Tuesday, February 27, 2018

സലഫുകളുടെ മാർഗം - സലഫീ ദഅവത്തിന്റെ ആധാരം - 2

സലഫുകൾ, അഥവാ സ്വഹാബത്ത് ആണ് മുസ്ലിംകൾക്ക് മാതൃക. കാരണം അവരാണ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നേരിട്ട് ദീൻ പഠിച്ചവർ. അവരാണ് ഇസ്‌ലാം ദീനിന്റെ സത്യസന്ധരും നീതിമാന്മാരുമായ വാഹകർ.
ഇസ്‌ലാം മതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സ്വഹാബികളുടെ ഒരു കയ്യൊപ്പ് അനിവാര്യമാണ്. അവർ മനസ്സിലാക്കുകയോ ഉൾക്കൊള്ളുകയോ പ്രയോഗവൽക്കരിക്കുകയോ ചെയ്യാത്ത ഒരു കാര്യവും അവർക്കു ശേഷം വന്നവർക്കായി ഇല്ല. ഖുർആനിലെ ആയത്തുകളെയും ഹദീസിന്റെ നസ്വിനെയും അവർ എങ്ങിനെ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്തോ അതാണ് ദീൻ. അത് മാത്രമാണ് ദീൻ.
ഈയൊരു നിബന്ധന അംഗീകരിക്കുകയും അതിന്റെ താൽപര്യം പൂർണ്ണാർത്ഥത്തിൽ ഉൾക്കൊള്ളുകയും ചെയ്യുമ്പോൾ മാത്രമേ ഒരാൾ 'സലഫി' എന്ന വിശേഷണത്തിന് അർഹനാവുന്നുള്ളൂ. ഖുർആനും സുന്നത്തും പ്രമാണമായി അംഗീകരിക്കുകയും അത് മനസ്സിലാക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്യുന്നതിൽ സലഫുകളെ, അഥവാ സ്വഹാബത്തിന്റെ ധാരണയെ മാതൃകയാക്കുകയും ചെയ്യുന്നുവെന്നവകാശപ്പെടുന്നവർ, ഈ മാനദണ്ഡം പാലിച്ചേ പറ്റൂ. ചില കാര്യങ്ങളിൽ സലഫിന്റെ ധാരണ സ്വീകരിക്കുകയും വേറെ ചില കാര്യങ്ങളിൽ നാട്ടു നടപ്പും, ശാസ്ത്രവും, സ്വന്തം ബുദ്ധിയും, യുക്തിയും, സാഹചര്യങ്ങളും ഒക്കെയാണ് സ്വീകരിക്കുന്നതെങ്കിൽ സലഫിയ്യത്തു വെറും അവകാശവാദം മാത്രമായി ചുരുങ്ങും. ഇനി, ഇന്ന് ഇസ്‌ലാമിക പ്രബോധന രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സംഘടനകളെ ഈ മാനദണ്ഡം വെച്ച് ഒന്ന് വിലയിരുത്തി നോക്കൂ.
കേരള നദ് വത്തുൽ മുജാഹിദീന്റെ എല്ലാ വിഭാഗങ്ങളും, ജമാഅത്തെ ഇസ്‌ലാമിയും, തബ്‌ലീഗ് ജമാഅത്തും അടക്കം മത നവോദ്ധാനം അവകാശപ്പെടുന്നവരും അല്ലാത്തവരുമായ എല്ലാ മത സംഘടനകളും അവരവരുടെ സങ്കുചിത താൽപര്യങ്ങൾ സംരക്ഷിക്കാൻ കഷ്ടപ്പെടുന്നവരാണ് എന്നല്ലാതെ, അള്ളാഹുവിന്റെ ദീൻ, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പഠിപ്പിക്കുകയും, സ്വഹാബത്ത് പിന്തുടരുകയും ചെയ്ത പോലെ സ്വീകരിക്കാനും ഉൾക്കൊള്ളാനും പ്രയോഗവൽക്കരിക്കാനും പ്രബോധനം ചെയ്യാനും അദ്ധ്വാനിക്കുന്നവരോ അതിൽ ജാഗ്രത പുലർത്തുന്നവരോ അല്ല. ഞാനിതു വെറുതെ പറയുന്നതല്ല. ഇക്കൂട്ടത്തിൽ ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചാണ് സ്വീകരിക്കേണ്ടത് എന്ന് അവകാശപ്പെടുന്ന നദ് വത്തുൽ മുജാഹിദീന്റെ നവോദ്ധാനം ഇന്ന് എത്തി നിൽക്കുന്നത് എവിടെയാണ്? പ്രവാചകന്മാരുടെ പ്രബോധനത്തിൽ ഏറ്റവും മുന്തിയ പരിഗണന തൗഹീദിനായിരുന്നു എന്ന വസ്തുത അറിയാത്തവരായി ആരുമില്ല. ഇമാം അഹ്‌മദ്‌ റഹിമഹുള്ളാ തൊട്ടു ശൈഖ് നാസിറുദ്ധീൻ അൽബാനി റഹിമഹുള്ളാ വരെയുള്ള, വിത്യസ്ത ഭൂപ്രദേശങ്ങളിൽ, വിഭിന്നമായ രാഷ്ട്രീയവും സാമൂഹികവുമായ ചുറ്റുപാടുകളിൽ ജീവിച്ച അഹ്‌ലുസ്സുന്നത്തിന്റെ ഉലമാക്കൾ. അവരിൽ ഇമാം അഹ്‌മദിനെപ്പോലെ ക്രൂരമായ പീഡനത്തിന് ഇരയായവർ, ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ളയെപ്പോലെ ജയിൽവാസമനുഭവിക്കുകയും ജയിലിൽ വെച്ച് വഫാത്താവുകയും ചെയ്തവർ, ഇബ്നുൽ ഖയ്യിം റഹിമഹുള്ളയെപ്പോലെ ജയിലിൽവാസമനുഭവിച്ചവർ, തുടങ്ങി അതി ഭീകരമായ പരീക്ഷണങ്ങൾക്കു വിധേയരായവർ ഒരുപാടുണ്ട്. എന്നിട്ടും, എന്നിട്ടും, അവരാരും "പുതിയ സാമൂഹിക സാഹചര്യത്തിന്റെ" സമ്മർദ്ദത്തിന് വഴങ്ങി " മാറ്റത്തിന്" തയ്യാറാവുകയോ ദഅവത്തിന്റെ അജണ്ടയിലും മുൻഗണനാ ക്രമത്തിലും വെള്ളം ചേർക്കുകയോ ചെയ്തില്ല. കാരണം, അവർ ഈ ദീനിന്റെ സത്യസന്ധരായ വാഹകരായിരുന്നു. അവർക്കു രാഷ്ട്രീയ പാർട്ടികളെ തൃപ്തിപ്പെടുത്താനും അവരുടെ വാലാട്ടികളായ ഭിക്ഷാംദേഹികൾക്കു മുമ്പിൽ മുട്ടുമടക്കാനും പറ്റുമായിരുന്നില്ല. കാരണം അവർ സലഫീ മൻഹജിന്റെ ഉത്തമരായ സാക്ഷികളായിരുന്നു. പ്രമാണങ്ങളിൽ ഒരു കാര്യം സ്ഥിരപ്പെട്ടു വന്നാൽ, അതിന്റെ മുമ്പിൽ 'തല ചൊറിഞ്ഞു' മിഴിച്ചു നിൽക്കാതെ അക്ഷരാർത്ഥത്തിൽ അത് പിന്തുടരാൻ അവർ മാനസികമായി സന്നദ്ധരും സമർപ്പിതരുമായിരുന്നു. ഇവിടെയാണ് മതസംഘടനകൾ തോറ്റുപോകുന്നത്. സലഫി മൻഹജ്‌ അവകാശപ്പെട്ടതല്ലാതെ അത് ശെരിയായ നിലക്ക് മനസ്സിലാക്കുകയോ ഉൾക്കൊള്ളുകയോ ചെയ്യുന്നതിൽ അവർ പരാജയപ്പെട്ടു. മതത്തിന്റെ അരുകും രാഷ്ട്രീയത്തിന്റെ അതിരും അവരിൽ നിന്ന് മാഞ്ഞു പോയി. രാഷ്ട്രീയ ഇസ്‌ലാമിന് വഴി വെട്ടി വിയർത്ത ജമാഅത്തെ ഇസ്‌ലാമിയെ ഗുണദോഷിക്കുകയും ആക്ഷേപിക്കുകയും നബിയുടെ പ്രബോധന മാർഗവും മുൻഗണനാക്രമവും അതല്ലെന്നു തിരുത്തുകയും ചെയ്ത നവോദ്ധാനക്കാർ, അവരിൽ നിന്ന് തൂമ്പ പിടിച്ചു വാങ്ങി രാഷ്ട്രീയ ഇസ്‌ലാമിന് പാലം പണിയുകയാണ്. പതിനാലു കൊല്ലം പരസ്പരം പൊരുതാനും കൊമ്പ് കോർക്കാനും പറഞ്ഞ ന്യായം പ്രബോധനത്തിന്റെ മുൻഗണനാ ക്രമവും സലഫി മൻഹജുമായിരുന്നു. ഇപ്പോൾ ഇരു കൂട്ടരും ഒന്നായി നാടോടുമ്പോൾ നടുകേ ഓടുക എന്ന് പറഞ്ഞ പോലെ, എന്തിനോ വേണ്ടി പണിയെടുക്കുന്നു.
സത്യത്തിനോട് കൂറുള്ള, മരണഭയമുള്ള, നബിയോടും സുന്നത്തിനോടും സ്നേഹമുള്ള മനസ്സാക്ഷിയുള്ള ആളുകൾ ഇനിയെങ്കിലും ആത്മപരിശോധനക്ക് തയ്യാറായേ പറ്റൂ. നശിച്ചവർ എങ്ങിനെ നശിച്ചു പോയി എന്നതിലല്ല, രക്ഷപ്പെട്ടവർ എങ്ങിനെ രക്ഷപ്പെട്ടു എന്ന് അപ്പോൾ മാത്രമേ മനസ്സിലാകൂ.



No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.