Monday, December 3, 2018

എന്ത് കൊണ്ട് കെ എൻ എം സലഫീ മൻഹജിൽ അല്ല എന്ന് പറയുന്നു? - 12

എന്ത് കൊണ്ട് കെ എൻ എം സലഫീ മൻഹജിൽ അല്ല എന്ന് പറയുന്നു? - 12

സംഘടന വിമർശിക്കപ്പെടുന്നത് ഒരു സംഘടനക്കാരന് സഹിക്കാൻ കഴിയുന്നതിലപ്പുറമാണ്. മതമായാലും രാഷ്ട്രീയമായാലും. രാഷ്ട്രീയ സംഘടനകളുടേത് നമുക്ക് മനസ്സിലാക്കാം. എന്നാൽ എന്ത് കൊണ്ട് ജനങ്ങളെ പ്രബോധനം ചെയ്യാൻ രൂപീകൃതമായാതെന്നവകാശപ്പെടുന്ന മത സംഘടനകൾ വിമർശനങ്ങളെ ഭയപ്പെടുകയും വിമർശകരോട് കടുത്ത അസഹിഷ്ണുത പുലർത്തുകയും ചെയ്യുന്നു? കെ എൻ എമ്മും ഈ വിഷയത്തിൽ വേറിട്ട നിലപാടുള്ളവരല്ല.
വിമർശനത്തിന്റെ മർമ്മം മനസ്സിലാക്കി സഹിഷ്ണുതയോടെ പ്രതികരിക്കുകയും വൈജ്ഞാനിക തലങ്ങളിൽ നിന്ന് കൊണ്ട് തിരുത്തേണ്ടവയാണെങ്കിൽ തിരുത്തുകയും ഉൾക്കൊള്ളേണ്ടവ ഉൾക്കൊള്ളുകയും മറിച്ചാണെങ്കിൽ സത്യസന്ധമായി പ്രതിരോധിക്കുകയും ചെയ്യുന്നതിന് എന്താണ് തടസ്സം? അള്ളാഹുവിന്റെ ദീനിലേക്കും റസൂലുള്ളാഹി സല്ലള്ളാഹു അലൈഹി വ സല്ലമയുടെ തിരു ചര്യയിലേക്കും ക്ഷണിക്കുക എന്ന വിശുദ്ധ ലക്ഷ്യത്തിന്റെ മറ പിടിച്ചു സംഘടന വളർത്തുകയും പൊതു ജനങ്ങളെ സംഘടനയെ അന്ധമായി അനുസരിക്കുന്ന അടിമകളാക്കി കൂടെ കൂട്ടുകയും ചെയ്യുന്ന രീതിയാണ് മത സംഘടനകൾ നിലനിർത്തിപ്പോരുന്നത്.
തികച്ചും ന്യായമായ കാരണങ്ങൾ നിരത്തി ധാർമികമായ നിലക്ക് വിമർശിക്കുമ്പോൾ കെ എൻ എം പോലുള്ള ഒരു നവോഥാന പ്രസ്ഥാനത്തെ എങ്ങിനെയാണ് വിമർശിക്കാൻ സാധിക്കുന്നത് എന്ന ചോദ്യം ഉന്നയിച്ചു ന്യായീകരിക്കാനാണ് അതിന്റെ പ്രവർത്തകർ ധൃഷ്ടരാകാറുള്ളത്. മുജാഹിദ് പ്രസ്ഥാനം അതിന്റെ ആവിർഭാവ കാലം തൊട്ട് ഇന്ന് വരെ അത് നിർവ്വഹിച്ചു പോരുന്ന സർവ്വതോമുഖമായ പരിഷ്കരണ പ്രവർത്തനങ്ങളെ ഉയർത്തിക്കാട്ടി വിമർശകരെ നിശ്ശബ്ദരാക്കാൻ അത്യദ്ധ്വാനം ചെയ്യുന്നവരോട് ചില കാര്യങ്ങൾ പറയാനുണ്ട്. കേരളത്തിൽ, മുജാഹിദ് പ്രസ്ഥാനമടക്കം മുസ്‌ലിം സംഘടനകൾ ചെയ്തിട്ടുള്ള ഒരു സംരംഭത്തേയും നിഷേധിക്കുകയോ വില കുറച്ചു കാണുകയോ ചെയ്യുന്നില്ല. വിദ്യാഭ്യാസ-വൈജ്ഞാനിക വിസ്ഫോടനത്തിലും ധാർമിക മൂല്യങ്ങൾ കരുപ്പിടിപ്പിക്കുന്നതിലും മുജാഹിദ് പ്രസ്ഥാനം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. അക്കാര്യത്തിൽ ആർക്കും തർക്കമില്ല. തർക്കം മുജാഹിദ് പ്രസ്ഥാനം സലഫീ മൻഹജ്‌ പിന്തുടരുന്നുണ്ടോ എന്നതിലാണ്. അതിനെക്കുറിച്ചാണ്, അതിനെക്കുറിച്ചു മാത്രമാണ് തർക്കമുള്ളത്. സേവന പ്രവർത്തനങ്ങളും പൊതുരംഗത്തു ശ്രദ്ധ കേന്ദ്രീകരിക്കലുമൊക്കെ ആധുനിക സമൂഹത്തിന്റെ ഫാഷനും പാഷനുമാണ്. അതിൽ ജാതി മത വൈജാത്യങ്ങൾക്ക് വലിയ പ്രസക്തിയൊന്നുമില്ല. ഐക്യ രാഷ്ട്ര സഭ തൊട്ട് സോളിഡാരിറ്റി വരെയും ബിൽ ഗേറ്റ്സ് തൊട്ട് ചിറ്റിലപ്പിള്ളി വരെയും അതിന്റെ കണ്ണികളാണ്. അത് കൊണ്ട് തന്നെ എന്റെ ചോദ്യം സലഫീ മൻഹജുമായി ബന്ധപ്പെട്ടു മാത്രമാണ്. അക്കാര്യം പറയുമ്പോൾ ഇജ്ജാതി മറുപടിയാണ് കെ എൻ എം പറയുന്നതെങ്കിൽ മറ്റു മുസ്‌ലിം മത സംഘടനകൾക്കും എന്ത് കൊണ്ട് ഇതേ മറുപടി പറഞ്ഞു കൂടാ? അപ്പോൾ സലഫീ മൻഹജിനെക്കുറിച്ചു ചോദിക്കുമ്പോൾ ഞങ്ങൾ നവോദ്ധാന പ്രസ്ഥാനമാണ് എന്ന് മറുപടി പറഞ്ഞാൽ മതിയാവില്ല.
ഇവിടെ, എന്റെ എഴുത്തിൽ പരാമർശിക്കപ്പെട്ടത് സലഫീ മൻഹജുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അതായത്, വ്യക്തികളിൽ സംഭവിക്കുന്ന മൂല്യശോഷണമോ, വീഴ്ചകളോ, അബദ്ധങ്ങളോ തെറ്റുകളോ പോരായ്മകളോ ഉന്നയിച്ചിട്ടില്ല. അത് പോലെ തെളിവുകളുടെ ബലാബലം പരിശോധിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതിലുള്ള ഏറ്റപ്പറ്റിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുന്ന കർമ്മശാസ്ത്ര വിഷയങ്ങളിലെ വീക്ഷണ വിത്യാസത്തെയോ, തെറ്റായതോ ദുർബലമായതോ ആയ ഹദീസിന്റെ അടിസ്ഥാനത്തിൽ ശെരിയെന്നു കരുതി വിശ്വസിച്ചുപോരുന്ന അബദ്ധധാരണകളെയോ, ശെരിയായ വിവരം കിട്ടാത്തതിന്റെ പേരിൽ പിന്തുടർന്ന് പോരുന്ന കാര്യങ്ങളോ മൻഹജിയായ വ്യതിയാനമായി എന്റെ എഴുത്തിലെവിടെയും ഞാൻ ആരോപിച്ചിട്ടില്ല.
പ്രമാണവാക്യങ്ങൾ, അവ ഖുർആനായാലും സ്വഹീഹായ ഹദീസായാലും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ പ്രഥമ സംബോധിതരായ സ്വഹാബത് എങ്ങിനെയാണോ മനസ്സിലാക്കുകയും അമല് ചെയ്യുകയും ചെയ്തത് എന്ന് പരിശോധിക്കുകയും എന്നിട്ട് അത് പിന്തുടരുകയും ചെയ്യുന്നതിന് പകരം മനുഷ്യന്റെ പരിമിതമായ ബുദ്ധിയെയും യുക്തിബോധത്തെയും പരിഗണിക്കുകയും അതിനു പ്രാധാന്യവും പരിഗണനയും നൽകുമ്പോഴാണ് പ്രധാനമായും ഒരാൾ സലഫുകളുടെ മൻഹജിൽ നിന്ന് അകന്ന് പോകുന്നത്. ഇവിടെ, കെ എൻ എം എന്ന സംഘടനയിലെ മുഴുവൻ അംഗങ്ങളും സലഫിയ്യത്തിൽ നിന്ന് പുറത്താണെന്നോ മൻഹജ്‌ അറിയാത്തവരാണെന്നോ എനിക്ക് വാദമില്ല. ആ പ്രസ്ഥാനത്തിന്റെ പല നിലപാടുകളും സലഫീ മൻഹജിന്‌ എതിരാണ് എന്നേ ഞാൻ പറഞ്ഞതിന് അർത്ഥമുള്ളൂ. വ്യക്തികളുമായി ബന്ധപ്പെട്ട്, ഒരു വൃത്തം വരച്ചു ആ വൃത്തത്തിന് അകത്തുള്ളവർ മൻഹജിലും പുറത്തുള്ളവർ മൻഹജിന്‌ പുറത്തും എന്ന വാദവും എനിക്കില്ല.
സലഫീ മൻഹജുമായി ബന്ധപ്പെട്ട എല്ലാ അസ്വ് ലുകളും കൃത്യമായി എണ്ണിപറയുകയോ പരാമർശിക്കുകയോ ചെയ്തിട്ടില്ല. മറിച്ച് പ്രധാനപ്പെട്ടതും ഓർമ്മയിൽ വന്നതുമായ കാര്യങ്ങൾ സാന്ദർഭികമായി സൂചിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.
ഇത് വായിക്കുന്ന കെ എൻ എം എതിർചേരിയിൽ നിൽക്കുന്ന സംഘടനക്കാർ കെ എൻ എമ്മിനെ വലിച്ചു കീറി ചുമരിലൊട്ടിച്ചു എന്ന് വിചാരിച്ചു സന്തോഷിക്കേണ്ട. കെ എൻ എം എന്ന നാണയത്തിന്റെ മറുവശമാവാനുള്ള യോഗ്യതയേ മൻഹജിന്റെ വിഷയത്തിൽ മറ്റു സംഘടനകൾക്കുള്ളൂ. അത് ജമാഅത്തെ ഇസ്‌ലാമി ആയാലും വിസ്‌ഡം ആയാലും, മുജാഹിദ് മർകസ് ദഅവ ആയാലും. ഇനി സംഘടന ഇല്ലാത്ത സക്കരിയ സ്വലാഹിയുടെ ടീം ആയാലും.

(അവസാനിച്ചു).

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.