Thursday, December 22, 2016

സലഫിയ്യത്ത് അഥവാ സ്വഹാബത്തിന്റെ പാത - 1

വിശ്വാസപരവും കർമ്മപരവും തികച്ചും ശുദ്ധമായ, ഒരു നിലക്കും യാതൊരു കലർപ്പുമേൽക്കാത്ത തിളക്കമാർന്ന ഇസ്‌ലാമിന്റെ സംപൂർണതയാണ് സലഫിയ്യത്ത്‌. അത് ഒരു വ്യക്തിയിലേക്കോ കേവലമായ ഒരു കൂട്ടത്തിലേക്കോ ഒരു സംഘടനയിലേക്കോ ചേർത്ത് പറയാൻ പറ്റുന്ന രൂപത്തിലല്ല. മറിച്, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ പ്രഥമ സംബോധിതരായ സ്വഹാബത്, നബിയിൽ നിന്ന് എങ്ങിനെയാണോ അള്ളാഹുവിന്റെ ദീൻ കേട്ട് മനസ്സിലാക്കി അമൽ ചെയ്തത് അത് പോലെ, യാതൊരു ഭേദഗതികളും കൂടാതെ സ്വീകരിക്കലാണ് സലഫിയ്യത്തു എന്ന് പറയുന്നത് കൊണ്ട് വിവക്ഷിക്കുന്നത്. അക്കാര്യം മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും അമലായി പ്രയോഗവൽക്കരിക്കുകയും ചെയ്യുന്നവരെല്ലാം സലഫുകൾ, അഥവാ സ്വഹാബത്തിനെ പിന്തുടരുന്ന സലഫികൾ ആണ്. അത് ഒരാളായാലും ഒരാൾക്കൂട്ടമായാലും അങ്ങിനെതന്നെ. അത് ഇന്ന് നിലവിലുള്ളതോ കാലഹരണപ്പെട്ടതോ ആയ ഒരു സംഘടനയുടെയോ ഏതെങ്കിലും ഒരു ഇമാമിലേക്കു ചേർത്ത് പറയുന്ന ഒരു മദ്ഹബിന്റെയോ പേരല്ല. ആരാണോ നബിയിൽ നിന്ന് സ്വഹാബത്ത് മനസ്സിലാക്കിയതു പോലെ ദീൻ മനസ്സിലാക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്യുന്നത് അവനാണ് സലഫി. മുകളിലെ മാനദണ്ഡത്തിനു വിധേയമാകാതെയുള്ള അവകാശവാദങ്ങൾ നിരർത്ഥകവും വാസ്തവവിരുദ്ധവുമാണ്. സലഫികൾ പാപമുക്തരോ വീഴ്ചകൾ സംഭവിക്കാത്തവരോ അല്ല. മറിച്ചു, മറ്റുള്ളവരെപ്പോലെ അവർക്കും വീഴ്ചകളും പോരായ്മകളുമുണ്ടാകും. അത് ദീൻ ആയോ ദീനിന്റെ ഭാഗമായോ കാണാതിരിക്കുകയും, ആത്യന്തികമായി വീഴ്ച ബോധ്യപ്പെട്ടു തിരുത്തുകയും അതിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുകയും ചെയ്യുന്നവരാണവർ. എന്നാൽ, ദീനുമായി ബന്ധപ്പെട്ട വിശ്വാസപരമോ കർമ്മപരമോ ആയ നിലക്കുള്ള വൈകല്യങ്ങളും അബദ്ധങ്ങളും അവരിലേക്ക്‌ കടന്നു വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു വിരളമാണ്. വിഷയത്തിലുള്ള ധാരണക്കുറവ് മൂലമോ, തെറ്റ1ധാരണ കൊണ്ടോ സ്വഹാബത്തിന്റെ ധാരണക്ക് വിരുദ്ധമായ നിലപാടുകൾ സലഫിയ്യത്തു അവകാശപ്പെടുന്ന ഒരാളിൽ ഉണ്ടെങ്കിൽ, എപ്പോൾ അതിന്റെ നിജസ്ഥിതി ബോധ്യപ്പെടുകയും ധാരണപ്പിശക് മാറുകയും ചെയ്യുന്നുവോ ആ നിമിഷം അയാൾ അത് തിരുത്താനും ശെരിയായതു സ്വീകരിക്കാനും അത് പരസ്യപ്പെടുത്താനും തയ്യാറാകുമെന്നത് സലഫിയുടെ എടുത്തു പറയേണ്ട സവിശേഷതയാണ്. ഇത് പൗരാണികരായ പണ്ഡിതന്മാരിലും അവരുടെ ഗ്രന്ഥങ്ങളിലും സുവിദിതമാണ്. സാധാരണ പലരും ചെയ്യാറുള്ളത് പോലെ സ്വന്തം നിലക്ക് ഗവേഷണം നടത്തി നൂതനമായ പല കാര്യങ്ങളും കണ്ടെത്തുകയും അതിനെ പ്രമാണവൽക്കരിക്കാൻ ഖുർആനിന്റെയോ ഹദീസിന്റെയോ നസ്വുകൾ തെറ്റായ നിലക്ക് വ്യാഖ്യാനിച്ചു തെളിവുണ്ടാക്കാൻ ശ്രമിക്കുകയുമില്ല. സലഫിയ്യത്തു അവകാശപ്പെടുന്ന ചിലർ പോലും ഇത്തരം അസന്തുലിത നിലപാടുകൾ വെച്ച് പുലർത്തുന്നവരാണ് എന്നത്, സലഫിയ്യത്ത് മനസ്സിലാക്കുന്നതിൽ അവർക്കു തെറ്റ് സംഭവിച്ചു എന്നതിന്റെ തെളിവാണ്.

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ രിസാലത്തിനു സാക്ഷിയാവുകയും വിശ്വാസത്തോട് കൂടി നബിയുമായി സഹവസിക്കുകയും ചെയ്ത സ്വഹാബത്തിനു തുല്യരായി അവരല്ലാതെ ആരുമില്ല. എത്ര സുകൃതം ചെയ്തവരായാലും ശെരി. അവരുടെ ധാരണയോളം, മികച്ചതായി മറ്റൊന്നുമില്ല.
സലഫികളുടെ പ്രത്യക്ഷവും പരോക്ഷവുമായ ശത്രുക്കൾ ദീനിൽ തന്നിഷ്ടപ്രകാരം പുതിയതായ രീതികളുമായി കടന്നു വരുന്ന ആളുകളാണ്. അല്ലാതെ രാഷ്ട്രീയക്കാരോ ദുനിയാവ് മോഹിക്കുന്നവരോ അല്ല. അതിനാൽ തന്നെ രാഷ്ട്രീയ അജണ്ടകൾക്കു വേണ്ടി ആശയപരമോ അല്ലാത്തതോ ആയ സംഘട്ടനങ്ങൾ സൃഷ്ടിക്കുകയും മുതലെടുപ്പുകൾക്കു തക്കം പാർത്തു നിൽക്കുകയും ചെയ്യുന്നവനല്ല ഒരു യഥാർത്ഥ സലഫി. മറിച് സുന്നത്തിനു നേരെയുള്ള കടന്നാക്രമണങ്ങളെ സുന്നത്തു കൊണ്ടും അറിവ് കൊണ്ടും നേരിടുകയും അതിനു കാവലാവുകയും ചെയ്യുക എന്നതാണ് ഒരു സലഫിയുടെ ദൗത്യം. ആധുനിക ലോകത്ത്‌ സുന്നത്തിന്റെ വാഹകനാവുകയും സലഫിയ്യത്തിന് വേണ്ടി സംസാരിക്കുകയും ചെയ്യുന്ന ആളുകളുടെ എണ്ണക്കുറവോ, സലഫിയ്യത്തിന്റെ പേര് സ്വീകരിച്ചു കൊണ്ട് തന്നെ സലഫിയ്യത്തിന് എതിര് നിൽക്കുകയും ശത്രുത പുലർത്തുകയും ചെയ്യുന്ന ആളുകളുടെ ആധിക്യമോ അവനെ നിരാശനാക്കുകയില്ല. കാരണം, അവന്റെ മാർഗം സലഫുസ്സ്വാലിഹീങ്ങളുടെ മാർഗ്ഗമാണ്. ക്ഷമയുടെ, ത്യാഗത്തിന്റെ ആ മാർഗം സത്യത്തിന്റേതാണ്. തിളക്കമുള്ള സുന്നത്തിന്റേതാണ്. സ്വർഗത്തിലേക്ക് എത്തുന്ന ആ മാർഗമാണ് വിജയത്തിന്റെ മാർഗം.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.