Monday, December 3, 2018

എന്ത് കൊണ്ട് കെ എൻ എം സലഫീ മൻഹജിൽ അല്ല എന്ന് പറയുന്നു? - 11

എന്ത് കൊണ്ട് കെ എൻ എം സലഫീ മൻഹജിൽ അല്ല എന്ന് പറയുന്നു? - 11

ഇൽമ് അഥവാ അറിവ് രണ്ടു തരമുണ്ട്. ഒന്ന് ഉപകാരപ്രദമായ അറിവ് (علم نافع)
രണ്ടാമത്തേത് ദോഷകരമായ അറിവ് ( علم غير نافع)
ശറഇയ്യായ അറിവും മനുഷ്യന് ഐഹിക ലോകത്തു ഗുണം ചെയ്യുന്നതുമായ അറിവിനാണ് ഉപകാരപ്രദമായ അറിവെന്നു പറയുന്നത്. അതിൽ ഏറ്റവും മഹത്തരമായ അറിവ് അള്ളാഹുവിന്റെ ദീനിനെക്കുറിച്ചുള്ള അറിവ്. ഒരു മനുഷ്യൻ എത്ര കണ്ട് മത വിജ്ഞാനം നേടുന്നുവോ അത്ര കണ്ട് അവൻ അള്ളാഹുവിന്റെ സമീപസ്ഥനും ഉന്നത പദവിയുള്ളവനുമായിരിക്കും. അതാണ് അള്ളാഹു പറഞ്ഞത് يرفع الله الذين آمنوا منكم والذين أوتوا العلم درجات " നിങ്ങളിൽ നിന്ന് സത്യവിശ്വാസം ഉൾക്കൊണ്ടവർക്കും അറിവ് നൽകപ്പെട്ടവർക്കും അള്ളാഹു പദവികൾ ഉയർത്തുന്നതാണ്" നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " ആർക്കെങ്കിലും അള്ളാഹു നന്മ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവന് അള്ളാഹു ദീനിൽ അറിവ് നൽകും " വേറെയും ഒരുപാട് വചനങ്ങൾ. ഇനി മറ്റൊരു ഉപകാരപ്രദമായ അറിവാണ് മനുഷ്യന്റെ ഭൗതിക ജീവിതത്തിനു ആവശ്യമായ അറിവുകൾ. അത് ഓരോരുത്തരും അവരുടെ കഴിവും സൗകര്യവും സാഹചര്യവും ആവശ്യകതയും അനുസരിച്ചു കൂടിയും കുറഞ്ഞുമൊക്കെയുള്ള അളവിൽ സ്വായത്തമാക്കാം. അവ ഇത്രയേ പാടുള്ളൂ എന്ന് നിർവ്വചിക്കാൻ കഴിയാത്ത പോലെ തന്നെ എത്രയുമാകാം എന്നും പറയാൻ കഴിയില്ല. എന്നാൽ പരലോകത്തു ദോഷം ചെയ്യുന്ന തരത്തിലുള്ള അറിവുകൾ തേടുന്നത് വിലക്കപ്പെട്ടതാണ്. അത് പോലെ ദുനിയാവിൽ ഒരു ഗുണവുമില്ലാത്ത അറിവുകളും നേടേണ്ടതില്ല. അത് പോലെ വായനയും പഠനവും ഗവേഷണവുമൊക്കെത്തന്നെ പരിധിയിൽ നിന്ന് കൊണ്ടാവുമ്പോൾ സ്തുത്യർഹമാവുന്നു. എന്നാൽ പരിധി വിടുമ്പോൾ അനാവശ്യവും അധികപ്പട്ടുമായിത്തീരുന്നു. ഒരാളുടെ വിശ്വാസത്തിനും ( عقيدة) മതത്തിനും ദോഷകരമാവുന്ന കാര്യങ്ങൾ കേൾക്കുകയും അത്തരം വിഷയങ്ങളിൽ പഠന ഗവേഷണങ്ങൾ നടത്തുകയും ചെയ്യുന്നത് ശെരിയായ കാര്യമല്ല. ശുദ്ധമായ ഫിത്വ് റത്തിന് പോറലേൽപ്പിക്കുകയും മതത്തിന്റെ അടിസ്ഥാന വിശ്വാസ കാര്യങ്ങളിൽ സംശയം ( شبهة) ജനിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങളിലേക്ക് ചെവി കൊടുക്കരുത്. " എല്ലാം വായിക്കുകയും കേൾക്കുകയും ചെയ്യുകയും അതിൽ നിന്ന് നല്ലതു സ്വീകരിക്കുകയും ചെയ്യുക" എന്ന ആരോ പറഞ്ഞു പ്രചരിപ്പിച്ച ആശയം സുന്നത്തു സ്വീകരിക്കുന്ന ഒരാൾക്ക് ഒട്ടും ആശാസ്യമല്ല എന്ന് സാരം. ഇത്തരം വിഷയങ്ങളിലൊന്നും കെ എൻ എം-നു യാതൊരു നിലപാടുമില്ല എന്ന് മാത്രമല്ല അവർ മുകളിൽ പറഞ്ഞ മേൽവിലാസമില്ലാത്ത സിദ്ധാന്തത്തിന്റെ പ്രചാരകർ കൂടിയാണ്.
സുന്നത്തുകൾ പറയുകയും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നവരെ മുജാഹിദ് പ്രസ്ഥാനം എപ്പോഴും എതിർക്കുകയാണ് ചെയ്തിട്ടുള്ളത്. സുന്നത് എന്ന് പറയുമ്പോൾ, ' ചെയ്‌താൽ കൂലിയുള്ളതും ഉപേക്ഷ വരുത്തിയാൽ കുറ്റമില്ലാത്തതും എന്ന കർമ്മശാസ്ത്ര പണ്ഡിതന്മാരുടെ നിർവ്വചനമല്ല ഇവിടെ ഞാനുദ്ദേശിച്ചത്. അങ്ങിനെ പറയുമ്പോൾ ഇസ്‌ലാം മതത്തിൽ നിലവിലുള്ള ഒരു പാട് കാര്യങ്ങൾ ആരെങ്കിലും വേണ്ടവർ ചെയ്‌താൽ മതി എന്ന നിലവാരത്തിലേക്ക് താഴും. മറിച്ച്, സുന്നത് എന്നത് കൊണ്ട് അർത്ഥമാക്കുന്നത് 'നബി ചര്യ' എന്നാണ്. അതിൽ കൽപനകളും നിർദ്ദേശങ്ങളും അംഗീകാരങ്ങളും വിലക്കുകളും എല്ലാമുണ്ട്.
സുന്നത്തിനെ എതിർക്കാൻ സാധാരണ പറയാറുള്ള ഒരു ന്യായം, ' ഗൾഫ് സലഫിസം' അതല്ലെങ്കിൽ 'ഖുരാഫികളുടെ രീതി' എന്നൊക്കെയാണ്. വാസ്തവത്തിൽ വലിയ അപകടവും അവിവേകവും ഈ പ്രസ്താവനകൾക്ക് പിന്നിലുണ്ട്. ഗൾഫിൽ അറബികൾ ചെയ്യുന്നതെല്ലാം ദീൻ ആണെന്നോ അവർ പറയുന്നതെല്ലാം നമ്മൾ ചെയ്യണമെന്നോ ആരും പറയുന്നില്ല. എന്നാൽ ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ വിശ്വസ്തരായ ഉലമാക്കൾ വിശതീകരിക്കുകയും വ്യക്തമാക്കുകയും ചെയ്ത കാര്യങ്ങൾ മുസ്‌ലിംകൾ ആകമാനം സ്വീകരിക്കാൻ കടപ്പെട്ടവരാണ്. ഉദാഹരണം താടി വളർത്തൽ, അല്ലെങ്കിൽ മ്യുസിക്കിന്റ അകമ്പടിയോടു കൂടിയുള്ള സംഗീതം ഇത്തരം മസ്അലകൾ നമ്മുടെ നാട്ടിലെ മുസ്ലിംകളോട് പറഞ്ഞാൽ പലപ്പോഴും ഗൾഫ് സലഫിസമായി വ്യാഖ്യാനിക്കപ്പെടും. എന്നാൽ പ്രമാണങ്ങളും ഉദ്ധരണികളും വെച്ച് സംസാരിച്ചാൽ വസ്തുത ബോധ്യപ്പെടും. അപ്പോൾ കേരളക്കാർക്കു ലോകത്തു മറ്റു മുസ്‌ലിംകൾക്കൊന്നുമില്ലാത്ത പ്രത്യേകമായ ദീനും സുന്നത്തുമാണോ ഉള്ളത്? അല്ലല്ലോ. എങ്കിൽ, താടി വളർത്തുന്ന വിഷയത്തിൽ പ്രമാണങ്ങളുടെ വെളിച്ചത്തിൽ അഹ്‌ലുസ്സുന്നത്തിന്റെ ഉലമാക്കൾ പറഞ്ഞ കാര്യങ്ങൾ എന്ത് കൊണ്ട് നമുക്ക് സ്വീകാര്യമാവുന്നില്ല? നമുക്ക് പരിചയമുള്ളതും സംഘടന അംഗീകരിക്കുന്നതുമായ കാര്യങ്ങൾ സ്വീകാര്യവും അല്ലാത്തവ ഗൾഫ് സലഫിസവും !! ഇതെങ്ങിനെ ശെരിയാകും?
( തുടരും - ഇൻഷാ അള്ളാഹ്)

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.