Sunday, October 22, 2017

തൗഹീദുൽ ഹാകിമിയ്യയും ജമാഅത്തെ ഇസ്‌ലാമിയുടെ ഇരട്ടത്താപ്പും - 4

തൗഹീദിന്റെ യഥാർത്ഥ ആശയവും അടിസ്ഥാനപരമായ വശവുമായ തൗഹീദുൽ ഉലൂഹിയ്യ അഥവാ ഇബാദത്തിനുള്ള അർഹത അള്ളാഹുവിനു മാത്രമാണെന്നും അവനിൽ മറ്റൊരാളെയും പങ്കു ചേർക്കരുതെന്നുമുള്ള കാര്യം മറച്ചു വെക്കുകയും അത്രമാത്രം ഗൗരവതരമോ പ്രസക്തമോ അല്ലാത്ത ഹുക്മ് അള്ളാഹുവിനു മാത്രമാണെന്ന ഭാഗം പ്രഥമമായി പരിഗണിക്കേണ്ട പ്രധാന വശമായി ചിത്രീകരിക്കുകയും ചെയ്തു കൊണ്ടുള്ള സയ്യിദ് ഖുതുബിന്റെ ആശയം ചുളിവ് പറ്റാതെ അങ്ങിനെതന്നെ ആവിഷ്കരിക്കുകയാണ് യഥാർത്ഥത്തിൽ മൗദുദി ചെയ്തത്.
ലാ ഇലാഹ ഇല്ലള്ളാഹ് എന്ന കലിമത്തിനു മുൻകാല പ്രാമാണിക പണ്ഡിതന്മാരാരും നൽകാത്ത, ഹുക്മ് അഥവാ വിധികർത്തൃത്വം അള്ളാഹുവിനു മാത്രമാണ് എന്ന് വ്യാഖ്യാനിക്കുന്നതിലൂടെ ഭരണാധികാരം മുസ്‌ലിംകളുടെ അധീനതയിൽ വരേണ്ടത് ഇസ്‌ലാമിക വിശ്വാസത്തിന്റെ ഊനം തട്ടാൻ പാടില്ലാത്ത കാര്യമായിത്തീർന്നു. അത് കൊണ്ട് തന്നെ, അനിസ്‌ലാമിക ഭരണ വ്യവസ്ഥിതിക്കു കീഴിൽ ജീവിക്കുന്ന ഒരു മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം അത്തരം ഭരണകൂടങ്ങളെ അനുസരിക്കുന്നതും അതിനു കീഴിൽ ജോലി ചെയ്യുന്നതുമെല്ലാം മതപരമായി കൊടിയ തിന്മയായി മൗദുദി തന്നെ രേഖപ്പെടുത്തി.
നമസ്‌കാരം, നോമ്പ്, ഹജ്ജ് തുടങ്ങിയ കർമങ്ങളൊന്നും യഥാർത്ഥത്തിൽ ഇബാദത് അല്ലെന്നും, അതിനേക്കാൾ അപ്പുറമായ മറ്റെന്തോ ആണ് അതെന്നും അദ്ദേഹം എഴുതി വെച്ചു.
ഭരണസിരാ കേന്ദ്രങ്ങളിൽ ഒരട്ടിമറി നിർവ്വഹിക്കുകയും അത് വഴി നേതൃസ്ഥാനങ്ങളിൽ നിന്നും തെമ്മാടികളായ ആളുകളെ നിഷ്കാസനം ചെയ്തു ഭൂമിയെ ശുദ്ധീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു വെച്ചു.
അദ്ദേഹം മറ്റൊരിടത്തു പറഞ്ഞു
" നിശ്ചയമായും നേതൃത്വപരമായ വിഷയം, മനുഷ്യ ജീവിതത്തിന്റെ അതിപ്രധാനപരമായ അടിസ്ഥാനവിഷയമാണ്"
അദ്ദേഹം തുടരുന്നു. " ((....അക്കാരണത്താൽ, ഈ ദുനിയാവിൽ അമ്പിയാക്കളുടെ പ്രബോധന ദൗത്യം ഇസ്‌ലാമിക ഭരണം സ്ഥാപിക്കലായിരുന്നു ))"
ഇത്തരത്തിൽ പ്രമാണങ്ങൾക്ക് തികച്ചും വിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ വാദഗതികൾ അദ്ദേഹം ഉയർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു.
ഏറെക്കുറെ ആചാര്യനെ അക്ഷരം പ്രതി പിന്തുടരുന്ന ജമാഅത്തു സഹയാത്രികർ ആദർശപരമായ ചങ്കിൽ തറക്കുന്ന ഇത്തരം ചോദ്യങ്ങളോട് പലപ്പോഴും മാന്യമായല്ല പ്രതികരിക്കാറുള്ളത്.
മൗദൂദിയുടെ ആദർശപാപ്പരത്തം ചൂണ്ടിക്കാട്ടിയാൽ അപ്പോൾ കിംഗ് ഫൈസൽ അവാർഡും, സൗദിയിൽ അദ്ദേഹത്തിന്റെ പേരിൽ റോഡുള്ള കാര്യവുമൊക്കെ പറഞ്ഞു തടിയെടുക്കും. അത് കൊണ്ടായോ? നിങ്ങളുടെ വണ്ടിയുടെ എൻജിൻ കേടാണല്ലോ എന്ന് പറയുമ്പോൾ അതിനെന്താ ബോഡി നല്ലതാണല്ലോ എന്ന് പറഞ്ഞാൽ എങ്ങിനെ ശെരിയാകും?
സാധാരണ സഹിഷ്ണുതയുടെ ആളുകളാണ് ഞങ്ങളെന്നു സ്വയം അഭിമാനിക്കുന്ന ജമാഅത്തു പ്രവർത്തകർ, വിമർശനങ്ങൾ ഉൾക്കൊള്ളാൻ ഒരിക്കലും തയ്യാറാകാറില്ല. ഹാകിമിയ്യയുടെ തെളിവ് ചോദിക്കുമ്പോൾ, സഹിഷ്ണുതയെല്ലാം മറക്കുകയും ആക്രമണ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്യും. "മുജാഹിദുകളുടെ തൗഹീദ് മുറിയൻ തൗഹീദാണ്, ഞങ്ങളുടെ തൗഹീദ് "മുയ്മൻ" തൗഹീദാണ് എന്ന് പരിഹസിക്കാൻ മാത്രമേ അവർക്കു കഴിയാറുള്ളൂ. തൗഹീദുൽ ഉലൂഹിയ്യക്ക് നൽകേണ്ട പ്രാധാന്യം ഒരിക്കലും നൽകാത്ത ആളുകളാണ് മറ്റുള്ളവരെ അതിന്റെ പേരിൽ തന്നെ പരിഹസിക്കുന്നത്. വാസ്തവത്തിൽ അവർ സത്യത്തിന്റെ ഭാഗത്തായിരുന്നുവെങ്കിൽ, സഹിഷ്ണുതയോടെ അക്കാര്യം പ്രമാണങ്ങൾ കൊണ്ട് തെളിയിക്കുകയായിരുന്നു ഉചിതം.

യഥാർത്ഥത്തിൽ, അള്ളാഹുവിന്റ മാലികിയ്യത്തു, ഹാകിമിയ്യത്തു, റാസിഖിയ്യത്തു, ഖയ്യൂമിയ്യത്തു ഇതൊക്കെ അള്ളാഹുവിന് മാത്രമാണെന്ന് വിശ്വസിക്കൽ നിർബന്ധമാണ്. മുസ്‌ലിംകൾ അല്ലാത്തവർ പോലും അംഗീകരിക്കുന്ന ഇത്തരം ഒരു വിഷയത്തിൽ ഇഷ്‌കാലിയ്യത്തു ഉണ്ടാക്കുകയും അതിനു വേണ്ടി ഖുർആനും ഹദീസും പരക്കെ ദുർവ്യാഖ്യാനിക്കുകയും ചെയ്യേണ്ട അവസ്ഥയിലാണ് അവർ അവസാനം എത്തിപ്പെട്ടത്.
സർക്കാർ ഉദ്യോഗം സ്വീകരിക്കരുതെന്നും വോട്ടു ചെയ്യരുതെന്നും പറഞ്ഞതിലല്ല, അതെല്ലാം മതപരമായി ശിർക്കോ കുഫ്‌റോ ആണെന്ന് പറഞ്ഞതിലാണ് പ്രശ്നം.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.