Sunday, August 5, 2018

എന്ത് കൊണ്ട് 'ഫഹ്‌മുസ്സലഫ്' - 3 ?

പ്രമാണങ്ങളെ മനസ്സിലാക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും ഉൾക്കൊള്ളുന്നതിലും പ്രയോഗവൽക്കരിക്കുന്നതിലും സലഫുകളുടെ ധാരണയെ അഥവാ അവരുടെ ഫഹ്‌മിനെ അവലംബിച്ചവരാണ് പൗരാണികരും ആധുനികരുമായ അഹ്‌ലുസ്സുന്നത്തിന്റെ മുഴുവൻ ഉലമാക്കളും . ഇമാം മാലിക്, ഇമാം അഹ്‌മദ്‌ ഇമാം ശാഫിഈ ഇമാം അബൂഹനീഫ തുടങ്ങി പ്രമുഖ മദ്ഹബിന്റെ ഇമാമുമാരും ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ, ഇമാം ഇബ്നുൽ ഖയ്യിം, ഇമാം ലാലക്കാഇ, ഇമാം ബർബഹാരി, ഇമാം ആജുരി, ഇബ്നു മന്ദ, ഇബ്നു ബത്വ, ഇമാം ഷാത്വബ്ബി, ഇമാം ബുഖാരി, ഇമാം ഇബ്നു ഹജർ തുടങ്ങി സുന്നത്തിനു വേണ്ടി ജീവിക്കുകയും അത് പ്രചരിപ്പിക്കാൻ അത്യദ്ധ്വാനം ചെയ്യുകയും ചെയ്ത അസംഖ്യം ധന്യജ്യോതിസ്സുകൾ ! ആധുനിക ഉലമാക്കളായ ഇമാം ഇബ്‌നു ബാസ്, ഇബ്‌നു ഉസൈമീൻ, ഷെയ്ഖ് നാസിറുദ്ധീൻ അൽബാനി തുടങ്ങിയ ആ ശ്രേണിയിലെ അവസാനത്തെ കണ്ണി വരെ. അവരുടെ വാക്കുകളിലെ, അക്ഷരങ്ങളിലെ ഏകത പരിശോധിച്ച് നോക്കൂ. സ്വഹാബത്തിന്റെ കയ്യൊപ്പു പതിഞ്ഞതായി നിങ്ങൾക്കതിൽ കാണാം. പ്രമാണങ്ങൾ സ്വീകരിക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും സ്വന്തമായ നിഗമനങ്ങളെ ആശ്രയിക്കുന്നതിനു പകരം അവരെല്ലാം അവലംബിച്ചിരുന്നത് സ്വഹാബത്തിന്റെ ധാരണയെയായിരുന്നു. ഇബ്നു തീമിയ പറയുന്നത് നോക്കൂ " ആരെങ്കിലും സ്വഹാബത്തിന്റെയും താബിഈങ്ങളുടെയും മാർഗ്ഗത്തെയും വ്യാഖ്യാനത്തെയും വിട്ടു കടക്കുന്നുവെങ്കിൽ, അതിനു വിരുദ്ധമായതിനെ സ്വീകരിക്കുന്നുവെങ്കിൽ അതിൽ അവനു അബദ്ധം പിണഞ്ഞു. എന്നല്ല, അവൻ മുബ്തദിഉ ആണ്. അവൻ മുജ്‌തഹിദും അവന്റെ വീഴ്‌ച പൊറുക്കപ്പെടുന്നതാണെങ്കിലും. കാരണം, അവരുടെ ലക്ഷ്യം അറിവിന്റെ വഴികളും തെളിവുകളും അന്വേഷിക്കലും വിശതീകരിക്കലുമാണ്.

ഖുർആൻ മനനം ചെയ്തത് സ്വഹാബത്തും താബിഉകളും തബഉൽ അത്ബാഉമാണ് എന്ന് നമുക്കറിയാം. അതിന്റെ അർത്ഥത്തിലും ആശയത്തിലും ഏറ്റവും അറിവുള്ളവർ അവരാണ്. അള്ളാഹു ഏതൊരു ഹഖുമായാണോ മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെ നിയോഗിച്ചത് അതിനെക്കുറിച്ചും ഏറ്റവും അറിവുള്ളവർ അവർ തന്നെയാണ്. ആരെങ്കിലും അവരുടെ വാക്കിനോട് വൈരുദ്ധ്യം പുലർത്തിയാൽ അവരുടെ വ്യാഖ്യത്തിനു വിരുദ്ധമായ വ്യാഖ്യാനം ഖുർആനിന് നൽകിയാൽ അവൻ തെളിവിലും തെളിവ് പിടിക്കുന്നതിലും അബദ്ധം പിണഞ്ഞു."

( ومن عدل عن مذاهب الصحابة والتابعين وتفسيرهم إلى ما يخالف ذلك كان مخطئاً في ذلك ، بل كان مبتدعاً وإن كان مجتهداً مغفوراً له خطؤه ، فالمقصود بيان طرق العلم وأدلته ، وطرق الصواب ، ونحن نعلم أن القرآن قرأه الصحابة والتابعون وتابعوهم ، وأنهم أعلم بتفسيره ومعانيه ، كما أنهم أعلم بالحق الذي بعث الله به رسوله صلى الله عليه وسلم ، فمن خالف قولهم وفسر القرآن بخلاف تفسيرهم فقد أخطأ في الدليل والمدلول جميعاً ) ، ( مجموع فتاوى شيخ الإسلام ج 13 / 361 ).

സലഫുകളിൽ നിന്ന് ഇത്തരത്തിൽ വേറെയും ഒരുപാട് ഉദ്ധരണികൾ കാണാം. അവരൊക്കെ പ്രമാണങ്ങളെ മനസ്സിലാക്കാൻ അവലംബിച്ചിരുന്നത് സ്വഹാബത്ത് അവ എങ്ങിനെ മനസ്സിലാക്കി എന്ന് പരിശോധിച്ച് കൊണ്ടായിരുന്നു. അവരാരും സ്വന്തമായ നിഗമനങ്ങളെയോ വ്യക്തിപരമായ താല്പര്യങ്ങളെയോ നിരീക്ഷണങ്ങളെയോ സാഹചര്യത്തിന്റെ സമ്മർദ്ദങ്ങളെയോ മുഖവിലക്കെടുത്തു അതിന്റെ അടിസ്ഥാനത്തിൽ പ്രമാണങ്ങളെ വ്യാഖ്യാനിക്കുന്നവരായിരുന്നില്ല. ഈ നിയതമായ രീതിശാസ്ത്രത്തെ അബദ്ധവശാൽ കയ്യൊഴിഞ്ഞവരും മനപ്പൂർവ്വം കയ്യൊഴിച്ചവരും ലോകത്തു ഒരുപാടുണ്ട്. ഖുർആനും സുന്നത്തുമാണ് പ്രമാണമെന്നു വാശിയോടെ അവകാശപ്പെടുകയും എന്നാൽ അവ പ്രയോഗവൽക്കരിക്കുന്നതിൽ പൂർണ്ണമായോ ഭാഗികമായോ സ്വഹാബത്തിന്റെ ഫഹ്‌മിനെ അഥവാ അവരുടെ ധാരണയെ അവഗണിച്ച് അഗണ്യകോടിയിൽ തള്ളുന്ന ഒരുപാട് മുസ്ലിംകൾ. അവരോട് പ്രമാണങ്ങൾ മനസ്സിലാക്കുന്നതിൽ സ്വഹാബത്തിന്റെ ധാരണകൾ അവലംബിക്കൽ അത്യന്താപേക്ഷിതമാണെന്ന് പറഞ്ഞാൽ ബുദ്ധിപരമായ ദുർന്യായങ്ങൾ ഉന്നയിച്ചു വായടപ്പിക്കാനുള്ള ശ്രമമായിരിക്കും അവരുടെ ഭാഗത്തു നിന്നുമുണ്ടാവുക. അവരുടെ തെറ്റായ നിലപാടുകൾ തിരുത്തുകയും സലഫുകളുടെ ഫഹ്മിലേക്കു തിരിച്ചു വരാൻ വേണ്ടി പ്രയത്നിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.