Sunday, October 22, 2017

തൗഹീദുൽ ഹാകിമിയ്യയും ജമാഅത്തെ ഇസ്‌ലാമിയുടെ ഇരട്ടത്താപ്പും - 2


സയ്യിദ് ഖുതുബ് സൂറത്തു അൻആമിന്റെ വ്യാഖ്യാനത്തിൽ തുടർന്ന് പറയുന്നത് കാണുക. ((.....ജനങ്ങൾ അള്ളാഹുവിന്റെ മാത്രം അടിമകളാണ്. ലാ ഇലാഹ ഇല്ലള്ളാഹ് എന്ന ധ്വജം ഉയർന്നാലല്ലാതെ അവൻ അള്ളാഹുവിന്റെ മാത്രം അടിമയാവുകയില്ല. ലാ ഇലാഹ ഇല്ലള്ളാഹ് എന്നാൽ, തന്റെ ഭാഷയുടെ ആശയ തലങ്ങൾ ഗ്രഹിക്കാൻ കഴിയുന്ന ഒരു അറബി മനസ്സിലാക്കുന്നത് പോലെത്തന്നെ : അള്ളാഹുവിന്നല്ലാതെ വിധി കർതൃത്വമില്ല, അള്ളാഹുവിൽ നിന്നല്ലാതെ ശരീഅത്തില്ല, ആർക്കും ആരുടെ മേലും അധികാരമില്ല. കാരണം, എല്ലാ അധികാരവും അള്ളാഹുവിന്നാണ്....))

മുകളിലെ ഉദ്ധരണിയിൽ ലാ ഇലാഹ ഇല്ലള്ളാഹ് എന്ന കലിമത്തിനു സയ്യിദ് ഖുതുബ് സമർത്ഥിക്കാൻ ശ്രമിക്കുന്ന അർത്ഥവും വ്യാഖ്യാനവുമാണോ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമ പഠിപ്പിച്ചത്? മക്കയിൽ നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥിതിയെ അട്ടിമറിക്കുകയായിരുന്നോ നബിയുടെ ലക്ഷ്യം ? അതിനു വേണ്ടിയായിരുന്നോ ബദറും ഉഹ്ദുമൊക്കെ സംഭവിച്ചത്? അല്ല, ഒരിക്കലുമല്ല. ലാ ഇലാഹ ഇല്ലള്ളാഹ് എന്ന വചനം പ്രബോധനം ചെയ്തു കൊണ്ട് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം അവിടെ നിലനിന്നിരുന്ന ബഹുദൈവാരാധനയെയാണ് ( ശിർക്കിനെ) ചോദ്യം ചെയ്തത്. അവർ ഇത് വരെ ആരാധനകൾ അർപ്പിക്കുകയും വണങ്ങുകയും ചെയ്തു വന്ന മുഴുവൻ ആരാധ്യരെയും ഒഴിവാക്കി ഏകനായ അള്ളാഹുവിനെ മാത്രം ഇബാദത്തു ചെയ്യണമെന്ന സന്ദേശമാണ് അവർക്കു അസ്വീകാര്യമായി തോന്നിയത്.
എന്നാൽ സയ്യിദ് ഖുതുബ് ((ലാ ഇലാഹ ഇല്ലള്ളാഹ്)) എന്ന കലിമത്തിന്റെ ശെരിയായതും ഭാഷയോടും സാഹചര്യത്തോടും, ചരിത്രത്തോടും യോജിച്ചതുമായ വ്യാഖ്യാനത്തെ അവഗണിക്കുകയും സ്വയം കൃത്യമായ ഒരു പുതിയ വാദം കൊണ്ട് വരികയുമാണ് ചെയ്തത്.

#ഇതിനു #മുമ്പ്, #അതായത്, #സയ്യിദ് #ഖുതുബ് #രംഗപ്രവേശം#ചെയ്യുന്നതിന് #മുമ്പ്, #മുസ്‌ലിം #ലോകത്ത്‌ #അദ്ദേഹം#വരുന്നത് #വരെ #പൗരാണികരോ #ആധുനികരോ #ആയ#പ്രാമാണിക #ഉലമാക്കളാരും #ഇങ്ങിനെ #ഒരു #തൗഹീദ് #ചർച്ച#ചെയ്യുകയോ #അവരുടെ #ഗ്രന്ഥങ്ങളിൽ #സൂചിപ്പിക്കുകയോ#ചെയ്തിട്ടില്ല.

അഖീദയുമായി ബന്ധപ്പെട്ടു വിരചിതമായ അസംഖ്യം ഗ്രന്ഥങ്ങളും അനേകം ചർച്ചകളും എമ്പാടും പഠനങ്ങളും നിരീക്ഷണങ്ങളും കഴിഞ്ഞു പോയിട്ടില്ലേ? ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയം മുസ്‌ലിം ലോകത്തിനു മുഴുവൻ അന്യമായി എന്ന് വരുമ്പോൾ അത് എത്രമാത്രം സത്യസന്ധമായിരിക്കും? ലോകത്തിന്റെ പല ഭാഗത്തും പല കാലത്തുമായി ജനങ്ങൾ ജീവിച്ചിട്ടും പല സാമൂഹിക സാഹചര്യങ്ങൾ നിലനിന്നിട്ടും ഹാകിമിയ്യത്തു എന്ന ഒരു സംജ്ഞ ഉത്ഭവിച്ചതേയില്ല എന്നത് എന്ത് മാത്രം അതിശയോക്തിപരമല്ല? മുസ്‌ലിം ലോകത്തു ഉലമാക്കൾക്കിടയിൽ ഈ വിഷയം ചർച്ചയാകുന്നത് തന്നെ, തൗഹീദിൽ പ്രഥമമായി പരിഗണിക്കേണ്ട ഒന്നാണിതെന്ന വാദം സയ്യിദ് ഖുതുബ് ഉയർത്തിയതിന് ശേഷം ആ വാദത്തിന്റെ മുനയൊടിക്കാൻ വേണ്ടി മാത്രമാണ്.
എന്നാൽ, തൗഹീദിന്റെ കാതലായ വശമായ തൗഹീദുൽ ഉലൂഹിയ്യയെ - അഥവാ ഇബാദത്തിനുള്ള അർഹത അള്ളാഹുവിനു മാത്രമാണെന്നും, അവനിൽ മറ്റാരെയും പങ്കു ചേർക്കരുതെന്നുമുള്ള- വിശ്വാസത്തെ അദ്ദേഹം അവഗണയുടെ അഗണ്യകോടിയിലേക്കു തള്ളുകയാണ് ചെയ്തത്. എവിടെയെല്ലാം വിശ്വാസപരമായ വിമലീകരണത്തിനു പ്രേരിപ്പിക്കുന്ന പ്രമാണവാക്യങ്ങളുണ്ടോ അവിടെയെല്ലാം കേവല രാഷ്ട്രീയാധികാരം സ്ഥാപിക്കുന്നതിനുള്ള വിതാനത്തിലേക്കു താഴ്ത്തിയാണ് അവയെ അദ്ദേഹം വ്യാഖ്യാനിച്ചത്.
" ലാ ഇലാഹ ഇല്ലള്ളാ" എന്ന കലിമത്തുതൗഹീദിന് സയ്യിദ് ഖുതുബ് നൽകിയ പുതിയ വ്യാഖ്യാനത്തിനു നേരെ മുസ്‌ലിം ലോകം ഒന്നടങ്കം അറച്ചു നിന്നപ്പോൾ ഇന്ത്യയിലെ ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ ദാർശനികാചാര്യൻ മൗലാനാ മൗദൂദിയും അതിനെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടത്.
എന്തൊരു ലക്ഷ്യത്തിനു വേണ്ടിയാണോ സയ്യിദ് ഖുതുബ് പ്രമാണങ്ങൾ ദുർവ്യാഖ്യാനിക്കുകയും അറബ് ലോകത്തു വിപണനം നടത്തുകയും ചെയ്തത്, അതെ ലക്ഷ്യത്തിനു വേണ്ടി തന്നെയാണ് ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ അനുയായി വൃന്ദവും പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്.
അതായത്, നബിയും സ്വഹാബത്തും പ്രബോധനം നടത്തിയത് ഇബാദത് അള്ളാഹുവിനു മാത്രമാക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണെങ്കിൽ, സയ്യിദ് ഖുതുബിന്റെ നേതൃത്വത്തിലുള്ള- ഖുതുബ്-മൗദുദി- അച്ചുതണ്ട് അതിനു വിരുദ്ധവും പ്രമാണങ്ങൾ കൊണ്ട് തെളിയിക്കാൻ സാധിക്കാത്തതുമായ മറ്റൊരു ലക്ഷ്യത്തിനു വേണ്ടിയാണ് എന്ന് സാരം.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.