Monday, December 3, 2018

എന്ത് കൊണ്ട് കെ എൻ എം സലഫീ മൻഹജിൽ അല്ല എന്ന് പറയുന്നു? - 10

എന്ത് കൊണ്ട് കെ എൻ എം സലഫീ മൻഹജിൽ അല്ല എന്ന് പറയുന്നു? - 10

സലഫീ മൻഹജിനെക്കുറിച്ചു പറയുമ്പോൾ എടുത്തു പറയേണ്ട അതി പ്രധാനമായ ഒരു അസ്ൽ ആണ്‌ ഇൽമ് നേടുന്നതിന്റെ സ്രോതസ്സുമായി ( مصادر التلقي ) ബന്ധപ്പെട്ടത്.
ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണമായ ഖുർആനും സുന്നത്തും അവ സലഫുകൾ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും അമല് ചെയ്യുകയും ചെയ്ത രൂപത്തിലാണ് നമ്മൾ പിന്പറ്റേണ്ടത് എന്ന കാര്യം നേരത്തെ സൂചിപ്പിച്ചുവല്ലോ. ഇനി അവ ആരിൽ നിന്നെല്ലാമാണ് കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് എന്ന കാര്യം കൂടി അറിയേണ്ടതുണ്ട്.സലഫുകൾ ഇക്കാര്യത്തിൽ വളരെയധികം കണിശത പുലർത്തിയിരുന്നു. പറയുന്ന കാര്യങ്ങൾ ഇസ്‌ലാമിനെക്കുറിച്ചു ആയതു കൊണ്ട് മാത്രം അത് സ്വീകാര്യമാവുന്നില്ല. കാരണം ഇസ്‌ലാമിനെക്കുറിച്ചു സംസാരിക്കുന്ന ആളുകളിൽ പല തരക്കാരുണ്ട് . ഒന്ന് കൂടി വ്യക്തമായി പറഞ്ഞാൽ പണ്ഡിതന്മാർ എന്ന് സാധാരണ ഗതിയിൽ വിളിക്കപ്പെടും വിശേഷിപ്പിക്കപ്പെടുകയും ചെയ്യുന്നവരിൽ നല്ലൊരു ശതമാനം ആളുകളും ആ വിശേഷണത്തിന് യോഗ്യരല്ലാത്തവരോ സുന്നത്തിന്റെ വാഹകരല്ലാത്ത അതിന്റെ ശത്രുക്കളോ ആയിരിക്കും. 'ഖമറുൽ ഉലമയും' 'ശംസുൽ ഉലമ'യുമൊക്കെയായി വാഴ്ത്തപ്പെടുന്ന ആളുകളുടെ നിജസ്ഥിതി എന്താണെന്ന് നമുക്ക് വ്യക്തമായി അറിയാം. അവരെക്കുറിച്ചാണ് സാധാരണ ഗതിയിൽ ദുഷിച്ച പണ്ഡിതന്മാർ (علماء السوء) എന്ന് പറയാറുള്ളത്. അവരും പറയുന്നത് ഇസ്‌ലാമിനെക്കുറിച്ചും ഖുർആനിനെക്കുറിച്ചുമൊക്കെയായിരിക്കും. ഇത്തരക്കാർ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ശിർക്കിലേക്കും ബിദ്അത്തിലേക്കും ക്ഷണിക്കുന്ന അതിന്റെ വാഹകരായ ആളുകളിൽ നിന്ന് ദീനിന്റെ ഇൽമ് സ്വീകരിക്കാൻ പാടില്ല. ഖുർആനും സുന്നത്തും അറിയുകയും സലഫുകളുടെ മാർഗം പിന്തുടരുകയും ചെയ്യുന്ന സത്യസന്ധരും വിശ്വസ്തരുമായ ഉലമാക്കളിൽ നിന്നാണ് ദീൻ സ്വീകരിക്കേണ്ടത്. അവർക്കാണ് യഥാർത്ഥത്തിൽ ഉലമാക്കൾ (علماء الخير) എന്ന വിശേഷണം ചേരുക. അപ്പോൾ പറയുന്ന കാര്യങ്ങൾ ശെരിയായാൽ മാത്രം പോരാ, അത് പറയുന്ന ആൾക്ക് അതിനുള്ള ശെരിയായ യോഗ്യത കൂടി വേണം എന്നർത്ഥം. ഇമാം മുസ്‌ലിം റഹ്മത്തുള്ളാഹി അലൈഹി തന്റെ സ്വഹീഹിന്റെ മുഖദ്ദിമയിൽ ഇമാം ഇബ്നു സീരീൻ റഹിമഹുള്ളയിൽ നിന്ന് ഉദ്ധരിക്കുന്ന ഒരു അസർ ഈ വിഷയത്തിൽ സമഗ്രമാണ്. إن هذا العلم دين فانظروا عمن تأخذون دينكم " നിശ്ചയം, ഈ ഇൽമ് ദീനാകുന്നു. അതിനാൽ അതാരിൽ നിന്നാണ് സ്വീകരിക്കുന്നത് എന്ന് നിങ്ങൾ നോക്കേണ്ടതുണ്ട്." ഹദീസ് സ്വീകരിക്കുന്ന വിഷയത്തിലാണ് ഇത് പറഞ്ഞിട്ടുള്ളതെങ്കിൽ പോലും മൊത്തത്തിൽ ദീൻ സ്വീകരിക്കുന്ന കാര്യത്തിൽ ഇത് തെളിവായി ഉദ്ധരിച്ചു പോരുന്നു. ചുരുക്കത്തിൽ മതം എന്ന മേൽവിലാസത്തിൽ സംസാരിക്കുന്ന എല്ലാവർക്കു മുമ്പിലും ചെന്നിരിക്കുകയും അവർ പറയുന്നതെല്ലാം കേൾക്കാൻ ചെവി വെച്ച് കൊടുക്കുകയും ചെയ്യുന്ന രീതി അഹ്‌ലുസ്സുന്നത്തിനില്ല.
ഈ വിഷയം ഇവിടെ പ്രത്യേകം പറയാൻ കാരണം, കെ എൻ എം അടക്കമുള്ള ഒരു മത സംഘടനക്കും ഈ വിഷയത്തിൽ ഒരു നിലപാടുമില്ല എന്നതാണ്. ആര് പറയുന്നതും കേൾക്കുകയും പറയുകയും തെളിവായിപ്പോലും ഉദ്ധരിക്കുകയും ചെയ്യും. തങ്ങളുടെ സംഘടനയുടെ നിലപാടുമായി യോജിക്കുന്നത് ആയാൽ മാത്രം മതി. പൗരാണികരായ മദ്ഹബീ പക്ഷപാതികളുടെ വാക്കുകളായാലും ആധുനികരായ ഇഖ് വാനീ സഹയാത്രികരുടെ വാക്കുകളായാലും അനുകൂലമായ രീതിയിലുള്ള ഉദ്ധരണികൾ ആണെങ്കിൽ നിസ്സങ്കോചം അവ പ്രചരിപ്പിക്കുകയും ഉയർത്തിക്കാട്ടുകയും ചെയ്യും. അമാനി മൗലവിയുടെ തഫ്സീറിൽ പോലും സയ്യിദ് ഖുതുബിനെപ്പോലുള്ളവരുടെ ഉദ്ധരണികൾ കടന്ന് കൂടിയത് അതിന്റെ ഏറ്റവും വലിയ തെളിവാണ്. പലപ്പോഴും യൂസുഫുൽ ഖർദാവിയുടെയും അബ്ദുൾറഹ്മാൻ അബ്ദുൽ ഖാലിക്കിന്റെയുമെല്ലാം ഉദ്ധരണികളും ലേഖനങ്ങളും കെ എൻ എമ്മിന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിൽ കാണാറുണ്ട്. സുന്നത്തിന്റെ കാര്യത്തിൽ വ്യക്തതയില്ലാത്ത ആളുകളെ സാധാരണ മുസ്ലിംകൾക്ക് മതപരമായ വിഷയങ്ങൾ പരിചയപ്പെടുത്തുമ്പോൾ ഒരിക്കലും കേൾക്കാനും വായിക്കാനുമുള്ള അവസരം സൃഷ്ട്ടിക്കാൻ പാടില്ല. ദഅവത്തിന്റെ ഭാഗമെന്ന നിലയിൽ നടത്തപ്പെടുന്ന സമ്മേളനങ്ങളിലും വലിയ പരിപാടികളിലും ഇത്തരം ആളുകളെ ബഹുമാനപൂർവ്വം ക്ഷണിച്ചു കൊണ്ട് വരികയും അവരുടെ തെറ്റായതും സുന്നത്തിനു വിരുദ്ധവുമായ ആശയങ്ങൾ കേൾക്കാൻ സാധാരണക്കാരായ മുസ്‌ലിം പൊതുജങ്ങങ്ങൾക്ക് അവസരം സൃഷ്ടിക്കുകയും ചെയ്യുന്നതിൽ കെ എൻ എം ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. സലഫീ മൻഹജാണ് അവർ പിന്തുടരുന്നത് എന്ന് ആവർത്തിക്കുമ്പോഴാണ് ഇതെല്ലം നടക്കുന്നത് എന്ന കാര്യം മറക്കരുത്. മാത്രമല്ല, ദഅവ പരിപാടികൾ അമുസ്ലിംകൾ പോലും പ്രസംഗിക്കുകയും അവരുടെ ശുബ്ഹത്തുകൾ അവർ അതിലൂടെ സാധാരണക്കാരെ കേൾപ്പിക്കുകയും ചെയ്യുന്നു. എന്ത് ന്യായീകരണം നിരത്താനുണ്ടായാലും ഇതൊക്കെ സലഫുകളുടെ രീതിയാണെന്ന് മാത്രം പറയരുത്. കാരണം സലഫുകളുടെ ശുഭ്രമായ മൻഹജ്‌ നമുക്ക് മുമ്പിൽ രാജ പാത തീർക്കുന്നു. അത് കൊണ്ട് കണ്ണടച്ച് ഇരുട്ടാക്കാതിരിക്കുക.

( തുടരും - ഇൻഷാ അള്ളാഹ്)

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.