Monday, December 3, 2018

എന്ത് കൊണ്ട് കെ എൻ എം സലഫീ മൻഹജിൽ അല്ല എന്ന് പറയുന്നു ? - 4

എന്ത് കൊണ്ട് കെ എൻ എം സലഫീ മൻഹജിൽ അല്ല എന്ന് പറയുന്നു ? - 4

കേരള നദ് വത്തുൽ മുജാഹിദീൻ അതിന്റെ ആദർശാടിത്തറ ക്രമപ്പെടുത്തിയത് ഇൽമിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലല്ല. മുജാഹിദ് പ്രസ്ഥാന ചരിത്രത്തിലെവിടെയും ഇബ്‌നു തീമിയയും മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് (റഹിമഹുമുള്ള ) പ്രമേയമായിട്ടില്ല എന്നല്ല ഇപ്പറഞ്ഞതിനർത്ഥം. മറിച്ചു സലഫീ മൻഹജിന്റെ ഏഴയലത്തു പോലും വരാൻ ഒരു സാധ്യതയുമില്ലാത്ത മുഹമ്മദ് അബ്ദ, റഷീദ് രിദ- ജമാലുദ്ധീൻ അഫ്‌ഗാനി കൂട്ടുകെട്ട് എന്നും മുജാഹിദ് പ്രസ്ഥാനത്തിന്റെ ആവേശവും ആശയ സ്രോദസ്സുകളുമായിരുന്നു. അതിന്റെ അനന്തര ഫലം മുജാഹിദ് പ്രസ്ഥാനത്തിൽ മൊത്തം ഇന്ന് അലയടിക്കുകയും ചെയ്യുന്നു.

അഹ്‌ലുസ്സുന്നത്തിന്റെ ഉലമാക്കൾ ഇൽമിനെ സ്നേഹിക്കുന്നവരും അതിനു വേണ്ടി പ്രയത്നിക്കുന്നവരും അതിന്റെ വ്യാപനത്തിന് വേണ്ടി അത്യദ്ധ്വാനം ചെയ്യുന്നവരുമാണ്. അഹ്‌ലുസ്സുന്ന എന്ന് കേൾക്കുമ്പോൾ തന്നെ വിറളി എടുക്കുന്നവരാണ് പലരും. ലോകത്തു മുസ്‌ലിംകൾ മൊത്തമായി അഹ്‌ലുൽ ഖിബ്‌ല (ഖിബ്‌ലയിലേക്കു തിരിഞ്ഞു നമസ്കരിക്കുന്നവർ) എന്ന പേരിലാണ് അറിയപ്പെടുന്നത്. അതിൽ നിന്ന് സവിശേഷരായ ആളുകളാണ് അഹ്‌ലുസ്സുന്നത്തി വൽ ജമാഅ (സുന്നത്തിൽ ഒരുമിച്ചു കൂടിയ ആളുകൾ). അതിന് എതിര് നിൽക്കുന്ന ശിർക്കും ബിദ്അത്തും ഖുറാഫാത്തും കൊണ്ട് നടക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്ന ശീഅ, മുഅതസില, മുർജിഅ, ഖവാരിജ്, റാഫിദീ, സൂഫീ, ഖുബൂരി,തക്ഫീരീ ഗ്രുപ്പുകളെല്ലാം അഹ്‌ലുൽ അഹ് വാഇ വൽ ബിദഉ എന്ന വിശാല കുടക്കീഴിൽ സുന്നത്തിനോട് മുഖത്തോടു മുഖമായി എതിർചേരിയിൽ നിന്ന് കൊണ്ട് പോർ വിളിക്കുകയാണ്. (കേരളത്തിൽ അഹ്ലുസ്സുന്നതി വൽ ജമാഅ എന്ന പേരിൽ ശിർക്കും ബിദ്അത്തും ഖുറാഫാത്തും പ്രചരിപ്പിക്കുന്ന, സമസ്‌ത ഖുബൂരിക്കുട്ടം ഈ പേര് മാത്രമേ സ്വീകരിച്ചിട്ടുള്ളൂ എന്ന കാര്യം പ്രത്യേകം ഓർക്കുക - ലോകത്തു ഈ പേരിൽ ശിർക്കും ബിദ്അത്തും പ്രചരിപ്പിക്കുന്ന വേറെയും ഗ്രുപ്പുകളുണ്ട് ) അഹ്‌ലുസ്സുന്നതു തന്നെയാണ് സലഫിയ്യത്. ഒരാൾ മുകളിൽ പറഞ്ഞ സലഫിയ്യത്തിന് അഥവാ അഹ്ലുസ്സുന്നത്തിനു എതിരാണെന്ന് പറഞ്ഞാൽ, അതിനോട് അനിഷ്ടവും അതൃപ്തിയും കാണിച്ചാൽ പിന്നെ അവന് സുന്നത്തിനു എതിരായി നിൽക്കുന്നു എന്ന് മാത്രമേ മനസ്സിലാക്കാൻ പറ്റൂ.

ഇമാം അഹ്മദ്‌, ശൈഖുൽ ഇസ്‌ലാം ഇബ്‌നു തീമിയ, ഇമാം ലാലക്കായ്, ഇബ്നുൽ ഖയ്യിം, ഇബ്‌നു ബത്വ, ഇബ്‌നു മന്ദ, ഇബ്‌നു അബീ സമനൈൻ, ഇമാം ഔസായ്, ഇമാം ഷാത്വബ്ബി, സുഫ്‌യാൻ അൽ തൗരി, അബു ഹാതിം അൽ റാസി, അബു സുർഅ അൽ റാസി, ഇമാം ആജൂരി, തുടങ്ങി ഇമാം ഇബ്‌നു ബാസ്, ഷെയ്ഖ് അൽബാനി, ഷെയ്ഖ് സ്വാലിഹുൽ ഉസൈമീൻ, ഷെയ്ഖ് മുഖ്‌ബിൽ, ഷെയ്ഖ് അമാനുൽ ജാമി, ഷെയ്ഖ് അഹ്മദ്‌ അന്നജ്മി റഹിമഹുമുള്ള അജ് മഈൻ - വരെയുള്ള പൗരാണികരും ആധുനികരുമായ അഹ്‌ലുസ്സുന്നത്തിന്റെ ഉലമാക്കളും ഇന്ന് ജീവിച്ചിരിക്കുന്ന ഷെയ്ഖ് റബീഉ, ഷെയ്ഖ് മുഹമ്മദ് ബിൻ ഹാദി, ഷെയ്ഖ് സ്വാലിഹുൽ ഫൗസാൻ, ഷെയ്ഖ് ഉബൈദ്, ഷെയ്ഖ് അഹ്‌മദ്‌ ബാ സമോൾ, ഷെയ്ഖ് ത്വാരിഖ് അൽ സുബൈഇ തുടങ്ങിയ അഹ്‌ലുസ്സുന്നത്തിന്റെ ഉലമാക്കളും മുകളിൽ പറഞ്ഞ നിലപാടുകാരാണ്.

കെ എൻ എം അടക്കമുള്ള സംഘടനക്കാർക്ക് ഇൽമിനോടും അത് പറയുന്നവരോടും അതിനു പ്രാധാന്യം നൽകുന്നവരോടും എന്നും തികഞ്ഞ പുച്ഛവും നീരസവുമായിരിക്കും. "നീ മാത്രം ഒരു ഇൽമുള്ളവൻ" "നിനക്ക് മാത്രമേ ഇൽമുള്ളു" തുടങ്ങി പല രൂപത്തിലുമുള്ള പരിഹാസ ഭാവങ്ങളുടെ പദപ്രയോഗങ്ങൾ കൊണ്ട് നിശബ്ദമാക്കാൻ അല്ലാതെ, ഒരിക്കലും, ഞാൻ ആവർത്തിച്ചു പറയുന്നു, ഒരിക്കലും സംഘടന അംഗീകരിക്കാത്ത ഒരു സുന്നത്ത് പറയാനോ അത് പ്രയോഗവൽക്കരിക്കാനോ പ്രചരിപ്പിക്കാനോ ഏറ്റവും കുറഞ്ഞത് പരിശോധിക്കാൻ പോലുമോ അവർ സന്നദ്ധരാകാറില്ല.

ഇൽമുള്ള ആളുകൾ അഥവാ ഉലമാക്കൾ, അവരിലൂടെയാണ് ദീൻ നിലനിൽക്കുന്നത്. അള്ളാഹുവിന്റെ ദീനിൽ ഇൽമുള്ള ആളുകളെക്കുറിച്ചു അള്ളാഹു ഖുർആനിൽ പലയിടത്തായി പ്രശംസിക്കുന്നത് കാണാം.

സൂറത്തുൽ മുജാദിലയിൽ അള്ളാഹു പറയുന്നു.

يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنْكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ "നിങ്ങളിൽ നിന്ന് വിശ്വസിച്ചവരെയും അറിവ് നല്കപ്പെട്ടവരെയും അവൻ ദറജകൾ നൽകി ഉയർത്തിയിരിക്കുന്നു "

രണ്ടിടത്തായി അള്ളാഹു പറയുന്നു. فَاسْأَلُوا أَهْلَ الذِّكْرِ إِن كُنتُمْ لَا تَعْلَمُونَ " നിങ്ങൾ അറിയാത്ത കാര്യങ്ങൾ അറിവുള്ളവരോട് ചോദിക്കുക "

يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ സത്യവിശ്വാസികളേ, നിങ്ങൾ അള്ളാഹുവിനെ അനുസരിക്കുവിൻ, അവന്റെ റസൂലിനെയും നിങ്ങളിൽ നിന്നുള്ള കൈകാര്യ കർത്താക്കളെയും അനുസരിക്കുവിൻ"

ഈ ആയത്തിൽ "ഉലുൽ അംറ്" എന്ന് പറഞ്ഞതിൽ ഭരണാധികാരികൾ, ഉലമാക്കൾ എന്നീ രണ്ടു വ്യാഖ്യാനങ്ങൾ കാണാം. അത് രണ്ടായാലും ശെരിയാണ്. അവ വൈരുധ്യമല്ല; വൈവിധ്യമാണ്.

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " فإنما شفاء العي السؤال അറിവ് കേടിന്റെ പ്രതിവിധി ചോദിച്ചു മനസ്സിലാക്കലാണ്".

ഇത്രയും പറഞ്ഞത്, അറിവിന്റെ കാര്യത്തിൽ എല്ലാവരും ഒരേ തോതിലല്ല. പലർക്കും പല കാര്യങ്ങളും അജ്ഞമായിരിക്കും. അപ്പോൾ എന്ത് ചെയ്യണം? അറിവില്ലാത്ത കാര്യങ്ങൾ അറിവുള്ള ആളുകളോട് ചോദിക്കണം. ഒരു ഉദാഹരണം പറയാം.

സ്വഹാബികളുടെ അവസാന കാലത്തു തന്നെ ബസ്വറയിൽ ഖദരിയ്യത്തിന്റെ ഫിത്‌ന പൊട്ടിപ്പുറപ്പെട്ട സമയം ! യഹ്‌യ ബിൻ യഉമുറും ഹുമൈദ് ബിൻ അൽ ഹിംയരിയും മക്കയിലേക്ക് പുറപ്പെടുകയും ഹറമിൽ വെച്ച് അബ്ദുള്ളാഹിബിനു ഉമർ റദിയള്ളാഹു അൻഹുവിനോട് വിഷയം അവതരിപ്പിച്ചു ചോദിക്കുകയും ചെയ്യുന്നു. ബസറക്കാരായ മുകളിൽ പറഞ്ഞ രണ്ടു പേരും പണ്ഡിതന്മാർ തന്നെയാണ്. എന്നിട്ടും അവർ തങ്ങളേക്കാൾ അറിവുള്ള ആളുകളോട് ചോദിച്ചു നിവൃത്തി വരുത്താൻ മക്കയിലേക്ക് പുറപ്പെട്ടു.

ഇനി മറ്റൊരു സംഭവം - ഇതും സ്വഹാബത്തിന്റെ കാലത്തു തന്നെ. സുബ്ഹ് നമസ്കാരത്തിന് തൊട്ടു മുമ്പ് കൂഫയിലെ പള്ളിയിൽ ഒരു കൂട്ടം ആളുകൾ വട്ടം വളഞ്ഞിരുന്നു കൊണ്ട് ദിക്ർ ചൊല്ലുകയും നൂറു തികയുമ്പോൾ ഒരു കല്ലെടുത്തു വെച്ച് എണ്ണം പിടിക്കുകയും ചെയ്യുന്നു. ഇത് കണ്ട സ്വഹാബിയായ അബു മൂസൽ അശ്അരി റദിയള്ളാഹു അൻഹു ഉടനെ തന്നെ അബ്ദുള്ളാഹിബ്‌നു മസ്ഊദ് റദിയള്ളാഹു അൻഹുവിന്റെ വീട്ടിലേക്കു പോവുകയും അദ്ദേഹം സുബ്ഹ് നമസ്കാരത്തിന് പുറത്തു വരുന്ന സമയം വരെ വാതിൽപ്പടിയിൽ കാത്തു നിൽക്കുകയും ചെയ്യുന്നു. പള്ളിയിൽ കണ്ട കാര്യത്തെക്കുറിച്ചു ചോദിക്കാൻ ! അബു മൂസൽ അശ്അരി റദിയള്ളാഹു അൻഹു ഇൽമ് കുറഞ്ഞ ആളല്ല. എന്നിട്ടും തന്നെക്കാൾ നബിയോട് സഹവാസം കൂടുതലുള്ള അബ്ദുല്ലാഹിബ്‌നു മസ്ഊദ് റദിയള്ളാഹു അൻഹു വരുന്നത് വരെ കാത്തിരിക്കുകയും വിഷയം ചോദിക്കുകയും ചെയ്യുന്നു. ഇതാണ് സലഫുകളുടെ ഈ വിഷയത്തിലുള്ള രീതി.

ഞാനിത് ഇവിടെ പറയാൻ കാരണം ഇക്കണ്ട കാലമത്രയും കേരളത്തിൽ ദഅവത്തിനു നേതൃത്വം നൽകി എന്നവകാശപ്പെടുന്ന നദ് വത്തിന്റെ ഏതെങ്കിലും പണ്ഡിതന്മാരോ നേതാക്കളോ മതപരമായ ഏതെങ്കിലും ഒരു വിഷയത്തിൽ തങ്ങളേക്കാൾ ഇൽമും ധാരണയുമുള്ള ഉലമാക്കളെ സമീപിക്കുകയും സംശയ നിവൃത്തി വരുത്തുകയും ചെയ്‌തതായി കേട്ടിട്ടുണ്ടോ? ഹജ്ജിനും ഉംറക്കും അല്ലാതെ പരിപാടികൾക്കും പിരിവിനുമായി പോകുമ്പോഴും മക്കയിലോ മദീനയിലോ ജിദ്ദയിലോ റിയാദിലോ എവിടെയെങ്കിലുമുള്ള പ്രാമാണികരായ ഉലമാക്കളെ കാണാനോ അവരുടെ മജ്‌ലിസിൽ ഒരൽപനേരമിരിക്കാനോ ശ്രമിച്ചതായി ആർക്കെങ്കിലുമറിയുമോ?

സലഫീ ദഅവത്തിനു ഇൽമുമായി അവിഭാജ്യമായ ബന്ധമുണ്ട്. അതിൽ എത്ര കണ്ട് അകലുന്നുവോ അത്ര കണ്ട് സലഫീ മൻഹജിൽ നിന്ന് അകലുന്നു. അപ്പോൾ കേരള നദ് വത്തുൽ മുജാഹിദീന് ഇൽമുമായി എന്ത് ബന്ധമുണ്ട് എന്ന് വായനക്കാർക്ക് ബോധ്യപ്പെടാനാണ് ഇത്രയും എഴുതിയത്. നദ് വത്തിന്റെ സെക്രട്ടറി പണ്ഡിതനായിരിക്കണം എന്നാൽ പ്രസിഡണ്ട് പാമരനായിരിക്കണം (പൈസക്കാരാനായിരിക്കണം എന്നുണ്ടോ എന്നറിയില്ല ) എന്ന് അലിഖിത നിയമമുള്ള സംഘടനയാണല്ലോ കേരള നദ് വത്തുൽ മുജാഹിദീൻ !

ഒരു വിഷയത്തിൽ എപ്പോഴാണോ ശെരിയായ അറിവ് കിട്ടുന്നത് അപ്പോഴത് തിരുത്തണം. മറ്റുള്ളവരോട് തെറ്റായ വിവരം പറഞ്ഞു പോയിട്ടുണ്ടെങ്കിൽ അവരെ വിളിച്ചു കൂട്ടി തിരുത്തിയതായി അറിയിക്കണം. അറിയിക്കാൻ കഴിയാത്തവർ അറിഞ്ഞവരോട് മറ്റുള്ളവരെ അറിയിക്കാൻ വസ്വിയ്യത്തു ചെയ്യണം. പരസ്യമായി പറഞ്ഞ അബദ്ധം പരസ്യമായി തിരുത്തണം. അതിനെല്ലാം പുറമെ അള്ളാഹുവിനോട് തൗബ ചെയ്യണം. അതൊന്നും ഒരു കുറച്ചിലല്ല, മറിച്ച് അതാണ് മാന്യമായ, സത്യസന്ധമായ രീതി. സ്വഹാബികളുടെ എത്രയെത്ര നിലപാടുകൾ ആദരപൂർവ്വം മഹതിയായ ആയിഷ റദിയള്ളാഹു അൻഹ തിരുത്തിയിട്ടുണ്ട്? ഇമാം സുയൂഥ്വി റഹിമഹുള്ളയുടെ استدراكات عائشة على الصحابة (സ്വഹാബത്തിന്റെ ധാരണകൾക്കുള്ള ആയിഷയുടെ തിരുത്തലുകൾ) എന്ന ഗ്രന്ഥം അത്തരം സംഭവങ്ങൾ മാത്രം ക്രോഡീകരിച്ചതാണ്.

(തുടരും- ഇൻശാ അള്ളാഹ്)

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.