Thursday, December 5, 2019

മൻഹജുസ്സലഫ് അഥവാ സലഫുകളുടെ മാർഗ്ഗം - 3


ഖുർആനും ഹദീസും മാത്രമാണ് മുസ്ലിംകളുടെ മത നിയമ സ്രോദസ്സ്. അവ രണ്ടിൽ നിന്നും നിർധാരണം ചെയ്യപ്പെടുന്ന കാര്യങ്ങളെ ആശ്രയിച്ചാണ് ഒരാൾ ജീവിക്കേണ്ടത്. ഖുർആനും ഹദീസും ഒരാൾ പ്രമാണമായി സ്വീകരിക്കുന്നില്ലെങ്കിൽ അയാൾ ഇസ്‌ലാം മത വിശ്വാസിയായി പരിഗണിക്കപ്പെടില്ല.

എന്നാൽ, അതോടൊപ്പം, അതായത് ഖുർആൻ ഹദീസ് എന്നിവ പ്രമാണമായി സ്വീകരിക്കുമ്പോൾ അവ നബിയിൽ നിന്ന് നേരിട്ട് മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും അംഗീകരിക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്ത സ്വഹാബത് (അഥവാ സലഫുസ്സ്വാലിഹുകൾ) മനസ്സിലാക്കിയ അതേ വിധത്തിൽ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും പ്രയോഗവൽക്കരിക്കുകയും ചെയ്യുമ്പോൾ മാത്രമേ ഒരാൾ ശെരിയായ നിലയിൽ നബി ചര്യ പിൻപറ്റുന്നവൻ ആയിത്തീരുകയുള്ളൂ

സ്വഹാബത് അവലംബമാണ്.

നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയോട് സഹവസിക്കാൻ അള്ളാഹു തെരഞ്ഞെടുത്ത ഉത്തമ ഹൃദയത്തിന്റെ ഉടമകളാണ്‌ സ്വഹാബികൾ. അവരെക്കുറിച്ചു അള്ളാഹു സംതൃപ്തനാണ്. അവർ അള്ളാഹുവിനെക്കുറിച്ചും സംതൃപ്തരാണ്. മതപരമായ കാര്യങ്ങളിൽ അവർ നബിയിൽ നിന്ന് മനസ്സിലാക്കിയത് മാത്രമാണ് ദീൻ.

അള്ളാഹു പറയുന്നു. فَإِنْ آمَنُوا بِمِثْلِ مَا آمَنتُم بِهِ فَقَدِ اهْتَدَوا ۖ ( നിങ്ങൾ വിശ്വസിച്ചത് പോലെ അവർ വിശ്വസിക്കുന്ന പക്ഷം അവർ സന്മാർഗ്ഗത്തിലായിത്തീർന്നു.)

അതായത് ആരാണോ സ്വഹാബത് വിശ്വസിച്ചത് പോലെ വിശ്വസിക്കുന്നത് അവർ മാത്രമാണ് സന്മാർഗം സിദ്ധിച്ചവർ. എന്നാൽ ആര് അവരുടെ മാർഗ്ഗത്തോട് വൈരുധ്യം പുലർത്തിയോ അവർ വ്യക്തമായ വഴികേടിലായി.

നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു.

من كان على مثل ما أنا عليه اليوم وأصحابي

സുരക്ഷിത വിഭാഗം ആരെന്ന് ചോദിച്ചപ്പോൾ " ഞാനും എന്റെ സ്വഹാബത്തും ഇന്ന് ഏതൊന്നിലാണോ നിലകൊള്ളുന്നത് അതിൽ നില കൊള്ളുന്നവർ " എന്നാണ് അവിടുന്ന് പറഞ്ഞത്. അവരാരാണെന്ന് ചോദിച്ചപ്പോൾ " അൽ ജമാഅഃ" എന്ന് ഉത്തരം ചെയ്തു. അൽ ജമാഅഃ എന്നാൽ സ്വഹാബികളാണെന്ന് ഹദീസ് വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. അപ്പോൾ സ്വഹാബത്തിന്റെ നിലപാടിനെ ഇവിടെ പ്രത്യേകം പരാമർശിച്ചു. അവരുടെ നിലപാടുകൾക്ക് എതിര് നിൽക്കുന്നവർ പിൽക്കാലത്ത് വരുമെന്നതിലേക്ക് ഇതിൽ വ്യക്തമായ സൂചനയുണ്ട്.

ചില സ്വഹാബികളുടെ ഒറ്റപ്പെട്ട വാക്കുകൾ, അഭിപ്രായങ്ങൾ, ഗവേഷണങ്ങൾ തുടങ്ങിയവ അല്ല ഇവിടെ സ്വഹാബത്തിന്റെ ഫഹ്മ് (ധാരണ) എന്ന് പറഞ്ഞത്. മറിച്ച് പൊതുവായ നിലയിൽ, ഇന്ന വിഷയത്തിൽ സ്വഹാബികൾ മനസ്സിലാക്കിയത് ഇപ്രകാരമായിരുന്നു എന്ന് പറഞ്ഞാൽ അത് അവരുടെ പൊതുവായ ധാരണയായി പരിഗണിക്കപ്പെടുന്നു. അത് സ്വീകാര്യവുമാണ്. എന്നാൽ ഖുർആനിന്റെയോ ഹദീസിന്റെയോ വ്യക്തമായ നസ്വിന് എതിരായ നിലക്ക് (അതിനുള്ള സാധ്യത വളരെ വളരെ കുറവാണ് ) ഒരു സ്വഹാബിയുടെ നിലപാട്, അതല്ലെങ്കിൽ മറ്റു ഭൂരിഭാഗം സ്വഹാബികളുടെ നിലപാടിന് എതിരായ ഒരു സ്വഹാബിയുടെ നിലപാട് തുടങ്ങിയവയൊന്നും സ്വഹാബത്തിന്റെ പൊതുവായ ധാരണയായി പരിഗണിക്കപ്പെടില്ല.

അലി റദിയള്ളാഹു അൻഹുവിന്റെ കാലത്തു അദ്ദേഹത്തിനെതിരിൽ കലാപക്കൊടിയുയർത്തിയ ഖവാരിജുകൾ ഖുർആനിൽ നിന്നുള്ള ആയത് ഉദ്ധരിച്ചു കൊണ്ടാണ് അലി റദിയള്ളാഹു അൻഹുവിനെതിരിൽ യുദ്ധം ചെയ്തത്. പ്രമാണങ്ങളെ മനസ്സിലാക്കുന്നതിൽ അവർ സ്വഹാബത്തിന്റെ ഫഹ്മിനെ (ധാരണയെ) സ്വീകരിക്കാൻ സന്നദ്ധരായിരുന്നില്ല. അവരുടെ കൂടെ ഒരു സ്വഹാബി പോലുമുണ്ടായിരുന്നില്ല.! അവർ അവരുടെ യുക്തിക്കും നിരീക്ഷണ പാടവത്തിനും പ്രാമുഖ്യം നൽകി. അക്കാരണത്താൽ തന്നെ, ഭൂമുഖത്തു അക്കാലത്തു ജീവിച്ച ഏറ്റവും ഉൽകൃഷ്ട സമൂഹവുമായി അവർ യുദ്ധത്തിലേർപ്പെടേണ്ടി വന്നു.


ബശീർ പുത്തൂർ

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.