Thursday, December 22, 2016

സലഫിയ്യത്ത് അഥവാ സ്വഹാബത്തിന്റെ പാത - 2

ഖുർആനും സുന്നത്തും സലഫുകൾ അഥവാ സ്വഹാബത്ത് മനസ്സിലാക്കിയ പോലെ മനസ്സിലാക്കുകയും അവർ അമൽ ചെയ്തത് പോലെ അമൽ ചെയ്യുകയും ചെയ്യുമ്പോഴാണ് ഒരാൾ മുൻഗാമികളുടെ പാതയിൽ എത്തിച്ചേരുന്നത്. ഖുർആനിനെ സ്വീകരിക്കുന്നത് പോലെ സുന്നത്തിനെ സ്വീകരിക്കുകയും അത് മനസ്സിലാക്കുന്നതിൽ സ്വഹാബത്തിന്റെ ധാരണ സ്വീകരിക്കുകയും ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചാൽ അവനു മാർഗഭ്രംശം സംഭവിച്ചു എന്ന് ഉറപ്പിക്കാം.
ഖുർആനിനെയും സുന്നത്തിനെയും പ്രമാണമായി സ്വീകരിക്കുകയും അവ വ്യാഖ്യാനിക്കുന്നതിലും പ്രയോഗവൽക്കരിക്കുന്നതിലും സ്വഹാബത്തിന്റെ ധാരണ സ്വീകരിക്കുകയും ചെയ്യുന്നവർക്കിടയിൽ രൂപപ്പെടുന്ന ഐക്യമാണ് ഇസ്‌ലാം വിഭാവന ചെയ്യുന്ന മതപരമായ ഐക്യം. അതിലേക്കു വിരൽ ചൂണ്ടുന്ന ഒന്നിലധികം വചനങ്ങൾ ഖുർആനിൽ പലയിടത്തായി കാണാം. സൂറത്തു ആലു ഇമ്രാനിലെ 103-മത്തെ വചനത്തിന്റെ താൽപര്യവും മറ്റൊന്നല്ല. അള്ളാഹു പറയുന്നു. " നിങ്ങളൊന്നടങ്കം അള്ളാഹുവിന്റെ പാശത്തെ മുറുകെപ്പിടിക്കുക. നിങ്ങൾ ഭിന്നിച്ചു പോകരുത്." (ആലു ഇമ്രാൻ)
ഈ വചനത്തിൽ ഭിന്നിക്കാതെ ഒരുമിച്ചു നിന്ന് അവലംബിക്കണമെന്നു അള്ളാഹു ആജ്ഞാപിക്കുന്ന ഏകതയും ഐക്യവും ഖുർആനിനെയും സുന്നത്തിനെയും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം സ്വഹാബത്തിനെ ഏതു രൂപത്തിൽ പഠിപ്പിച്ചോ അതെ രൂപത്തിൽ അക്ഷരാർത്ഥത്തിൽ പിന്തുടരുന്നവർക്കിടയിൽ രൂപപ്പെടേണ്ടതാണ്‌.
ഈ ആയത്തിന്റെ പശ്ചാത്തലത്തിൽ ഇമാം ഇബ്നു കസീർ റഹിമഹുള്ളാ പറയുന്നു " അവരോടു
ഐക്യത്തിൽ വർത്തിക്കാനും ഭിന്നത ഒഴിവാക്കാനും അവൻ കൽപിച്ചു. ഐക്യത്തിനും ഏകതക്കും കൽപ്പിക്കുകയും ഛിദ്രതയും ഭിന്നിപ്പും ഒഴിവാക്കാനുമുള്ള ധാരാളം ഹദീസുകൾ ഉണ്ട്." (തഫ്സീർ ഇബ്നു കസീർ-പേജ് 255)
ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ളാ പറയുന്നു. " ഒരു മുസ്‌ലിമായ മനുഷ്യന്, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം കൊണ്ട് വന്നതെന്തോ അതിനെ തുടർന്ന് കൊണ്ടല്ലാതെ മതത്തിന്റെ ഒരു കാര്യത്തിലും സംസാരിക്കാൻ പാടില്ല. അതിനെ മുൻകടക്കാതെ, എന്താണോ വന്നത് അതിനു അനുസൃതമായി മാത്രം പറയുകയും, പ്രവർത്തിക്കുകയും ചെയ്യുകയാണ് വേണ്ടത്. സ്വഹാബത്തും അവരെ നന്മയിൽ പിന്തുടർന്ന താബിഉകളും മുസ്‌ലിം ഉമ്മത്തിലെ ഇമാമുമാരും അങ്ങിനെയായിരുന്നു ചെയ്തിരുന്നത്. അത് കൊണ്ട് തന്നെ അവരിലൊരാളും പ്രമാണങ്ങളെ സ്വന്തം ബുദ്ധി കൊണ്ട് ഖണ്ഡിക്കുന്നവരോ, നബി ചര്യക്ക് വിരുദ്ധമായ നിലക്ക് ദീനിനെ സ്ഥാപിക്കുന്നവരോ ആയിരുന്നില്ല. ദീനിൽ ഒരു കാര്യം അറിയാൻ അവർ അള്ളാഹുവും റസൂലും എന്ത് പറഞ്ഞുവെന്നായിരുന്നു നോക്കിയിരുന്നത്. അതിൽ നിന്ന് അവർ പഠിക്കുകയും സംസാരിക്കുകയും പരിശോധിക്കുകയും അത് കൊണ്ട് തെളിവ് പിടിക്കുകയും ചെയ്തു. ഇതാണ് അഹ്‌ലുസ്സുന്നയുടെ ആധാരം" - മജ്മൂഉ ഫതാവാ ഇബ്ൻ തീമിയ 13/63
ഭിന്നിച്ചു പോകാതെ ഐക്യപ്പെടാൻ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം നിർദ്ദേശിച്ച പരിഹാര മാർഗം " ഞാനും എന്റെ സ്വഹാബത്തും ഇന്ന് ഏതൊന്നിലാണോ ഉള്ളത്" അതിനെ അവലംബിക്കൽ മാത്രമാണ്.
വിശാല ഐക്യത്തിന്റെ വക്താക്കളായി കാടിളക്കി നടക്കുന്ന ആളുകൾ ഐക്യവുമായി ബന്ധപ്പെട്ടു ഒരു പുനഃപരിശോധന നടത്തൽ അനിവാര്യമാണ്. ഇസ്‌ലാം മുന്നോട്ടു വെക്കുന്ന ഐക്യവും ഇന്ന് നടന്നു കൊണ്ടിരിക്കുന്ന ഐക്യവും തമ്മിൽ നിലനിൽക്കുന്ന പൊരുത്തക്കേടുകൾ ദുരീകരിക്കേണ്ടത് അവരുടെ ബാധ്യതയാണ്. മുകളിലെ പ്രാമാണിക വചനങ്ങളുടെ താൽപര്യം, കേവല സംഘടനാ പരമായതോ രാഷ്ട്രീയമായതോ ആയ ഐക്യമല്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. മറ്റു പല പ്രമാണവാക്യങ്ങളും തെറ്റായി വ്യാഖ്യാനിക്കുന്ന കുട്ടത്തിൽ ആലു ഇമ്രാനിലെ ആയത്തും തികച്ചും തെറ്റായ നിലയിൽ വ്യാഖ്യാനിച്ചു കൊണ്ടിരിക്കുന്നു. സ്വഹാബത്ത് അടക്കമുള്ള സലഫുകളിൽ നിന്ന് പ്രസ്തുത ആയത്തിനോ ഐക്യത്തിനോ ഈ രൂപത്തിലുള്ള ഒരു വ്യാഖ്യാനം കാണുക സാധ്യമല്ല.
ചോർന്നു പോകാനും വിസ്മരിക്കാനും പാടില്ലാത്ത 'ഖുർആനും സുന്നത്തും സലഫുകളുടെ ഫഹ്മിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുക" എന്ന അടിസ്ഥാനപരമായ വിഷയത്തിന്റെ - സലഫീ മൻഹജിന്റെ അസാന്നിധ്യമാണ് വാസ്തവത്തിൽ ഈ ഐക്യ മഹാമഹത്തിന്റെ പ്രഭ കെടുത്തിക്കളയുന്നത്.
മാത്രമല്ല, ഐക്യത്തിന്റെ മേന്മയെക്കുറിച്ചു അഭിപ്രായം രേഖപ്പെടുത്തേണ്ടത് ആദർശത്തിനെക്കുറിച്ചും സലഫീ മൻഹജിനെക്കുറിച്ചും അറിവും ധാരണയുമുള്ള ആളുകളാണ്. രാഷ്ട്രീയക്കാരുടെയും തൽപരകക്ഷികളുടെയും കച്ചവട മനസ്സുകളുടെയും അഭിപ്രായങ്ങൾ ആധാരമായി കാണുകയും സ്വീകരിക്കുകയും ചെയ്യുന്നവരുടെ ആദർശബോധം കൂടുതൽ അളക്കേണ്ടതില്ല.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.