Wednesday, September 26, 2018

സ്വഹീഹുൽ ബുഖാരിയും വിമർശകരും - 3

ഇമാം ബുഖാരി റഹിമഹുള്ളാ തന്റെ ജീവിത സപര്യയായ ഹദീസ് പഠനവും ഗവേഷണവും നിരന്തര പ്രയത്നവും അക്ഷീണ പരിശ്രമവും നടത്തി 'അൽജാമിഉ സ്വഹീഹ്' എന്ന് വിളിക്കുന്ന 'സ്വഹീഹുൽ ബുഖാരി' മുസ്‌ലിം ഉമ്മത്തിന്‌ സമർപ്പിക്കാൻ പതിനാറു വർഷമെടുത്തു. വിവിധ വിഷയങ്ങളിലായി ആവർത്തനങ്ങളില്ലാതെ സ്വഹീഹായ രണ്ടായിരത്തി അറുനൂറ്റി രണ്ട് (2602) മുസ്‌നദായ (പൂർണ്ണമായ നിവേദക പരമ്പരയോടെ) ഹദീസുകളും, അനുബന്ധമായി(തഅലീഖ്) ആയി (മത് നു മാത്രം) നൂറ്റി അൻപത്തി ഒമ്പതു (159) ഹദീസുകളും അതിൽ ഉൾക്കൊള്ളുന്നു. ഹദീസുകളുടെ എണ്ണത്തിൽ നേരിയ ഏറ്റക്കുറച്ചിലുകൾ കാണാമെങ്കിലും എല്ലാം പരസ്പര പൂരകമായി വിലയിരുത്തുന്നതാണ് അഭികാമ്യം.
അനുബന്ധം (മുഅല്ലഖ്) ആയ ഹദീസുകൾ എന്നാൽ സനദിന്റെ തുടക്കം തൊട്ടു സ്വഹാബി വരെയോ അതല്ലെങ്കിൽ താബിഇ വരെയോ ഉള്ള നിവേദക പരമ്പരയിലെ ആരെയും പേര് പറയാതെ ഹദീസ് മാത്രമായോ അല്ലെങ്കിൽ അതിന്റെ ഒരു ഭാഗം മാത്രം പറയുന്നതോ ആയ രീതിയാണ്. അവ മുസ്‌നദ് (പരമ്പര വ്യക്തമായി പറഞ്ഞ) അല്ലാത്തവയാണ്. അത് കൊണ്ട് തന്നെ സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് എന്ന് പറയുമ്പോൾ ഈ അനുബന്ധങ്ങൾ ഉദ്ദേശിക്കപ്പെടുന്നില്ല. സ്വഹീഹുൽ ബുഖാരിയിൽ മൊത്തം 1341 മുഅല്ലഖ് ആയ ഹദീസുകളുണ്ട്. മുഅല്ലഖ് ആയ എല്ലാ ഹദീസുകളും ദുർബലമാണ് എന്ന് കരുതാൻ പാടില്ല. ഇവയിൽ പലതും ഇമാം ബുഖാരി തന്നെ തന്റെ സ്വഹീഹിൽ പൂർണമായ സനദോടു കൂടി ഉദ്ധരിക്കുന്നു. വേറെ പലതും ഇബ്നു ഹജറുൽ അസ്ഖലാനി സനദ് ഉൾപ്പെടുത്തി മറ്റൊരു ഗ്രന്ഥത്തിൽ വിശതീകരിച്ചിട്ടുണ്ട്.
സ്വഹീഹുൽ ബുഖാരിക്ക് ചെറുതും വലുതുമായി നാൽപതോളം വ്യാഖ്യാന ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ, സംഗ്രഹങ്ങളും ഓരോ അധ്യായങ്ങളായി പ്രത്യേകമായും, നിവേദക പരമ്പരയെക്കുറിച്ചും മറ്റു പ്രത്യേകമായ വിഷയങ്ങളെക്കുറിച്ചും, മത വിധികളും, ഖുർആൻ, ഹദീസ് ചരിത്രം തുടങ്ങി ഒരുപാടൊരുപാട് വിജ്ഞാന ശാഖകളിലേക്ക് അതിന്റെ വെളിച്ചം കടന്നു ചെല്ലുന്നു. മുസ്‌ലിം ലോകം സ്വഹീഹുൽ ബുഖാരിക്ക് നൽകിയ സ്ഥാനം എന്തായിരുന്നുവെന്ന് തിരിച്ചറിയാൻ ഇതൊക്കെ തന്നെ ധാരാളമാണ്. ആ വ്യാഖ്യാനഗ്രന്ഥങ്ങളിൽ പലതും വിവിധങ്ങളായ സവിശേഷതകൾ കൊണ്ട് സമ്പന്നമാണ്. ഹദീസിന്റെ ആശയ വ്യാഖ്യാനം, ഭാഷാപരമായ വശങ്ങൾ, മതപരമായ വിധി വിലക്കുകൾ തുടങ്ങി ഗഹനമായ വിജ്ഞാന ശാഖകളിൽ മേൽക്കൈ പുലർത്തുന്ന വ്യാഖ്യാന ഗ്രന്ഥങ്ങൾ അക്കൂട്ടത്തിലുണ്ട്. സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാന ഗ്രന്ഥങ്ങളിൽ "ഫത്ഹുൽ ബാരീ" എന്ന പേരിൽ ഇമാം ഇബ്നു റജബ് റഹിമഹുള്ളാ എഴുതിയ വ്യാഖ്യാനഗ്രന്ഥം അമൂല്യമാണ്. അപൂർണ്ണമാണെങ്കിലും മുഹദ്ധിസുകൾക്കിടയിൽ പ്രസിദ്ധമായ ഈ ഗ്രന്ഥം നല്ല ഒരു റഫറൻസ് ആയി പരിഗണിക്കപ്പെടുന്നു.
ഇമാം ഇബ്‌നു ഹജർ അസ്ഖലാനിയുടെ ഫത് ഹുൽ ബാരിയാണ് ശ്രദ്ധേയമായ മറ്റൊന്ന്. ഇമാം ബുഖാരിയുടെ ഗ്രന്ഥ രചനാ പാടവവും വൈദഗ്ധ്യവും മനസ്സിലാക്കുകയും അതിന്റെ ആത്മാവ് ചോർന്നുപോകാതെ പൂർണ്ണമായി ഉൾക്കൊണ്ടു തന്നെ ഹദീസുകൾ വ്യാഖ്യാനിക്കുകയും അറിവിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു മുത്തും പവിഴവും വാരിയെടുക്കുകയും ചെയ്തു ഇമാം ഇബ്‌നു ഹജർ റഹിമഹുള്ളാ. ഫത് ഹുൽ ബാരിയുടെ വൈജ്ഞാനിക സമ്പുഷ്ടമായ ആമുഖം തന്നെ ഇമാം ഇബ്‌നു ഹജർ അസ്ഖലാനിയുടെ മികവ് വിളിച്ചോതുന്നതാണ്. "ഇബ്‌നു ഹജറിന് ശേഷം അദ്ദേഹത്തെപ്പോലെ ഒരാളെ ഒരു സ്ത്രീയും പ്രസവിച്ചിട്ടില്ല" എന്ന് ഷെയ്ഖ് നാസിറുദ്ധീൻ അൽബാനി റഹിമഹുള്ളാ പറഞ്ഞത് വെറുതെയല്ലായെന്നർത്ഥം.
സ്വഹീഹുൽ ബുഖാരിയെ ആസ്പദമാക്കി പഠനങ്ങൾ നടന്നു കൊണ്ടേയിരിക്കുന്നു. ഓരോ അധ്യായത്തിനും ഇമാം ബുഖാരി നൽകിയ തല വാചകത്തിൽ പോലും ഒരുപാട് അറിവുകളും അനുബന്ധങ്ങളും ഗവേഷകർ കണ്ടെത്തുന്നു. അള്ളാഹുവിന്റെ ദീനിന്റെ പ്രധാന ഭാഗമായ സുന്നത്തു പഠിക്കുകയും ജനങ്ങൾക്ക് അനുഭവ വേദ്യമാക്കുകയും ചെയ്യുന്നതിൽ ഇമാം ബുഖാരി നൽകിയ സേവനം വിലമതിക്കാൻ കഴിയാത്തതാണ്.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.