Monday, December 3, 2018

എന്ത് കൊണ്ട് കെ എൻ എം സലഫീ മൻഹജിൽ അല്ല എന്ന് പറയുന്നു ? - 3

എന്ത് കൊണ്ട് കെ എൻ എം സലഫീ മൻഹജിൽ അല്ല എന്ന് പറയുന്നു ? - 3

ഖുർആനും സുന്നത്തുമാണ് പ്രമാണം എന്ന് പറയാൻ എളുപ്പമാണ്. പക്ഷെ അവ സലഫുകൾ അഥവാ സ്വഹാബത്ത് മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും അമല് ചെയ്യുകയും ചെയ്തത് പോലെയാണ് എന്നോ അത് പോലെയാവണം എന്നോ പറയുമ്പോൾ വിഷയം കുറച്ചു പ്രയാസകരമാവും. കാരണം സലഫിന്റെ ഫഹ്‌മു അഥവാ സ്വഹാബത്തിന്റെ ധാരണ പിൻപറ്റുക എന്നത് എളുപ്പമാവില്ല. അത് എല്ലാവർക്കും ചേരുന്ന കുപ്പായമല്ല. സലഫിയ്യത് ഒരു സംഘടനയുടെ പേരല്ലായെന്നു മാതൃഭൂമിയിൽ എഴുതിയ തന്റെ ലേഖനത്തിലൂടെ ടീപ്പിക്കു തന്നെ അത് സമ്മതിക്കേണ്ടി വന്നു. ഒരു മെമ്പർഷിപ്പിന്റെ ബലത്തിൽ ഉണ്ടായിത്തീരുന്നതല്ല സലഫിയ്യത്. ( ആ ഭാഗം ഞാൻ വഴിയേ വിശതീകരിക്കാം).
മതപരമായമതപരമായ വിഷയങ്ങളിൽ സംസാരിക്കുമ്പോൾ വളരെ സൂക്ഷ്മത പുലർത്തേണ്ടതുണ്ട്. നമ്മുടെ അറിവ് കേടു കൊണ്ടോ അവിവേകം കൊണ്ടോ വിഷയങ്ങളിലുള്ള ധാരണപ്പിശക് മൂലമോ അബദ്ധം സംഭവിക്കാൻ പാടില്ല. കാരണം നമ്മൾ സംസാരിക്കുന്നതു അള്ളാഹുവിന്റെ ദീനിനെക്കുറിച്ചാണ് എന്ന ബോധം എപ്പോഴും നമുക്കുണ്ടാവണം. അള്ളാഹുവിന്റെ ദീനിനെക്കുറിച്ചു സംസാരിക്കുന്നതിൽ സലഫുകൾ അങ്ങേയറ്റം ഭയപ്പെട്ടിരുന്നു. അത് കൊണ്ട് തന്നെ അവരുടെ സംസാരം വളരെ കുറവായിരുന്നു. ഇനി ഒരു വിഷയത്തിൽ സംസാരിക്കേണ്ട ഘട്ടം വരുമ്പോൾ ആ വിഷയത്തിൽ അറിവുള്ള ആളുകൾ ആരെങ്കിലുമുണ്ടോ എന്നവർ അന്ന്വേഷിച്ചു ഉറപ്പു വരുത്താറുണ്ടായിരുന്നു. ഒരു ഉദാഹരണം പറയാം : ഉമർ റദിയള്ളാഹു അൻഹു സ്വഹാബികളോട് കൂടെ ശാമിലേക്കു യാത്ര പോവുകയാണ്. വഴി മദ്ധ്യേ ശാമിലാകെ പകർച്ചവ്യാധി പിടിപെട്ടുവെന്ന വാർത്ത ലഭിക്കുന്നു. ഉടൻ തന്നെ അദ്ദേഹം ആദ്യകാല മുഹാജിറുകളെ വിളിച്ചു ഇക്കാര്യത്തിൽ നബിയിൽ നിന്ന് അവരാരെങ്കിലും വല്ലതും കേട്ടതായി ഉണ്ടോ എന്നാരാഞ്ഞു. പലരും പല അഭിപ്രായങ്ങളും പറഞ്ഞു. പക്ഷെ തൃപ്തികരമായ ഒരു നിലപാടിലെത്താൻ കഴിഞ്ഞില്ല. അടുത്തത് അൻസ്വാരികളുടെ ഊഴമായിരുന്നു. അവരും പ്രത്യേകിച്ച് ഒന്നും കേട്ടിട്ടില്ല. ആ ദിവസം അങ്ങിനെ കഴിഞ്ഞു.
യാത്രയിൽ അൽപം പിന്നിലായിരുന്ന അബ്ദുറഹ്മാൻ ഇബ്ൻ ഔഫ് റദിയള്ളാഹു അൻഹു അടുത്ത ദിവസം തന്റെ ഒട്ടകപ്പുറത്തു അതിവേഗം ഉമർ ബിൻ ഖത്താബ് റദിയള്ളാഹു അൻഹുവിന്റെ അടുത്തെത്തി ഈ വിഷയത്തിൽ എന്റെയടുത്തു ഒരു ഇൽമ് ഉണ്ട് എന്നറിയിച്ചു.താങ്കൾ നമുക്ക് വിശ്വസ്തനും സത്യസന്ധനുമാണ്. എന്താണ് താങ്കൾക്കു ഈ വിഷയത്തിൽ പറയാനുള്ളത് ? അദ്ദേഹം പറഞ്ഞു " നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറയുന്നത് ഞാൻ കേട്ടു
إذَا سَمِعْتُمْ بِهِ بِأرْضٍ، فلاَ تَقْدمُوا عَلَيْهِ، وإذَا وَقَعَ بِأَرْضٍ وَأَنْتُمْ بِهَا، فَلا تخْرُجُوا فِرَارًا مِنْهُ» فَحَمِدَ اللَّه تَعَالى عُمَرُر رضيه الله عنه وَانْصَرَفَ، متفقٌ عَلَيْهِ

വല്ല നാട്ടിലും അതുണ്ടെന്നു (പകർച്ചവ്യാധി) നിങ്ങൾ കേട്ടാൽ, പിന്നെ അങ്ങോട്ട് നിങ്ങൾ പോകരുത്. നിങ്ങൾ ഉള്ള നാട്ടിൽ അതുണ്ടായാൽ, രക്ഷ പ്രതീക്ഷിച്ചു കൊണ്ട് പുറത്തേക്കു പോവുകയും ചെയ്യരുത്." ഇത് കേട്ട് ഉമർ റദിയള്ളാഹു അൻഹു അള്ളാഹുവിനെ സ്തുതിച്ചു, പിന്തിരിഞ്ഞു പോന്നു.
എത്ര നിസ്സാരമെന്നു തോന്നുന്ന വിഷയത്തിലും സ്വഹാബികൾ സുന്നത്തു എന്തെന്ന് അന്വേഷിക്കുകയും അതിൽ തൃപ്തി കണ്ടെത്തുകയും ചെയ്തിരുന്നു. അബു ഹുസ്സൈൻ അൽ അസ്ദീ റദിയള്ളാഹു അൻഹു ഫത്‍വ (മതവിധി) പറയാൻ തിടുക്കം കൂട്ടുന്നവരെക്കുറിച്ചു പറയുന്നു " അവർ മത വിധി പറയുന്ന പല മസ് അലകളും ഉമർ റദിയള്ളാഹു അൻഹുവിനോടായിരുന്നു ചോദിച്ചിരുന്നതെങ്കിൽ അദ്ദേഹം ബദറിൽ പങ്കെടുത്തവരെ മുഴുവൻ ഒരുമിച്ചു കൂട്ടുമായിരുന്നു."
അള്ളാഹുവിന്റെ ദീനിൽ അറിവില്ലാതെ സംസാരിക്കുന്നത് ശിർക്കിനെക്കാൾ വലിയ പാപമാണ് എന്ന് പറയുന്നത് അതിന്റെ ഗൗരവം കണക്കിലെടുത്താണ്. ഇതിവിടെപറയാൻ കാരണം, മത സംഘടനകളിൽ ഉന്നത ശ്രേണിയിൽ വിരാചിക്കുന്ന പല പ്രാസംഗികരും, ഖതീബുമാരും നേതാക്കളും ദീനിനെക്കുറിച്ചു സംസാരിക്കുമ്പോൾ പുലർത്തേണ്ട അടിസ്ഥാനപരമായ ഈ അദബ് കാണിക്കുന്നവരോ അതിൽ തൽപരരോ അല്ല എന്നുള്ളതാണ്.
ഇമാം ഇബ്നുൽ ഖയ്യിം റഹിമഹുള്ളായുടെ إعلام الموقعين عن رب العالمين എന്ന ഗ്രന്ഥം ദീനിൽ സംസാരിക്കുമ്പോൾ പുലർത്തേണ്ട അദബിനെക്കുറിച്ചു ചർച്ച ചെയ്യുന്നതാണ്. അള്ളാഹുവിനെക്കുറിച്ചും അവന്റെ ദീനിനെക്കുറിച്ചും സംസാരിക്കുകയും ജനങ്ങൾക്കും അള്ളാഹുവിനും ഇടയിൽ നിന്ന് കൊണ്ട് മതവിധികളായി കയ്യൊപ്പു ചാർത്തി നൽകുന്നവരെയും അറിയിക്കാൻ എന്നാണ് ആ ഗ്രന്ഥത്തിന്റെ പേരു തന്നെ. വേറെയും ഒരുപാട് ഗ്രന്ഥങ്ങളിലായി ധാരാളം ഉദ്ധരണികൾ.
ഇങ്ങനെയൊക്കെയാണെങ്കിലും പഠിക്കുന്ന കാലത്ത് പരീക്ഷക്ക് വേണ്ടി മറിച്ചു നോക്കിയിട്ടുണ്ടെങ്കിൽ അതിനു ശേഷം പിന്നീടൊരിക്കലും കിതാബുകൾ കാണാത്ത/പരിശോധിക്കാത്ത നൂറു കണക്കിന് ഖത്വീബുമാരും പണ്ഡിതന്മാരും പ്രാസംഗികരുമുള്ള "അനുഗ്രഹീത" സുന്ദര നാടാണ് കേരളം. അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ച വളരെ കുറച്ചാളുകൾ അപവാദമായി ഉണ്ടാകാം. ഞാൻ അത് നിഷേധിക്കുന്നില്ല. പക്ഷെ മൃഗീയ ഭൂരിപക്ഷത്തിന്റെയും അവസ്ഥ മുകളിൽ പറഞ്ഞതാണ്. കടന്നു പോയാൽ അമാനി മൗലവിയുടെ തഫ്‌സീറും പിന്നെ സലാം സുല്ലമിയുടെ കുറച്ചു പുസ്തകങ്ങളും അല്ലാതെ വൈജ്ഞാനികമായ അഭിവൃദ്ധിക്ക് വേണ്ടിയോ ഒരു മസ്അല തഹ്ഖീഖ് നടത്താൻ വേണ്ടിയോ സമയം മെനക്കെടുത്താനില്ലാത്ത ജംഇയ്യത്തുൽ ഉലമാക്കൾ ! എന്താണ് ഈയൊരവസ്ഥക്കു കാരണമെന്നോ വൈജ്ഞാനിക മുന്നേറ്റത്തിന് വിലങ്ങു തടിയായി നിൽക്കുന്ന കീറാമുട്ടി എന്താണെന്നോ ചിന്തിച്ചവർ എത്ര പേരുണ്ട്?
(തുടരും- ഇൻശാ അള്ളാഹ്)

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.