Monday, December 3, 2018

എന്ത് കൊണ്ട് കെ എൻ എം സലഫീ മൻഹജിൽ അല്ല എന്ന് പറയുന്നു ? - 7

എന്ത് കൊണ്ട് കെ എൻ എം സലഫീ മൻഹജിൽ അല്ല എന്ന് പറയുന്നു ? - 7

മൻഹജ്‌ അഥവാ രീതിശാസ്ത്രം എന്നതും മസ്അല അഥവാ കർമ്മപരമായ / ശാഖാപരമായ ഒരു വിഷയം എന്നതും, രണ്ടും വ്യത്യസ്തമായി വേർതിരിച്ചു മനസ്സിലാക്കുന്നതിൽ കെ എൻ എമ്മിന്റെ പണ്ഡിതന്മാരെന്നു പറയപ്പെടുന്ന ആളുകളിൽ പലർക്കും ഒരു ധാരണയുമില്ല.

ഖുർആനും ഹദീസും ഇസ്‌ലാമിക പ്രമാണങ്ങളുടെ അഥവാ ശറഇന്റെ സ്രോതസ്സുകളാണ്. അതായത് ഇവ രണ്ടിൽ നിന്നുമാണ് മത നിയമങ്ങൾ നിർദ്ധാരണം ചെയ്യപ്പെടുന്നത്. ഇക്കാര്യത്തിൽ അഹ്‌ലുൽ ഖിബ്‌ലയിൽ പെട്ട ഒട്ടുമിക്ക അവാന്തര വിഭാഗങ്ങൾക്കും തർക്കമുണ്ടാവില്ല. പല വിഷയങ്ങളിലും (مسائل)മത വിധികൾ കണ്ടെത്തുന്നതിലും അവ സാംശീകരിക്കുന്നതിലും പല കാരണങ്ങളാലും വീക്ഷണ വൈജാത്യങ്ങൾ ഉണ്ടാകാം. ആ കാരണങ്ങൾ ചിലപ്പോൾ ന്യായവും സ്വീകാര്യവുമായിരിക്കാം. മറ്റു ചിലപ്പോൾ തെറ്റും അസ്വീകാര്യവുമായിരിക്കാം. (ആ ചർച്ച മറ്റൊരിക്കലാകാം). അഹ്‌ലുസ്സുന്ന മറ്റു ഫിറഖുകളിൽ (വിഭാഗങ്ങളിൽ) നിന്ന് വേർപിരിയുന്നത് അടിസ്ഥാനപരമായി മൻഹജിലാണ്; മസ്അലയിൽ അല്ല ! അതായത് ഖുർആനും സുന്നത്തും മതസംഹിതയുടെ നിർദ്ധാരണത്തിന്റെ സ്രോദസ്സ് (مصادر التشريع) എന്നതിൽ എല്ലാവരും യോജിക്കുമ്പോൾ തന്നെ അത് സ്വീകരിക്കേണ്ട രീതിശാസ്ത്രത്തിലാണ് (منهج) എല്ലാവരും വിയോജിക്കുന്നത്. മൻഹജ്‌ അഥവാ രീതിശാസ്ത്രം ശെരിയായതും തെറ്റായതുമുണ്ട്. മത നിയമ സംഹിതയുടെ അടിസ്ഥാന സ്രോദസ്സായ ഖുർആനിനെയും സുന്നത്തിനെയും സലഫുകൾ അഥവാ സ്വഹാബത് എങ്ങിനെയാണോ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് നേരിട്ട് കേൾക്കുകയും മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും അമല് ചെയ്യുകയും കൈമാറുകയും ചെയ്തത്, അത്- അത് പോലെ പൂർണ്ണ പരിശുദ്ധിയിൽ യാതൊരു കലർപ്പും സ്വരഭേദവുമില്ലാതെ സ്വീകരിക്കുകയും സർവ്വാത്മനാ അംഗീകരിക്കുകയും പിൻപറ്റുകയും ചെയ്യുന്നതാണ് ശെരിയായ, ഹഖായ മൻഹജ്‌. അതിനെക്കുറിച്ചാണ് അള്ളാഹു ഖുർആനിൽ സൂറത്തുൽ ബഖറയിൽ പറയുന്നത് فَإِنْ آمَنُوا بِمِثْلِ مَا آمَنتُم بِهِ فَقَدِ اهْتَدَوا നിങ്ങൾ (സ്വഹാബികൾ) വിശ്വസിച്ചത് പോലെ അവർ (ജൂതന്മാരും ക്രിസ്ത്യാനികളുമായ അവിശ്വാസികൾ) വിശ്വസിച്ചാലേ അവർ സന്മാർഗ്ഗത്തിലാവുകയുള്ളൂ".

അവരെക്കുറിച്ചാണ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം "വിജയിച്ച വിഭാഗം" ( الطائفة المنصورة) എന്ന് പറഞ്ഞത്. لَا تَزَالُ طَائِفَةٌ مِنْ أُمَّتِي ظَاهِرِينَ عَلَى الْحَقِّ، لَا يَضُرُّهُمْ مَنْ خَذَلَهُمْ، حَتَّى يَأْتِيَ أَمْرُ اللهِ وَهُمْ كَذَلِكَ»

"എന്റെ ഉമ്മത്തിൽ ഒരു വിഭാഗം ആളുകൾ ഹഖുമായി പ്രകടമായിത്തന്നെ ആയിക്കൊണ്ടേയിരിക്കും ആരെല്ലാം അവരെ 'അപമതിച്ചാലും' അതവർക്ക് യാതൊരു ദോഷവും ചെയ്യില്ല; അള്ളാഹുവിന്റെ കൽപന (അന്ത്യ നാൾ) വരുന്നത് വരെ അവർ ആ നിലയിൽ തന്നെയായിരിക്കും" ബുഖാരിയും മുസ്‌ലിമുമടക്കം നിരവധിയനവധി കൈവഴികളിലൂടെ വിവിധ പദങ്ങളിലായി സുവിദിതമായി രിവായതു ചെയ്യപ്പെട്ട സ്വഹീഹ് ആയ ഹദീസ് ആണിത്.

ഈ ഹദീസിൽ خذل കാണിക്കുന്ന (المخذلة) എന്ന പ്രയോഗത്തിന് വലിയ അർത്ഥ തലങ്ങളുണ്ട്. ശറഹ് ചെയ്‌ത മുഹദ്ദിസുകൾ അതിനു നൽകിയ വ്യാഖ്യാനം " സത്യം എന്താണെന്നറിഞ്ഞിട്ടും സഹായിക്കാതെ മാറിനിൽക്കുന്നവർ" എന്നാണ്. ദീനിനെക്കുറിച്ചു പഠിക്കുകയും മനസ്സിലാക്കുകയും സത്യം എവിടെയാണെന്ന് ബോധ്യപ്പെടുകയും ചെയ്തിട്ട് സുന്നത്തിന് വേണ്ടി സംസാരിക്കുകയോ അതിന് സംരക്ഷണമൊരുക്കുകയോ പ്രതിരോധം തീർക്കുകയോ ചെയ്യാതെ ഒന്നുമറിയാത്തവനെപ്പോലെ മിണ്ടാതെ മാറി നിൽക്കുന്നവരാണ് ഈ വിഭാഗം. അവർ മറ്റു പല കാര്യങ്ങളിലും വാചാലരും സമർത്ഥരുമായിരിക്കും. ഖുർആനിന്റെയും സുന്നത്തിന്റെയും സംരക്ഷകരാണെന്ന് വീമ്പു പറയും. പക്ഷെ, സുന്നത്തിനെ സഹായിക്കുകയും ബിദ്അത്തിനെ പ്രതിരോധിക്കുകയും ചെയ്യേണ്ട സന്നിഗ്ദ്ധ ഘട്ടങ്ങളിൽ അവരെ രംഗത്ത് കാണില്ല; എന്നല്ല, മുസ്‌ലിം ഉമ്മത്തിലേക്കു ബിദ്‌അത്തു കടന്നു വരാനുള്ള പാലമായി അവർ നിലകൊള്ളും !! അവരാണ് ഹദീസിൽ പറഞ്ഞ "മുഖദ്ദിലകൾ". മറ്റൊരു രിവായത്തിൽ لا يضرهم من خالفهم " അവരോട് എതിര് നിൽക്കുന്നവരും അവർക്കൊരു ദോഷവും ചെയ്യില്ല " എന്ന് കാണാം.

ഈ ഹദീസ് മുജാഹിദ് പ്രസ്ഥാനം സംഘടന വളർത്താൻ വേണ്ടി അടുത്ത കാലം വരെ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. ഈ ഹദീസിലെ പരാമർശം സുന്നത്തിന്റെ ആളുകളെക്കുറിച്ചും അതിന്റെ വാഹകരായ ഉലമാക്കളെക്കുറിച്ചുമാണ്. സലഫുകളുടെ അനന്തര സ്വത്തായ സലഫീ മൻഹജിന്റെ സഹയാത്രികരെക്കുറിച്ചാണ്.

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു قد تركتكم على البيضاء ليلها كنهارها لا يزيغ عنها بعدي إلا هالك

" വെണ്മയാർന്ന ഒന്നിലാണ് ഞാൻ നിങ്ങളെ വിട്ടേച്ചു പോകുന്നത്. അതിന്റെ രാത്രി പോലും പകൽ പോലെയാണ്. എനിക്ക് ശേഷം സ്വയം നശിക്കാൻ തീരുമാനിച്ചവനല്ലാതെ അതിൽ നിന്ന് തെറ്റിപ്പോവുകയില്ല"

ഒരു സത്യാന്വേഷിക്കു ഇരുട്ടിൽ തപ്പേണ്ടതില്ലാത്ത വിധം കൃത്യവും വ്യക്തവും പ്രകാശപൂരിതവുമായ ആ വഴിയാണ് സലഫുകളുടെ വഴി. ആ വഴിയിൽ പ്രവേശിച്ചവരാണ് വിജയിച്ച കക്ഷി. അതൊരു പാർട്ടിയുടേയോ ഗ്രുപ്പിന്റെയോ പേരല്ല. ആളുകളുടെ അംഗ ബലവും ഭൂരിപക്ഷത്തിന്റെ ശക്തിയുമല്ല ഭാഗധേയം നിർണ്ണയിക്കുന്നത്. മറിച്ച്, അബ്ദുള്ളാഹി ബിൻ മസ്ഊദ് റദിയള്ളാഹു അൻഹു الجماعة എന്താണ് എന്ന് ചോദിച്ചപ്പോൾ പറഞ്ഞത്‌ പോലെ, ما وافق الحق ولو كنت وحدك "സത്യവുമായി യോജിച്ചത് ഏതാണോ, അതാണ്; നീ ഒറ്റക്കാണെങ്കിൽ പോലും"

ഈ മാർഗ്ഗമല്ലാത്ത, അഥവാ സലഫുകളുടെ 'ഫഹ് മ്' വിട്ട് സ്വന്തം ബുദ്ധിക്കും യുക്തിക്കും സാഹചര്യത്തിന്റെ സമ്മർദ്ദത്തിനും വഴങ്ങി ശാസ്ത്ര നിഗമനങ്ങൾക്കും പൊതുബോധത്തിനും അടിമപ്പെട്ടു ദീനീ പ്രമാണങ്ങളെ വ്യാഖ്യാനിക്കുകയും സ്വീകരിക്കുകയും പിന്തുടരുകയും പ്രബോധനം നടത്തുകയും ചെയ്യുന്നവർ സ്വീകരിച്ചിരിക്കുന്നത് തെറ്റായ മൻഹജിനെയാണ് . അത് പറയുകയും വേർതിരിച്ചു മനസ്സിലാക്കുകയും ചെയ്യുന്നതിൽ നാം പരാചയപ്പെടാൻ പാടില്ല.

തുടരും - ഇൻ ശാഅള്ളാഹ്

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.