Monday, December 3, 2018

എന്ത് കൊണ്ട് കെ എൻ എം സലഫീ മൻഹജിൽ അല്ല എന്ന് പറയുന്നു ? - 8

എന്ത് കൊണ്ട് കെ എൻ എം സലഫീ മൻഹജിൽ അല്ല എന്ന് പറയുന്നു ? - 8

മസ്അലയും മൻഹജും ഒരാൾക്ക് എത്ര കണ്ട് വേർതിരിച്ചു മനസ്സിലാകുന്നുവോ അത്ര കണ്ട് വിഷയം മനസ്സിലാകും.

ഖുർആനും സുന്നത്തും സലഫിന്റെ മൻഹജ്‌ പിന്തുടർന്ന് കൊണ്ടാണ് ഞങ്ങൾ മനസ്സിലാക്കുകയും ദഅവത്ത് നടത്തുകയും ചെയ്യുന്നത് എന്ന് അവകാശപ്പെടുന്നവരാണ് കേരള നദ് വത്തുൽ മുജാഹിദീൻ ( സീഡീ ടവർ വിഭാഗം). അവരുടെ പ്രവർത്തകരും പ്രാസംഗികരും പണ്ഡിതന്മാരെന്നു അവകാശപ്പെടുന്നവരും ഇക്കാര്യം മറ്റാരെക്കാളും ആവർത്തിക്കാറുണ്ട്; അവരതിൽ നിന്ന് ഏറെ വിദൂരത്താണെങ്കിലും !

അത് കൊണ്ടാണ് കെ എൻ എം, അവർ അവകാശപ്പെടുന്നത് പോലെ യഥാർത്ഥ സലഫീ മൻഹജിൽ എത്തിയിട്ടില്ല എന്ന് തെളിവുകൾ സഹിതം പറയേണ്ടി വരുന്നത്. അവകാശവാദങ്ങൾ ആർക്കും നടത്താം. സലഫികൾ എന്ന പേര് വെച്ച് കൊണ്ട് തന്നെ രാഷ്ട്രീയ പ്രവർത്തനം നടത്തുകയും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന ഒന്നിലധികം സംഘടനകൾ ലോകത്തുണ്ട്. അവരെല്ലാം സ്വഹാബത്തിന്റെ ഫഹ് മിനെ പിന്തുടരുന്ന യഥാർത്ഥ സലഫികളാണ് എന്ന് പറയാൻ കഴിയില്ല. അത് കൊണ്ട് തന്നെയാണ് ശൈഖ് നാസ്വിറുദ്ധീൻ അൽബാനിയെപ്പോലുള്ള ഉലമാക്കൾ "ഒരാൾ സലഫി എന്ന പേര് ഉപയോഗിച്ചത് കൊണ്ട് അയാൾ യഥാർത്ഥ സലഫിയ്യത്തിൽ ആണ് എന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല, മറിച്ച്, നിജസ്ഥിതി / യാഥാർഥ്യം എന്താണോ അതിനനുസരിച്ചാണ് നാമകരണം പരിഗണിക്കപ്പെടുക " എന്ന് പറഞ്ഞത്. നമ്മുടെ നാട്ടിൽ തന്നെ "അഹ്‍ലുസ്സുന്നത്തി വൽ ജമാഅ" എന്ന പേര് വ്യാപകമായി ഉപയോഗിക്കുന്നത് ശിർക്കും ബിദ്അത്തും ഖുറാഫാത്തും ഖുബൂരിയ്യത്തും സുഫിയ്യത്തും ത്വരീഖത്തും പ്രചരിപ്പിക്കുകയും സുന്നത്തിനു വ്യക്തമായി എതിര് നിൽക്കുകയും ചെയ്യുന്ന ആളുകളാണ്. അവർക്കു അവരുടെ ലേബൽ വല്ല ഗുണവും ചെയ്യുമോ? ഒരിക്കലുമില്ല.

ഇതേ അവസ്ഥയാണ് കെ എൻ എമ്മിന്റേതും. സലഫുകളുടെ മൻഹജ്‌ അവർ സ്വീകരിക്കുന്നുവെന്ന് അവർ അവകാശപ്പെടുന്നു. പക്ഷെ അത് കടലാസിലാണെന്ന് മാത്രം. ഒരിക്കലും കെ എൻ എമ്മിന് സലഫീ മൻഹജ്‌ അവരുടെ നയ-നിലപാടുകളെ സ്വാധീനിക്കുകയും ജീവൽഗന്ധിയായി പരിവർത്തിപ്പിക്കുകയും ചെയ്യുന്ന ഒരവസ്ഥയിലേക്ക് ഇതുവരെ എത്തിയിട്ടില്ല. ഈ അവസ്ഥയിലാണ് അവർ തുടർന്ന് പോകുന്നതെങ്കിൽ സലഫീ മൻഹജിൽ അവരെത്തുകയുമില്ല.

ഇവിടെ, ഞാൻ ആവർത്തിച്ചു വ്യക്തമാക്കാൻ ആഗ്രഹിക്കുന്ന കാര്യം; മൻഹജിയായ വ്യതിയാനം എന്തെന്നും മസ് അലകളുമായി ബന്ധപ്പെട്ട നിലപാടും വേറെയാണെന്നും, അത് പോലെ, ഒരു വ്യക്തിയിൽ സംഭവിക്കുന്ന വീഴ്ചകൾ, ന്യുനതകൾ, തെറ്റുകൾ, പൈശാചിക പ്രേരണയാൽ അയാൾ ചെയ്യുന്ന തിന്മകൾ തുടങ്ങിയവ മൻഹജിയായ വ്യതിയാനമായി കാണരുത് എന്നുമാണ്. കാരണം, അവ ഒരാളുടെ മൻഹജ്‌ നിർണ്ണയിക്കാൻ പര്യാപ്‌തമാവില്ല എന്ന് മാത്രമല്ല മനുഷ്യൻ എന്ന നിലയിൽ ആർക്കും സംഭവിക്കാവുന്നതുമാണ്. ഒരു ഉദാഹരണം പറയാം. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സദസ്സിൽ വരികയും ഫലിതം പറഞ്ഞു നബിയെ ചിരിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്ന ഒരു സ്വഹാബിയെ മദ്യപാനത്തിന്റെ പേരിൽ കൊണ്ട് വന്നു. സ്വഹാബികൾ പലരും കൈ കൊണ്ടും ചെരുപ്പ് കൊണ്ടും വസ്ത്രം കൊണ്ടുമെല്ലാം അദ്ദേഹത്തെ അടിച്ചു. കാരണം മൂന്നാം പ്രാവശ്യമാണ് ഇത് ആവർത്തിക്കുന്നത്. കുട്ടത്തിൽ ഒരാൾ അദ്ദേഹത്തെ മോശമായ ഒരു വാക്കു ഉപയോഗിച്ച് ആക്ഷേപിച്ചു. ഇത് കേട്ടപ്പോൾ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " അങ്ങിനെ നിങ്ങൾ പറയരുത്. കാരണം അദ്ദേഹം അള്ളാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്നു " ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസാണ് ഇത്. ഇത് പോലുള്ള വേറെയും സംഭവങ്ങൾ കാണാം.

ഇത് അദ്ദേഹത്തിൽ നിന്ന് സംഭവിച്ച ഒരു പൈശാചിക പ്രവണതയാണ്. ദീനിന്റെ ഭാഗമോ പുണ്യകരമോ ആയി ചെയ്തതല്ല. ദീനിനോട് എതിര് നിൽക്കണം എന്ന ഉദ്ദേശത്തോടെയും ചെയ്തതല്ല. മറിച്ച് പൈശാചികമായ പ്രേരണയാൽ സംഭവിച്ചു പോയതാണ്. ഇത്തരം വീഴ്ചകളുടെ അടിസ്ഥാനത്തിൽ ഒരാളുടെ മൻഹജ്‌ നിശ്ചയിക്കാൻ കഴിയില്ല. അത് പോലെ അബദ്ധമായ നിലക്കോ ശെരിയാണെന്നു തെറ്റിദ്ധരിച്ചു കൊണ്ടോ, ഹദീസിനെക്കുറിച്ചു അറിവില്ലാതെയോ മറ്റു വല്ലവരുടെയും പ്രേരണയാലോ വീഴ്ച സംഭവിക്കുകയോ സുന്നത്തിന് എതിരായ കാര്യം ചെയ്യുകയോ പറയുകയോ ചെയ്താലും ഇതേ വിധി തന്നെയാണ്. എന്നാൽ, കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാൻ അവസരമുണ്ടായിട്ടും അതിനു ചെവി കൊടുക്കാതെയിരിക്കുകയും സത്യസന്ധമായ നിലക്ക് ഗുണകാംക്ഷയോടെ അറിയിച്ചിട്ടും അത് സ്വീകരിക്കാതെ പഴയ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയും വിഷയത്തിൽ വ്യക്തമായ ഹദീസ് ലഭിച്ചിട്ടും അതിനു നേരെ കണ്ണടക്കുകയും ചെയ്യുന്നുവെങ്കിൽ വിഷയം മൻഹജുമായി ബന്ധപ്പെട്ട വ്യതിയാനമായി.

തുടരും - ഇൻ ശാഅള്ളാഹ്

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.