Wednesday, September 26, 2018

സ്വഹീഹുൽ ബുഖാരിയും വിമർശകരും - 4

ഇമാം ബുഖാരി റഹിമഹുള്ളാ തന്റെ രചന പൂർത്തീകരിച്ചപ്പോൾ, അക്കാലത്തെ ഹദീസ് വിജ്ഞാനത്തിലെ അഗ്രേസരന്മാരായ ഇമാം അഹ്‌മദ്‌, അലി അൽ മദീനി, യഹ്‌യ ബിൻ മഈൻ തുടങ്ങിയ മുഹദ്ധിസുകൾക്കു മുന്നിൽ സമർപ്പിച്ചു. ഉഖൈലി പറയുന്നു. " ബുഖാരി തന്റെ സ്വഹീഹായ ഹദീസ് ഗ്രന്ഥം രചിച്ചപ്പോൾ ഇമാം അഹ്‌മദ്‌, അലി അൽ മദീനി, യഹ്‌യ ബിൻ മഈൻ തുടങ്ങിയവരുടെ മുമ്പിൽ സമർപ്പിച്ചു. അവരെല്ലാം അത് പരിശോധിക്കുകയും താങ്കളുടെ ഗ്രന്ഥം സ്വഹീഹ് തന്നെയാണെന്ന് വിധി നൽകുകയും ചെയ്തു. നാല് ഹദീസുകളുടെ കാര്യത്തിൽ മാത്രമേ അവർക്ക് സംശയമുണ്ടായിരുന്നുള്ളൂ. ഉഖൈലി തുടരുന്നു. " എന്നാൽ ആ നാല് ഹദീസുകളുടെ കാര്യത്തിലും ശെരി ബുഖാരിയുടെ ഭാഗത്തു തന്നെയായിരുന്നു.കാരണം, അവ സ്വഹീഹ് തന്നെയായിരുന്നു. "
ഹദീസ് വിഷയത്തിൽ ഇമാം ബുഖാരി എക്കാലത്തും വിശ്വസ്തനും സമശീർഷരില്ലാത്ത മുഹദ്ധിസുമായിരുന്നു. അദ്ദേഹത്തെക്കുറിച്ചു അദ്ദേഹത്തിന്റെ സമകാലീനരും അല്ലാത്തവരുമായ പ്രഗത്ഭരായ മുഹദിസുകളും ചരിത്രകാരന്മാരും നടത്തിയ അഭിപ്രായപ്രകടനങ്ങൾ അതിന്റെ നേർസാക്ഷ്യങ്ങളാണ്.
ഇമാം അഹ്‌മദ്‌ റഹിമഹുള്ളാ പറഞ്ഞു " മുഹമ്മദ് ബിൻ ഇസ്മായീൽ ബുഖാരിയെപ്പോലെ (മറ്റൊരാളെ) ഒരാളെ ഖുറാസാൻ പട്ടണം ഉൽപാദിപ്പിച്ചിട്ടില്ല" താരീഖ് ബഗ്‌ദാദ്‌
അലി അൽ മദീനി പറയുന്നു. " അദ്ദേഹത്തെ വെറുതെ വിടുക, അദ്ദേഹത്തെപ്പോലെ ഒരാളെ കാണപ്പെടുകയില്ല" സിയർ
അംറു ബിൻ അലി പറയുന്നു " മുഹമ്മദ് ബിൻ ഇസ്മായീലിനു അറിയാത്ത ഒരു ഹദീസ്, ഹദീസേയല്ല" താരീഖ് ബഗ്‌ദാദ്‌
അബു ഈസ തുർമുദി പറയുന്നു " ഇറാഖിലോ ഖുറാസാനിലോ ചരിത്രവും, ഹദീസിന്റെ പരമ്പരയെക്കുറിച്ചും, ഇലലിനെക്കുറിച്ചും മുഹമ്മദ് ബിൻ ഇസ്മായീലിനെക്കാൾ അറിവുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല" - ശറഹു ഇലലി തുർമുദി


നഈം ബിൻ ഹമ്മാദ് പറയുന്നു. " മുഹമ്മദ് ബിൻ ഇസ്മായീൽ ഈ ഉമ്മത്തിന്റെ ഫഖീഹ് ആണ് " - സിയർ.

ഇമാം മുസ്‌ലിം ബുഖാരിയുടെ അടുത്ത് വന്നു പറഞ്ഞു " മുഹദ്ധിസുകളുടെ നേതാവും, ഹദീസിൽ 'ഇലലു'കളുടെ വൈദ്യനും , ഉസ്താദുമാരുടെ ഉസ്താദുമായ താങ്കളുടെ പാദങ്ങളിൽ ഞാൻ ചുമ്പനങ്ങളർപ്പിക്കട്ടെ " - ഹദിയുസ്സാരീ
ഇമാം മുസ്‌ലിം പറഞ്ഞു " താങ്കളെ അസൂയക്കാരല്ലാതെ വെറുക്കുകയില്ല, ദുനിയാവിൽ താങ്കളെപ്പോലെ ഒരാളില്ലായെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു" അൽ ബിദായ വന്നിഹായ
ഇമാം ഇബ്‌നു ഖുസൈമ പറയുന്നു. " ആകാശക്കുടക്ക് കീഴെ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ഹദീസിനെക്കുറിച്ചു മുഹമ്മദ് ബിൻ ഇസ്മായീലിനെക്കാൾ അറിവും ധാരണയുമുൊള്ള മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല" - സിയർ
ഇബ്‌നു അബീ ശൈബ പറയുന്നു " മുഹമ്മദ് ബിൻ ഇസ്മായീലിനെപ്പോലെ മറ്റൊരാളെ നാം കണ്ടിട്ടില്ല" സിയർ
ഇമാം ബുഖാരിയെക്കുറിച്ചു അക്കാലത്തു ജീവിക്കുകയും അദ്ദേഹത്തിന്റെ അറിവിന്റെ ആഴവും പ്രാവീണ്യവും മനസ്സിലാക്കുകയും ചെയ്ത ഭുവനപ്രശസ്തരായ അഹ്‌ലുസ്സുന്നയുടെ ഇമാമുമാരിൽ ചിലരുടെ പ്രശംസാ വചനങ്ങളിൽ ചിലതു മാത്രമാണ് ഇതെല്ലാം. അവ മുഴുവൻ രേഖപ്പെടുത്തുകയാണെങ്കിൽ നിരവധി വാള്യങ്ങൾ തന്നെ വേണ്ടി വരും.
ഇതിനെല്ലാം പുറമെ ഇമാം ബുഖാരിയെക്കുറിച്ചു ഇമാം ഇബ്‌നു കസീർ, ഇമാം ദഹബി, ഇമാം ഇബ്‌നു ഹജർ തുടങ്ങിയവർ പ്രത്യേകം ഗ്രന്ഥ രചന തന്നെ നടത്തിയിട്ടുണ്ട്.
ഇമാം ബുഖാരിയുടെ രചനകളിൽ സവിശേഷമായത് സ്വഹീഹുൽ ബുഖാരി തന്നെയാണ്. അതിന് പുറമെ അൽജാമിഉൽ കബീർ, അൽജാമിഉസഗീർ, അൽ അദബുൽ മുഫ് റദ്, അസാമീസഹാബ, കിതാബുൽ അശ് രിബ , അത്തഫ്സീറുൽ കബീർ, ഖൽഖു അഫ്ആലിൽ ഇബാദ്, തുടങ്ങി മുസ്‌ലിം ലോകത്തു ഇന്നും ചർച്ച ചെയ്യപ്പെടുന്ന നിരവധി പ്രൗഢഗംഭീരമായ ഗ്രന്ഥങ്ങൾ.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.