Monday, December 3, 2018

എന്ത് കൊണ്ട് കെ എൻ എം സലഫീ മൻഹജിൽ അല്ല എന്ന് പറയുന്നു ? - 2

എന്ത് കൊണ്ട് കെ എൻ എം സലഫീ മൻഹജിൽ അല്ല എന്ന് പറയുന്നു ? - 2

അള്ളാഹുവും അവന്റെ റസൂലും ഒരാൾക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടതായാൽ മാത്രമേ അയാൾക്ക് ഈമാനിന്റെ മാധുര്യം അനുഭവിക്കാൻ കഴിയൂ എന്നാണ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞത്. അപ്പോൾ ഒരാൾ അള്ളാഹുവിനേക്കാൾ, അവന്റെ റസൂലിനേക്കാൾ തന്റെ സംഘടനക്കോ പ്രസ്ഥാനത്തിനോ പാർട്ടിക്കോ പ്രാമുഖ്യം നൽകിയാൽ അത് അവന്റെ ഈമാനിനെയാണ് ബാധിക്കുന്നത്. ഖുർആനിനും സുന്നത്തിനും എതിരായ നിലക്ക് ഒരാൾ മദ്ഹബിനെ പിൻപറ്റുകയും തഖ് ലീദ് ചെയ്യുകയും ചെയ്യുന്നുവെങ്കിൽ അത് തെറ്റും പാടില്ലാത്തതുമാണെന്ന് നമുക്കെല്ലാം അറിയാം. മദ്ഹബിന്റെ ഇമാമുമാർ മഹാന്മാരായ ഉലമാക്കളായിട്ടു പോലും ഹദീസിന്റെ പിൻബലമില്ലാത്തതോ ഹദീസിന് എതിരായതോ ആയ നിലപാടുകളെ വിമർശിക്കാനും അവയെ നിരാകരിക്കാനും നമുക്ക് തടസ്സമുണ്ടായിട്ടില്ല. അതിലും വലുതല്ലല്ലോ സംഘടനയും അതിന്റെ നേതൃസ്ഥാനം അലങ്കരിക്കുന്ന വ്യക്തികളും?
"ഞങ്ങൾ അങ്ങിനെയല്ല" "ഞങ്ങൾക്ക് സംഘടനാ പക്ഷപാതിത്വമില്ല" എന്നൊക്കെ പറയാൻ വെമ്പുന്നവർ രണ്ടു വട്ടം ആലോചിക്കണം. കാരണം, ഏതൊരു സംഘടനയെ പ്രതിനിധീകരിക്കുന്ന ആളാണെന്ന് അവരുടെ ആദ്യ വാചകത്തിൽ നിന്ന് തന്നെ വ്യക്തമാകും.
മുജാഹിദ് ( മർകസ് ദഅവാ വിഭാഗം) നബിക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസിനെ നിഷേധിക്കുന്നവരാണ്. അത് ഖുർആനിന് എതിരാണെന്നായിരിക്കും ഒരിക്കലവർ പറയുക. മറ്റൊരിക്കൽ അത് ബുദ്ധിക്കും യുക്തിക്കും എതിരാണെന്ന് പറയും. മറ്റൊരിക്കൽ പറയുക ആ ഹദീസ് ദുർബലമാണ്. കാരണം അതിന്റെ സനദിൽ ദുർബലലനായ ഒരു റാവി (നിവേദകൻ )ഉണ്ട് എന്നൊക്കെയായിരിക്കും. വിഷയം അതല്ല. ആ വിഷയത്തിൽ അവരുടെ ശക്തരായ എതിരാളികളാണ് കെ എൻ എമ്മുകാർ.
എന്നാൽ, വിത്‌റിലെ ഖുനൂത് ഹദീസിൽ സ്ഥിരപ്പെട്ടതല്ലേ? ആണ്. എന്നിട്ടോ? അതെന്താ നിങ്ങൾ പ്രയോഗവൽക്കരിക്കാത്തത് ? അതോ ? അത് "മുജാഹിദ് പ്രസ്ഥാനത്തിന്റെ ആശയാദർശങ്ങൾ ..." എന്ന് പറഞ്ഞു തുടങ്ങും. അതായത് പ്രസ്ഥാനം അത് സ്വീകരിക്കുന്നില്ല.!! അത് തന്നെ കാരണം. പ്രസ്ഥാനത്തിനു അങ്ങിനെ ഒരു നിലപാടില്ലാത്തതിനാൽ ഞങ്ങളത് സ്വീകരിക്കില്ല. അപ്പോൾ ഖുർആനിന്റെയും സുന്നത്തിനെയും പ്രമാണമായി സ്വീകരിക്കുന്നുവെന്നത് കേവലം അവകാശവാദം മാത്രമായി. പറയന് അടി കിട്ടിയ പോലെ അതൊന്നല്ലേ എന്ന് ചോദിക്കേണ്ട. സിഹ്‌റിന്റെ വിഷയത്തിൽ ഒന്നല്ലേ എന്ന വാദം മറ്റേ ഗ്രുപ്പുകാർക്ക് നിങ്ങൾ വക വെച്ച് കൊടുക്കുമോ? ഇനി ഒന്നാണെങ്കിൽ അത് അങ്ങിനെ ആവാമെന്നാണോ? ഹദീസിന്റെ കാര്യത്തിൽ ഒന്നും പത്തും നൂറുമൊക്കെ കണക്കാണ്.
ജംഇയ്യത്തുൽ ഉലമയിലെ ഒരു നേതാവിനോട് വളരെ മുമ്പ് നേരിട്ട് ചോദിച്ചപ്പോൾ അദ്ദേഹത്തിൽ നിന്ന് കിട്ടിയ ഉത്തരം " ആ ഹദീസ് റിവായതു വന്നത് ബാലനായ ഹസൻ റദിയള്ളാഹു അൻഹുവിൽ നിന്നാണ്. അബുബക്കർ ഉമർ -റദിയള്ളാഹു അൻഹുമാ- പോലുള്ള വലിയ സ്വഹാബിമാരിൽ നിന്നൊന്നും അത് രിവായതു ചെയ്യപ്പെട്ടിട്ടില്ല !!"
ഇത് വായിക്കുന്ന സാധാരണക്കാരന് കാര്യം ബോധ്യമാവാൻ വേണ്ടി വിശദീകരിക്കാം. ഉസൂലുൽ ഹദീസിൽ കുട്ടികളുടെ രിവായത് സ്വീകാര്യമല്ല എന്ന ഒരു നിബന്ധനയുണ്ടോ? അല്ലെങ്കിൽ വലിയ പ്രമുഖ സ്വഹാബിമാരിൽ നിന്നുള്ള രിവായതു മാത്രമേ സ്വീകരിക്കാവൂ എന്നുണ്ടോ? അങ്ങിനെയൊന്നുമില്ലല്ലോ ?
ഒരു ഉദാഹരണം പറയാം. നമസ്കാരത്തിൽ കൈ കെട്ടേണ്ടത് നെഞ്ചിലാണ്. ആ വിഷയത്തിൽ ആകെ സ്ഥിരപ്പെട്ടു വന്നത് ഇബ്‌നു ഖുസൈമ ഉദ്ധരിക്കുന്ന വാഇലു ബിൻ ഹുജർ റദിയള്ളാഹു അന്ഹുവിൽ നിന്നുള്ള ഹസൻ ആയ ഒരേ ഒരു ഹദീസ് മാത്രം. അബൂബക്കർ റദിയള്ളാഹു അൻഹുവോ ഉമർ റദിയള്ളാഹു അൻഹുവോ ഒന്നും ഈ ഹദീസ് രിവായതു ചെയ്തിട്ടില്ല. സ്വഹീഹുൽ ബുഖാരിയിലും മുസ്‌ലിമിലും ഒന്നുമില്ല. എന്ന് കരുതി ഈ ഹദീസ് നിഷേധിക്കാൻ കഴിയുമോ? ഇല്ല ഒരിക്കലുമില്ല. സലാം സുല്ലമിയുടെ ഭാഷയിൽ പറഞ്ഞാൽ ഖബറുൽ വാഹിദ് (ഏക നിവേദക പരമ്പര) ആയ ഹദീസാണ്. !! ഇതിന് വേണ്ടി എത്ര വാദപ്രതിവാദങ്ങൾ നടത്തി എന്ന് മുജാഹിദ് ചരിത്രങ്ങൾപരിശോധിച്ചാൽ കാണാൻ പറ്റും. പറഞ്ഞു വന്നത്, വിത്‌റിലെ ഖുനൂത്തിനു ഇല്ലാത്ത എന്ത് പ്രാധാന്യമാണ് നെഞ്ചത്ത് കൈ കെട്ടുന്ന ഹദീസിനുള്ളത്? ഇതിന് രണ്ടിനുമില്ലാത്ത എന്ത് പ്രത്യേകതയാണ് സിഹ്‌റിന്റെ ഹദീസിനുള്ളത്? അപ്പോൾ വിഷയം സിഹ്‌റിന്റെ ഒരു ഹദീസ് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നതല്ല, മറിച്ച്, നബിയിൽ നിന്ന് സ്വഹീഹായ പരമ്പരയിലൂടെ രിവായത് ചെയ്യപ്പെട്ട ഹദീസുകളോടുള്ള നമ്മുടെ സമീപനം എന്ത് എന്നുള്ളതാണ്. അത് കേവല വിഷയാധിഷ്ഠിതമല്ല; മറിച്ച്, നമ്മുടെ നിലപാടുമായി ബന്ധപ്പെട്ടതാണ്; മൻഹജാണ് !
(തുടരും- ഇൻശാ അള്ളാഹ്)

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.