Sunday, August 5, 2018

എന്ത് കൊണ്ട് 'ഫഹ്‌മുസ്സലഫ്' - 5 ?

മനുഷ്യബുദ്ധിക്ക് ഒരുപാട് പരിധികളും പരിമിതികളുമുണ്ട്. ഒരാൾ ചിന്തിക്കുന്നത് പോലെയല്ല മറ്റൊരാൾ ചിന്തിക്കുന്നതും കാര്യങ്ങൾ സമീപിക്കുന്നതും വിലയിരുത്തുന്നതും. ഒരാൾക്ക് ഉചിതമായിത്തോന്നുന്നത് മറ്റൊരാൾക്ക് തികച്ചും അരോചകമാവും. ഒരാൾക്ക് ഒരിക്കൽ ശെരിയായിത്തോന്നുന്നത് കാലങ്ങൾ കഴിഞ്ഞു അയാൾക്ക് തന്നെ തെറ്റായി തോന്നാം. ചുരുക്കത്തിൽ ഓരോതരുടെയും ബൗദ്ധിക നിലവാരം പല കാരണങ്ങൾ കൊണ്ടും വ്യത്യസ്തവും വൈരുദ്ധ്യം നിറഞ്ഞതുമായിരിക്കും. അപ്പോൾ ആരുടെ നിരീക്ഷണത്തിനും വീക്ഷണത്തിനുമാണ് മുൻതൂക്കം നൽകുക? ഏതു പണ്ഡിതന്റെ വാക്കിനാണ് പ്രാമുഖ്യമുണ്ടാവുക? പൗരാണികമോ ആധുനികമോ ആയ കാഴ്ചപ്പാടുകളിൽ ഏതിന് ആണ് പ്രായോഗികത കൽപ്പിക്കുക ? ഇങ്ങിനെ നൂറു കൂട്ടം പ്രശ്നങ്ങളും സംശയങ്ങളും ആവിര്ഭവിക്കും. അതിനാൽ തന്നെ ആപേക്ഷികമായ മനുഷ്യബുദ്ധിയെ പ്രമാണങ്ങൾ മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും അവലംബിക്കുക സാധ്യമല്ല. വിത്യസ്ത വീക്ഷണ കോണിലൂടെ ചിന്തിക്കുകയും കാര്യങ്ങളെ അപഗ്രഥിക്കുകയും ചെയ്യുന്ന ആളുകൾ അവരുടെ ബുദ്ധിയെ ആസ്പദിച്ചു മതത്തെ വ്യാഖ്യാനിക്കുമ്പോൾ തികച്ചും വൈരുധ്യം നിറഞ്ഞ ഫലങ്ങളാണ് ലഭിക്കുക. മാത്രമല്ല, അള്ളാഹുവിന്റെ വചനങ്ങളിൽ സംഭവിക്കുന്ന ഇത്തരം വിരുദ്ധഭാവങ്ങൾ അള്ളാഹുവിൽ നിന്നുള്ള വചനങ്ങൾ എന്ന പരിശുദ്ധിക്ക് പോറലേൽപ്പിക്കുക കൂടി ചെയ്യുന്നു. ഇതിനെല്ലാം തന്നെ കൃത്യമായതും വ്യവസ്ഥാപിതമായതുമായ പരിഹാരമാണ് സലഫുകൾ, അഥവാ പ്രധാനമായും സ്വഹാബത്ത്, എങ്ങിനെ മനസ്സിലാക്കി എന്നുള്ള അന്വേഷണം. ഇത് ഒരു സ്വഹാബിയുടെ വാക്കിനെ അവലംബിക്കലല്ല. മറിച്ച്, ഒരു വിഷയത്തിൽ സ്വഹാബത്തിന്റെ അഭിപ്രായാന്തരമില്ലാത്ത നിലക്കുള്ള (മുഖാലിഫ് ഇല്ലാത്ത) പൊതു ധാരണ സ്വീകരിക്കലാണ്. അതിൽ നിന്ന് സ്വഹാബത്ത് ആ വിഷയത്തിൽ അങ്ങിനെ മനസ്സിലാക്കുകയും അമല് ചെയ്യുകയും ചെയ്തുവെന്ന് ബോധ്യമാവും. ഈ കാര്യം, അതായത് സ്വഹാബത്തിന്റെ ഫഹ്മിനെ സ്വീകരിക്കുക എന്ന വിഷയത്തിലാണ് ഇന്ന് ലോകത്തു ഏതാണ്ടെല്ലാ മുസ്‌ലിം പ്രബോധക സംഘങ്ങൾക്കും അബദ്ധം പിണഞ്ഞത്. അതായത്, ഖുർആനും സുന്നത്തുമാണ് പ്രമാണം എന്ന് പറയാത്ത ഇസ്‌ലാമിക സംഘടനകൾ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. എന്നാൽ, ഖുർആനും സുന്നത്തും സ്വഹാബത്ത് മനസ്സിലാക്കിയ പോലെ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും പ്രയോഗവൽക്കരിക്കുകയും ചെയ്യുന്നവരായി അവരിലാരുണ്ട് എന്നതു സംശയകരവുമാണ്. ഇന്ന് നിലവിലുള്ള സംഘടനകളും പ്രസ്ഥാനങ്ങളുമെല്ലാം അവരുടെ പ്രബോധന പ്രവർത്തനങ്ങളുടെയും ആദർശത്തിന്റെയും അജണ്ട നിശ്ചയിക്കുന്നത് നേരത്തെ പറഞ്ഞ മൗലിക തത്വത്തെ അവഗണിച്ചു കൊണ്ടാണെന്നു വ്യക്തം. അവയിൽ ചിലതു ഫഹമുസ്സലഫിനെ തത്വത്തിൽ അംഗീകരിക്കുന്നവ പോലുമാണെങ്കിലും അവരുടെ യുക്തിക്കും ബുദ്ധിക്കും സംഘടനാ താല്പര്യത്തിനും പൊരുത്തപ്പെടാത്തതെന്നു അവർ കരുതുന്ന സ്വഹീഹ് ആയ ഹദീസുകളെപ്പോലും അവർ നിഷേധിക്കുകയോ ദുർവ്യാഖ്യാനിക്കുകയോ ചെയ്യുന്നു. ഇതെങ്ങിനെ ഫഹമുസ്സലഫിനെ സ്വീകരിക്കലാകും? അത് പോലെ അവരുടെ നയ നിലപാടുകളിൽ പലതും ഇസ്‌ലാമിന്റെ മൗലികമായ പല ആശയങ്ങൾക്കും എതിരും പരസ്പരം ഒത്തു പോകാത്തതുമാണെന്നു കാണാം. ഇത്തരം നിലപാടുകൾ നിലനിർത്തിക്കൊണ്ടു തന്നെ ഫഹമുസ്സലഫും, സലഫിയ്യത്തും അവർ അവകാശപ്പെടുന്നുവെന്നതാണ് വിരോധാഭാസം. ഫഹമുസ്സലഫ് സ്വീകരിച്ച ഒരാൾക്ക് അബദ്ധങ്ങളും വീഴ്ചകളും സംഭവിക്കില്ലെന്നോ ജീവിതത്തിൽ അധർമ്മങ്ങൾ തീരെ കടന്നു വരില്ലെന്നോ ഒന്നുമല്ല അതിനർത്ഥം. മറിച്ച് പ്രമാണങ്ങളോടുള്ള സമീപന രീതിയിൽ അബദ്ധങ്ങൾ സംഭവിക്കാതിരിക്കുകയും അതുവഴി ദീനിനെ തെറ്റായി മനസ്സിലാക്കപ്പെടാതിരിക്കുകയും ചെയ്യുകയെന്നതാണ്. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. കാരണം, ഇത് ഒരാൾക്ക് ഒരു അബദ്ധം സംഭവിക്കുന്നത് പോലെയോ ജീവിതത്തിൽ മറ്റു വീഴ്ചകൾ സംജാതമാകുന്നത് പോലെയോ അല്ല. മറിച്ച് ദീനിനെ തെറ്റായി മനസ്സിലാക്കലാണ്. ഇത് വലിയ അബദ്ധമാണ്. ശെരിയായ ദീൻ എന്ന നിലയിൽ തെറ്റായി മനസ്സിലാക്കിയ കാര്യം സ്വീകരിക്കുകയും ജീവിതകാലം മുഴുവൻ ആ നിലക്കുള്ള അമൽ ചെയ്യുകയും ചെയ്‌താൽ എന്ത് മാത്രം അപകടകരമായിരിക്കുമെന്നു ഓർത്തു നോക്കൂ. അതിനാൽ തന്നെ, അങ്ങേയറ്റം പ്രാധാന്യമർഹിക്കുന്നതും ഓരോരുത്തരും മനസ്സിലാക്കിയിരിക്കേണ്ടതുമായ അടിസ്ഥാനപരമായ ഒരു ഘടകമത്രെ ഫഹമുസ്സലഫ്.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.