Thursday, December 5, 2019

മൻഹജുസ്സലഫ് അഥവാ സലഫുകളുടെ മാർഗ്ഗം - 5

"സലഫ്" എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് മുൻഗാമി, മുൻകടന്നത്, മുമ്പേ കഴിഞ്ഞത്, എന്നൊക്കെയാണ്.

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം മരണാസന്നനായി കിടക്കുന്ന സമയത്ത് ഫാത്വിമ റദിയള്ളാഹു അൻഹയോട് "فاتقي الله واصبري، ونعم السلف أنا لك" ( നീ അള്ളാഹുവിൽ സൂക്ഷ്മത പാലിക്കുകയും ക്ഷമ അവലംബിക്കുകയും ചെയ്യുക. ഞാൻ നിനക്ക് എത്ര നല്ല മുൻഗാമിയാണ് ! " )

ഈ അർത്ഥത്തിൽ ഇസ്‌ലാമിൽ മുൻകടന്നവരായ ആളുകളാണ് സലഫുകൾ. അതിൽ പ്രധാനമായും നബിയോട് സഹവചിച്ച അള്ളാഹു തൃപ്തിപ്പെട്ട സ്വഹാബത് ആണ് സലഫുകൾ എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. എന്നാൽ അതിന്റെ വിശാലാർത്ഥത്തിൽ താബിഉകളും താബിഈ താബിഉകളും ഉൾപ്പെടുകയും ചെയ്യും.

സ്വഹാബത്തിനോട് പൊതുവായും അവരിൽ അബുബക്കർ, ഉമർ, ഉഥ്മാൻ, അലി ( റദിയള്ളാഹു അൻഹും അജ്മഈൻ) എന്നീ നാല് ഖലീഫമാരും സ്വർഗ്ഗം കൊണ്ട് ജീവിച്ചിരിക്കെത്തന്നെ വാഗ്‌ദത്തം ചെയ്യപ്പെട്ട പത്തു പേരും, ബൈഅതു രിദ് വാനിലും, ഹുദൈബിയയിലും പങ്കെടുത്തവരും മക്കാ വിജയത്തിന് മുമ്പ് ഇസ്‌ലാമിൽ പ്രവേശിച്ചവരും അതിന് ശേഷം ഇസ്‌ലാം മതം സ്വീകരിച്ചവരും തുടങ്ങി വിവിധ ദറജയിലുള്ള സ്വഹാബികളോട് സവിശേഷമായും സ്നേഹവും ആദരവും കാണിക്കുകയും അവരുടെ പദവിയും നിലവാരവും അവർക്ക് അതിന്റെ തോതനുസരിച്ചു വക വെച്ച് കൊടുക്കുകയും ചെയ്യാൻ കടപ്പെട്ടവരാണ് സത്യവിശ്വാസികൾ.

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ അനുചരന്മാർ എന്ന നിലയിലും, നബിയിൽ നിന്ന് ദീൻ നേരിട്ട് സ്വീകരിച്ച പ്രഥമ സംബോധിതർ എന്ന നിലയിലും സ്വഹാബത്തിന്റെ മാർഗ്ഗം പിൻപറ്റുകയും അവ സർവ്വാത്മനാ സ്വീകരിക്കുകയും ചെയ്യൽ ഒരു മുസ്‌ലിമിന്റെ നിർബന്ധ ബാധ്യതയാണ്.

സലഫ്, സലഫി, സലഫിയ്യത് (സലഫിസം എന്നത് സലഫിയ്യത് എന്നതിന്റെ ഭാഷാ പരമായ തർജ്ജമയായി വ്യവഹരിക്കപ്പെടാറുണ്ട്. അത് സൂക്ഷ്‌മമായി നിരീക്ഷിക്കുമ്പോൾ സുരക്ഷിതമല്ല. കാരണം ഇസ്‌ലാമും സലഫിയ്യത്തും ഒന്നും "ഇസം" അല്ല. മനുഷ്യ ബുദ്ധിയിൽ ഉരുത്തിരിഞ്ഞു വന്ന ആശയ സമാഹാരങ്ങൾക്കാണ് "ഇസം" എന്ന് പറയാറുള്ളത്. സലഫിയ്യത് മനുഷ്യ ബുദ്ധിയുടെ സൃഷ്ടിയല്ല) തുടങ്ങിയ പദപ്രയോഗത്തോട് പോലും അനിഷ്ടവും അതൃപ്തിയും തോന്നുകയും അവ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്യുന്ന ആളുകൾ ഖുർആനും സുന്നത്തുമാണ് പ്രമാണം എന്ന് പറയുന്നവരിലുണ്ട്. നവോദ്ധാനക്കാരും, ആദർശവാദികളുമായി സ്വയം വിശേഷിപ്പിക്കുന്ന ഇത്തരക്കാരുടെ യഥാർത്ഥ ചിത്രം സമൂഹത്തിൽ അനാവരണം ചെയ്യപ്പെടേണ്ടതുണ്ട്.

സലഫിയ്യത്തിനെ പ്രതിനിധാനം ചെയ്യുകയോ അതിലേക്ക് ജനങ്ങളെ ഉൽബോധനം നടത്തുകയോ സലഫീ മൻഹജിനെക്കുറിച്ചു ബോധവൽക്കരിക്കുകയോ ചെയ്യുന്ന ആളുകളെ, മൊത്തത്തിൽ " ഗൾഫ് സലഫിസം" ആശ്രമ സലഫിസം, ആടു സലഫികൾ, അക്ഷര പൂജകർ, അനുഷ്‌ഠാന തീവ്രതയുള്ളവർ" തുടങ്ങിയ പരിഹാസ പ്രയോഗങ്ങളിലൂടെ അപഹസിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന പ്രവണതയും വൈരനിര്യാതന ശത്രുതയും ഇവരിൽ വളരെക്കൂടുതലായി ഉണ്ട്.

കേരളത്തിൽ ജമാഅത്തെ ഇസ്‌ലാമി, അവരുടെ പോഷക സംഘടനകൾ തുടങ്ങിയ പുരോഗമനം അവകാശപ്പെടുന്ന ആളുകളായിരുന്നു ആദ്യ കാലത്ത് ഈ പ്രവണത പ്രകടിപ്പിച്ചിരുന്നത്.

എന്നാൽ ഇടക്കാലത്ത് ഹുസ്സൈൻ മടവൂരിന്റെ നേതൃത്വത്തിൽ മുജാഹിദ് പ്രസ്ഥാനത്തിൽ നിന്ന് വിഘടിച്ചു പോയ, നവോദ്ധാനം അവകാശപ്പെടുന്ന മർകസ് ദഅവ മുജാഹിദുകളും സലഫിയ്യത്തിനോട് ശത്രുതയും വെറുപ്പും വെച്ച് പുലർത്തുകയും അത് പ്രകടിപ്പിക്കുകയും ചെയ്‌തു കൊണ്ടിരിക്കുന്നു.

സത്യത്തിൽ ഇവർ ഇസ്‌ലാമിനെത്തന്നെയാണ് അവഹേളിക്കുകയും തിരസ്‌കരിക്കുകയും ചെയ്യുന്നത് എന്ന കാര്യം ഇവർ മനസ്സിലാക്കുകയോ ഉൾക്കൊള്ളുകയോ ചെയ്യുന്നില്ല. കാരണം, സലഫിയ്യത്ത്, നബിയും സ്വഹാബത്തും സഞ്ചരിച്ച കലർപ്പില്ലാത്ത ഇസ്‌ലാം മതം തന്നെയാണ്. സലഫിയ്യത് സ്വീകരിക്കാൻ വിമുഖത കാണിക്കുകയും, എന്നാൽ ഇസ്‌ലാം മതത്തിൽ വിശ്വസിക്കുകയും, കഅബയെ ഖിബ്‌ലയായി (അഹ്‌ലുൽ ഖിബ്‌ല) അംഗീകരിക്കുകയും ചെയ്യുന്ന "അഹ്‌ലുൽ അഹ്‌വാഇ വൽ ബിദഉ"ന്റെ പൊതു വിശേഷണം ഇത്തരക്കാരിലും വന്നു ചേരുമെന്നതിൽ യാതൊരു സംശയവുമില്ല.

ബശീർ പുത്തൂർ

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.