Monday, November 28, 2016

മുജാഹിദ് ഐക്യം - വിസ്മരിക്കാൻ പാടില്ലാത്ത യാഥാർഥ്യങ്ങൾ - 2

ആദർശത്തിൽ വെള്ളം ചേർക്കുകയും സലഫുകളുടെ മൻഹജിൽ നിന്ന് പുറത്തു പോവുകയും ചെയ്ത മടവൂർ വിഭാഗവുമായി നിങ്ങൾക്ക് എങ്ങിനെയാണ് യോജിക്കാൻ കഴിയുക? നബിക്കു സിഹ്ർ ബാധിച്ചു എന്ന ബുഖാരിയിലെ സ്വഹീഹ് ആയ ഹദീസ് നിഷേധിക്കുന്ന, ഏക നിവേദക ഹദീസുകൾ ( ഖബറുൽ ആഹാദ് ) വിശ്വാസ കാര്യങ്ങളിൽ സ്വീകാര്യമല്ലെന്നു പറയുന്ന, പല സുന്നത്തുകളെയും അവമതിക്കുന്ന, പ്രമാണങ്ങൾക്ക് സലഫുകൾ നൽകിയ വ്യാഖ്യാനം സ്വീകരിക്കാൻ കൂട്ടാക്കാത്ത, സ്വന്തംവ്യാഖ്യാനങ്ങൾക്കും നിഗമനങ്ങൾക്കും പ്രാമാണികത കൽപ്പിക്കുന്ന നിലപാടുകൾ ഇപ്പോഴും പിന്തുടരുന്ന അവരുമായി മുജാഹിദ് ഔദ്യോഗിക വിഭാഗം എങ്ങിനെയാണ് സന്ധിയാകുന്നത്? ഇത് വരെ കളിച്ചതു പൊറാട്ടു നാടകമായിരുന്നുവെന്നും, ഇവർക്ക് ആദർശത്തെക്കാൾ വലുത് മറ്റു പലതുമാണെന്നും സാധാരണക്കാർ പറയില്ലേ? ആദർശത്തിൽ വിട്ടു വീഴ്ച ചെയ്തു കൊണ്ട് ഒരു തല്ലിക്കൂട്ടി ഐക്യമാണ് വേണ്ടതെങ്കിൽ, മുജാഹിദ് പ്രസ്ഥാനത്തിൽ നിന്ന് തന്നെ പലപ്പോഴായി ഇടഞ്ഞു പിരിഞ്ഞു പോയ മറ്റു ഗ്രുപ്പുകളും, ജമാഅത്തെ ഇസ്‌ലാമികയടക്കം നിലവിലുള്ള മുഴുവൻ ഗ്രുപ്പുകളുമായും സന്ധിയാകാം. പല സംഘടനകാളായി പിരിഞ്ഞു അനൈക്യത്തിൽ കഴിയുന്നതിലും ഭേദം എല്ലാവരും ഒരു ധാരണയിലെത്തി ഒറ്റ സംഘടനയായി ഐക്യത്തിൽ പ്രവർത്തിക്കുന്നതല്ലേ?
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സുന്നത്തിനോട് സ്വഹാബത് സ്വീകരിച്ച നിലപാടുകൾ സ്വീകരിക്കാത്ത ആൾക്കാരുമായി കൈ കോർക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത് മറ്റു പലതുമാണ് എന്നാണ് ജനസംസാരം. നിലവിലുള്ള സാമൂഹിക - രാഷ്ട്രീയ രംഗത്തെ അപകടകരമായ സാഹചര്യങ്ങൾ നിങ്ങളുടെ സ്ഥാപനങ്ങളെയും സ്വത്തുക്കളെയും ഭരണാധികാരികൾ കണ്ടു കെട്ടുകയും പ്രവർത്തനത്തിന് കൂച്ചുവിലങ്ങിടുകയും ചെയ്യുമെന്ന ഭീതിയാണോ നിങ്ങളെ ഈ സാമ്പാർ ഐക്യത്തിന് പ്രേരിപ്പിക്കുന്നത്? അങ്ങിനെയാണെങ്കിൽ, നിങ്ങൾക്ക് രണ്ടു പ്രാവശ്യം തെറ്റ് പറ്റി. ഒന്ന്, അള്ളാഹുവിനെ മനസ്സിലാക്കുന്നതിലും രണ്ടു ചരിത്രവായനയിലും. ആദർശത്തിന് വില നൽകാത്ത ഒരു സമൂഹത്തിനു ഐക്യത്തിലൂടെ രക്ഷ കിട്ടുമെന്ന് എവിടെ നിന്നാണ് നിങ്ങൾ പഠിച്ചത്? അള്ളാഹുവിൽ ഭരമേൽപ്പിക്കുകയും അവന്റെ ദീനിനെ മുറുകെപ്പിടിക്കുകയും ചെയ്യുന്നവർക്ക് അള്ളാഹുവിൽ നിന്നുള്ള സഹായം ഉണ്ടാകില്ലേ? അവർ എത്ര കൊച്ചു സംഘമാണെങ്കിലും? അള്ളാഹുവിനെക്കുറിച്ചും അവന്റെ സഹായത്തെക്കുറിച്ചും നിങ്ങൾ മറന്നു പോവുകയും സംശയാലുക്കളാവുകയും ചെയ്തു പോയോ? ആദർശ വ്യതിയാനത്തിന്റെയും ഇഖ് വാനിയത്തിന്റെയും ആൾ രൂപമായ ഹുസൈൻ മടവൂർ എന്ന വ്യക്തി, നയിക്കുന്ന ഒരു സംഘടനയുമായി സലഫിയ്യത്തു അവകാശപ്പെടുന്ന ആളുകൾക്ക് ഒരുമിച്ചിരിക്കാൻ പറ്റുന്ന വേദിയേതാണ്?
തികഞ്ഞ ആത്മാർഥതയും, തഖ്‌വയും നിങ്ങളെക്കുറിച്ചു സദ് വിചാരവുമുള്ള ഒരു കൂട്ടം നിസ്സഹായരായ സാധാരണ ജനങ്ങളുണ്ട്. ശബ്ദമില്ലാത്ത അവർക്കു, നിങ്ങളുടെ കുതന്ത്രങ്ങളും കള്ളത്തരങ്ങളും പെട്ടെന്ന് മനസ്സിലാക്കാൻ കഴിയില്ല. ഐക്യം എന്ന പുകമറക്കു പിന്നിൽ ഇന്നലെ വരെ പ്രസംഗിച്ചു നടന്ന ആദർശത്തെ കുഴിച്ചുമൂടുകയാണെന്നു മനസ്സിലാക്കാൻ മാത്രം കഴിവില്ലാത്തവരാണ് അവർ. ഈ ആൾക്കൂട്ടത്തെ തെറ്റിദ്ധരിപ്പിക്കുകയും അവരുടെ അറിവുകേടിനെ ചൂഷണം ചെയ്തു കൂടെ നിർത്തുകയും ചെയ്യുന്ന നിങ്ങൾ അവരോടു ചെയ്യുന്നത്, ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത കൊലച്ചതിയാണ് എന്ന് മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ.
സത്യത്തോട് ഒരൽപമെങ്കിലും കൂറും വിശ്വസിക്കുന്ന ആദർശത്തിനോട് താൽപര്യവുമുണ്ടായിരുന്നുവെങ്കിൽ എന്ത് പ്രകോപനമുണ്ടായാലും ആദർശത്തിൽ നിന്ന് അകന്നു പോയ സംഘങ്ങളുമായി സന്ധിയാകാൻ നിങ്ങൾക്ക് കഴിയുമായിരുന്നില്ല. സംഘടന പിളർന്ന സമയത്തു ഉള്ള അവസ്ഥയിൽ നിന്ന് മടവൂർ വിഭാഗം ബഹുദൂരം മുന്നോട്ടു പോയിട്ടുണ്ട്. അവരിപ്പോൾ പച്ചയായ നിലക്ക് തന്നെ സുന്നത്തിനെ നിഷേധിക്കുകയും സലഫിയ്യത്തിനെ വളരെ മോശമായി വിമർശിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. മുമ്പില്ലാത്ത പല വിധത്തിലുള്ള വ്യതിയാനങ്ങളുടെയും കൊട്ടയാണ് ഇന്ന് മടവൂർ മുജാഹിദുകൾ. നിങ്ങൾ അവരിൽ ആരോപിച്ച ഒരു വ്യതിയാനം പോലും അവർ തിരുത്തുകയോ ഉൾക്കൊള്ളുകയോ ചെയ്തിട്ടില്ലെന്നു മാത്രമല്ല, രാഷ്ട്രീയ പാർട്ടികളേപ്പോലും ലജ്ജിപ്പിക്കുന്ന നിലപാടുകളാണ് പല വിഷയങ്ങളിലും അവർ സ്വീകരിച്ചു പോരുന്നത്.
ആദർശത്തിന് വില നൽകാത്ത നേതാക്കളും, അവരെ ചുറ്റിപ്പറ്റി ജീവിക്കുന്ന ഉപചാകവൃന്ദവും നിന്ദ്യമായ ഈ അവസ്ഥക്ക് കളമൊരുക്കിയെന്നതാണ് വസ്തുത. ഐക്യം എന്ന് കേൾക്കുമ്പോഴേക്കും ആഹ്ലാദിക്കുകയും ആരവത്തോടെ കയ്യടിക്കുകയും ചെയ്യുന്നവരെ, നാളെ കാത്തിരിക്കുന്ന അപകടത്തെക്കുറിച്ചു മുന്നറിയിപ്പ് നൽകാൻ ആരുമില്ല എന്നത് ഖേദകരം തന്നെ.
ഐക്യത്തെക്കുറിച്ചു വാ തോരാതെ സംസാരിക്കുമ്പോഴും, ആദർശത്തെക്കുറിച്ചു അര വാക്കു പോലും ഉരിയാടാത്തതിന്റെ രഹസ്യം എന്താണെന്ന് നിങ്ങൾ തന്നെയാണ് വ്യക്തമാക്കേണ്ടത്. പത്തു പതിനാലു കൊല്ലം കൊണ്ട് അതെല്ലാം ആവിയായിപ്പോയോ?
ഇവിടെ രണ്ടിലൊന്ന് സംഭവിച്ചിട്ടുണ്ട് എന്ന കാര്യം ഉറപ്പാണ്. ഒന്നുകിൽ, മടവൂർ വിഭാഗം, അവരുടെ ആദർശ വ്യതിയാനങ്ങൾ തിരുത്തുകയും ശരിയായ നിലപാടിലേക്ക് തിരിച്ചു വരികയും ചെയ്യുക. അങ്ങിനെയൊന്നുണ്ടായതായി അറിവില്ല എന്നല്ല, പൂർവാധികം ആവേശത്തോടെ അവർ പുതിയ പുതിയ വ്യതിയാനത്തിലേക്കു കൂപ്പു കുത്തുകയാണ് ചെയ്തിട്ടുള്ളത്. രണ്ടാമത്തെ സാധ്യത, വ്യതിയാനം എന്നത് തികച്ചും കഴമ്പില്ലാത്ത വെറും ആരോപണം മാത്രമായിരുന്നു. അനാവശ്യവും വാസ്തവ വിരുദ്ധവുമായ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ടതായിരുന്നു തുടർ സംഭവങ്ങളെല്ലാം എന്ന് അംഗീകരിക്കുകയും അതിനാൽ ഇനിയും രണ്ടു വിഭാഗമായി വേറിട്ട് നിൽക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് നിരർത്ഥകമാണ് എന്ന് അംഗീകരിക്കുക. ഇതിൽ ഏതിന്റെ അടിസ്ഥാനത്തിലാണ് ഐക്യപ്പെടാൻ തീരുമാനിച്ചത് എന്ന കാര്യം അവർ പൊതുജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കേണ്ടതുണ്ട്.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.