Sunday, August 5, 2018

എന്ത് കൊണ്ട് 'ഫഹ്‌മുസ്സലഫ്' - 2 ?

ഖുർആനും ഹദീസും വ്യാഖ്യാനിക്കുന്നതിനും മനസ്സിലാക്കുന്നതിനും പ്രയോഗവൽക്കരിക്കുന്നതിനും സലഫുകൾ - വിശിഷ്യാ - സ്വഹാബത്ത് അവ എങ്ങിനെ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും പ്രയോഗവൽക്കരിക്കുകയും ചെയ്തു എന്ന് അന്വേഷിക്കുകയും അറിയുകയും ചെയ്യൽ അനിവാര്യമാണ്. കാരണം അവരാണ് നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയിൽ നിന്ന് ദീൻ കേൾക്കുകയും മനസ്സിലാക്കുകയും ജീവിതത്തിൽ പകർത്തുകയും പ്രയോഗവൽക്കരിക്കുകയും ചെയ്ത നബിയുടെ പ്രഥമ സംബോധിതർ. അവർ നബിയിൽ നിന്ന് എങ്ങിനെയാണോ ദീനിനെ മനസ്സിലാക്കിയിട്ടുള്ളത് അതെ രൂപത്തിൽ അവരുടെ ശേഷക്കാരും മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. സൂറത്തുൽ ബഖറയിൽ അള്ളാഹു പറയുന്നു. فَإِنْ آمَنُوا بِمِثْلِ مَا آمَنتُم بِهِ فَقَدِ اهْتَدَوا ۖ " നിങ്ങൾ (സ്വഹാബികൾ)വിശ്വസിച്ചതു പോലെ അവർ (ജൂത-ക്രൈസ്തവർ) വിശ്വസിച്ചാൽ, അപ്പോൾ അവർ സന്മാർഗത്തിലായി"

അത് പോലെ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " എന്റെ ഉമ്മത്ത് 73 വിഭാഗമായി വേർപിരിയും. അതിൽ ഒന്നൊഴികെ എല്ലാം നരകത്തിലായിരിക്കും. സ്വർഗത്തിൽ പ്രവേശിക്കുന്ന ഒരു വിഭാഗം ((من كان على مثل ما أنا عليه اليوم وأصحابي)) ഇന്ന് ഞാനും എന്റെ അനുചരന്മാരും ഏതൊന്നിലാണോ നിലകൊള്ളുന്നത് അതിനെ അവലംബിച്ചവർ ആയിരിക്കുമെന്ന് വ്യക്തമാക്കി.

അപ്പോൾ ദീനിന്റെ ആധാരങ്ങൾ നിലകൊള്ളുന്നത് സ്വഹാബത്തിന്റെ നിലപാടിനെ അടിസ്ഥാനമാക്കിയാണ്.

ചില നിഷ്കളങ്കരായ ആളുകൾ സാധാരണയായി ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട്. ഖുർആനും സുന്നത്തുമല്ലേ പ്രമാണം? അത് അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്‌താൽ ഒരാൾ ശെരിയായ മാർഗത്തിലായിത്തീരില്ലേ എന്നൊക്കെ. വളരെ ശെരിയാണ്. ഖുർആനും സുന്നത്തും തന്നെയാണ് പ്രമാണം. ഈ രണ്ടു വഹ്‌യിന്റെയും താൽപര്യമായിരിക്കണം ഒരാളുടെ ജീവിതത്തിന്റെ ഗതി നിർണ്ണയിക്കുന്നത്. പക്ഷെ, ഇവിടെ ഒരു സ്വാഭാവികമായ പ്രശ്‌നം ഉടലെടുക്കുന്നുണ്ട്. ലോകത്തു ഇക്കാലമത്രയുമുള്ള ഏതാണ്ട് മുഴുവൻ മുസ്‌ലിംകളും അവകാശപ്പെടുന്നത് അവർ പ്രമാണമായി സ്വീകരിക്കുന്നത് ഖുർആനും സുന്നത്തുമാണെന്നാണ്. ഇസ്‌ലാമിന്റെ മൗലിക വിശ്വാസമായ അള്ളാഹുവിന്റെ ഏകത്വം തുടങ്ങി ബിദ്അത്-ഖുറാഫാത്തുകളിൽ മുഴുകി ജീവിക്കുന്ന ആളുകളും അത് തന്നെയാണ് അവകാശപ്പെടുന്നത്. ഖുർആനും സുന്നത്തുമാണ് പ്രമാണമെന്നു അവകാശപ്പെടുന്നതോടൊപ്പം തന്നെ പരസ്പര വിരുദ്ധവും തികച്ചും സമാന്തരവുമായ ധ്രുവത്തിൽ നിലകൊള്ളുന്ന തികച്ചും വൈരുധ്യത്തിന്റെ കലവറയാണ് കണ്ടു കൊണ്ടിരിക്കുന്നത്. ഇതെങ്ങിനെ ശെരിയാകും? ഖുർആനും സുന്നത്തും അവകാശപ്പെടുന്നവർക്കിടയിൽ തന്നെ എന്ത് കൊണ്ട് ഇത്രയും വ്യക്തമായ വൈരുദ്ധ്യവും ഭിന്നതയുമുണ്ടായി? ഈ ചോദ്യത്തിന്റെ ഉത്തരമന്വേഷിക്കുമ്പോഴാണ് മഹാ ഭൂരിഭാഗം ആളുകളും പ്രസ്ഥാനങ്ങളും ഗ്രുപ്പുകളും മദ്ഹബിന്റെ ആളുകളും ഖുർആനും സുന്നത്തും പിന്തുടരുന്നത് സ്വഹാബത്ത് അഥവാ സലഫുകൾ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ അല്ല എന്നും മറിച്ച് അവരിൽ പല വിഭാഗവും അവ സ്വീകരിക്കുന്നത് പല മാനദണ്ഡത്തിന്റെയും അടിസ്ഥാനത്തിലാണ് എന്ന് ബോധ്യപ്പെടുക. ചിലർ മദ്ഹബിന്റെ ഇമാമുമാർ എഴുതി വെച്ചതിന്റെ അടിസ്ഥാനത്തിലാണെങ്കിൽ, വേറെ ഒരു വിഭാഗം അവരുടെ സംഘടനാ-പാർട്ടി താൽപര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. മറ്റു ചിലർ സ്വന്തം ബുദ്ധിയുടെയും യുക്തിയുടെയും നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണെങ്കിൽ വേറെ ചിലർ സാഹചര്യങ്ങളുടെയും ശാസ്ത്രീയ നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും. മുകളിൽ പറഞ്ഞതോ അല്ലാത്തതോ ആയ രീതികൾ സ്വീകരിക്കുന്നവരെല്ലാം അബദ്ധത്തിൽ അകപ്പെടുക സ്വാഭാവികമാണ്. മറിച്ച് ആരാണോ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ അനുചരന്മാർ മനസ്സിലാക്കുകയും അമല് ചെയ്യുകയും ചെയ്ത രൂപത്തിൽ പ്രമാണങ്ങൾ സ്വീകരിക്കുന്നത് അവരാണ് സുരക്ഷിതരായ വിഭാഗം. അവരാണ് നബിയെയും സ്വഹാബത്തിനെയും പിൻപറ്റുന്ന രക്ഷപ്പെട്ട വിഭാഗം. അവരുടെ ധാരണയെ (ഫഹ്മിനെ) സ്വീകരിക്കൽ ഓരോ മുസ്‌ലിമിനും അനിവാര്യമാണ്.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.