Thursday, December 5, 2019

മൻഹജുസ്സലഫ് അഥവാ സലഫുകളുടെ മാർഗം - 4

ഖുർആനും സുന്നത്തും സ്വീകരിക്കുമ്പോൾ അവലംബിക്കേണ്ട രീതി അഥവാ മാർഗം സലഫുകൾ (സ്വഹാബത്) അവ എങ്ങിനെ സ്വീകരിക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്തു എന്ന് പരിഗണിക്കൽ അനിവാര്യമാണ് എന്ന കാര്യം നേരത്തെ സൂചിപ്പിച്ചുവല്ലോ. സ്വഹാബത്തിന്റെ ധാരണയെ അവലംബിക്കാതെയോ അതിനെ അവഗണിച്ചു കൊണ്ടോ ആർക്കും ഖുർആനും സുന്നത്തും അവലംബിക്കുന്നുവെന്ന് പറഞ്ഞത് കൊണ്ട് മാത്രം നേർവഴി പ്രാപിക്കുക സാധ്യമേയല്ല.

ഇക്കാര്യം മുസ്‌ലിം ലോകത്ത്, വിശിഷ്യാ അഹ്‌ലുസ്സുന്നത്തിന്റെ വിശ്രുതരായ ഉലമാക്കളുടെ അരികിൽ പരക്കെ അംഗീകരിക്കപ്പെട്ടതും ചിരപ്രതിഷ്‌ഠ നേടിയതുമാണ്. ഖുർആനും സുന്നത്തും എന്ന് പറയുന്നതിനോട് ചേർത്ത് على فهم السلف الصالح ( സലഫുസ്സ്വാലിഹുകളുടെ ധാരണക്ക് അനുസരിച്ച്) എന്ന് പറയാതെ അവർ ആ വാചകം പൂർത്തിയാക്കാറില്ല. അത്ര കണ്ട് അത്യന്താപേക്ഷിതമായ അടിസ്ഥാന വിഷയമാണ് സലഫുകളുടെ ധാരണ പിന്പറ്റുകയെന്നത്.

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തീമിയ റഹിമഹുള്ളാ പറയുന്നു.

لا عيب على من أظهر مذهب السلف وانتسب إليه واعتزى إليه بل يجب قبول ذلك منه بالاتفاق فإن مذهب السلف لا يكون إلا حقا-الفتاوى 4/149

" ഒരാൾ സലഫുകളുടെ മാർഗ്ഗം പ്രകടിപ്പിക്കുകയോ അതിലേക്ക് ചേർത്ത് പറയുകയോ അതിൽ അഭിമാനം കൊള്ളുകയോ ചെയ്യുന്നത് ഒരു ന്യുനതയല്ല. എന്നല്ല, അത് സ്വീകരിക്കൽ അയാൾക്ക് അനിവാര്യമാണെന്നത് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. കാരണം, സലഫുകളുടെ മാർഗ്ഗം സത്യമല്ലാതിരിക്കില്ല " ഫതാവാ 4/149

ഇമാം ശാഫിഈ റഹിമഹുള്ളയുടെ ഷെയ്ഖ് ആയ ഇമാം വകീഉ ഇസ്മായീൽ ബിൻ ഹമ്മാദ് റഹിമഹുള്ളയുടെ ജീവ ചരിത്രം പറയുന്നേടത്തു പറയുന്നു.

قال وكيع -شيخ الشافعي- في ترجمة اسماعيل بن حماد بن ابي حنيفة: كان إسماعيل بن حماد بن أبي حنيفة سلفياً صحيحا)."أخبار القضاة" "٢/۱٦٧

" ഇസ്മായീൽ ബിൻ ഹമ്മാദ് ശെരിയായ സലഫി ആയിരുന്നു " അഖ്ബാറുൽ ഖുദാ - 2/ 167

ഇമാം ദഹബി ഇമാം ദാറ ഖുത്വനിയെക്കുറിച്ചു പറയുന്നു.

قال الذهبي في ترجمة الدارقطني: لم يدخل الرجل ابدا في علم الكلام ولا الجدال ولاخاض في ذلك بل كان سلفيا" سير اعلام النبلاء 16/457

" അദ്ദേഹം ഒരിക്കലും വചന ശാസ്ത്രത്തിലോ കുതർക്കങ്ങളിലോ തർക്കശാസ്ത്രത്തിലോ ഏർപ്പെട്ടിരുന്നില്ല. എന്നല്ല, അദ്ദേഹം സലഫിയായിരുന്നു. " സിയർ അഅലാം 16/457

ഇങ്ങിനെ, മുന്കാലക്കാരായ അഹ്‌ലുസ്സുന്നത്തിന്റെ പരശ്ശതം ഉലമാക്കളിൽ നിന്ന് വ്യക്തവും സംശയത്തിന് ഇട നൽകാത്തതുമായ വിധത്തിലുള്ള ഉദ്ധരണികൾ എമ്പാടും കാണാം. ദൈർഘ്യം ഭയപ്പെടുന്നതിനാൽ ഉദാഹണത്തിനു വേണ്ടി ചിലത് ഉദ്ധരിച്ചുവെന്നു മാത്രം.

ചുരുക്കത്തിൽ ഇമാം അഹ്‌മദ്‌ റഹിമഹുള്ളാ തൊട്ട് ഷെയ്ഖ് ഇബ്‌നു ബാസ്, അൽബാനി, സ്വാലിഹുൽ ഉസൈമീൻ, ഷെയ്ഖ് മുഖ്‌ബിൽ തുടങ്ങി ഇന്ന് ജീവിച്ചിരിപ്പുള്ള ഷെയ്ഖ് സ്വാലിഹുൽ ഫൗസാൻ വരെയുള്ള പ്രാമാണികരായ ഉലമാക്കൾ ഇക്കാര്യം അംഗീകരിക്കുന്നവരും എടുത്തു പറയുന്നവരും അതിലേക്ക് ജനശ്രദ്ധ ക്ഷണിക്കാൻ ആവശ്യപ്പെടുന്നവരുമാണ്.

എന്നാൽ, കേരളത്തിൽ ഖുർആനിലേക്കും സുന്നത്തിലേക്കും ക്ഷണിക്കുന്നവരെന്നവകാശപ്പെടുന്ന മർകസ് ദഅവാ മുജാഹിദുകൾ പരസ്യമായി സലഫുകളുടെ ഫഹ് മിനെ നിഷേധിക്കുന്നവരും അതിനെ അംഗീകരിക്കാതെ എതിർക്കുന്നവരും അവരുടെ ദഅവത്ത് " സലഫുകളിലേക്കല്ല" എന്ന് പച്ചയായി പറയാൻ ധിക്കാരം കാണിക്കുന്നവരുമാണ്.

ഖുർആനും സുന്നത്തും സ്വന്തം ബുദ്ധിക്ക് അനുസൃതമായി വ്യാഖ്യാനിക്കുന്നതിൽ അവർക്ക് യാതൊരു ലജ്ജയുമില്ല. ഇതിനർത്ഥം മുജാഹിദുകൾ അടക്കമുള്ള മറ്റെല്ലാ വിഭാഗവും ശെരിയായ മാർഗത്തിലാണ് എന്നല്ല. മറിച്ച്, സലഫുകളോടും അവരുടെ നിലപാടിനോടും ഇവർക്കുള്ള അത്ര വെറുപ്പും അവജ്ഞയും മറ്റാർക്കുമില്ല എന്ന് സൂചിപ്പിക്കാൻ വേണ്ടിയാണ്.

ഖുർആനും സുന്നത്തും അടിസ്ഥാനമാക്കി സലഫുകളുടെ ധാരണ അവലംബിക്കാതെ മറ്റേതൊരു മൻഹജ്‌ സ്വീകരിച്ചാലും ശെരി, ആർക്കും നബിയുടെയും സ്വഹാബത്തിന്റെയും മാർഗ്ഗത്തിൽ എത്തിച്ചേരുക സാധ്യമല്ല. അവർ ഖവാരിജുകൾ, മുഅതസില, മുർജിഅ, അശായിറ, മാതുരീദിയ, സൂഫിയ, ഖുബൂരിയ്യ പോലെ അഹ്‌ലുൽ അഹ്‌വാഇന്റെ വാലായി അഹ്‌ലുൽ ഖിബ്‌ലയിൽ ലയിച്ചു പോവുകയായിരിക്കും ചെയ്യുക.

ബശീർ പുത്തൂർ

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.