Sunday, October 22, 2017

തൗഹീദുൽ ഹാകിമിയ്യയും ജമാഅത്തെ ഇസ്‌ലാമിയുടെ ഇരട്ടത്താപ്പും - 3

(( ലാ ഇലാഹ ഇല്ലള്ളാഹ് )) എന്ന കലിമത്തുതൗഹീദിന്റെ അർത്ഥം മക്കാ മുശ്‌രിക്കുകൾക്ക് വളരെ നന്നായി അറിയാമായിരുന്നു. അത് കൊണ്ട് തന്നെയാണ് " ഞങ്ങളുടെ ഇലാഹുകളെയെല്ലാം ഒരൊറ്റ ഇലാഹ് ആക്കുകയാണോ?" എന്ന് മക്കയിലെ മുശ്‌രിക്കുകൾ നബിയോട് ചോദിച്ചത്.

ആരാണ് ആകാശ ഭൂമികളെ സൃഷ്ടിച്ചത് എന്ന് ചോദിച്ചാൽ അവർ " അള്ളാഹുവാണ് " എന്നായിരുന്നു മറുപടി പറഞ്ഞിരുന്നത്.

മരണാസന്നനായ അബു താലിബിനോട് ലാ ഇലാഹ ഇല്ലള്ളാഹ് എന്ന് ഒന്ന് ഉരുവിടാൻ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം കെഞ്ചിയില്ലേ? എന്തെ അബു താലിബ് അതിനു വഴങ്ങിയില്ല? കാരണം, ആ വാക്യത്തിന്റെ അർത്ഥം അദ്ദേഹത്തിനറിയാമായിരുന്നു.

അപ്പോൾ, അറബികളായ മക്കാ മുശ്‌രിക്കുകൾക്ക് ((ലാ ഇലാഹ ഇല്ലള്ളാഹ്)) എന്നതിന്റെ അർത്ഥം മനസ്സിലായിട്ടുണ്ട് എന്ന കാര്യം തീർച്ചയാണ്. മനസ്സിലാകാത്തത് (അതോ മനസ്സിലായിട്ടും തെറ്റായി വ്യാഖ്യാനിച്ചതോ) സയ്യിദ് ഖുതുബിനും സഹചാരികൾക്കും മാത്രമാണ്.

ഫീ ളിലാലിൽ ഖുർആൻ അടക്കം, അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലുള്ള വിശ്വാസ, കർമ്മ രംഗത്തെല്ലാമുള്ള അബദ്ധങ്ങളും വൈരുധ്യങ്ങളും പിഴച്ച നിലപാടുകളും തെറ്റായ ധാരണകളും ചരിത്രപരമായ അപ നിർമ്മിതികളും എണ്ണിയാൽ തീരാത്ത അത്രയുണ്ട്. ചുരുക്കം ചില പണ്ഡിതന്മാർ ഇവ്വിഷയകമായി ഗ്രന്ഥ രചന നടത്തുക വരെ ചെയ്തിട്ടുണ്ട്. സയ്യിദ് ഖുതുബും മൗദൂദിയുമെല്ലാം മരണപ്പെട്ടു പോയി. അവർക്കു സംഭവിച്ച വീഴ്ചകൾ അവരെ ബോധ്യപ്പെടുത്താൻ നമുക്ക് അവസരമില്ല. പക്ഷെ, അവരുടെ നിലപാടുകളും വാദങ്ങളും ശെരിയാണെന്നു കരുതുകയും ന്യായീകരിക്കുകയും ചെയ്യുന്നവരോട് കാര്യത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്താതിരിക്കാൻ നിർവ്വാഹവുമില്ല. ദീനിൽ ആളുകൾക്കല്ലല്ലോ പ്രാമുഖ്യം നൽകേണ്ടത്. മതപരമായ വിഷയങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്യുമ്പോൾ അതിനു നേരെ ദാക്ഷിണ്യം കാണിക്കാൻ സത്യസന്ധർക്കു കഴിയില്ല.

((ലാ ഇലാഹ ഇല്ലള്ളാഹ്)) എന്നതിന്റെ ശെരിയായ അർത്ഥവും ആശയവും മനസ്സിലാക്കിയിരിക്കൽ അനിവാര്യമാണ്. (( ലാ ഇലാഹ )) എന്ന ഒന്നാം ഭാഗവും (( ഇല്ലള്ളാഹ് )) എന്ന രണ്ടാം ഭാഗവും ചേർന്ന ഒരു വചനമാണത്. അതിൽ ഒന്നാം ഭാഗമായ (( ലാ ഇലാഹ )) എന്നത് കൊണ്ട്, മനുഷ്യൻ വിളിച്ചു പ്രാർത്ഥിക്കുകയും കാര്യ സാധ്യത്തിനു സമീപിക്കുകയും ചെയ്യുന്ന മുഴുവൻ ഇലാഹുകളെയും നിഷേധിക്കുകയും തുടർന്ന് (( ഇല്ലള്ളാഹ് )) എന്ന് പറയുമ്പോൾ ഇബാദത്തിന് അഥവാ ആരാധനക്ക് അള്ളാഹുവിനു മാത്രമേ അർഹതയുള്ളൂവെന്നു സ്ഥാപിക്കലുമാണ്. സാധാരണ അറബിയിൽ َلَا مَعْبُود بِحَقٍّ إِلَّا الله (ഹഖായ നിലക്ക് ആരാധിക്കപ്പെടാനുള്ള അർഹത, അള്ളാഹുവിന്നല്ലാതെയില്ല) എന്നാണ് പറയാറുള്ളത്.
വളരെ വ്യക്തമായി ഏതൊരു സാധാരണക്കാരനും ചെറിയ ബുദ്ധിയിൽ മനസ്സിലാക്കാൻ എളുപ്പം കഴിയുന്ന ഈ കാര്യം സയ്യിദ് ഖുതുബും സഹയാത്രികരും വികലമാക്കുകയും അള്ളാഹു എന്താണോ ഉദ്ദേശിച്ചതു അതല്ലാത്ത മറ്റൊരു അർത്ഥം നൽകി വ്യാഖ്യാനിക്കുകയും ചെയ്തു എന്നതാണ് വസ്തുത.
സയ്യിദ് ഖുതുബ് രൂപകൽപന ചെയ്ത ഈ ആശയം ഇന്ത്യ ഉപഭൂഖണ്ഡത്തിൽ ഏറ്റെടുത്തതും പ്രചരിപ്പിച്ചതും മൗദൂദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയാണ്.
ഇസ്‌ലാമിന്റെ പൊതുവായതും സാമൂഹികവുമായ പല വിഷയങ്ങളിലും കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ജമാഅത്തെ ഇസ്‌ലാമി അതിന്റെ ചരിത്രത്തിലെവിടെയും, നബി സ്വല്ലള്ളാഹു അലൈഹി വസല്ലം നിയുക്തനായ, ഇബാദത്തു അള്ളാഹുവിനു വേണ്ടി മാത്രമാക്കുകയും അള്ളാഹുവിൽ മറ്റൊരാളെയും പങ്കു ചേർക്കാതിരിക്കുകയും ചെയ്യുക എന്ന പ്രഥമവും പ്രധാനവുമായ പ്രബോധന ലക്ഷ്യത്തിൽ സ്പർശിക്കാറേയില്ല.
ഖബർ പൂജയും, ദർഗ്ഗയും അതുമായി ബന്ധപ്പെട്ടും അല്ലാതെയും അഭംഗുരം നടമാടുന്ന ശിർക്ക്‌ ബിദ്‌അത്തുകൾക്കു നേരെ നിർവ്വികാരരായി നിന്ന് മാവിലായിക്കാരനാകാനാണ് ഓരോ ജമാഅത്തു പ്രവർത്തകനും ശ്രമിക്കാറുള്ളത്. അല്ലെങ്കിൽ, ഏറ്റവും അപകടമെന്ന് അള്ളാഹു ഖുർആനിലൂടെ മുന്നറിയിപ്പ് നൽകിയ ശിർക്കിനെതിരെ നടത്തിയ മുന്നേറ്റങ്ങൾ അവർ വിശദീകരിക്കട്ടെ ⁉️

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.