Sunday, August 5, 2018

എന്ത് കൊണ്ട് 'ഫഹ്‌മുസ്സലഫ്' - 4 ?

"ഇസ്‌ലാം ബുദ്ധിയുടെ മതമാണ്" പ്രകൃതിയുടെ മതമാണ്"എന്നൊക്കെ സാധാരണ പറയുമ്പോൾ അർത്ഥമാക്കുന്നത് എന്താണ്? മനുഷ്യരുടെ ശുദ്ധ പ്രകൃതിക്കും സാധാരണ യുക്തിക്കും ബുദ്ധിക്കും യോജിച്ചതാണ് ഇസ്‌ലാമിലെ അധ്യാപനങ്ങളെല്ലാം എന്ന അർത്ഥമാണോ? എങ്കിൽ അത് ശെരിയാണ്. ഒരു സാധാരണ മനുഷ്യന്റെ ശുദ്ധമായ സംവേദനത്തോട് സംവദിക്കുകയും അവന്റെ ചിന്താശേഷിയെ ഉദ്വീപിപ്പിക്കുകയും ഊർജ്വസ്വലമാക്കുകയും ചെയ്യുന്ന ആശയങ്ങളും പ്രയോഗങ്ങളും ഖുർആനിൽ പലയിടത്തും കാണാം. മനുഷ്യ ചിന്തയെ പരിപോഷിപ്പിക്കുകയും ജീവിതത്തിന്റെ നന്മ നിറഞ്ഞ വശങ്ങളിലേക്ക് ഉതകുന്ന വിധത്തിൽ ബുദ്ധി ഉപയോഗിക്കാനും അള്ളാഹു ഖുർആനിലൂടെ ഉൽബോധിപ്പിക്കുന്നുണ്ട്. "നിങ്ങൾ ഉറ്റാലോചിക്കുന്നില്ലേ" "അവർ പരിചിന്തനം നടത്തുന്നില്ലേ" തുടങ്ങിയ ചോദ്യങ്ങൾ മനുഷ്യ മനീഷയെ ചലനാത്മകമാക്കാനുള്ള പ്രോത്സാഹനങ്ങളാണ്. ഭൗതിക ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും സാമൂഹിക -സാമ്പത്തിക സാഹചര്യങ്ങൾ കൂടുതൽ ഭദ്രമാക്കാനും മനുഷ്യനു നൽകപ്പെട്ട വിഭവശേഷിയിൽ മഹോന്നതമായ ബുദ്ധി വിനിയോഗിക്കുകയും അതിന്റെ ആരോഗ്യകരവും സർവ്വതോന്മുഖവുമായ ഗുണഫലങ്ങൾ അനുഭവിക്കുകയും സമ സൃഷ്ടികൾക്കു പങ്കു വെക്കപ്പെടുകയും ചെയ്യുന്നതിൽ ഒരു ദോഷവുമില്ല. എന്നാൽ മനുഷ്യ ബുദ്ധിയുടെ വ്യവഹാര മേഖലകൾക്ക് കടന്നു ചെല്ലാൻ പ്രാപ്യമല്ലാത്ത സങ്കീർണ്ണമായ ചില മേഖലകളുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് അള്ളാഹുവിന്റെ ദീനുമായി ബന്ധപ്പെട്ട കാര്യങ്ങൾ. അള്ളാഹുവിന്റെ ആജ്ഞാ നിർദ്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും അവന്റെ ഉദ്ദേശം എന്തെന്ന് അവരെ ബോധ്യപ്പെടുത്താനുമായി അള്ളാഹു പ്രവാചകന്മാരെ നിയോഗിച്ചു. മതപരമായ അവരുടെ സംശയങ്ങളും ചോദ്യങ്ങളും നിവർത്തി വരുത്തിയത് പ്രവാചകന്മാർ വഴിയാണ്. അതിൽ അവസാന പ്രവാചകനായ മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം തന്റെ പ്രബോധന ദൗത്യം വിജയകരമായി നിർവ്വഹിക്കുകയും ഇസ്‌ലാം ദീനിനെ അള്ളാഹു സമ്പുർണ്ണമാക്കിയിട്ടുണ്ട് എന്ന സന്തോഷവാർത്ത അറിയിക്കുകയും ചെയ്ത ശേഷമാണ് അവിടുന്ന് വിട വാങ്ങിയത്. അപ്പോഴേക്കും നബിയിൽ നിന്ന് ഇസ്‌ലാം ദീനിനെ കേട്ടും പഠിച്ചും അനുഭവിച്ചും അനുവർത്തിച്ചും കഴിഞ്ഞ സഹാബാക്കളുടെ അനുഗ്രഹീതമായ ഒരു സമൂഹം അവിടെ ആവിർഭവിച്ചു കഴിഞ്ഞിരുന്നു. ആ ആദർശ സമൂഹം നബിയിൽ നിന്ന് ദീനെന്ന നിലയിൽ കേൾക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്ത കാര്യങ്ങൾ എന്തെല്ലാമാണോ അത് മാത്രമാണ് ദീൻ. ഇമാം മാലിക് റഹിമഹുള്ളയുടെ വാക്കു ഇവിടെ പ്രസക്തമാണ്. " അന്ന് (സ്വഹാബികൾ ജീവിച്ച കാലത്തു) ദീൻ അല്ലാത്ത ഒന്നും ഇന്നും ദീൻ ആവുകയില്ല" .


സച്ചരിതരായ സലഫുകളുടെ പാതയിൽ നിന്ന് മുസ്‌ലിം ബഹുജനം അകന്നു പോകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് പ്രമാണങ്ങളെ മനസ്സിലാക്കുന്നതിലും ഉൾക്കൊള്ളുന്നതിലും വ്യാഖ്യാനിക്കുന്നതിലും സ്വഹാബത്തിന്റെ ധാരണ (ഫഹ്മ്) സ്വീകരിക്കുന്നതിന് പകരം ജനങ്ങൾ സ്വന്തം താല്പര്യത്തേയും ബുദ്ധിപരമായ നിഗമനങ്ങളെയും ആശ്രയിച്ചത് കൊണ്ടാണ്. സലഫുകളുടെ ഫഹമു സ്വീകരിക്കണം എന്ന് പറയുകയും അംഗീകരിക്കുകയും ചെയ്യുന്നവർ പോലും പലപ്പോഴും ഈ മഹത്തായ അസ്വ് ലിനെ വിസ്മരിക്കുകയോ മറികടക്കുകയോ ചെയ്യുന്നുവെന്നതാണ് ഖേദകരമായ വസ്തുത.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.