Thursday, December 5, 2019

മൻഹജുസ്സലഫ് അഥവാ സലഫുകളുടെ മാർഗ്ഗം - 2

ഖുർആനും ഹദീസുമാണ് ഇസ്‌ലാമിക വിശ്വാസസംഹിതയുടെ അടിസ്ഥാന പ്രമാണങ്ങൾ. ഈ പൊതു തത്വം മുസ്ലിംകളെല്ലാവരും പരക്കെ അംഗീകരിക്കുകയും അതിന്റെ അവകാശികളെന്ന് സ്വയം കരുതുകയും ചെയ്യുന്നു. പൗരാണിക കാലത്ത് സ്വഹാബത്തിനോട് യുദ്‌ധം ചെയ്ത ഖവാരിജുകൾ തുടങ്ങി, അശ്അരീ, മാതുരീദി, റാഫിദീ ചിന്താഗതിക്കാർ തുടങ്ങി ഇന്ന് വരെയുള്ള മുഴുവൻ പിഴച്ച കക്ഷികളും ഖുർആനും സുന്നത്തുമാണ് പ്രമാണമെന്ന് അവകാശപ്പെടുന്നവരാണ്.

ഖുർആനും സുന്നത്തുമാണ് പ്രമാണമെന്ന് ഒരു വ്യക്തി അവകാശപ്പെടുമ്പോൾ, ഖുർആനിലെ അധ്യാപനങ്ങളും ഹദീസിന്റെ താല്പര്യങ്ങളുമാണ് മതപരമായ വിഷയങ്ങളിൽ തീർപ്പു കൽപ്പിക്കാൻ സ്വീകരിക്കുന്നത് എന്ന പൊതുവായ സുരക്ഷിതമായ ആശയമായിരിക്കും കേൾക്കുന്ന ആൾക്ക് ലഭിക്കുക. എന്നാൽ വസ്തുത പലപ്പോഴും, പല കാരണങ്ങളാലും അങ്ങിനെ ആയിക്കൊള്ളണമെന്നില്ല. എന്ത് കൊണ്ടാണ് ഈ പ്രസ്താവന എന്ന് ചിലർക്കെങ്കിലും സംശയം തോന്നിയേക്കാം. അതിനുള്ള ഉത്തരമാണ് ഇനി പറയാൻ പോകുന്നത്.


ഖുർആനും ഹദീസുമാണ് പ്രമാണമെന്ന് അവകാശപ്പെട്ട, ലോകത്ത് ഇന്ന് ജീവിക്കുന്ന, മുമ്പ് കഴിഞ്ഞു പോയ മിക്ക കക്ഷികളും ശെരിയായ മാർഗത്തിലായിരുന്നില്ല എന്ന കാര്യത്തിൽ സംശയമില്ല. ഖുർആനും സുന്നത്തും അടിസ്ഥാന പ്രമാണമായി സ്വീകരിച്ചിട്ടും എന്ത് കൊണ്ട് അവർ നേർമാർഗം പ്രാപിച്ചില്ല? ഈ അന്വേഷണം നമുക്ക് നൽകുന്ന ഒരുത്തരമുണ്ട്. ആ ഉത്തരമാണ് ഈ വിഷയത്തിന്റെ കാതലായ വശം.

അപ്പോൾ ഖുർആനും സുന്നത്തും പ്രമാണമായി സ്വീകരിച്ചത് കൊണ്ട് മാത്രം ഒരാൾ നേരായ വഴിയിൽ എത്തിച്ചേരില്ല എന്ന കാര്യം ഉറപ്പായി. പിന്നെ എന്താണ് ഒരാളെ സുരക്ഷിതവും നേരായതുമായ മാർഗ്ഗത്തിലെത്തിച്ചേരാൻ സഹായിക്കുന്ന ഘടകം ? ഈ ഒരു നിർണായക വിഷയം ഉൾക്കൊള്ളുന്നതിലാണ് പല വിഭാഗങ്ങൾക്കും തെറ്റ് പറ്റുകയും പിഴച്ചു പോവുകയും ചെയ്തത്. അതായത്, ഖുർആനും സുന്നത്തും പ്രമാണമായി സ്വീകരിക്കുന്ന ഒരാൾ, നിർബന്ധമായും, പ്രമാണവാക്യങ്ങൾ അഥവാ ഖുർആനിന്റെയും ഹദീസിന്റെയും അധ്യാപനങ്ങളിൽ നിന്ന്, നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയിലൂടെ സ്വഹാബത് എന്താണോ മനസ്സിലാക്കിയത്, അവർ അവ എങ്ങിനെയാണോ ഉൾക്കൊണ്ടത്, ഏതു രൂപത്തിലാണോ അവർ (സ്വഹാബത്) അവ (ഖുർആനും സുന്നത്തും) ജീവിതത്തിൽ പ്രയോഗവൽക്കരിച്ചത് എന്ന് മനസ്സിലാക്കുകയും അക്ഷരം പ്രതി യാതൊരു ഭേദഗതിയും കൂടാതെ അവ സ്വീകരിക്കുകയും അംഗീകരിക്കുകയും ജീവിതത്തിൽ പ്രയോഗവൽക്കരിക്കുകയും ചെയ്‌താൽ മാത്രമേ നബിയും സ്വഹാബത്തും പിന്തുടർന്ന നേരായ മാർഗത്തിൽ എത്തിച്ചേരുകയുള്ളൂ. ഇതാണ് ഉത്തരം.

ഈ നിബന്ധന, അല്ലെങ്കിൽ മുകളിൽ സൂചിപ്പിച്ച മാനദണ്ഡം പാലിക്കാത്തത് കൊണ്ട് മാത്രമാണ് യഥാർത്ഥ മാർഗത്തിൽ നിന്ന് ഖുർആനും സുന്നത്തും അവകാശപ്പെടുന്നവരായിരുന്നിട്ടു കൂടി മുഴുവൻ വിഭാഗവും പിഴച്ചു പോയത്. അതിൽ പല നിലവാരത്തിലുള്ളവരുമുണ്ട്. ചില വിഭാഗങ്ങൾ അവർക്കിഷ്ടപ്പെട്ട ചില വിഷയങ്ങളിൽ സ്വഹാബത്തിന്റെ ധാരണയെ പിൻപറ്റുന്നവരാണ്. വേറെ ചിലർ അവരുടെ ബുദ്ധിയെയും യുക്തിയെയും അടിസ്ഥാനമാക്കുന്നവരാണ്. മറ്റു ചിലർ അവരുടെ ഇമാമുമാരെയും നേതാക്കളെയും അവർ മഹത്വം കൽപിക്കുന്ന ചിലരെയും അന്ധമായി പിൻപറ്റുന്നവരാണ് . ഇതിലേത് വിഭാഗമായാലും ഖുർആനും സുന്നത്തും മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതിൽ സ്വഹാബത്തിന്റെ ഫഹ്മിനെ സ്വീകരിക്കാത്ത കാലത്തോളം അക്കാരണത്താൽ തന്നെ യഥാർത്ഥ പാന്ഥാവിൽ നിന്ന് വ്യതിചലിച്ച പിഴച്ച വിഭാഗമായാണ് വിലയിരുത്തപ്പെടുക.


ബശീർ പുത്തൂർ

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.