശിച്ചു നിഷ്പ്രഭമാക്കുകയും ചെയ്യേണ്ടത് അത് അറിയുന്നവരുടെ ബാധ്യതയാണ്. അതില്‍ സഹതാപമോ ലജ്ജയോ സ്വാധീനിക്കരുത്. ന്യായം അഥവാ പ്രമാണം നമ്മുടെ വാതത്തിന് ശക്തി പകരുന്നു എന്നതാണ് അതിനു നമ്മെ പ്രചോതിതമാക്കുന്നത്.

സലഫുകളായ അഹ്ലുസ്സുന്നതിന്‍റെ ഉലമാക്കള്‍ ബിദ്ഈ കക്ഷികളെ അതി നിശിതമായാണ് വിമര്‍ശിച്ചത്. ഇമാം അഹമദ് , ശൈഖുല്‍ ഇസ്ലാം ഇബ്ന്‍ തീമിയ, ഇമാം ഇബ്നുല്‍ ഖയ്യിം തുടങ്ങിയ മഹാരഥന്മാരുടെ ഘന്‍ഡനങ്ങള്‍ സുവിതിതങ്ങളാണ്‌. സുന്നത്തിന്‍റെ തിരി കുടുതല്‍ മിഴിവോടെ വിളങ്ങി നില്‍ക്കാന്‍ അത് അനിവാര്യമായിരുന്നു.

മതത്തില്‍ ബിദ്അത്തുകള്‍ ഉണ്ടാക്കുന്ന ആളുകളെയും വിഭാഗങ്ങളെയും തിരിച്ചറിയുകയും അവരുടെയും അവര്‍ ഉണ്ടാക്കുന്ന ബിദ്അത്തിന്‍റെയും , അപകടം സാധാരണക്കാരെ ബോധ്യപ്പെടുത്തലും അവരെ അതില്‍ നിന്ന് രക്ഷപ്പെടുതലും ഉലമാക്കളുടെ ധര്മമാണ്. ഐചികമായ ഇബാദതുകളെക്കാള്‍ പുണ്യകരമായ കാര്യമായാണ് ഇത് പരിഗണിക്കപ്പെടുന്നത്. ഇമാം അഹമദിനോട് നിങ്ങള്‍ എന്തിനാണ് എതിര്‍വാതങ്ങളെ ഘണ്‍ഡിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍, "ഞാനും നീയും മിണ്ടാതിരുന്നാല്‍ പിന്നെയെങ്ങിനെയാണ് അറിവില്ലാത്ത ആളുകള്‍ കാര്യം മനസ്സിലാക്കുക " എന്നായിരുന്നു അദ്ധേഹത്തിന്‍റെ  മറുപടി.  

ഒരു വിമര്‍ശനവും ഇഷ്ടപ്പെടാത്ത ആള്‍ക്കാരുണ്ട്. ന്യായമാണെങ്കിലും അല്ലെങ്കിലും.
വിമര്‍ശങ്ങള്‍ സമുഹത്തില്‍ അനൈക്യവും ചിദ്രതയും അസമാധാനവും സൃഷ്ടിക്കുമെന്ന് വാദിക്കുന്ന അവര്‍ യഥാര്‍ത്ഥത്തില്‍ വസ്തുതകള്‍ വേണ്ടവിധത്തില്‍ അറിയാത്തവരാണ്. അവര്‍, തകര്‍ന്നു തരിപ്പണമാവുമെന്നു ഭയപ്പെടുന്ന ഐക്യത്തെക്കാളും സമാധാനത്തെക്കാളും, തകര്‍ന്നു പോവുന്നതില്‍ നിന്ന് സംരക്ഷിക്കപ്പെടെണ്ടതാണ് അല്ലാഹുവിന്‍റെ  ദീനും ജനങ്ങളുടെ വിശ്വാസവും. അതിനേല്‍ക്കുന്ന ഏതു പോറലും തടയേണ്ടത് അനിവാര്യമാണ്. ആരെതിര്‍ത്താലും , ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും !

(തുടരും)

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.