Monday, December 3, 2018

എന്ത് കൊണ്ട് കെ എൻ എം സലഫീ മൻഹജിൽ അല്ല എന്ന് പറയുന്നു? - 9

എന്ത് കൊണ്ട് കെ എൻ എം സലഫീ മൻഹജിൽ അല്ല എന്ന് പറയുന്നു? - 9

സലഫിയ്യത് ഖുർആനും സുന്നത്തും സലഫുകളുടെ ഫഹ് മ് അനുസരിച്ചു മുൻധാരണകളും മുൻവിധികളും ഇല്ലാതെ മനസ്സിലാക്കുന്നതിനും അമല് ചെയ്യുന്നതിനുമുള്ള മാർഗ രേഖയാണ്. കെ എൻ എം അത് അവകാശപ്പെടുകയല്ലാതെ അക്ഷരാർത്ഥത്തിൽ പിന്തുടരുന്നവരല്ല; പിന്തുടരാൻ സാധിക്കുന്നില്ല.
പലപ്പോഴും അതിന്റെ നേതാക്കൾ തന്നെ പറയാറുള്ളത് പോലെ " ഒരു സംഘടനയാകുമ്പോൾ..പല കാര്യങ്ങൾക്കും പരിമിതികളുണ്ടാകും" ആ പരിമിതികളിൽ പ്രധാനപ്പെട്ട ഒന്നാണ് സംഘടന തന്നെ.
കെ എൻ എം സാധാരണ പ്രവർത്തകരോ അതിന്റെ അനുയായികളായി സ്വയം അവരോധിതരായവരോ എന്റെ കുറിപ്പിൽ വിഷയീഭവിക്കുന്നില്ല. അതുപോലെ പ്രവർത്തകരിലും സാധാരണ മെമ്പർമാരിലുമുള്ള മൻഹജിയോ അല്ലാത്തതോ ആയ അബദ്ധങ്ങളോ പോരായ്മകളോ ന്യുനതകളോ ഞാൻ ഉന്നയിച്ചിട്ടുമില്ല. കാരണം, അവരിൽ പലർക്കും പലവിധ കാരണങ്ങളും (أعذار) പറയാനുണ്ടാകും. മറിച്ച് ഞാൻ സൂചിപ്പിക്കുകയും വ്യക്തിപരമായ പരാമർശം നടത്തുകയും ചെയ്തത്, മുജാഹിദ് പ്രസ്ഥാനം അതിന്റെ നേതൃനിരയായി ജനങ്ങൾക്ക് സ്വയം പരിചയപ്പെടുത്തുകയും പ്രസ്ഥാനത്തിന്റെ ജിഹ്വയായി പൊതുജനങ്ങളോട് പറയുകയും പണ്ഡിതന്മാരായി കൊണ്ട് നടക്കുകയും വിരൽ ചൂണ്ടപ്പെടുന്ന നേതാക്കളായി അണികൾ വിശ്വസിക്കുകയും ചെയ്യുന്ന ആളുകളിലുള്ള മൻഹജിയായ (മസ് അലയുമായി ബന്ധപ്പെട്ടോ, അവരുടെ സ്വകാര്യ ജീവിതത്തിൽ സംഭവിച്ച ഏതെങ്കിലും തരത്തിലുള്ള വീഴ്ചയെക്കുറിച്ചോ അല്ല ; അത് മൻഹജ്‌ ചർച്ചയുടെ പരിധിയിൽ വരുന്നതുമല്ല) കാര്യങ്ങൾ മാത്രമാണ്.
ഒരു സംഘടനക്കാരന്റെ മനസ്സ് എനിക്ക് വായിക്കാൻ പറ്റും. അതായത് അവന്റെ മാനസികാവസ്ഥ മനസ്സിലാകും. ഒരാൾ എത്രമാത്രം സംഘടനയിൽ സജീവവും അതിന്റെ ഉന്നത ശ്രേണിയിൽ വിരാചിക്കുകയും ചെയ്യുന്നുവോ അത്രയും അവൻ സുന്നത്തിൽ നിന്നും ഇൽമിൽ നിന്നും അകലെയായിരിക്കും. ഇത് വെറുതെ പറയുന്നതല്ല. ഓരോരുത്തരും സ്വന്തം മനസ്സാക്ഷിയോട് ചോദിച്ചു നോക്കുക.
ദീനിനേക്കാൾ, സുന്നതിനേക്കാൾ ഒരാൾ അവന്റെ സംഘടനക്കു പ്രാമുഖ്യം നൽകുന്ന അവസ്ഥയുണ്ടോ? "മുജാഹിദ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച വ്യക്തി" " പ്രസ്ഥാനത്തിന് വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതം" " പ്രസ്ഥാനം കഴിഞ്ഞിട്ടേ എനിക്കെന്തുമുള്ളൂ" ഇതൊക്കെ എത്ര കേട്ടിട്ടുണ്ട് അല്ലേ ? എന്താ ഇതിന്റെയൊക്കെ അർത്ഥമെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇതാണോ നബി ചര്യ? ഇതാരുടെ മൻഹജാണ് ? സുന്നത്താണോ അത് കൊണ്ട് ഉദ്ദേശിക്കുന്നത്? അപ്പോൾ ഈ "പ്രത്താനം" ഉണ്ടാവുന്നതിനു മുമ്പ് ജീവിച്ചു മരിച്ചു പോയ സ്വഹാബികൾ തൊട്ടു ഇന്നോളമുള്ള മനുഷ്യരുടെ അവസ്ഥയെന്താണ്? പ്രസ്ഥാനത്തിന് വേണ്ടി ജീവിക്കാനും കെട്ടിപ്പടുക്കാനുമൊക്കെ അള്ളാഹുവും റസൂലും കൽപിച്ചതാണോ ? സഹോദരന്മാരെ, അള്ളാഹുവിനെ മുൻനിർത്തി ഞാൻ ചോദിക്കുന്നു. അള്ളാഹുവിന്റെ ദീനിനും അവന്റെ റസൂലിന്റെ സുന്നത്തിനും മാത്രമേ പ്രാമാണികത കൽപ്പിക്കാൻ പാടുള്ളൂ. അതിനു വേണ്ടി മാത്രമേ പക്ഷം ചേരേണ്ടതുള്ളൂ. നാളെ പരലോകത്തു അതിനെക്കുറിച്ചു മാത്രമേ ചോദിക്കുകയുള്ളൂ.
ഇൽമിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലല്ലാതെ ജനങ്ങളിൽ മാറ്റമുണ്ടാക്കുക സാധ്യമല്ല. ഇസ്‌ലാമിന്റെ ചരിത്രം പരിശോധിച്ച് നോക്കൂ. ഇമാം അഹ്‌മദ്‌, ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ, ഇമാം ബുഖാരി തുടങ്ങി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ്, ഷെയ്ഖ് അൽബാനി, ഷെയ്ഖ് ഇബ്ൻ ബാസ്, ഷെയ്ഖ് മുഖ്‌ബിൽ റഹിമഹുമുള്ളാഹ് അജ്‌മഈൻ - ഇവരിൽ പൗരാണികരും ആധുനികരുമുണ്ട്. ഇവരുടെയെല്ലാം ജീവിതം തുറന്ന പുസ്തകങ്ങളാണ്. അവരുടെ സേവനങ്ങൾ ലോകം സാക്ഷ്യം വഹിച്ചതാണ്. ഷെയ്ഖ് ഇബ്‌നു ബാസ്, ഷെയ്ഖ് അൽബാനി, ഷെയ്ഖ് മുഖ്‌ബിൽ ലോകത്തിന്റെ മൂന്നു ധ്രുവങ്ങളിൽ ജീവിച്ച മഹാരഥന്മാർ. രാവിലെ സുബ്ഹ് നമസ്കാരം തുടങ്ങി രാത്രി വൈകുന്നത് വരെ നീളുന്ന വൈജ്ഞാനിക സദസ്സുകൾ. ഇടക്ക് ഭക്ഷണം, നമസ്കാരം വിശ്രമം എന്നിവക്ക് വേണ്ടി ചുരുങ്ങിയ ഇടവേള. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വരുന്ന നിവേദക സംഘങ്ങൾ. അവരുടെ പ്രത്യേകമായ ചോദ്യങ്ങളും സംശയ നിവാരണങ്ങളും. ! 100 കൊല്ലത്തെ പ്രസ്ഥാന ചരിത്രത്തിന്റെ മേനി പറയുന്ന ആളുകൾക്ക് അവരുടെ ജീവിതത്തിലെ ഒരു ദിവസവുമായി തുലനം ചെയ്യാനൊക്കുമോ സംഘടനക്കാരന്റെ 100 കൊല്ലം? ലജ്ജ കൊണ്ട് തൊലിയുരിഞ്ഞു പോകും ! അവർ വിട്ടേച്ചു പോയ അറിവിന്റെ സാഗരത്തിൽ മുങ്ങിത്തപ്പി വിജ്ഞാന മുത്തുകൾ പെറുക്കിയെടുക്കുന്ന പതിനായിരങ്ങളുണ്ട് ലോകത്തിന്റെ പല ഭാഗത്തുമായി. ആരവങ്ങളും ആഘോഷവുമില്ലാതെ ! അതാണ് സുന്നത്തിന്റെയും ഇൽമിന്റെയും പ്രസക്തി. അതാണ് പ്രവാചകന്മാരുടെ അനന്തര സ്വത്ത്. ആർക്കെങ്കിലും അത് ലഭിച്ചാൽ അവനു നല്ലൊരു വിഹിതം കിട്ടി എന്ന് റസൂൽ സല്ലള്ളാഹു അലൈഹി വ സല്ലം സാക്ഷ്യപ്പെടുത്തിയ അനന്തര സ്വത്ത്. സംഘടനയുടെ നന്മകൾ പറഞ്ഞില്ല എന്ന് പറഞ്ഞു രോദനം കൊള്ളുന്നവർ ഇതെല്ലാം ഓർത്തു വെക്കണം.

(തുടരും ഇൻഷാ അള്ളാഹ് )

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.