Wednesday, December 7, 2016

​പറയാതിരിക്കാൻ വയ്യ

അവരിലൊരു കൂട്ടം ആളുകൾ പറഞ്ഞു

" അള്ളാഹു അവരെ നശിപ്പിക്കുകയോ കഠിനമായി ശിക്ഷിക്കുകയോ ചെയ്യട്ടെ, നിങ്ങളെന്തിനാണ് അവരെ ഗുണദോഷിക്കുന്നത് ? അവർ പറഞ്ഞു " നിങ്ങളുടെ രക്ഷിതാവിലേക്കു ഒഴിവു കഴിവ് പറയുന്നതിനായിട്ട്, ഒരു പക്ഷെ അവർ സൂക്ഷ്മത പുലർത്തുന്നവർ ആയെങ്കിലോ? (അഅറാഫ് 164)

സത്യത്തിനു എപ്പോഴും തെളിമയുള്ളതു പോലെ മൂർച്ചയും കൂടുതലാണ്. ഊതിക്കെടുത്താനുള്ള ശ്രമങ്ങളെ അത് പലപ്പോഴും പരാജയപ്പെടുത്തും. ഇരുട്ടിന്റെ സഹയാത്രികരുടെ വിജയത്തിനു ആയുസ്സ് തുലോം കുറവായിരിക്കും.

ആളുകളുടെയും അനുയായികളുടെയും ബാഹുല്യം, സത്യത്തിന്റെ അടയാളമല്ല. സഹായികളുടെ എണ്ണക്കുറവ് സത്യത്തിനു ഒരു ദോഷവും വരുത്തുകയുമില്ല. എന്നല്ല; എക്കാലത്തും സത്യത്തിന്റെ സഹായികൾ എണ്ണത്തിൽ കുറവായിരുന്നു. ചുരുക്കത്തിൽ, അളക്കാനുള്ള മാനദണ്‌ഡം എപ്പോഴും, സലഫുകൾ എവിടെ നിന്നോ, അത് മാത്രമാണ്.
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " ജനങ്ങൾക്ക് ഒരു കാലം വരാനുണ്ട്. ഒരാൾ തന്റെ ദീനിൽ ക്ഷമയോടെ നില കൊള്ളുന്നത്, തീക്കനൽ മുറുകെപ്പിടിച്ചവനെപ്പോലെയായിരിക്കും."
ഇന്നത്തേതിനേക്കാൾ പ്രയാസകരമായിരിക്കും നാളത്തെ അവസ്ഥ. അതിനേക്കാൾ പ്രയാസകരമാവും പിന്നീടുള്ള ദിവസങ്ങൾ. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചേടത്തോളം ജീവിതത്തിൽ അങ്ങേയറ്റം നിരാശയോ, തികഞ്ഞ പ്രതീക്ഷയോ വെച്ച് പുലർത്തേണ്ടതില്ലായെന്നർത്ഥം. ഇത്, അള്ളാഹു അവന്റെ അടിമകളിൽ നിശ്ചയിച്ച അവന്റെ നടപടിക്രമമാണ്. അത് കൊണ്ട് തന്നെ 'ഗുർബത്തു' പൂർണമാവാതെ അന്ത്യനാൾ പ്രതീക്ഷിക്കേണ്ടതില്ല. ഷെയ്ഖ് നാസ്വിറുദ്ധീൻ അൽബാനി റഹിമഹുള്ളാ പറഞ്ഞത് പോലെ, "ലക്ഷ്യത്തിലെത്തുകയെന്നതല്ല, ഈ മാർഗത്തിലായിരിക്കെ മരണം പുൽകുകയെന്നതാണ്".
സലഫിയ്യത്തു അവകാശപ്പെടുന്ന പലരും അതിന്റെ ഉത്തമരായ യഥാർത്ഥ വാഹകരായിരുന്നില്ലായെന്നതാണ് സമീപകാല സംഭവങ്ങൾ അടയാളപ്പെടുത്തുന്നത്. സലഫിയ്യത്തു എല്ലാവർക്കും യഥേഷ്ടം എടുത്തണിയാൻ പറ്റുന്ന അങ്കിയല്ല. അതിനു ചില അവകാശികളുണ്ട്. അവർക്കല്ലാതെ അത് ചേരുകയുമില്ല. ഇന്നലെ വരെ, മൻഹജിൽ വ്യതിയാനം സംഭവിച്ചതിന്റെ പേരിൽ പുറത്തു നിന്നവൻ ഒരു പത്രസമ്മേളനത്തിലൂടെ സലഫിയ്യത്തിൽ എത്തിച്ചേരുന്നു. ശത്രുപാളയത്തിൽ നിർത്തി കല്ലെറിഞ്ഞവനെ കെട്ടിപ്പിടിച്ചു സ്വീകരിക്കുന്നു. നേരം ഇരുട്ടി വെളുത്തപ്പോഴേക്കു മെമ്പർഷിപ്പിന്റെ ബലത്തിൽ എല്ലാവരും സലഫീ പാളയത്തിൽ എത്തിച്ചേരുന്നു! ഇത് വരെ ഉണ്ടെന്നു പറഞ്ഞ ആദർശത്തിന്റെ അർത്ഥമില്ലായ്മ സാധാരണക്കാരിൽ പോലും ചിരി പടർത്തുന്നു. "സലഫിയ്യത്തു ഒരു സംഘടനയുടെ പേരല്ല" എന്ന് ലേഖനമെഴുതിപ്പറഞ്ഞ ആൾ, മുജാഹിദ് എന്ന് പേരുള്ളവരെല്ലാം ഒന്നിച്ചു എന്നാണു പറഞ്ഞത്. അത് നൂറു ശതമാനവും ശെരിയാണ്. കാരണം, തെറ്റിപ്പിരിഞ്ഞ മുജാഹിദുകൾക്ക് ഒരുമിക്കാൻ ഒരു പത്രസമ്മേളനം മതി. എന്നാൽ സലഫിയ്യത്തും ഇഖ് വാനിയ്യത്തും ഒരിക്കലും ഒന്നിച്ചു ചേരുകയില്ല. കാരണം, ഒന്ന് സുന്നത്തിലും മറ്റേതു ബിദ്അത്തിലുമാണ്. ബിദ്‌അത്തുകളോട് വിട ചൊല്ലുകയും സലഫുകളുടെ മൻഹജിൽ പൂർണമായി പ്രവേശിക്കുകയും ചെയ്യാതെ ഒരാൾക്ക് സലഫിയ്യത്തു അവകാശപ്പെടാൻ കഴിയില്ല. പിന്നെ, ഖുർആനും ഹദീസും ഉദ്ധരിച്ചു സലഫീ മൻഹജ്‌ വിശദീകരിക്കുകയും ആദർശവ്യതിയാനത്തിന്റെ ആഴം ജനങ്ങളെ പഠിപ്പിക്കാൻ വാ തോരാതെ പ്രസംഗിച്ചു അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുകയും ചെയ്ത "മൗലവി"മാരേ, നാളെ അള്ളാഹുവിന്റെ കോടതിയിൽ ഉത്തരം പറയേണ്ട ഒരു സമയം വരാനുണ്ട് എന്ന കാര്യം നിങ്ങൾ മറക്കാതിരിക്കുക.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.