Tuesday, February 27, 2018

സലഫുകളുടെ മാർഗം - സലഫീ ദഅവത്തിന്റെ ആധാരം - 3

ഒരാൾ സലഫിയ്യത്തു അവകാശപ്പെടുകയെന്നത് പ്രശംസനാർഹവും പ്രാധാന്യമർഹിക്കുന്നതുമായ നിലപാടാണ്. കാരണം, നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ സ്വഹാബത്തിന്റെ മാർഗ്ഗമാണ് ഏറ്റവും ശെരിയായതും കുറ്റമറ്റതുമായ മാർഗം. അത് പുൽകാൻ ഒരാൾ മനസ്സ് കൊണ്ടെങ്കിലും ആഗ്രഹിക്കുകയും പ്രയത്നിക്കുകയും അതിനോട് ഹുബ്ബ്‌ കാണിക്കുകയും ചെയ്യുകയെന്നത് തീർത്തും അനുകരണീയമായ കാര്യമാണ്. എന്നാൽ, ഈ നിലപാട് കേവലം വാക്കുകളിലൊതുങ്ങുകയും പ്രായോഗിക തലത്തിൽ സലഫിയ്യത്തിന്റെ താൽപര്യത്തിന് ക്ഷതമേൽപ്പിക്കുന്ന നിലപാടുകൾ അറിഞ്ഞു കൊണ്ട് സ്വീകരിക്കുകയും ചെയ്യുമ്പോൾ ഗതി മാറുകയായി.
സലഫിയ്യത്തിന്റെ പരക്കെ അംഗീകരിക്കപ്പെട്ട ഉസൂലുകൾ നന്നായി അറിയാവുന്ന പല ആളുകളുമുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളിൽ അവരിൽ നിന്ന് അത് പുറത്തു വരാറുമുണ്ട്. എന്നാൽ, പലപ്പോഴും അത് തുറന്നു പറയുന്നതിൽ നിന്നും, അതിന്റെ കൂടെ നിൽക്കുന്നതിൽ നിന്നും അവരെ തടഞ്ഞു നിർത്തുന്നത് അവർ നിലനിൽക്കുകയും പ്രവർത്തിക്കുകയും ഇടപെടുകയും ചെയ്യുന്ന സംഘടനകളാണ് എന്നറിയുമ്പോൾ ഒരുവേള നാം അതിശയിച്ചു പോകും. അറിയുകയും മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്ത സത്യം തുറന്നു പറഞ്ഞാൽ ഉണ്ടാവാൻ പോകുന്ന നഷ്ടം അവരെ അലോസരപ്പെടുത്തും. സംഘടനയിൽ അന്യവൽക്കരിക്കപ്പെടുകയും സമൂഹത്തിൽ ഒറ്റപ്പെടുകയും സ്ഥാനമാനങ്ങൾ നഷ്ടപ്പെടുകയും ചെയ്യുമ്പോഴുള്ള വ്യഥ അവനെ വേട്ടയാടും. ശിഷ്ട കാലം നായ തൊട്ട കലം പോലെ, ജീവിച്ചു തീർക്കുന്ന കാര്യം ഓർക്കുമ്പോൾ, സലഫിയ്യത്ത് തൽക്കാലം മറച്ചു വെക്കാനും ഒന്നുമറിയാത്ത പോലെ മാവിലായിക്കാരനായി വേഷം കെട്ടാനും നിർബന്ധിക്കപ്പെടുന്നു.
ചെറിയ ശതമാനം ആണെങ്കിൽ പോലും അത്തരം ആളുകളും ഇക്കൂട്ടത്തിലുണ്ട് എന്ന വസ്തുത വിസ്മരിക്കാൻ കഴിയില്ല. പക്ഷെ, മൃഗീയ ഭൂരിപക്ഷവും സംഘടന വളർത്താനും താൻപോരിമ കാണിക്കാനും മേൽവിലാസം സ്ഥാപിക്കാനും വലിയ ആദർശത്തിന്റെ വക്താക്കളായി നിറഞ്ഞാടാനും മാത്രം ലക്ഷ്യം വെക്കുന്നവരാണ്. അവരെ സംബന്ധിച്ചേടത്തോളം ഐക്യവും, പിളർപ്പും, ആദർശവുമെല്ലാം ഓരോ അവസ്ഥകൾ മാത്രമാണ്. അംഗത്വം എടുത്ത സംഘടന ഏതാണോ അതിനു വേണ്ടി വാദിക്കുകയും ന്യായീകരിക്കുകയും ചെയ്തു കൊണ്ടേയിരിക്കും. കാറ്റത്തെ ഇല പോലെ ഏതു ദിശയിലേക്കാണോ കൂടുതൽ കാറ്റുള്ളത് അങ്ങോട്ട് ആടിക്കൊണ്ടിരിക്കും. വാസ്തവത്തിൽ ഇവരാണ് സംഘടനയുടെ യഥാർത്ഥ മുതൽക്കൂട്ട്.
അവരെ സംബന്ധിച്ചേടത്തോളം, ആദർശവും, നേരും, ഇസ്‌ലാം ദീനും ഒക്കെ അവരുടെ സംഘടന മാത്രം. അതിന്റെ അപ്പുറത്തു സുന്നത്തിന്റെയോ, സലഫുകളുടെ മാർഗത്തിന്റെയോ ഒരു വെളിച്ചം അവരിലേക്ക്‌ എത്തില്ല.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.