Thursday, December 22, 2016

സലഫിയ്യത്ത് അഥവാ സ്വഹാബത്തിന്റെ പാത - 3

വിശ്വാസപരവും കർമപരവുമായി ഒരേ ലക്ഷ്യവും മാർഗവും സ്വീകരിക്കുകയും പിന്തുടരുകയും ചെയ്യുന്നവർക്കിടയിൽ ഐക്യം രൂപപ്പെടുക സാധാരണമാണ്. അതിൽ അസാംഗത്യമോ അസ്വാഭാവികതയോ ഇല്ല. എന്നാൽ, മതപരമായി, വിശ്വാസപരമായും കർമപരമായും വ്യത്യസ്ഥ ധ്രുവത്തിൽ നിൽക്കുന്നവർ ഐക്യപ്പെടുന്നതിൽ തികഞ്ഞ അസ്വാഭാവികതയും അസന്തുലിതാവസ്ഥയുമുണ്ടുതാനും. 
ലാ ഇലാഹ ഇല്ലള്ളാ എന്ന വിശ്വാസപ്രമാണത്തിന്റെ അടിസ്ഥാന തത്വം അംഗീകരിച്ച മുഴുവൻ ആളുകളും, ആ തത്വത്തിന്റെ താൽപര്യം മുൻനിർത്തി ഒരു മെയ്യായി നിലനിൽക്കണം. അതാണ് ഇസ്‌ലാമിക വിശ്വാസ സാഹോദര്യത്തിന്റെ ആധാരം. എന്നാൽ, അടിസ്ഥാനപരമായി മുസ്ലിംകളായി സ്വയം കരുതുന്നതോടൊപ്പം ഇസ്‌ലാമിന്റെ വിശ്വാസ-കർമ്മ-പെരുമാറ്റ നിലപാടുകളിലും നയങ്ങളിലും വീഴ്ചകളും ന്യുനതകളും സംഭവിച്ചവരോടുള്ള നിലപാടുകളിൽ ഏറ്റപ്പറ്റുകളും അവരോടുള്ള ബന്ധങ്ങളുടെ ഊഷ്‌മളതയിൽ ഉദ്ധാനപതനങ്ങളുമുണ്ടാവും. ഇത് ഇസ്‌ലാമികമായി (( അൽ വലാഉ വൽ ബറാഉ )) എന്ന സാങ്കേതിക ശബ്ദത്തിന്റെ പരിധിയിൽ ചർച്ച ചെയ്യപ്പെടുന്ന കാര്യങ്ങളാണ്. പൂർണാർത്ഥത്തിൽ തൗഹീദും സുന്നത്തും അംഗീകരിക്കുകയും അവ ജീവിത വ്യവഹാരങ്ങളിലും മറ്റു നിലപാടുകളിലും പ്രയോഗവൽക്കരിക്കുകയും സത്യസന്ധമായ ജീവിതം നയിക്കുകയും ചെയ്യുന്ന ആളുകളോട് കാണിക്കുന്ന മാനസികമായ ബന്ധം, ഇവയിൽ വീഴ്‌ച വരുത്തുകയോ ജീവിത വിശുദ്ധിയിൽ കളങ്കം സംഭവിക്കുകയോ ചെയ്തവരോട് ഉണ്ടാകില്ല. ഇത് ഇസ്‌ലാമിക ഐക്യത്തിന്റെ ഊനം തട്ടാത്ത അടിസ്ഥാന പ്രമാണമാണ്. വിശ്വാസപരമായ ഈ ബന്ധത്തിന് ഭാഷാ-ദേശ വംശ വർഗ്ഗ വ്യത്യാസമോ രാജ്യാതിർത്തികളോ തടസ്സമായി നിൽക്കില്ല, നിൽക്കാൻ പാടില്ല. എന്നാൽ ഇതിനു വിരുദ്ധവും ഇസ്‌ലാമിന്റെ താൽപര്യവുമായി പൊരുത്തപ്പെടാത്ത നിലയിൽ ഗ്രൂപ്പുകളുടെയും പാർട്ടികളുടെയും സംഘടനയുടെയും പേരിൽ, കേവലമായ അംഗത്വത്തിന്റെ അടിസ്ഥാനത്തിൽ ഒന്നിക്കുകയും ഐക്യമുണ്ടാക്കുകയും ചെയ്യുന്ന രീതി, വിശ്വാസമോ ആദർശമോ പരിഗണിക്കാത്ത രാഷ്ട്രീയക്കാരുടെ രീതിയാണ്. അതിനു സുന്നത്തുമായോ സലഫിയ്യത്തുമായോ അടുത്തോ അകന്നതോ ആയ ബന്ധമില്ല. അതാണ് സലഫിയ്യത്ത് എന്നും ഞങ്ങൾ സലഫികളാണ് എന്നും അവർ ആവർത്തിച്ചവകാശപ്പെട്ടാലും ശെരി. സുറൂറിയും ഖുബൂരിയും സൂഫിയും അശ്അരിയും, ഇഖ് വാനിയും
ഖാരിജിയും എങ്ങനെയാണ് അഖിദയിലും മൻഹജിലും ഒന്നിക്കുക? ഒരിക്കലുമില്ല. എന്നാൽ, എന്നാൽ, ഇവർ ഒരു സംഘടനയിൽ ഒന്നിക്കും!. ഒരു മെമ്പർഷിപ്പിന്റെ ബലത്തിൽ ഇവരെല്ലാം ഐക്യത്തോടെ ദുനിയവിയായ പല സംരംഭങ്ങളിലും ഭാഗവാക്കാകും. മതപരമായ വ്യതിരിക്തത പുലർത്തേണ്ട അനിവാര്യഘട്ടങ്ങളിൽ തല മണ്ണിൽ പൂഴ്ത്തി ഒട്ടകപ്പക്ഷിയാകും. അതല്ലെങ്കിൽ ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ മാവിലായിക്കാരനായി വേഷം കെട്ടും. ദീനും സുന്നത്തുമറിയുന്ന ഒരാളും ഇതെല്ലാം സലഫിയ്യത്തിന്റെ അടയാളമാണ് എന്നൊരിക്കലും പറയില്ല. ആൾക്കൂട്ടത്തിന്റെ ആധിക്യം ഒരു സലഫിയെ അത്ഭുതപ്പെടുത്തുകയില്ല. ആദർശ ശത്രുക്കളുടെ പുകഴ്ത്തലുകൾ കേൾക്കുമ്പോൾ അപകടം അടുത്തെത്തിയെന്ന് തിരിച്ചറിയാത്തവൻ എങ്ങിനെ സലഫിയാകും?
വിശ്വാസപരവും കർമപരവുമായി നിലനിൽക്കേണ്ട ആദർശ വ്യതിരിക്തയും മൻഹജിലെ വ്യക്തതയും ഒരു സലഫിയെ മറ്റു പിഴച്ച ആദർശങ്ങളിൽ നിന്നും പ്രസ്ഥാനങ്ങളിൽ നിന്നും വേർതിരിച്ചു നിർത്തേണ്ടതുണ്ട്. അതിന്റെ ആധാരം പാർട്ടി മെമ്പർഷിപ്പല്ല; ആകാൻ പാടില്ല. അവിടെയാണ് മുജാഹിദ് പ്രസ്ഥാനം വെട്ടിൽ വീണു പോകുന്നതും ജമാഅത്തെ ഇസ്‌ലാമി ഒറ്റപ്പെട്ടു പോകുന്നതും. ഇന്നലെ വരെ കൊമ്പ് കോർക്കുകയും പരസ്പരം പോര് വിളിക്കുകയും ചെയ്ത മടവൂർ വിഭാഗത്തിന് ഇല്ലാത്ത എന്ത് ആദർശ ന്യുനതയാണ് അവർക്കുള്ളത് എന്നതു ഒരു തോന്നൽ മാത്രമല്ല എന്നതിന് തെളിവാണ് അഥിതികളായെങ്കിലുമുള്ള ഒരു ക്ഷണത്തിനായി അവർ കാതോർത്തിരുന്നത്. ആദർശ ബോധത്തിന്റെ ഉൾക്കരുത്ത് കൊണ്ടല്ല, മറിച്ചു സംഘടനാ അടിമത്വത്തിന്റെ തീവ്രത കൊണ്ട് മാത്രമാണ് അത് കിട്ടാതെ പോയത് എന്ന് എല്ലാവർക്കുമറിയാം. ചുരുക്കത്തിൽ, കഴിഞ്ഞ 14 വർഷം സലഫിയ്യത്തിൽ നിന്ന് അകലുകയല്ലാതെ ഒരിഞ്ചു പോലും അതിലേക്കു അടുത്തിട്ടില്ല എന്നതിന്റെ തെളിവുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. " ജിന്നു വാദികളുടെ അസൂയ" എന്ന മറുപടി കൊണ്ട് സായൂജ്യമടയാൻ കഴിയില്ല എന്ന കാര്യം അവർക്കും അറിയാമല്ലോ !

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.