Wednesday, September 26, 2018

സ്വഹീഹുൽ ബുഖാരിയും വിമർശകരും - 2


ഹദീസ് വിജ്ഞാനത്തിൽ സത്യവിശ്വാസികളുടെ നേതാവ് (അമീറുൽ മുഉമിനീൻ ഫിൽ ഹദീസ്)എന്ന് പരക്കെ വിശേഷിപ്പിക്കപ്പെട്ട ഇമാം ബുഖാരിയുടെ ഹദീസിലുള്ള പരിജ്ഞാനം പുകൾപെറ്റതാണ്. ഒരൊറ്റ വായനയിലൂടെയോ കേൾവിയിലൂടെയോ ഹദീസുകൾ മനഃപാഠമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
മുഹമ്മദ് അൽ വറാഖ് പറയുന്നു. ഹാഷിദ് ബിൻ ഇസ്മായീലും മറ്റൊരാളും പറയുന്നത് ഞാൻ കേട്ടു. അബു അബ്ദുള്ള ബുഖാരി കുട്ടിയായിരിക്കെ ബസറയിലെ പണ്ഡിതന്മാരുടെ അടുക്കലേക്കു ഞങ്ങളുടെ കൂടെ വരാറുണ്ടായിരുന്നു. ദിവസങ്ങളോളം അദ്ദേഹം ഒന്നും എഴുതിയെടുക്കാറുണ്ടായിരുന്നില്ല. അപ്പോൾ ഞങ്ങൾ അദ്ദേഹത്തോട് ചോദിച്ചു " നീയെന്താണ് ഞങ്ങളുടെ കൂടെ വരുന്നുവെന്നല്ലാതെ ഒന്നും എഴുതിയെടുക്കാത്തത് ? പതിനാറു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം ഞങ്ങളോട് പറഞ്ഞു. " നിങ്ങൾ രണ്ടു പേരും എന്നെക്കാൾ അധികമായി ഗ്രഹിക്കുകയും എന്നെ എഴുതിയെടുക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നുണ്ടല്ലോ, നിങ്ങൾ എഴുതിയത് ഞാനൊന്ന് കാണട്ടെ " അപ്പോൾ ഞങ്ങൾ എഴുതിയത് അദ്ദേഹത്തെ കാണിച്ചു. അപ്പോൾ, അദ്ദേഹം പതിനയ്യായിരം ഹദീസുകൾ അധികമായി ഇങ്ങോട്ടു പറഞ്ഞു തന്നു, എല്ലാം മനഃപാഠമാക്കിയവ !! അങ്ങിനെ അദ്ദേഹം മനഃപാഠമാക്കിയ ഹദീസുകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ എഴുതിയതിലെ തെറ്റുകൾ തിരുത്തുന്ന അവസ്ഥ വരെയെത്തി. എന്നിട്ടദ്ദേഹം ചോദിച്ചു " ഞാൻ വെറുതെ വന്ന് എന്റെ സമയം നശിപ്പിക്കുകയാണെന്നാണോ നിങ്ങൾ കരുതിയത്? " എന്ന് . ( ഹദിയുസ്സാരീ)

ഇമാം ബുഖാരിയുടെ ഹദീസ് പ്രാഗൽഭ്യം തെളിയിക്കുന്ന മറ്റൊരു സംഭവം നോക്കൂ :
ഒരിക്കൽ ഇമാം ബുഖാരി ബാഗ്ദാദിൽ വന്നു. അദ്ദേഹം വരുന്ന വിവരം അറിഞ്ഞപ്പോൾ അവിടെയുള്ള മുഹദ്ദിസുകൾ അദ്ദേഹത്തിന്റെ സാമർഥ്യത്തെ അളക്കാൻ തീരുമാനിച്ചു. അങ്ങിനെ അവർ നൂറു ഹദീസുകൾ തെരഞ്ഞെടുക്കുകയും അവയുടെ സനദും മത്നും പരസ്‌പരം മാറ്റിയിട്ടു അത്തരം പത്തു ഹദീസുകൾ വീതം നൽകി പത്തു ആളുകളെ ഒരുക്കി നിർത്തി. ജനങ്ങൾ തടിച്ചു കൂടിയ ഒരു വേദിയിൽ ഇമാം ബുഖാരി എഴുന്നേറ്റു നിന്നപ്പോൾ അവർ ഓരോരുത്തരായി സദസ്സിന്റെ പല ഭാഗങ്ങളിൽ നിന്നായി നേരത്തെ സനദും മത് നും മാറ്റിയ ഹദീസുകളെക്കുറിച്ചു ചോദിക്കാനാരംഭിച്ചു. ഓരോ ഹദീസ് കേട്ടപ്പോഴും അദ്ദേഹം "എനിക്കറിയില്ല" എന്ന മറുപടിയാണ് നൽകിയത്. കാര്യബോധമില്ലാത്ത ആളുകൾ ബുഖാരിയുടെ പരാജയം പ്രവചിച്ചു. എന്നാൽ ബുഖാരിയുടെ സാമർഥ്യം ബുദ്ധിയുള്ളവർ അറിഞ്ഞു. എല്ലാവരുടെയും ചോദ്യങ്ങൾ അവസാനിച്ചപ്പോൾ ഓരോ ഹദീസിന്റെയും തെറ്റായ സനദും മത് നും വേർതിരിച്ചു ശെരിയായ സനദും മത് നും ചേർത്ത് നൂറു ഹദീസുകളും തിരിച്ചു പറഞ്ഞു സദസ്സിനെ സ്തബ്ധരാക്കി ! ഇമാം ബുഖാരിയുടെ ഗ്രാഹ്യതയും ഹദീസിലുള്ള അദ്ദേഹത്തിന്റെ പാടവവും പരക്കെ പ്രശംസിക്കപ്പെടാൻ ഇട വന്ന സംഭവമായിരുന്നു ഇത്.
ഹദീസ് പ്രാവീണ്യം എന്നത് കൊണ്ട് ധാരാളം ഹദീസുകൾ മനഃപാഠമാക്കുക എന്നത് മാത്രമല്ല ഉദ്ദേശിക്കുന്നത്. അങ്ങിനെ നോക്കുമ്പോൾ ഇമാം ബുഖാരി ജീവിച്ച കാലത്തു ബുഖാരിയെക്കാൾ ഹദീസ് മനഃപാഠമുള്ള ഒരുപാട് മുഹദ്ധിസുകൾ ഉണ്ടായിരുന്നു. ഇമാം ബുഖാരിയെ അവരിൽ നിന്നെല്ലാം വേറിട്ട് നിർത്തുന്ന ചില സവിശേഷമായ ഘടകങ്ങളുണ്ട്. ഹദീസുകളുടെ പരമ്പരയെക്കുറിച്ചും (സനദ്) റിപ്പോർട്ടർമാരെക്കുറിച്ചും (റാവി) അദ്ദേഹത്തിനുള്ള പ്രാവീണ്യം അഗാധമായിരുന്നു. അതിനെല്ലാം പുറമെ ഹദീസുകളുടെ സ്വീകാര്യതക്കു കോട്ടം തട്ടുന്ന ഗോപ്യ(ഖഫിയ്യ്‌)മായ ന്യുനത (ഇല്ലത്തുൽ ഹദീസ്)യെക്കുറിച്ചു ആഴത്തിലുള്ള അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. സാധാരണ മുഹദ്ധിസുകൾക്കെല്ലാം "ഇലലുൽ ഹദീസിൽ" പരിജ്ഞാനം ഉണ്ടായിക്കൊള്ളണമെന്നില്ല. സാധാരണ ഗതിയിൽ പ്രത്യക്ഷത്തിൽ നോക്കുമ്പോൾ ഹദീസിനു ന്യുനതയൊന്നും കാണപ്പെടുകയില്ല. എന്നാൽ സൂക്ഷ്മമായ നിരീക്ഷണത്തിൽ ആ ഹദീസ് സ്വീകരിക്കാൻ പറ്റാത്ത വിധത്തിലുള്ള ന്യുനത ഗോചരമാവും. ഹദീസിനെക്കുറിച്ചു സൂക്ഷമായ പാടവവും ഹദീസ് വിജ്ഞാനവുമായുള്ള സുദീർഘമായ സമ്പർക്കവുമുള്ളവർക്കേ ഇല്ലത്തുകളെക്കുറിച്ചു അറിയാൻ പറ്റൂ. അലി അൽ മദീനി, ഇമാം അഹ്‌മദ്‌, യഹ്‌യ ഇബ്ൻ മഈൻ, ഇമാം മുസ്‌ലിം തുടങ്ങിയ അതികായന്മാർ ഈ വിഷയത്തിൽ ഇമാം ബുഖാരിയുടെ സമകാലീനരും സഹവാസികളുമാണ്.
അലി അൽ മദീനിയെക്കുറിച്ചു ഇമാം ബുഖാരി തന്നെ പറഞ്ഞത്" അദ്ദേഹത്തിന് മുമ്പിലല്ലാതെ മറ്റൊരാളുടെ മുമ്പിലും ഞാൻ സ്വയം ചെറുതായിപ്പോയിട്ടില്ല " എന്നാണ്. അത്രയ്ക്ക് തലയെടുപ്പുള്ള മുഹദ്ധിസുകൾക്കും ഫുഖഹാക്കൾക്കും നിരൂപകർക്കുമിടയിലാണ് ഇമാം ബുഖാരി റഹിമഹുള്ളാ അമീറുൽ മുഉമിനീൻ ഫിൽ ഹദീസ് എന്ന അപര നാമത്തിൽ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചത്.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.